Breaking
Novel

അനാഥ : ഭാഗം 4

Pinterest LinkedIn Tumblr
Spread the love

എഴുത്തുകാരി: നീലിമ

നവവധുവായി പള്ളിയിൽ നിൽക്കവേ എന്നെത്തേടി ഹൃദയം തകർക്കുന്ന ആ വാർത്ത എത്തി…. എന്റെ കഴുത്തിൽ താലി ചാർത്തേണ്ട ആളിന് ആക്‌സിഡന്റ്…… ആ വാർത്ത കാതിൽ എത്തിയപ്പോഴേക്കും ഞാൻ തളർന്നു വീണു പോയി…. ബോധം വന്നപ്പോൾ ഹോസ്പിറ്റലിൽ ആയിരുന്നു. ഒരു ഞെട്ടലോടെയാണ് ഞാൻ അത് കേട്ടത്.. അദ്ദേഹത്തിന് ഇനി നടക്കാനാവില്ല…ആ കാലുകൾ രണ്ടും തളർന്നു പോയിരിക്കുന്നു… വീൽ ചെയറിന്റെ സഹായമില്ലാതെ ഒരിടത്തേയ്ക്കും പോകാനാകില്ല… ആകെ തകർന്നു പോയി ഞാൻ…കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ… ഹൃദയം നുറുങ്ങുന്ന വേദന…

എന്റെ ഈ നശിച്ച ജന്മം കാരണം ഒരു തെറ്റും ചെയ്യാത്ത ആ പാവം മനുഷ്യൻ….. എന്തിനാണ് ദൈവമേ എന്നോട് ഈ ക്രൂരത? ജീവിതത്തിൽ ഒരിക്കലും എനിക്ക് സന്തോഷം വിധിച്ചിട്ടില്ലേ? കുറേ കരഞ്ഞപ്പോൾ മനസ്സിന് കുറച്ചു ആശ്വാസം കിട്ടി… കുറച്ചു കഴിഞ്ഞ് ഒരാൾ എന്നെ കാണാൻ വന്നു… റെജി… അവന് ചിലതൊക്കെ എന്നോട് പറയാനുണ്ടായിരുന്നു….. അവന്റെ വാക്കുകൾ എന്റെ മനസ്സിൽ വലിയ മുറിവുണ്ടാക്കി. അവന്റെ ഓരോ വാക്കുകളും മനസ്സിൽ തീ മഴപോലെയാണ് വന്നു പതിച്ചത്. ‘ഡീ… ഞാനിപ്പോ വന്നത് എന്തിനാണെന്ന് അറിയാമോ? ഒരാള് പറഞ്ഞിട്ടാ… ‘ ആര് എന്ന അർഥത്തിൽ ഞാൻ അവനെ നോക്കി.

‘ആളെ നിനക്ക് അറിയും… അരുൺ.. അരുൺ മോഹൻ’ ഞാൻ ഞെട്ടി.. ആ പേര് പോലും എന്നെ സംബന്ധിച്ച് ഭയം ഉളവാക്കുന്നതായിരുന്നു. ‘നിനക്ക്‌ അവനെ പിണക്കേണ്ട വല്ല കാര്യോം ഉണ്ടായിരുന്നോ? നിന്നെ അവന് ഇഷ്ടമായിരുന്നു . നീ ഒന്ന് മനസ്സ് വച്ചിരുന്നെങ്കിൽ ഇപ്പൊ നിനക്ക് രാജകുമാരിയെപ്പോലെ കഴിയാമായിരുന്നില്ലേ? അവൻ നിന്നെ കെട്ടുകേം ചെയ്തേനെ… അപ്പൊ നിനക്ക് ഭയങ്കര ജാഡ.. അഹങ്കാരം…ഇപ്പൊ എന്തായി?? ‘ അവന്റെ ഓരോ വാക്കും ഞാൻ ഭയത്തോടെയാണ് കേട്ടിരുന്നത്. ‘ഇപ്പൊ ഐ സി യൂ വിൽ കിടക്കുന്ന ഒരുത്തനില്ലെ? അവൻ അങ്ങനെ കിടക്കാൻ കാരണം ആരാണെന്ന് അറിയാമോ?

അവൻ തന്നെ… അരുൺ… ആ ആക്‌സിഡന്റ് അവൻ ഉണ്ടാക്കിയതാ… അവനെ പിണക്കീട്ടു നീ സുഖിച്ചു ജീവിക്കാന്ന് കരുതിയോ? ‘ അവന്റെ വാക്കുകൾ കേട്ട് ഇടിവെട്ടേറ്റത് പോലെ ഞാൻ ഇരുന്നു പോയി…. ഞാൻ ഒട്ടും പ്രതീക്ഷിച്ചതായിരുന്നില്ല അത്‌… ‘അവൻ നിന്നെ ഒന്നും ചെയ്യില്ല… പക്ഷെ, നിന്നെ അവൻ ഒരിക്കലും സമാധാനത്തോടെ ജീവിക്കാൻ സമ്മതിക്കില്ല…. ആദ്യമായിട്ടവനെ തല്ലിയത് നീയാണ്…അവസാനമായിട്ടും…. അതവൻ ഒരിക്കലും മറക്കില്ല. ആരും ആശ്രയമില്ലാതെ നീ അലയുന്നത് അവനു കാണണമത്രേ…അല്ലാതെ ഒറ്റയടിക്ക് നിന്നെ കൊല്ലുന്നതിൽ ഒരു ത്രില്ല് ഇല്ലെന്നാ അവൻ പറയുന്നത്.

നിന്നെ ഉപദ്രവിക്കുന്നതിനേക്കാൾ നിന്നെ സ്നേഹിക്കുന്നവരെ.. നീ സ്നേഹിക്കുന്നവരെ ഉപദ്രവിക്കുമ്പോഴാണല്ലോ നിനക്ക് കൂടുതൽ വിഷമം ഉണ്ടാവുക? നിന്റെ ശരീരത്തെ അല്ല മനസ്സിനെ വേദനിപ്പിക്കാനാണ് അവനിഷ്ടം. വേദനിപ്പിച്ചു വേദനിപ്പിച്ചു അവസാനം അവൻ നിന്നെ ഒരു ഭ്രാന്തിയാക്കും… നിനക്ക് വേണ്ടപ്പെട്ടവരെയെല്ലാം അവൻ ഇല്ലാതെയാകും.. ആരും ആശ്രയം ഇല്ലാതെ നീ തെരുവിൽ അലയും… .’ അവൻ ഒന്ന് നിർത്തി.. ഒരു വഷളൻ ചിരിയോടെ എന്നെ നോക്കി. ‘നിന്നെപ്പോലെ സുന്ദരിയായ ഒരു പെണ്ണ് തെരുവിലിറങ്ങിയാൽ എന്താവുമെന്ന് ഊഹിക്കാല്ലോ?.. അവൻ അങ്ങനെ ഒരവസ്ഥ നിനക്ക് ഉണ്ടാക്കും…ഇപ്പൊ അവനു നിന്നെ സ്നേഹിക്കാനല്ല… കൊല്ലാതെ കൊല്ലാനാണ് ഇഷ്ടമെന്ന്… .

ഇത്രയും ഇത് പോലെ നിന്നോട് പറയണമെന്നവൻ പറഞ്ഞയച്ചതാ…. അവനു നേരിട്ട് പറയണമെന്ന് ഉണ്ട്. അവൻ നിന്നെ നേരിൽ കാണുകയോ വിളിക്കുകയോ ചെയ്‌താൽ അത് പിന്നീടൊരു തെളിവായാലോന്നു അവനു സംശയം. റോയിക്ക് ആക്‌സിഡന്റ് ഉണ്ടായതിനു പിന്നിൽ അവനാണെന്നു നീ സംശയിക്കാൻ സാധ്യത ഉണ്ടല്ലോ? അതാ അവൻ എന്നെ പറഞ്ഞു വിട്ടത്… അവന്റെ ദൂതനായിട്ട്…. ഞാൻ ആകുമ്പോ കുഴപ്പമില്ല.. നമ്മൾ ഒരേ ഓർഫനേജിൽ താമസിക്കുന്നവരല്ലേ? ‘ ഒന്ന് നിർത്തി അവൻ വീണ്ടും പറഞ്ഞു… ‘പിന്നെ അങ്ങേരുണ്ടല്ലോ? നിന്റെ ഫാദർ… ഗോഡ്ഫാദർ… അങ്ങേർക്കുള്ള പണി അണിയറയിൽ ഒരുങ്ങുന്നുണ്ട്… നല്ല മുട്ടൻ പണി.. ‘

‘ഇപ്പൊ നീ വിചാരിക്കുന്നുണ്ടാവും ഞാനും അവിടെയല്ലേ താമസംന്ന്… അതേ… അത്‌ നിന്റെ ഡീറ്റെയിൽസ് അരുണിനെ അറിയിക്കാൻ വേണ്ടി മാത്രമാ.. . ഇല്ലെങ്കിൽ ആ നശിച്ച ജയിലിൽ നിന്ന് ഞാൻ എന്നേ മുങ്ങിയേനെ… എനിക്കറിയാം.. പാല് തന്ന കൈക്കു തന്നാ ഞാൻ കൊത്തുന്നത്… അതെനിക്ക് ഇഷ്ടമാണെന്ന് കൂട്ടിക്കോ… … ‘ ഒരു വല്ലാത്ത ചിരിയോടെയാണ് അവനത് പറഞ്ഞു നിർത്തിയത്. എല്ലാം കേട്ടു ഞാൻ സ്തബ്ദയായി ഇരിക്കുകയായിരുന്നു. ഒന്ന് ശബ്ദിക്കാൻ പോലും ആകാതെ… .. എന്തൊക്കെയോ തിരിച്ചു പറയണം എന്ന് ഉണ്ട്.. .. പക്ഷെ ഒന്നും മിണ്ടാനാകുന്നില്ല.

ഞാൻ കാരണം ഒരു പാവം മനുഷ്യൻ ഈ അവസ്ഥയിൽ……. ആഴത്തിലുള്ള വിഷമമായിരുന്നു മനസ്സ് നിറയെ. ഫാദറിനും അരുതാത്തതെന്തോ സംഭവിക്കാൻ പോകുന്നു എന്ന തോന്നൽ എന്നെ വല്ലാതെ ഭയപ്പെടുത്തി. അവനെ അടിച്ചതിൽ എനിക്ക് അപ്പോൾ ആദ്യമായി വിഷമം തോന്നി… ഞാൻ ചെയ്‌തത്‌ തെറ്റാണെന്ന് എനിക്ക് അപ്പോഴും തോന്നിയില്ല…. ഒരു പെണ്ണിന്റെ അനുവാദമില്ലാതെ അവളുടെ കയ്യിൽ കയറി പിടിക്കുന്നത് തെറ്റല്ലേ.? അവനെ തല്ലുകയല്ലേ വേണ്ടത്? അന്ന് എന്നിലെ സ്ത്രീ അത്രയേറെ അപമാനിതയായി… തല്ലിപ്പോയതാണ് ഞാൻ….വേണമെന്നു കരുതി ചെയ്‌തതല്ല. ആരെയും തല്ലാൻ പോയിട്ട് ദേഷ്യത്തിൽ ഒന്ന് സംസാരിക്കാനുള്ള ധൈര്യം പോലും ഇപ്പോഴും എനിക്കില്ല.

പക്ഷെ അന്ന്… ആത്മാഭിമാനമുള്ള ഏതൊരു പെണ്ണും തല്ലിപ്പോകില്ലേ? ഞാനും അതേ ചെയ്‌തുള്ളൂ… പക്ഷെ അത്‌ ഇപ്പൊ എന്നെക്കാളേറെ എന്നെ സ്നേഹിക്കുന്നവരെയാണ് വേദനിപ്പിക്കുന്നത്.. ഞാൻ കാരണം ഇന്നൊരാൾ എഴുന്നേൽക്കാൻ പോലും കഴിയാതെ…. ഈശ്വരാ ! ഓർക്കുമ്പോൾ തന്നെ മനസ്സ് വെന്ത് നീറുന്നു… സഹിക്കാനാവുന്നില്ല… ഞാൻ കാരണം… ഞാൻ മാത്രം കാരണം…. ഇപ്പൊ എന്റെ ഫാദറിനും എന്തോ ആപത്തു വരാൻ പോകുന്നു. ഒരച്ഛനെപ്പോലെ എന്നെ സ്നേഹിച്ച… ചേർത്തു പിടിച്ച… എന്റെ നന്മ മാത്രം ആഗ്രഹിക്കുന്ന എന്റെ ഫാദർ… പഠിച്ചു വലിയ ആളാകണമെന്നു പറയാറുണ്ട്, എപ്പോഴും… അതിന് വേണ്ട ആത്മധൈര്യം തന്നത് അദ്ദേഹമാണ്… അപ്പു എന്നെ വിട്ടു പോയപ്പോഴും അദ്ദേഹമാണ് എനിക്ക് ധൈര്യം തന്നത്.

തളരാതിരിക്കാൻ എന്റെ കൂടെ ഉണ്ടായിരുന്നു, എന്നും….. ഒരു പിതാവായി…. സുഹൃത്തായി…… ഇപ്പൊ ഞാൻ കാരണം അദ്ദേഹവും ആപത്തിലായിരിക്കുന്നു. ഓർഫനേജിൽ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടെന്ന് ഫാദർ പറഞ്ഞത് എനിക്ക് ഓർമ വന്നു.. അതിന് കാരണക്കാരൻ അവനായിരിക്കുമോ? അതിനെക്കുറിച്ച് തന്നെയാണോ റെജി പറഞ്ഞത്? ഓരോന്നോർത്തിട്ട് ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നി… എന്തിനാണീശ്വരാ എനിക്ക് ഇങ്ങനെ ഒരു ജന്മം?? സ്നേഹിക്കുന്നവരെയെല്ലാം വേദനിപ്പിക്കാൻ വേണ്ടി മാത്രം ഒരു ജന്മം… എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നി. അന്ന് തന്നെ ഞാൻ ഡിസ്ചാർജ് ആയി.. റോയി സർ പിന്നെയും ഒരാഴ്ച കൂടി ഐ സി യൂ വിൽ ആയിരുന്നു.

അദ്ദേഹത്തെ റൂമിലേയ്ക്ക് മാറ്റി എന്നറിഞ്ഞു ഫാദറിന്റെ അനുവാദത്തോടെ ഞാൻ അദ്ദേഹത്തെ കാണാൻ പോയി… ഞാൻ ചെല്ലുമ്പോൾ ആള് കണ്ണുകൾ അടച്ചു കിടക്കുകയായിരുന്നു. അദ്ദേഹത്തിന്റെ അച്ഛൻ അവിടെ ഉണ്ടായിരുന്നില്ല. ബൈസ്റ്റാൻഡർ ആയിട്ട് നിന്നത് വീട്ടിലെ സെർവന്റ് ആയിരുന്നു. എന്നെ കണ്ട് അയാൾ പുറത്തേയ്ക്ക് പോയി. ഉറങ്ങുകയാണെന്നു തോന്നി… ആ കാലുകളിലേയ്ക്ക് നോക്കിയപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു വന്നു. ഞാൻ ആ കാലുകളിൽ തോട്ടു. ചലനശേഷിയില്ലാത്ത കാലുകളിൽ ഞാൻ തൊട്ടത് പോലും അദ്ദേഹത്തിന് അറിയാൻ കഴിഞ്ഞില്ല.

അത് എന്റെ മനസ്സിനെ കൂടുതൽ വേദനിപ്പിച്ചു. നിറഞ്ഞ കണ്ണുകളോടെ ആ കാലുകളിൽ പിടിച്ചു ഞാൻ ഉള്ളുരുകി ആ മനുഷ്യനോട് മാപ്പ് ചോദിച്ചു.. മനസ്സുകൊണ്ട്…. ഹൃദയം കൊണ്ട്… അറിഞ്ഞു കൊണ്ട് തെറ്റൊന്നും ചെയ്തിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ ആ അവസ്ഥയ്ക്ക് കാരണക്കാരി ഞാൻ ആയിരുന്നല്ലോ… മാപ്പ് ചോദിക്കാൻ അർഹയല്ല എന്നറിഞ്ഞിട്ടും ഒരായിരം വട്ടം ഞാൻ മാപ്പ് ചോദിച്ചു… മൗനമായി….. അദ്ദേഹം ഉറക്കമാണെന്നു തോന്നി… ശല്യപ്പെടുത്തണ്ടാന്ന് കരുതി തിരികെ പോകാൻ തുടങ്ങിയപ്പോഴാണ് ആള് ഉണർന്നത്. ‘താൻ എപ്പോ വന്നു?

ഞാൻ ഉറങ്ങിപ്പോയി… വന്നിട്ടെന്താ എന്നെ വിളിക്കാത്തെ? ഫാദർ വന്നില്ലേ? ‘ കുറേ ചോദ്യങ്ങൾ.. മുഖത്ത് നല്ല തെളിഞ്ഞ ചിരിയും… എന്നോട് ഒരു വിരോധവും ഇല്ലേ ആ മനസ്സിൽ??? ‘ഞാൻ ഇപ്പൊ വന്നേ ഉള്ളു… ഉറക്കമായോണ്ട് വിളിക്കണ്ടാന്നു കരുതി.. ഞാൻ ഒറ്റയ്ക്കാ.. ഫാദർ വന്നില്ല. എന്നോട് ദേഷ്യമൊന്നുമില്ലേ? ‘ ‘ദേഷ്യമോ? തന്നോടോ? എന്തിന്? ‘ ‘ഞാൻ കാരണം അല്ലേ ഇങ്ങനൊക്കെ??? ‘ ‘താൻ കാരണമോ? അതെങ്ങനെ? ‘ അദ്ദേഹം അദ്‌ഭുദത്തോടെ എന്നെ നോക്കി… അപ്പോഴാണ് പറഞ്ഞു പോയ അബദ്ധം എനിക്ക് മനസിലായത്… ‘അല്ല.. എന്നെ സ്നേഹിക്കുന്നവർക്ക് എന്നും വിഷമം മാത്രേ ഉണ്ടായിട്ടുള്ളൂ.. അതാ ഞാൻ… ‘

‘താൻ എന്തിനാ അങ്ങനെ ചിന്തിക്കുന്നത്? ഇത് എന്റെ വിധിയാണ്… അതിൽ തനിക്കെന്താ റോൾ? ഞാൻ കർത്താവിൽ വിശ്വസിക്കുന്നവനാ… എനിക്കിങ്ങനെ സംഭവിച്ചത് തന്നെ കല്യാണം കഴിക്കാൻ തീരുമാനിച്ചത് കൊണ്ടാണെന്ന് എനിക്ക് ഇപ്പോഴും തോന്നുന്നില്ല. കർത്താവിന്റെ തീരുമാനങ്ങളാണെല്ലാം… അദ്ദേഹത്തിന്റെ എല്ലാ തീരുമാനങ്ങൾക്ക് പിന്നിലും വ്യക്തമായ ഉദ്ദേശം ഉണ്ടാവും… ആ വലിയവൻ ഇതിനേക്കാൾ നല്ലതെന്തോ തനിക്ക് കരുതി വച്ചിട്ടുണ്ടാകും… അങ്ങനെ വിശ്വസിക്കു…അതാണെനിക്കിഷ്ടം… ‘ ആ മുഖത്തെ പുഞ്ചിരി അപ്പോഴും മഞ്ഞിട്ടുണ്ടായിരുന്നില്ല… എങ്ങനെ കഴിയുന്നു ഇദ്ദേഹത്തിന്, ഈ അവസ്ഥയിലും ഇങ്ങനെ ചിന്തിക്കാൻ? ഇങ്ങനെയൊക്കെ സംസാരിക്കാൻ??

ഇദ്ദേഹം ശെരിക്കും കർത്താവ്‌ തന്നെയാണോ എന്ന് ഒരു നിമിഷം ഞാൻ ചിന്തിച്ചു പോയി… മുൾക്കിരീടവും ധരിച്ചു മരക്കുരിശും പേറി ക്രൂശിലേറ്റപ്പെടുമ്പോഴും മറ്റുള്ളവരുടെ നന്മയ്ക്കു വേണ്ടി പ്രാർത്ഥിച്ച സാക്ഷാൽ ക്രിസ്തു ദേവനെയാണ് ഞാൻ അപ്പോൾ അദ്ദേഹത്തിൽ കണ്ടത്…. ഈ അവസ്ഥയിലും ഇത്ര ലാഘവത്തോടെ സംസാരിക്കാൻ എങ്ങനെ കഴിയുന്നു? പലപ്പോഴും എനിക്കതിനു കഴിയാതെ പോയിട്ടുണ്ടല്ലോ… ജീവിതത്തിലെ പല വിഷമഘട്ടങ്ങളിലും ഞാൻ കാലിടറി വീണുപോയിട്ടുണ്ടല്ലോ? പലപ്പോഴും ഈശ്വരനോട് പോലും ദേഷ്യം തോന്നിയിട്ടുണ്ട്… പക്ഷെ ഇദ്ദേഹം????

ഒരു പക്ഷെ തനിക്ക് വിഷമം ഉണ്ടാകാതിരിക്കാൻ ആവും ഇങ്ങനെയൊക്കെ പറയുന്നത്…. ‘താനെന്താടോ ആലോചിക്കുന്നത്?? ‘ ‘ഒന്നുമില്ല… ‘ ആ മുഖത്ത് ചിരി ഉണ്ടെങ്കിലും ആ തളർന്ന കാലുകൾ എന്നെ വല്ലാതെ വേദനിപ്പിച്ചു. അതിന് കാരണക്കാരി ഞാൻ മാത്രമാണെന്നുള്ള അറിവ് എന്റെ ഹൃദയത്തിൽ കൂടുതൽ ആഴത്തിൽ മുറിവേൽപ്പിച്ചു… ഞാൻ പോലും അറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞു വന്നു. നിറഞ്ഞു വന്ന കണ്ണുകൾ പരമാവധി അദ്ദേഹത്തിൽ നിന്നും മറച്ചു പിടിച്ചു കൊണ്ട് യാത്ര പറഞ്ഞു… പറയാൻ മനസ്സിൽ ഉറപ്പിച്ചു വന്നത് പലതും പറയാതെ…. അദ്ദേഹം ചിരിച്ചു കൊണ്ടാണ് എന്നെ യാത്രയാക്കിയത്… എനിക്കദ്ദേഹം ശരിക്കും ഒരദ്‌ഭുതമായിരുന്നു.

ഹോസ്പിറ്റലിൽ നിന്നും ഇറങ്ങുമ്പോൾ എന്റെ മനസ്സിൽ ചില ഉറച്ച തീരുമാനങ്ങൾ ഉണ്ടായിരുന്നു…. എനിക്ക് ശരിയെന്നു തോന്നിയ ചില തീരുമാനങ്ങൾ…. ഹോസ്പിറ്റലിൽ നിന്നും ഞാൻ ഫാദറിനെ കാണാനാണ് പോയത്. അദ്ദേഹം എന്തോ തിരക്കിൽ ആയതിനാൽ കുറച്ച് സമയം കാത്തിരിക്കേണ്ടി വന്നു. ‘മോള് വന്നിട്ട് ഒത്തിരി നേരമായോ?’ ‘ഇല്ല ഫാദർ ‘ ‘റോയിയെ കണ്ടോ? ‘ ‘മ്മ് ‘ ‘ഞാൻ വിളിച്ചിരുന്നു. പാവം… ഒരാഴ്ച കൂടി ഹോസ്പിറ്റലിൽ കഴിയണം എന്നാ പറഞ്ഞേ… അത്‌ കഴിഞ്ഞ് വീട്ടിൽ പോകാം.. അവിടെ കിടന്നിട്ടും പ്രത്യേകിച്ച് കാര്യമൊന്നുമില്ല.. ചെറിയ മുറിവുകൾ ഉണ്ടല്ലോ? അത്‌ ഉണങ്ങീട്ടു ആയുർവേദം വല്ലോം നോക്കണമെന്നാ മാത്യു പറഞ്ഞത്. ‘ മാത്യു റോയ് സാറിന്റെ അപ്പനാണ്.

‘ഞാൻ അദ്ദേഹത്തോട് ഒന്നും ചോദിച്ചില്ല ഫാദർ. എനിക്കൊന്നും ചോദിക്കാൻ കഴിഞ്ഞില്ല. ‘ ‘സാരമില്ല കുട്ടി.. അതവന്റെ വിധിയാണ്.. കർത്താവിന്റെ തീരുമാനം അതാവും… മോള് മറ്റാർക്കോ വിധിച്ചതാണ്… എത്രയും പെട്ടെന്ന് മോളെ നല്ലൊരാളിന്റെ കയ്യിൽ ഏൽപ്പിക്കണം എനിക്ക്… ‘ ‘വേണ്ട ഫാദർ… ‘ ‘വേണ്ടേ? എന്താ മോളെ ഈ പറയുന്നത്? എനിക്ക് ഒത്തിരി പ്രശ്നങ്ങളുണ്ട് അതിനിടയിൽ നിന്നെ സുരക്ഷിതയാക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണ്.. അത്‌ ഞാൻ അപ്പുവിന് കൊടുത്ത വാക്കാണ്.. ‘ ‘ഫാദർ എനിക്ക് വേണ്ടി മറ്റാരെയും കണ്ടെത്തേണ്ട. ഞാൻ കാരണമാണ് അദ്ദേഹത്തിന് ഇങ്ങനെ സംഭവിച്ചത്. അദ്ദേഹം തന്നെ എന്റെ കഴുത്തിൽ മിന്നു കെട്ടിയാൽ മതി ഫാദർ… ‘

‘ങേ, മോളെന്താ പറഞ്ഞത്?? അത്‌ ശെരിയാകില്ല മോളെ. ഇത് വരെ മോള് ജീവിതത്തിൽ ഒരുപാട് വിഷമങ്ങൾ അനുഭവിച്ചു. വിവാഹത്തോടെ എല്ലാ വിഷമങ്ങളും അവസാനിക്കണം… വിവാഹ ശേഷവും വിഷമിക്കേണ്ട ഒരവസ്ഥ നിനക്ക് ഉണ്ടാകാൻ പാടില്ല. അവന്റെ അവസ്ഥ മോള് നേരിട്ട് കണ്ടതല്ലേ? അവനു ഇനി പഴയ ജീവിതത്തിലേയ്ക്ക് വരാനാവുമോ എന്നറിയ ത്തില്ല. കാലുകൾക്ക് ചലനശേഷി കിട്ടുമോന്നറിയില്ല.. 25 ശതമാനത്തിൽ കൂടുതൽ ഉറപ്പു പറയാനാവില്ല എന്നാണ് ഡോക്ടേർസ് പറഞ്ഞത്. ഇങ്ങനെ ഒരവസ്ഥയിൽ മോളെ അവനു കൊടുക്കാൻ എനിക്ക് പറ്റത്തില്ല. അവനും അതിന് സമ്മതിക്കില്ല.

എനിക്കറിയാം അവനെ. ‘ ‘വിവാഹ ശേഷമാണ് അദ്ദേഹത്തിന് ഇങ്ങനെ ഒരവസ്ഥ വന്നതെങ്കിലോ? അന്ന് എനിക്ക് അദ്ദേഹത്തെ ഉപേക്ഷിക്കാൻ കഴിയുമായിരുന്നോ ഫാദർ? ‘ ‘ശെരിയാണ്. പക്ഷെ…. ‘ ‘ദയവായി ഫാദർ എന്റെ ഈ തീരുമാനം അംഗീകരിക്കണം. ഞാൻ വെറും വട്ടപ്പൂജ്യമാണെന്നറിഞ്ഞിട്ടും എനിക്കൊരു ജീവിതം തരാൻ തയ്യാറായവനാണദ്ദേഹം… ഇപ്പൊ ഞാൻ അദ്ദേഹത്തെ ഉപേക്ഷിച്ചാൽ ഈശ്വരൻ പോലും എന്നോട് പൊറുക്കില്ല… ‘ ‘അവൻ സമ്മതിക്കില്ല മോളെ. വളരെ നല്ല മനസാ അവന്റേത്.. എനിക്കതറിയാം… പരസഹായം ഇല്ലാതെ എഴുന്നേറ്റു നടക്കാൻ പോലും കഴിയാത്ത അവന്റെ ജീവിതത്തിലേയ്ക്ക് മോളെ ഒപ്പം കൂട്ടി വിഷമിപ്പിക്കാൻ അവൻ ഒരിക്കലും സമ്മതിക്കില്ല.

‘ ‘ഫാദർ പറഞ്ഞാൽ അദ്ദേഹം സമ്മതിക്കും. എനിക്ക് വേണ്ടി ഫാദർ അദ്ദേഹത്തോട് സംസാരിക്കണം… ‘ ‘ഞാൻ നോക്കാം… എന്നാലും മോളെ ഒന്നുകൂടി ആലോചിക്ക്.. നിന്റെ ജീവിതമാണ്…. അത് കൂടി ചിന്തിക്കണം… തെറ്റായിപ്പോയീന്നു പിന്നീട് തോന്നരുത്.’ ഫാദറിനു ഒട്ടും താത്പര്യമുണ്ടായിരുന്നില്ല. ‘ഇല്ല ഫാദർ. ഞാൻ ചെയ്യുന്നത് ശെരിയാണെന്നു എനിക്ക് നല്ല ബോധ്യമുണ്ട്. അദ്ദേഹത്തെ പഴയ ജീവിതത്തിലേയ്ക്ക് മടക്കിക്കൊണ്ടുവരാനാകുമെന്നു എനിക്ക് നല്ല വിശ്വാസം ഉണ്ട്. ഫാദർ അദ്ദേഹത്തോട് സംസാരിച്ചു സമ്മതിപ്പിക്കണം.’ ഒട്ടും താല്പര്യമില്ലാതിരുന്നിട്ടും ഫാദർ എന്റെ ആവശ്യം അംഗീകരിച്ചു. പക്ഷെ ഫാദർ എത്ര നിർബന്ധിച്ചിട്ടും അദ്ദേഹം അതിന് തയ്യാറായില്ല.

ഒടുവിൽ അദ്ദേഹത്തെ നേരിട്ട് കണ്ടു എനിക്കിക്കാര്യം സംസാരിക്കേണ്ടി വന്നു. ‘എനിക്ക് വേണ്ടി തന്റെ ജീവിതം നശിപ്പിക്കാൻ ഞാൻ ഒരുക്കമല്ലെടോ.. ജീവിതകാലം മുഴുവൻ വീൽച്ചെയറിൽ ആകും ഞാനിനി. എന്റെ കാര്യങ്ങൾ നോക്കി നശിപ്പിക്കാനുള്ളതല്ല തന്റെ ജീവിതം. തനിക്ക് നല്ലോരു ഭാവിയുണ്ട്. ഞാനായിട്ട് അത്‌ നശിപ്പിച്ചുന്നുള്ള തോന്നൽ എനിക്കൊരിക്കലും ഉണ്ടാകാൻ പാടില്ല. ‘ ഞാൻ എത്ര പറഞ്ഞിട്ടും അദ്ദേഹം സമ്മതിച്ചില്ല. ഒടുവിൽ ‘ഭാര്യയായിട്ടല്ലെങ്കിൽ ഒരു ഹോം നേഴ്സ്നെപ്പോലെ കരുതിയെങ്കിലും സർനെ പരിചരിക്കാനുള്ള അവസരം എനിക്ക് തരണം.. സാറിന് പഴയതു പോലെ ആകാൻ കഴിയും എന്നെനിക്ക് ഉറപ്പുണ്ട്.. അന്ന് എന്നെ വിവാഹം ചെയ്‌താൽ മതി… ‘എന്നു പറഞ്ഞു കരഞ്ഞു കാലു പിടിച്ചു ഞാൻ…

ഞാൻ കാരണമാണ് അദ്ദേഹത്തിന് ആ അവസ്ഥ ഉണ്ടായതെന്ന ചിന്ത എന്നെ വല്ലാത്തൊരവസ്ഥയിൽ എത്തിച്ചിരുന്നു. എന്റെ മനസിനെ തൃപ്തിപ്പെടുത്താൻ മറ്റ് മാർഗങ്ങൾ ഉണ്ടായിരുന്നില്ല…. എന്റെ കണ്ണുനീരിനും വാശിക്കും മുന്നിൽ ഒടുവിൽ അദ്ദേഹത്തിന് സമ്മതിക്കേണ്ടി വന്നു… രണ്ടാഴ്ച കൂടി അദ്ദേഹത്തിന് ഹോസ്പിറ്റലിൽ കഴിയേണ്ടി വന്നു… വീട്ടിൽ വന്നാൽ ഏറ്റവും അടുത്ത മുഹൂർത്തത്തിൽ പള്ളിയിൽ വച്ച് വിവാഹം എന്നു തീരുമാനിച്ചു… മനസിന്‌ വല്ലാത്ത ആശ്വാസം തോന്നി… ഭാരം കുറഞ്ഞത് പോലെ…. മോഹങ്ങളും സ്വപ്നങ്ങളും എന്നോ കരിഞ്ഞു പോയത് കൊണ്ട് വിഷമമൊന്നും തോന്നിയില്ല…

ഞാൻ കാരണം ഉണ്ടായത് ഞാനായിട്ട് തന്നെ പരിഹരിച്ചു എന്നൊരു തോന്നൽ.. അതെനിക്ക് കുറച്ച് സമാധാനം തന്നു… അപ്പോഴും അരുണിന്റെ അടുത്ത നീക്കത്തെക്കുറിച്ചോർത്തായിരുന്നു ഭയം.. അപ്പുവിനെക്കുറിച്ചോർത്ത് വിഷമവും.. അപ്പുവിനെക്കുറിച്ചു ഞാൻ ഇടയ്ക്കിടെ ഫാദറിനോട്‌ തിരക്കാറുണ്ട്.. അദ്ദേഹം ഒന്നും അറിയില്ലാന്നു പറയും. വിളിക്കാമെന്ന് പറഞ്ഞിട്ട് അവൻ വിളിച്ചില്ലത്രെ… അങ്ങോട്ട് വിളിക്കാൻ ഫോണൊന്നും അവനു ഉണ്ടായിരുന്നുമില്ലല്ലോ? കല്യാണം തീരുമാനിച്ചതിനു രണ്ട് ദിവസം മുൻപ് ഞാൻ അപ്പുനെക്കുറിച്ച് തിരക്കാൻ വീണ്ടും ഫാദറിനടുത്തെത്തി. അന്നും പതിവ് മറുപടി തന്നെയാണ് എനിക്ക് കിട്ടിയത്…. അപ്പോഴാണ് റെജി അവിടേയ്ക്ക് വന്നത്.

ഫാദർ നോട്‌ എന്തോ സംസാരിക്കാനായിരുന്നു. ഞാൻ ഉടനെ പുറത്തിറങ്ങി…. ഭയമായിരുന്നു അവനെ കാണുമ്പോൾ… കുറച്ച് മുന്നിലേയ്ക്ക് നടന്നതും അവൻ ഓടി ഒപ്പമെത്തി… ‘ഡീ… നീ പേടിച്ചോടുവാണോ? ഏതുവരെ ഓടും?? എവിടെ പോയാലും അവൻ നിന്നെ പൊക്കും… വീണ്ടും നിന്റെ കല്യാണം തീരുമാനിച്ചു അല്ലേ? അയാളെ തന്നെ ആണല്ലേ? നിന്നെ സമ്മതിക്കണം… എഴുന്നേറ്റു നടക്കാൻ പോലും കഴിയാത്ത അയാളെ നിനക്ക് എന്തിനാടീ??? അയാൾക്ക് കൂടി നീ ചിലവിനു കൊടുക്കേണ്ടി വരും… പിന്നെ നീ വല്യ മാലാഖ ആണെന്നൊക്കെ ഓർഫനേജിൽ എല്ലാരും പറയുന്നത് കേട്ടു.

അത്‌ കേൾക്കാൻ വേണ്ടിയല്ലേ നീ അയാളെ തന്നെ കെട്ടാൻ തീരുമാനിച്ചത്? അത്‌ നന്നായി.. ഒരുത്തന്റെ ജീവിതം മാത്രമല്ലേ നശിക്കുള്ളു.. ഇല്ലെങ്കിലിപ്പോ മറ്റൊരുത്തനും കൂടി ഇല്ലാതാകുമായിരുന്നില്ലേ? എന്നെന്നേക്കുമായി….. പോട്ടേഡീ … കാണാം നമുക്ക്…. ‘ അവൻ ശരിക്കും എന്താണ് ഉദ്ദേശിച്ചതെന്ന് മനസിലാക്കാൻ എനിക്ക് പിറ്റേന്നു വരെ കാത്തിരിക്കേണ്ടി വന്നു. പിറ്റേന്ന് ഉച്ചയോടു കൂടി ഫാദർ എന്നെ വിളിപ്പിച്ചു. എന്തോ അത്യാവശ്യമായി സംസാരിക്കാനുണ്ടെന്നു പറഞ്ഞു. ഭയത്തോടെയാണ് ഞാൻ ഫാദറിന്റെ അടുത്തേയ്ക്ക് പോയത്. റെജി അന്ന് പറഞ്ഞ വാക്കുകൾ ആയിരുന്നു മനസ്സിൽ ‘നിന്റെ പ്രിയപ്പെട്ട ഫാദർ ഇല്ലേ?

നിന്റെ ഗോഡ് ഫാദർ… അങ്ങേർക്കുള്ള പണിയും അണിയറയിൽ ഒരുങ്ങുന്നുണ്ട്… ‘ ആ വാക്കുകൾ എന്റെ കാതിൽ മുഴങ്ങിക്കൊണ്ടിരുന്നു… പക്ഷെ അതിനേക്കാൾ നൂറു മടങ്ങ് ഭയപ്പെടുത്തുന്ന വാർത്തയാണ് ഞാൻ കേട്ടത്. ഞാൻ ചെല്ലുമ്പോൾ ഫാദർ ആകെ വിഷമിച്ചിരിക്കുകയാണ്.. എന്നെ കണ്ടതും എന്റെ അടുത്തേയ്ക്ക് വന്നു. ‘മോളെ, ഫാദർ പറയുന്നത് മോള് സമചിത്തതയോടെ കേൾക്കണം… ‘ എന്റെ ഹൃദയം ഉറക്കെ മിടിച്ചു കൊണ്ടിരുന്നു.. എന്റെ ഹൃദയമിടിപ്പ് എനിക്ക് തന്നെ കേൾക്കാൻ കഴിഞ്ഞു. എന്താണ് അദ്ദേഹം പറയാൻ പോകുന്നത്?? ‘റോയി… റോയിയെ കാണാനില്ല… ‘

‘ങേ’ ഞാൻ ഞെട്ടി.. ‘വീട്ടിൽ വന്ന ശേഷം മാത്യു റോയിയോടൊപ്പമാണ് കിടക്കാറുണ്ടായിരുന്നത്… ഇന്നലെ അയാളുടെ സഹോദരിക്ക് സുഖമില്ലാത്തതിനാൽ ഹോസ്പിറ്റലിൽ നിൽക്കേണ്ടി വന്നു. സെർവന്റ് രാത്രി കൂടി നിൽക്കും എന്നു ഉറപ്പ് നൽകി. രാത്രി അയാളുടെ മകന് ആക്‌സിഡന്റ് ആയീന്നും ഹോസ്പ്പിറ്റലിൽ എത്തണമെന്നും കാൾ വന്നു. മറ്റ് മാർഗം ഒന്നും ഇല്ലാത്തതിനാൽ അയാൾക്ക് റോയിയെ ഒറ്റയ്ക്കാക്കി പോകേണ്ടി വന്നു. പക്ഷെ അതൊരു ഫേക്ക് കാൾ ആയിരുന്നു… അയാൾ തിരികെ വന്നപ്പോഴേയ്ക്കും റോയി മിസ്സിംഗ്‌ ആയിരുന്നു. ‘ ഇടിവെട്ടേറ്റവനെ പാമ്പ് കടിച്ചു എന്നു കേട്ടിട്ടില്ലേ?

അതായിരുന്നു അപ്പോഴത്തെ എന്റെ അവസ്ഥ. കണ്ണുകളിൽ ഇരുട്ട് കയറി.. വീണു പോകാതിരിക്കാൻ ഞാൻ ചുമരിൽ ചാരി നിന്നു. കണ്ണുകൾ നിറഞ്ഞൊഴുകിയ കണ്ണുനീർ എന്റെ കവിളുകളെ പൊള്ളിച്ചു കൊണ്ട് താഴേയ്ക്ക് ഒഴുകിക്കൊണ്ടിരുന്നു… കേട്ടത് സത്യമാകരുതേ എന്നു എല്ലാ ദൈവങ്ങളെയും വിളിച്ച് പ്രാർത്ഥിച്ചു… എന്റെ എല്ലാ പ്രാർത്ഥനകളും പോലെ ഇതും വെറുതെ ആയിരുന്നു…. അതുവരെ തോന്നാത്ത എന്തോ ഒന്ന് എന്നെ വന്നു മൂടി.. .. അതിനെ ഭയമെന്നു പറഞ്ഞു ചെറുതാക്കിക്കൂടാ…. വിറയ്ക്കുകയായിരുന്നു ഞാൻ… സംസാരിക്കാനോ ചിന്തിക്കാനോ, എന്തിന് ശ്വാസം എടുക്കാൻ പോലും കഴിയാതെ കുറച്ച് നിമിഷങ്ങൾ ഞാൻ ചുമരിൽ ചാരി നിന്ന് പോയി….

എന്റെ അവസ്ഥ ഫാദറിനെയും ഭയപ്പെടുത്തി എന്നു തോന്നുന്നു.. ‘മോളേ ‘ അദ്ദേഹം എന്റെ ചുമലിൽ പിടിച്ചു ശക്തിയായി കുലുക്കി.. എനിക്ക് അപ്പോൾ മാത്രമാണ് സ്ഥലകാലബോധം ഉണ്ടായത്… ഞാൻ രണ്ട് കൈകൾ കൊണ്ടും മുഖം പൊത്തി ഉറക്കെ കരഞ്ഞു… ഫാദർ എന്നെ അടുത്തുള്ള ചെയറിൽ പിടിച്ചിരുത്തി. അദ്ദേഹവും അതിനടുത്ത ചെയറിൽ ഇരുന്നു. ‘ആരാണ് ഫാദർ??? എന്തിനാണ്?? എന്തിന് വേണ്ടി??? ‘ എല്ലാത്തിന്റെയും ഉത്തരം എനിക്കറിയാമായിരുന്നിട്ടും ഞാൻ വെറുതെ ഫാദറിനോട്‌ ചോദിച്ചു കൊണ്ടിരുന്നു.

തുടരും….

അനാഥ : ഭാഗം 3

Comments are closed.