Tuesday, December 17, 2024
Novel

ഭദ്ര IPS : ഭാഗം 1

എഴുത്തുകാരി: രജിത ജയൻ

പള്ളീലച്ചനും വനിതാ ഡോക്ടറും ഒളിച്ചോടി….!! കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തെന്മല ഗ്രാമത്തിലേക്ക് തുറന്നു വെച്ച ക്യാമറക്കണ്ണുകളുമായി രാപകലില്ലാതെ കാത്തിരുന്ന പത്രക്കാർ തങ്ങൾക്ക് കിട്ടിയ ചൂടുള്ള വാർത്തകൾ എരിവും പുളിയും ചേർത്ത് നാടാകെ വിതറിയപ്പോൾ ഞെട്ടിക്കുന്ന ആ വാർത്തയുടെ നടുക്കവും നെഞ്ചിലേറ്റിയാണ് തെന്മല ഗ്രാമവാസികളന്നത്തെ പ്രഭാതത്തെ വരവേറ്റത്…. തെന്മല ഗ്രാമത്തിലെ ഏക സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലാണ് ‘മേരിമാതാ’ ഹോസ്പിറ്റൽ. …

തേക്കിൻതോട്ടംക്കാരുടെ സ്വന്തമായ ആ ഹോസ്പിറ്റലിലെ തന്നെ ഡോക്ടർമാരാണ് ജോസപ്പൻ എന്നറിയപ്പെടുന്ന ജോസ് ഡോക്ടറും മകൻ പീറ്ററും , പീറ്ററിന്റ്റെഭാര്യ ലീനയും…. പീറ്ററിന്റ്റെ അനിയൻ ഫിലിപ്പ് വിദേശത്തുളള പഠനമവസാനിപ്പിച്ച് നാട്ടിലെ ഹോസ്പിറ്റലിൽ ഡോക്ടറായ് ചാർജ്ജെടുക്കാൻ നാട്ടിലെത്തിയ അന്നു രാത്രി തന്നെയാണ് സഹോദര ഭാര്യയായ ലീനയെ കാണാവുന്നത്… !! സമ്പത്തിന്റ്റെ എടുത്തുകാട്ടലുകളില്ലാത്തെ എന്നും പാവങ്ങൾക്കൊരു തണലാണ് തേക്കിൻതോട്ടം തറവാട്ടിലെ ജോസപ്പൻ മുതലാളിയും മക്കൾ പീറ്ററും ഫിലിപ്പും…

തെന്മല ഗ്രാമത്തിലെ ഏതൊരു കാര്യത്തിനും എന്നും മുന്നിൽ തന്നെ നിൽക്കുക തേക്കിൻ തോട്ടംക്കാരാണ്…. തെന്മലയിലിന്ന് കാണുന്ന പുരോഗമനങ്ങളുടെയെല്ലാം പുറകിൽ ജോസപ്പൻ ഡോക്ടറുടെ കുടുംബത്തിന്റെ പങ്ക് ഏറെ വലുതാണ്. .. തെന്മല ഗ്രാമത്തിലെ പളളിയിലെ വികാരിയായിരുന്ന ജേക്കബ് അച്ചനെ അഞ്ച് ദിവസങ്ങൾക്കു മുമ്പൊരു രാത്രി മുതൽ പെട്ടെന്ന് കാണാതാവുകയായിരുന്നു…!!

നാടിനും നാട്ടുക്കാർക്കുമേറെ പ്രിയങ്കരനായ അച്ഛന്റെ തിരോധാനം നാടിനെയാകെ ഞെട്ടിച്ച സമയത്തുതന്നെയാണ് തേക്കിൻ തോട്ടം തറവാട്ടിലെ ജോസപ്പൻ മുതലാളിയുടെ രണ്ടാമത്തെ മകനായ പീറ്ററിന്റ്റെ ഭാര്യ ലീനയെയും അന്ന് മുതൽ കാണാനില്ലെന്ന വാർത്ത നാടാകെ പരന്നത്….!! രണ്ടു പേരുടെ ഒരേസമയത്തുളള അപ്രത്യക്ഷമാക്കൽ നാട്ടുക്കാരെയും വീട്ടുക്കാരെയും ഒരേപോലെ ആശങ്കയിലാക്കിയപ്പോൾ പുതിയ വാർത്തകൾ തേടി പത്രമാധ്യമങ്ങളും തെന്മലയിലെത്തി….!! അവരുടെ പുതിയ വെളിപ്പെടുത്തലിൻ ഉലഞ്ഞുപോയതൊരു നാടാണ്. “അതേ. ..,നമ്മൾ ഇവിടെയിങ്ങനെ കൂട്ടം കൂടി നിന്ന് പലതും പറഞ്ഞിട്ട് കാര്യമില്ല. ..,

നമ്മുക്ക് തേക്കിൻ തോട്ടം ബംഗ്ളാവിലേക്ക് ചെല്ലാം. .. ജോസപ്പൻ ഡോക്ടറോട് ചോദിച്ചാൽ അറിയാലോ സത്യാവസ്ഥ…? കഴിഞ്ഞ ദിവസങ്ങളിൽ അച്ചനും ലീന ഡോക്ടർക്കും എന്താണ് സംഭവിച്ചത് എന്നറിയാതെ പരക്കംപാഞ്ഞു നടന്നിരുന്ന പീറ്ററെയും ഫിലിപ്പിനെയും നമ്മൾ നേരിട്ട് കണ്ടതല്ലേ..? അപ്പോഴൊന്നും നമ്മളെപോലെ അവർക്കും അച്ചന്റ്റെയും ലീനഡോക്ടറുടെയും കാര്യത്തിൽ യാതൊരു സംശയവും ഉണ്ടായിരുന്നില്ല, പിന്നെ പെട്ടെന്നെങ്ങനെ ഇങ്ങനെയൊരു വാർത്ത വന്നൂവെന്ന് അവരോട് നേരിട്ട് ചോദിച്ചാലറിയാമല്ലോ…..? ഗ്രാമത്തിലെ സ്കൂൾ അദ്ധ്യാപകനായ ഗോവിന്ദൻ മാഷിന്റെ വാക്കുകൾ എല്ലാവരും ശരിവെച്ചു….

അവരൊന്നായി ബംഗ്ളാവിലേക്ക് നടന്നു. .. അച്ചന്റ്റെയും ലീന ഡോക്ടറുടെയും തിരോധാനത്തിനുപിന്നിലെ കാരണമെന്തെന്ന് തേടിയലയുകയായിരുന്നു കഴിഞ്ഞ നാലഞ്ച് ദിവസം തെന്മല ഗ്രാമവാസികൾ…. നാടിനും നാട്ടുക്കാർക്കും നന്മകൾ മാത്രം ചെയ്തിട്ടുളള രണ്ട് പേർ …,അവരെ കാണാതായതിനു പിന്നിലെ കാരണം….,അതന്വേഷിച്ചവർ പലവഴിതിരയുമ്പോഴാണ് അവരുടേതൊരു ഒളിച്ചോട്ടമാണെന്ന് പത്രങ്ങൾ വിളിച്ചു കൂവിയിരിക്കുന്നത്….!! കേട്ടവർ കേട്ടവർ കേട്ടതുവിശ്വസിക്കാൻ കഴിയാതെ മുഖത്തോടു മുഖം നോക്കി…

അറുപത്തഞ്ചു വയസ്സിനു മുകളിൽ പ്രായമുള്ള ജേക്കബച്ചൻ മുപ്പത്തഞ്ചു വയസ്സ് പോലും തികയാത്ത ലീന ഡോക്ടറുമായി ഒളിച്ചോടുക…!! ഛെ…!! ഗ്രാമവാസികളൊന്നാകെ ഇളകി ഇരമ്പിയാർത്തു ആ വാർത്ത കണ്ടിട്ട്..അവർ ബംഗ്ളാവിലേക്ക് നടന്നു. …. ” ഇതെന്താ രാവിലെ എല്ലാവരും കൂടി ഇങ്ങോട്ട്…? മുതലാളിമാരിവിടെയില്ല….! ബംഗ്ളാവിലെ ജോലിക്കാരനായ ആന്റ്റണിയുടെ വാക്കുകൾ കേട്ട് ഗോവിന്ദൻമാഷ് ഒപ്പമുണ്ടായിരുന്നവരെ നോക്കി. .. ജോസപ്പൻ ഡോക്ടറും മക്കളും എവിടെ പോയതാ ആന്റ്റണി ചേട്ടാ ….?

”രാവിലെത്തെ പത്രവാർത്ത കണ്ടു വെറിപിടിച്ച് അപ്പനും മക്കളും കൂടി ഇവിടെന്ന് പോയതാ മാഷെ…., അങ്ങനെയൊരു വാർത്ത അവരൊട്ടും പ്രതീക്ഷിച്ചിരുന്നില്ല മാഷെ…” നമുക്ക് അറിയാവുന്നതല്ലേ ജേക്കബ് അച്ചനെയും ലീന കൊച്ചിനെയും…!! പോക്കു കണ്ടിട്ടവർ പോയത് പോലീസ് സ്റ്റേഷനിലേക്കാണെന്നാണ് മാഷെ തോന്നുന്നെ….. ●●●●●●●●●●●●● “ഞങ്ങൾക്കാർക്കുമില്ലാത്തൊരു സംശയം ഞങ്ങളുടെ കൊച്ചിനെ പറ്റിയും അച്ചനെപറ്റിയും നിങ്ങൾക്കെങ്ങനെ തോന്നി ഇൻസ്പെക്ടർ…? നിങ്ങളിൽ നിന്നു കിട്ടിയ വിവരമനുസരിച്ചായിരിക്കുമല്ലോ പത്രക്കാർ ഈ വാർത്ത കൊടുത്തത്…

അങ്ങനെയൊരു വാർത്ത അവർക്ക് നൽകുന്നതിനു മുമ്പ് വിവരങ്ങൾ ഞങ്ങളെ വിളിച്ചൊന്ന് പറയാനുള്ള സാമാന്യ മര്യാദപോലും നിങ്ങൾ കാണിച്ചില്ല….ഇതിനു നിങ്ങൾ ഉത്തരം പറഞ്ഞേ മതിയാവുകയുളളൂ ഇൻസ്പെക്ടർ. .!! വർഷം പത്തിരുപതായി അച്ചൻ ഞങ്ങളുടെ ഇടവകയിലെത്തിയിട്ട്…. അന്നുമുതൽ ഞങ്ങൾക്കദ്ദേഹത്തെ അറിയാം. …പിന്നെ ദേ എന്റെ ഈ മകന്റെ ഭാര്യയാണ് ലീന…കുട്ടിക്കാലം മുതൽ ഞങ്ങൾക്ക് നേരിട്ടറിയാവുന്നവളാണവൾ.! ഇവന്റ്റെ ഭാര്യയായി തേക്കിൻതോട്ടത്തിലേക്ക് വരുന്നതിനുമുമ്പേ അവളെന്റ്റെ മകളായതാണ്…

എന്റെ പ്രിയ കൂട്ടുകാരൻ സാമുവൽ ഡോക്ടറുടെ മകളാണവൾ… ആ അവളാണോ ദൈവസ്ഥാനീയനായ ഒരുവികാരിയുടെ കൂടെ ഒളിച്ചോടിയെന്ന് നിങ്ങൾ പറയുന്നത്. ..? നിങ്ങൾ ഉത്തരം പറഞ്ഞേ മതിയാവുകയുളളു എസ് ഐ ഷാനവാസ്. …കാരണം ഒരു കുടുംബത്തെ മാത്രമല്ല ഒരു നാടിനെ തന്നെയാണ് ഈ ഒരു വാർത്തയിലൂടെ നിങ്ങൾ അപമാനിച്ചിരിക്കുന്നത്…!! പറയൂ നിങ്ങൾ എങ്ങനെ അങ്ങനെയൊരു നിഗമനത്തിലെത്തിയെന്ന്…..? ദേഷ്യത്താൽ ചുവന്ന മുഖവുമായ് തൊട്ടു മുന്നിലിരിക്കുന്ന ജോസപ്പൻ ഡോക്ടറെയും മക്കളെയും നോക്കി ഉത്തരങ്ങൾ നഷ്ടപ്പെട്ടവനായി ഒരു നിമിഷമിരുന്നു എസ് ഐ ഷാനവാസ്. …

“ഡോക്ടർ. ..നിങ്ങൾ ഞങ്ങളോട് ദേഷ്യപ്പെട്ടതുകൊണ്ട് കാര്യമില്ല. ..ഞങ്ങൾ ഞങ്ങളുടെ ജോലിയാണ് ചെയ്തത്. .പിന്നെ ആ വാർത്ത ഞങ്ങൾ നിങ്ങളെ അറിയിക്കാൻ ശ്രമിക്കുന്നതിനു മുമ്പ് തന്നെ പത്രക്കാർ മണത്തറിഞ്ഞതാണ്…ഡോക്ടർക്കറിയാലോ തൊഴിൽ പത്ര ലേഖകർ ആണെങ്കിലും നമ്മുടെ ലേഖകൻമാരിൽ പലരും പോലീസിനെക്കാൾ കൂർമ്മ ബുദ്ധിയുളളവരാണ്.. ഇനി ഞങ്ങൾ എങ്ങനെ അച്ചനും ഡോക്ടർ ലീനയും ഒളിച്ചോടിയെന്ന നിഗമനത്തിലെത്തിയെന്നാണെങ്കിൽ ദാ ഇതാണതിനുളള ഉത്തരം. ..

ഡോക്ടറുടെ മുമ്പിലേക്കൊരു ഫയൽ നീട്ടി ഷാനവാസതു പറഞ്ഞപ്പോൾ വിറയാർന്ന കൈകളോടെ ആ ഫയൽ തുറന്നു പീറ്റർ. ..അതിനുളളിൽ കഴിഞ്ഞ കുറെ ദിവസങ്ങളായി അച്ചനും ലീനയും നിരന്തരം ഫോണിൽ സംസാരിച്ചതിന്റ്റെ വിശദാംശങ്ങളും കാണാതെയാവുന്നതിനു തൊട്ട് മുമ്പ് രണ്ടു പേരും ഒരുമ്മിച്ചൊരു ടവറിനു കീഴിൽ ഉണ്ടായിരുന്നു എന്നതിന്റെ തെളിവുകളുമായിരുന്നു….!! ********* പഴംതമിഴ് പാട്ടിഴയും…… ശ്രുതിയിൽ, പഴയൊരു തംമ്പുരു തേങ്ങീ… മണിച്ചിത്ര താഴിനുളളിൽ…..

സ്റ്റീരിയോയിൽനിന്നുയരുന്ന ഗാനമാസ്വദിച്ച് മെല്ലെ വളവുകൾ ശ്രദ്ധിച്ച് ബസ് ഓടിക്കുന്നതിനിടയിലാണ് ബസ്സിനുനേരെ കൈ നീട്ടി കൊണ്ടൊരു പെൺകുട്ടി പെട്ടെന്ന് റോഡിനുനടുവിലേക്ക് കയറി നിന്നത് ബസ്ഡ്രൈവർ ഗോപി കണ്ടത്…. സഡൻ ബ്രേക്ക് ഇട്ട് ബസ് നിർത്തി അവളെ നാലുചീത്ത വിളിക്കാനായി ഗോപി വാ തുറന്നപ്പോഴേക്കും മനോഹരമായ ഒരു ചിരി അവനുസമ്മാനിച്ചുകൊണ്ടവൾ ബസ്സിനുളളിലേക്ക് കയറി നിന്നു. .. “ഹ..എന്നെയിങ്ങനെ നോക്കി പേടിപ്പിക്കാതെ വണ്ടി വിട് ചേട്ടാ. . ദാ കണ്ടില്ലേ എല്ലാവരും നമ്മളെതന്നെ നോക്കുന്നു….!! കൂസാതെയുളള അവളുടെ മറുപടികേട്ടൊരു ഇളിഭ്യ ചിരിയോടെ ബസ് മുമ്പോട്ടെടുക്കുമ്പോഴും ഗോപിയുടെ കണ്ണ് ഇടയ്ക്കിടെ ആ പെൺകുട്ടിയിൽ പതിച്ചു. ..

തന്റെ മാത്രമല്ല ബസ്സിനുളളിലെ ഒട്ടുമിക്ക ആളുകളും അവളെ തന്നെയാണ് ശ്രദ്ധിക്കുന്നത് എന്ന് ഗോപിക്ക് മനസ്സിലായീ…. ശരീര വടിവുകൾ കാണിക്കുന്ന വിധംദേഹത്തോടൊട്ടി കിടക്കുന്ന ബനിയനും ജീൻസും ധരിച്ച് തനിക്ക് ചുറ്റും നടക്കുന്നതൊന്നുംമറിയാത്തതുപോലെ ആ പെൺകുട്ടിയപ്പോൾ പുറം കാഴ്ചകൾ നോക്കി നിൽക്കുകയായിരുന്നു…. ആളെറങ്ങാനുണ്ടേ..!!. എന്ന ശബ്ദം കേട്ട് ഗോപി ബസ് നിർത്തിയതുംതെന്മല ഗ്രാമത്തിലെ റൗഡിയായറിയപ്പെട്ടുന്ന സുനി ഇറങ്ങാനായ് മുൻ വാതിലിനരികിലെത്തി…

ഇറങ്ങി പോവാൻ ശ്രമിക്കുന്നതിനിടയിലവൻ പുറത്തെ കാഴ്ചകൾ കണ്ടു നിൽക്കുന്ന ആ പെൺകുട്ടിയുടെ ശരീരത്തിന്റെ പിൻഭാഗത്തൊരു വഷള ചിരിയോടെ കയ്യമർത്തി….!! പ്ടേ….!! കാതടപ്പിക്കുന്നൊരൊച്ച ബസ്സിനുളളിൽ മുഴങ്ങവേ കവിൾ പൊത്തികൊണ്ട് സുനി റോഡിലേക്ക് തെറിച്ച് വീണു. ….!!

തുടരും…..