അറിയാതെ : ഭാഗം 24
നോവൽ
എഴുത്തുകാരി: അഗ്നി
“എല്ലാവരും ഒരു നിമിഷം ഒന്ന് ശ്രദ്ധിക്കാമോ…”……
അത് കേട്ടപ്പോൾ കാശിയുടെയും സൈറയുടെയും ഒഴികെ ബാക്കിയുള്ളവരുടെ ചുണ്ടുകൾ എല്ലാം പതിയെ പുഞ്ചിരിച്ചു…
“എന്താ അമ്മേ…”..കാശി ചോദിച്ചു…
അവൻ ആമിയെ തോളിൽ തട്ടി ഉറക്കുവൻ ശ്രമിക്കുകയായിരുന്നു…
“ദേ..അത് ഇവർ പറയും…”..ജാനകി രാധാകൃഷ്ണനെയും ജേക്കബിനെയും മാത്യൂസിനെയും ചൂണ്ടി കാണിച്ചുകൊണ്ട് പറഞ്ഞു….
”ഞങ്ങൾ എല്ലാവരുംകൂടി ഒരു കാര്യം തീരുമാനിച്ചു…..”
രാധാകൃഷ്ണൻ പറഞ്ഞുതുടങ്ങി….
”നിങ്ങളുടെ വിവാഹം നാട്ടിൽ വച്ച് എല്ലാവരുടെയും സാന്നിധ്യത്തിൽ നടത്തുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു..
ആഗ്രഹിക്കുന്നു എന്നല്ല..ഞങ്ങൾ തീരുമാനിച്ചു…”
അപ്പോഴേക്കും ജേക്കബ് പറഞ്ഞു തുടങ്ങി….
“അതുകൊണ്ട് സൈറ മോളും കാശിയും എത്രയും വേഗം തന്നെ കുറച്ചു ദിവസത്തേയ്ക്ക് അവധിയെടുക്കണം…നമുക്ക് പുതിയകാവ് ക്ഷേത്രത്തിൽ വച്ച് ഏറ്റവും അടുത്ത മുഹൂർത്തത്തിൽ തന്നെ കല്യാണം നടത്താം….ഞങ്ങൾക്കെല്ലാവർക്കും അതിന് സമ്മതമാണ്…”
“എന്തായാലും ഞങ്ങൾ പോകുമ്പോഴേക്കും കൂടെ സൈറയേയും കുഞ്ഞുങ്ങളെയും കൊണ്ടുപോയാലോ എന്നുള്ള ആലോചനയിലാണ്…കാരണം എത്രയും പെട്ടന്ന് തന്നെ നിങ്ങളുടെ വിവാഹം കഴിയണം…
നിങ്ങളുടെ വിവാഹശേഷം മാത്രമേ സാമിന്റെയും മിയയുടെയും കാര്യം തീരുമാനിക്കാൻ കഴിയു..അല്ലെങ്കിൽ അതിന് ശേഷമേ അവർ അതിന് സമ്മതിക്കു.. അല്ലെടാ സാമേ…”
മാത്യൂസ് പറഞ്ഞു നിറുത്തി…
കാശിയും സൈറയും തമ്മിൽ ഒന്ന് നോക്കി…തങ്ങളുടെ അമ്മയോടും അപ്പയോടും അനുകൂലമായ തീരുമാനമെടുക്കാൻ അപേക്ഷിച്ചുകൊണ്ട് ചെറിയ മയക്കത്തിനിടയിലും ആമിയുടെ കൈ കാശിയുടെ തോളിലും ആദിയുടെ കൈ സൈറയുടെ മുടിയിലും അമർന്നു..
“മക്കളെ…നിങ്ങളുടെ അഭിപ്രായമെന്താ…നിങ്ങൾ എന്നതാ ഒന്നും മിണ്ടാത്തെ…..”
ജീന ആധിയോടെ അവരെ നോക്കി ചോദിച്ചു…
കാശി അനുകൂലമായൊരു മറുപടി പറയാനാഞ്ഞതും സാം ചാടിക്കയറി കാശിയുടെ സമ്മതം അറിയിച്ചു…
സാമിന്റെ ആവേശം കണ്ട് കാശിയും സൈറയും ഉൾപ്പടെ എല്ലാവരും ചിരിച്ചു..നല്ല ഉച്ചത്തിൽ തന്നെയാണ് അവർ ചിരിച്ചത്..മിയായാണെങ്കിൽ എന്ത് ചെയ്യണം എന്നറിയാതെ അവിടെ തന്നെ നിന്നു..
എല്ലാവരുടെയും ചിരി ഉച്ചത്തിലായതിനാൽ തന്നെ കുഞ്ഞുങ്ങൾ രണ്ടുപേരും ആ ശബ്ദം കേട്ട് ഞെട്ടിയുണർന്നു കാശിയുടെയും സൈറയുടെയും തോളിൽ കിടന്ന് കരയുവാൻ തുടങ്ങി..
കാശിയും സൈറയും ദയനീയമായി ചുറ്റും നോക്കി…എല്ലാവരും തങ്ങളുടെ ചിരി നിർത്തി കാശിയെയും സൈറയേയും കുഞ്ഞുങ്ങളെയും മാറി മാറി നോക്കി…
പകൽ നന്നായി ഉറങ്ങിയതിനാൽ വളരെ കഷ്ടപ്പെട്ടാണ് അവർ രണ്ടുപേരും കുഞ്ഞുങ്ങളെ ഉറക്കിയത്.. അതുകൊണ്ട് തന്നെ എല്ലാവരും ചിരിക്കണോ കരയണോ എന്നുള്ള അവസ്ഥയിലായിരുന്നു…
എന്നാൽ ഇതേ സമയം ചുറ്റും നടക്കുന്ന കോലാഹലങ്ങളോന്നും അറിയാതെ കൈകൾ കോർത്ത് പിടിച്ചുകൊണ്ട് കുറുകുന്ന തിരക്കിലായിരുന്നു അവർ…തങ്ങളുടെ വിവാഹക്കാര്യം ഇന്നത്തെ സംസാരത്തിൽ കടന്നു വന്നതിന്റെ അത്ഭുതത്തിൽ മതിമറന്നിരിക്കുകയായിരുന്നു ഡോക്ടറും ജേർണലിസ്റ്റും..
ഇത് കണ്ടതും കാശിയും സൈറയും തമ്മിൽ ഒന്ന് നോക്കി….. എന്നിട്ട് അവർ കരയുന്ന ആദിയെയും ആമിയെയും എടുത്തുകൊണ്ട് അവരെ ലക്ഷ്യമാക്കി ചെന്നു…
കുഞ്ഞുങ്ങളെ കണ്ടതും സംഭവം പന്തിയല്ലെന്ന് കണ്ട സാമും മിയായും പുറത്തേയ്ക്ക് ഓടാൻ നിന്നെങ്കിലും കാശി അവരെ കയ്യോടെ പിടിച്ചു..
അവരുടെ ഓട്ടം കണ്ട് ബാക്കിയുള്ളവരെല്ലാം വീണ്ടും ചിരിച്ചു…അമ്മമാരെല്ലാം സന്തോഷം കൊണ്ട് അവരുടെ കണ്ണുകൾ ഒപ്പി…എന്നും ഇവരുടെ ഈ സൗഹൃദവും സന്തോഷവും നിലനിൽക്കാൻ അവർ ഹൃദയത്തിൽ ആത്മാർത്ഥമായ് പ്രാർത്ഥിച്ചു…
കാശി സാമിന്റെ കയ്യിലേക്ക് ആമിയെ കൊടുത്തു…മിയയുടെ കയ്യിലേക്ക് ആദിയെയും…അവർ വേറെ നിവർത്തിയില്ലാതെ അവരെ കയ്യിൽ വാങ്ങി…
അവരുടെ കയ്യിൽ എത്തിയതും കുഞ്ഞുങ്ങൾ കളിക്കാൻ തുടങ്ങി…അവസാനം കാശി ഒന്ന് നോക്കിയപ്പോൾ അവർ പതിയെ അവരുടെ തോളിലേക്ക് തല ചായ്ച്ചു കിടന്നു..
കാശിയെ കുഞ്ഞുങ്ങൾക്ക് രണ്ടു പേർക്കും വളരെ ഇഷ്ടമാണ്..അതുപോലെ തന്നെ ഒന്ന് നോക്കിയാൽ മതി..അവർ അടങ്ങി നിന്ന് നല്ല കുട്ടികളാകും..
കാശി നല്ലൊരു പിതാവായിരുന്നു..കുഞ്ഞുങ്ങളുടെ കൂടെ കളിക്കുവാനും ചിരിക്കുവാനും എല്ലാ കാര്യങ്ങൾക്കും കൂടെ നിൽക്കുമെങ്കിലും അവന്റെ നോട്ടം മാത്രം മതിയായിരുന്നു കുഞ്ഞുങ്ങൾ ശാന്തരാകുവാനും അനുസരണ ശീലമുള്ളവരാകുവാനും…
അങ്ങനെ കാശിയുടെ നോട്ടത്തിൽ കുഞ്ഞുങ്ങൾ രണ്ടുപേരും അവരുടെ തോളിലേക്ക് ചാഞ്ഞു…
അപ്പോഴേക്കും കൃഷ്ണൻ എല്ലാവരോടുമായി വീണ്ടും പറഞ്ഞു തുടങ്ങി…
“എന്തായാലും ഇനി രണ്ടോ മൂന്നോ ആഴ്ചകൾക്കുള്ളിൽ ഇവരുടെ വിവാഹം നടക്കുമല്ലോ…അതുകൊണ്ട് നമുക്ക് ഒരു കാര്യം ചെയ്യാം…”..
അത് ഈ എന്താണെന്നറിയാനായി എല്ലാവരും നോക്കി നിന്നു…
എന്നാൽ രാധാകൃഷ്ണൻ പറഞ്ഞ കാര്യം കേട്ടപ്പോൾ സൈറയുടെ ഉള്ളത്തിൽ ഒരു നോവുണ്ടായി……..കാശിയുടെയും സ്ഥിതി മറിച്ചല്ലായിരുന്നു….
ഒരു കണ്ണീർത്തുള്ളി അവളുടെ കണ്ണിൽ നിന്നും താഴേയ്ക്ക് ചാടി..
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
“കാശി..നീ തന്നെ സൈറയുടെ കഴുത്തിൽ നിന്നും ആ താലി ഊരണം…ഇപ്പോൾ തന്നെ..എന്നിട്ട് ഇനി നിങ്ങളുടെ വിവാഹത്തിന്റെയന്ന് ക്ഷേത്രത്തിൽ വച്ച് എല്ലാവരുടെയും സാന്നിധ്യത്തിൽ വീണ്ടും മോളെ അണിയിച്ചാൽ മതി..”
കാശിയുടെയും സൈറയുടെയും ഹൃദയം നൊന്തു…ആ താലി വീണ്ടും കിട്ടുമെങ്കിൽ പോലും അത് അഴിച്ചു വയ്ക്കാൻ പറയുന്നത് അവളുടെ ശ്വാസം നിലയ്ക്കുന്നത് പോലെയായിരുന്നു…
“മക്കളെ…ഞങ്ങൾക്കറിയാം നിങ്ങൾക്കത് ഒരു ബുദ്ധിമുട്ടായിരിക്കുമെന്ന്.. എന്നാലും ഞങ്ങളോട് പറയാതെ നിങ്ങൾ ഇങ്ങനെയൊക്കെ ചെയ്തതിന് ഞങ്ങൾ എല്ലാവരും കൂടെ നൽകുന്ന ഒരു ചെറിയ ശിക്ഷയായി കണ്ടാൽ മതി ഇതിനെ…കേട്ടോ…”
ജാനകി പറഞ്ഞു നിറുത്തി….
അവർക്ക് താത്പര്യമില്ലാഞ്ഞിട്ടു കൂടിയും എല്ലാവരുടെയും നിര്ബന്ധത്താൽ കാശിയ്ക്ക് സൈറയുടെ കഴുത്തിൽ നിന്നും അവളുടെ താലിമാല ഊരിയെടുക്കേണ്ടി വന്നു…അവളുടെ കണ്ണിൽ നിന്നും വീണ ബാഷ്പങ്ങൾ അവന്റെ കൈകളെ ചുട്ടുപൊള്ളിച്ചു…
ആ മാല അവൻ രാധാകൃഷ്ണന്റെ കയ്യിലേക്ക് ഏല്പിച്ചിട്ട് കാശി ആരെയും നോക്കാതെ തന്റെ ഫ്‌ളാറ്റിലേക്ക് പോയി..സൈറ കുഞ്ഞുങ്ങളുമായി അവളുടെ മുറിയിലേക്കും…..
ബാക്കിയെല്ലാവരും ആ മുറിയിൽ താനെ നിന്നു..
“നമ്മൾ ചെയ്തത് കുറച്ചു കൂടിപ്പോയോ…”ലില്ലി എല്ലാവരോടുമായി ചോദിച്ചു..
“ഇല്ലെടോ…നമ്മളോട് പറയാതെ എടുത്തു ചാടി എല്ലാം ചെറുത്തിന്റെ ചെറിയൊരു ശിക്ഷ…അത്രേയുള്ളൂ….
പിന്നെ ഇന്നത്തെ അവരുടെ മുഖ ഭാവത്തിൽ നിന്നും എനിക്ക് മനസ്സിലായി…അവർ എത്രമാത്രം തമ്മിൽ സ്നേഹിക്കുന്നു എന്നുള്ളത്…അത് മാത്രം കണ്ടാൽ മതി…
ഞങ്ങളുടെ മോള് അത്രയും വിഷമിച്ചിട്ടുള്ളതാ..അവളുടെ ലോകമായൊരുന്നു ശ്യാമുവും മീനുവും…അവർ ഒന്നിച്ച് അവളെ ഒറ്റയ്ക്കാക്കി പോയപ്പോൾ…”
ബാക്കി പൂർത്തീകരിക്കാനാകാതെ മാത്യൂസ് നിർത്തി…
രാധാകൃഷ്ണൻ മാത്യൂസിനെ കെട്ടിപ്പിടിച്ചു…
“എഡോ..താൻ ഇനിയും സൈറമോളുടെ കാര്യമൊർത്ത് സങ്കടപ്പെടരുത്…അവൾക്ക് ഇനി മുതൽ താങ്ങായി തണലായി ഞാനും ജാനകിയും എന്റെ കിച്ചുവും മഹിയുമൊക്കെയുണ്ടാകും…കൂടാതെ ഞങ്ങളുടെ കുസൃതിക്കുടുക്കകളായ പേരക്കുട്ടികളും…”
അത് കേട്ടതും മാത്യൂസിന്റെ മാത്രമല്ല അവിടെ കൂടിനിന്ന എല്ലാവരുടെയും മുഖങ്ങൾ സന്തോഷത്താൽ വിളങ്ങി..
അവർ പിന്നെയും എന്തൊക്കെയോ സംസാരിച്ചതിന് ശേഷം കിടക്കാനായി പോയി…
***************
***************
അങ്ങനെ രണ്ട് മൂന്ന് ദിവസങ്ങൾക്ക് ശേഷം കാശിയും സാമും മിയയും ഒഴികെ എല്ലാവരും മടങ്ങിപ്പോയി…
സൈറ ആശുപത്രിയിൽ നിന്നും മൂന്നാഴ്ചത്തെ അവധി വാങ്ങിയിരുന്നു…സനയും അജുവും വീണയും വിവാഹമാകുമ്പോഴേയ്ക്കും അങ്ങോട്ട് എത്തിയേക്കാം എന്നും പറഞ്ഞിരുന്നു….
സൈറയെ മാത്യൂസും ജീനയും തൃപ്പൂണിത്തുറ പേട്ടയിലുള്ള അവരുടെ സ്കൈ ലൈൻ അപാർട്മെന്റിലേക്കാണ് കൊണ്ടുപോയത്….അതിന് നേരെ എതിർ വശത്താണ് ലില്ലിയും ജേക്കബും താമസിക്കുന്നത്….
നേരത്തെ അവർ കടവന്ത്രയിലായിരുന്നു…ശ്യാമുപ്പയുടെയും മീനമ്മയുടെയും മരണശേഷമാണ് അവർ ഇങ്ങോട്ടേക്ക് താമസം മാറിയത്..
സൈറ ഫ്‌ളാറ്റിൽ എത്തിയപ്പോഴേയ്ക്കും കുഞ്ഞുങ്ങൾ യാത്രാക്ഷീണം മൂലം ഉറങ്ങിയിരുന്നു..ജാനകിയും കൃഷ്ണനും നേരിട്ട് പുതിയാകാവിലുള്ള അവരുടെ വീട്ടിലേക്ക് പോയി…
കുഞ്ഞുങ്ങൾക്ക് സ്ഥലം മാറിയതിന്റെ ബുദ്ധിമുട്ട് ആദ്യത്തെ രണ്ട് ദിവസങ്ങളിൽ ഉണ്ടായിരുന്നുവെങ്കിലും പതിയെ അത് മാറി…
തൃപ്പൂണിത്തുറയിലെ ഫ്ലാറ്റ് ഒരു പുഴയുടെ തീർത്തായിരുന്നു..അതിനോട് ചേർന്ന് വാക് വേയും കുട്ടികൾക്കുള്ള പാർക്കും ഒക്കെയായി മനോഹരമായ ഒരു അന്തരീക്ഷമായിരുന്നു അവിടെ..അതുകൊണ്ട് തന്നെ കുഞ്ഞുങ്ങൾ വേഗം ഇണങ്ങി..
ജീനയും ലില്ലിയും മാത്യൂസും ജേക്കബും എല്ലാം കുഞ്ഞുങ്ങളെ താഴത്തും തലയിലും വയ്ക്കാതെയാണ് നടന്നുകൊണ്ടിരുന്നത്..
ആദ്യത്തെ ദിവസം കരഞ്ഞപ്പോൾ കരച്ചിൽ മാറ്റുവാനായി പുറത്തു കൊണ്ട്‌പോയതായിരുന്നു കുഞ്ഞുങ്ങളെ..കൂട്ടത്തിൽ തൈക്കൂടം മെട്രോ സ്റ്റേഷനിൽ നിന്നും മെട്രോയിൽ കയറി ജേക്കബും ലില്ലിയും സൈറയും കുഞ്ഞുങ്ങളും കൂടെ ലുലുവിലേക്ക് പോയി..റോഡുമാർഗം കാറുമായി മാത്യൂസും ജീനയും ലുലുവിലേക്കെത്തി..
കുഞ്ഞുങ്ങൾ ആദ്യമായിട്ടായിരുന്നു മെട്രോയിൽ കയറുന്നത്…ബാംഗ്ലൂരിൽ വച്ചിട്ട് ഒരിക്കൽ പോലും സൈറ കുഞ്ഞുങ്ങളെ മെട്രോയിൽ ഒന്നും കൊണ്ടുപോയിരുന്നില്ല…
കുഞ്ഞുങ്ങൾക്ക് ഇപ്പോൾ രണ്ട് വയസ് കഴിഞ്ഞതുകൊണ്ട് തന്നെ ഓരോ കാര്യങ്ങൾ കാണുമ്പോഴും അതിന്റെതായ കൗതുകത്തോടെ നോക്കി നിൽക്കുമായിരുന്നു..അവരുടേതായ ഭാഷയിൽ ഓരോ സാധനങ്ങളും കാണിച്ചുകൊടുത്ത് അവയുടെ പേരെല്ലാം എല്ലാവരോടും ചോദിക്കുമായിരുന്നു…
അങ്ങനെയൊന്നായിരുന്നു അവർക്ക് മെട്രോ യാത്രയും….അങ്ങനെ അന്നത്തെ ദിവസം നടന്ന യാത്ര ഇഷ്ടപ്പെട്ടത്തിനാൽ ഇപ്പോൾ അവർ കരയുമ്പോൾ കരച്ചിൽ മാറ്റുവാനായി ജേക്കബോ മാത്യൂസോ കുഞ്ഞുങ്ങളുമായി മെട്രോ യാത്ര പതിവാക്കിയിരിക്കുകയാണ്..
സൈറയ്ക്ക് അറിയാം ഇതെല്ലാം കുഞ്ഞുങ്ങളുടെ അടവാണെന്നുള്ള കാര്യം..പക്ഷെ അവൾ പറഞ്ഞാൽ കുഞ്ഞുങ്ങൾക്ക് അനുസരണശീലം അൽപ്പം കുറവാണ്..പിന്നെ കരച്ചിൽ മാറുവാണെങ്കിൽ മാറട്ടെ എന്നോർത്ത് അവൾ സമ്മതിക്കുകയും ചെയ്യും…
അങ്ങനെ കുഞ്ഞുങ്ങളുടെ കരച്ചിലും ഫ്‌ളാറ്റിലെ കളിയും മെട്രോയിലെ യാത്രയും ഒക്കെയായി ഒരാഴ്ച വേഗം കടന്നുപോയി..
ഇനിയും മൂന്ന് ദിവസം കഴിഞ്ഞാൽ കാശിയുടെയും സൈറയുടെയും വിവാഹമാണ്….
കാശിയും സാമും മിയയും ഇന്നലെ എത്തിയിരുന്നു…അതുകൊണ്ട് തന്നെ ഇന്നാണ് അവർ വസ്ത്രമെടുക്കുവാനായി തീരുമാനിച്ചിരിക്കുന്നത്…
കാശിയ്ക്ക് അതിനോടൊന്നും വലിയ താത്പര്യമുണ്ടായില്ലെങ്കിൽ പോലും സൈറയുടെ ആദ്യ വിവാഹമാണ്…ഏതൊരു പെണ്കുട്ടിയെപോലെയും സ്വന്ത വിവാഹദിനത്തെപ്പറ്റി അവൾക്കും സ്വപ്നങ്ങൾ ഉണ്ടാകും എന്നറിയാകുന്നതുകൊണ്ട് തന്നെ കാശി ഒന്നും എതിരായി പറഞ്ഞില്ല…
അവർ എറണാകുളം ശീമാട്ടിയിലേക്കാണ് പോയത്…അവിടെ നിന്നും താലികെട്ടിന്റെ സമയത്ത് ധരിക്കുവാനായി സിംപിൾ ടിഷ്യു സിൽക്കിനാൽ നിർമ്മിതമായ ഒരു കേരളാ സാരിയാണ് സൈറ തിരഞ്ഞെടുത്തത്..അതിന് കൂട്ടായി വാഴക്കൂമ്പ് പച്ച നിറത്തിലുള്ള ബ്ലൗസും എടുത്തു…
കാശിയ്ക്കും അതേ നിറത്തിലുള്ള ഷർട്ടും മുണ്ടും എടുത്തു..കുഞ്ഞുങ്ങളിൽ ആമിയ്ക്ക് സീ ബ്ലൂ നിറത്തിലുള്ള പട്ടുപാവടയും ബ്ലൗസും ആദിയ്ക്ക് അതേ നിറത്തിലുള്ള കുഞ്ഞു മുണ്ടും കുർത്തയും എടുത്തു..
പിന്നെ അന്ന് വൈകുന്നേരം തന്നെ നടത്തുവാൻ തീരുമാനിച്ചിരുന്ന റീസെപ്‌ഷനിലേക്കുള്ള വസ്ത്രങ്ങൾ നോക്കിയെടുത്തു…കാശിയും സൈറയും അധികം ആർഭാടം ഒന്നും വസ്ത്രത്തിൽ വേണ്ട എന്ന് പറഞ്ഞതിനാൽ അവർ പർപ്പിൾ നിറത്തിലുള്ള സാരിയും അതേ നിറത്തിലുള്ള കുർത്തയും മുണ്ടും ആണ് വാങ്ങിയത്…
ആദിയ്ക്ക് അതേ നിറത്തിലുള്ള ബ്ലേസറും പാന്റും വെള്ള ഷർട്ടും എടുത്തു..ആമിയ്ക്കാണെങ്കിൽ പർപ്പിൾ നിറത്തിൽ തന്നെ മുട്ടോളം ഇറക്കമുള്ള ഒരു കുഞ്ഞുടുപ്പും എടുത്തു…
ബാക്കിയുള്ളവരും അവരവർക്ക് വേണ്ട വസ്ത്രങ്ങൾ എല്ലാം തന്നെ എടുത്തു….അങ്ങനെ ആ ദിവസവും കടന്നുപോയി…
***************
***************
മൂന്ന് ദിവസങ്ങൾ മൂന്ന് നിമിഷങ്ങൾ പോലെ കടന്നുപോയി…
ഇന്നാണ് സൈറയുടെയും കാശിയുടെയും വിവാഹ സുദിനം..
രാവിലെ തന്നെ സൈറ ചമ്പക്കരയിലുള്ള പള്ളിയിൽ ചെന്ന് പ്രാർത്ഥിച്ചിരുന്നു.. കുഞ്ഞുങ്ങളെ ജീനയുടെ അടുത്താക്കിയിട്ട് സൈറയും സാമും മിയായും കൂടെയാണ് പോയത്….
രാവിലെ പത്തരയ്ക്കാണ് വിവാഹത്തിനായുള്ള മുഹൂർത്തം…അതിനാൽ സൈറയും സാമും മിയായും അവരുടെ കുടുംബങ്ങളും പിന്നെ കുഞ്ഞാദിയും കുഞ്ഞാമിയും കൂടെ പത്ത് മണി കഴിഞ്ഞതിന് ശേഷമാണ് വീട്ടിൽ നിന്നും ഇറങ്ങിയത്…
സൈറയെ മിയ അതിസുന്ദരിയായി തന്നെ ഒരുക്കിയിരുന്നു…കുഞ്ഞുങ്ങളേയും നല്ല ഭംഗിയായി തന്നെ ഒരുക്കി..
സാമും മിയായും സൈറയും കുഞ്ഞുങ്ങളും ഒരു വണ്ടിയിലും പപ്പമാരും മമ്മിമാരും വേറെ വണ്ടിയിലുമായാണ് യാത്ര തിരിച്ചത്….
അങ്ങനെ അവർ പത്ത് ഇരുപത് ആയപ്പോഴേയ്ക്കും പുതിയകാവ് ക്ഷേത്രത്തിൽ എത്തി…
(തുടരും….)