Sunday, December 22, 2024
Novel

അറിയാതെ : ഭാഗം 16

നോവൽ
എഴുത്തുകാരി: അഗ്നി


അവർ പിന്നീട് സംസാരിച്ചിരുന്നു…അപ്പോഴേക്കും കാശി ഡിസ്ചാർജ് സമ്മറിയും വാങ്ങി കുഞ്ഞുങ്ങളുമായി തിരികെയെത്തിയിരുന്നു….കുഞ്ഞുങ്ങളുടെ മുഖത്തെ സന്തോഷം സൈറയുടെ മുഖത്തേക്കും വ്യാപിച്ചു… സൈറയുടെ മേലേക്ക് ചായാൻ തുടങ്ങിയ കുഞ്ഞുങ്ങളെ കാശി സാമിനും മിയയ്ക്കും കൈമാറി….അജുവിനും സനയ്ക്കും കുഞ്ഞുങ്ങളെ എടുക്കണം എന്നുണ്ടായെങ്കിലും അവർ അപരിചിതരായത് കൊണ്ട് കുഞ്ഞുങ്ങൾ അവരുടെ അടുക്കലേക്ക് ചെന്നില്ല…

അവസാനം സന എന്തൊക്കെയോ കാണിച്ചും കുഞ്ഞുങ്ങളെ കളിപ്പിച്ചും കൊണ്ട് അവരെ വരുതിയിലാക്കി.. കാരണം അവൾ കുട്ടികളുടെ ഡോക്ടർ ആണല്ലോ…കുഞ്ഞുങ്ങളെ മെരുക്കാനുള്ള വിദ്യയൊക്കെ സനയ്ക്ക് അറിയാമായിരുന്നു…. ഇതിനിടയിൽ വീണ ബാക്കിയുള്ള ജീവനക്കാരെ പരിചയപ്പെടാനും മറ്റുമായി പുറത്തേക്ക് പോയിരുന്നു..കാരണം വീണയും ഈ ആശുപത്രിയുടെ ഉടമസ്ഥരിൽ ഒരാളാണല്ലോ…

****************************** അങ്ങനെ സൈറ ആശുപത്രി വിട്ടിറങ്ങി…അവൾ രണ്ടാഴ്ചത്തേയ്ക്ക് ലീവ് എഴുതി കൊടുത്തിരുന്നു… സാമിനോടും സനയോടും അജുവിനോടും യാത്ര പറഞ്ഞ്‌ മിയയും സൈറയും കാശിയും കുഞ്ഞുങ്ങളും അവരുടെ വണ്ടിയിലേക്ക് കയറി….വണ്ടിയെടുക്കും മുന്നേ അജുവിനെയും സനയെയും തങ്ങളുടെ ഫ്‌ളാറ്റിലേക്ക് ക്ഷണിക്കാനും അവർ മറന്നില്ല…

സൈറയ്ക്ക് വേണ്ടി കാശിയും മിയയും ഇന്ന് അവധി എടുത്തിരുന്നു… കാശിയായിരുന്നു വണ്ടി ഓടിച്ചിരുന്നത്..കോ ഡ്രൈവർ സീറ്റിൽ സൈറയും പിന്നിൽ മിയയും കുഞ്ഞുങ്ങളും…അങ്ങനെയായിരുന്നു അവർ ഇരുന്നത് .. മിയയും കുഞ്ഞുങ്ങളും പുറകിലിരുന്ന് കളിക്കുകയായിരുന്നു…..അവരുടെ കുറുമ്പും കുസൃതിയും കൊഞ്ചി കൊഞ്ചിയുള്ള വർത്തമാനവും കേൾക്കുവാൻ വേണ്ടി മാത്രം അവൾ അവരുമായി അടിയുണ്ടാക്കിക്കൊണ്ടിരുന്നു… സൈറ പുറത്തെ കാഴ്ചകൾ കണ്ടുകൊണ്ടിരുന്നു… കാശി വണ്ടിയിലും ശ്രദ്ധ കേന്ദ്രീകരിച്ചു…

എന്നാലും ഇരുവരുടെയും മനസ്സ് തനിക്ക് ഇഷ്ട്ടപ്പെട്ടയാൾ അരികിലുള്ളതുകൊണ്ട് തുടി കൊട്ടുന്നത് അവർ അറിയുന്നുണ്ടായിരുന്നു…അവരുടെ ഹൃദയങ്ങൾ തമ്മിൽ സംസാരിച്ചുകൊണ്ടിരുന്നു…. അവരുടെയിടയിലെ മൗനത്തിന് പോലും ഒരു പ്രത്യേകതയുണ്ടായിരുന്നു…പെട്ടന്നായിരുന്നു കാശി തന്റെ ഇടം കയ്യാൽ സൈറയുടെ വലം കൈ കവർന്നത്… സൈറ പുറകിലേക്ക് നോക്കിയപ്പോൾ മിയാ കുഞ്ഞുങ്ങളുമായി കളിക്കുന്നതാണ് കണ്ടത്..അതിനാൽ അവൾ ഒന്നാശ്വസിച്ചു …..

സൈറയുടെയും കാശിയുടെയും കണ്ണുകൾ തമ്മിൽ കൊരുത്തു…ആ നോട്ടത്തിൽ പോലും പ്രണയം നിറഞ്ഞിരുന്നു…മൗനമായി അവർ അവരുടെ പ്രണയം കൈമാറി… 🎶മൗനം സ്വരമായ് എൻ പൊൻ വീണയിൽ സ്വപ്നം മലരായ് ഈ കൈക്കുമ്പിളിൽ ഉണരും സ്മൃതിയലയിൽ ആരോ സാന്ത്വനമായ് മുരളികയൂതി ദൂരെ ആ…… ഉം…ഉം..ഉം…. ജന്മം സഫലം എൻ ശ്രീരേഖയിൽ സ്വപ്നം മലരായ് ഈ കൈക്കുമ്പിളിൽ അറിയാതെയെൻ തെളി വേനലിൽ കുളിർമാരിയായ് പെയ്തു നീ (2) നീരവരാവിൽ ശ്രുതി ചേർന്നുവെങ്കിൽ മൃദുരവമായ് നിൻ ലയമഞ്ജരി

ആ..ആ.ആ ഉം..ഉം.. സ്വപ്നം മലരായ് ഈ കൈക്കുമ്പിളിൽ ജന്മം സഫലം എൻ ശ്രീരേഖയിൽ മൗനം സ്വരമായ് എൻ പൊൻ വീണയിൽ സ്വപ്നം മലരായ് ഈ കൈക്കുമ്പിളിൽ…..🎶 കാറിലെ പാട്ടുപെട്ടിയിൽ (സ്റ്റീരിയോ സെറ്റ്) നിന്നും യേശുദാസിന്റെയും കെ.എസ്.ചിത്രയുടെയും സ്വരമാധുരിയിൽ നിന്നും ഉരുത്തിരിഞ്ഞ മനോഹര ഗാനത്തിന്റെ വരികൾ അലയടിച്ചുകൊണ്ടിരുന്നു……. കാശിയുടെയും സൈറയുടെയും ചൊടികളിൽ പുഞ്ചിരി വിരിഞ്ഞു…ഇതെല്ലാം ശ്രദ്ധിക്കാത്തതുപോലെ ശ്രദ്ധിച്ചുകൊണ്ടിരുന്ന മിയയുടെ മുഖത്തേക്കും അവ പടർന്നു… ******************************

അവരുടെ വണ്ടി അപർട്മെന്റിൽ എത്തി പാർക്കിങ് ലോട്ടിലേക്ക് കയറ്റിയിട്ടു…സൈറയ്ക്ക് അധികം സാധനങ്ങൾ ഒന്നും ആശുപത്രിയിലേക്ക് ആവശ്യമായി വന്നിരുന്നില്ല… അതുകൊണ്ട് തന്നെ ഒരു ചെറിയ ബാഗ് ഉണ്ടായിരുന്നത് കാശി തന്റെ തോളിലേക്ക് ഇട്ടു…എന്നിട്ട് ആദിയെ മിയയുടെ കയ്യിൽ നിന്നും വാങ്ങി മറുകയാൽ സൈറയേയും ചേർത്തുപിടിച്ചുകൊണ്ട് അവൻ കാറ് പൂട്ടി ലിഫ്റ്റിലേക്ക് നടന്നു…മിയ ആമിയുമായി അവരെ അനുഗമിച്ചു… ******************************

അവർ നേരെ സൈറയുടെ ഫ്ലാറ്റിലേക്കാണ് ചെന്നത്…അവിടെ ജാനമ്മയും രാധാ ദീദിയും ഉണ്ടായിരുന്നു.. ജാനമ്മ സൈറയെ പതുക്കെ സോഫയിലേക്ക് ഇരുത്തി..അവളുടെ തലയിൽ പതുക്കെ തലോടി… ആദിയും ആമിയും നല്ല സന്തോഷത്തിലാണ്..കാരണം ആശുപത്രി വിട്ട് തങ്ങളുടെ സ്വന്തം സ്ഥലത്തേക്ക് എത്തിയിരിക്കുകയാണല്ലോ… അവർ വേഗം ഓടിച്ചെന്ന് അവരുടെ അച്ഛമ്മയുടെ മടിയിലേക്കിരുന്നു…(ആദിയുടെയും അച്ഛമ്മയാണല്ലോ ഇനി മുതൽ…).. അവർ എന്തൊക്കെയോ മത്സരിച്ചുകൊണ്ട് ജാനകിയോട് പറയുന്നുണ്ട്…

അതിൽ ആകെ ശെരിക്കും കേൾക്കുന്നത് ‘അമ്മ…വാവു എന്ന് മാത്രമാണ്…എന്നാലും കുഞ്ഞുങ്ങൾ കൊഞ്ചി കൊഞ്ചി പറയുന്നതെല്ലാം ജാനകി ക്ഷമയോടെ കേട്ടിരുന്നു…. സൈറ ആ സമയം കൊണ്ട് മുറിയിൽ ചെന്ന് മേൽ കഴുകി വസ്ത്രം മാറി വന്നു…അപ്പോഴും ജാനകിയുടെ കൂടെത്തന്നെ ആയിരുന്നു കുഞ്ഞുങ്ങൾ… കുറച്ചു മരം കഴിഞ്ഞ്‌ കാശി കുഞ്ഞുങ്ങളെയും കൊണ്ട് അവന്റെ ഫ്‌ളാറ്റിലേക്ക് പോയി…

അവിടെ ചെന്ന് ഒരു കയ്യില്ലാത്ത ബനിയനും ലുങ്കിയും ഉടുത്തതിന് ശേഷം കുഞ്ഞുങ്ങളെ ഒന്ന് കുളിപ്പിക്കാനായി ബാത്റൂമിലേക്ക് കയറ്റി…..കാശി അവരെ കുളിപ്പിച്ചു എന്ന് പറയുന്നതിലും നല്ലത് കുഞ്ഞുങ്ങൾ കാശിയെ കുളിപ്പിച്ചു എന്നായിരിക്കും… അവസാനം കുഞ്ഞുങ്ങളെ പുറത്തിറക്കി വസ്ത്രം മാറിച്ചു പൗഡറും ക്രീമും ഒക്കെ തേച്ച് സുന്ദരനും സുന്ദരിയും ആക്കി…ആമിയുടെ പിരികവും കണ്ണും കണ്മഷികൊണ്ട് എഴുതി…

ഇത് കണ്ട് വാശിപിടിച്ച ആദിയ്ക്കും അവസാനം കണ്ണും പിരികവും കാശി എഴുതിക്കൊടുത്തു… ഇരുവരുടെയും മുടിയും വൃത്തിയായി ചീവി എല്ലാം ശെരിയാക്കിയിട്ട് അവരെ മുറിയുടെ അകത്ത് തന്നെ കുറച്ച് കളിപ്പാട്ടങ്ങളുടെ നടുവിൽ ഇരുത്തിയിട്ട് കാശിയും ഒന്ന് ഫ്രഷ് ആവാനായി പോയി… ****************************** ഈ സമയം കൊണ്ട് ജാനകിയും രാധമ്മയും മിയയും കൂടെ ഊണൊക്കെ തയ്യാറാക്കിയിരുന്നു…

ചോറും വഴുതനങ്ങ തീയലും മൊരുകറിയും മീൻ വറുത്തതും പപ്പടവും എല്ലാം കൂടെ ചേർന്ന നല്ലൊരു ഊണ്… രാധാകൃഷ്ണനും ഊണുകാലമായപ്പോഴേക്കും സൈറയുടെ ഫ്‌ളാറ്റിലേക്ക് എത്തി…അപ്പോഴേക്കും കാശിയും കുഞ്ഞുങ്ങളും എത്തിയിരുന്നു… കാശി ആദ്യം തന്നെ ചോറും മോരും മീനും കൂടെ കൂട്ടിക്കുഴച്ച് കുഞ്ഞുങ്ങൾക്ക് കൊടുത്തു…ഭക്ഷണത്തിന്റെ കാര്യത്തിൽ കാശിയെ രണ്ടുപേർക്കും ഭയമാണ്…….

കാശി കൂടെയുണ്ടെങ്കിൽ മാത്രമേ കുഞ്ഞാദിയും കുഞ്ഞാമിയും ഭക്ഷണം നേരെ ചോവ്വേ ഭക്ഷണം കഴിക്കുകയുള്ളൂ… ഇത്രയും സമയം കുറുമ്പ് കാണിച്ചു നടന്നവർ അടങ്ങിയൊതുങ്ങി കാശി കൊടുക്കുന്ന ഉരുളകളെല്ലാം കഴിക്കുന്നത് കണ്ട് അവിടെ കൂടി നിന്നവർ ചിരിച്ചു…കാശിയുടെ കൂടെ സൈറയും ഉണ്ടായിരുന്നു….അവൾ ഓരോ കുഞ്ഞുരുള കഴിയുമ്പോഴും ഓരോ സ്പൂണ് വെള്ളം അവർക്ക് കൊടുത്തുകൊണ്ടിരുന്നു… ******************************

കുഞ്ഞാദിയും കുഞ്ഞാമിയും ഭക്ഷണം കഴിഞ്ഞതോടെ ഉറക്കം തൂങ്ങി തുടങ്ങി..കുഞ്ഞുങ്ങളുടെ ചുണ്ടിന്റെ വശങ്ങളിലെല്ലാം പറ്റിപ്പിടിച്ചിരുന്ന അവശിഷ്ടങ്ങൾ അവർ കൈകൊണ്ട് തുടച്ചു അവരുടെ വായ കഴുകിച്ചു.. എന്നിട്ട് അവരെ കാശി സൈറയുടെ മുറിയിൽ കൊണ്ടുചെന്ന് കിടത്തി…അവർ ഉറങ്ങുന്നവരെ അവരെ ചെറുതായി തട്ടികൊണ്ടിരുന്നു.. കുഞ്ഞുങ്ങളെ ഉറക്കി വന്നപ്പോഴേക്കും ചോറും കറികളുമെല്ലാം മേശമേൽ നിരത്തിയിരുന്നു… അവർ സന്തോഷത്തോടെ വർത്തമാനം പറഞ്ഞുകൊണ്ട് ഊണ് കഴിച്ചു… ഊണ് കഴിഞ്ഞ ശേഷം കാശിയും രാധാകൃഷ്ണനും സാമിന്റെ ഫ്‌ളാറ്റിലേക്ക് പോയി…

****************************** വൈകുന്നേരം ആയപ്പോൾ സാം വന്നു…കൂടെ സനയും അജുവും ഉണ്ടായിരുന്നു… അവരെല്ലാം കൂടെ കൂടിയപ്പോൾ ആ ഫ്‌ളാറ്റിൽ ഒരു ഉത്സവാന്തരീക്ഷം നിറഞ്ഞു.. സനയെ ഒത്തിരി നാള് കൂടി കണ്ട സന്തോഷത്തിലായിരുന്നു ജാനകി…അവസാനം എല്ലാവരും അധ്യാപികയെയും വിദ്യാര്ഥിനിയെയും അവരുടെ വഴിയ്ക്ക് വിട്ടു… രാധാകൃഷ്ണൻ അപ്പുറത്തെ ഫ്‌ളാറ്റിലുള്ള, ഇവിടെ എത്തിയതിന് ശേഷം പരിചയപ്പെട്ട തന്റെ സുഹൃത്തിനെ കാണുവാൻ പോയി.. കാശിയും സൈറയും സാമും മിയയും അജുവും കൂടെ സംസാരിച്ചുകൊണ്ടിരുന്നു….

കാശിയും അജുവും നല്ലതുപോലെ കൂട്ടാവുകയും ചെയ്തു.. കുഞ്ഞാമിയും കുഞ്ഞാദിയും അതിലേയും ഇതിലേയും എല്ലാം ഓടികൊണ്ടിരുന്നു…ഇടയ്ക്ക് അവർ വന്ന് കാശിയുടെയും സൈറയുടെയും മടിയിൽ ഇരുന്ന് അവർക്കോരോ മുത്തങ്ങൾ കൊടുത്ത് അബാറുടെ കുഞ്ഞരിപ്പല്ലുകൾ കാണിച്ചു ചിരിച്ചിട്ട് പോകും… ****************************** രാത്രിയിലേക്ക് പുരുഷപ്രജകളെല്ലാം സ്ത്രീജനങ്ങളെ കാശിയുടെ ഫ്‌ളാറ്റിലേക്ക് പറഞ്ഞുവിട്ടത്തിന് ശേഷം സൈറയുടെ ഫ്‌ളാറ്റിൽ ഭക്ഷണം ഉണ്ടാക്കാൻ തുടങ്ങി..

രാധാകൃഷ്ണൻ നന്നായി ഭക്ഷണം ഉണ്ടാക്കുന്ന വ്യക്തിയായിരുന്നു..അദ്ദേഹത്തിൻറെ മാസ്റ്റര്പീസ് ആയ ചീസ് റൊട്ടിയും കുറുമയും ആയിരുന്നു അവർ ഉണ്ടാക്കിക്കൊണ്ടിരുന്നത്…. അജു ഗോതമ്പ് മാവ് നന്നായി കുഴച്ചു ഉരുളകളാക്കി കൊടുത്തു….അത് കാശി നേർമയായി പരത്തിയെടുത്തു…അതിലേക്ക് ഒരു ചീസിന്റെ സ്ലൈസ് വച്ചു മൂടി ചെറുതീയിൽ വച്ച് രാധാകൃഷ്ണൻ വേവിച്ചെടുത്തു..

എല്ലാം കൃഷ്ണൻ തന്നെ ചെയ്തുകൊള്ളാം എന്ന് പറഞ്ഞെങ്കിലും അവരുടെ നിര്ബന്ധപ്രകാരമാണ് അദ്ദേഹം പിൻവാങ്ങിയത്… സാം ഈ സമയം കൊണ്ട് കുറുമയ്ക്കുള്ള പച്ചക്കറികൾ അരിഞ്ഞു വച്ചിരുന്നു…അതെല്ലാം യോജിപ്പിച്ചു ഭക്ഷണം തയാറാക്കി പാത്രങ്ങൾ എല്ലാം കഴുകി ഒതുക്കി വെച്ചതിന് ശേഷം അവർ സ്ത്രീജനങ്ങളെ വിളിക്കാനായി പോയി.. ****************************** സൈറയും മിയയും ജാനകിയും.സനയും കുഞ്ഞുങ്ങളും വന്നപ്പോൾ തന്നെ മേശയിൽ ഭക്ഷണം നിറഞ്ഞിരുന്നു…

എന്നാൽ കഴിക്കുന്നതിന് മുന്നമേ സാം എല്ലാവരെയും പിടിച്ചു നിർത്തി… “അതേ….എനിക്ക് എല്ലാവരോടും ഒരു കാര്യം പറയാനുണ്ട്…” “എന്താ സാമിച്ചായ…..”..മിയാ ഒരു കള്ളച്ചിരിയോടെ ചോദിച്ചു.. “പറയാം…എന്തായാലും നമ്മുടെ സൈറമ്മയും കാശിച്ചായനും ഒന്നിക്കാൻ തീരുമാനിച്ചിരിക്കുന്ന മുഹൂർത്തത്തിൽ കല്യാണത്തിന് മുന്നേ ഒരു ചിന്ന സമ്മാനം ഞാനും മിയയും കൂടെ കൊടുക്കുന്നു…” അത് പറഞ്ഞപ്പോഴേക്കും മിയാ രണ്ട് ബോക്സുമായി വന്നു…ഒന്ന് സൈറയുടെ കയിലേക്കും മറ്റൊന്ന് കാശിയുടെയും കയ്യിലേക്ക് കൊടുത്തു…

അവർ അത് തുറന്ന് നോക്കി…അതിൽ ഭംഗിയുള്ള രണ്ട് പ്ലാറ്റിനത്തിന്റെ മോതിരങ്ങളായിരുന്നു…. കാശിയുടെ കയ്യിലുള്ളതിൽ മരിയ എന്ന് മനോഹരമായി എഴുതിയിരുന്നു…സൈറയുടെ കൈവശമുള്ളത്തിൽ രുദ്രൻ എന്നും… അവർ തമ്മിൽ മോതിരങ്ങൾ കൈമാറി…എല്ലാവരും കയ്യടിച്ചു..

എന്താ സംഭവം എന്ന് മനസ്സിലായില്ലെങ്കിലും നമ്മുടെ കുഞ്ഞാമിയും കുഞ്ഞാദിയും അവരുടെ കൂടെ കയ്യടിച്ചുകൊണ്ടിരുന്നു… കാശിയും സൈറയും പരസ്പരം ഒന്ന് നോക്കി പുഞ്ചിരിച്ചു….ബാൽക്കാണിയുടെ സ്ലൈഡിങ് വാതിൽ തുറന്നിട്ടതിനാൽ ഒരു കാറ്റ് അതിലൂടെ വന്ന് അവനെ തഴുകി കടന്നുപോയി…ആ കാറ്റിന് തകന്റെ പാത്തുവിന് ഗന്ധമാണെന്ന് അവൻ തിരിച്ചറിഞ്ഞു…

(തുടരും….)

അറിയാതെ : ഭാഗം 17