Tuesday, December 17, 2024
Novel

ഭദ്ര IPS : ഭാഗം 4

എഴുത്തുകാരി: രജിത ജയൻ

‘മാഡം മാഡത്തിനെന്നെ പറ്റി എന്തെങ്കിലും ധാരണകളോ മുൻവിധികളോ ഉണ്ടോ…? വിശ്വസിച്ചു കൂടെ നിർത്താൻ പറ്റാത്തൊരാളാണ് ഞാനെന്ന് എപ്പോഴെങ്കിലും മാഡത്തിന് തോന്നിയോ എന്നാണ് എന്റെ ചോദ്യം ..? ഭദ്രയുടെ മുഖത്തുകണ്ട ചിരിയുടെ പൊരുൾ തേടിയൊരു നിമിഷം മനസ്സൊന്നുലഞ്ഞെങ്കിലും ഒട്ടും പതറാതെ അവരുടെ മുഖത്ത് നോക്കിയത് ഷാനവാസ് ചോദിച്ചപ്പോൾ ഭദ്ര അയാളെ ഒന്നിരുത്തി നോക്കി. ‘സോറി മാഡം ചോദിച്ചത് തെറ്റാണെങ്കിൽ,ഒരു സുഹൃത്തിനെപോലെ എന്നെ കാണുന്നുവെന്ന് മാഡം പറഞ്ഞത് അല്പം മുമ്പാണ്, ആ ധൈര്യത്തിലാണ് ഞാൻ ഇങ്ങനെയൊരു മറുചോദ്യം ചോദിച്ചത്…. പ്രായം കൊണ്ട് മാഡമെന്നെക്കാൾ ചെറുപ്പമാണെങ്കിലും ഞാൻ ഭദ്ര ഐ പി എസിനെ മാഡമെന്ന് ഈ നിമിഷംവരെ വിളിച്ചത് ,ആർക്കും അനുകരിക്കാനും മാതൃകയാക്കാനും തക്ക വ്യക്തിത്വമാണ് നിങ്ങളെന്നെനിക്ക് പൂർണ ബോധ്യമുളളതു കൊണ്ടു തന്നെയാണ്..!!

ഞാൻ ധരിച്ചിരിക്കുന്ന ഈ കാക്കിവസ്ത്രത്തോട് ചെറുപ്പത്തിലെനിക്ക് തോന്നിയ ബഹുമാനംകൊണ്ടു തന്നെയാണ് മുതിർന്നപ്പോൾ ഞാനിതെന്റ്റെ ദേഹത്തണിഞ്ഞത്,അന്നുമുതലിന്നോളം ഞാനതിനോട് നീതി പുലർത്തിയെന്നുതന്നെയാണ് മാഡം എന്റെ വിശ്വാസം. .. നെഞ്ചിൽതട്ടി ഷാനവാസതു പറഞ്ഞു നിർത്തിയ സമയത്ത് തന്നെയാണ് അയാളുടെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് ഭദ്രയാ ചോദ്യം ചോദിച്ചത്. .. ജേക്കബച്ചന്റ്റെ തിരോധാനമൊരു ഒളിച്ചോട്ടമല്ലെന്ന് നൂറ് ശതമാനം വിശ്വാസമുണ്ടായിട്ടും താനെതിനാ ഷാനവാസേ അതൊരു ഒളിച്ചോട്ടമാണെന്ന് വരുത്തി തീർത്തത്..?

ഭദ്രയുടെ പെട്ടെന്നുള്ള ചോദ്യത്തിനെന്ത് മറുപടി പറയണമെന്നറിയാതൊരു നിമിഷം ഷാനവാസവരുടെ കണ്ണുകളിലേക്ക് നോക്കി.. ‘മാഡം വൺ മിനിറ്റ്.’. ഭദ്രയോടനുവാദം വാങ്ങി ഷാനവാസ് തന്റെ ഓഫീസ് മുറിയിലേക്ക് നടന്നതും ഭദ്ര അയാളെ അനുഗമിച്ചു. .. തന്റെ ഓഫീസ് മുറിയിലെ സേഫിനുളളിൽ രഹസ്യമായി സൂക്ഷിച്ചിരുന്നൊരു ഫയലെടുത്തയാൾ ഭദ്രയ്ക്ക് നേരെ നീട്ടി..!! ആ ഫയലിലൂടെ കണ്ണോടിക്കവേ ഭദ്രയുടെ മുഖം തേടിനടന്നതെന്തോ കണ്ടു കിട്ടിയതുപോലെ പ്രകാശിച്ചു.. &&&&&&&&&&&& ഡോക്ടർ…, നിങ്ങൾക്കെന്താണെന്നോട് പറയാനും ചോദിക്കാനും ഉളളതെന്നുവെച്ചാൽ വേഗം ചോദിക്ക്.

എനിക്ക് ഇവിടെ ഈ കാറിനുള്ളിലിങ്ങനെ അധികനേരം ഇരിക്കാൻ വയ്യ.. ദേഹമാസകലം വേദനയാണ് ..!! അതു നീ തോന്ന്യാസം കാണിച്ചതുകൊണ്ട് ഭദ്ര മാഡം പെരുമാറിയതല്ലേടാസുനീ… ജോസപ്പൻ ഡോക്ടറുടെ ശബ്ദത്തിലെ പരിഹാസം തിരിച്ചറിഞ്ഞ സുനിയുടെ കണ്ണുകളിൽ പകയെരിഞ്ഞു. തോന്ന്യാസമെന്തെന്നവളെ ഈ സുനി പഠിപ്പിച്ചു കൊടുക്കും ഡോക്ടറെ….!!! ആ പാഠം പഠിപ്പിച്ചിട്ടേ ഭദ്ര ഐ പി എസിനെ ഈ സുനി തെന്മല യിൽ നിന്നിനി മടക്കി വിടുകയുളളു…!! അവന്റെ ശബ്ദത്തിലെ പകയുടെ ചൂടറിഞ്ഞ ജോസപ്പൻ ഡോക്ടർ പീറ്ററെ ഒന്നു നോക്കി.

അതെല്ലാം നിങ്ങളുടെ കാര്യം സുനീ.., അതിലൊന്നും അഭിപ്രായം പറയാനല്ല ഞങ്ങൾ നിന്നെ ഇങ്ങോട്ട് കൂട്ടി കൊണ്ട് വന്നത്, ഞങ്ങൾക്കറിയേണ്ടത് ലീനയെ കുറിച്ചാണ്…!! ലീന ഡോക്ടറെ കുറിച്ച് നിങ്ങളെന്താണെന്നോട് ചോദിക്കുന്നത്..? നിങ്ങളുടെ വീട്ടിൽ നിന്ന് കാണാതായ ലീനഡോക്ടറെ പറ്റി എനിക്കൊന്നും അറിയില്ല. …!! സുനീ … മുരളിച്ചപോലെ പീറ്ററിന്റ്റെ വിളി കേട്ടപ്പോൾ സുനി വേഗം കാറിൽ നിന്നിറങ്ങാൻ നോക്കിയെങ്കിലും പീറ്ററിന്റ്റെ കൈകരുത്തിലവനൊരു നിമിഷം അനങ്ങാൻ പറ്റാതെ നിന്നു.

‘നീ എങ്ങോട്ടാണെടാ ഇത്ര തിരക്കിട്ടിറങ്ങി പോവുന്നത്..? ഞങ്ങൾ ചോദിച്ചതിനുത്തരം പറഞ്ഞിട്ട് നീ പോയാൽ മതി. ..!! ദേ .., പീറ്റർ ഡോക്ടറെ കാര്യം സുനി ഗുണ്ടയൊക്കെ തന്നെയാണ്, പക്ഷേ ഇന്നേവരെ തേക്കിൻ തോട്ടം തറവാട്ടിലേക്ക് സുനിയുടെ ഒരു നോട്ടം പോലും വെറുതെ പതിഞ്ഞിട്ടില്ല. ..!! ലീന ഡോക്ടർ എവിടെയാണെന്ന് എനിക്ക് അറിയില്ല..

ഡോക്ടറും പളളീലച്ചനും ഒളിച്ചോടിയതാണെന്ന് ഈ നാടുമുഴുവൻ വാർത്ത പരന്നത് നിങ്ങളും കേട്ടതല്ലേ….? ആദ്യമെല്ലാം കേട്ടതൊരു കെട്ടുക്കഥയാണെന്ന് വിശ്വസിച്ച നമ്മുടെ നാട്ടുക്കാരിൽ ചിലർ തന്നെയിപ്പോൾ അതാണ് സത്യമെന്ന് വിശ്വസിച്ചു തുടങ്ങിയിട്ടുണ്ട്.., അപ്പോൾ പിന്നെ ഇതുമായി യാതൊരു ബന്ധവുമില്ലാത്ത എന്നെ നിങ്ങളെന്തിനാണ് ആ പേരും പറഞ്ഞ് തടഞ്ഞു വെച്ചിരിക്കുന്നത്….? നാട്ടുകാർ എന്തൊക്കെ വിശ്വസിച്ചു, എന്തൊക്കെ പറയുന്നു എന്നതൊന്നും ഞങ്ങൾക്കറിയണ്ട സുനീ. ..ഈ തെന്മലയിലൊരീച്ച പോലും നീയും നിന്റ്റെ കൂട്ടാളികളുമറിയാതെ പറക്കില്ല..!!

അതുകൊണ്ട്..? ഞങ്ങളാണ് ലീന ഡോക്ടറെ തട്ടിക്കൊണ്ടുപോയതെന്നാണോ പീറ്റർ സാറുപറയുന്നത്…? ഞങ്ങൾക്കെന്താ ഡോക്ടറെ അതിന്റെ ആവശ്യം. ..? നിങ്ങൾ ലീനയെ തട്ടിക്കൊണ്ടു പോയെന്ന് ഞങ്ങൾ പറഞ്ഞില്ലല്ലോ സുനീ. ..? പിന്നെ. ..!! ഞങ്ങൾക്ക് വേണ്ടതു നിന്റ്റെ സഹായമാണ് സുനീ…!! എന്റെ സഹായമോ.? എങ്ങനെ..? എന്തിന്..? സുനീ., പത്രങ്ങളും നാട്ടുക്കാരും പറയുന്നതൂപോലെ ഞങ്ങളുടെ ലീന അച്ചനൊപ്പം ഒളിച്ചോടിയിട്ടില്ല അതു ഞങ്ങൾക്കുറപ്പാണ്..!! അതെന്തുറപ്പാണ് ഡോക്ടറെ….?

ലീന ഡോക്ടറും അച്ചനും തമ്മിൽ അരുത്താത്ത ബന്ധമായിരുന്നു ഉണ്ടായിരുന്നതെന്ന് തെളിവുസഹിതം പത്രക്കാരു പറഞ്ഞിട്ടുണ്ടല്ലോ..?.മാത്രമല്ല നിങ്ങൾ അന്വേഷിക്കുന്നത് ലീന ഡോക്ടറെ മാത്രമാണ്, ജേക്കബച്ചനെ കണ്ടെത്തിയാലും ലീന ഡോക്ടറെ കിട്ടുമല്ലോ….? ജേക്കബച്ചനെ കിട്ടിയാൽ ലീനയെ കിട്ടുമെന്ന വിശ്വാസം ഞങ്ങൾക്കില്ല സുനീ.. ലീന ജേക്കബച്ചന്റ്റെ കൂടെയില്ല അതു ഞങ്ങൾക്കുറപ്പാണ്….!! അതു പിന്നെ ഡോക്ടറെ…… സുനീ …നീ കൂടുതൽ ഒന്നും അന്വേഷിക്കാൻ നിൽക്കണ്ട നീ ചെയ്യേണ്ടത് ഇത്ര മാത്രമാണ്, നിന്റ്റെയും നിന്റ്റെ കൂട്ടുക്കാരുടെയും സ്വാധീനമുപയോഗിച്ച് ലീനയെവിടെ എന്ന് കണ്ടെത്തി തരുകയെന്നത് മാത്രം…അവളീ തെന്മല വിട്ടു പോയിട്ടില്ല ..

അതു ഞങ്ങളുടെ ഉറപ്പ്…!! അവളെ നീ കണ്ടെത്തി തന്നാൽ നീ ചോദിക്കുന്നതെന്തും നിനക്ക് ഞങ്ങൾ തന്നിരിക്കും. …ഉറപ്പ്. .!! അല്ല അപ്പോൾ ജേക്കബച്ചൻ…..!! ഛീ. ..നിർത്തെടാ …!! നിന്നോടു പറഞ്ഞത് മാത്രം നീ ചെയ്യുക. ..അച്ചനെ വേണമെങ്കിൽ പോലീസുക്കാരു കണ്ടെത്തിക്കൊളളും…!! പെട്ടെന്ന് ജോസപ്പൻ ഡോക്ടറുടെ ശബ്ദം ഉയർന്നപ്പോൾ സുനി അമ്പരപ്പോടെ ഡോക്ടറെ നോക്കി. “പിന്നെ വേറെ ഒരു കാര്യം നമ്മൾ തമ്മിലീ കൂടിക്കാഴ്ച ഉണ്ടായത് പുറത്തു വേറൊരാളറിയരുത് പ്രത്യേകിച്ച് എന്റെ മകൻ ഫിലിപ്പ് അറിഞ്ഞാൽ…..!!

പാതിയിൽ പറഞ്ഞു നിർത്തിയ ജോസ് ഡോക്ടറെ പകച്ചു നോക്കിയ തെന്മല സുനി ഞെട്ടിപ്പോയി ,കാരണം തെന്മലക്കാർക്ക് പരിചിതനായിരുന്ന ഡോക്ടർ ജോസപ്പന്റ്റെ പുതിയ ഒരു മുഖമായിരുന്നു അവനവിടെ കണ്ടത്. ..!! വെറിപൂണ്ട ചെന്നായുടെ മുഖമായിരുന്നു ജോസപ്പൻ ഡോക്ടർക്കും മകൻ പീറ്ററിനുമപ്പോൾ..!! ~~~~~ ആരെയോ കാത്തെന്നെ പോലെ ഭദ്ര മാഡം നിൽക്കാൻ തുടങ്ങിയിട്ടിപ്പോഴേറെ നേരമായിരിക്കുന്നു…. താൻ നീട്ടിയ ഫയൽ നോക്കിയ ഭദ്രമാഡം കൂടുതൽ ഒന്നും പറയാതെ തന്നെയും കൂട്ടി സ്റ്റേഷനിൽ നിന്നീ മലചെരുവിലേക്ക് പോന്നപ്പോൾ ആദ്യം മനസ്സിലാകാംഷയായിരുന്നു..

പക്ഷെ ഒന്നും മിണ്ടാതെയുളള ഈ കാത്തിരിപ്പ് അതാർക്കു വേണ്ടിയാണ്. ..? താൻ നൽകിയ ഫയലിൽ മാഡം തിരഞ്ഞു വന്നതെന്തോ ഉണ്ട് അതു തീർച്ച….പക്ഷെ അതെന്താണ്…? ഉത്തരംകിട്ടാത്തനേകം ചോദ്യങ്ങൾ ഷാനവാസിന്റ്റെ മനസ്സിലുയരവേ പെട്ടെന്ന് മലചെരുവിലൂടൊരു കാർ അവർക്കരികിലായ് വന്നു നിന്നു.. ഡി ജി പി…..ദേവദാസ്. . കാറിൽ നിന്നിറങ്ങി വന്ന ഡി ജി പി ദേവദാസിനെ കണ്ടപ്പോൾ ഒരു നിമിഷം അമ്പരന്നു നിന്ന ഷാനവാസ് വേഗം തന്നെ അദ്ദേഹത്തിന് സല്യൂട്ട് നൽകി ഒപ്പം ഭദ്രയും. .. ഡി ജി പിയുടെ കൂടെ കാറിൽ നിന്നിറങ്ങിയ വേറെ രണ്ടു പേർ ആരെല്ലാമാണെന്ന് ഷാനവാസ് വേഗം തിരിച്ചറിഞ്ഞു.

സിഐ രാജീവനും ടൗൺ സ്റ്റേഷൻ എസ് ഐ ഗിരീഷും ഇവരെല്ലാവരുമെന്താണിവിടെ…? എന്താ ഷാനവാസേ താൻ പേടിച്ചു പോയോ ഞങ്ങളെ കണ്ടിട്ട്. ..? താൻ ഭയക്കുകയയൊന്നും വേണ്ടെടോ..ഷാനവാസിന്റ്റെ മുഖത്തെ പരിഭ്രമം കണ്ടു ദേവദാസ് ചിരിച്ചു. . അതു സാർ ഞാൻ …. എന്താ ഭദ്രേ താൻ ഷാനവാസിനോട് കൂടുതൽ വിവരങ്ങൾ ഒന്നും പറഞ്ഞിട്ടില്ലേ..? ഇല്ല സാർ, സാറുവരട്ടെയെന്ന് കരുതി. .. ലുക്ക് ,ഷാനവാസ് ഇതു നാളെ നമ്മുടെ സംസ്ഥാനത്തെ തന്നെ പിടിച്ചു കുലുക്കിയേക്കാവുന്നൊരു പ്രമാദമായ കേസ് അന്വേഷിക്കുന്ന സംഘമാണ് .. ഇതിന്റെ ചുമതല ഭദ്രയ്ക്കാണ് രാജീവനും ഗിരീഷുമാണ് ഭദ്രയെ അസിസ്റ്റ് ചെയ്യുന്നത്..!!

ഈ കേസിന്റ്റെ തുടരന്വേഷണത്തിന് ഏറ്റവും വിശ്വസ്തനായൊരാളെ ഈ തെന്മലയിൽ നിന്നു തന്നെ ഞങ്ങൾക്ക് വേണമായിരുന്നു…ഒരു വ്യക്തിയോടും കൂറുപുലർത്താത്ത ,ഇട്ട യൂണിഫോംമിനോട് നൂറു ശതമാനം നീതി പുലർത്തുന്ന ഒരാളെ…!! ഷാനവാസെത്രത്തോളം വിശ്വസ്തനാണെന്ന് ആദ്യം ഭദ്രയ്ക്കൊരു സംശയം ഉണ്ടായിരുന്നു അതാണ് ഭദ്ര തന്നെ ഒന്ന് കുഴക്കിയത്..പക്ഷേ ജേക്കബച്ചന്റ്റേതൊരു ഒളിച്ചോട്ടമല്ലെന്ന് മനസ്സിലാക്കിയിട്ടും ആ വിഷയം പുറത്ത് വിടാതെ താൻ പത്രമാധ്യമങ്ങളുടെ ശ്രദ്ധ മാറ്റി വിട്ട രീതി കണ്ടപ്പോൾ ഭദ്ര ഉറപ്പിച്ചു താൻ ഞങ്ങൾക്ക് വിശ്വസ്തനാണെന്..!!

ജേക്കബച്ചനെ പറ്റി താൻ മറിച്ചൊരു വിവരണമാണ് പത്രങ്ങൾക്ക് നൽകിയെങ്കിൽ ഈ കേസിന്റെ ഗതി ആകെ മാറിയേനെ ഒരു പക്ഷേ നമ്മൾ ലക്ഷ്യ സ്ഥാനത്ത് എത്തുകയുമില്ല…പക്ഷേ ഷാനവാസ് താൻ അറിഞ്ഞോ അറിയാതെയോ ഞങളെ സഹായിച്ചു, അതുകൊണ്ട് ഇപ്പോൾ മുതൽ താനും ചേരുകയാണിവരുടെ കൂടെ ഒരു വലിയ കേസ് തെളിയിക്കാൻ…!! ഡിജിപിയുടെ വാക്കുകൾ കേട്ടു നിൽക്കുമ്പോഴും അവരന്വേഷിക്കുന്ന കേസെന്താണെന്ന് ഷാനവാസിനു പൂർണമായും മനസ്സിലായില്ല, ഒന്നറിയാം അവരുടെ അന്വേഷണം അതു ജേക്കബച്ചനെ ചുറ്റിപ്പറ്റിയാണ്. ..!!

കാണാതാവുന്നതിന്റ്റെ തലേ ദിവസം ജേക്കബച്ചൻ സ്റ്റേഷനിൽ വന്നു തന്നെ കണ്ടിരുന്നു. . പള്ളിയോട് ചേർന്ന് അച്ചനും സഭയും നടത്തിക്കൊണ്ടു പോവുന്ന അനാഥാലയത്തിന്റ്റെ കാര്യം പറയാൻ,ആരുമില്ലാത്ത അവിടത്തെ അന്തേവാസികൾക്കൊരു തുണയായ് സാറുവേണമെന്നച്ചൻ പറഞ്ഞപ്പോൾ ആ മുഖം ആകെ പരിഭ്രാന്തമായിരുന്നു…!! അച്ചനാരെയോ ഭയപ്പെടുന്ന പോലെ…!! കൂടുതൽ ചോദ്യങ്ങൾക്കുത്തരം തരാതെ ഒരുപാടു ചോദ്യങ്ങളവശേഷിപ്പിച്ചു മടങ്ങി പോയ അച്ചനെ നേരം പുലർന്നപ്പോൾ മുതൽ കാണാനില്ലായെന്നെ വാർത്ത തന്നെ അക്ഷരാർത്ഥത്തിൽ തന്നെ ഞെട്ടിച്ചു കാരണം അച്ചനൊപ്പം കാണാതായത് സ്ഥലത്തെ ഒരു വനിതാ ഡോക്ടറെ കൂടിയായിരുന്നു…!!

അച്ചൻ എന്തൊക്കെയോ രഹസ്യങ്ങൾ മറയ്ക്കുന്നതുപോലെ തനിക്ക് തോന്നിയിരുന്നു ..അവയെന്തെന്ന് അച്ചനെ കണ്ട് ചോദിക്കാനിരുന്നപ്പോഴാണ് ആ കാണാതാവൽ…അതൊരു വെറും കാണാതാവല്ലല്ലാന്നും അതിന്റെ പുറകിലെന്തോ രഹസ്യം ഉണ്ടെന്നും തോന്നിയത് കൊണ്ടാണ് വിവരങ്ങൾ എല്ലാവരിൽ നിന്നും മറച്ചു വെച്ചതും ഭദ്ര മാഡം ചോദിച്ചപ്പോൾ എല്ലാം തുറന്നു പറഞ്ഞതും. ഒരു കാര്യമുറപ്പാണ് കണ്ടു പിടിക്കാനുളളതെന്തായാലും അതീ നാടിനെ ഞെട്ടിക്കും തീർച്ച.. . ….!! എന്നാലും എന്തായിരിക്കും ഭദ്ര മാഡം അന്വേഷിക്കുന്നത്…? അതൊരിക്കലും അച്ഛന്റെ മിസ്സിംഗ് മാത്രമല്ല.

ഷാനവാസ് …. ഭദ്ര മാഡത്തിന്റ്റെ ശബ്ദം കേട്ട് ഷാനവാസ് ചിന്തയിൽ നിന്നുണർന്ന് അവരെ നോക്കി. ഷാനവാസ് തന്റെ മനസ്സിലിപ്പോൾ അനേകം സംശയങ്ങൾ ഉണ്ട്. .ഞങ്ങളുടെ മനസ്സിലുളളതു പോലെ…. അല്ലേ…? അത് മാഡം,എനിക്ക് ഇപ്പോഴും മനസ്സിലാക്കാൻ പറ്റിയിട്ടില്ല മാഡമന്വേഷിക്കുന്ന കേസെന്താണെന്ന്…? “ഷാനവാസ് ഞാനീ തെന്മലയിലെത്തിയത് ജേക്കബച്ചൻ നൽകിയൊരു പരാതിയുടെ അടിസ്ഥാനത്തിലാണ്…അതൊരു വെറും പരാതിയല്ല ഒന്നിനോടൊന്ന് ബന്ധപ്പെട്ട് കിടക്കുന്ന അനേകം രഹസ്യങ്ങളുടെ ചുരുളഴിക്കാൻ പോന്നൊരു പരാതി. …!! പെട്ടെന്നൊരുനാൾ വന്നന്വേഷിക്കാൻ പറ്റിയൊരു പരാതിയല്ലായിരുന്നു അദ്ദേഹം എനിക്ക് നൽകിയത്…

അതുകൊണ്ട് തന്നെ എനിക്ക് ഡി ജി പി സാറിൽ നിന്നും അനുവാദം വാങ്ങേണ്ടതുണ്ടായിരുന്നു അതാണ് ഞാനല്പം താമസിച്ചത്…!! മാഡം ,മാഡമിനിയും പറഞ്ഞില്ല അച്ചൻ തന്ന പരാതിയെന്താണെന്ന്..? ഷാനവാസിന്റ്റെ ആകാംക്ഷയോടെുളള ചോദ്യം കേട്ട് ഭദ്രയൊരു നിമിഷം ചിന്തയിലാണ്ടൂ. ഷാനവാസ് അച്ചൻ നൽകിയ പരാതി എന്താണെന്ന് വെച്ചാൽ… ഭദ്ര ഷാനവാസിനൊരു മറുപടി നൽകാൻ തുടങ്ങുമ്പോഴായിരുന്നു മലച്ചെരിവിലൂടൊരു ബുള്ളറ്റ് അവരെ ലക്ഷ്യമാക്കി വരുന്നവരുടെ അടുത്ത് നിർത്തിയത്.. ബുള്ളറ്റിൻ നിന്നിറങ്ങിയ ആളെ ഷാനവാസ് തിരിച്ചറിഞ്ഞു.

ഭദ്ര മാഡത്തിനൊപ്പം ഏതു കേസ് തെളിയിക്കാനും കൂടെയുണ്ടാവാറുളള പ്രശസ്ത പത്ര റിപ്പോർട്ടർ ഹരികുമാർ. .. !! എന്തായി ഹരികുമാർ പോയ കാര്യം …? കൂടുതൽ വിവരങ്ങളെന്തെങ്കിലും…? ദേവദാസൻ ചോദിച്ചു “മാഡത്തിന്റ്റെ ഊഹങ്ങൾ ശരിയാണെന്നു തോന്നുന്നു സാർ…., ജേക്കബച്ചന്റ്റെ നീക്കങ്ങൾ മണത്തറിഞ്ഞാരോ അച്ചനെ അപായപ്പെടുത്തിയിരിക്കുന്നുവെന്ന് വിശ്വസിക്കേണ്ടിയിരിക്കുന്നു..!! മാഡം ഇവർ പറയുന്നത്. ..? യെസ് , ഷാനവാസ്. ..ജേക്കബച്ചൻ ഇപ്പോൾ ജീവനോടെയുണ്ടെന്ന് പോലും കരുതാൻ നമ്മുക്ക് പറ്റില്ല ..ശത്രുക്കൾ അദ്ദേഹത്തെ ഇല്ലാതാക്കിയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു…!!

മാഡം…. മാഡമെന്താണീ പറയുന്നത്. ..? ഞാൻ പറയുന്നത് തന്നെയാണ് ഷാനവാസേ സത്യം…! പക്ഷേ അതുതെളിയിക്കണമെങ്കിൽ നമ്മളാദ്യം കണ്ടെത്തേണ്ടത് ഡോക്ടർ ലീനയെ ആണ്,കാരണം ജേക്കബച്ചൻ തന്ന പരാതിയിലെ വില്ലൻ കഥാപാത്രങ്ങളിലൊരാളാണ് തേക്കിൻ തോട്ടത്തിലെ ഡോക്ടർ ലീന….!! ജോസപ്പൻ ഡോക്ടറുടെ മരുമകൾ ലീനാപീറ്റർ…!! ലീനയുടെ പേര് പറയുമ്പോൾ ഭദ്രയുടെ കണ്ണുകൾ വൈരപ്പൊടി വീണതുപോലെ പക കൊണ്ട് ചുവന്നിരുന്നു…!!

തുടരും…..

ഭദ്ര IPS : ഭാഗം 1

ഭദ്ര IPS : ഭാഗം 2

ഭദ്ര IPS : ഭാഗം 3