Thursday, December 19, 2024
Novel

ഭാര്യ-2 : ഭാഗം 12

എഴുത്തുകാരി: ആഷ ബിനിൽ

പിറ്റേന്ന് ഓഫീസിൽ നീലുവിന് ഒരു സന്ദർശകൻ ഉണ്ടായിരുന്നു. വെള്ള ഷർട്ടും മുണ്ടും ധരിച്ച ഒരു കഷണ്ടിക്കാരൻ. “എന്നെ മനസിലായില്ല അല്ലെ..?” നീലു ഇല്ല എന്ന അർഥത്തിൽ പുഞ്ചിരിച്ചുകൊണ്ട് തലയാട്ടി. “എന്റെ പേര് ബെന്നി. നമ്മടെ സെൻട്രൽ ജയിലിന്റെ പുതിയ ബിൽഡിങ് പണി നടക്കുവല്ലേ. അതിന്റെ കൊണ്ട്രാക്ടർ ഞാനാ. അനീഷ് എന്റെ വേണ്ടപ്പെട്ട പയ്യനാ.” അതോടെ നീലുവിന്റെ പുഞ്ചിരി മാഞ്ഞു. അയാൾ പറയാൻ പോകുന്നത് എന്താണെന്ന് അവൾക്ക് ഒരു ഊഹവും ഉണ്ടായില്ല. “അവന്റ അപ്പനേ, മിനിങ്ങാന്ന് എറണാകുളത്ത് വച്ചൊരു ആക്സിഡന്റ് ഉണ്ടായി. അവൻ അങ്ങോട്ട് പോയെക്കുവാ. തിരക്കിട്ട് ഇറങ്ങിയപ്പോൾ ഫോൺ എടുക്കാൻ അവൻ മറന്നു.

കൊച്ചിന്റെ നമ്പർ അവന് കാണാതെ അറിയാനും പാടില്ല. ദേ ഇത് അവന്റെ അപ്പന്റെ ഫോൺ നമ്പരാ. കൊച്ചു ഫ്രീയാകുമ്പോ ഇതിലേക്കൊന്നു വിളിക്കാവോന്നു ചോദിച്ചു അവൻ.” അയാൾ ഒരു കുഞ്ഞു പേപ്പറിൽ എഴുതിയ ഫോൺ നമ്പർ അവളുടെ നേരെ നീട്ടി. “എന്നാ പിന്നെ ഞാൻ ഇറങ്ങിയെക്കുവാ. അവൻ ഇല്ലാത്തൊണ്ട് പണി ഒന്നും അങ്ങു നടക്കുന്നില്ലന്നേ” നീലു അയാളെ യാത്രയാക്കി. വീണ്ടും തന്റെ കയ്യിലിരുന്ന നമ്പറിലേക്ക് നോക്കി. കാണാതെ പോയതെന്തോ കണ്ടു കിട്ടിയ സന്തോഷം അവൾ അറിയുന്നുണ്ടായിരുന്നു. ഉച്ചക്ക് ഊണ് കഴിഞ്ഞയുടൻ നീലു ഫോണെടുത്തു ബെന്നി കൊടുത്ത നമ്പറിൽ വിളിച്ചു. “ഹാലോ….” “അനീഷ്.. ഞാൻ നീലിമയാണ്.” “അയ്യോ എന്റെ കൊച്ചേ.

ഞാൻ പെട്ടന്ന് പപ്പാക്ക് ആക്സിഡന്റ് ആയത് കേട്ട് ഇങ്ങു പോന്നതാന്നെ. ഫോണെടുക്കാൻ മറന്നുപോയി. എനിക്കാണേൽ നീലിമേടെ നമ്പറും അറിയില്ല” അവന്റെ സംസാരം കേട്ട് നീലുവിന്റെ അതുവരെയുള്ള ടെന്ഷനെല്ലാം മാറി. അതിയായ സന്തോഷം ആ വാക്കുകൾക്കിടയിൽ ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. “അത് സാരമില്ല അനീഷ്. പപ്പക്ക് ഇപ്പോ എങ്ങനെയുണ്ട്?” “രണ്ടൂസം ICUവിൽ ആയിരുന്നു. ഇന്ന് വൈകുന്നേരം റൂമിലേക്ക് മാറ്റും എന്നാ പറഞ്ഞേ” “ഏത് ഹോസ്പിറ്റലിലാ?” “മെഡിക്കൽ ട്രസ്റ്റിൽ. വല്യ ഹോസ്പിറ്റലിൽ ആ കേട്ടോ” പിന്നെ അങ്ങോട്ട് ഹോസ്പിറ്റലിന്റെ വലിപ്പം, ഡോക്ടർമാരുടെ എണ്ണം, പെരുമാറ്റം, സ്വഭാവം, നഴ്‌സുമാരുടെ മുതൽ ക്ളീനിംഗ് സ്റ്റാഫിന്റെ വരെ ചരിത്രം എന്നിവ അവൻ വിവരിച്ചു.

നീലു ചിരിച്ചു. “ആ ആശുപത്രിയിൽ പരിചയപ്പെടാൻ ഇനി ആരെങ്കിലും ബാക്കിയുണ്ടോ അനീഷ്..?” അതു കേട്ടപ്പോൾ അവന്റെ മുഖം ചമ്മുന്നത്‌ നീലുവിന് അകക്കണ്ണാലെ കാണാൻ കഴിഞ്ഞു. “എന്നാലും.. പപ്പാ ICUവില കിടക്കുമ്പോ ഇതൊക്കെ എങ്ങനെ സാധിക്കുന്നു അനീഷ്?” “അത് പിന്നെ ഇവിടെ ഓരോരുത്തർക്കും നമ്മളെക്കാൾ വലിയ വിഷമങ്ങൾ ആണെടോ. ആരോടെങ്കിലും ഒന്ന് മനസു തുറന്ന് സംസാരിക്കാൻ ആഗ്രഹിച്ചു നടക്കുന്നവരാ.. അപ്പോ പിന്നെ ഞാൻ ഒന്ന് കേൾക്കാൻ നിന്നു കൊടുത്തു. അത്രേയുള്ളൂ..” “അമ്മ എന്തു പറയുന്നു?” “ദേ കരച്ചിൽ തന്നെ ആയിരുന്നു. അമ്മ മാത്രമല്ല വല്യമ്മച്ചിയും ചാച്ചന്മാരും ആന്റിമാരും ഒക്കെയുണ്ട്. ആഷിമോൾ നാളെയോ നാളെകഴിഞ്ഞോ വരും എന്നു പറഞ്ഞു.”

“അപ്പുറത്തെ വീട്ടുകാരെ കൂടി വിളിക്കാമായിരുന്നില്ലേ?” “ഏഹ്..?” “എന്റെ അനീഷേ. ഒരു ആശുപത്രിയിൽ ഇങ്ങനെ എല്ലാവരും കൂടെ പോയി നിൽക്കണോ? ഒന്നോ രണ്ടോ ആള് പോരെ?” അനീഷും വിട്ടുകൊടുത്തില്ല: “കുടുംബസമേതം ആശുപത്രിയിൽ പോയി കിടന്ന ചെമ്പമംഗലത്തെ നീലിമ ശിവപ്രസാദ് തന്നെ ഇത് പറയണം..” രണ്ടുപേരും ഒന്ന് ചിരിച്ചു. രണ്ടു ദിവസമായി മനസിൽ സൂക്ഷിച്ച സംഘർഷം അവസാനിച്ചതായി നീലുവിന് തോന്നി. മനസ് ശാന്തമായി. കേവലം ഒരു സുഹൃത്ത് എന്നതിനപ്പുറം അവൻ തനിക്ക് ആരൊക്കെയോ ആണെന്ന് അവൾക്ക് ബോധ്യമായി. ആ സ്നേഹവും സാനിധ്യവും എന്നും കൂടെ ഉണ്ടായിരുന്നെങ്കിൽ എന്നവൾ ആഗ്രഹിച്ചു.

അതേ നിമിഷം തന്നെ രാജേഷിന്റെ ചിരിക്കുന്ന മുഖവും ഓർമയിൽ വന്നു. അനീഷിനും നീലുവിന്റെ ശബ്ദം ഒന്ന് കേട്ടത് വലിയ ആശ്വാസം ആയിരുന്നു. പ്രണയം ശക്തമാകുന്നത് വിരഹം കൂടി ചേരുമ്പോഴാണ്. രണ്ടു ദിവസം അവളെ കാണാതെയും കേൾക്കാതെയും ഇരുന്നപ്പോഴാണ് നീലിമ തനിക്ക് ആരാണെന്ന് അവൻ തിരിച്ചറിഞ്ഞത്. ഒരിക്കലും കൈവരില്ല എന്നറിഞ്ഞുകൊണ്ട് തന്നെ ആ പനിനീർപൂവിനെ അവൻ പ്രണയിച്ചുകൊണ്ടിരുന്നു. വൈകുന്നേരം പതിവുപോലെ രാജേഷിന്റെ വിളി വന്നു. “നീലിമാ. എന്തുണ്ട് വിശേഷങ്ങൾ..?” “സുഖം.. രാജേഷ് എന്നു വരും?” “അത് പറയാൻ ആണ് വിളിച്ചത്. ഞാൻ നാളെ നാട്ടിൽ വരും കേട്ടോ. ഒരു രണ്ടാഴ്ച കഴിഞ്ഞേ മടങ്ങി പോകൂ..”

സന്തോഷത്തിന് പകരം നീലുവിൽ ആശങ്കയാണ് നിറഞ്ഞത്. എങ്കിലും അവളത് പുറമെ കാണിച്ചില്ല. “എന്താടോ താൻ ഒന്നും മിണ്ടാത്തത്?” “ഹേയ്. ഒന്നുമില്ല. കുട്ടികളൊക്കെ ഇവിടെയുണ്ട്. അതാണ്” “ആണോ. എങ്കിൽ നടക്കട്ടെ. ഞാൻ പിന്നെ വിളിക്കാം.” നീലു ആശ്വാസത്തോടെ ഫോൺ വച്ചു. “ചെറിയമ്മക്ക് എന്താ ഒരു വിഷമം?” ചോദ്യം കേട്ട് നീലു ഞെട്ടിത്തിരിഞ്ഞു. ഖുശിമോളാണ്. “ഹേയ്. ഒരു വിഷമവും ഇല്ലല്ലോ” നീലു അവളുടെ താടിയിൽ പിടിച്ചു കൊഞ്ചിച്ചു. പക്ഷെ ആ കണ്ണുകളിലെ നോട്ടത്തെ നേരിടാൻ അവൾക്ക് കഴിഞ്ഞില്ല. വയസ് പന്ത്രണ്ട് ആയിട്ടേയുള്ളൂ എങ്കിലും നല്ല പക്വതയുള്ള കുട്ടിയാണ് അവൾ.

കാര്യങ്ങളെല്ലാം വേഗത്തിൽ മനസിലാക്കിയെടുക്കും. “ചെറിയമ്മ കള്ളം പറയാൻ നോക്കേണ്ട. കല്യാണത്തിന്റെ ഡേറ്റ് തീരുമാനിച്ചപ്പോൾ മുതൽ എന്തോ കാര്യമായ വിഷമം ഉണ്ടെന്ന് എനിക്കറിയാം” തനിക്ക് പോലും ആ വിഷമത്തിന്റെ കാരണം അറിയില്ല എന്ന് ഈ കുഞ്ഞിനോടെങ്ങനെ പറയും? “ഓഹ് അതോ. അത് നിങ്ങളെയെല്ലാം വിട്ട് പോകേണ്ടി വരുമോ എന്ന വിഷമം ആണ് മോളെ” “സത്യം..?” കുഞ്ഞികണ്ണുകളിലെ സംശയം വിട്ടുമാറിയില്ല. “സത്യം..!” ഖുശിമോൾ മെല്ലെ ചിരിച്ചു. പിന്നീട് എല്ലാ ദിവസവും അനീഷുമായി നീലു ഫോണിൽ സംസാരിച്ചു. അച്ഛന് ഭേദപ്പെട്ടു വരുന്നു എന്നറിഞ്ഞു.

രാജേഷ് നാട്ടിൽ വരുന്നത് കൊണ്ടു രണ്ടാഴ്ചക്കുള്ളിൽ മോതിരം മാറൽ ചടങ്ങു നടത്താൻ നിശ്ചയിച്ചു. 💮💮💮💮💮💮💮💮💮💮💮💮💮💮💮💮 അനീഷിന്റെ അച്ഛനെ മുറിയിലേക്ക് മാറ്റി. ആ ശനിയാഴ്ച്ച അവധി ആയതുകാരണം നീലു അദ്ദേഹത്തെ കാണാൻ എറണാകുളത്തിന് പോകാൻ തീരുമാനിച്ചു. നിശ്ചയത്തിനു ഇടാനുള്ള വസ്ത്രങ്ങൾ വാങ്ങാനാണ് എന്നേ വീട്ടിൽ പറഞ്ഞുള്ളൂ. അവരിൽ ഇനിയും സംശയം ജനിപ്പിക്കേണ്ട എന്നു കരുതി. ഹരിയുടെ റിട്‌സ് കാറിലാണ് അവൾ പോയത്. തൃശൂർ മുതൽ നല്ല വഴി ആയതുകൊണ്ട് ഡ്രൈവിംഗ് എളുപ്പമായിരുന്നു. പത്തു പത്തരയോടെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തി.

നീലുവിനെ അനീഷ് അവിടെ പ്രതീക്ഷിച്ചതല്ല. അവനാകെ അന്തം വിട്ടപോലെ നിന്നു. “എന്താ അനീഷ്, ആദ്യം കാണുന്നത് പോലെ?” “അയ്യോ. നീലിമ എന്താ ഇവിടെ?” “ഞാൻ ഒരു ഷോപ്പിംഗിന് ഇറങ്ങിയതാണ് അനീഷ്. അപ്പോ ഇവിടെ വന്ന് തന്റെ പപ്പയെ കൂടി കാണാം എന്നു വിചാരിച്ചു. അല്ല എന്നെ ഇങ്ങനെ റൂമിന് പുറത്തു നിർത്തുകയാണോ?” അപ്പോഴാണ് അനീഷും അത് ശ്രദ്ധിച്ചത്. അവൻ വേഗം അവളെ അകത്തേക്ക് ക്ഷണിച്ചു. അനീഷിന്റെ അച്ഛനും അമ്മയും വല്യമ്മച്ചിയും ആഷിമോളും ഉണ്ടായിരുന്നു അവിടെ. അനീഷ് അവളെ എല്ലാവർക്കും പരിചയപ്പെടുത്തി. ചുരുങ്ങിയ സമയം കൊണ്ട് അവൾ എല്ലാവരോടും അടുത്തു. ഉച്ചക്ക് ഒരുമിച്ച് ഊണും കഴിച്ചാണ് നീലു പോകാൻ ഇറങ്ങിയത്.

“നീലിമക്ക് എറണാകുളത്തെ വഴികൾ അത്ര അറിയില്ലല്ലോ. ഞാൻ കൂടി വരാം” അനീഷും അവൾകൊപ്പം ഇറങ്ങി. “നല്ല മിടുക്കി കൊച്ച്. അല്ലേടി ശോശാമ്മേ?” അവർ പോയി കഴിഞ്ഞപ്പോൾ അനീഷിന്റെ വല്യമ്മച്ചി ചോദിച്ചു. “അതു ശരിയാ. ക്രിസ്ത്യാനി ആണെങ്കി നമ്മക്ക് അനീഷിന് വേണ്ടി ആലോചിക്കാമായിരുന്നു” ആ സ്ത്രീ പറഞ്ഞു. “എന്റെ അമ്മെ. ആ ചേച്ചിയെ കണ്ടാലേ അറിയാം നല്ല പൈസ പാർട്ടി ആണ്. പോരാത്തതിന് സർക്കാർ ജോലിയും. എന്നാ സാലറി കാണും എന്നാ വിചാരം? നമ്മക്ക് കെട്ടിച്ചു തന്നത് തന്നെ” ആഷിമോൾ പറഞ്ഞു. “പൈസ പാർട്ടി ആയിട്ടു അതിന്റെ കയ്യേലൊരു വള പോലും ഇല്ലല്ലോടി” വല്യമ്മച്ചി ചോദിച്ചു.

“എന്റെ വല്യമ്മച്ചി. അതിന് സീറ്റിലേ പെണ്ണുങ്ങള് നമ്മുടെ നാട്ടിലെ പോലെ സ്വർണം ഒന്നും വലിച്ചു വാരി ഇടുകേല. ആ ചേച്ചീടെ കൈയേൽ കിടന്ന വാച്ചില്ലേ. അതിന് തന്നെ പത്തിരുപതിനായിരം രൂപ വില വരും. ” “ഇരുപതിനായിരം രൂപയോ? ആ പൈസ ഉണ്ടെങ്കിൽ ഒരു പവന്റെ സ്വർണം വാങ്ങാലോ” വല്യമ്മച്ചി തലയിൽ കൈ വച്ചു. 💮💮💮💮💮💮💮💮💮💮💮💮💮💮💮💮 “അനീഷിന് ഇവിടുത്തെ വഴി ഒക്കെ അറിയാമോ?” ലിഫ്റ്റിൽ നിൽക്കുമ്പോൾ നീലു ചോദിച്ചു. “ഹേയ്.. ഇല്ല.. നമുക്ക് ചോദിച്ചു ചോദിച്ചു പോകാം” അവൻ ചിരിച്ചു. സിമ്പിളായി ഒരു സാരിയും അതിന് മാച്ചായ ഇമിറ്റേഷൻ ആഭരണങ്ങളും ആണ് നീലു വാങ്ങിയത്.

ആഭരണങ്ങൾ തിരഞ്ഞെടുക്കാൻ കോൺവന്റ് ജങ്ഷനിലെ മിക്കവാറും എല്ലാ കടകളിലും കയറിയിറങ്ങി. വാങ്ങി വന്നപ്പോൾ വല്യമ്മച്ചി പറഞ്ഞതുപോലെ ഒരു പവൻ സ്വർണം വാങ്ങാനുള്ള പണം ആ വഴിക്ക് പോയി. “അനീഷിന് പോകാൻ ധൃതിയായോ?” “ഇല്ല. എന്നാ പറ്റി?” “ഇവിടെ അടുത്തല്ലേ ചെറായി ബീച്ച്..? നമുക്കൊന്ന് പോയാലോ?” “അതിനെന്നാ. പോകാലോ” ബീച്ചിലെ തിരകളെണ്ണി നിൽക്കുമ്പോൾ, നീലു എന്നത്തേക്കാൾ സുന്ദരി ആയിരിക്കുന്നതായി അനീഷിന് തോന്നി. അവളോടുള്ള തന്റെ പ്രണയം അണപൊട്ടി പുറത്തുവരുമോ എന്നൊരു നിമിഷം അവൻ ഭയന്നു. “എന്നാ പറ്റി പെട്ടന്ന് ഷോപ്പിംഗിനൊക്കെ വരാൻ, അതും എറണാകുളം വരെ..? എന്നേലും വിശേഷം ഉണ്ടോ?”

അപ്പോഴാണ് താൻ ഇതുവരെ കല്യാണക്കാര്യം അനീഷിനോട് സംസാരിച്ചിട്ടില്ല എന്ന കാര്യം നീലുവിന് ഓർമ വന്നത്. ഈശ്വരാ… ഇനി എങ്ങനെ പറയും? പറയാതിരിക്കുന്നതും തെറ്റല്ലേ..? രണ്ടും കല്പിച്ചു അനീഷിനോട് പറയാൻ തന്നെ നിശ്ചയിച്ചു. “അത്.. എന്റെ വിവാഹം ഉറപ്പിച്ചു അനീഷ്. മേയ് 12ന് ആണ്. ഈ മാസം പത്താം തിയതി എൻഗേജ്മെന്റും.” നീലു പറഞ്ഞത് കേട്ട് അനീഷ് സ്തംഭിച്ചു പോയി. ഒരിക്കലും കിട്ടില്ല എന്നറിയമെങ്കിലും നീലിമ ഒരു പ്രതീക്ഷയായിരുന്നു.

അതാണ് തകരുന്നത്. അവന്റെ കണ്ണുകൾ നിറഞ്ഞുപോയി. “എന്താ അനീഷ്..? എന്തു പറ്റി?” “അത്.. നീലിമ.. എനിക്കങ്ങനെ ഒന്നും മറച്ചു വയ്ക്കാൻ അറിയത്തില്ല. അതോണ്ടാ ഇപ്പോ പറയുന്നേ. എന്നാന്നോ..? കുറച്ചു നാളത്തെ പരിചയം ആണെങ്കിലും എനിക്ക്.. എനിക്ക് നീലിമയെ വല്യ ഇഷ്ടം ആയിരുന്നു… പെട്ടന്ന് കല്യാണം എന്നൊക്കെ കേട്ടപ്പോ.. എന്തോ ഒരു വിഷമം. നെഞ്ചിൽ കല്ല് കേറ്റി വച്ചപോലെ തോന്നുവാ” താൻ കുറച്ചു കാലമായി ആഗ്രഹിച്ച വാക്കുകളാണ് അവന്റെ വായിൽ നിന്ന് അപ്പോൾ വീണതെന്ന് നീലു ആ നിമിഷത്തിൽ തിരിച്ചറിഞ്ഞു. (തുടരും)-

ഭാര്യ-2 : ഭാഗം 11