അഷ്ടപദി: ഭാഗം 24
രചന: രഞ്ജു രാജു
“ഞാൻ ഇറങ്ങി പോകണോ വേണ്ടയോ എന്ന് ഒന്ന് ആലോചിക്കട്ടെ നാരായണ……” … അവിടെ കിടന്ന ഒരു കസേരയിൽ കാലിന്മേൽ കാലും കയറ്റി വെച്ച് കൊണ്ട് ധരൻ ഉമ്മറത്ത് നിവർന്നു ഇരുന്നു.. അത് കണ്ടതും, അച്ഛനും ചെറിയച്ഛനും കൂടി ചെന്നു ധരനെ പിടിച്ചു എഴുനേൽപ്പിക്കുന്നത് കാർത്തു നിറ കണ്ണുകളോടെ നോക്കി. പക്ഷെ…. പിന്നീട് അവിടെ നടന്നത് വേറൊന്നായിരുന്നു.. “മാറി നിക്കെടാ ചെറ്റകളെ….” ചെറിയച്ഛനെ ധരൻ പിടിച്ചു പിന്നിലേക്ക് ആഞ്ഞു തള്ളിയതും എല്ലാവരും ഞെട്ടി.. “എടാ… ഇറങ്ങേടാ നായെ ഞങളുടെ വീട്ടിൽ നിന്നും…..” നാരായണൻ ആക്രോശിച്ചു കൊണ്ട് പാഞ്ഞു അടുത്തു.
“എന്റെ തറവാട്ടിൽ ഇത്രയും നാളും യാതൊരു ഉളുപ്പും കൂടാതെ താമസിച്ചിട്ട്, എന്നോട് ഇറങ്ങി പോകാനോ…….. ഇപ്പൊ, ഈ നിമിഷം എല്ലാം പൂട്ടി കെട്ടി ഇറങ്ങി പൊയ്ക്കോണം എല്ലാം.ഒറ്റ ഒരെണ്ണത്തെ കണ്ടു പോവരുത്….. ” അവന്റെ വാക്കുകൾ കേട്ടതും, എല്ലാവരും സ്തംഭിച്ചു നിന്നു. ഇതു എന്തൊക്ക ആണ് ധരൻ വിളിച്ചു പറയുന്നത്…ഇയാൾക്ക് ഇതു എന്താ പറ്റിയേ കാർത്തു അവനെ ഉറ്റു നോക്കി. നിനക്ക് എന്താടാ ഭ്രാന്ത് ഉണ്ടോ.. ഇങ്ങനെ ഒക്കെ പുലമ്പാൻ.. ചെറിയച്ഛൻ ആണ്.. “കൂടുതൽ സംസാരം ഒന്നും വേണ്ടാ.. മര്യാദക്ക് ഇറങ്ങിക്കോണം എല്ലാം…. ഹ്മ്മ് വേഗം ആവട്ടെ” അവന്റ ശബ്ദം മുറുകി.
‘നീയ്…. നീ ആരാടാ….എന്താ നിന്റെ ഉദ്ദേശം…”അച്ഛൻ ആണെങ്കിൽ വീണ്ടും ധരന്റെ അടുത്തേക്ക് പാഞ്ഞു വന്നു. “എന്നെ അറിയില്ല അല്ലേ നാരായണാ നിനക്ക്……അത്ര വേഗണ് മറന്നു പോകാൻ യാതൊരു വഴിയും ഇല്ലാല്ലോടോ…. ” ധരൻ അയാളെ സൂക്ഷിച്ചു നോക്കി. “എന്താടോ താൻ കരുതിയെ, ആ ഇത്തിരി പോന്ന പയ്യൻ തിരിച്ചു വരില്ലെന്നോ…. ” അതു കേട്ടപ്പോൾ എല്ലാവരിലും ഭീതി. പെട്ടന്ന് ആണ് ദേവമ്മ അവിടേക്ക് പാഞ്ഞു വന്നത്… എന്നിട്ട് ധരന്റെ ഇരു തോളിലും പിടിച്ചു ഉലച്ചു. “ആരാ….. നി ആരാ…. സത്യം പറയു ” അവരുടെ മിഴികൾ ഒരു മഴ പോലെ പെയ്യുക ആണ് .. കുറച്ചു സമയത്തേക്ക് ധരൻ അവരുടെ മുഖത്തേക്ക് നോക്കി…. തന്റെ അമ്മ….. പ്രണാരക്ഷാർദ്ധം ഈ പടി കടന്നു പോയപ്പോൾ തന്റെ അമ്മയിൽ നിന്നു ഉയർന്നു വന്ന പൊട്ടിക്കരച്ചിൽ ആയിരുന്നു അപ്പോളും അവന്റ ഉള്ളിൽ നിറഞ്ഞു നിന്നത്….
“അമ്മേ……” അവൻ വിളിച്ചതും, ഒരു തേങ്ങലോട് കൂടി അവർ അവനെ ചേർത്തണച്ചു. ദേവാ…. എന്റെ മോനേ…….. നീയ്…. നീ എവിടെ ആയിരുന്നു…. എന്റെ പൊന്നുമോനെ കാണാതെ, നിന്നേ ഓർക്കാതെ, ഈ അമ്മയ്ക്ക് ഇന്നോളം ഒരു നിമിഷം പോലും ഇല്ലായിരുന്നു…….നി എന്നെങ്കിലും തിരിച്ചു വരണെ എന്ന ഒറ്റ പ്രാർത്ഥന യിൽ ആയിരുന്നു മോനേ ഇത്രകാലവും ഈ അമ്മ കഴിഞ്ഞത്…മോനേ….ഈ അമ്മയെ നീ വെറുക്കല്ലേടാ… പൊട്ടി കരഞ്ഞു കൊണ്ട് തന്റെ മുന്നിൽ നിൽക്കുന്ന അമ്മയെ അവൻ നോക്കി. എല്ലാവരും സ്തംഭിച്ചു നിൽക്കുക ആണ്… ഇതു എന്തൊക്കെ ആണ് ഇതു . ധരൻ…… ധരൻ, ദേവമ്മ യുടെ മകൻ ആണോ…. ഈശ്വരാ….. കാർത്തു ഞെട്ടി തരിച്ചു..
ഒപ്പം അവിടെ കൂടിയ ഓരോരുത്തരും. “എന്റെ അമ്മയെ വെറുക്കാനോ…. അത് ഈ ജന്മം എനിക്ക് സാധിക്കില്ല മ്മേ….. ഓരോ പുലരിയിലും പ്രതീക്ഷയുടെ ധരൻ കാത്തിരുന്നത് ഈ ഒരു നിമിഷത്തിനായിരുന്നു…” ദേവമ്മയെ അശ്വസിപ്പിച്ച ശേഷം ധരൻ അവരെ പിടിച്ചു കൊണ്ട് പോയി അരഭിതിയിൽ ഇരുത്തി. അവർ വീണുപോകുമോ എന്ന് ഭയപ്പെട്ടു കൊണ്ട് കാർത്തു അവർക്കരികിലേക്ക് ഓടി ചെന്നു. മുത്തശ്ശി യുടെ അടുത്തേക്ക് അടി വെച്ചു കൊണ്ട് നടന്നു ചെല്ലുന്ന ധരനെ എല്ലാവരും നോക്കി. “ഇങ്ങനെ ഒരു മടങ്ങി വരവ്… അത് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല ല്ലേ സരസ്വതി തമ്പുരാട്ടി…..” അവരെ നോക്കി പുച്ഛത്തോടെ പറയുക ആണ് ധരൻ. അവരുടെ മുഖം താണു.
22 വർഷങ്ങൾക്ക് മുന്നേ ഈ തറവാട്ടിൽ നിന്നും എന്നെ ആട്ടി പായിച്ചത് ഓർമ്മയുണ്ടോ നിങ്ങൾക്ക്…. എന്റെ അമ്മയെ ഒരു ഭ്രാന്തി ആക്കി മുറിയിൽ അടച്ചിട്ടില്ലേ നിങ്ങൾ…. നിങ്ങളുടെ സ്വന്തം രക്തം അല്ലായിരുന്നോ എന്റെ അമ്മയുടെ അമ്മ….. മനസാക്ഷി ഉള്ള ഏതെങ്കിലും സ്ത്രീ ചെയ്യുന്നത് ആണോ അന്ന് നിങ്ങള് ചെയ്തേ….. ആണോന്നു…. ധരൻ അലറി.. എന്നിട്ട് കാർത്തു വിന്റെ അടുത്തേക്ക് ചെന്നു. “ടി…… നിനക്ക് അറിയാമോടി ഈ കഥകൾ വല്ലതും….”… അവൻ അവളുടെ താടി പിടിച്ചു മേല്പോട് ഉയർത്തി. അവൾ നിഷേധാർദ്ധത്തിൽ തല ആട്ടി.. “ഹ്മ്മ്… നിനക്ക് അറിയാൻ വഴിയില്ല… കാരണം, നിനക്ക് അന്ന് രണ്ട് വയസ് ഒള്ളു…..” കിതച്ചുകൊണ്ട് തന്നെ നോക്കി പറയുന്നവനെ കാർത്തു സൂക്ഷിച്ചു നോക്കി. അപ്പോഴേക്കും ലക്ഷ്മി ആന്റിയും അങ്കിളും ഓടിവരുന്നുണ്ടായിരുന്നു.
. “മോനേ…. ധരൻ….. നീ വരുന്നുണ്ടോ വീട്ടിലേക്ക്….” ലക്ഷ്മി ആന്റി ധരന്റെ കൈയിൽ പിടിച്ചു….. “വരാം അമ്മേ….. നിങ്ങള് ഇപ്പൊ ചെല്ല് ” “ഇല്ല… നീയും കൂടി വരാതെ ഞങ്ങള് പോകില്ല…” “ഹാ… എന്റെ കഥ പറയട്ടെ അമ്മേ ഇവരോട് ഒക്കെ .. ദേ ഈ നിൽക്കുന്ന എന്റെ ഭാര്യയ്ക്ക് പോലും ഒന്നും അറിയില്ലെന്ന്…” അവൻ കാർത്തുവിനെ പിടിച്ചു സരസ്വതി അമ്മേടെ മുന്നിലേക്ക് നിറുത്തി. നിന്റെ മുത്തശ്ശി ഇല്ലേ….. ഈ നിൽക്കുന്ന സരസ്വതി തമ്പുരാട്ടി … ഇവർക്ക് ഒരു ചേച്ചി ഉണ്ടായിരുന്നു… ജാനകി തമ്പുരാട്ടി……. സൗന്ദര്യം കൊണ്ട് സമ്പന്നകൾ ആയിരുന്നുന്ന രണ്ട് സഹോദരിമാർ… ധരൻ പറയാൻ തുനിഞ്ഞതും ലക്ഷ്മി വന്നു അവനെ തടഞ്ഞു. “മോനേ…നീ ചെന്നു വണ്ടിയിൽ കയറു…. ഞാൻ പറഞ്ഞോളാം ഇവരോട് കഥകൾ ഒക്കെ…”
“വേണ്ട ലക്ഷ്മി അമ്മേ… അതിന്റ ഒന്നും ഒരാവശ്യവും ഇല്ല….. ഞാൻ പറഞ്ഞോളാം…. അനുഭവിച്ച തു മുഴുവനും ഞാൻ ഒറ്റയ്ക്ക് അല്ലേ…” “ധരൻ….. നീ ഇവിടെ വന്നു ഇരുന്നേ…. വെറുതെ ഓരോന്ന് കാട്ടി കൂട്ടി വിഷമിക്കാതെ മോനേ ” മേനോനും കൂടി വന്നു പറഞ്ഞപ്പോൾ അവൻ മറുത്തൊന്നും പറയാതെ കൊണ്ട് അമ്മയുടെ അരികിലായി പോയി ഇരുന്നു. ബാക്കി കഥകൾ ഒക്കെ പറഞ്ഞത് ലക്ഷ്മി ആയിരുന്നു. ജാനകിയും സരസ്വതി യിം.. അമ്മ ഇല്ലാതെ ആണ് രണ്ട് സഹോദരിമാരും വളർന്നത്… അതും അവരുടെ മുത്തശ്ശിയുടെ ശിക്ഷണത്തിൽ.. ജാനകിയെ കണ്ടു മോഹിച്ചു ആണ്, ജന്മി തറവാട്ടിൽ നിന്നും ഒരു ആലോചന വരുന്നത് ആണും പെണ്ണും ആയി ഒരേ ഒരു ആൺതരി മാത്രം ഉള്ളായിരുന്നു ആ കുടുബത്തിൽ..
. ഒന്നും നോക്കാതെ കൊണ്ട് ജാനകി യുടേ അച്ഛൻ സമ്മതം മൂളി.. കാരണം ആ നാട്ടിലെ പ്രഭുക്കന്മാർ ആയിരുന്നു ചെക്കന്റെ കുടുംബം. അങ്ങനെ ഈ കാണുന്ന തറവാട്ടിലേക്ക് ജാനകി,അറയ്ക്കൽ മാളിക യിലെ രാജേദ്രന്റെ ഭാര്യയായി കടന്നു വന്നു. ഒരു പാവം പെണ്ണ്..എല്ലാവരോടും വളരെ വിനയവും, അടക്കവും ഒതുക്കവും ഒക്കെ ഉള്ള ഒരു സാധു.. ആരും കണ്ടാലും ഇഷ്ടം ആകും.. രാജേന്ദ്രൻ അവളെ പൊന്നു പോലെ സംരക്ഷിച്ചു. അവളുടെ വീട്ടിലേക്ക് വേണ്ട എല്ലാ സഹായവും ചെയ്തു.. സന്തോഷം ആയിട്ട് കഴിഞ്ഞു പോന്നു. ജാനകി യുടെ കല്യാണം കഴിഞ്ഞു കുറച്ചു നാൾ കഴിഞ്ഞപ്പോൾ,, അവരുടെ അച്ഛനും മരിച്ചു പോയി…
ശേഷം ആരോരും ഇല്ലാത്ത അനുജത്തി യായ സരസ്വതി യെ കൂട്ടി കൊണ്ട് ജാനകി ഇവിടേക്ക് വന്നു…എല്ലാവരും കൂടി സന്തോഷത്തോടെ കഴിഞ്ഞു വരിക ആയിരുന്നു. ജാനകി യുടെ കല്യാണം കഴിഞ്ഞു 6വർഷം ആയിട്ടും അവർക്കൊരു കുഞ്ഞിനെ ഈശ്വരൻ കൊടുത്തിരുന്നില്ല… ആ ഒരു ദുഃഖം മാത്രം ഇടയ്ക്ക് അവരെ കീഴ്പ്പെടുത്തും. നേർച്ചയും കാഴ്ചയും, വഴിപാട് ഒക്കെ നടത്തി, അവർ അങ്ങനെ നടന്നു… അങ്ങനെ ഇരിക്കെ ആ ആ സന്തോഷ വാർത്ത അവരെ തേടി എത്തിയത്… ജാനകി ഗർഭിണി ആയിരിക്കുന്നു… പിന്നീട് അങ്ങോട്ട് സന്തോഷത്തിന്റെ നാളുകൾ. തറവാട്ടിൽ ഒരു ഉത്സവ പ്രതീതി ആയിരുന്നു. തന്റെ ഭാര്യയെ സ്നേഹം കൊണ്ട് വീർപ്പു മുട്ടിച്ചു ആണ് രാജേന്ദ്രൻ കൊണ്ട് നടന്നത്……
അങ്ങനെ അവർക്കൊരു പെൺകുട്ടി ജനിക്കുന്നു…. ദേവകി എന്ന ഈ നിൽക്കുന്ന എന്റെ അമ്മ…. പക്ഷെ വിധി വീണ്ടും അവരെ വേട്ടയാടുന്നു.. പ്രസവത്തോട് കൂടി അമിത രക്തസ്രാവത്തെ തുടർന്ന്, മരിച്ചു പോയ സഹോദരിയുടെ കുഞ്ഞിനെ പിന്നീട് നോക്കി വളർത്തിയത് സരസ്വതി ആയിരുന്നു. അമ്പലത്തിലേക്ക് പോയിട്ട് തിരികെ വരാം എന്ന് പറഞ്ഞു പോയ, രാജേന്ദ്രനും, ഭാര്യയുടെ ദുഃഖം താങ്ങാൻ ആവാതെ എവിടേയ്ക്കോ നാട് വിട്ട് പോയി.. ഒരു വർഷം കഴിഞ്ഞപ്പോൾ സരസ്വതി വിവാഹിത ആവുന്നു. രണ്ട് ആൺ മക്കൾ ജനിക്കുന്നു. അത്ര നാളും സ്വന്തം മകളെ പോലേ സ്നേഹിച്ച, സരസ്വതി പിന്നീട് ദേവമ്മയോട് ക്രൂരമായി പെരുമാറുന്നു.
എല്ലാം സഹിച്ചും ക്ഷമിച്ചും, ഈ സഹോദരങ്ങളെയും നോക്കി വളർത്തി അവൾ ഇവിടെ ഒരു അടിമയെ പോലെ ഈ നാല് ചുവരുകൾക്ക് ഉള്ളിൽ കഴിഞ്ഞു. ആകെ വല്ലപ്പോഴും പോകുന്നത് അമ്പലത്തിലേക്ക് മാത്രം ആയിരുന്ന്.. പഠിക്കാൻ ബഹു മിടുക്കി ആയിരുന്നു ദേവകി. പത്തം തരം കഴിഞ്ഞതും ദേവകി കോളേജിലേക്ക് ചേർന്നു. ഒരുപാട് പുതിയ കൂട്ടുകാരികൾ.. സന്തോഷം നിറഞ്ഞ ദിവസങ്ങൾ.. ജീവിതത്തിൽ ഒരു പുതു വസന്തം വന്ന പോലെ.. അങ്ങനെ ഇരിക്കെ ഒരു ദിവസo ദേവകിയ്ക്ക് ഒരു പുതിയ കൂട്ടുകാരനെ ലഭിച്ചു.. വേണു…. നന്നായി പാട്ട് പാടുന്ന, ചിത്രം വരയ്ക്കുന്ന, കവിതകൾ എഴുതുന്ന വേണു…. അവരുടെ സുഹൃത്ത് ബന്ധം പ്രണയത്തിനു വഴി മാറ്റാൻ അധികം ദിവസം വേണ്ടി വന്നില്ല… അവരുടെ പ്രണയം പൂത്തു തളിർത്തു..
ദേവകി ആണെങ്കിൽ ആരോടും പറയാതെ, മൂടി വെച്ചിരുന്നത് ആയിരുന്നു തന്റെ ഇഷ്ടം… പക്ഷെ ഒരു ദിവസം, അവളുടെ കൂട്ടുകാരിയും അയൽക്കാരിയും ആയ സുമിത്ര അത് അറിയുന്നു. അവളുടെ അമ്മ വഴി അത് സരസ്വതി യിലേക്കും എത്തി. കോളേജ് വിട്ട് വന്ന ദേവകി യെ അവർ പൊതിരെ തല്ലി… പഠനം നിറുത്തി, വീട്ടു തടങ്കലിൽ ആക്കി. സുമിത്ര യും ഒരുപാട് വിഷമിച്ചു.. കുറ്റബോധം അവളെ തളർത്തി.. പാവം വേണു ഇതു ഒന്നും അറിഞ്ഞിരുന്നില്ല. ദേവകിയ്ക്ക് എന്ത് പറ്റി എന്നറിയാതെ അയാൾ വിഷമിച്ചു. സുമിത്ര യോട് ചോദിച്ചപ്പോൾ അവൾ ആണ് ഇതെല്ലാം ഏറ്റു പറഞ്ഞത്. രാത്രി യിൽ അവൻ വന്നു വിളിക്കുമെന്നും, പിന്നാമ്പുറത്തെ വാതിലിൽ കൂടി ഇറങ്ങി വരണം എന്നും വേണു സുമിത്രയോട് പറഞ്ഞു വിട്ടു.
23വയസ് മാത്രം പ്രായം ഉണ്ടായിരുന്നുള്ളൂ വേണുവിന്. ഇരുവരുടെയും പ്രായത്തിന്റെ എടുത്തുചാട്ടവും പക്വതയില്ലായ്മയും….. അന്ന് രാത്രിയിൽ വേണു വന്നു,,,, ദേവകി അവനോടൊപ്പം ഇറങ്ങിപ്പോവുകയും ചെയ്തു… ഇരുവരും ആ നാടുവിട്ടു.. പാലക്കാട് എവിടെയോ ഉള്ള ഗ്രാമത്തിൽ, വേണുവിന്റെ ഒരു സുഹൃത്ത് വഴി,അവര് എത്തിച്ചേർന്നു… അവിടെ ഒരു ചെറിയ കമ്പനിയിൽ അവൻ ജോലിക്കും കയറി.. അവരുടെ ചെറിയ ജീവിതത്തിൽ, സന്തോഷം നിറയുകയായിരുന്നു പിന്നീട്.. അവരുടെ വീടിനോട് ചേർന്ന്, താമസിച്ചുരുന്നവർ ആയിരുന്നു, ഒരു സതീദേവിയും കൃഷ്ണൻ മേനോനും… ഒരു കുടുംബം പോലെയായിരുന്നു അവർ കഴിഞ്ഞിരുന്നത്…
തങ്ങൾക്ക് കിട്ടിയ ചെറിയ വരുമാനത്തിലൂടെ, വേണുവും ദേവകിയും പുതിയൊരു ജീവിതം പടുത്തുയർത്തുകയായിരുന്നു.. അങ്ങനെയിരിക്കെ, അവരുടെ ജീവിതത്തിലേക്ക്, പുതിയ ഒരു അതിഥി കൂടി വരുന്നു എന്നറിഞ്ഞു.. അവരുടെ സന്തോഷത്തിനും മധുരം കൂടി.. പിന്നീട് അങ്ങോട്ട് കാത്തിരിപ്പിന്റെ നിമിഷങ്ങൾ ആയിരുന്നു …. ദേവകിക്ക് എല്ലാ സഹായവും ചെയ്തു കൊണ്ട്, അവളുടെ സതി ഏടത്തിയും ഒപ്പം ഉണ്ടായിരുന്നു…. അവൾ ആഗ്രഹിച്ചത് പോലെ ഒരാൺകുഞ്ഞിനെ ഈശ്വരൻ അവർക്ക് നൽകി… കുഞ്ഞിന് രണ്ട് വയസ്സുള്ളപ്പോഴാണ്, ദാരുണമായ ആ സംഭവം നടന്നത്…. വേണു ജോലിചെയ്യുന്ന കമ്പനിയിൽ, രണ്ട് യൂണിയനുകൾ ഉണ്ടായിരുന്നു..
യൂണിയൻകാര് തമ്മിലുണ്ടായ വിഷയo, പരിഹരിക്കുവാൻ ആയി, കമ്പനി നിയോഗിച്ചത് വേണുവിനെ ആയിരുന്നു… അവരുമായി ചർച്ചയ്ക്ക് എത്തിയ വേണു, ഒരു യൂണിയന് വേണ്ടി തന്നെ സംസാരിക്കുന്നു എന്നും പറഞ്ഞുകൊണ്ട്, എതിർ യൂണിയൻ ബഹളം ഉണ്ടാക്കി… ആരോ ഒരാൾ , വേണുവിനെ പിന്നിൽ നിന്നും കുത്തി വീഴിച്ചു.. ഹോസ്പിറ്റലിൽ എത്തിക്കുവാനും, കുറച്ച് സമയം വേണ്ടി വന്നിരുന്നു… പക്ഷേ അപ്പോഴേക്കും വേണു, ദേവകിയെയും കുഞ്ഞിനെയും തനിച്ചാക്കിക്കൊണ്ട് ഈ ലോകത്തുനിന്നും യാത്രയായിരുന്നു… വിവരമറിഞ്ഞ ദേവകി, ഒരു ഭ്രാന്തിയെ പോലെയായി… ആരോടും മിണ്ടുകയും പറയുകയും ചെയ്യാതെ, കുഞ്ഞിനെ പോലും ഒന്ന് നോക്കാതെ, അവൾ മുറിയിൽ തന്നെ ഇരിപ്പായി…
പിന്നീട് കുറേ നാളുകൾ വേണ്ടിവന്നു അവൾ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരുവൻ…. അപ്പോഴൊക്കെ ഒരു അമ്മയെപ്പോലെ അവളെ, സംരക്ഷിച്ചുകൊണ്ടിരുന്നത് സതി ഏടത്തി ആയിരുന്നു.. വർഷങ്ങൾ പിന്നിട്ടു കൊണ്ടേയിരുന്നു.. കുഞ്ഞിന് ആറു വയസ് ഉള്ളപ്പോൾ, അവരെല്ലാവരും കൂടി ഗുരുവായൂരിലേക്ക് ഒരു യാത്ര പോയി. അവിടെ വെച്ചാണ്, ദേവകി വീണ്ടും, സരസ്വതി അമ്മയെയും,കുടുംബത്തെയും കണ്ടുമുട്ടുന്നത്… ആരുടെയോ കല്യാണത്തിൽ പങ്കെടുക്കുവാനായി എത്തിയതായിരുന്നു അവര്.. മുഖംമൂടി അണിഞ്ഞു കൊണ്ട് അവളെ സ്നേഹിച്ചു വശത്താക്കി, സരസ്വതി അമ്മയും മക്കളും വീണ്ടും അവളെ തറവാട്ടിലേക്ക് കൊണ്ടുവന്നു…
അപ്പോഴൊന്നും ദേവകി അറിഞ്ഞിരുന്നില്ല,തനിക്ക് അവകാശമുള്ള,ഈ തറവാടും, ഇതിനോട് അനുബന്ധിച്ച് കിടക്കുന്ന സ്വത്തുക്കളും കൈക്കലാക്കുവാൻ വേണ്ടി സരസ്വതി കളിക്കുന്ന നാടകമാണിതെന്ന്… മൂന്ന് മാസക്കാലം വലിയ തരക്കേടില്ലാതെ കഴിഞ്ഞു പോയി.. അപ്പോഴൊക്കെ സരസ്വതിയെയും മക്കളെയും വേട്ടയാടിയിരുന്നത്, ദേവകിയുടെ മകൻ ആയിരുന്നു… അവനെ ഇവിടെ നിന്നും ഓടിച്ചില്ലെങ്കിൽ, ഈ കാണുന്ന സ്വത്തിന്റെ എല്ലാം ഏക അവകാശി അവൻ ആകും എന്ന് അവർ മനസ്സിലാക്കി… നാരായണനും അവന്റെ അനിയനും ചേർന്ന്, തരം കിട്ടുമ്പോഴൊക്കെ ആ കുട്ടിയെ ഉപദ്രവിക്കുമായിരുന്നു….
കുട്ടിയുടെ പുറത്തും കാലിലും ഒക്കെ അവര് അടിക്കുന്ന പാട് തീണിർത്തു കിടക്കും.. ദേവികയോട് അവൻ കരഞ്ഞു പറഞ്ഞതാണ് നമുക്ക് ഇവിടെ നിന്ന് പോകാം എന്ന്… പക്ഷേ അവൾക്കും ഇവിടെ നിൽക്കുക എന്നല്ലാതെ വേറൊരു നിർവാഹം ഇല്ലായിരുന്നു….. അങ്ങനെ ഇരിക്കെ ഒരു ദിവസം ദേവകി എവിടേയ്ക്കോ പോയ തക്കം നോക്കി, നാരായണനും അമ്മയും കൂടി ഈ കുഞ്ഞിന്റെ ദേഹത്തു ആകെ പൊള്ളിച്ചു.. വാവിട്ടു നിലവിളിക്കുന്ന മകനെ കണ്ടു കൊണ്ട് ആണ് ദേവകി കയറി വന്നത്. ഒരു കാരണവശാലും അമ്മ ഇത് അറിയരുതെന്ന് പറഞ്ഞു കൊണ്ട് നാരായണനും സരസ്വതി അമ്മയും കൂടി കുഞ്ഞിനെ പേടിപ്പിച്ചിട്ടുണ്ടായിരുന്നു…. ഹോസ്പിറ്റലിൽ പോയി മരുന്നു മേടിക്കാം എന്നും പറഞ്ഞ് നാരായണനും വാസുദേവനും കൂടി കൂട്ടി കൊണ്ട് പോയി. ദേവകി ഒപ്പം വരാമെന്ന് പറഞ്ഞിട്ടും അവർ സമ്മതിച്ചില്ല…
കുട്ടിയുടെ അമ്മാവന്മാരല്ലേ തങ്ങൾ,എന്നു പറഞ്ഞുകൊണ്ട് അവർ രണ്ടാളും കൂടി കൊണ്ടുപോയത്. റെയിൽവേ സ്റ്റേഷനിൽ വച്ചായിരുന്നു ഞങ്ങൾ ധരനെ കാണുന്നത്…. ഒരുപക്ഷേ സാക്ഷാൽ ഗുരുവായൂരപ്പൻ ആവും,ഇവനെ ഞങ്ങളുടെ മുന്നിലെത്തിച്ചത്… പണ്ട് പാലക്കാട്, ദേവകിയുടെ വീടിനടുത്ത് താമസിച്ചിരുന്ന സതി ദേവിയും, കൃഷ്ണൻ മേനോനും എന്റെ ബന്ധുക്കൾ ആയിരുന്നു.. അവിടെ വന്നപ്പോൾ, ഒക്കെയും, ധരനെ ഞങ്ങൾ കാണാറുണ്ടായിരുന്നു… വെളുത്തു തുടുത്ത സുന്ദരനായ ഒരു കുട്ടിയായിരുന്നു ഇവൻ… പക്ഷേ ഞങ്ങൾ വീണ്ടും കണ്ടപ്പോൾ,തിരിച്ചറിയാനാവാത്ത വിധം പോലും അവൻ ആകെ മാറി പോയിരുന്നു…
ഞങ്ങൾ എറണാകുളത്ത് ആയിരുന്നു താമസം. ധരനേ, അവിടെക്ക് കൂട്ടി കൊണ്ട് പോയി. ശേഷം,സതി ഏടത്തിയെ വിളിച്ചപ്പോൾ ആണ് ഈ വിവരങ്ങൾ ഒക്കെ അറിയുന്നത്. കുട്ടി അപ്പോളേക്കും വല്ലാതെ ഭയപ്പെട്ടു പ്പായിരുന്നു.. അമ്മ…. അമ്മ എന്ന് മാത്രമേ…ഇടയ്ക്ക് ഒക്കെ പറയു…. .ധരൻ അപ്പോൾ ഞങ്ങളോട് സംസാരിക്കാൻ പോലും ചെയ്യില്ലായിരുന്നു.. കൗൺസിലിംഗ് ഒക്കെ കൊടുത്തശേഷമാണ് ഇവൻ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്.. തിരികെ ദേവകിയുടെ അടുത്തേക്ക് വിട്ടാൽ ഈ കുഞ്ഞിനെ അവർ ജീവനോടെ വെക്കില്ല എന്ന് ഞങ്ങൾക്കറിയാമായിരുന്നു..
അതുകൊണ്ട് ഞങ്ങളുടെ സ്വന്തം മകനെ പോലെ കണ്ട് ധരനെ ഞങ്ങൾ വളർത്തി.. ദേവൻ എന്നായിരുന്നു അവന്റെ പേര്.. അതു മാറ്റി ധരൻ ദേവ് എന്നാക്കി… നല്ലോരു സ്കൂളിൽ ഇവന്റെ വിദ്യാഭ്യാസം ആരംഭിച്ചു.. സ്വന്തമായി ഒരു ജോലി നേടി ഒരു വരുമാനം ഒക്കെ ആയ ശേഷം, നിന്റെ അമ്മയുടെ അരികിലേക്ക് തിരികെ എത്തിക്കാമെന്ന് ഞങ്ങൾ വാക്ക് നൽകി…. ആ വാക്ക് പാലിക്കുവാൻ വേണ്ടി ആണ് ഞങ്ങൾ ഇവിടെക്ക് വീണ്ടും എത്തിയത്.….തുടരും……