Saturday, January 18, 2025
Novel

ഭദ്ര IPS : ഭാഗം 13

എഴുത്തുകാരി: രജിത ജയൻ

മനസ്സിലൊരായിരം ചോദ്യങ്ങളുമായ് ഭദ്രയാ പുൽത്തകിടിയിലിരുന്നുപോയപ്പോൾ ദേവദാസുൾപ്പെടെ എല്ലാവരും അവളെ തന്നെ നോക്കി നിന്നു. . ചിന്തകൾ കടന്നൽകൂടുകൂട്ടി മൂളിപായുന്നൊരവസ്ഥയിലകപ്പെട്ടതുപോലെയായിരുന്നു ഭദ്ര…. “ഭദ്രാ ..”… ദേവദാസവളുടെ അരികിലിരുന്നു “എന്തുപറ്റീടോ താനിത്രയും അപ്സെറ്റാവാൻ… ..? ആ പെൺകുട്ടികളുടെ മിസ്സിംഗിനും മർഡറിലുമെല്ലാം അസാധാരണമായതെന്തോ ഉണ്ടെന്ന് നമ്മൾ ആദ്യം തന്നെ കണക്കുകൂട്ടിയതല്ലേ, പിന്നെ താനിങ്ങനെ… “യെസ് സാർ, അവരുടെ മരണത്തിൽ ദുരൂഹത ഞാൻ പ്രതീക്ഷിച്ചിരുന്നു ,പക്ഷേ ഇത്രത്തോളം കരുതിയില്ല …!! “കരുതണം ഭദ്രാ.., കാരണംഇതിനു പിന്നിലുളള ശത്രുക്കൾ നിസാരകാരല്ല. ഒപ്പം തന്നെ അവരിൽ മനഃസാക്ഷി എന്നൊന്ന് ഇല്ല…” ” അറിയാം സാർ, എന്നാലും.., ഇതെങ്ങനെ ആണ് സാർ ..? “ഒരാളിൽ ചിലപ്പോൾ ഇതുപോലെ അപൂർവ്വമായി ആറും ഏഴും കുട്ടികളൊക്കെ ഉണ്ടാവാറുണ്ട്,സമ്മതിച്ചു, പക്ഷേ ഇത് ഒരേസമയം മൂന്നു പേരിൽ…? ഭദ്ര തന്റെ മനസ്സിലെ സംശയങ്ങൾ ദേവദാസിനു മുമ്പിൽ കുടഞ്ഞിട്ടു…!!

“ഈ പോസ്റ്റ് മോർട്ടം റിപ്പോർട്ട് തന്നിലിത്തരം ധാരാളം സംശയങ്ങൾ ഉണ്ടാകും എന്നെനിക്കറിയാമായിരുന്നു ഭദ്രാ , അതുകൊണ്ട് തന്നെയാണ് തനിക്ക് തന്റ മനസ്സിലുളള സംശയങ്ങൾ മുഴുവൻ ചോദിക്കാനും ക്ളിയർ ചെയ്യാനുമൊരാളെ ഞാൻ ഇങ്ങോട്ട് ക്ഷണിച്ചത്…,, അതാരാണെന്ന ഭാവത്തിൽ ഭദ്ര ദേവദാസിനെ നോക്കി … “ഹരികുമാർ, അദ്ദേഹം എവിടെയെത്തി എന്നൊന്ന് വിളിച്ചു നോക്കിക്കേ…!!” ദേവദാസ് ഹരിയോട് നിർദ്ദേശിച്ചു ഹരികുമാർ ഫോണിൽ ആരെയോ വിളിക്കാൻ ശ്രമിക്കുന്നതിനിടയിൽ വളവുതിരിഞ്ഞൊരു വെളിച്ചം ഗസ്റ്റ് ഹൗസിന്റ്റെ മുറ്റത്തേക്ക് കയറി വന്നു “ദേ അദ്ദേഹം എത്തി സാർ…,”

ഹരികുമാർ പറഞ്ഞു കാറിൽ നിന്നിറങ്ങിയ ആളെ ഭദ്ര തിരിച്ചറിഞ്ഞു , ‘റിട്ടയേർഡ് പോലീസ് സർജൻ ഇക്ബാൽ മുഹമ്മദ് ‘….!! “ഹലോ ഇക്ബാൽ മുഹമ്മദ്…, ദേവദാസ് വിളിച്ചു ഇക്ബാൽ ദേവദാസിനരികിലെത്തി , തുടർന്നവിടെ നിൽക്കുന്ന ഓരോരുത്തരിലും അയാളുടെ കണ്ണുകൾ പതിഞ്ഞു. ഭദ്രയെ നോക്കിയതും അയാളുടെ കണ്ണിൽ ആശ്ചര്യം തെളിഞ്ഞത് ദേവദാസ് ശ്രദ്ധിച്ചു “എന്തുപറ്റി ഇക്ബാൽ തനിക്ക്, എന്റെ കുട്ടിയെ കണ്ടപ്പോൾ ഒരു ആശ്ചര്യം പോലെ…,”അദ്ദേഹം ചോദിച്ചു… .. “നത്തിംഗ് ദേവദാസ് , ഭദ്ര ഐപിഎസ് എന്ന് എല്ലാവരും പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട് ,പക്ഷേ കാണുന്നത് ആദ്യം ആണ് ,

ഇത്രയും ചെറിയ ഒരു പെൺകുട്ടി ആണോ ഈ കേസ് കൈകാര്യം ചെയ്യുന്നത് എന്നോർത്തപ്പോൾ ഒരു ആശ്ചര്യം അതാണ് …” “സാർ, ഞാനൊറ്റയ്ക്കല്ല, എന്റ്റെ കൂടെ ഇവരെപോലെ കാക്കിയെ സ്വന്തം ജീവനേക്കാൾ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന കുറച്ചു പേർ കൂടിയുണ്ട്. ..” ഭദ്ര പറഞ്ഞു “ഓ….യെസ് , യെസ് സമ്മതിക്കുന്നു , പക്ഷേ ഇവൻ പത്രകാരനല്ലേ ഇവനെന്താ ഇവിടെ ..? പാതികളിയായും കാര്യമായും ഇക്ബാൽ ചോദിച്ചു “സാർ ,ഹരി സാധാരണ പത്രകാരനല്ല, ഓരോ കേസിന്റ്റെയും പുറകെ പോലീസുകാരോടൊപ്പം ജോലിചെയ്ത് ശേഖരിക്കുന്ന വിവരങ്ങൾ ചേർത്ത് വിശദമായി സത്യസന്ധമായി വാർത്തകൾ നൽകുന്ന ഒരാളാണ് ഹരി. .,

എന്റെ ആത്മ മിത്രം കൂടിയാണ്. ..” ഭദ്ര പറഞ്ഞു “ഓകെ ഭദ്ര .., ഇനി നമ്മുക്ക് കാര്യത്തിലേക്ക് കടക്കാം , തനിക്ക് ഒരു പാട് സംശയങ്ങൾ ഉണ്ടാകും ഇന്നത്തെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് കിട്ടിയാലെന്ന് അറിയാവുന്നതുകൊണ്ടാണ് ദേവദാസ് അതുമായി ആദ്യം എന്റെ അരികിലെത്തിയത് .., തനിക്കെന്നല്ല ആർക്കും ഉണ്ടാവും ധാരാളം സംശയങ്ങൾ കാരണം ഈവക കാര്യങ്ങൾ നമ്മൾ സാധാരണക്കാരുടെ ചിന്താശേഷിക്കും അപ്പുറമാണ്…, അതുകൊണ്ട് കൂടിയാണ് ഞാൻ എനിക്ക് അറിയുന്ന കാര്യങ്ങൾ പറഞ്ഞു തരാനായ് ഇങ്ങോട്ടു വന്നത്…,, ഇക്ബാൽ ഭദ്രയുടെ കയ്യിൽ നിന്ന് ആ റിപ്പോർട്ടുകൾ വാങ്ങി

“ഭദ്രാ .., ഇതിലച്ചന്റ്റെയും തൊമ്മിയുടെയും മരണത്തെ പറ്റി തനിക്ക് എന്തെങ്കിലും കൂടുതൽ സംശയങ്ങൾ ഉണ്ടോ.. ..? “ഇല്ല സാർ കാരണം, അവരുടെ ദേഹത്ത് പുറമെ പരിക്കുകൾ കാണാതിരുന്നപ്പോൾ തന്നെ ഞാനിങ്ങനെയൊന്ന് പ്രതീക്ഷിച്ചിരുന്നു , പക്ഷേ ആ പെൺകുട്ടികൾ…., അവരുടെ മരണമാണെന്നെ ആശയകുഴപ്പത്തിലാക്കിയിരിക്കുന്നത്…!! ” ഓകെ ഭദ്രാ .., ഇനി ഞാൻ പറയുന്നത് താനും തന്റെ സഹപ്രവർത്തകരും ശ്രദ്ധയോടെ കേൾക്കണം, കാരണം നിങ്ങളുടെ സംശയങ്ങൾക്കുളള ഉത്തരങ്ങളും നിങ്ങളുടെ മുന്നോട്ടുളള അന്വേഷണത്തെ സഹായിക്കുകയും ചെയ്യുന്ന കാര്യങ്ങൾ ആണ് ഞാനിനി പറയാൻ പോവുന്നത് …!! “യെസ് സാർ…”

“സാധാരണ ഒരു പരീക്ഷണം അല്ല ഈ കേസിലെ പ്രതികൾ ഈ പെൺകുട്ടികളിൽ നടത്തിയിരിക്കുന്നതെന്ന് വ്യക്തമാണ്, കാരണം ഈ മരിച്ച പെൺകുട്ടികളെല്ലാം തന്നെ പതിനെട്ടിനും ഇരുപതിനും ഇടയിൽ പ്രായമുളളവരാണ് അല്ലേ..? “അതെ സാർ…, ഷാനവാസ് പറഞ്ഞു “അതായത് ഇത്ര ചെറുപ്രായത്തിൽ അതും ശരിയായ പോഷകാഹാരമോ മറ്റു വളർച്ചാഘടകങ്ങളോ കൃത്യമായി ലഭിക്കാത്ത ഈ കുട്ടികളെ ഇങ്ങനെ ഒരു പരീക്ഷണത്തിനായ് സജ്ജമാക്കിയിരിക്കുന്നത് ധാരാളം പരീക്ഷണങ്ങൾ ഇവരിൽ നടത്തിതന്നെയാണ്,, “പലവിധ മരുന്നുകൾ പലപ്പോഴായി ഇവരിൽ പരീക്ഷിക്കപ്പെട്ടിട്ടുണ്ട്,

അവയിൽ പലതും നമ്മുടെ ഈ രാജ്യത്ത് നിരോധിച്ചതും മറ്റു പലതും നിർമ്മിക്കാൻ പോലും അനുവാദം ഇല്ലാത്തവയും ആണ് …, അതായത് ഒരുതരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിലീ മരുന്നുകൾ എല്ലാം തന്നെ മനുഷ്യ ജീവന് ആപത്താണ് …. ഇക്ബാൽ മുഹമ്മദ് തുടർന്നു. “എക്സ്ക്യൂസ്മി സാർ…, അദ്ദേഹത്തിന്റെ സംഭാഷണത്തിനിടയിലേക്ക് പെട്ടെന്ന് ഭദ്ര കയറി … “സാർ ഒരു സംശയം ഇവിടെ നിരോധിച്ച ആ മരുന്നുകൾവിദേശ രാജ്യങ്ങളിൽ ലഭ്യമല്ലേ..? അതായത് യുഎസ് പോലുള്ള രാജ്യങ്ങളിൽ…?

“ഷുവർ ഭദ്രാ, അവിടെ ലഭ്യമാണ് എന്ന് മാത്രമല്ല പലതരം പരീക്ഷണങ്ങൾ നിയമവിധേയമല്ലാതെ തന്നെ അവിടെ എല്ലാം നടക്കുന്നുമുണ്ട് …., ഇതിന്റെ ഒരു പ്രത്യകത എന്തെന്ന് വെച്ചാൽ ആദ്യഘട്ട പരീക്ഷണങ്ങൾ ഈ പെൺകുട്ടികൾ അതിജീവിച്ചാൽഅവരിൽ കൂടുതൽ പരീക്ഷണങ്ങൾ നടത്താം ആ പരീക്ഷണങ്ങളിൽ പരാജയപ്പെടുന്നവരാണ് ഈ പെൺകുട്ടികളെ പോലെ ദാരുണമായി കൊല്ലപ്പെടുന്നത്. “സാർ ഒന്നുകൂടി വ്യക്തമായി പറയാമോ..? ഭദ്ര ഇക്ബാലിനോട് ആവശ്യപ്പെട്ടു “അതായത് ആദ്യ ഘട്ട പരീക്ഷണങ്ങൾ എല്ലാം തന്നെ നടന്നിട്ടുണ്ടാവുക പുറം രാജ്യങ്ങളിൽ എവിടെയെങ്കിലും വെച്ചിട്ടാവും,

രണ്ടാം ഘട്ട പരീക്ഷണങ്ങൾ ഈ കുട്ടികൾ നേരിട്ടത് ഇവരുടെ കൃത്യമായ സുരക്ഷപോലുംഉറപ്പാക്കാത്തൊരവസ്ഥയിലാവും… !! രണ്ടാം ഘട്ട പരീക്ഷണമെന്ന് പറഞ്ഞാൽ ശാരീരികമായുളള പരീക്ഷണംആണ്, അതായത് ഒന്നോ രണ്ടോ കുട്ടികൾ കിടന്നു വളരേണ്ട ഇവരുടെ ഗർഭപാത്രത്തെ പരീക്ഷണമരുന്നുകൾ നൽകി വികസിപ്പിക്കുന്നു അതിനുശേഷം പുറത്തു വെച്ച് സങ്കലനം നടത്തിയ അഞ്ചും ആറും ഭ്രൂണങ്ങളെ ഇവരിൽ ഒരുമിച്ച് നിക്ഷേപിക്കുന്നു. ..!! സാർ….., കേൾക്കുന്നത് വിശ്വസിക്കാൻ കഴിയാതെ ഭദ്രയും സംഘവും ഇക്ബാൽ മുഹമ്മദിനെയും പകച്ചു നോക്കി …

“യെസ് ഭദ്രാ, അതാണിവിടെ സംഭവിച്ചത് പക്ഷേ അതുകൊണ്ടും തീർന്നിട്ടില്ല ഇവരുടെ പരീക്ഷണങ്ങൾ ..!! “സാർ വാട്ട് യൂ മീൻ …? ഭദ്ര ചോദിച്ചു “അതായത് ഇവരിൽ നിക്ഷേപിച്ച ഓരോ ഭ്രൂണവും പ്രത്യേക പരീക്ഷണങ്ങൾക്ക് വിധേയമായതാവണം എന്നുവേണം നമുക്ക് അനുമാനിക്കാൻ, കാരണം ആ അഴുകിയ അവസ്ഥയിലും അവയുടെ വളർച്ച ആരെയും അത്ഭുതപ്പെടുത്തുന്നതാണ് …, അതായത് പല ജീനുകൾ ചേർന്നതാണ് അവയോരോന്നും..!! അതുകൊണ്ടാണാ പെൺകുട്ടികൾ വയറുപിളർന്ന് മരിക്കേണ്ടി വന്നത് ,കാരണം പരീക്ഷണാർത്ഥം ഇവരിലുപയോഗിച്ച പലവിധ മരുന്നുകൾ ഇവരുടെ ശരീരത്തെ തീരെ നേർത്ത ബലമില്ലാത്ത രീതിയിലാക്കി എന്ന് വേണം അനുമാനിക്കാൻ,

അല്ലെങ്കിൽ ഒരുപരിധിക്കപ്പുറം ആ കുഞ്ഞുങ്ങൾ ഗർഭപാത്രത്തിൽ കിടക്കാൻ പറ്റാത്ത വിധം വളർന്നു എന്നും കരുതണം…,എങ്ങനെയാണെങ്കിലും ഇതിന്റെ കൂടുതൽ വിവരങ്ങൾ കൃത്യമായി നമുക്ക് ലഭിക്കണമെങ്കിൽ ഉടനെ തന്നെ നിങ്ങൾ യഥാർത്ഥ പ്രതിയെ പിടികൂടിയേ പറ്റുകയുളളു….!! “മാത്രമല്ല ഇനിയും അവശേഷിക്കുന്ന ആ പെൺകുട്ടികൾ ഇപ്പോൾ ഏതവസ്ഥയിലാവുമെന്ന് നമ്മുക്ക് ഒരാൾക്കും അനുമാനിക്കാൻ കൂടി സാധിക്കില്ല.., മാത്രമല്ല ഇത്തരം പരീക്ഷണം വിജയിച്ചാൽ അതിലൂടെ ജനിക്കുന്ന കുട്ടികൾ ഒരു പക്ഷേ നാളെ ഈ നാടിനു പോലും അപകടമായി തീരും…!! “സർ ഒരു സംശയം കൂടി “

ഭദ്ര ഇക്ബാലിനെ നോക്കി “ഇങ്ങനെ പലതരംജീനുകൾ ചേർത്ത ഒരു കുട്ടിയാണവരുടെ ലക്ഷ്യം എങ്കിൽ എന്തിനവർ ഒരാളിൽ തന്നെ ആറു കുട്ടികളെ നിക്ഷേപിക്കണം..,ഒന്നും പോരെ..? “നല്ല ചോദ്യം ഭദ്രാ ,കുറഞ്ഞ ചിലവിൽ കൂടുതൽ വിത്തുല്പാദനം എന്ന് പറയുന്നത് പോലെ ഇതിന്റെ പുറകിൽ അവർക്കെന്തെങ്കിലും ലക്ഷ്യം കാണും തീർച്ച.., പിന്നെ ഒരുകാര്യം കൂടി ഇത്തരം പരീക്ഷണങ്ങൾ മനുഷ്യരിൽ നടത്തുന്നതിനു മുമ്പേ അവരാദ്യം പരീക്ഷിച്ചിട്ടുണ്ടാവുക എതെങ്കിലും മൃഗങ്ങളിൽ ആയിരിക്കും മിക്കവാറും അതു പശുക്കളാവാനാണ് സാധ്യത കൂടുതൽ ..!!

ഇക്ബാൽ മുഹമ്മദ് പറഞ്ഞു നിർത്തിയതും ഭദ്രയുടെ മനസ്സിൽ തേക്കിൻ തോട്ടം ബംഗ്ളാവിൽ വെച്ചു കണ്ട പശുകളോടിയെത്തി.. അതെ സാർ,താങ്കൾ പറഞ്ഞത് ശരിയാണ് അവരുടെ പരീക്ഷണം അതു പശുക്കളിൽ ആയിരുന്നു. …!! ഭദ്രാ നിങ്ങൾ കണ്ടിരുന്നോ അത്തരം പശുക്കളെ..? ദേവദാസ് ചോദിച്ചു “യെസ് സാർ…തേക്കിൻ തോട്ടം ബംഗ്ളാവിലുണ്ട് കുറച്ചു പശുകൾ, മറ്റുളളവയിൽ നിന്ന് അവയ്ക്കെന്തോ പ്രത്യേകതയുളളതായെനിക്ക് തോന്നിയിരുന്നു, ഇപ്പോൾ മനസ്സിലായ് അവയുടെ പ്രത്യേകത എന്തെന്ന്. ..!! എന്താണ് പ്രത്യേകത…? വലിയ തരം വയറുകളായിരുന്നു സാർ അവയ്ക്കോരോന്നിനും, കൂടാതെ പ്രത്യേക തരം വളർച്ചയും …” ഭദ്ര പറഞ്ഞു.

“അതേ മാഡം, ആ പശുകളെല്ലാം ലീനയുടെതാണെന്ന് അവിടത്തെ ജോലികാരൻ രാവിലെ പറഞ്ഞിരുന്നു ” ഷാനവാസ് പറഞ്ഞു .. ഓകെ ദേവദാസ് അപ്പോൾ വേണ്ടത്ര തെളിവുകൾ നിങ്ങളുടെ കയ്യിലുണ്ട് പ്രതികളെ പിടിക്കാൻ, അപ്പോൾ എത്രയും പെട്ടെന്ന് അവരെ അറസ്റ്റു ചെയ്യാൻ നോക്കൂ. ..,കൂടുതൽ അപകടങ്ങൾ ഉണ്ടാകുന്നതിന് മുമ്പ്. ..എന്റെ സഹായം എന്തെങ്കിലും വേണമെങ്കിൽ പറഞ്ഞാൽ മതി ..” ഓകെ ഇക്ബാൽ. …, ദേവദാസ് പറഞ്ഞതും യാത്ര പറഞ്ഞു ഇക്ബാൽ മുഹമ്മദ് പോയി…. അദ്ദേഹം പോയതിനു ശേഷം ഭദ്രയും സംഘവും കാര്യങ്ങൾ കൃത്യമായ രീതിയിൽ ഒരേകോപനം നടത്തി

“അനാഥാലയത്തിൽ നിന്നു കൊണ്ടു പോയ പതിനൊന്ന് കുട്ടികളിൽ ആദ്യ പരീക്ഷണം നേരിട്ട നാലു പെൺകുട്ടികൾ പരീക്ഷണം പരാജയപ്പെട്ടതിനെ തുടർന്ന് നാട്ടിലെത്തിയെങ്കിലും ആരുടെയോ ഭീഷണിക്ക് വഴങ്ങി കാര്യങ്ങൾ എല്ലാം അച്ചനിൽ നിന്നുപോലും മറച്ചു വെച്ചു.., ഒരുപക്ഷെ മറ്റുള്ള കുട്ടികൾ തേക്കിൻ തോട്ടംകാരുടെ കയ്യിൽ തന്നെയായതിനാലാവാം അത്, പിന്നീടവർ കൊല്ലപ്പെട്ടുവെങ്കിലും അതൊരു സാധാരണ അപകടം മാത്രമായി തീർന്നു. .. അതിനുശേഷം ബാക്കിയുള്ള ഏഴുകുട്ടികൾ വിദേശത്തുളള പരീക്ഷണങ്ങൾ വിജയിച്ചതിനെതുടർന്ന് ഇവിടെ എത്തിയെങ്കിലുംതുടർ പരീക്ഷണങ്ങളിൽ അവരിൽ മൂന്നു പേർ ദാരുണമായി കൊല്ലപ്പെട്ടു..,

ഇനിയവശേഷിക്കുന്ന നാലുകുട്ടികളേതവസ്ഥയിലാണെന്ന് പോലും അറിയില്ല .., ഇത്രയും ആണ് സാർ നമ്മുടെ ഇപ്പോഴത്തെ നിഗമനങ്ങൾ.., ഇനി മുമ്പോട്ടു നീങ്ങണമെങ്കിൽ തേക്കിൻതോട്ടംക്കാർ നമ്മുടെ കസ്റ്റഡിയിലാവണം സാർ… “ഓകെ ഭദ്രാ, ഇനി കൂടുതൽ തെളിവുകൾ കിട്ടാനായ് കാത്തിരിക്കേണ്ട കാര്യമില്ല കാരണം ആ വീട്ടിൽ കണ്ട പശുകളിലൂടെ തന്നെ നമ്മുക്ക് ജോസപ്പനിലേക്ക് വിരൽ ചൂണ്ടാം.. ഇനി ബാക്കി അവിടെനിന്ന് കണ്ടെത്താം നമുക്ക് ഓകെ … “യെസ് സാർ, ബംഗ്ളാവും അവിടെയുളള ഓരോരുത്തരും നമ്മുടെ നിരീക്ഷണത്തിലാണ് സാർ , ഇപ്പോൾ തന്നെ ഞങ്ങൾ അങ്ങോട്ട് തിരിക്കുകയാണ്..,

അതുപോലെ ആദ്യം കൊല്ലപ്പെട്ട ആ കുട്ടികളുടെ ശരീരംകൂടി നമ്മുക്ക് സെമിത്തേരിയിൽ നിന്നെടുക്കണം…!! “ഓകെ ഭദ്രാ നിങ്ങൾ ബംഗ്ളാവിലേക്ക് പൊയ്ക്കോ വേണ്ടത്ര ഫോഴ്സിനെയും കൂട്ടുക , ഇവിടെ ബാക്കി എല്ലാം ഞാൻ റെഡിയാക്കിക്കോളാം … “യെസ് സാർ.., ഡിജിപി ദേവദാസിന് സല്യൂട്ട് നൽകി ഭദ്രയും സംഘവും തേക്കിൻ തോട്ടത്തിലേക്ക് പുറപ്പെട്ടു…. തേക്കിൻ തോട്ടം ബംഗ്ളാവിൽ ഈ സമയം ജോസപ്പൻ ഡോക്ടറും മകൻ പീറ്ററും തമ്മിൽ ഗംഭീര വാക്കേറ്റം നടക്കുകയായിരുന്നു …!! ലീനയുടെ മരണമറിഞ്ഞ് ബംഗ്ളാവിലെത്തിയ ആളുകൾക്കിടയിൽ നിന്നു മാറി അകത്തെ ഓഫീസുമുറിയിലായിരുന്നു അവരപ്പോൾ. ..,

“ഡാഡി എന്തൊക്കെ പറഞ്ഞാലും ശരി, ലീനയുടെ മരണത്തിൽ ഡാഡിക്ക് പങ്കില്ലെന്ന് ഡാഡിയെത്ര പറഞ്ഞാലും ഞാൻ വിശ്വസിക്കില്ല..!! പീറ്റർ ജോസപ്പനുനേരെ പതുക്കെ ശബ്ദം ഉയർത്തി … “പീറ്റർ നീ വെറുതെ ഓരോന്നും വിളിച്ചു പറയുകയാണ്, ഞാനെന്തിന് അവളെ ഇല്ലാത്താകണം..? ജോസപ്പൻ ചോദിച്ചു “എന്തിനെന്ന് ചോദിച്ചാൽ അത് ഡാഡിക്ക് മാത്രമേ അറിയൂ , രാവിലെ പോലീസു വന്നപ്പോൾ എല്ലാകാര്യങ്ങളും ഡാഡി ലീനയുടെ തലയിൽ ബുദ്ധി പൂർവ്വം കെട്ടിവെച്ചപ്പോഴേ എനിക്ക് സംശയം തോന്നിയതാണ്..,, “പീറ്റർ, അതന്നേരം അങ്ങനെ ഒരു ബുദ്ധിയാണ് എനിക്ക് തോന്നിയത്,

അല്ലാതെ ഞാനൊരു വഴിയും അപ്പോൾ കണ്ടില്ല , പക്ഷേ അതിനു നീയെന്നെ ഇങ്ങനെ സംശയിക്കുന്നതാണ് എനിക്ക് വിഷമം മോനെ.. “എങ്ങനെ സംശയിക്കാത്തിരിക്കും ഡാഡി, എനിക്കും, ഡാഡിക്കും ലീനയ്ക്കും, മാത്രമേ നമ്മുടെ കാര്യങ്ങൾ ഇവിടെ അറിയുകയുളളു, പിന്നെ ഉള്ളത് ലീനയുടെ പാരന്റ്റ്സ് ആണ് അവർ യുഎസിലാണ് .., ലീനയുടെ മിസ്സിംഗ് പോലും നമ്മൾ അവരെ അറിയിച്ചിട്ടില്ല…!! അതുകൊണ്ട് നീയെന്താണ് ഉദ്ദേശിക്കുന്നത്, ഞാൻ ലീനയെ ഇല്ലാതാക്കി എന്നോ…? “അതെ ഡാഡി അങ്ങനെ സംശയിക്കാൻ ധാരാളം കാരണങ്ങൾ ഉണ്ട് ,നമ്മുടെ രഹസ്യങ്ങൾ മമ്മി കണ്ടു പിടിച്ചപ്പോൾ യാതൊരു ദയയും കാണിക്കാതെയാണ് മമ്മിയെ ഈ അവസ്ഥയിൽ ഡാഡി ആക്കിയത് അറിയാലോ..?

ഡാഡിയുടെ കയ്യിൽ നിന്ന് രക്ഷപ്പെട്ട് ഓടുന്നതിനിടയിലാണ് അപ്സ്റ്റെയറിൽ നിന്ന് മമ്മി വീണത് ..!! അതുപോലെ നമ്മളിലേക്കെത്തിയ ശവകുഴി തൊമ്മിയേയും ജേക്കബ് അച്ചനെയും ഇല്ലാത്താക്കിയത് ഡാഡി തന്നെയാണ്.., ഇപ്പോൾ അവസാനം നമ്മുടെ പരീക്ഷണങ്ങൾ പരാജയത്തിലേക്ക് നീങ്ങുകയും പോലീസ് നമ്മളെ നിരീക്ഷിക്കുകയും ചെയ്തു തുടങ്ങിയപ്പോൾ ഡാഡി എല്ലാ കുറ്റവും ലീനയിലേക്കെത്തിച്ചവളെ ഇല്ലാതാക്കി .., ഇതല്ലേ സത്യം..? പീറ്റർ കിതച്ചു കൊണ്ട് ചോദിച്ചു “ഒരിക്കലും ഞാൻ ലീനയെ ഒന്നും ചെയ്തിട്ടില്ല മോനെ , ലീനയെ ഉപയോഗിച്ച് അച്ചനെ ഇവിടെ ബംഗ്ളാവിൽ നമ്മൾ വിളിച്ചു വരുത്തി,

അതിനുശേഷം മരുന്ന് കുത്തിവെച്ച് അച്ചനെ ഞാനുംനീയ്യും ചേർന്നാണ് കൊന്നതും പിന്നീട് നമ്മൾ ഒരുമ്മിച്ചാണ് സെമിത്തേരിയിലേക്ക് കൊണ്ടു പോയതും.. ..,, നമ്മൾ പോവുമ്പോൾ ഇവിടെ ഉണ്ടായിരുന്നു ലീന മോൾ, അപ്പോഴാണ് ഞാനവളെ അവസാനം കാണുന്നത് നിന്നെ പോലെ തന്നെ …,പിന്നീട് അവൾക്ക് സംഭവിച്ചതെന്താണെന്ന് എനിക്ക് അറിയില്ല , നമ്മുക്കിടയിൽ നമ്മൾ അറിയാത്ത ആരോ ഉണ്ട് മോനെ, നീയാണേ സത്യം…!! പീറ്ററിന്റ്റെ തലയിൽ കൈവെച്ച് സത്യം ചെയ്യാൻ പോയ ജോസപ്പൻ പെട്ടെന്ന് ഞെട്ടിതരിച്ചു നിന്നു പോയി..!!

കയ്യിലെ ഫോണിൽ അവരെയും അവരുടെ സംഭാഷണങ്ങളെയും പകർത്തികൊണ്ട് ഓഫീസു റൂമിനുളളിലെ ഷെൽഫിനു പുറകിൽ ഫിലിപ്പ് നിൽക്കുന്നുണ്ടായിരുന്നു .., കത്തികാളുന്ന മുഖവുമായ്….!! എടാ…, തങ്ങൾ സംസാരിച്ചതെല്ലാം ഫിലിപ്പ് കേട്ടുവെന്ന് മനസ്സിലാക്കിയ ജോസപ്പൻ അലറിക്കൊണ്ട് ഫിലിപ്പിനുനേരെ ചെന്നതും തനിക്ക് നേരെ പാഞ്ഞു വരുന്ന ഡാഡിയെ പീറ്ററിന്റ്റെ നേരെ ഊക്കോടെ തളളിയിട്ട് ഫിലിപ്പ് വാതിൽ തുറന്നു പുറത്തേക്ക് ഓടി…..

തുടരും…..

ഭദ്ര IPS : ഭാഗം 12