Friday, January 17, 2025
Novel

ഭാര്യ : ഭാഗം 20

എഴുത്തുകാരി: ആഷ ബിനിൽ

തനുവിന് സംഭവിച്ച ദുരന്തം നീലുവിന്റെ പ്രതീക്ഷകൾക്ക് അപ്പുറത്തായിരുന്നു. കല്യാണ ശേഷം വിരുന്നിന് വന്നപ്പോൾ തനുവിന്റെ ശരീരത്തിൽ കണ്ട പാടുകൾ അവൾക്ക് ഓർമവന്നു. തന്റെ പ്രവർത്തികൾ തനുവിൽ ഉടുമ്പിനെപ്പോലെ പിടിമുറുക്കിയത് അവൾ അറിഞ്ഞു. എത്ര സഹിച്ചുകാണും.. എല്ലാം മറച്ചു പിടിച്ചു നടക്കുകയായിരുന്നു ഒന്നര മാസക്കാലം ആയി അവൾ. അതോ എല്ലാം മറന്നിരുന്നോ? അങ്ങനെ എളുപ്പത്തിൽ മറക്കാൻ കഴിയുന്നതാണോ സംഭവിച്ചത്? തരുണിനെ വാക്കുകൾ ചെവിയിൽ മുഴുങ്ങാൻ തുടങ്ങി.

“എവിടെയാ ആർക്കുണ്ടായതാ എന്നൊന്നും അറിയാത്ത ഒരെണ്ണത്തിനെ പിടിച്ചു രാജകുമാരിയായി വളർത്തിയതാ ഇവിടെ എല്ലാവർക്കും പറ്റിയ തെറ്റ്.” ശരിയാണ്. അന്ന് ആശുപത്രിയിൽ വച്ചു തന്നെയോ ഏതെങ്കിലും തെരുവിന്റെ ഓരങ്ങളിലോ അനാഥാലയത്തിൽ ഇരുളിലോ തീർന്നു പോയേക്കാവുന്ന ഒരു ജന്മമായിരുന്നു തന്റേത്. ആ അവസ്ഥ തനിക്കുണ്ടാകാതെ ഇരുന്നത് ഈ വീട്ടുകാരുടെ കാരുണ്യം കൊണ്ടാണ്. പക്ഷെ താനോ? അവരുടെ മകൾക്ക് ജീവിതത്തിലെ ഏറ്റവും വലിയ വേദന സമ്മാനിച്ചു താൻ, അറിഞ്ഞുകൊണ്ടല്ല, എങ്കിലും.

എന്നിട്ടും കലിയടങ്ങാതെ അവളെ കുറിച്ചു പകയും ഉള്ളിലിട്ടു നടന്നു. എല്ലാവരും അവളെക്കാളും തന്നെ സ്നേഹിക്കണം എന്ന് വാശിപിടിച്ചു. എന്നിട്ട് അതിൽ നിന്നെല്ലാം എന്തു നേടി താൻ? എല്ലാവരുടെയും വെറുപ്പ് മാത്രം. നീലു കണ്ണു തുടച്ചു. ഇനിയും ഈ വീട്ടിൽ താമസിക്കാനുള്ള യോഗ്യത തനിക്കില്ല. നന്നായി പഠിപ്പിച്ചു തന്നെ. സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തയാക്കി. ഇനി ആരെയും ആശ്രയിക്കാതെ ജീവിക്കണം. അത്യാവശ്യം വേണ്ട സാധനങ്ങൾ ഒരു ബാഗിലാക്കി അവൾ ഇറങ്ങി. ആരും ഉറങ്ങിയിട്ടില്ല എന്ന് ഉറപ്പുള്ളത് കൊണ്ട് പിൻവാതിലിലൂടെ ആണ് പോയത്.

ഗേറ്റ് കടക്കും മുൻപ് ഒരിക്കൽ കൂടി തിരിഞ്ഞുനോക്കി. പിന്നെ ധൈര്യം സംഭരിച്ചു റെയിൽവേ സ്റ്റേഷനിലേക്ക് നടന്നു. അരിച്ചെത്തിയ ഉറുമ്പുകണക്കെ ക്ഷണിക്കപ്പെടാതെ വന്ന ദുരന്തവാർത്തയിൽ നിന്ന് ആരും കരകയറിയിരുന്നില്ല. അമ്മമാർ രണ്ടാളും ഇതുവരെ മുറിക്ക് പുറത്തിറങ്ങിയിട്ടില്ല. അച്ചന്മാരും അങ്ങനെ തന്നെ. തനയ്യും തരുണും താരതമ്യേന ഭേദമായിരുന്നു. അവരിരുവരും നേരത്തെ കാര്യങ്ങൾ അറിഞ്ഞതുകൊണ്ട് തന്നെ തകർന്നു തരിപ്പണമായ കുടുംബത്തിലെ മറ്റ് അംഗങ്ങൾക്ക് ധൈര്യം പകരാൻ അവർക്കായി. തനുവിന് സംഭവിച്ച ദുരന്തം മാത്രമായിരുന്നില്ല അവിടുത്തെ വിഷയം.

കാശിയുടെ കുടുംബത്തിന് മുൻപിൽ തെറ്റുകാരായി നിൽക്കേണ്ടി വന്നു എന്നത് കൂടിയാണ്. തനുവിന്റെ വിവാഹ ജീവിതവും ഭാവി ജീവിതവും പൂർണമായും തുലാസിലായി എന്നവർക്ക് തോന്നി. നേരം വെളുത്തിട്ടും ആരും ഒന്നിനും ഉഷാർ കാണിച്ചില്ല. ഒടുവിൽ തനയ് പുറത്തുപോയി ഭക്ഷണം വാങ്ങി വന്നു. ഓരോരുത്തരെയായി നിർബന്ധപൂർവം വിളിച്ചെഴുന്നേല്പിച്ചു ഡൈനിങ്ങ് റൂമിൽ കൊണ്ടിരുത്തി. എത്ര ശ്രമിച്ചിട്ടും തനു മുറിയിൽ നിന്ന് പുറത്തിറങ്ങാൻ കൂട്ടാക്കിയില്ല. ഇന്നലെ ഇട്ട വസ്ത്രം പോലും മാറാതെ, ഒന്നു കിടക്കുക പോലും ചെയ്യാതെ കട്ടിലിൽ കാലിന്മേൽ മുഖം ചേർത്തുവച്ച് ഒരേയിരുപ്പാണ് ഇപ്പോഴും.

നീലുവിന്റെ മുറിയുടെ വാതിൽക്കൽ ചെന്ന് രണ്ടുതവണ മുട്ടിവിളിച്ചു തനയ്. പിന്നെ താഴെക്ക് പോന്നു. എല്ലാവരും കഴിച്ചു കഴിഞ്ഞിട്ടും നീലു എത്തിയില്ല. തനുവിനുള്ള ഭക്ഷണവും കൊണ്ട് ഗീത മുകളിലേക്ക് ചെന്നു. അവർ കൊണ്ടുപോയതനുസരിച്ച് യാന്ത്രികമായി അവൾ ഫ്രഷ് ആയി. വായിൽ വച്ചു കൊടുത്ത ഭക്ഷണം കഴിച്ചു. രുചിയോ മണമോ പോയിട്ട്, എന്താണ് കഴിക്കുന്നത് എന്നുപോലും തനു അറിയുന്നില്ല എന്നു തോന്നി. ഇത്ര നേരമായിട്ടും നീലുവിനെ വെളിയിലെങ്ങും കാണാതെ വന്നതോടെ ഗീത ഒരിക്കൽ കൂടി മുറിയിൽ മുട്ടി വിളിച്ചു. പ്രതികരണം ഇല്ല എന്നുകണ്ട്, കതകിൽ തള്ളിനോക്കി.

അത് ചാരിയിട്ടേ ഉണ്ടായിരുന്നുള്ളൂ. അകത്ത് നീലു ഉണ്ടായിരുന്നില്ല. മുറിയിലും ബാത്റൂമിലെ ആകമാനം നോക്കിയിട്ടും നീലുവിന്റെ സാന്നിധ്യം കണ്ടെത്താനായില്ല. “I am so sorry” എന്നെഴുതിയ ഒരു കഷണം പേപ്പർ മേശപ്പുറത്തു വച്ചിട്ടുണ്ടായിരുന്നു. ഗീതയുടെ കണ്ണിൽ ഇരുട്ടുകയറി. കയ്യിൽ നിന്ന് പ്ളേറ് താഴെ വീണു. അവർ ഒരു നിലവിളിയോടെ നിലത്തേക്ക് വീണുപോയി. ശബ്ദം കേട്ട് മുറിയിലെത്തിയ ഹരിയും ശിവനും തരുണും തനയ്യും എന്തു ചെയ്യണമെന്നറിയാതെ നിന്നുപോയി.

തനുവിന്റെ ദുരന്തം തന്നെ താങ്ങാൻ ആകുന്നതിലും അപ്പുറമാണ്, അതിന്റെ കൂടെ നീലുവും… ഇന്നലെ രാത്രി ആ വീട്ടിൽ ആരും ഒരുപോള കണ്ണടച്ചിരുന്നില്ല. എന്നിട്ടും നീലു പോയത് ആരും അറിഞ്ഞില്ല. അറിയാൻ തക്ക മാനസികാവസ്ഥ അല്ലായിരുന്നു ആരുടെയും എന്നതാണ് സത്യം. “ഇന്നലെ ഞാൻ പറഞ്ഞതെല്ലാം കൂടി പോയി. വേണ്ടിയിരുന്നില്ല. ഒരു നോട്ടം കൊണ്ടുപോലും വേദനിപ്പിക്കാതെ വളർത്തിയതല്ലേ നമ്മൾ അവളെ..” നീലു എഴുതിവച്ച പേപ്പറും കൊണ്ട് തരുൺ നിലത്തേക്ക് ഊർന്നിരുന്നു. ശിവൻ അവന്റെ തോളിൽ തട്ടി ആശ്വസിപ്പിച്ചു. പിന്നെ ഗീതയെയും കൂട്ടി പുറത്തേക്ക് പോയി.

ഇന്നലെ രാത്രി മുതൽ തനുവിനെ ഫോണിൽ കിട്ടാതെ അസ്വസ്ഥനായിരുന്നു കാശി. നേരത്തെ ഉറങ്ങിക്കാണും എന്ന് വിചാരിച്ചു സമാധാനിച്ചു. രാവിലെ ചെന്നൈ എത്തിയപ്പോൾ വിളിച്ചിട്ടും കോളെടുക്കുന്നില്ല. അമ്മയുടെ ഫോണിൽ വിളിച്ചിട്ടും ഇതുതന്നെ അവസ്‌ഥ. ഒന്നുരണ്ടുവട്ടം കൂടി ട്രൈ ചെയ്തിട്ടും കിട്ടാതെ വന്നപ്പോൾ കാശി തരുണിനെ വിളിച്ചു. മറുപുറത്തുനിന്ന് കേട്ട വാർത്ത പെരുമ്പാമ്പിനെപ്പോലെ അവനെ വരിഞ്ഞുമുറുക്കി. ഒരിക്കലും ആരും അറിയരുത് എന്നുകരുതി മൂടി വച്ച സത്യം എന്താണോ അതുതന്നെ എല്ലാവരും അറിഞ്ഞിരിക്കുന്നു. അച്ഛനും അമ്മയും രാത്രിക്ക് രാത്രി വീട്ടിലേക്ക് മടങ്ങി എന്നത് കാശിയെ കൂടുതൽ സമ്മർദ്ദത്തിലാക്കി.

അവരുടെ മനസിൽ എന്താണെന്ന് ആലോചിക്കാൻ പോലുമായില്ല. നുവിന്റെ അവസ്ഥ അവന്റെ ചങ്കുതകർത്തു. ആരും അറിയരുത് എന്നു കരുതി ഒളിപ്പിച്ചു വച്ചതാണ്. അന്നും തനു പറഞ്ഞു, എന്നും സത്യം മൂടിവയ്ക്കാൻ ആകില്ല എന്ന്. തന്റെ നിർബന്ധം ആയിരുന്നു. ആരും അവളെ ഇരയായി നോക്കാതെ ഇരിക്കാൻ ആയിരുന്നു. കാര്യങ്ങൾ പൂർണ്ണമായും കൈവിട്ട് പോയെന്ന് കാശിക്കു ബോധ്യമായി. അതിന്റെ കൂടെയാണ് നീലുവിന്റെ തിരോധാനം. ആർക്കും ഒരു സമാധാനം കൊടുക്കില്ല എന്ന് ഉറപ്പിച്ചത് പോലെയാണ് നീലുവിന്റെ ഓരോ പ്രവർത്തികൾ. അവളെ ഏറ്റവും ആവശ്യമുള്ള സമയത്തു,

തന്ന സ്നേഹത്തിനും നന്മകൾക്കും പകരം നൽകാൻ സാഹചര്യം ഉണ്ടായപ്പോൾ കൃത്യമായി ഒളിച്ചോടിയിരിക്കുന്നു. അടപടലം തകർന്നു നിൽക്കുന്ന ആ കുടുംബം ഇനി അവളെ അന്വോഷിക്കാനും നടക്കണം. എന്തൊരു അവസ്ഥയാണ്. അവിടുത്തെ S.I സന്തോഷ് കാശിക്കു പരിചയമുള്ള ആളായിരുന്നു. തനുവിനെ ഉപദ്രവിച്ചവരെ ഒതുക്കാൻ അയാൾ അവനെ സഹായിച്ചിട്ടുമുണ്ട്. കാശി അയാളെ വിളിച്ചു അൺ ഓഫീഷ്യലായി നീലുവിനെ അന്വോഷിക്കാനുള്ള ഏർപ്പാട് ചെയ്തു. അവരുടെ അന്വേഷണത്തിൽ നീലു വെളുപ്പിനെ മാവേലി എക്സ്പ്രസിന് കയറിയതായി അറിയാൻ കഴിഞ്ഞു.

ഉച്ചയോടെ അവളുടെ മെസ്സേജ് തരുണിനും തനയ്ക്കും വാട്‌സ്ആപ്പിൽ ലഭിച്ചു. കഴക്കൂട്ടത്ത് ടെക്‌നോപാർക്കിൽ ജോലി ചെയ്യുന്ന ഒരു സുഹൃത്തിന്റെ കൂടെ ഹോസ്റ്റലിൽ ഉണ്ടെന്നും ഒരു ജോലി അന്വേഷിക്കുകയാണ് എന്നും ആയിരുന്നു ഉള്ളടക്കം. ഒപ്പം, തനുവിന്റെ മുന്നിൽ നിന്ന് മാപ്പപേക്ഷിക്കാൻ എങ്കിലും ധൈര്യം ഉണ്ടാക്കുന്നമ ദിവസം മടങ്ങി വരുമെന്നും അതുവരെ തന്നെ അന്വേഷിക്കരുത് എന്നും. ഹോസ്റ്റൽ അഡ്ഡ്രസും അയച്ചിരുന്നു അവൾ. ട്രിവാൻഡ്രം പോയി നീലുവിനെ കൂട്ടിക്കൊണ്ട് വരാൻ തുനിഞ്ഞ തരുണിന്റെയും തനയ്യെയും ശിവൻ തടഞ്ഞു: “എന്തായാലും കുഴപ്പം ഒന്നും ഇല്ലാതെ അവിടെ ഉണ്ടല്ലോ.

അങ്ങനെ തന്നെ പോട്ടെ. പോയി കൂട്ടിക്കൊണ്ട് വരാൻ നിൽക്കേണ്ട. നിങ്ങളുടെ ആവശ്യം ഇപ്പോൾ ഇവിടെയാണ്, തനുവിന്.” അത് ശരിയാണെന്ന് എല്ലാവർക്കും തോന്നി. എത്രകാലം ചിറകിന്റെ കീഴിൽ ഒളിപ്പിച്ചു വളർത്താൻ പറ്റും? ഒറ്റക്ക് ജീവിച്ചു ശീലിക്കട്ടെ അവൾ. അപ്പോഴേ ജീവിതം പഠിക്കൂ. ചെയ്ത തെറ്റിന്റെ ആഴം തിരിച്ചറിയൂ. പൂർണ്ണമായും തള്ളികളഞ്ഞു എന്ന തോന്നൽ ഉണ്ടാകാതെയിരിക്കാൻ ഫോണിൽ അയാൾ അവളെ വിളിച്ചു സംസാരിക്കുകയും ചെയ്തു. അങ്ങനെ ആ പ്രശനം താൽകാലികമായി പരിഹരിക്കപ്പെട്ടു. പ്രധാന പ്രശനം ഇപ്പോഴും അതേപടി ഉണ്ടല്ലോ. തനുവിന്റെ കാര്യത്തിൽ എന്തുചെയ്യും എന്ന് ആർക്കും ഒരെത്തും പിടിയും കിട്ടിയില്ല.

ദിവസങ്ങൾ കഴിയും തോറും അവളുടെ അവസ്ഥ മോശമായി വന്നു. കുടുംബത്തിൽ എല്ലാവരും കിണഞ്ഞു പരിശ്രമിച്ചിട്ടും മുറിക്ക് പുറത്തിറങ്ങാൻ പോലും തനു കൂട്ടാക്കിയില്ല. അവളുടെ ഏട്ടന്മാർക്ക് കടുത്ത നിരാശ തോന്നി. ഇത്രയും വലിയൊരു ദുരന്തം നടന്നിട്ടും പിടിച്ചു നിന്നവളാണ്. ഒന്നര മാസം കാശി കൈവെള്ളയിൽ കൊണ്ടു നടന്നവളാണ്. എല്ലാം മറന്നു തുടങ്ങിയവളാണ്. ഒരു ദിവസം പോലും അവളെ സംരക്ഷിക്കാൻ തങ്ങൾക്ക് കഴിഞ്ഞില്ലല്ലോ എന്നോർക്കുമ്പോൾ അവരുടെ ഉള്ളിൽ കുറ്റബോധത്തിന്റെ വിത്തുകൾ ആഴത്തിൽ വേരുപിടിച്ചുകഴിഞ്ഞിരുന്നു.

മാലതിയെ വിളിച്ചപ്പോൾ ലഭിച്ച തണുപ്പൻ പ്രതികരണം കാശി പ്രതീക്ഷിച്ചതായിരുന്നു. കാശിയും കൂടി അറിഞ്ഞുകൊണ്ടാണ് വിവാഹം നടന്നതെന്ന് അവരിപ്പോഴും വിശ്വസിക്കുന്നില്ല. ഫോണിൽ കൂടി കാര്യങ്ങൾ പറയുന്നതിന് പരിമിതികൾ ഉണ്ടല്ലോ. പോരാത്തതിന് കാശിയുടെ ജോലി തിരക്കും വെല്ലുവിളിയായി. ഒടുവിൽ, തിരികെ പോയി അമ്മയെ നേരിൽ കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്താൻ അവൻ തീരുമാനിച്ചു. ഒരു തരത്തിലും ഏറ്റെടുത്തു പോയ ദൗത്യം പൂർത്തിയാക്കാതെ മടങ്ങാൻ പറ്റാത്ത സഹചര്യം ആയിരുന്നു കാശിയുടേത്. ഓരോ ദിവസവും നീറി നീറി അവൻ തള്ളിനീക്കി. രണ്ടാഴ്ച രണ്ടു യുഗം പോലെ തോന്നിച്ചു.

കിട്ടുന്ന അവസരങ്ങളിലെല്ലാം അവൻ തനുവിന്റെ ഏട്ടന്മാരെ ഫോണിൽ വിളിച്ചു കാര്യങ്ങൾ അറിഞ്ഞുകൊണ്ടിരുന്നു. തനു ഡിപ്രെഷനിലേക്ക് പോകുകയാണെന്ന് കാശിക്ക് ബോധ്യമായി. എത്രയും വേഗം ജോലി തീർത്തു തിരികെ പോകാൻ അവൻ പരിശ്രമിച്ചു. തനുവിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ കാശിക്കു മാത്രമേ കഴിയൂ എന്ന് കുടുംബത്തിൽ എല്ലാവർക്കും നിശ്ചയമുണ്ടായിരുന്നു. അതുകൊണ്ട് അവരും അവന്റെ വരവിനായി ദിവസങ്ങളെണ്ണി കാത്തിരുന്നു. ഇതൊന്നും അറിയാതെ സ്വയം സൃഷ്ട്ടിച്ച വിഷാദത്തിന്റെ കുടിലിനുളിൽ നീറിനീറി തനുവും.

തുടരും-

ഭാര്യ : ഭാഗം 19