Sunday, December 22, 2024
Novel

ഭാര്യ : ഭാഗം 18

എഴുത്തുകാരി: ആഷ ബിനിൽ

നീലുവിന് ഭക്ഷണം ഉണ്ടാക്കാൻ വേണ്ടി തനു നേരത്തെ എഴുന്നേറ്റു. അടുക്കളയിൽ കയറിയപ്പോൾ നീലു നേരത്തെ തന്നെ ഹാജർ വച്ചിരിക്കുന്നതാണ് കണ്ടത്. ആള് ദോശ ഉണ്ടാക്കുകയാണ്. അത് വേവുന്ന ഗ്യാപ്പിൽ സാമ്പാറിനുള്ള പച്ചക്കറികൾ കുക്കറിൽ വയ്ക്കുന്നും ഉണ്ട്. കുളി കഴിഞ്ഞു തോർത്ത് തലയിൽ കെട്ടി വച്ചിട്ടുണ്ട്. ഒരു കോട്ടൻ ചുരിദാർ ആണ് വേഷം. ഒരു നർത്തകിയുടെ ശരീരഘടന അതേപടി അവൾക്കുണ്ട്. ചുണ്ടിനു മുകളിലും നെറ്റിയിലും എല്ലാം വിയർപ്പ് കണങ്ങൾ ഉരുണ്ടുകൂടി നിൽക്കുന്നു.

തനു സ്വയം ഒന്നു നോക്കി. എഴുന്നേറ്റ് പല്ലു മാത്രം തേച്ചിട്ട് ഇറങ്ങി വന്നതാണ്. ഒരു ലൈറ്റ് ഗ്രീൻ ബനിയൻ ടൈപ്പ് പാന്റും ബ്ലൂ ടി ഷർട്ടും ആണ് വേഷം. മുടി മൊത്തത്തിൽ വാരി കെട്ടി വച്ചിരിക്കുകയാണ്. “ഞാൻ മുഖം കഴുകിയിരുന്നോ? ആഹ്. പല്ലു തേക്കുമ്പോൾ കഴുകിയതാണ്.” വീട്ടിൽ ആയിരുന്നപ്പോൾ തനുവും ചുരിദാർ ആയിരുന്നു ധരിക്കാറ്. ഇപ്പോൾ സൗകര്യം നോക്കി മാറ്റിയതാണ്. അതുപോലെ വീട്ടിൽ വച്ചു രാവിലെ എഴുന്നേറ്റ് കുളിച്ചിട്ടാണ് ദിവസം തുടങ്ങുക. ഇപ്പോൾ കുളിച്ചാലും അടുക്കളയിലെ പണി എല്ലാം കഴിയുമ്പോൾ വീണ്ടും വിയർക്കും.

അതുകൊണ്ട് എല്ലാം കഴിഞ്ഞു റെഡിയാകുന്നതിന് മുന്നേ ആക്കി കുളിയും ജപവും എല്ലാം. “ഉത്തമ ഭാര്യ എങ്ങനെ ആണെന്ന് കണ്ടു പടിക്കുകയാണോ?” അവളുടെ കാതോരം വന്ന് കാശി ചോദിച്ചു. താൻ ഇത്രയും നേരം നീലുവിനെ നോക്കി നിൽക്കുകയായിരുന്നു എന്ന് അവൾക്ക് അപ്പോഴാണ് ഓർമ വന്നത്. അത് കാശി കാണുക കൂടി ചെയ്തതോടെ തനുവിന് ജാള്യത തോന്നി. തനു ചോറ് വയ്ക്കാൻ അരി കഴുകിയപ്പോൾ കാശി തോരൻ ഉണ്ടാക്കാൻ കാബേജ് അരിഞ്ഞു വച്ചു. “തനു നീ കാശിയേട്ടനെ അടുക്കളയിൽ കയറ്റിയോ?” നീലു പണി തുടങ്ങി.

“അവൾ കയറ്റിയതല്ല നീലു. ഞാൻ വന്ന് കയറിയതാണ്.” കാശി കൃത്യമായി മറുപടി കൊടുത്തതോടെ ഏറെക്കുറെ തൃപ്തിയായി. ആറര കഴിഞ്ഞപ്പോഴേക്കും നീലു ഭക്ഷണവും കഴിച്ചു ഊണും പാക്ക് ചെയ്ത് ഇറങ്ങി. “ഹോ. ഇപ്പോഴാണ് സമാധാനം ആയത്. അവൾ എന്തെങ്കിലും പ്രശനം ഉണ്ടാക്കുമോ എന്നായിരുന്നു എന്റെ ഭയം” തനു തളർച്ചയോടെ സോഫയിലേക്ക് വീണുകൊണ്ട് പറഞ്ഞു. കാശിയും അവൾക്കൊപ്പം ഇരുന്നു. “എനിക്ക് ഉറപ്പായിരുന്നു, ഈ തവണ അവൾ ഒന്നും ചെയ്യില്ലെന്ന്” “അതെന്താ ഇത്ര ഉറപ്പ്.”

“വന്നു കയറിയപ്പോഴേ വെറുപ്പിച്ചാൽ ഇനി അവളെ നമ്മൾ ഇവിടെ കയറാൻ സമ്മതിക്കില്ല. മാത്രമല്ല അവൾക്ക് വീട്ടിലും പ്രശ്നം വരും. അതുകൊണ്ട് ആൾ ഒതുങ്ങി” “എന്നുവച്ചാൽ അവൾ ഇനി പ്രശ്നത്തിന് വരില്ല എന്നാണോ?” “അങ്ങനെ അല്ല. അവസരം കിട്ടുമ്പോൾ അവൾ പഴയതിലും സ്‌ട്രോങ് ആയി തിരിച്ചുവരും. അതു വരെ ഇതുപോലെ പാവം കളിച്ചു നടക്കും. എന്തായാലും വീട്ടിലെ സ്വന്തം സ്ഥാനം പോകുന്ന കാര്യങ്ങൾക്കൊന്നും അവൾ തൽക്കാലം നിൽക്കില്ല. അത് ഉറപ്പാണ്” തനുവിന് പേടി തോന്നി.

ഇപ്പോൾ ഒതുങ്ങിയിരുന്നു എന്നത് സത്യം തന്നെയാണ്. പക്ഷെ തനിക്ക് സംഭവിച്ച ദുരന്തം അറിഞ്ഞാൽ അവൾ ഉറപ്പായും അത് ഒരു അവസരമായി കണ്ട് ഉപദ്രവിക്കും. എത്ര മൂടിവെച്ചാലും എന്നെങ്കിലും എല്ലാവരും സത്യം അറിയുമല്ലോ. “അവൾ എല്ലാം അറിഞ്ഞാലും ഞാൻ ജീവനോടെ ഉള്ളിടത്തോളം കാലം ആരും നിന്നെ ഒറ്റപ്പെടുത്തില്ല തനു” അവളുടെ മനസ് വായിച്ചെന്നപോലെ കാശി പറഞ്ഞു. അവന്റെ വാക്കുകൾ വിശ്വാസമാണ്. പക്ഷെ എന്തുകൊണ്ടോ അകാരണമായ ഒരു ഭയം തന്നെ മൂടുന്നത് തനു അറിഞ്ഞു.

ശനിയാഴ്ചത്തേക്ക് ലീവെടുത്ത്, വെള്ളിയാഴ്ച വൈകിട്ട് തന്നെ തനുവും കാശിയും ചെമ്പമംഗലത്തെത്തി. കൃഷ്ണനും മാലതിയും കാവ്യയും സീതയും കൂടി എത്തിയതോടെ കോറം തികഞ്ഞു. ഭക്ഷണവും പാട്ടും സംസാരവും ഒക്കെയായി ബഹളമയം. വിരുന്നുകാർ ആയതുകൊണ്ട് തന്നെ തനുവിനും കാശിക്കും ഒക്കെ നല്ല സ്വീകരണം ആയിരുന്നു. നീലുവിന് ദേഷ്യം വരാൻ മറ്റൊന്നും വേണ്ടല്ലോ. എന്തായാലും ഏട്ടന്മാരുടെ കയ്യിൽ നിന്ന് മേടിച്ചു കൂട്ടാൻ താല്പര്യം ഇല്ലാത്തത് കൊണ്ട് എല്ല ദേഷ്യവും ഉള്ളിൽ ഒതുക്കി അവൾ ചിരിച്ചു കളിച്ചു നടന്നു. വെഡിങ് അനിവേഴ്സറി ഫങ്ഷൻ നന്നായി തന്നെ നടന്നു.

സുമിത്രയുടെയും ഗീതയുടെയും വീട്ടിൽ നിന്നും താരയുടെയും രാജീവിന്റെയും കുടുംബക്കാരും അതിഥികളായി എത്തി. മക്കളുടെ സുഹൃത്തുക്കൾ ചിലരും വന്നിരുന്നു. ചെറിയൊരു കേക്ക് കട്ടിങ്ങും സദ്യയും. പിന്നെ അടുത്തൊരു അനാഥാലയത്തിൽ ഒരു നേരത്തെ ഭക്ഷണവും. അത്രയും ആയിരുന്നു പരിപാടികൾ. ഹരിപ്രസാദിന് ഒരു നവരത്ന മോതിരവും സുമിത്രക്ക് വലിയ മുത്തുകളുള്ള ഒരു കരിമണിമാലയും തങ്ങളുടെ സമ്മാനമായി തനുവും കാശിയും ചേർന്ന് നൽകി. തനുവിന് പലപ്പോഴായി കിട്ടിയ പോക്കറ്റ് മണി കൂട്ടിവച്ച തുകയും കൂടി ചേർത്താണ് അവർ അത് വാങ്ങിയത്.

നീലു രണ്ടുപേർക്കും സമ്മാനമായി വിലകൂടിയ ഖാദി വസ്ത്രങ്ങൾ വാങ്ങിയിരുന്നു. എന്തായാലും തനുവിന്റെ മുന്നിൽ താൻ ചെറുതായ പോലെ അവൾക്ക് തോന്നി. കൊടുക്കുന്ന സമ്മാനത്തിന്റെ വിലയിൽ അല്ല, അത് നൽകുന്ന മനസിന്റെ സ്നേത്തിലാണ് കാര്യം എന്ന് അവൾക്ക് ഒരിക്കലും മനസ്സിലായിരുന്നില്ല. അഞ്ചുമണിക്ക് ആയിരുന്നു കാശിയുടെ ട്രെയിൻ. കല്യാണം കഴിഞ്ഞ് ആദ്യമായി ആണ് കാശിയെ പിരിഞ്ഞിരിക്കുന്നത്. തനുവിന് ഹൃദയം പറിഞ്ഞുപോകുന്ന വേദന തോന്നി. എല്ലാവരും ഉണ്ടെങ്കിലും അവൻ എടുത്തില്ലെങ്കിൽ താൻ ഒറ്റക്കാകും എന്ന് അവൾക്ക് ഉറപ്പായിരുന്നു.

“എന്താണ് ഭാര്യേ മുഖത്തു കടന്നൽ വല്ലതും കുത്തിയോ?” ബെഡിൽ ഇരുന്ന് തന്നെ തന്നെ നോക്കുന്ന തനുവിനോടായി കാശി ചോദിച്ചു. അവൾ എഴുന്നേറ്റ് അവനടുത്തേക്ക് ചെന്നു. “കടന്നൽ അല്ല. കാട്ടുപോത്ത്. എന്നിട്ടു ചെന്നൈക്ക് പോകുകയാണെന്ന് പറയുകയും ചെയ്തു.” “അതെയോ?” അവൻ തനുവിന്റെ നേരെ മുന്നിൽ വന്നു നിന്ന് കണ്ണുകളിലേക്ക് നോക്കി. ആ നോട്ടം താങ്ങാനാകാതെ തനു തല താഴ്ത്തി. അവൻ ചൂണ്ടുവിരലാൽ ആ മുഖം ഉയർത്തി. “ഐ വിൽ മിസ് യൂ” അവൻ ആർദ്രമായി പറഞ്ഞു.

തനുവിന്റെ കണ്ണുകൾ നിറയാൻ തുടങ്ങി. “അയ്യേ.. നീ എന്തിനാ കരയുന്നത്? രണ്ടാഴ്ച ധാ ന്നു പറയും പോലെ പോകില്ലേ. ഞാൻ ഇങ്ങു പറന്നു വരില്ലേ എന്റെ പെണ്ണിനെ കാണാൻ?” അതുകൂടി കേട്ടതോടെ തനുവിന്റെ കരച്ചിൽ പൊട്ടിക്കരച്ചിലായി മാറി. അവൾ അവനെ കെട്ടിപ്പിടിച്ചു എങ്ങലടിച്ചുകൊണ്ടിരുന്നു. കാശി അതൊന്നു തീരാൻ കാത്തു നിന്നു. കുറച്ചുനേരം കഴിഞ്ഞിട്ടും തനുവിന്റെ കരച്ചിൽ അവസാനിക്കുന്നില്ല എന്നു കണ്ട കാശി അവളെ ചേർത്തുപിടിച്ച് ആ അധരങ്ങൾ സ്വന്തമാക്കി. തനുവിന്റെ ശരീരം വിറകൊണ്ടു. കണ്ണുകൾ മിഴിച്ചുവരുന്നത് കണ്ട അവൻ ഭയത്തോടെ അവളിൽ നിന്ന് അകന്നുമാറി.

ഒരിക്കലും തനുവിന് ഇത്തരത്തിൽ ഒരു സമ്മർദ്ദം കൊടുക്കില്ല എന്ന് നേരത്തേ തന്നെ തീരുമാനിച്ചതാണ്. അവൾക്ക് സംഭവിച്ച ദുരന്തത്തിന്റെ ഓർമകൾ പൂർണ്ണമായും മായിച്ചുകളഞ്ഞശേഷം മാത്രമേ ആ രീതിയിൽ ഒരു സ്പർശം പോലും പാടുള്ളൂ എന്ന് ഉറപ്പിച്ചതാണ്. പക്ഷെ ഒരു നിമിഷം മനസ് കൈവിട്ടുപോയി. “കുഴപ്പമായോ?” എന്ന മട്ടിൽ കാശി അവളെയൊന്ന് നോക്കി. നാണം കൊണ്ട് പെണ്ണിന്റെ മുഖമൊക്കെ ചുവന്നു തുടുത്തിരിക്കുകയാണ്. അതു കണ്ടതോടെ സമാധാനമായി.

“അതേയ്.. ഇങ്ങനെ കുണുങ്ങിക്കൊണ്ട് നിന്നാൽ ഞാൻ പോക്ക് അങ്ങു കാൻസൽ ചെയ്യും കേട്ടോ” “ശരിക്കും” തനു അതിയായ സന്തോഷത്തോടെ ചോദിച്ചു. കാശി തലയിൽ കൈവച്ചു പോയി. “എന്റെ പൊന്ന് തനു നീ ഇങ്ങനെ മണ്ടിയായി പോകല്ലേ.. ഞാനൊരു ഉപമ പറഞ്ഞതല്ലേ” തനു ദേഷ്യപ്പെട്ട് മുഖം വീർപ്പിച്ചു മാറി നിന്നു. എവിടേക്ക് പോകും മുൻപും പതിവുള്ള കാശിയുടെ ചുംബനത്തിൽ ആ ദേഷ്യവും അലിഞ്ഞുചേർന്നു. ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆ രാത്രി മുറ്റത്തെ മാവിൻ ചുവട്ടിൽ ഒറ്റക്ക് ഇരിക്കുകയായിരുന്നു തനു. തനയ്‌യും തരുണും അവിടേക്ക് വന്നു. “പ്രണനാഥൻ തപോഭൂമിയിൽ നിന്ന് ഇനിയും മടങ്ങിയെത്തിയില്ലേ ശകുന്തളേ..?” തരുൺ ലാലേട്ടന്റെ ഡയലോഗ് അനുകരിച്ചു ചോദിച്ചു.

“പോയിട്ടേ ഉള്ളൂ സോദരാ” തനുവും തിരിച്ചടിച്ചു. മൂവരും ചിരിച്ചു. അവളെ ഇങ്ങനെ പഴയപോലെ സന്തോഷമായി കാണാൻ കഴിയും എന്ന് തരുണും തനയ്‌യും ഒരിക്കലും കരുതിയതല്ല. ഇത്ര വേഗം അവൾക്കൊരു മടങ്ങിവരവ് സാധിച്ചത് കാശി ഒരാൾ കാരണം ആണെന്ന് അവർക്ക് നന്നായി അറിയാം. തങ്ങളുടെ കൂടെ ആയിരുന്നെങ്കിൽ പോലും അവൾ ഇത്ര പെട്ടന്ന് നോർമൽ ആകില്ല. അവനോട് അവർക്ക് വല്ലാത്ത മതിപ്പ് തോന്നി. “എന്തു പറ്റി എന്റെ ഏട്ടന്മാരുടെ കണ്ണിൽ വല്ല കരടും പോയോ? കണ്ണൊക്കെ നിറഞ്ഞു വന്നല്ലോ?” “ആഹ്.

അത് കല്യാണം കഴിഞ്ഞ പെങ്ങൾ പണ്ടത്തെതിലും ഹാപ്പി ആയി ഇരിക്കുന്നത് കണ്ടത് കൊണ്ടുള്ള ആനന്ദാശ്രു ആണ്” തനയ് പറഞ്ഞു. “എന്താശ്രു?” തനു മനസിലാകാത്ത മട്ടിൽ ചോദിച്ചു. അതോടെ താൻ പറഞ്ഞത് തെറ്റി പോയോ എന്ന സംശയം ആയി അവന്. “എന്തായാലും നിനക്ക് കാര്യം മനസ്സിലായല്ലോ. പിന്നെന്താ?” അവൻ ചൊടിച്ചു. പിന്നെ മൂന്നു പേരും കൂടി സംസാരവും അടിയും ഇടിയും ഒക്കെയായി. മുകളിലെ മുറിയിൽ ജനലിൽ കൂടി ഇതു കണ്ട നീലുവിന്റെ കണ്ണുകളിൽ തീ പാറി.

“പണ്ടൊക്കെ ഞാനും ഉണ്ടായിരുന്നു ഈ കൂട്ടത്തിൽ. ഇപ്പോൾ എല്ലാവരും കൂടി ഒഴിവാക്കുകയാണ്.” നീലു മനസിൽ തനുവിനെതിരെ കരുക്കൾ നീക്കുമ്പോൾ മറുവശത്ത് ഏട്ടന്മാരെ അവളുമായി അടുപ്പിക്കാൻ ശ്രമിക്കുകയായിരുന്നു തനു. കാശിയുടെ ഫോൺ വന്നപ്പോൾ അവൾ അതും കൊണ്ട് എഴുന്നേറ്റ് പോയി. “ഇത്രയൊക്കെ ചെയ്തിട്ടും അവൾക്ക് നീലുവിനോട് അല്പം പോലും ദേഷ്യം ഇല്ലല്ലോ” തരുൺ പറഞ്ഞു. “അതു തന്നെ ആണ് എനിക്കും അതിശയം. എന്തായാലും നീലുവിനെ എല്ലാവരും കൂടി തലയിൽ എടുത്തു വച്ചതിന്റെ കുഴപ്പം ആണ് അവൾക്ക്.

തനുവിന്റെ വാക്കും കേട്ട് ഇനി നമ്മൾ കൂടി എല്ലാം മറന്നാൽ അവൾക്കത് ഇനിയും തെറ്റു ചെയ്യാൻ കാരണം ആകുകയെ ഉള്ളൂ.” തനയ്യും അത് ശരിവച്ചു: “അല്ലെങ്കിലും അങ്ങനെ എല്ലാം മറക്കാൻ നമുക്ക് പറ്റുമോടാ. എന്തൊക്കെ പറഞ്ഞാലും നീലു കാരണം അല്ലെ അന്ന് തനു വീട് വിട്ടു പോയത്. അതുകൊണ്ടല്ലേ നമ്മുടെ പെങ്ങളെ ആ നാറി പിച്ചിചീന്തിയത്.. കാശി അവളെ വിവാഹം കഴിച്ചു, പതിയെ അവളെല്ലാം മറന്നു തുടങ്ങുകയും ചെയ്തു. എന്നാലും ആ മുറിവ് ഒരിക്കലും ഉണങ്ങാതെ അവളുടെ ഉള്ളിൽ കാണില്ലേ..” “അത് മാത്രമല്ല തരുൺ.. തന്റെ ശരീരം കളങ്കപ്പെട്ടു എന്ന തോന്നലിനെ മറികടക്കാൻ അവൾക്ക് പ്രയാസമാണ്.

ഇപ്പോൾ തന്നെ ക്ലാസും വീടും കാശിയുടെ പ്രെസൻസും ഒക്കെയായി എല്ലാം മൂടി വയ്ക്കുകയാണ് അവൾ. ഉള്ളിൽ കാണും ഒക്കെയും” അല്പം മാറി കാശിയോട് ഫോണിൽ സംസാരിക്കുന്ന തനുവിനെ അവർ നോക്കി നിന്നു. അവളുടെ മുഖത്ത് നാണം വിരിയുന്നതും കണ്ണുകൾ പ്രകാശിക്കുന്നതും അവർ കണ്ടു. പക്ഷെ, തങ്ങളുടെ പുറകിൽ എല്ലാം കേട്ടുകൊണ്ട് നിന്ന വ്യക്തിയെ മാത്രം അവർ കണ്ടില്ല. ആ കണ്ണുകളിലെ ഭാവം അവർക്ക് മനസിലായതും ഇല്ല.

തുടരും-

ഭാര്യ : ഭാഗം 17