Saturday, January 18, 2025
Novel

ഭാര്യ : ഭാഗം 13

എഴുത്തുകാരി: ആഷ ബിനിൽ

“എന്തു പറ്റി തനു? എന്തിനാ നീ കരയുന്നത്..?” സ്വാതി ആധിയോടെ തിരക്കി. “ഹേയ്. ഒന്നുമില്ല സ്വാതി. ഞാൻ അഭയ് പറഞ്ഞ കാര്യങ്ങളൊക്കെ ആലോചിച്ചു വെറുതെ…” “അടിപൊളി. അവനോട് വലിയ ഡയലോഗ് ഒക്കെ അടിക്കുന്നത് കേട്ടപ്പോൾ ഞാൻ കരുതി നീ നന്നായി എന്ന്. എവിടുന്ന്.. ശങ്കരൻ പിന്നേയും തെങ്ങിൽ തന്നെ” സ്വാതി നിശ്വസിച്ചുകൊണ്ട് പറഞ്ഞു. അപ്പോഴേക്കും ക്ലാസിലെ മറ്റു കുട്ടികളും തനുവിന്റെ ചുറ്റിലും കൂടി. അവൾ മനസിലെ മുറിവുകൾ മൂടിവച്ച് അവരോട് വിശേഷങ്ങൾ പറഞ്ഞിരുന്നു. ഒരു പരിധിവരെ തന്നെ വേട്ടയാടുന്ന ചിന്തകളിൽ നിന്ന് അതവർക്ക് മോചനം നൽകി.

ക്ലാസ് തുടങ്ങിയതോടെ തനുവിന്റെ ശ്രദ്ധ പഠനത്തിൽ മാത്രമായി. വീട്ടിൽ ഒറ്റക്കിരുന്നെങ്കിൽ ഓരോന്നെല്ലാം ചിന്തിച്ചു ഉള്ള സമാധാനം കൂടി പോയേനെ. കോളേജിൽ പോകാൻ കാശി നിർബന്ധം പിടിച്ചതിന്റെ കാരണം അവൾക്ക് ബോധ്യമായി. ഉച്ച സമയം. ഒരു ഫയൽ അനസ്‌തേഷ്യ ഡിപ്പാർട്ട്‌മെന്റ് ഹെഡ് ഡോ. സെബാസ്റ്റ്യൻ ജോസഫിനെ കാണിക്കാൻ പോയതാണ് തനു. ഡോക്ടർ സർജിക്കൽ ICUൽ ഉണ്ടെന്നറിഞ്ഞ അവൾ അവിടേക്ക് തിരിച്ചു. ഫയൽ ഡോക്ടറെ ഏൽപ്പിച്ചു. അദ്ദേഹം അത് കറക്റ്റ് ചെയ്യുന്ന സമയം തനു വെറുതെ ചുറ്റിലും നോക്കി. ആദ്യത്തെ ബെഡിൽ കിടക്കുന്ന വെന്റിലേറ്റർ പേഷ്യന്റിനെ ഒന്നു ശ്രദ്ധിച്ചു.

അത് അയാൾ തന്നെ. ഏതു കൂരിരുട്ടിലും തനിക്ക് തിരിച്ചറിയാൻ കഴിയും ആ രൂപം. ഒറ്റ നിമിഷം കൊണ്ട് തന്നെ നടുക്കടലിലേക്ക് തള്ളിവിട്ട അപരിചിതൻ..! അന്നത്തെ സംഭവത്തിന്റെ അവശേഷിപ്പെന്നോണം തനുവിന്റെ ശരീരം വിറച്ചു. കണ്ണുകളിൽ ഇരുട്ടു കയറി. ഒരു നിലവിളിയോടെ അവൾ കുഴഞ്ഞുവീണു. എന്താണ് സംഭവിച്ചത് എന്നു മനസിലാകാതെ ഡോക്ടേഴ്‌സ് അവളുടെ ചുറ്റിലും നിരന്നു. സ്വാതി വിളിച്ചുപറഞ്ഞത് അനുസരിച്ചു യൂണിഫോമിൽ തന്നെ മെഡിക്കൽ കോളേജിലേക്ക് പാഞ്ഞെത്തി കാശി. “പേടിക്കാൻ ഒന്നുമില്ല കാശിയേട്ടാ.. അല്ല അങ്ങനെ വിളിക്കാമല്ലോ അല്ലെ” “സ്വാതി അങ്ങനെ തന്നെ വിളിച്ചോളൂ. തനുവിന് എന്താ പറ്റിയത് പെട്ടന്ന് കുഴഞ്ഞുവീഴാൻ?”

“എന്താണെന്നറിയില്ല.. SICU വിൽ ഒരു ഫയൽ കൊടുക്കാൻ പോയതാ. അവിടെ വച്ചാണ് വീണത്. കല്യാണം ഒക്കെയായി ടെൻഷൻ അല്ലെ അതിന്റെ ആകും.” SICU എന്നു കേട്ടതോടെ കാശിക്ക് കാര്യങ്ങൾ ഏറെക്കുറെ പിടികിട്ടി. അപ്പോഴേക്കും ഡ്യൂട്ടി ഡോക്ടർ എത്തി. “ഡോക്ടർ.. തനിമ ഹരിപ്രസാദ് എന്റെ വൈഫ്‌ ആണ്. ഹൗ ഇസ് ഷീ?” “ഡോണ്ട് വറി ഓഫീസർ. ഷീ ഇസ് ഓൾറൈറ്റ്. BP കൂടി പോയതാണ്. മെഡിസിൻ കൊടുത്തിട്ടുണ്ട്. റെസ്റ്റെടുക്കാൻ പറയണം വൈഫിനോട്. ” “എനിക്കിപ്പോ കൊണ്ടുപോകാമോ?” “ഓ ഷുവർ” “ഒ. കെ.. താങ്ക് യൂ സോ മച് ഡോക്ടർ” “മൈ പ്ളെഷർ” അയാൾ കാശിയുടെ തോളിൽ തട്ടിക്കൊണ്ട് പുറത്തേക്ക് പോയി. തനുവിന്റെ ബെഡിന് സമീപം ഒരു കസേരയിട്ട് കാശി അതിലിരുന്നു.

ഒരു കൈ കൊണ്ട് തനുവിന്റെ തലയിൽ തലോടിക്കൊണ്ടിരുന്നു. മറുകൈയിൽ തനുവിന്റെ ഇടതുകൈ ഭദ്രമായിരുന്നു. “പേടിച്ചുപോയോ?” തനു അവനോട് ചോദിച്ചു. മറുപടിയായി കാശി പുഞ്ചിരിച്ചതെയുള്ളൂ. കാശി തനുവിനെയും കൊണ്ട് ഫ്ലാറ്റിലേക്ക് പോയി. പിന്നെ അന്ന് മുഴുവൻ അവിടുത്തെ ചർച്ച തനുവും കാശിയും ആയിരുന്നു. “ഓ മാൻ. ഹീ ഇസ് ജസ്‌ട് ഓസം. സച് ഏ ഹാൻസം ഗയ്‌.” “ദി വേ ഹീ കെയേഴ്‌സ് ഫോർ ഹെർ.. ഐ ഫെൽട് ജെലസ് ഓഫ് ഇറ്റ്.” പിടക്കോഴികൾ കൂവി തുടങ്ങുയിരുന്നു. “അത് മാത്രമാണോ? വെൽ എഡ്യുക്കേറ്റഡ്, വെൽ സെറ്റിൽഡ്, വെൽ മാനേഴ്സ്ഡ്. ആക്ക്ച്വലി അയാൾക്കു തനിമയേക്കാൾ കുറേക്കൂടി നല്ല പെണ്ണിനെ കിട്ടിയേനെ” “നോ മാൻ.

അത് നിങ്ങൾക്ക് തനിമയെ അറിയാത്തത് കൊണ്ടാണ്. ഹീ ഇസ് ടൂ ലക്കി ടു ഹാവ് ഹെർ. അടുത്തറിയുന്നവർ ആരും നഷ്ടപ്പെടുത്താതെ ചേർത്തു നിർത്തും അവളെ. ഷീ ഇസ് സച്ച് ഏ ചാം.” ഏതോ ഓർമകളിൽ എന്നവണ്ണം നെഞ്ചു തടവിക്കൊണ്ട് അഭയ് പറഞ്ഞു. “എന്താ മോനെ, ഒരു നഷ്ടബോധം മണക്കുന്നുണ്ടല്ലോ?” “നോട് എനിമോർ. പക്ഷെ എനിക്ക് വേണം അവളെ. ഒരു ദിവസത്തേക്ക് എങ്കിലും” അതു കേട്ട സ്വാതി ഞെട്ടി അവനെ നോക്കി: “ദേ അഭയ്. വേണ്ടട്ടോ. നിനക്ക് ശരിക്കറിയാത്തത് കൊണ്ടാണ്. തനിമയെ തൊട്ടാൽ നിന്നെ ബാക്കി വച്ചേക്കില്ല കൈലാസ് സർ” “അവളെ തൊട്ടിട്ട് അവന്റെ കൈകൊണ്ട് മരിക്കേണ്ടി വന്നാലും എനിക്ക് സന്തോഷമേ കാണു, മിസ് സ്വാതി അജയ്കുമാർ.

പോയി പറഞ്ഞേക്ക് അവളോട്” അവന്റെ സംസാരം സ്വാതിയെ ഭയപ്പെടുത്തിക്കളഞ്ഞു. തനുവിനോട് ഇതു പറഞ്ഞാൽ ചിലപ്പോ പഠനം തന്നെ വേണ്ടന്നു വയ്ക്കും എന്തായാലും കാശിയെ കാര്യങ്ങൾ അറിയിക്കണം എന്നവൾ നിശ്ചയിച്ചു. ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆ “നീ അവനെ കണ്ട് പേടിച്ചു പോയതാണല്ലേ..” കാശി ചോദിച്ചു.. “അത്.. പെട്ടന്ന് കണ്ടപ്പോൾ.. എനിക്കറിയില്ല കാശിയേട്ടാ” ഒന്നുരണ്ടു നിമിഷത്തെ മൗനത്തിന് ശേഷം തനു തുടർന്നു: “ഞാൻ ഇത്രക്ക് പ്രതീക്ഷിച്ചിരുന്നില്ല കാശിയേട്ടാ. ഇത്ര ക്രിട്ടിക്കൽ ആണെന്ന്” “മ്മം… അത് അവൻ അർഹിക്കുന്നതാണ് തനു. നിന്നെ ഒരു ഇരയാക്കി സമൂഹത്തിന്റെ മുന്നിൽ നിർത്താൻ എനിക്ക് താൽപര്യമില്ല. അതുകൊണ്ട് എന്റെ നീതി ഞാൻ തന്നെ നടപ്പിലാക്കി. അവന്റെ മാത്രമല്ല, അവന്റെ കൂടെ ഉണ്ടായിയുന്നവരെയും.

നീ കണ്ടില്ലല്ലോ അവരെ. അതിന് മുമ്പ് തന്നെ ചക്ക വെട്ടിയിട്ടപോലെ വീണില്ലേ..” തനു ഒരു നിറമില്ലാത്ത ചിരി അവനു സമ്മാനിച്ചു. കാശി അവളെ കൂടുതൽ തന്നോട് ചേർത്തുപിടിച്ചു. കാശിയുടെ ഒഫീഷ്യൽ ഡ്രൈവർ ഹരി മിററിലൂടെ ആ കാഴ്ച കണ്ടു പുഞ്ചിരിച്ചു. വിയ്യൂർ ജയിലിൽ നിന്ന് ഉച്ചക്കത്തെക്കുള്ള ഭക്ഷണം വാങ്ങി. തനുവിനെ ഫ്ലാറ്റിലെത്തിച്ചു ഫുഡും മരുന്നും കൊടുത്തു ഉറങ്ങാൻ പറഞ്ഞുവിട്ട ശേഷം ആണ് കാശി തിരിച്ചുപോയത്. ഓർമകൾ വീർപ്പുമുട്ടിക്കുന്നതിന് മുൻപേ മരുന്നിന്റെ ആലസ്യം അവളെ ഉറക്കി കഴിഞ്ഞിരുന്നു. ഫോൺ നിർത്താതെ അടിക്കുന്നത് കേട്ടാണ് കണ്ണു തുറന്നത്. ഡിസ്‌പ്ലേയിൽ കാശിയുടെ പേരു കണ്ടപ്പോൾ സമാധാനം തോന്നി: “പറയു കാശിയേട്ടാ.

ഞാൻ ഉറങ്ങിപ്പോയി” “അത് കുഴപ്പമില്ല. നീ പോയി ആ വാതിൽ തുറക്ക്. അപ്പുറത്തെ ഫ്ളാറ്റിലെ ആന്റി നിനക്ക് കൂട്ടിനു വന്നിട്ടുണ്ട്” “അതൊന്നും വേണ്ടിയിരുന്നില്ല കാശിയേട്ടാ” “തനു ഞാൻ വരാൻ ലേറ്റ് ആകും. ഒറ്റക്കിരുന്നാൽ നിനക്ക് അവശ്യം ഇല്ലാത്തതൊക്കെ ചിന്തിക്കാൻ തോന്നും. അതുകൊണ്ടാണ്. അവരെ പുറത്തു നിർത്താതെ നീ പോയി വാതിൽ തുറക്ക്” തനു ഫോൺ വച്ച ശേഷം എഴുന്നേറ്റ് ചെന്നു. ഐശ്വര്യമുള്ള ഒരു സ്ത്രീ വാതിലിനു പുറത്തു നിൽപ്പുണ്ടായിരുന്നു. അലസമായി ചുറ്റിയ ഒരു കോട്ടൻ സാരിയാണ് വേഷം. ആഢ്യത്വം ഉള്ള മുഖം. മിനിമം ആഭരണങ്ങൾ. വിഷാദം നിറഞ്ഞ കണ്ണുകൾ. അവൾ പുഞ്ചിരിച്ചുകൊണ്ട് അവരെ സ്വാഗതം ചെയ്തു. “ഇപ്പോ എങ്ങനുണ്ട് മോളെ?”

“കുഴപ്പം ഇല്ല ആന്റി. ഇരിക്കൂ” അവർ സോഫയിലിരുന്നു. തനു അവർക്ക് കുടിക്കാൻ എന്തെങ്കിലും എടുക്കാൻ അടുക്കളയിലേക്ക് പോയി. അവർ എഴുന്നേറ്റ് അവളുടെ കൂടെ ചെന്നു. “ഞാൻ ദേവി. കാശി ദേവിയമ്മ എന്നു വിളിക്കും. തനിമ എന്നല്ലേ പേര്.” “അതേ. കാശിയേട്ടൻ പറഞ്ഞിരുന്നോ?” “പിന്നെ ഇല്ലാതെ. ഞാൻ വന്നിരുന്നു നിങ്ങളുടെ കല്യാണത്തിന്. അന്നത്തെ സാഹചര്യത്തിൽ പരിചയപ്പെട്ടതൊന്നും മോൾക് ഓർമ കാണില്ല അല്ലെ” തനുവിന്റെ കയ്യിലിരുന്ന ജ്യൂസ് വിറകൊണ്ടു. അവൾ ഞെട്ടി അവരെ നോക്കി. ദേവിയമ്മ അവൾക്ക് സുഖമില്ലാത്തത് കൊണ്ടാണെന്ന് വിചാരിച്ചു വേഗം കയ്യിൽ പിടിച്ചു: “മോളേന്തിനാ ഇങ്ങനെ വിറക്കുന്നത്? വയ്യേ?” “ഹേയ് കുഴപ്പം ഒന്നുമില്ല ദേവിയമ്മേ..” അവർ ജ്യൂസും കൊണ്ട് തിരികെ ഹാളിൽ വന്നിരുന്നു.

“അപ്പോൾ നമ്മൾ പറഞ്ഞുവന്നത് കല്യാണത്തിന്റെ കാര്യം. അന്ന് നടക്കുന്നത് ഒന്നും ഓർമ കാണില്ലെന്ന് എനിക്കറിയാം. ആരൊക്കെയോ വരുന്നു, എന്തൊക്കെയോ പറയുന്നു, പോകുന്നു.. പിന്നെ വന്നു കണ്ടാൽ പരിചയ ഭാവം കാണിച്ചില്ലെങ്കിൽ ഇവളെവിടുന്നു വന്നു എന്നു വിചാരിക്കുകയും ചെയ്യും” തനു ആശ്വാസത്തോടെ നിശ്വസിച്ചു. “ദേവ്യമ്മയുടെ വീട്ടിൽ ആരൊക്കെയുണ്ട്?” “ഞാൻ മാത്രേ ഉള്ളൂ മോളെ” തനു വിഷാദം നിറഞ്ഞ കണ്ണുകളിലേക്കും വാടിയ അവരുടെ മുഖത്തേക്കും നോക്കി. “എനിക്ക് മൂന്നു മക്കളാണ് മോളെ. രണ്ടു പെണ്ണും ഒരാണും. പെണ്കുട്ടികളുടെ കല്യാണം കഴിഞ്ഞു. മകനും ഭാര്യക്കും ഇപ്പോ ഞാനൊരു ഭാരം. വീട്ടിൽ തീരെ നിൽക്കാൻ പറ്റാതെ വന്നപ്പോൾ ഞാൻ ഉള്ളതെല്ലാം വിറ്റ് ഈ ഫ്ലാറ്റ് വാങ്ങി ഇവിടേക്ക് പോന്നു.

ബാക്കി പൈസ ബാങ്കിൽ FD ഇട്ടു. എന്നെ വേണ്ടാത്തവർക്ക് എന്റെ സ്വത്തിന്റെ ആവശ്യം വേണ്ടല്ലോ” “അപ്പൊ പെണ്മക്കൾ?” “അവർക്ക് എത്ര നാൾ എന്റെ കൂടെ വന്നു നിൽക്കാൻ പറ്റും മോളെ? ഭർത്താവും വീട്ടുകാരും സമ്മതിക്കുമോ അതിന്. വന്നു ദിവസം ഒന്നു കഴിയും മുൻപേ വിളി തുടങ്ങും തിരികെ ചെല്ലാൻ. ചെന്നാലോ ഒരു കുന്ന് പണി ഉണ്ടാകും ചെയ്യാൻ. അമ്മായിയമ്മ ഉണ്ടെങ്കിലും എല്ലാം അവൾ വരാൻ വേണ്ടി ഇട്ടിരിക്കും. മോളെ വിവാഹം കഴിഞ്ഞാൽ ഭർത്താവിന്റെ മാതാപിതാക്കളെ നോക്കേണ്ടത് പെണ്ണിന്റെ കടമയാണ്. പക്ഷെ സ്വന്തം അച്ഛനെയോ അമ്മയെയോ കൂടെ നിർത്തി പരിചരിച്ചാൽ അത് ഭർത്താവിന്റെയും വീട്ടുകാരുടെയും ഔദാര്യം ആകും. എനിക്കങ്ങനെ ആരുടെയും ഔദാര്യം പറ്റി ജീവിക്കാൻ താല്പര്യം ഉണ്ടായിരുന്നില്ല.” അവർ ഉറപ്പോടെ പറഞ്ഞവസാനിപ്പിച്ചു.

അറുപത് വയസുള്ള ഈ സ്ത്രീയുടെ ചങ്കൂറ്റം പോലും 22ആം വയസിൽ തനിക്ക് ഇല്ലല്ലോ എന്ന് തനു ചിന്തിച്ചു. “എനിക്ക് സഹായത്തിന് ഒരു കുട്ടിയുണ്ട് മോളെ. ലക്ഷ്മി എന്നാ പേര്. അവളും അവളുടെ മോള് കാർത്തുവും. ഇപ്പോ കാർത്തുമോളെ അവളുടെ അമ്മമ്മക്ക് കാണണം എന്നു പറഞ്ഞതുകൊണ്ട് പോയതാണ്. നാളെ വരും” “അവരും അമ്മയുടെ കൂടെയാണോ താമസം?” “അതേ. അവളുടെ ഭർത്താവ് ഉപേക്ഷിച്ചു പോയതാ. ഞാൻ കൂടെ കൂട്ടി. ഇപ്പോ എനിക്കൊരു സഹായമാണ്. പിന്നെ അവൾ നമ്മുടെ അപ്പുറത്തെ ബിൽഡിങ്ങിലെ സൂപ്പർ മാർക്കറ്റിൽ ജോലിക്ക് പോകുന്നും ഉണ്ട്, എന്നെ ബുദ്ധിമുട്ടിക്കാതെ ഇരിക്കാൻ” തനുവിന് കുറഞ്ഞ സമയം കൊണ്ടുതന്നെ ദേവിയമ്മയോട് വല്ലാത്തൊരു ആത്മബന്ധം തോന്നി.

അവർ അവളെ പണിയൊന്നും ചെയ്യാൻ സമ്മതിച്ചില്ല. രാത്രിയിലേക്കുള്ള ചപ്പാത്തിയും കറിയും അവർ ഒരുമിച്ചുണ്ടാക്കി. ദേവിയമ്മയെ തനു നിർബന്ധിച്ചു ഭക്ഷണം കഴിപ്പിച്ചു. ഒൻപത് മണിയോടെ കാശി എത്തി. ദേവിയമ്മ രണ്ടാളോടും യാത്രപറഞ്ഞു പോയി. “വീട്ടിൽ നിന്ന് അമ്മാവൻ വിളിച്ചിരുന്നു. നീലുവിനെ ഇടക്ക് ഇവിടെ താമസിപ്പിക്കാൻ പറ്റുമോ എന്ന് ചോദിച്ചു.” കഴിക്കുന്നതിനിടയിൽ കാശി പറഞ്ഞു. തനു അതു കേട്ട് ഞെട്ടി. ഭക്ഷണം നെറുകയിൽ കയറി അവൾ ചുമക്കാൻ തുടങ്ങി.

തുടരും-

ഭാര്യ : ഭാഗം 12