Wednesday, January 22, 2025
Novel

അറിയാതെ : ഭാഗം 21

നോവൽ
എഴുത്തുകാരി: അഗ്നി


അത് കണ്ടതും ജോർജ്ജിന്റെ കണ്ണുകൾ മിഴിഞ്ഞു….

“ഇല്ലാ…ഞാൻ..ഞാനിത് വിശ്വസിക്കില്ല..വെറുതെ കള്ളത്തരം പറഞ്ഞോണ്ട് വന്നാലുണ്ടല്ലോ…”

“നീ ഒരു ചുക്കും ചെയ്യില്ല…”…കാശിയാണത് പറഞ്ഞത്…

കാശി തുടർന്നു..

“തനിയ്ക്ക് എന്താണ് അറിയേണ്ടത്…ഞങ്ങളുടെ വിവാഹത്തെ പറ്റിയോ…

ഹം…അന്ന് മാളിൽ വച്ച് ഇവളെ ആക്രമിക്കാൻ ശ്രമിച്ചപ്പോഴേ എനിക്കൊരു ഊഹം ഉണ്ടായിരുന്നു ഇതിന് പിന്നിൽ നിങ്ങളൊക്കെ തന്നെ ആയിരിക്കും എന്നുള്ളത്…

പിന്നെ അവന്റെ കയ്യിൽ നിന്നും കളഞ്ഞുപോയ ഫോൺ നല്ലവണ്ണം ഒന്ന് അതായത് സൈബർ സെല്ലുകാരുടെ സഹായത്തോട് കൂടെ അരിച്ചു പെറുക്കിയപ്പോൾ മനസ്സിലായി അത് തന്റെ മകൻ ടോണിയുടെ ആണെന്ന്…

എന്നാലും അന്ന് വന്നത് അവൻ തന്നെ ആയിരുന്നു ഞാൻ ഉറപ്പ് വരാനായി കാത്തിരുന്നു…അത് ഉറപ്പായതോടെ ഞാൻ അവനെയങ്ങ്‌ പൊക്കി…

താൻ വിചാരിച്ചിരുന്നത് എന്താ…തന്റെ മകൻ എവിടെയോ ട്രിപ്പിങ്ങിന് പോയെക്കുകയാണെന്ന്.. അല്ലെ…എന്നാൽ അങ്ങനെയല്ല..പുള്ളിയുടെ യാത്രയ്ക്കിടയിൽ ഞങ്ങൾ അവനെ പൊക്കി…അപ്പുറത്തെ മുറിയിൽ തന്നെയുണ്ട് അവനും….”

ജോർജ്ജിന്റെ കണ്ണുകൾ ദേഷ്യത്താൽ ചുവന്ന് വന്നു…

അത് വകവയ്ക്കാതെ കാശി വീണ്ടും പറഞ്ഞു തുടങ്ങി…

“അയ്യോ..ഞാൻ എന്താ പറഞ്ഞു വന്നതെന്ന് വച്ചാൽ ഞങ്ങളുടെ വിവാഹം…

അന്ന് വന്നത് അവനാണെന്ന് ഉറപ്പിച്ചപ്പോഴേ മനസ്സിലായി നിങ്ങളുടെ നോട്ടം മുഴുവനും ഇവളുടെ പേരിലുള്ള സ്വത്തിൽ ആണെന്ന്…അത് പരസ്യമായ രഹസ്യമാണ്…..

അതുകൊണ്ട്..ഇവളുടെ ജീവിതം സംരക്ഷിക്കാൻ വേണ്ടി മാത്രമല്ല…..എന്റെ പ്രണയത്തിന്റെ ക്രോധത്തിന്റെ കുസൃതിയുടെ എല്ലാം അവകാശിയായി ഞാൻ അവളെ ക്ഷണിച്ചു…എല്ലാത്തിലും ഉപരി എന്റെ ജീവനും ജീവിതവുമാകാൻ…എന്റെ കുഞ്ഞുങ്ങൾക്ക് നല്ലൊരു അമ്മയാകാൻ…എനിക്ക് നല്ലൊരു ഭാര്യയാവാൻ…എന്റെ അമ്മയ്ക്കും അച്ഛനും നല്ലൊരു മകളാവാൻ…എന്റെ അനിയത്തിക്കുട്ടി മഹിയ്ക്ക് നല്ലൊരു ഏടത്തിയമ്മയാകാൻ…

അവളുടെ സമ്മതം കിട്ടിയപ്പോൾ വീട്ടിൽ പോലും ആരെയും അറിയിക്കാതെ…അതായത് ഇവളുടെയും എന്റെയും മനസാക്ഷി സൂക്ഷിപ്പുകാർ പോലും അറിയാതെ ഞങ്ങൾ വിവാഹം കഴിച്ചു…കൃത്യമായി പറഞ്ഞാൽ മൂന്ന് മാസങ്ങൾക്ക് മുൻപ്…

അന്ന് ഞാൻ അവളുടെ കഴുത്തിൽ കെട്ടിയ താലിയാണിത്…താലിയേ മറയ്ക്കാനായി ഒരു ആവരണം കൂടെ ഇട്ടു….

പിന്നെ വിവാഹം..എനിക്ക് അത് ഒളിച്ചു വയ്‌ക്കേണ്ട കാര്യം എന്താണെന്ന് നീ ചോദിച്ചാൽ ഒറ്റയുത്തരം…നിന്നെ കയ്യോടെ പിടികൂടുക…എന്തായാലും നാട്ടിൽ വന്ന് തന്നെ പിടിച്ചാൽ എല്ലാവരും അറിയും..ഇവിടെ ആകുമ്പോൾ ആ കുഴപ്പമില്ലല്ലോ…”

കാശി സൈറയെ ചേർത്ത് പിടിച്ചുകൊണ്ടാണ് അവൻ പറഞ്ഞു നിർത്തിയത്….

ജോർജ്ജ് എന്ത് പറയണമെന്നറിയാതെ അവിടെയിരുന്നു…തനിയ്ക്ക് ഒരു മുഴം മുന്നേ അവൻ കളി തുടങ്ങിയെന്ന് അയാൾക്ക് മനസ്സിലായി…

അതോടെ അയാൾക്ക് ആകെ പരവേശമായി…ഇപ്പോൾ തന്നെ പലതും കാശി കണ്ടുപിടിച്ചത് പോലെയാണ് സംസാരിക്കുന്നത്…എങ്കിൽ ബാക്കിയുള്ളവ എന്താകുമെന്ന് അയാൾ ഭയന്നു….

******************************

കാശിയും സൈറയും അവരെ അവിടെയാക്കി പതിയെ വീട്ടിലേക്ക് തിരിച്ചു…

“രൂദ്രേട്ടാ….അത്..വല്യപപ്പയെ കാണാതായാൽ പരാതി വരില്ലേ…അപ്പോൾ ഏട്ടൻ ആണ് ഇതിന് പിന്നിലെന്ന് പറഞ്ഞാൽ…അത് ഏട്ടന് പ്രശ്നം ആകില്ലേ….” സൈറ ചോദിച്ചു.

“ഇല്ലെടാ…അതിനുള്ള പഴുതുകളൊക്കെ ഞാൻ തയ്യാറാക്കിയിട്ടുണ്ട്….”

“എന്ത് പഴുതുകൾ??..”

“ശ്യാമുപ്പയുടെ മരണം..”

അത് പെട്ടന്ന് കേട്ടപ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞു…

“എടാ..നീ വിഷമിക്കാൻ വേണ്ടി പറഞ്ഞതല്ല ഞാൻ…”

“ഇല്ലേട്ടാ.. പെട്ടന്ന്..എന്തോ..
അല്ലാ..അതിന് തെളിവുകൾ…..അതൊക്കെ എങ്ങനെ കിട്ടി..”

“അതോ…ഞാൻ നിങ്ങൾ ആരും അറിയാതെ തന്നെ ശ്യാമുപ്പയുടെ കേസ് ഓപ്പൺ ചെയ്തിരുന്നു..ഞാൻ തന്നെയാണ് അത് രഹസ്യമായി അത് അന്വേഷിച്ചുകൊണ്ടിരുന്നതും….

ആ അന്വേഷണത്തിനിടയിലാണ് അന്ന് ആ ആക്സിഡന്റ് ഉണ്ടാകാൻ കാരണമായ ലോറി ഡ്രൈവറുടെ കുടുംബത്തെപ്പറ്റി അറിവ് ലഭിക്കുന്നത്..പ്രതി നേരത്തെ ആത്മഹത്യ ചെയ്തിരുന്നു…

അങ്ങനെ അദ്ദേഹത്തെപ്പറ്റി അന്വേഷിക്കുന്നതിനിടയിലാണ് നിനക്ക് ആ ടോണി പണി തന്നത്…അന്ന് ആശുപത്രിയിൽ വച്ച് മുഴുവൻ സമയവും ഫോണിൽ ആയിരുന്നു….അന്ന് അവിടെ ഞങ്ങൾ അയാളുടെ മകൻ മുരുകനെപ്പറ്റിയാണ് സംസാരിച്ചുകൊണ്ടിരുന്നത്…

പിന്നെ ഞങ്ങൾക്ക് അത് തുടർന്ന് കൊണ്ടുപോകുന്നതിന് തടസ്സമായി നിന്റെ പ്രശ്നം വന്നപ്പോൾ കുറച്ചു നാളത്തേയ്ക്ക് അത് ഞങ്ങൾ മാറ്റിവച്ചു..അങ്ങനെ ടോണിയെ കിട്ടി..

അതിന് ശേഷമാണ് ഞങ്ങൾ മുരുകനെ തേടിപ്പോയത്…അവൻ അങ്ങ് തിരുനെൽവേലിയിൽ ആയിരുന്നു…

അങ്ങനെ അവനെ കണ്ടെത്തിയപ്പോഴാണ് അവൻ സത്യാവസ്ഥ പറയുന്നത്…തന്റെ അച്ഛന്റെ ആത്മഹത്യാ കുറിപ്പിൽ പറഞ്ഞിരുന്ന കാര്യങ്ങൾ…

അന്ന് അത് പോലീസിൽ അറിയിച്ചിരുന്നെങ്കിൽ പിന്നീട് അവർ ജീവനോടെയുണ്ടാകുമോ എന്ന് ഭയന്നിട്ടാണ് അവർ പറയാതിരുന്നതെന്നും പറഞ്ഞു…

അവൻ ആ കുറിപ്പ് എനിക്ക് കൈമാറി…അവർ അത് ഭദ്രമായി സൂക്ഷിച്ചു വച്ചിരുന്നു..

അതിൽ പറഞ്ഞിരിക്കുന്നത് പ്രകാരം ജോർജ്ജും ജേക്കബുമാണ് അയാൾക്ക് കൊട്ടേഷൻ കൊടുത്തത്..മനഃസാക്ഷിയ്ക്ക് നിരക്കാത്ത കാര്യമാണെങ്കിലും അന്ന് കുഞ്ഞായിരുന്ന മുരുകനുണ്ടായിരുന്ന വയ്യായ്ക ചികില്സിച്ചു മാറ്റാൻ പണം വേണ്ടിയിരുന്നത് കൊണ്ട് അയാൾ സമ്മതിച്ചു…

അവർ ലറഞ്ഞതുപോകേ തന്നെ ചെയ്‌തെങ്കിലും അയാളെ കുറ്റബോധം വേട്ടയാടികൊണ്ടിരുന്നു…

പിറ്റേന്ന് പത്രത്തിലെ വാർത്ത കണ്ടാണ് അയാൾ ശെരിക്കും ഞെട്ടിയത്…താൻ കൊന്നയാളും അയാളുടെ ഭാര്യയും ഒന്നിച്ചു മരിച്ചെന്ന വാർത്ത…

അതിലെ സ്ത്രീയുടെ പടം കണ്ടതും അയാൾക്ക് തല കറങ്ങുന്നത് പോലെ തോന്നി…

വിവാഹം കഴിഞ്ഞു ഏഴ് വർഷമായിട്ടും മക്കളില്ലാതിരുന്ന തങ്ങൾക്ക് യാതൊരു പ്രതിഫലവും കൂടാതെ ഞങ്ങളുടെ അവസ്ഥകൾ മനസ്സിലാക്കി ചികില്സിച്ചു കുഞ്ഞു മുരുകനെ തന്ന മീനാക്ഷി ഡോക്ടർ…

അത് കൂടെ കണ്ടതോടെ അയാളുടെ കുറ്റബോധം ഇരട്ടിച്ചു…അവസാനം എല്ലാം എഴുതിവച്ചു ഒരു മുഴം കയറിൽ അയാൾ ജീവനൊടുക്കി….”

സൈറ നിർവികാരയായി ഇരുന്നു…അത് കണ്ടിട്ട് കാശി പോകുന്ന വഴിയിൽ ഒരു കഫേയിൽ വണ്ടി നിറുത്തി അവൾക്ക് ഇഷ്ട്ടപ്പെട്ട ചോക്കോ ചിൽസ് കേക്കിന്റെ ഒരു പീസും കൂടെ ചോക്കോ ഡ്രിങ്കും വാങ്ങിക്കുടിച്ചു….

വിഷമമോ ടെൻഷനോ വന്നാൽ ചോക്ലേറ്റ് കഴിക്കുന്ന അവളുടെ സ്വഭാവം സാം പറഞ്ഞ്‌ അവന് അറിയാമായിരുന്നു…അത് കഴിച്ചതോട് കൂടെ അവൾ ഒന്ന് നോര്മലയതായി അവന് മനസ്സിലായി…

അവൻ വീട്ടിലേക്ക് വിളിച്ചിട്ട് വൈകുന്നേരത്തേയ്ക്കുള്ള ഭക്ഷണം മതിയെന്നും ഉച്ചയ്ക്ക് അവർ ഒന്നിച്ചു പുറത്ത് പോകുകയാണെന്നും പറഞ്ഞു…എല്ലാവരും ഉള്ളതുകൊണ്ട് ആദിയും ആമിയും വാഴക്കുണ്ടാക്കില്ല എന്നുള്ളത് അവർക്ക് ഉറപ്പായിരുന്നു…

******************************

കാശി എങ്ങോട്ടെന്നറിയാതെ വണ്ടിയോടിച്ചുകൊണ്ടിരുന്നു….സൈറ പുറമേയുള്ള കാഴ്ചകൾ കാണുന്ന തിരക്കിലും…

തന്റെ കഴുത്തിൽ ഒരു ചൂട് തട്ടുന്നത് പോലെ തോന്നിയപ്പോഴാണ് അവൾ പുറത്തുള്ള കാഴ്ചകളിൽ നിന്നും തന്റെ കണ്ണുകൾ പിൻവലിച്ചത്…

അവൾ വേഗം കാശിയെ നോക്കി…അവൻ വണ്ടിയോടിക്കുകയാണെങ്കിലും അവന്റെ ഇടതുകൈ അവളുടെ കഴുത്തിലാണെന്നവൾ അറിഞ്ഞു…അവളിൽ പേരറിയാത്ത എന്തോ ഒരു വികാരം ഉടലെടുക്കുന്നതായ്‌ അവൾ അറിഞ്ഞു..അവളുടെ കഴുത്തിൽ കൂടെ വിയർപ്പൊഴുകി…

കാശി അവളുടെ താലി മാല കഴുത്തിൽ നിന്ന് പുറത്തേക്ക് വലിച്ചിട്ടു…കൂടാതെ അവളുടെ കവിളിലും പിടിച്ചൊന്ന് പിച്ചിയിട്ട് വീണ്ടും വണ്ടി ഓടിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു…

സൈറയാണെങ്കിൽ എന്ത് ചെയ്യണമെന്നറിയാതെ വീണ്ടും പുറത്തേക്ക് നോക്കിയിരുന്നു..എന്നാലും തന്നിലേക്ക് പാറി വീഴുന്ന അവന്റെ കണ്ണുകളെ… ആ കണ്ണുകളിലെ തിളക്കവും കുസൃതിയും കാണുമ്പോൾ അവൾ ഉള്ളിൽ സന്തോഷിച്ചുകൊണ്ടിരുന്നു…

ഒരു വേള തനിക്ക് ഭയമായിരുന്നു എന്നവൾ ഓർത്തു…കാരണം കാശിയുടെത് തീവ്രമായ പ്രണയമായിരുന്നു എന്നാണ് അവൾ അറിഞ്ഞിരുന്നത്…അതുകൊണ്ട് തന്നെ അംഗീകരിക്കാൻ പറ്റുമോ എന്നുള്ളത്…പക്ഷെ കാലം മായ്ക്കാത്ത ഓർമ്മകൾ ഇല്ലല്ലോ…ദൈവം മനുഷ്യന് കനിഞ്ഞു നൽകിയിരിക്കുന്ന വരദാനമാണ് മറവി എന്നുമവൾ ഓർത്തു..കൂടാതെ ഒരിക്കലും താൻ തന്റെ രൂദ്രേട്ടനെ സങ്കടപ്പെടുത്തില്ല എന്നും അവൾ ഹൃദയത്തിൽ നിശ്ചയിച്ചു…

 

കാശി ഒന്നും മിണ്ടാതെ തന്നെ വണ്ടി ഓടിച്ചുകൊണ്ടിരുന്നു….ഇടയ്ക്കിടെ അവളെ നോക്കികൊണ്ടുമിരുന്നു..

അങ്ങനെ ഒരു മണിക്കൂർ നേരത്തെ ഡ്രൈവിന് ശേഷം അവർ ഒരു സ്ഥലത്തെത്തി….

ആ സ്ഥലം കണ്ടതും അവൾ തടഞ്ഞിരുന്നു…മനസ്സിൽ എന്ത് വികാരമാണ് ഉണ്ടാകുന്നതെന്നറിയാതെ അവൾ വിഷമിച്ചു…ഇന്ന് തന്റെ ജന്മദിനം ആണെന്ന് പോലും അവൾ ഒരു നിമിഷം മറന്ന് സ്തബ്ധയായി നിന്നു..

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

വിവിധ തരത്തിലുള്ള വെള്ള പൂക്കളാൽ നിർമ്മിതമായൊരു ഉദ്യാനത്തിന്റെ മുന്നിൽ ആണ് വണ്ടി ചെന്ന് നിന്നത്…

വണ്ടി അവിടെ ചെന്ന് നിന്നതും ഒരാൾ രൂദ്രേട്ടനെ പരിചയമുള്ള രീതിയിൽ ഓടി വന്ന് ഗേറ്റ് തുറന്നതുമെല്ലാം ഒന്നിച്ചായിരുന്നു….

അവൾ ചുറ്റും കണ്ണോടിച്ചു…അവിടെ വെള്ള നിറത്തിലുള്ള റോസാ പുഷ്പ്പവും കുറ്റി മുല്ലയും ഡേയ്സിയും ഡാലിയയും എല്ലാം ഇടകലർത്തി നട്ടിട്ടുണ്ടായിരുന്നു…ഇല്ലാം വെള്ള നിറത്തിലായിരുന്നു

അപ്പോഴാണ് അവൾ മറ്റൊന്ന് ശ്രദ്ധിച്ചത്
..മാർബിൾ കൊണ്ട് നിർമ്മിച്ചിരിക്കുന്ന ഒരു കല്ലറ പോലുള്ള സ്ഥലം അവൾ ശ്രദ്ദിച്ചു…അവൾ ഉടനെ തന്നെ കാശിയുടെ മുഖത്തേയ്ക്ക് നോക്കി…

അവൻ സൈറയെ നോക്കി ഒന്ന് കണ്ണ് ചിമ്മി…എന്നിട്ട് അവളെയും വിളിച്ചുകൊണ്ട് ആ പൂക്കളുടെ നടുവിലൂടെ ആ കല്ലറ ലക്ഷ്യമാക്കി നടന്നു…

പോകുന്ന വഴിയിൽ കാശി കുറച്ച്‌ റോസാപുഷ്പ്പങ്ങൾ പൊട്ടിച്ചെടുത്തു..അവർ ആ കല്ലറയിലേക്ക് നടന്നടുത്തു…

അപ്പോഴാണ് അവൾ ആ കല്ലറയ്ക്ക് മുകളിലായി പണി കഴിപ്പിച്ചിരിക്കുന്ന ആർച്ചുകൾ ശ്രദ്ധിച്ചത്..അതും പൂക്കളാൽ അലംകൃതമായിരുന്നു….

അവൾ ചുറ്റും കണ്ണോടിക്കുന്നതിനിടയിലാണ് കാശി അവളുടെ കൈകളിൽ പിടിച്ചത്..അവൾ വേഗം മുന്നോട്ടാഞ്ഞു..

അവൻ ആ റോസാ പുഷ്പ്പങ്ങളെ അവളുടെ കയ്യിലേക്ക് കൊടുത്തു…അവൾ തനിക്ക് മനസ്സിലായെന്നവണ്ണം അത് ആ കല്ലറയ്ക്ക് മുകളിലേയ്ക്ക് വച്ചു..

അപ്പോൾ മാത്രമാണ് അവൾ അത് നോക്കിക്കാണുന്നത്…വെള്ള നിറമുള്ള മാർബിളാൽ തീർത്ത മനോഹരമായൊരു സ്മാരകം…അവൾ അത് ആരുടേതാണെന്ന് അറിയാനായി ചുറ്റും നോക്കി…..

അതിൽ എഴുതിയിരിക്കുന്ന പേര് കണ്ടപ്പോൾ അവൾക്ക് എന്തോ ഒരു നോവ് മനസ്സിൽ തട്ടി..

അതിൽ ഇങ്ങനെ ആലേഖനം ചെയ്തിരുന്നു..
“ഫാത്തിമ കാശിരുദ്ര”….
കൂടെ തട്ടമിട്ട കുഞ്ഞു മുഖമുള്ള ഒരു സുന്ദരിയായ ഉമ്മച്ചിക്കുട്ടിയുടെ പടവും ഉണ്ടായിരുന്നു…

അവൾ ആ ഫോട്ടോയെ തന്റെ കൈകളാൽ തലോടി…അവൾ പോലും അറിയാതെ അവളുടെ കണ്ണിൽ നിന്നും ഒരു തുള്ളി അടർന്ന് ആ റോസാ പുഷ്പ്പദലങ്ങളിലേക്ക് വീണ് ചിന്നിച്ചിതറി..

അവൾ.കാശിയെ ഒന്ന് നോക്കി…അവിടെ അവൻ നിലത്തിരുന്ന് ആ കല്ലറായിലേക്ക് തന്റെ തലകളെ ചായ്ച് ഇരിക്കുന്നതവൾ കണ്ടു…

അവൾ അവന്റെ അടുക്കലേക്ക് ചെന്നതും അവൻ അവളുടെ കൈകളെ തന്റെ കൈകളുമായി കൊരുത്തതും ഒന്നിച്ചായിരുന്നു…അവൻ അവന്റെ പത്തുവിന്റെ ഫോട്ടോയിലേക്ക് ഒട്ടുക്കെ നോക്കി…അവന്റെ മിഴികൾ ഈറനണിയുന്നുണ്ടായിരുന്നു…

അവൻ പറഞ്ഞു തുടങ്ങി…
“പാത്തു… മോളെ…ദേ ഇത് നിന്റെ കാശിക്കയാ…നീ പറഞ്ഞതുപോലെ…നീ എന്റെ കൈകൾ സ്വപ്നത്തിൽ കൂട്ടിയോജിപ്പിച്ച സൈറയോടൊത്ത് ദേ ഞാൻ നിന്നെ കാണാൻ വന്നേക്കുവാ..

നീ എന്നെ കേൾക്കുന്നുണ്ടന്നാണ് എന്റെ വിശ്വാസം…നമ്മുടെ ആമിമോളുടെ അമ്മയായി…എന്റെ പാതിയായ് നിന്റെ ആഗ്രഹം പോലെ നിന്റെ ഇക്ക ദേ ഈ സൈറമ്മയെ എന്റെ നല്ല പാതിയാക്കി കേട്ടോ….

നിന്റെ ഇക്ക തനിയെ ആയിപ്പോയി എന്ന് വിചാരിച്ചതാ മോളെ..നിന്റെ കൂടെ വന്നാലോ എന്നും ഞാൻ ആഗ്രഹിച്ചിരുന്നു…ഇനിയും വറ്റാത്ത പ്രണയനദിയായ് നിന്നിലേക്കൊഴുകി നിന്നെ പുല്കാനായി നിന്റെ കൂടെ അങ്ങോട്ടേക്ക് വരുവാനായി ആഗ്രഹിച്ച സമയങ്ങൾ ഉണ്ടായിരുന്നു മോളെ..

പക്ഷെ അന്ന് എന്നെ അതിൽ നിന്നും പിന്തിരിപ്പിച്ചത് ആമിമോളുടെ ചിരിയും നീ കാണിച്ചുതന്ന സ്വപ്നവും മാത്രമാണ്..ഇന്ന് ആ സ്വപ്നത്തെ ഞാൻ കണ്ടെത്തി…നിന്റെ സന്തോഷമായിരുന്നു എന്റെ സന്തോഷം..ഇനി അതിന് അവകാശിയായി ഒരാൾ കൂടെ…സൈറ…സൈറ കാശിരുദ്ര….

മോളെ..നിന്റെ അനുഗ്രഹം ഞങ്ങളുടെ കൂടെ ഉണ്ടാകണം……..”

അത്രയും പറഞ്ഞപ്പോഴേക്കും കാശി അടക്കി നിർത്തിയിരുന്ന മിഴിനീർ കണങ്ങൾ അവന്റെ നേത്രങ്ങളിൽ നിന്നും പുറത്തേയ്ക്ക് ബഹിർഗമിച്ചു…

അതേസമയം ഒരു കാറ്റ് അവരെ തലോടി കടന്നുപോയി…അതിൽ അവന്റെ കണ്ണുനീർ എല്ലാം ഉണങ്ങിപ്പോയി…തന്റെ പാത്തുവിന്റെ സാന്നിധ്യം അവന് അവിടെ അനുഭവപ്പെട്ടു….താൻ കരയരുതെന്ന് അവൾ പറയുന്നതായി അവന് തോന്നി…

******************************

തിരികെ പോരുമ്പോൾ സൈറയാണ് വണ്ടി ഓടിച്ചത്…കാശി മ്ലാനമായി ഇരുന്നു..പോകുന്ന വഴിയിൽ ഒരു റെസ്റ്റോറന്റിൽ കയറി ഭക്ഷണം കഴിച്ചെങ്കിലും അവിടെയും കാശി മൗനത്തിലായിരുന്നു
.സൈറയും അവനെ ശല്യപ്പെടുത്തുവാനായി പോയില്ല…

അവർ നേരെ ഫ്‌ളാറ്റിലേയ്ക്ക് പോകാതെ കാശിയുടെ നിർദ്ദേശമനുസരിച്ചു ലാൽ ബാഗിലേക്കാണ് പോയത്…

അവിടെ ചെന്ന് ടിക്കറ്റ് എടുത്ത് അവർ അകത്തേയ്ക്ക് മരങ്ങൾ ഒക്കെ ഉള്ള ആ ഭാഗത്തേയ്ക്ക് ചെന്ന് അവിടെ തണൽ ഉള്ള ഭാഗം നോക്കിയിരുന്നു…

കാശി പതുക്കെ സംസാരിച്ചു തുടങ്ങി…

“സൈറ…അതാണെന്റെ പാത്തു.. സ്നേഹിക്കാൻ മാത്രം അറിവുണ്ടായിരുന്ന വായാടി പാത്തു….

അവളുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ബാംഗ്ലൂർ സിറ്റി കാണുക എന്നുള്ളത്…ഭാരതത്തിന്റെ പല ഭാഗങ്ങളിൽ അവൾ പോയിട്ടുണ്ടെങ്കിലും ഒരിക്കൽ പോലും ഇങ്ങോട്ടേക്ക് വരുവാൻ കഴിഞ്ഞിരുന്നില്ല…

എന്നാൽ ആമി ജനിച്ചതിന് ശേഷം അവൾക്ക് ഒരു ആറ് മാസം ആകുമ്പോഴേക്കും ഇങ്ങോട്ടേക്ക് വരാനായി ഞങ്ങൾ എല്ലാം. ശെരിയാക്കി വച്ചിരുന്നതായിരുന്നു…

എന്നാൽ…അതിന് മുന്നേ…ആമിക്ക് വെറും രണ്ട് മാസം പ്രായമുള്ളപ്പോൾ ഒരു അപകടത്തിൽ….എന്റെ പാത്തു…”

അവന് സംസാരിക്കാൻ കഴിഞ്ഞില്ല…ഒരു തേങ്ങൽ അവന്റെ ഉള്ളിൽ നിന്ന് വന്നു…അത് അടക്കാൻ കഴിയാതെ വന്നപ്പോൾ അവൻ സൈറയുടെ നെഞ്ചിലേക്ക് തന്റെ മുഖം പൂഴ്ത്തി…

അവൾ അവനെ ചുറ്റിപ്പിടിച്ചു..അവന്റെ നെറുകയിൽ ചുണ്ടമർത്തി.. ഇനി കാശിയ്ക്ക് കൂട്ടായി താനുണ്ടെന്ന് പറയാതെ പറഞ്ഞതുപോലെ…..

കുറച്ചു സമയം കഴിഞ്ഞാണ് കാശി നോര്മലായത്…

“എടാ…സോറി…ഞാൻ..” കാശി സൈറയോട് പറഞ്ഞു…

ബാക്കോയെന്തോ പറയുന്നതിന് മുന്നേ സൈറ തന്റെ കൈകളാൽ അവന്റെ വായ പൊത്തി….
“രൂദ്രേട്ട..സോറി എന്ന വാക്ക് പറയണ്ട..കാരണം എനിക്കറിയാം നിങ്ങളുടെ പ്രണയം പാത്തുവിനോടായിരുന്നുവെന്നും ഇപ്പോൾ അത് എനിക്ക് മാത്രം ഉള്ളതാണ് എന്നും…എന്നാലും പാത്തുവിന് ഈ ഹൃദയത്തിൽ ഒരു സ്ഥാനം എന്നും ഉണ്ടാകുമെന്നും…അത് അങ്ങനെ തന്നെ അവിടെ നിന്നോട്ടെ…ബാക്കി ഭാഗം മതി എനിക്കും എന്റെ മക്കൾക്കും…

ഇനി കരയരുത്…അത് പാത്തുവിനും എനിക്കും നമ്മുടെ മക്കൾക്കും ഇഷ്ടമല്ല…അതുകൊണ്ട് ചിരിച്ചേ.. ഇന്നെന്റെ പിറന്നാളായിട്ട് സങ്കടപ്പെടാതെ…”

അവൻ പതിയെ ഒന്ന് ചിരിച്ചുകൊണ്ട് അവളെ കെട്ടിപ്പുണർന്നു.. അവൾ അവന്റെ പുറം തലോടിക്കൊണ്ടിരുന്നു…

******************************

അവർ വീട്ടിലേക്ക് തിരിച്ചു….വീട്ടിൽ എത്തിയിട്ട് തങ്ങളുടെ വിവാഹക്കാര്യത്തെപ്പറ്റി പറയാണെമെന്ന് അവർ ഒന്നിച്ചൊരു തീരുമാനം കൈക്കൊണ്ടു..

കാശിയാണ് ലാൽ ബാഗിൽ നിന്നും തിരികെ വണ്ടിയോടിച്ചത്…ഇടയ്ക്ക് അവന്റെ കൈകൾ താൻ സൈറയുടെ കഴുത്തിൽ കെട്ടിയ താലിയിൽ തലോടിക്കൊണ്ടിരുന്നു…

അവർ അവരുടെ അപാർട്മെന്റ് സമുച്ചയത്തിൽ പെട്ടന്ന് തന്നെയെത്തി…അവിടെയെത്തിയതും അവരുടെ ഹൃദയമിടിപ്പ് കൂടി കാരണം തങ്ങൾ കാര്യങ്ങൾ എല്ലാം പറയുമ്പോഴുള്ള അവരുടെ പ്രതികരണം ഓർത്ത്…

******************************

ഫ്‌ളാറ്റിൽ ചെന്ന് കാളിങ് ബെൽ അടിച്ചതും ആദിയെ ഒക്കത്തിരുത്തിക്കൊണ്ട് സാം വന്ന് വാതിൽ തുറന്നു…

ആദി സൈറയെ കണ്ടതും അവകുടെ മേലേക്ക് ചാഞ്ഞു…അവൾ കുഞ്ഞിനെയെടുത്തു പതിയെ അകത്തേയ്ക്ക് പോകുവാനൊരുങ്ങിയതും കാശി അവളുടെ കൈകളിൽ പിടിച്ചു..കണ്ണുകൾകൊണ്ട് അവിടെ നിൽക്കുവാനായി പറഞ്ഞു..

സൈറ പിടി വിടുവിക്കുവാനായി നോക്കിയെങ്കിലും അതിന് കഴിഞ്ഞില്ല………

അപ്പോഴക്കും അവരുടെ ശബ്ദം കേട്ട് ആമിയും തന്റെ കുഞ്ഞിക്കല്ക്കാലുകൾ കൊണ്ട് നടന്ന് കാശിയുടെ കാൽക്കലെത്തി അവളെ എടുക്കുവാനായി കൈകൾ കൊണ്ട് ആംഗ്യം കാണിച്ചു…കാശി അവളെ ചുറ്റിപ്പിടിച്ചെടുത്തു….ഒരുമ്മ ആമിയുടെയും ആദിയുടെയും കവിളിൽ കൊടുത്തു…

അപ്പോഴാണ് അവർ ഇപ്പോഴും വാതിൽക്കലാണെന്ന് അവർ ഓർത്തത്…അവർ അകത്തേയ്ക്ക് കയറി..

അകത്തേയ്ക്ക് കയറിയതും കാശി എല്ലാവരെയും വിളിച്ചുകൂട്ടി…പതുക്കെ കാര്യങ്ങളെല്ലാം തുറന്നു പറയാനായി തയ്യാറെടുപ്പ് നടത്തി…

(തുടരും….)

അറിയാതെ : ഭാഗം 22