Wednesday, January 22, 2025
Novel

അറിയാതെ : ഭാഗം 32

നോവൽ
എഴുത്തുകാരി: അഗ്നി


“പക്ഷെ…..”…എന്താണെന്നറിയാനുള്ള ആകാംക്ഷയിൽ കാശി സാമിനോട് ചോദിച്ചു…
“പക്ഷെ അവളുടെ വലത്തെ കാലിന് നല്ല പൊട്ടലുണ്ട്…..പിന്നെ തലയിൽ നല്ല ആഴത്തിൽ ഉള്ള മുറിവാണ്… അതുകൊണ്ട് തന്നെ ചോര നല്ലതുപോലെ നഷ്ടമായിട്ടുണ്ട്…പിന്നെ ഇടതു കയ്യിൽ ചെറിയോരു പൊട്ടലും മുഖത്ത് ചെറിയ ചെറിയ ഉരഞ്ഞ  പാടുകളും…..”
സാം പറഞ്ഞു നിറുത്തി….
അപ്പോഴേക്കും അജു പറഞ്ഞു തുടങ്ങി…
“എന്തായാലും തല പൊട്ടി ചോര പോയത് നന്നായി…തല പൊട്ടാതെ അകത്തുനിന്ന് മുറിഞ്ഞ് ആ ചോര തലയിൽ ക്ലോട്ട് ആയിരുന്നെങ്കിൽ നമുക്ക് സൈറയെ രക്ഷിക്കാൻ കുറച്ചു പാട് പെടേണ്ടി വന്നേനെ….എന്തായാലും കർത്താവ് കാത്തു…”
“അതുകൊണ്ട്  തന്നെ അവളെ നന്നായി നോക്കണം എന്നും മൂന്നാഴ്ച കംപ്ലീറ്റ് റെസ്റ്റ് വേണമെന്നും നമ്മുടെ ചീഫ് ഡോക്ടർ രംഗസ്വാമി പറഞ്ഞു……അവളെ അനങ്ങാൻ സമ്മതിക്കരുത്…കാലിനും തലയ്ക്കും പ്രഷർ ചെലുത്താതെ ശ്രെദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു…പിന്നെ അവൾക്ക് കുളിക്കണം എന്നുണ്ടെങ്കിൽ ചെറു ചൂടുവെള്ളത്തിൽ  ശരീരം ആകമാനം ഒന്ന് തുടച്ചെടുത്താൽ മതിയെന്ന് പറഞ്ഞു…”…സന പറഞ്ഞു നിറുത്തി…
അത് കേട്ടതോടെ കാശിയുടെ ശ്വാസം നേരെ വീണു…തന്റെ പ്രാണന് വേറെയൊന്നും സംഭവിച്ചില്ല എന്നുള്ള കാര്യം അവന് ആശ്വാസകരമായിരുന്നു….
വീണയെ ആ പരിസരത്തെങ്ങും കണ്ടില്ല….മീരയേയും വരുണിനെയും……
**************************************************************************************
പിറ്റേന്ന് തന്നെ സൈറയെ മുറിയിലേക്ക് മാറ്റി…..കയ്യിലും കാലിലും തലയിലും എല്ലാം കെട്ടുമായി വരുന്ന സൈറയെ കണ്ട് കാശിയുടെ നെഞ്ചു പൊടിഞ്ഞു…
എന്നാൽ അവൾ കാശിയെ ഒന്ന് ശ്രദ്ധിച്ചു പോലുമില്ല…കാര്യങ്ങളൊക്കെ തുറന്നു പറയാത്തതിന്റെ പരിഭവമാണ് അതെന്ന് അവന് മനസ്സിലായിരുന്നു…..
അപ്പോഴേക്കും സാമും മിയായും ജാനകിയും രാധാകൃഷ്ണനും എല്ലാവരും അവിടെ എത്തിയിരുന്നു…കുഞ്ഞുങ്ങളും അവരുടെ കൂടെ ഉണ്ടായിരുന്നു..
അവരുടെ മുഖം കണ്ടാൽ തന്നെ മനസ്സിലാകും രാത്രി ഒരു പോള കണ്ണടച്ചിട്ടില്ല എന്ന്.. അതുപോലെ തന്നെ ആയിരുന്നു ജാനകിയുടെയും മിയയുടെയും അവസ്ഥ…
ആ മുറിയിലേക്ക് കയറിയതും കുഞ്ഞുങ്ങൾ അവരുടെ കയ്യിൽ കിടന്ന് കുതറി…അവർക്ക് അവരുടെ അമ്മയുടെ അടുക്കലേക്ക് പോകുവാനുള്ള തിടുക്കമാണതെന്ന് അവിടെ കൂടി നിന്നവർക്കെല്ലാം മനസ്സിലായി….
അത് അറിഞ്ഞെന്നോണം കാശി കുഞ്ഞുങ്ങളെ എടുത്ത് സൈറയുടെ അടുക്കലേക്ക് ചെന്നു…
അവൻ കുഞ്ഞുങ്ങളേയും കൊണ്ട് അവളുടെ ബെഡിന്റെ വശത്തായി ഇരുന്നു…കുഞ്ഞുങ്ങൾ അവളെ സൂക്ഷിച്ചു നോക്കി…തങ്ങളുടെ അമ്മയ്ക്കെന്ത് പറ്റിയെന്ന് അവർ ചിന്തിച്ചു…
“പ്പാ…മ്മാ വാവു….”….ആമി ചോദ്യ ഭാവത്തിൽ കാശിയോട് ചോദിച്ചു…
കാശി അതേ എന്നുള്ള ഭാവത്തിൽ തലയാട്ടി…
ആമി അവളെ “മ്മ” എന്ന് അഭിസംബോധന ചെയ്തപ്പോൾ അവളുടെ ഉള്ളം കോരിത്തരിച്ചതുപോലെ തോന്നി സൈറയ്ക്ക്…അവളുടെ കൈ അവരെ തലോടാനായി വെമ്പി…
ആദിയാണെങ്കിൽ അവളുടെ കയ്യിലും കാലിലുമെല്ലാം ഉള്ള വെളുത്ത കെട്ടിന്റെ മേൽ കൈ കൊണ്ട് തൊട്ടുകൊണ്ടിരുന്നു…
കാശി പതിയെ കുഞ്ഞുങ്ങളുടെ ചുണ്ടോട് സൈറയുടെ വലതുകൈ മുട്ടിച്ചു….കുഞ്ഞുങ്ങൾ രണ്ടുപേരും അവയിൽ അമർത്തി ചുംബിച്ചു…സൈറയുടെ കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞൊഴുകി…
ആമിയും ആദിയും സൈറയെ നോക്കി കൈകൾ കൊട്ടി പൊട്ടിച്ചിരിച്ചു…അവളുടെ കൈവെള്ളയിൽ അവർ മുഖമമർത്തി കിടന്നു…
അവരുടെ ചിരി കണ്ടതും ജാനകി നെഞ്ചിൽ കൈവച്ച് ആശ്വസിച്ചു…അവർ പറഞ്ഞു തുടങ്ങി…
“ഇന്നലെ രാത്രി രണ്ടുപേരും ഉറങ്ങിയതുമില്ല…ഞങ്ങളെ ഉറക്കിയതുമില്ല…
പ്പാ…മ്മാ…എന്നും വിളിച്ചുകൊണ്ട് അവിടെ മുഴുവൻ ഓടിനടക്കുവായിരുന്നു… ഇടയ്ക്ക് കരയും…ഇടയ്ക്ക് മുഖം വീർപ്പിച്ച്‌ ഇരിക്കും….
അവസാനം വെളുപ്പിന് നാലര അഞ്ച് മണിവരെ ഇതായിരുന്നു അവസ്ഥ…രാവിലെ ആ സമയം ആയപ്പോൾ കിടന്നുറങ്ങി….
അപ്പോഴേക്കും ഞങ്ങളും…അത് കഴിഞ്ഞു മിയാമോൾക്ക് ഫോൺ വന്നപ്പോൾ കാശിച്ചായൻ എന്ന്  സംസാരിക്കുന്നത് കേട്ടാണ് കുഞ്ഞുങ്ങൾ ഉണർന്നത്….അപ്പോൾ മുതൽ അപ്പയുടെ അടുത്ത് പോകണം എന്ന് പറഞ്ഞ് ബഹളമായിരുന്നു……….
രാവിലെ പാല് പോലും കുടിക്കാതെയാണ് ഇങ്ങോട്ടേക്ക് വന്നേക്കുന്നെ………”
ജാനകി ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിറുത്തി…..
കാശി സൈറയുടെ കയ്യിൽ മുഖമമർത്തി കിടന്ന കുഞ്ഞുങ്ങളെ എഴുന്നേൽപ്പിച്ചു…
അവർ രണ്ടുപേരും കള്ളത്തരം ചെയ്തതുപോലെ തല കുനിച്ചിരുന്നു.  അത് കണ്ട സൈറ പതിയെ ചിരിച്ചു…അവരുടെ ഇരിപ്പ് കണ്ട കാശിയൊഴികെ എല്ലാവരും ചിരിച്ചു…
അതോടെ കുഞ്ഞുങ്ങളുടെ മുഖത്തും ഒരു കള്ളാച്ചിരി വിടർന്നു…അവർ രണ്ടുപേരും തലയുയർത്തി എല്ലാവരെയും നോക്കി കള്ളച്ചിരി ചിരിച്ചു…അവസാനമാണ് അവർ അവരുടെ മുന്നിലിരിക്കുന്ന അവരുടെ അപ്പയെ ശ്രദ്ധിച്ചത്…
.തങ്ങളുടെ അപ്പയുടെ മുഖം തെളിയാത്തത് കൊണ്ട് അവർക്ക് വിഷമമായി…അവർ വേഗം അവന്റെ അടുത്തേക്ക് ചെന്ന് അവന്റെ കഴുത്തിൽകൂടെ കയ്യിട്ട് അവന്റെ തോളിലേക് ചാഞ്ഞു….കാശി അതുപോലെ തന്നെ കുഞ്ഞുങ്ങളെ എടുത്തുകൊണ്ട് ആശുപത്രിയുടെ കാന്റീനിലേക്ക് പോയി…
ബാക്കിയുള്ളവർ സൈറയുടെ അടുക്കൽ തന്നെയിരുന്നു…നാട്ടിലുള്ള സാമിന്റെയും മിയയുടെയും മാതാപിതാക്കളെ വിവരം അറിയിക്കേണ്ട എന്ന് സൈറ സാമിനോടും മിയായോടും പറഞ്ഞു…
**************************************************************************************
കാശി ക്യാന്റീനിൽ ചെന്ന് ആറ് കുട്ടി ദോശയും കറിയും കൂടെ രണ്ട് ഗ്ലാസ് പാലുംവെള്ളവും ഒരു ഗ്ലാസ് കാപ്പിയും വാങ്ങി…
അവൻ ദോശ കിട്ടിയതും അത് പതിയെ പതിയെ പൊട്ടിച്ച് കുഞ്ഞുങ്ങൾക്ക് കൊടുക്കുവാൻ തുടങ്ങി…അവർ അനുസരണയോടെ ആ ദോശ മുഴുവനും കഴിച്ചു തീർത്തു…തലേ രാത്രിയിലും ഒന്നും കഴിക്കാഞ്ഞതിനാൽ അവർക്ക് നല്ല വിശപ്പുണ്ടായിരുന്നു…
അവർക്ക് ഭക്ഷണവും പാലും കൊടുത്തിട്ട് അവരെ വായ കഴുകിച്ചിട്ട് കാശി തന്റെ കാപ്പി കുടിക്കുമ്പോഴാണ് കാശിയ്ക്ക് ഫോൺ വന്നത്….
അവൻ കുഞ്ഞുങ്ങളെ നോക്കി ആ ഫോൺ എടുത്തു….അതിൽ നിന്നും കേട്ട കാര്യങ്ങളുടെ സത്യാവസ്ഥ അറിയുവാൻ അവൻ ആ ഫോണിൽ വിളിച്ചയാളെ ഉച്ച ഒരു പതിനൊന്ന് മണി കഴിഞ്ഞ് കബോൺ പാർക്കിൽ കണ്ടുമുട്ടാം എന്ന് പറഞ്ഞു…
കാശി കാപ്പി കുടിച്ച ശേഷം കുഞ്ഞുങ്ങളെ ആശുപത്രിയിൽ ആക്കിയശേഷം കബോൺ പാർക്കിലേക്ക് തിരിച്ചു………..
**************************************************************************************
കാശി സമയത്ത് തന്നെ കബോൺ പാർക്കിലേക്ക് എത്തിച്ചേർന്നു…അവിടെയുള്ള അവർ പറഞ്ഞ സ്ഥലത്ത് അവൻ അയാൾക്കായി കാത്തുനിന്നു…
കുറച്ചു സമയത്തിന് ശേഷം പർദ്ദ പോലുള്ളൊരു വേഷം
ധരിച്ചൊരു സ്ത്രീ അവന്റെ അടുക്കൽ എത്തി…
”കാശിയേട്ടാ…ഞാൻ ആണ് വരാൻ പറഞ്ഞത്….”
കാശി അത്ഭുതത്തോടെ ആ സ്ത്രീയെ നോക്കി……
”അയ്യോ…എന്നെ ഇങ്ങനെ നോക്കണ്ട..ഞാൻ ആരാണെന്നും എന്റെ ലക്ഷ്യം എന്താണെന്നും എല്ലാം പറയാം…അതിന് മുന്നേ നമുക്ക് അൽപ്പം മാറി നിക്കാം…ആരും ശ്രദ്ധിക്കാത്ത ഒരിടത്തേയ്ക്ക്…ഞാൻ ചേട്ടനോട് സംസാരിക്കുന്നത് അവര് കണ്ടാൽ എന്റെ അമ്മയെ അവർ എന്തും ചെയ്യും അതുകൊണ്ടാ….”
കാശി അവൾ പറഞ്ഞതിനനുസരിച്ച് കുറച്ചങ്ങോട്ട് മാറി നിന്നു….അവളും കൂടെ ചെന്നു…..
കാശി സംസാരിച്ചു തുടങ്ങി…
“താൻ ആരാ എന്താണെന്ന് അറിയാതെ ഞാൻ എങ്ങനെ നിങ്ങളെ വിശ്വസിക്കും…”
“ഞാൻ ആരാണെന്നല്ലേ അറിയേണ്ടത്….”
ആ രൂപം അവനോട് ചോദിച്ചു….
കാശി അതേ എന്നുള്ള രീതിയിൽ തന്റെ തലയെ ചലിപ്പിച്ചു…
ആ രൂപം പതിയെ തന്റെ മുഖത്തെ മറച്ചിരുന്ന ആ പർദ്ദയുടെ ഭാഗം എടുത്ത് പൊക്കി പിടിച്ചു….
ആ വ്യക്തിയെ കണ്ട കാശി അന്തിച്ചു നിന്നു…..താൻ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു വ്യക്തി…അയാൾ എന്തുകൊണ്ട് തന്റെ മുന്നിൽ നിൽക്കുന്നു എന്നവൻ ചിന്തിച്ചു…
ആ രൂപം പതിയെ സംസാരിച്ചു തുടങ്ങി…
“എന്നെ ഒരിക്കലും ചേട്ടൻ ഇവിടെ പ്രതീക്ഷിച്ചു കാണില്ല അല്ലെ…..
എന്റെ ഈ പുറത്തെ ഭാവം മാത്രമല്ലേ എല്ലാവർക്കും അറിയൂ…അതിനകത്ത് എല്ലാം കണ്ടും കേട്ടും അനുഭവിച്ചും ഉരുകുന്ന ഞാനും എന്റെ അമ്മയും ഉണ്ട്..
ഇനിയും എനിക്ക് പിടിച്ചു നിൽക്കാൻ കഴിയില്ല…അതിനാൽ ചില കാര്യങ്ങൾ ചേട്ടനെ അറിയിക്കുവാനാണ് ഞാൻ വന്നത്…”
അതിന് ശേഷം ആ രൂപം പറഞ്ഞ വാക്കുകൾ കേട്ട്….അവളിൽ നിന്നും അറിഞ്ഞ സത്യങ്ങൾ കേട്ട് ഒരേ സമയം തന്റെ സംശയങ്ങൾ ദുരീകരിക്കപ്പെട്ടത്തിന്റെ സന്തോഷവും അതേ സമയം തന്നെ അവന്റെ ഉള്ളിൽ പകയുടെയും പ്രതികാരത്തിന്റെയും തീയും ആളിക്കത്തി…

(തുടരും…)

അറിയാതെ : ഭാഗം 33