Friday, January 17, 2025
Novel

അറിയാതെ : ഭാഗം 4

നോവൽ
എഴുത്തുകാരി: അഗ്നി


അവർ നേരെ ഒരു മാളിലേക്കാണ് ചെന്നത്…അവിടെ വച്ച് കാശിയേം സൈറയേം കുഞ്ഞുങ്ങളേം ഒന്നിച്ചാക്കിയിട്ട് സാമും മിയയും അവരുടേതായ ലോകത്തിൽ ചേക്കേറി…. 🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋 സൈറയ്ക്കും കാശിക്കും തമ്മിൽ നോക്കാൻ എന്തോ ഒരു മടുപ്പ് പോലെ തോന്നി…അതെന്തുകൊണ്ടാണെന്ന് ഇരുവർക്കും ഒരു നിശ്ചയവും ഇല്ലായിരുന്നു… അവസാനം ഇരുവരും അവിടെയുള്ള ബിഗ് ബസാറിലേക്ക് ഒന്നിച്ച് ചുവടുകൾ വച്ചു…

അവിടെ കണ്ട ബേബി സ്ട്രോളറിലേക്ക് കുഞ്ഞാമിയെയും കുഞ്ഞാദിയേയും ഇരുത്തി ഇരുവർക്കും ഓരോ ബോട്ടിലിൽ പാലും കൊടുത്തു.. കാശി ആ സമയം കൊണ്ട് സാധനങ്ങൾ എടുത്ത് വയ്ക്കുവാനായുള്ള ട്രോളിയുമായി വന്നിരുന്നു…സൈറ കുഞ്ഞുങ്ങളെയും കൊണ്ട് നീങ്ങിത്തുടങ്ങി..കാശി അവളുടെ പിറകെയും.. കുഞ്ഞുങ്ങൾ അവരുടെ ഭാഷയിൽ കളിച്ചും ചിരിച്ചും കൊണ്ട് ആ സ്ട്രോളറിൽ അടങ്ങി ഒതുങ്ങി കിടന്നു… കാശിയും സൈറയും കൂടെ ആവശ്യമുള്ള സാധനങ്ങൾ പെറുക്കിവയ്ക്കാൻ തുടങ്ങി..

അവൾ അവനോട് ചേർന്നാണ് നിൽക്കുന്നത്…ഓരോ സാധനങ്ങളും വിവിധ ബ്രാന്റുകളും അളവുകളും നോക്കി നോക്കി തിരഞ്ഞെടുക്കുന്ന അവളെ അവൻ ഒരു കൗതുകത്തോടെ നോക്കി നിന്നു…സൈറ ഇതൊന്നും അറിഞ്ഞിരുന്നില്ല.. തന്റെ മനസ്സ് അവളിലേക്ക് ചായുന്നതായി അവന് തോന്നി…അവളോട് എന്തോ ഒരു അടുപ്പം അവന് തോന്നി…എന്നാൽ അത് അവന് പ്രകടിപ്പിക്കാൻ കഴിയുന്നില്ലയിരുന്നു… കാരണം സൈറ…അവൾ മറ്റൊരാളുടെ ഭാര്യയാണ്…അവൾക്ക് ഒരു കുഞ്ഞുണ്ട്..

തന്നെ അവൻ അപ്പാ എന്ന് വിളിക്കുന്നുണ്ടെങ്കിലും അതിന് അവകാശിയായി മറ്റൊരുത്തനുണ്ട്..അങ്ങനെയുള്ള തനിക്ക് അവളെ നോക്കാൻ എന്ത് യോഗ്യതയാണുള്ളത്… കാര്യം അവൾ തന്റെ ആമിയെ നന്നായി നോക്കുന്നുണ്ടെങ്കിലും അവളെ കുഞ്ഞാമി ‘അമ്മ എന്ന് വിളിക്കുന്നുണ്ടെങ്കിലും അവർ തമ്മിൽ അടുത്താൽ…അത് ആമിയ്ക്ക് വിഷമങ്ങളെ കൊണ്ടുവരികയുള്ളൂ…ഒരു സുപ്രഭാതത്തിൽ അവളെ അവളുടെ ഭർത്താവ് വന്ന് അദ്ദേഹത്തിന്റെ കൂടെ കൊണ്ടുപോയാൽ…..

അത് തന്റെ ആമിക്ക് സഹിക്കാൻ കഴിയില്ല എന്നവന് അറിയാമായിരുന്നു…. എന്ത് ചെയ്യണം എന്നറിയാതെ അവൻ അവിടെത്തന്നെ നിന്നു…. “അതേ…ഇത് പോരെ….”..സൈറയുടെ ചോദ്യം ആണ് അവനെ ഉണർത്തിയത്… ” എഹ്…എന്താ…” “എന്റെ കർത്താവേ..രൂദ്രേട്ടൻ എന്നാ ആലോചിച്ചോണ്ട് ഇരിക്കുവാർന്നു….” “അത്…”..അവന് ഒന്നും പറയാൻ കഴിഞ്ഞില്ല…. “ഓ…അത് വിട്.. ഞാൻ ചുമ്മാ ചോദിച്ചതാ..ഇപ്പൊ ഞാൻ ചോദിച്ചത് കേട്ടാർന്നോ…??” അവൻ ഇല്ലാ എന്നുള്ള രീതിയിൽ തന്റെ ചുമൽ കൂച്ചി…

“ഓഹ്…വേറൊന്നുമല്ല രൂദ്രേട്ട…ദേ ഇത് പാമ്പേഴ്‌സ് ലാർജ് സൈസ് ആണ്…ആമിയ്ക്ക് ലാർജ് സൈസ് ഡയപ്പർ അല്ലെ….” അവൻ അതേ എന്നുള്ള രീതിയിൽ തന്റെ തലകൾ ചലിപ്പിച്ചു… “ഓക്കെ…അപ്പൊ പറഞ്ഞു വന്നത് എന്താണെന്ന് വച്ചാൽ ഇത് പാമ്പേഴ്‌സ് പാന്റ്‌സ്..ഇത് മാമി പൊക്കോ പാന്റ്‌സ്..” അവൾ രണ്ട് കവറുകളും കൈകളിലുയർത്തിക്കൊണ്ട് തുടർന്നു.. “ഇതിൽ ഓഫറുകൾ വച്ച് നോക്കുമ്പോൾ മാമി പൊക്കോ ആണ് ലാഭം..ഏത് എടുക്കണം….” “അതൊക്കെ താൻ എടുത്തോ”…

എന്നുള്ള ഒരു ഒഴുക്കൻ മറുപടി അവൻ അവൾക്ക് നൽകിയിട്ട് കുവാൻ കുഞ്ഞുങ്ങളുമായി മുന്നോട്ട് നീങ്ങി… അവൾ ഇതൊക്കെ എന്താ എന്നുള്ള രീതിയിൽ.ഒരു പായ്ക്കറ്റ് എടുത്ത് അവനെ അനുഗമിച്ചു.. അവർ വീണ്ടും ഓരോരോ സാധനങ്ങൾ എടുക്കാനായി ഓരോ റാക്കിലും എത്തി..എല്ലാം സൈറയാണ് എടുത്തത്…കാശി പേരിന് മാത്രം കൂടെ നിന്നുവെന്നേയുള്ളൂ…അവന്റെ മനസ്സിൽ പിടിവലികൾ നടക്കുകയായിരുന്നു…താൻ കണ്ട സ്വപ്നവും എന്നാൽ തന്റെ ജീവിത സാഹചര്യങ്ങളും…എല്ലാം…

ഇതേസമയം ആദിയും ആമിയും അവരുടെ ലോകത്തായിരുന്നു…അവർ ചിരിച്ചും കളിച്ചുംകൊണ്ടിരുന്നു.. അതുവഴി പോകുന്നവരെല്ലാം ആ കുഞ്ഞുങ്ങളെ നോക്കികൊണ്ടായിരുന്നു പൊയ്ക്കൊണ്ടിരുന്നത്….എല്ലാവരും അവരെ നോക്കി ചിരിക്കുകയായിരുന്നു…അവരുടെ ഓമനത്ത്വം തുളുമ്പുന്ന മുഖം കാണുമ്പോൾ തന്നെ എല്ലാവർക്കും അവരെ ഇഷ്ടമാകും…

അവർ അവിടം മുഴുവനും കറങ്ങി സാധനങ്ങൾ എടുത്തുവയ്ക്കുന്നതിനിടയിൽ സൈറയുടെ ടോപ്പിന്റെ പിൻഭാഗം വളരെ നന്നായി തന്നെ ഒന്ന് പൊങ്ങി..കാശി അവളുടെ തൊട്ടു പിന്നിലായിരുന്നു… അപ്പോഴാണ് കാശി സൈറയുടെ പിന്നിലായി അവളുടെ ആ പാന്റിന്റെ വലത്തുകാലിന്റെ ഇടതുഭാഗം കുറച്ച് ചുവന്ന നിറത്തിലായിരിക്കുന്നത് ശ്രദ്ധിക്കുന്നത്…. അവന് കാര്യം പിടികിട്ടിയെങ്കിലും അത് എങ്ങനെ അവളോട് പറയും എന്നുള്ളൊരു ജാള്യത അവനുണ്ടായിരുന്നു..

എങ്കിലും രണ്ടും കൽപ്പിച്ച് അവൻ അവളോട് പറയാനായി തീരുമാനിച്ചു… സൈറ കുഞ്ഞുങ്ങളുമായി അവന്റെ മുന്നിൽ ആയിരുന്നു… “സൈറ…”…അവൻ വിളിച്ചു.. “എന്താ രൂദ്രേട്ട…” “അത്…ഞാൻ ഒരു കാര്യം പറയാം…താൻ ഇങ് വന്നേ…” അവൾ വേഗം കുഞ്ഞുങ്ങളുമായി അവന്റെയടുക്കൽ ചെന്നു… “എഡോ…തന്റെ ടോപ്പ് ഇപ്പോ ആ കാറ്റ് കൊണ്ട് പൊങ്ങിയപ്പോൾ തന്റെ പാന്റിൽ കുറച്ച് സ്‌പോട്‌സ് കണ്ടു…

ഇയാളുടെ ഡേറ്റ് ആയെങ്കിൽ …” അവനൊന്ന് നിർത്തി അവൾ തീയതി മനസ്സിൽ ആലോചിച്ചു…അപ്പോഴാണ് തന്റെ ഡേറ്റ് ഇന്നായിരുന്നുവെന്ന് അവൾക്ക് ഓർമ്മ വന്നത്…അവൾ പെട്ടന്ന് തലയിൽ കൈവച്ചു…. അവളുടെ ഭാവം കണ്ടപ്പോൾ തന്നെ കാശിക്ക് തന്റെ സംശയം സത്യമായിരുന്നു എന്ന് മനസ്സിലായി…. അവൻ അവളെ അവിടെ നിർത്തിയിട്ട് സാനിറ്ററി നാപ്കിൻ സെക്ഷനിൽ പോയി ഒരു ചെറിയ പായ്ക്കറ്റ് വിസ്‌പെർ എടുത്ത് അവളുടെ കയ്യിൽ കൊടുത്തു…

അതിന്റെ കൂടെത്തന്നെ അവൻ ഒരു കറുത്ത നിറത്തിലുള്ള ലെഗ്ഗിങ്‌സും എടുത്തിരുന്നു… അവൻ അത് രണ്ടും ബില്ല് ചെയ്തിട്ടാണ് കൊണ്ടുവന്നത്…കാരണം ഈ ബിഗ് ബസാറിന്റെ അകത്ത് തന്നെ വാഷ്‌റൂമുകൾ ഉണ്ടാകുമോ എന്നവന് സംശയം ഉണ്ടായിരുന്നു.. നാട്ടിലാണെങ്കിൽ കടയുടെ അകത്തൊന്നും വാഷ്‌റൂമുകൾ ഉണ്ടാവില്ല…പകരം ആ മാളിന് സ്വന്തമായി എല്ലാ നിലകളിലും ഒരൊന്നുണ്ടാകും..ആ ഒരു ഊഹം വച്ചിട്ടാണ് അവൻ സാധനങ്ങൾ ബില്ല് ചെയ്തിട്ട് കൊണ്ടുവന്നത്… സൈറയ്ക്ക് ആ സമയം അവനോട് ആരാധന തോന്നി..

കാരണം തന്നോട് എല്ലാം തുറന്ന് ചോദിച്ച്‌ താൻ പോലും പറയാതെ തന്റെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് ചെയ്യുന്ന രുദ്രനെ കണ്ടപ്പോൾ അവളുടെ കണ്ണിൽ ആനന്ദത്തിന്റെ അശ്രുക്കൾ നിറഞ്ഞു..എന്നാലും അവൾ അത് സമർഥമായി ഒളിപ്പിച്ചു… “സൈറ…താൻ പോയി മാറിയിട്ട് വരു…അതുവരെ ഞാൻ ഇവിടെ കുഞ്ഞുങ്ങളുടെ കൂടെ ഇരുന്നുകൊള്ളാം…” എന്നാൽ അവൾ പോകാത്തത് കണ്ട അവൻ അവളോട് കാര്യം അന്വേഷിച്ചു… “അത് രൂദ്രേട്ട…ഞാൻ ഈ മാളിൽ ആദ്യമായിട്ടാ വരുന്നേ..

അതുകൊണ്ട് ഇവിടെ എവിടെയാ വാഷ്റൂം എന്നൊന്നും എനിക്കറിയില്ല…” കാശിയും ആകെ ആശയക്കുഴപ്പത്തിലായി…അറിയില്ലാത്ത സ്ഥലത്ത് അവളെ തന്നെ പറഞ്ഞയക്കാൻ അവന് തോന്നിയില്ല..എന്നാൽ തങ്ങൾ വാങ്ങിച്ചിരിക്കുന്ന സാധനങ്ങൾ ബില്ല് ചെയ്ത് വരാൻ സമയവും എടുക്കും… അവർ സാമിനെയും മിയയെയും മാറി മാറി വിളിച്ചിട്ടും ഫോണും എടുക്കുന്നില്ലയിരുന്നു…ആകെ പെട്ട അവസ്ഥയിൽ ഇരിക്കുമ്പോഴാണ് കാശി ഒരു പിൻവിളി കേട്ടത്.. അവർ രണ്ടുപേരും തിരിഞ്ഞുനോക്കി..

“കാശിസാറെ…..” സൈറ നോക്കിയപ്പോൾ അത് അന്ന് ആശുപത്രിയിൽ വച്ചു കണ്ട ആ പൊലീസുകാരനെപ്പോലെ തന്നെ തോന്നി…അദ്ദേഹത്തിന്റെ കൂടെ പുള്ളിയുടെ ഭാര്യയും കൂടിപ്പോയാൽ ഒരു പത്ത് വയസ്സ് പ്രായം തോന്നിക്കുന്ന ഒരു പെണ്കുട്ടിയും ഉണ്ടായിരുന്നു… “സർ..ഞാൻ…” “ആ മനസ്സിലായി…താൻ ഇവിടെ സാധനങ്ങൾ വാങ്ങുവാൻ വന്നതാണോ…” ആഹ്..അതേ സാറേ…

പിന്നെ ഇവൾക്കിവിടെ ഒരു കോസ്മെറ്റിക്‌സ് ഒക്കെയുള്ളൊരു കടയുണ്ട്.. അപ്പോൾ ഇവളെ വിളിക്കുകയും ചെയ്യാം സാധനങ്ങൾ വാങ്ങുകയും ചെയ്യാം..അങ്ങനെ… സാറും കുടുംബമായിട്ട് ഷോപ്പിംഗിന് ഇറങ്ങിയതായിരിക്കുമല്ലേ ..” പെട്ടന്ന് രണ്ടുപേരുടെയും മുഖം വാടിയെങ്കിലും അവർ അത് സമർഥമായി മറച്ചു…കാശി പ്രത്യേകിച്ചും കാരണം തന്റെ ജീവിതം മുഴുവനായി അറിയേണ്ടുന്ന ബന്ധമൊന്നും തനിക്ക് തന്റെ മുന്നിൽ നിൽക്കുന്ന സഹപ്രവർത്തകനോട് ഇല്ലെന്ന് അവന് അറിയാമായിരുന്നു..

അതുകൊണ്ട് അവൻ മൗനം പാലിച്ചു… എന്നാൽ ഇതൊന്നും ശ്രദ്ധിക്കാതെ ആ പോലീസുകാരൻ തുടർന്നു.. “കേട്ടൊഡോ ഭാര്യേ…ഈ സാറിന്റെ ഭാര്യയാണിത്…” അയാൾ സൈറയെ നോക്കി പറഞ്ഞു… അവൾക്കെന്ത് മറുപടി പറയണം എന്നറിയായ്ക കൊണ്ട് അവൾ അവരെ ഒന്ന് ചിരിച്ചു കാണിച്ചു… “മാഡം…എന്റെ പേര് ജയകൃഷ്ണൻ..ബാംഗ്ലൂർ സി.ഐ ആണ്..ഇതെൻറെ ഭാര്യ ദേവി..ആള് ഇവിടെ ഒരു കട നടത്തുന്നു..ഇത് ഞങ്ങളുടെ ഇളയ മകൾ നന്ദന…നാലിൽ പഠിക്കുന്നു…

മൂത്തത് മകനാണ് നന്ദകിഷോർ.. അവൻ പത്തിലാണ്…” അവൾ എല്ലാത്തിനും ഒന്ന് ചിരിച്ചു തലയാട്ടിക്കൊണ്ടിരുന്നു…അവളുടെ അവസ്ഥ മനസ്സിലാക്കിയെന്നോണം കാശി വേഗം കയറി ഇടപെട്ടു.. “ദേവിച്ചേച്ചി…”കാശി വിളിച്ചു… അവർ തിരിഞ്ഞു നോക്കി…. “അത് ചേച്ചി…ഇവിടെ വാഷ്റൂം ഉണ്ടോ…ഉണ്ടെങ്കിൽ.ഇവളെ ഒന്ന് കാണിച്ചുകൊടുക്കാമോ…” സൈറ നന്ദിയോടെ കാശിയെ നോക്കി.. ദേവി വേഗം തന്നെ അവളെ വിളിച്ചുകൊണ്ട് പുറത്തേക്ക് പോയി….

അവർ പുറത്തേക്ക് പോയിക്കഴിഞ്ഞപ്പോഴാണ് രണ്ട് കുഞ്ഞുങ്ങളുടെ ചിരി നന്ദനമോളുടെ ചെവിയിൽ കേട്ടത്…അവൾ ചുറ്റും നോക്കിയപ്പോഴാണ് കാശിയുടെ പിന്നിലായി വച്ചിരുന്ന ബേബി സ്‌ട്രോളറിൽ കിടക്കുന്ന ആദിയെയും ആമിയെയും കണ്ടത്.. “അച്ഛേ…ദേ വാവ…..”..നന്ദന ഭയങ്കര സന്തോഷത്തിൽ ജയകൃഷ്ണനോട് പറഞ്ഞു… “ആഹാ…അപ്പൊ സാറിന് രണ്ട് കുഞ്ഞുങ്ങളാണല്ലേ….

കണ്ടിട്ട് ഒരേ പ്രായം തോന്നുന്നു…അപ്പോൾ ഇരട്ടകൾ ആയിരിക്കും അല്ലെ….” കാശി എല്ലാത്തിനും ഒന്ന് ചിരിച്ചു കാണിച്ചു കാരണം എന്ത് മറുപടി നൽകണം എന്നവന് അറിയില്ലായിരുന്നു…. “ഇവരുടെ പേര്….” ജയകൃഷ്ണൻ ചോദിച്ചു… “ഇത് അദ്രിയേൽ..ആദി എന്ന് വിളിക്കും…ഇത് അധ്വിക..ആമി എന്ന് വിളിക്കും….” അവൻ ഇരുവരെയും ചൂണ്ടിക്കാണിച്ചു പേര് പറഞ്ഞുകൊടുത്തു… അതിന് ശേഷം കാശി മനപൂർവം സംസാരത്തിന്റെ ഗതി മാറ്റിക്കൊണ്ടിരുന്നു…ഈ സമയം എല്ലാം നന്ദന കുഞ്ഞുങ്ങളുടെ കൂടെ കളിച്ചുംകൊണ്ടിരുന്നു…

ഇതേ സമയം മുകളിൽ ഉള്ള കഫേ കോഫി ഡേയിൽ ഇരുന്ന് കാപ്പുച്ചിനോയും സാൻവിചും അകത്താക്കുന്ന തിരക്കിലായിരുന്നു സാമും മിയയും….. “സാമിച്ചായാ…..” “എന്നതാടി മിയക്കോച്ചേ….” “വല്ലതും നടക്കുവോ….” “പിന്നല്ലാൻഡ്… ഇതൊക്കെ ഇപ്പൊ തന്നെ ഞാൻ കഴിച്ചു കഴിയും…പിന്നെ ഒരു എക്‌സ്പ്രസോ കൂടെ പറയണം….” “അയ്യോ…എഡോ മനുഷ്യ…നിങ്ങളുടെ ഭക്ഷണത്തിന്റെ കാര്യമല്ല പറഞ്ഞത്….സൈറമ്മയുടേം കാശിച്ചായന്റേം കാര്യമാണ്…” “ഹം…

അവരെ ഒന്നിപ്പിക്കാൻ വേണ്ടിയല്ലേ എന്റപ്പനും നിന്റപ്പനും കൂടെ കാശിച്ചായന് ഇങ്ങോട്ടേക്ക് തന്നെ ഒരു ട്രാൻസ്ഫർ ശെരിയാക്കിയത്….” “അവർ ഒന്നും അറിയേണ്ട…അല്ലെ സാമിച്ചായ…” “അറിഞ്ഞാൽ നീയും എന്റെ ഏടത്തിയമ്മയും വിധവയാവും ഡി… എന്നേം എന്റെ ചേട്ടനേം അങ്ങേര് കൊല്ലും… മീരയുടെ പേരും പറഞ്ഞ് കാശിച്ചായനെ ഫോഴ്സ് ചെയ്ത് ഇവിടെ എത്തിക്കാൻ സഹായിച്ചത് ഇച്ഛായന്റെ അച്ഛനും അമ്മയും….

എല്ലാം ഇച്ഛായൻ അറിഞ്ഞാൽ… കർത്താവേ…ആലോചിക്കാൻ കൂടെ വയ്യ…” “ഹേയ് അങ്ങാനൊന്നും ചിന്തിക്കേണ്ട സാമിച്ചായാ…രണ്ടുപേരെയും ഒന്നിപ്പിക്കാൻ കഴിഞ്ഞാൽ അത് അവരുടെയും കൂടെ ആ കുഞ്ഞുങ്ങളുടെയും ഭാഗ്യമല്ലേ….ആദിയ്ക്ക് ഒരച്ഛന്റെ സ്നേഹവും ആമിയ്ക്ക് ഒരമ്മയുടെ സ്നേഹവും കിട്ടില്ലേ… എന്തായാലും രണ്ടുപേർക്കും തമ്മിൽ തമ്മിൽ ഒരിഷ്ട്ടം ഒക്കെ ഉണ്ട്…

അത് നമുക്കു മനസ്സിലാകുന്നുമുണ്ട്… അത് ശെരിക്കും ഒന്ന് വെളിയിൽ കൊണ്ടുവരാനല്ലേ നമ്മൾ അടുത്തടുത്ത ഫ്‌ളാറ്റുകളിൽ അവരെ താമസിപ്പിച്ചിരിക്കുന്നത് പോലും….” “നീ പറഞ്ഞത് ശെരിയാണ്.. അവർക്ക് തമ്മിൽ എന്തൊക്കെയോ ഒരു ഇഷ്ടമുണ്ട്…ചിലപ്പോൾ ആമിയെ അവൾ നോക്കുന്നത് കണ്ടിട്ടാകാം…അല്ലെങ്കിൽ ഈ ജന്മത്തിൽ ആദിക്ക് കിട്ടില്ലെന്ന് കരുതിയ…ഒരു അപ്പന്റെ സ്നേഹം കാശിച്ചായൻ അവന് നല്കുന്നതിനാലാകാം…” “കർത്താവേ നീ തന്നെ അവരെ ഒന്നിപ്പിക്കണേ…

ആ കുഞ്ഞുങ്ങളെ ഓർത്തെങ്കിലും…..” മിയ മുകളിലേക്ക് നോക്കിക്കൊണ്ട് കൈകൾ കൂപ്പി…. “മിയാമോ… എന്നാലും നമ്മുടെ കുഞ്ഞൂസ്..അവർ രണ്ടുപേരും എത്ര പെട്ടന്നാ കൂട്ടായത്…അല്ലെ….” “അതെന്നെ…ചിലപ്പോ ആ കുഞ്ഞുങ്ങൾ വഴി അവർ ഒന്നിച്ചാലോ…അവരെ ഒന്നിപ്പിക്കാനായി കർത്താവൊരുക്കിയ വഴിയായിരിക്കും ഇച്ചായോയ്…” “അതേ…കുഞ്ഞാപ്പികൾ വഴി അവരെ ഒന്നിപ്പിച്ചേച്ച് വേണം നമുക്ക് നമ്മുടെ കാര്യം.വേഗത്തിലാക്കാൻ പറയാൻ..അല്ലെ മിയാമോ….” അതും പറഞ്ഞുകൊണ്ട് അവനെതിരായ്‌ ഇരുന്ന മിയയുടെ കയ്യിലേക്ക് അവൻ തന്റെ വിരലുകൾ കോർത്തു…

“ആണോ ഇഛായാ…എംകിലെ അതൊക്കെ കഴിഞ്ഞിട്ട് മതി ഈ മേശയിൽക്കൂടെയുള്ള അഭ്യാസം ഒക്കെ…ട്ടോ…” “ഹോ..നീയൊക്കെ എന്നാ മനുഷ്യത്തിയാടി…നിനക്കു തോന്നുമ്പം നീ എന്നെ വന്ന കെട്ടിപ്പിടിക്കും ..ഉമ്മവയ്ക്കും…ഈ ഞാൻ നിന്നെ ഒന്ന് തൊട്ടാൽ അപ്പോതന്നെ കുറയെ നിയമാവലികളും ആയി ഇറങ്ങിക്കൊള്ളും…ഹും…” അവൻ പിണങ്ങി മുഖം തിരിച്ചിരുന്നു… “അച്ചോഡാ…ഇച്ഛായന്റെ ഈ പിണക്കം കാണാനല്ലേ ഓരോ ന്യായവുമായി വന്ന് ഞാൻ ഉടക്കുണ്ടാക്കുന്നെ….”

അവൾ ചെന്ന് അവന്റെ അരികത്തിരുന്നു… എന്നിട്ട് അവന്റെ മുഖം തന്റെ നേരെ തിരിച്ചു..നെറ്റിയിൽ ഒരു നനുത്ത ചുംബനം നൽകി.. സാമാണെങ്കിൽ കിട്ടിയ അവസരം പാഴാക്കാതെ എന്തോ പറയാൻ തുടങ്ങിയ അവക്ക് തടഞ്ഞുകൊണ്ട് അവളുടെ അധരങ്ങളെ തന്റെ അധരങ്ങളുമായി ബന്ധിച്ചു കഴിഞ്ഞിരുന്നു അപ്പോഴേക്കും….

വാഷ്‌റൂമിൽ ചെന്ന് എല്ലാം ശെരിയാക്കിയശേഷം മടങ്ങിവന്ന സൈറ കാണുന്നത് കുഞ്ഞുങ്ങളുമായി കിന്നരിക്കുന്ന നന്ദനയെയും അതിന് തൊട്ടടുത്തായി പല കാര്യങ്ങളെക്കുറിച്ചും സംസാരിച്ചുകൊണ്ടിരിക്കുന്ന കാശിയെയും ജയകൃഷ്ണനെയുമാണ്… അവൾ കുഞ്ഞുങ്ങളെ നോക്കിയപ്പോൾ അവർ നന്ദനയുമായി സംസാരത്തിലാണ്…ഒന്നും മനസ്സിലാകുന്നില്ലെങ്കിൽ കൂടെയും അവൾ കുഞ്ഞാദിക്കും കുഞ്ഞാമിക്കും എന്തൊക്കെയോ മറുപടി കൊടുക്കുന്നുണ്ട്…

അവളുടെ വലതുകയിലെയും ഇടത്തുകയിലെയും ചൂണ്ടുവിരലുകൾ യഥാക്രമം ആദിയുടെയും ആമിയുടെയും കൈകളിൾക്കുള്ളിലായിരുന്നു… സൈറ അങ്ങോട്ടേക്ക് നടന്നടുക്കുന്നത് കണ്ട കാശി കണ്ണുകൊണ്ട് എല്ലാം ശെരിയായോ എന്ന് ചോദിച്ചതിന് അവൾ അവളുടെ കണ്ണുകൾ കൊണ്ട് തന്നെ ശെരിയായി എന്നൊരുത്തരം നൽകി.. അവൾ നേരെ കുഞ്ഞുങ്ങളുടെ അടുത്തേക്കാണ് ചെന്നത്…

അവർ സൈറയെ കണ്ടേയില്ല…മൂന്നുപേരും കൂടെ എന്തൊക്കെയോ പറഞ്ഞ് ചിരിക്കുന്നുമുണ്ട്… ആദിയുടെ വലംകയ്യും ആമിയുടെ ഇടംകയ്യും തമ്മിൽ കോർത്തിരുന്നു.. പെട്ടന്നാണ് അവർ ഇരുവരും സൈറയെ കണ്ടത്..രണ്ടുപേരും അതിയായ ആഹ്ലാദത്തോടെ മ്മാ എന്ന് വിളിച്ചു…. അവൾ ഓടിച്ചെന്ന് അവരുടെ സ്ട്രോളറിനരികെ മുട്ട് കുത്തിയിരുന്ന് അവരുടെ വയറുകളിലേക്ക് തന്റെ ചുണ്ടുകൾ ചേർത്ത് അവരെ ചേർത്തുപിടിച്ചു….

കുഞ്ഞുങ്ങൾ കുലുങ്ങിച്ചിരിച്ചു അവളുടെ മുടിയിൽ പിടുത്തമിട്ടു…. അവൾ വേഗം തന്നെ അവരുടെ കൈകൾ വിടുവിച്ചു കൊണ്ട് എഴുന്നേറ്റു… അപ്പോഴേക്കും അവർ യാത്ര പറഞ്ഞ് പോകാൻ തുടങ്ങുകയായിരുന്നു…നന്ദമോള് ഓടി ചെന്ന് ആദിക്കും ആമിക്കും ഓരോ മുത്തങ്ങൾ കൊടുത്തു….അവർ ഇരുവരും അവൾക്കും ഓരോ മുത്തങ്ങൾ തിരിച്ചുനൽകി….അവളെ അവരുടെ കുഞ്ഞരിപ്പല്ലുകൾ കാണിച്ച് ചിരിച് തങ്ങളുടെ കൈകൾ ഉയർത്തി വീശിക്കാണിച്ചു… അവർ പോയതിന് ശേഷം അവർ ചെന്ന് സാധനങ്ങൾ ബില്ല് ചെയ്തു ….

അതിന് ശേഷം അവർ ആ ബേബി സ്ട്രോളർ കടക്കാർക്ക് തിരികെ നൽകി ആമിയെ സൈറയും ആദിയെ കാശിയും കൈകളിൽ എടുത്തു… അവർ വാങ്ങിയ സാധനങ്ങൾ മുഴുവനും ആ നിലയിലെ ബാഗേജ് കൗണ്ടറിൽ ഏല്പിച്ചെച്ചു ടോക്കൺ ആമിയുടെ കൈകളിൽ കൊടുത്തു…അവൾ അത് ബാഗിലേക്കിട്ടു… അപ്പോഴേക്കും കാശി അവളെപ്പിടിച്ച് അടുത്തുള്ളഒരു ബെഞ്ചിലേക്കിരുത്തി…

അവളുടെ മടിയിൽ അപ്പോഴേക്കും ആമി ചാടിക്കയറി ഇരുന്നിരുന്നു… അവൻ ആദിയെയും അവളുടെ കയ്യിൽ ഏല്പിച്ചിട്ട് വാഷ്റൂം എന്ന് ബോർഡ് ചൂണ്ടിയ ഇടത്തേക്ക് നടന്നുപോയി… ആദിയും ആമിയുമാകട്ടെ അവളുടെ മടിയിൽ ഇരുന്ന് കുറുമ്പുകൾ കാണിക്കാൻ തുടങ്ങി….അവളുടെ മുടിയിൽ പിടിച് വലിക്കാനും അവളുടെ മേലെ നിന്ന് ഡാൻഡ് ചെയ്യാനുമെല്ലാം…പോകുന്നവർ മുഴുവൻ തങ്ങളെ ശ്രദ്ധിക്കുന്നതുപോലെ തോന്നി അവൾക്ക്…

അവൾ കുഞ്ഞുങ്ങളെ അടക്കി ഒതുക്കി നിർത്താൻ പാടുപെടുന്നതിന്റെ ഇടയിലാണ് ആദി “പ്പാ” എന്നും വിളിച്ചുകൊണ്ട് അവളുടെ മടിയിൽ നിന്നും എഴുന്നേറ്റോടിയത്… സൈറ പെട്ടന്ന് തന്നെ ആമിയെയും വാരിയെടുത്തുംകൊണ്ട് അവന്റെ പിന്നാലെ ഓടി…അവൾ കാശിയെ കണ്ടിരുന്നില്ല…. അവൾക്ക് അവനെ കിട്ടുന്നതിന് മുന്നേ കാശി അവനെ എടുത്തിരുന്നു…അവൾ പെട്ടന്ന് ആമിയെയും വഹിച്ചുംകൊണ്ട് ഓടിയതിനാലാകും കിതച്ചിരുന്നു…

കാശി വേഗം തന്നെ അവളെ അടുത്തേക്ക് പിടിച്ചിരുത്തി അവളുടെ ഷോള്ഡർ ബാഗിൽ നിന്ന് തന്നെ ഒരു കുപ്പിയെടുത്ത് വെള്ളം കൊടുത്തു…രണ്ട് മൂന്ന് കവിളുകൾ കുടിച്ചതിൽപ്പിന്നെയാണ് അവളുടെ ശ്വാസോച്ഛാസം നേരെയായത് തന്നെ… “Are you alright”…കാശി സൈറയോട് ചോദിച്ചു….. “Yes…I am…” അവൾ മറുപടി പറഞ്ഞൊന്ന് ചിരിച്ചുകാണിച്ചു… “ആദി…എന്തിനാ ഓടിയെ…’അമ്മ പുറകെ ഓടി ഇപ്പൊ വയ്യാതായത് കണ്ടോ…”

അത്രയും നേരം സൈറയെ ശ്രദ്ധിച്ച ആദിക്ക് അവൾക്ക് വയ്യാ എന്ന് തോന്നിയെങ്കിലും അത് താൻ കാരണമാണെന്ന് കാശി പറഞ്ഞതിൽ നിന്നും അവന് മനസ്സിലായി… മനസ്സിലായ ഉടനെ അവൻ “മ്മാ” എന്നും പറഞ്ഞുകൊണ്ട് ചുണ്ടുപിളർത്തി കരയാൻ തുടങ്ങി….അവൻ കരയുന്നത് കണ്ട ആമിയും വിങ്ങിപ്പൊട്ടി കരയാൻ തുടങ്ങി… അവർ ഇരുവരും സൈറയുടെ നെഞ്ചോട് ചേർന്നിരുന്ന് അവളെ ചുറ്റിപ്പിടിച്ചുകൊണ്ട് കരഞ്ഞു…ഇത് കണ്ട സൈറയ്ക്കും കാശിക്കും ചിരിക്കണോ കരയണോ എന്നറിയാത്തൊരവസ്ഥയായി…

“അമ്മേടെ കുട്ടന്മാരെന്തിനാ കരയണേ… അമ്മയ്ക്കൊന്നുമില്ലാട്ടോ…” അവൾ തന്റെ നെഞ്ചോട് ചേർന്ന് നിൽക്കുന്ന കുഞ്ഞുങ്ങളോടായി പറഞ്ഞു.. രണ്ടുപേരും അവരുടെ മുഖം ഉയർത്തി അവളേയും കാശിയെയും മാറി മാറി നോക്കി..അവരുടെ മുഖത്തെ ചിരി കുഞ്ഞുങ്ങളുടെ മുഖത്തേക്കും പടർന്നു… ആമി ചാടിക്കയറി സൈറയുടെ കവിളിൽ ഒരുമ്മ കൊടുത്തു..എന്നിട്ട് അവളുടെ കയ്യാൽ ആദിയുടെ കണ്ണിൽനിന്നൊഴുകിയ കണ്ണീർച്ചാലുകളെ തുടച്ചുനീക്കി….

ആദിയും അതുപോലെ സൈറയ്ക്ക് ഒരുമ്മ കൊടുത്തതിനു ശേഷം ആമിയുടെ കണ്ണുകൾ തുടച്ചുകൊടുത്തു… പിന്നെ രണ്ടുപേരും കൂടെ കാശിയുടെ മേലേക്ക് ചാഞ്ഞു.. എന്നിട്ട് അവന്റെ കവിളുകളിലും ഉമ്മകൾ കൊടുത്തു… പിന്നെ അവർ അവിടെ നിന്നും പതിയെ എഴുന്നേറ്റു…കാശിയുടെ കയ്യിൽ ഇരുന്ന കംഗാരൂ ബാഗിലേക്ക് അവൻ ആമിയെ പിടിച്ചിരുത്തി..എന്നിട്ടവൻ ആദിയെ കൈകളിലേറ്റി മുകളിലെ ഫുഡ് കോർട്ടിലേക്ക് ചെന്നു..

മിയയെയും സാമിനെയും വിളിച്ചിട്ട് കിട്ടാഞ്ഞതുകൊണ്ട് ഇനി എന്തെങ്കിലും കഴിക്കാം എന്ന് കരുതി അവർ ദോശ കോർണറിലേക്ക് നടന്നടുക്കുമ്പോഴാണ് കഫെ കോഫീ ഡേയിൽ സാമിന്റെ നെഞ്ചോട് ചാഞ്ഞിരുന്ന് വർത്തമാനം പറയുന്ന മിയയെ കാണുന്നെ… അവർ രണ്ടുപേരും കയ്യോടെ അവരെ കൂട്ടിക്കൊണ്ട് വന്നു…ഫോൺ എടുക്കാത്തത്തിൽ വഴക്കൊക്കെ പറഞ്ഞുകൊണ്ട് ദോശ കോർണറിൽ പോയി ദോശ കഴിച്ചു…

കുഞ്ഞുങ്ങൾക്കായി അവൾ വീട്ടിൽനിന്നും ഉണ്ടാക്കിയെടുത്ത കുറുക്ക് ഉണ്ടായിരുന്നു…പിന്നെ അവിടെ നിന്നും ലഭിച്ച സ്വീറ്റ് ബേബി കോൺ ഉടച്ചു അവർക്ക് നൽകി…അതിന് ശേഷം ഒരു സിനിമയും കൂടെ കണ്ടിട്ടാണ് അവർ തിരികെപോന്നത്… തിരികെ വന്നപ്പോഴും സാമിന്റെ കൂടെ മിയ മുന്നിൽ കയറി…കാശിയും സൈറയും കുഞ്ഞുങ്ങളും പുറകിൽ ഇരുന്നു….തമ്മിൽ കളിച്ചും ചിരിച്ചും അവസാനം അവർ സൈറയുടെ മടിയിൽ കിടന്നുറങ്ങിപ്പോയിരുന്നു.. ഫ്‌ളാറ്റിൽ എത്തിയ ശേഷം കാശി ആമിയെയും സൈറ ആദിയെയും എടുത്തുകൊണ്ട് അവരവരുടെ ഫ്‌ളാറ്റുകളിലേക്ക് പോയി…

പിറകെ കുറുകിക്കൊണ്ട് സാമും മിയയും അവരെ അനുഗമിച്ചു… അവരവരുടെ മുറികളിലേക്ക് കയറുന്നതിന് മുന്നേ തന്നെ എന്തോ ഒരുൾപ്രേരണയാൽ കാശിയും സൈറയും തമ്മിൽ ഒന്ന് നോക്കി…എന്നിട്ട് കുഞ്ഞുങ്ങളുമായി അകത്തേക്ക് കയറിപ്പോയി…അവരുടെ ഓരോ മാറ്റങ്ങളും സാകൂതം വീക്ഷിച്ചുകൊണ്ടിരുന്ന സാമും മിയയും തമ്മിൽ കൈകളടിച്ചു സന്തോഷം പ്രകടിപ്പിച്ചുകൊണ്ട് പിരിഞ്ഞു…

ദിവസങ്ങൾ കടന്നുപോയി…കാശിയുടെയും സൈറയുടെയും മനസ്സുകൾ തമ്മിൽ അടുക്കുന്നുണ്ടെങ്കിലും രണ്ടുപേരും അത് സമ്മതിക്കുന്നില്ലായിരുന്നു…. കുഞ്ഞുങ്ങളെ കാണുമ്പോൾ അവരെ കളിപ്പിക്കാനും എടുക്കാനും ഉള്ള കൊതികൊണ്ട് മാത്രം അവർ തമ്മിൽ.സംസാരിച്ചിരുന്നു….ഒരു ദിവസം ഒരു തവണയെങ്കിലും തമ്മിൽ കാണുകയോ സംസാരിക്കുകയോ ചെയ്തില്ലെങ്കിൽ രണ്ട് പേർക്കും വീർപ്പുമുട്ടലായിരുന്നു…എന്നാൽ അവർ അത് തുറന്ന് സമ്മതിക്കുകയുമില്ല…

രണ്ടുപേർക്കും തമ്മിൽ ഇഷ്ടമാണെങ്കിൽ പോലും അത് അവർ പ്രകടിപ്പിക്കാൻ ആഗ്രഹിച്ചിരുന്നില്ല…സൈറയും കാശിയും അവരവരുടെ യോഗ്യതകളെപ്പറ്റി ചിന്തിച്ചു ബുദ്ധികൊണ്ട് പ്രവർത്തിച്ചുകൊണ്ടിരുന്നു…അവരുടെ മനസ്സ് പറഞ്ഞത് അവർ കേൾക്കുന്നുണ്ടായിരുന്നില്ല…അല്ലെങ്കിൽ അവർ അങ്ങനെ നടിച്ചു എന്ന് വേണം പറയാൻ… അങ്ങനെയിരിക്കെ ഒരു ദിവസം ആമി കാശിയുടെ അടുക്കൽ നിന്നും “മ്മാ” എന്നും വിളിച്ചുകൊണ്ട് വലിയവായിൽ കരയാൻ തുടങ്ങി..

അവളെ സമാധാനിപ്പിക്കാൻ കാശി ശ്രമിച്ചെങ്കിലും അവന് അതിനായില്ല…അവസാനം അവൻ സൈറയുടെ ഫ്‌ളാറ്റിലേക്ക് ചെല്ലാൻ തീരുമാനിച്ചു… അവൻ സൈറയുടെ ഫ്‌ളാറ്റിൽ കാളിംഗ് ബെല്ലിൽ വിരലമർത്തി… സൈറ അകത്ത് ആദിയ്ക്ക് മുലപ്പാല് കൊടുക്കുകയായിരുന്നു…അവൾ വേഗം തന്നെ അവനെ താഴെ നിർത്തി…അപ്പോഴേക്കും മിയ വാതിൽ തുറന്നിരുന്നു…. വാതിൽ തുറന്നയുടനെ തന്നെ ആമി “മ്മാ” എന്നും വിളിച്ചുകൊണ്ട് അവളുടെ നെഞ്ചിലേക്കമർന്നു…

ആദിയും ഓടിവന്ന് അവളുടെ മടിയിൽ ഇരുന്നു… ആദിയുടെ ചുണ്ടിന്റെ വശത്തായി അവൻ കുടിച്ചുകൊണ്ടിരുന്ന പാല് കുറച്ച് ഇരിപ്പുണ്ടായിരുന്നു…ആമി പതിയെ അത് വിരലുകൾ കൊണ്ട് ഒപ്പിയെടുത്ത് അവളുടെ വായിലേക്ക് വച്ചു… അവളുടെ മുഖം പുതിയൊരു രുചി കണ്ടെത്തിയ സന്തോഷത്താൽ വിടർന്നു…അവളുടെ സന്തോഷം കണ്ട ആദി വേഗം തന്നെ ആമിയുടെ മുടിയിൽ പിടിച്ചു വലിച്ചുംകൊണ്ട് ആമിയെ കാണിച്ചുകൊടുത്തു…

“അമ്മാ…കുവാ മം…”..അവൻ അവന്റെ ഭാഷയിൽ ആമിക്ക് പാല് കൊടുക്കുവാൻ ആവശ്യപ്പെട്ടു…… അവൾക്ക് സന്തോഷമോ സങ്കടമോ…അവൾ സമ്മിശ്രവികാരങ്ങൾക്ക് അടിമയായിത്തീർന്നു…. അവൾ അനുവാദത്തിനെന്നപോലെ കാശിയെ നോക്കി…ആമിയുടെ ആഗ്രഹവും ആകാംക്ഷ നിറഞ്ഞ നോട്ടവും എല്ലാം അവനിലെ പിതാവിനെ ഉണർത്തി…അവൻ പോലും അറിയാതെ അവന്റെ തലകൾ ചലിച്ചു… അവനിൽ നിന്നും സമ്മതം കിട്ടിയ ഉടനെ തന്നെ അവൾ ആമിയുമായി അകത്തേക്ക് കയറിപ്പോയി….

അവൾ കുഞ്ഞിനെ തെരുതെരാ ചുംബിച്ചു…അവൾ കുഞ്ഞിനെ പാലൂട്ടി…. ആമി ആർത്തിയോടെ പാല് കുടിക്കുന്ന കണ്ട സൈറയുടെ കണ്ണുകൾ ആനന്ദത്താൽ നിറഞ്ഞു…ഇതുവരെ അനുഭവിക്കാത്ത ഒരു നിർവൃതി തന്നിൽ നിറയുന്നതായി അവൾ അറിഞ്ഞു…

(തുടരും…) അടുത്ത ഭാഗം നാളെ…😊 എല്ലാവരുടെയും സ്നേഹത്തിനും സപ്പോർട്ടിനും വലിയ നന്ദി ട്ടോ😘😘…തുടർന്നും പ്രതീക്ഷിക്കുന്നു😍😘😘 എന്ന് നിങ്ങളുടെ സ്വന്തം, അഗ്നി🔥

അറിയാതെ : ഭാഗം 5