Saturday, January 18, 2025
Novel

ഭാര്യ : ഭാഗം 24

എഴുത്തുകാരി: ആഷ ബിനിൽ

ഇന്റർവ്യൂവിന് വന്ന ദിവസം നീലു കസേരയിൽ ചാരി കരഞ്ഞുകൊണ്ടിരുന്നത് സിദ്ധാർത്ഥ് ഓർത്തു. ഈ പെണ്കുട്ടിക്ക് എന്തൊക്കെയോ പ്രശ്ങ്ങൾ ഉള്ളതായി അന്നേ തോന്നിയിരുന്നു. ജോലിയിൽ പെർഫക്ട് ആയിരുന്നു നീലിമ. കൃത്യാനിഷ്ഠയുടെ കാര്യത്തിലും ഒരു വിട്ടുവീഴ്ചയും ഇല്ല. മറ്റു ടെക്കികളെ പോലെ വേഷവിധാനത്തിലും പെരുമാറ്റത്തിലും ഒന്നും മോഡേൺ അല്ലാത്തൊരു പെണ്കുട്ടി. ഈ രണ്ടു മാസത്തിനിടയിൽ ഒരു ലീവ് പോലും അവൾ എടുത്തിട്ടില്ല. വീടും കുടുംബവും ഒക്കെ ഉണ്ടെങ്കിലും അവരിൽ നിന്ന് അകന്നു കഴിയുകയാണെന്ന് പറഞ്ഞു കേൾക്കുകയും ചെയ്തിരുന്നു.

ഈ കരച്ചിൽ കളവാണെന്ന് തോന്നുന്നില്ല. സിദ്ധാർഥ് നീലുവിനരികിൽ ഇരുന്നു. “നീലിമാ.” നീലു മെല്ലെ കണ്ണു തുറന്നു. സിദ്ധാർഥ് ഒരു ബോട്ടിൽ വെള്ളം അവൾക്ക് നേരെ നീട്ടി. അതിൽ പകുതിയും കുടിച്ചശേഷം നീലു എഴുന്നേറ്റ് ചെയറിൽ ഇരുന്നു. “നീലിമയുടെ ഐഡിയും പാസ്‌വേഡും മാറ്റർക്കെങ്കിലും അറിയാമോ?” സിദ്ധാർഥ് ചോദിച്ചു. “അത്.. ദക്ഷ.. അല്ല ദീക്ഷിത. അവൾക്കറിയാം” “ഡാമിറ്റ്. ഐഡിയും പാസ്വേഡും ആർക്കും കൊടുക്കരുതെന്ന് നിങ്ങൾക്ക് അറിയുന്നതല്ലേ? ഇന്നലെ നിങ്ങൾ ഒരുമിച്ചാണോ പോയത്?” “ഇറങ്ങിയത് ഒരുമിച്ചാണ് പക്ഷെ ഫോൺ മറന്നു പോയതുകൊണ്ട് അവൾ തിരിച്ചു വന്നിരുന്നു”

പെട്ടന്ന് എന്തോ ഓർത്തപ്പോൾ നീലു ഒന്ന് ഞെട്ടി. “ദക്ഷ.. അവൾ…….. സർ cctv നോക്കിയാൽ ആരാണ് ചെയ്തതെന്ന് അറിയാൻ പറ്റില്ലേ?” “നിങ്ങളുടെ ഏരിയയിലെ cctv സർവീസിൽ ആണെടോ” സിദ്ധാർഥ് നിരാശയോടെ പറഞ്ഞു. നീലുവിന്റെ അവസ്ഥ കണ്ട് അവനു സത്യമായും സഹതാപം തോന്നി. അതേസമയം തന്നെ അവന്റെ ഉള്ളിലെ കുറുക്കൻ ഉണരുകയും ചെയ്തു. നീലുവിന് ജോലി വളരെ അത്യാവശ്യം ആണെന്ന് ഇതുവരെയുള്ള അവളുടെ പ്രവർത്തികളിൽ നിന്ന് തന്നെ ബോധ്യമായിരുന്നു.

ചോദിക്കാനും പറയാനും അവൾക്ക് ആരും ഉള്ളതായി അറിയില്ല. നീലുവിന്റെ നീണ്ടു വിടർന്ന കണ്ണുകളും മനോഹരമായ മുഖവും കടഞ്ഞെടുത്ത ശരീരഘടനയും മുട്ടോളമുള്ള ഇടതൂർന്ന മുടിയും അവൻ നോക്കി നിന്നു. “എന്തായാലും താൻ ചെല്ലു. എന്തെങ്കിലും ചെയ്യാൻ പറ്റുമോ എന്ന് ഞാനൊന്ന് നോക്കട്ടെ.” സിദ്ധാർഥ് കൗസലത്തോടെ പറഞ്ഞു. കരച്ചിൽ ഒന്നടക്കി നീലു പ്രതീക്ഷയോടെ അവനെ നോക്കി. പിന്നെ എഴുന്നേറ്റ് പുറത്തേക്ക് പോകാൻ തുടങ്ങി. “നീലിമാ” സിദ്ധാർഥ് വിളിക്കുന്നത് കേട്ട് നീലു തിരിഞ്ഞുനിന്നു: “എന്താ സർ?” “അല്ല.. ഞാൻ തനിക്കൊരു ഫേവർ ചെയ്യുമ്പോൾ താനും എനിക്ക് ഏതെങ്കിലും തിരികെ തരണ്ടേ?”

നീലു ഒന്നും മനസിലാകാതെ അവന്റെ മുഖത്തേക്ക് നോക്കി: “ഞാൻ.. ഞാനെന്തു തരാൻ ആണ് സർ?” അപ്പോഴാണ് സിദ്ധാർഥിന്റെ നോട്ടം തന്റെ ശരീരത്തിൽ ആണെന്ന് നീലു തിരിച്ചറിയുന്നത്. അവൾക്ക് അറപ്പു തോന്നി. “സർ എന്റെ കയ്യിൽ അതിനു മാത്രം പണവും ഒന്നുമില്ല” നീലു പറഞ്ഞൊഴിയാൻ ശ്രമിച്ചു. “പണം ഞാൻ ചോദിച്ചില്ലല്ലോ നീലിമ. ഇത്ര സുന്ദരിയായ നീ എന്തിനാ എനിക്ക് പണം തരുന്നത്..? നീയൊന്ന് മനസു വച്ചാൽ ഞാൻ നിനക്ക് തരാം, പണമോ പ്രമോഷനോ എന്തു വേണമെങ്കിലും.”

“ഒരു ജോലിക്ക് വേണ്ടി എന്തും ചെയ്യാൻ നടക്കുന്ന പലരും കാണും. ആ കൂട്ടത്തിൽ സാറ് എന്നെ ഉൾപ്പെടുത്തേണ്ട. പിന്നെ പണവും പ്രതാപവും ആവശ്യത്തിന് കണ്ടു തന്നെയാണ് നീലിമ വളർന്നത്. ആ എന്നെ വിലക്ക് വാങ്ങാൻ സാർ ആയിട്ടില്ല.” വെറുപ്പോടെ മുഖം തിരിച്ചു പോകാൻ ശ്രമിച്ച നീലുവിന്റെ കയ്യിൽ പിടിച്ചു നിർത്തി സിദ്ധാർഥ്. “അങ്ങനെ അങ്ങു പോയാൽ എങ്ങനെ ആണ് നീലിമ. തനിക്ക് ജോലി വേണ്ടേ? തന്റെ നിരപരാധിത്വം തെളിയിക്കേണ്ട?” മറുകൈ കൊണ്ട് നീലുവിന്റെ ഇടുപ്പിൽ പിടിച്ചു തന്നോടടുപ്പിച്ചുകൊണ്ടാണ് ചോദ്യം. നീലുവിന്റെ ശരീരം പൊള്ളുന്നത് പോലെ തോന്നി. കണ്ണുകൾ നിറഞ്ഞൊഴുകി.

ചുണ്ടുകൾ വിറകൊണ്ടു. സിദ്ധാർഥ് അതെല്ലാം ഒരു ലഹരിപോലെ ആസ്വദിച്ചു നിന്നു. ഒരു നിമിഷത്തിന് ശേഷം നീലു സമചിത്തത വീണ്ടെടുത്തു. സർവശക്തിയുമടുത്തുകൊണ്ട് അവന്റെ കരണത്തടിച്ചു. “ഇതിന്റെ പേരിൽ ഈ ജോലി പോയാൽ അങ്ങു പോട്ടെന്ന് വയ്ക്കും ഞാൻ” അത്രയും അവന്റെ മുഖത്തു നോക്കി പറഞ്ഞ ശേഷം സ്വയം സ്വതന്ത്രയാക്കി അവൾ കാബിൻ വിട്ടിറങ്ങി. ലീവ് പറഞ്ഞശേഷം സീറ്റിൽ ചെന്ന് ബാഗുമെടുത്തു പുറത്തേക്ക് നടന്നു. സിദ്ധാർഥ് ഓടിയെത്തിയപ്പോഴേക്കും നീലു പോയി കഴിഞ്ഞിരുന്നു. അവൾ പോകുന്നത് അവൻ പകയോടെ നോക്കിനിന്നു.

ഹോസ്റ്റലിലെ തന്റെ റൂമിലെത്തി ബാഗ് വലിച്ചെറിഞ്ഞു നീലു കട്ടിലിലേക്ക് വീണു മതിയാകുവോളം കരഞ്ഞു. മുൻപും ഹോസ്റ്റലിൽ നിന്നിരുന്നു എങ്കിലും അന്ന് അതൊരു ബുദ്ധിമുട്ടായി തോന്നിയിരുന്നില്ല. നിയമങ്ങളൊന്നും പാലിച്ചിരുന്നില്ല. പരാതി പറയാൻ വീട്ടിൽ നിന്ന് വിളിപ്പിക്കുമ്പോൾ തനയ് ഏട്ടൻ വന്ന് ആണ് വരുക. ആൾ എന്തെങ്കിലും പറഞ്ഞു എല്ലാം പരിഹരിക്കും. ശനിയാഴ്ച്ച ആയാൽ വീട്ടിലേക്ക് പോകും. ഒരാഴ്ച കഴിക്കാനുള്ള സ്നാക്സും കൊണ്ടാണ് തിരികെ പോവുക. റൂം ആണെങ്കിൽ അഞ്ചു പേർക്കുള്ളത് ആണെങ്കിലും വരുന്ന കുട്ടികളെ എല്ലാം പേടിപ്പിച്ചു പറഞ്ഞുവിട്ട് കൂട്ടുകാരി സ്നേഹക്കൊപ്പം സ്വന്തം എന്നപോലെ ഉപയോഗിച്ചിരുന്നു.

സെക്കൻഡ് ഇയർ ആയപോഴേക്കും ആരും പരാതി ഒന്നും പറയാതെയായി. പറഞ്ഞിട്ട് കാര്യമില്ല എന്ന് തോന്നിയത് കൊണ്ടാകാം. പക്ഷെ ഇപ്പോൾ ഹോസ്റ്റൽ ലൈഫ് നീലുവിനെ ഒരുപാട് മാറ്റിയിരുന്നു. ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചിരുന്നു. രാവിലെ എട്ടരയ്ക്ക് മുമ്പ് ചെന്നില്ലെങ്കിൽ ഭക്ഷണം കിട്ടില്ല, ഇവിടെ പോയാലും എട്ടുമണിക്ക് മുൻപ് തിരികെയെത്തണം, വെള്ളവും കരണ്ടും മിതമായി ഉപയോഗിക്കണം, അങ്ങനെ പലതും ഇപ്പോഴാണ് ചെയ്തു തുടങ്ങിയതാണ്. വീട്ടിലെ ബെഡ്റൂമിന്റെ വിശാലതയിൽ കഴിഞ്ഞ അവൾക്ക് ഈ കുടുസുമുറിയും കോമൺ ബാത്റൂമും എല്ലാം അവൾക്ക് ആദ്യം അസ്വാസ്ഥ്യം ഉണ്ടാക്കിയെങ്കിലും മെല്ലെ അതിനോട് പൊരുത്തപ്പെട്ടു.

നേരത്തെ ഹോസ്റ്റലിൽ നിന്ന് ഒരു നേരമെങ്ങാനും കഴിച്ചെങ്കിലായി. ബാക്കി ക്യാന്റീനും ഹോട്ടലുകളും ഒക്കെ ആയിരുന്നു ശരണം. ഇപ്പോൾ ഇവിടുത്തെ ഉണക്കപുട്ടും പയറും ഇഡ്ഡലിയും ഒക്കെ കഴിക്കുമ്പോൾ വല്യമ്മയുടെ ഭക്ഷണത്തിന്റെ സ്വാദ് ഓർമ വരാറുണ്ട്. വീട്ടിൽ നിന്ന് തന്ന പണം ചിലവാക്കാതെയിരിക്കാൻ വെളിയിൽ നിന്ന് ഒന്നും കഴിക്കാറില്ല. ഇടക്കിടെ വിശപ്പിന്റെ വിളി വരുമ്പോൾ വെള്ളം കുടിച്ചോ നിവൃത്തിയില്ലാതെ വന്നാൽ കെറ്റിലിൽ വെള്ളം തിളപ്പിച്ച് പാൽപൊടിയും ബ്രൂവും ചേർത്ത് കാപ്പി ഉണ്ടാക്കിയോ അഡ്ജസ്റ്റ് ചെയ്യും. അങ്ങനെ പല രീതികളിലായി ജീവിതം കുറെയൊക്കെ പടിച്ചെങ്കിലും ഇത്തരം ഒരു അനുഭവം ആദ്യമാണ്.

തനു അനുഭവിച്ച വേദന ഇപ്പോൾ തനിക്ക് മനസിലാകുന്നുണ്ട്. സിദ്ധാർഥിന്റെ സ്പർശവും, നോട്ടം പോലും തനിക്കിത്ര മുറിവായെങ്കിൽ, കാത്തിരുന്ന കല്യാണ തലേന്ന് സർവം നഷ്ടപ്പെട്ട് നിന്ന തനു എത്രത്തോളം വ്രണപ്പെട്ടു കാണണം..? രണ്ടു മാസത്തെ പരിചയമുള്ള ദക്ഷയുടെ ചതി തനിക്ക് താങ്ങാനായില്ലെങ്കിൽ, ജനിച്ച നാൾ മുതൽ ചങ്കായി നടന്ന തന്റെ ചതി തനുവിനെ എത്രത്തോളം തകർത്തുകാണും..? അവളെപ്പോലെ ഒരു കൂട്ടുകാരി തനിക്ക് ഒരിക്കലും ഉണ്ടായിട്ടില്ല, ഇനി ഉണ്ടാകുകയും ഇല്ല. തനുവിനെ ഇപ്പോൾ തന്നെ കാണാൻ മനസു പറഞ്ഞു. ഇനിയും കാത്തു നിൽക്കാൻ വയ്യ. ഫോണെടുത്തു ലീവ് മെയിൽ ചെയ്തു.

റിപ്ലൈ വരാനൊന്നും കാത്തു നിന്നില്ല. ബാഗ് പാക്ക് ചെയ്ത് എടുക്കാനും മിനക്കെട്ടില്ല. പേഴ്സും ഫോണുമെടുത്തു സ്‍ലിംഗ് ബാഗിൽ ആക്കി മുഖവും കഴുകിയിറങ്ങി. റെയിൽവേ സ്റ്റേഷനിൽ ചെന്നപ്പോൾ ട്രെയിൻ ഒന്നും ഇപ്പോൾ ഇല്ല. ഒടുവിൽ ഒരു തൃശ്ശൂർ സൂപ്പർ ഫാസ്റ്റ് ബസിൽ കയറിയിരുന്നു. ഏഴര മണിക്കൂറോളം നീണ്ട ബസ് യാത്ര. ആദ്യമായി ആണ് ബസിൽ ഇത്രദൂരം പോകുന്നത്. മനസ് മടുത്തിരുന്നെങ്കിലും കുറെ നേരം ഉറങ്ങിയെങ്കിലും പിന്നെ നീലു ആ യാത്ര അസ്വദിച്ചുതുടങ്ങി. ഓരോ അനുഭവങ്ങളും ആസ്വദിക്കാനും എല്ലാത്തിനെയും പോസിറ്റിവായി കാണാനും അവൾ ശീലിച്ചു തുടങ്ങിയിരുന്നു.

ഓർമകൾ അയവിറക്കികൊണ്ട് ആ KSRTC ബസിൽ അവളിരുന്നു. ഹെഡ്സെറ്റിൽ കൂടി ഇഷ്ടപ്പെട്ട പഴയ പാട്ടുകൾ ഒഴുകിക്കൊണ്ടിരുന്നു. ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆ തന്റെ അവഗണന കാശി മനസിലാക്കിയത്തിൽ തനുവിന് കടുത്ത വിഷമം ഉണ്ടായിരുന്നു. അവനോട് അടുക്കാൻ ആഗ്രഹം ഉണ്ടെങ്കിലും എന്തോ ഒന്ന് അതിൽ നിന്ന് തടയുന്നു. കാശി ഇപ്പോഴും പഴയത് പോലെ തന്നെയാണ് പെരുമാറ്റം. അവർ ഫ്ലാറ്റിൽ നിന്ന് പോകുന്നതിന് മുൻപത്തെ ശീലങ്ങൾ എല്ലാം ഇപ്പോഴുമുണ്ട്. ആകെയുള്ള ഒരു മാറ്റം ഒരു മണിക്കൂർ പോലും ഒറ്റക്കിരിക്കാൻ അനുവദിക്കില്ല എന്നതാണ്.

ഒന്നര മാസം ലീവ് എടുത്തത് കൊണ്ടു തന്നെ പഠിക്കാൻ ഒരു കുന്ന് ഉണ്ട്. പക്ഷെ അവൻ വരുന്നത് വരെ ഫ്ലാറ്റിൽ ഒറ്റക്ക് ഇരിക്കാൻ സമ്മതിക്കില്ല. കോളേജിൽ നിന്ന് വന്നു ഫ്രഷ് ആയാലുടനെ ബുക്‌സും എടുത്തു ദേവിയമ്മയുടെ വീട്ടിൽ പോകും. കാശി വരുന്നത് വരെ അവിടെയിരുന്ന് പഠിക്കും. രാത്രിയിലേക്കുള്ള ഭക്ഷണവും അവിടെനിന്ന് കൊണ്ടുവരികയാണ് ചെയ്യുക. അവർക്ക് വേണ്ടി ദേവ്യമ്മയും ലക്ഷ്മിയും ഓരോ ദിവസവും പുതിയ പുതിയ വിഭവങ്ങൾ ഉണ്ടാക്കിക്കൊണ്ടിരുന്നു. ഒരുകണക്കിന് ഒറ്റക്ക് ഇരിക്കാത്തത് നന്നായി. ഇവിടെയാകുമ്പോൾ കാർത്തുമോളുടെ പ്രസൻസ് തനുവിന് വലിയ സന്തോഷം ആയിരുന്നു.

കാര്യങ്ങളൊന്നും അറിയില്ലെങ്കിലും തനുവിന് എന്തോ ഡിപ്രെഷൻ ഉണ്ടെന്ന് അറിയാവുന്നത് കൊണ്ട് ദേവിയമ്മയും ലക്ഷ്മിയും അവളെ കൂടുതൽ ശ്രദ്ധിക്കാൻ ശ്രമിച്ചു. നീലു തൃശ്ശൂരിൽ കാശിയുടെയും തണുവിന്റെയും ഫ്ലാറ്റിൽ എത്തിയപ്പോൾ ഏഴുമണി ആകാറായിരുന്നു. അവിടെ കതകടഞ്ഞു കിടക്കുന്നത് കണ്ടപ്പോൾ അവൾ ദേവിയമ്മയുടെ ഫ്ലാറ്റിലേക്ക് പോയി. കോളിങ് ബെൽ കേട്ട് കാശി നേരത്തെ എത്തിയെന്ന് കരുതി കതകു തുറന്ന തനു മുന്നിൽ നിൽക്കുന്ന നീലുവിനെ കണ്ടു ഞെട്ടി. തുടരും- ബാക്കി ഇന്ന് രാത്രി 8 മണിക്ക്‌

ഭാര്യ : ഭാഗം 23