അനാഥ : ഭാഗം 29- അവസാനിച്ചു

Spread the love

എഴുത്തുകാരി: നീലിമ

അന്ന് വൈകിട്ട് ഞങ്ങൾ എല്ലാരും കൂടി സംസാരിച്ചിരുന്നപ്പോൾ മഹിയെട്ടന് ഒരു unknown നമ്പറിൽ നിന്നും കാൾ വന്നു… “പരിചയമില്ലാത്ത നമ്പർ ആണല്ലോ? ” പറഞ്ഞു കൊണ്ട് മഹിയേട്ടൻ കാൾ അറ്റൻഡ് ചെയ്തു. “ഹലോ… ” ……. “അതേ… ആരാണ്?? ” …… “അതേ സാർ… ” …… “ഇന്നോ?  തീർച്ചയായും വരാം സാർ…. ” …… “ok സാർ…. ” കാൾ അവസാനിപ്പിച്ചു മഹിയേട്ടൻ അപ്പൂനെ നോക്കി… “അപ്പുക്കുട്ടാ… നീ എന്റെ നമ്പർ IG സാറിനു കൊടുത്തിരുന്നോ?? ” “മ്മ്… കൊടുത്തു മഹിയേട്ടാ… ഇന്നലെ എന്നോട് ചോദിച്ചു… ഞാൻ മഹിയെട്ടനോട് പറയാൻ മറന്നു പോയി… ” “ഏയ്.. അത് സാരമില്ല…

അദ്ദേഹത്തിന് എന്നെ ഒന്നും കാണണമെന്ന്… ഇന്ന് വൈകിട്ട് 5 മണിക്ക്… ” “ig  സാറെന്തിനാ മഹിയേട്ടനെ കാണുന്നത്??? ” “അതെനിക്കറിയില്ല… അപ്പുനറിയുമോ?? ” മഹിയേട്ടൻ ചിരിയോടെ അപ്പൂനെ നോക്കി… “ഇല്ല മഹിയെട്ട… സാർ ഒന്നും പറഞ്ഞില്ല… ” “എനിക്ക് ചെറിയ ഒരൂഹം ഉണ്ട്… ശരിയാകാനാണ് സാധ്യത… ” “എന്താ മഹിയേട്ടാ??? ” “സാറിന്റെ മക്കൾ?? ” “ഒരു മകനും ഒരു മകളും ആണെന്ന് തോന്നുന്നു… വ്യക്‌തമായിട്ടൊന്നും അറിയില്ല. ” “എന്റെ ഊഹം ശരിയാണെങ്കിൽ ആ പെൺകുട്ടി മാരീഡ് ആയിരിക്കില്ല… ”

“അതൊന്നും എനിക്കറിയില്ല ഏട്ടാ… ” “എന്തായാലും ഞാൻ അദ്ദേഹത്തെ കാണട്ടെ… ” വയ്കിട്ട് മഹിയേട്ടൻ IG സാറിനെ കാണാൻ പോയി. മാഹിയേട്ടന്റെ ഊഹം ശരിയായിരുന്നു. അദ്ദേഹത്തിന്റെ മകളേ അപ്പൂനെ ഏൽപ്പിക്കാൻ അദ്ദേഹത്തിന് ആഗ്രഹമുണ്ടത്രെ ! അത് അപ്പുനോട് നേരിട്ട് പറയാൻ അദ്ദേഹത്തിന് മടി.. അതാണ്‌ മഹിയേട്ടനെ വിളിച്ചത്… “അപ്പൂന് ഇഷ്ടക്കുറവൊന്നും ഉണ്ടാകില്ല… ഇതറിഞ്ഞാൽ അവൻ നാളെ തന്നെ കല്യാണം വേണമെന്ന് പറയും.. താൻ നോക്കിക്കോ… ” “അതിന് അവനു കുട്ടിയെ ഇഷ്ടം ആകണ്ടേ?? ” “ഇഷ്ടമായിക്കഴിഞ്ഞല്ലോ?? ”

“ങേ….” “ഞാൻ കുട്ടീടെ ഫോട്ടോ കണ്ടു. നമ്മുടെ കുഞ്ഞാറ്റയെ കാണിക്കുന്ന ഡോക്ടർ ഇല്ലേ?  ഡോക്ടർ അഞ്ജന… അതാണ്‌ ആള്… അപ്പു ഇച്ഛിച്ചതും IG കല്പിച്ചതും അഞ്ജന ആയത് കൊണ്ട് രോഗിക്ക്… അല്ല അപ്പൂന് എതിർപ്പൊന്നും ഉണ്ടാകാൻ വഴിയില്ല.. പിന്നെ ഞാൻ അപ്പൂനെ ആദ്യം കണ്ടപ്പോ കൂടെ ഈ IG യും ഉണ്ടായിരുന്നു. അന്നേ അയാള് ഇവനെ വിടാതെ പിടിച്ചിരിക്കുവായിരുന്നു.. കാരണം ഇപ്പോഴല്ലേ മനസ്സിലായത്… ” മഹിയേട്ടൻ പറഞ്ഞത് പോലെ അപ്പൂന് എതിർപ്പൊന്നും ഉണ്ടായിരുന്നില്ല.

നാളെ തന്നെ കല്യാണം നടത്തുന്നതല്ലേ നല്ലത് എന്നുള്ള ഭാവമായിരുന്നു അവനു. മഹിയേട്ടൻ അച്ഛനോട് സംസാരിച്ചു. അച്ഛനും പൂർണ സമ്മതം… ജാതകപ്പൊരുത്തം നോക്കാൻ പോയപ്പൊഴായിരുന്നു കുഴപ്പം…പത്തിൽ പത്തു പൊരുത്തമുണ്ട്… പക്ഷെ പെൺകുട്ടിയ്ക്ക് സമയം മോശമാണത്രെ ! അത് കൊണ്ട് നിശ്ചയം ഉടനെ… വിവാഹം മൂന്ന് വർഷം കഴിഞ്ഞ്… കേശുവിനായിരുന്നു ഏറെ സന്തോഷം.. അവന്റെ ചേട്ടായിടെ കല്യാണം ഉറപ്പിച്ചില്ലേ…. ഇടയ്ക്ക് അവൻ എന്നോട് പറഞ്ഞു.. “ഹൊ… ചേട്ടായിടെ ഒരു ഭാഗ്യം… ലൈസെൻസ് കിട്ടിയില്ലേ?  ഇനി മൂന്ന് വർഷം പ്രേമിച്ചു നടക്കാല്ലോ?  ആരും ഒന്നും പറയില്ല… ആരെയും പേടിക്കേം വേണ്ട.. ” “മുട്ടേന്നു വിരിഞ്ഞില്ല.. അതിന് മുന്നേ ചെക്കന്റെ വർത്താനം കേട്ടില്ലേ.? ” ഞാൻ കളിയായി അവന്റെ ചെവിയിൽ ചെറിയ കിഴുക്ക് കൊടുത്ത്..

💥💥💥💥💥💥💥💥 ദിവസങ്ങൾ വേഗം കടന്നു പോയി… അപ്പുവിന്റെ നിശ്ചയം കഴിഞ്ഞു… അവൻ തിരുവനതപുരത്തു ഒരു വില്ല വാങ്ങി. അച്ഛനും കേശുവും ഇപ്പൊ അവിടെയാണ് താമസം.. അത് കൊണ്ട് എപ്പോ കാണാൻ തോന്നിയാലും അവർ ഉടനെ ഓടിയെത്തും….. ഇടയ്ക്ക് ഞാൻ അങ്ങോട്ടേക്കും പോകും….

💥💥💥💥💥💥💥 മൂന്ന് വർഷങ്ങൾക്കിപ്പുറം… അടുത്ത മാസം അപ്പുന്റെ കല്യാണമാണ്….. ആർഭാടമായി നടത്തണമെന്നാണ് അഞ്ജന മോളുടെ വീട്ടുകാരുടെ ആഗ്രഹം… ഞങ്ങളും എതിര് നിന്നില്ല… വിവാഹത്തിന് മുന്നേ ഫാദറിനെ ഒന്ന് കൂടി കാണണമെന്ന് അപ്പു ആഗ്രഹം പറഞ്ഞു… അദ്ദേഹം പഴയതിലും ഭംഗിയായി ഓർഫനേജിന്റെ പ്രവർത്തനം പുനരാരംഭിച്ചതായി പറഞ്ഞിരുന്നു… അതിനു ശേഷം അങ്ങോട്ട് പോകാൻ കഴിഞ്ഞില്ല. അത് കൊണ്ട് ഞങ്ങൾ ഇന്ന് ഓർഫനേജിലേയ്ക്ക് പോവുകയാണ്… ഫാദറിനെ കാണാൻ… ഞാനും മാഹിയെട്ടനും കുഞ്ഞാറ്റയും അപ്പുവും അഞ്ജനയും…. അഞ്ജന അപ്പുവിന് നല്ലൊരു കൂട്ടായിരിക്കുമെന്നു ഞങ്ങൾക്ക് ഇതിനോടകം മനസ്സിലായിക്കഴിഞ്ഞിരുന്നു…

ഫാദറിനടുത്തു ഞങ്ങൾ ചെല്ലുമ്പോൾ അദ്ദേഹത്തിന്റെ കയ്യിൽ ഒരു കുറുമ്പനും ഉണ്ടായിരുന്നു… വെളുത്തു തുടുത്ത ഒരു സുന്ദരൻ… കുഞ്ഞി കണ്ണുകളും ചുരുണ്ട മുടിയും കുഞ്ഞു നുണക്കുഴിയും ഒക്കെയായി ഒരു കുട്ടിക്കുറുമ്പൻ… കഷ്ടിച്ച് ഒരു വയസ്സ് പ്രായം ഉണ്ടാകും. ഫാദറിന്റെ കയ്യിൽ ഇരുന്നു ഉറക്കെ കരയുകയാണാള്… ഫാദറും അടുത്ത നിൽക്കുന്ന സിസ്റ്ററും കൂടി സമാധാനിപിപ്പിക്കാൻ ആകുന്നതും ശ്രമിക്കുന്നുണ്ട്… പക്ഷെ കുഞ്ഞൻ വാശിയിലാണ്… ഞാൻ അടുത്തേയ്ക്ക് ചെന്നു… അവന്റ നേർക്ക് കൈ നീട്ടി… വരുമെന്ന് പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ല.

പക്ഷെ.. ഞാൻ കൈ നീട്ടിയ ഉടനെ അവൻ എന്റെ കൈകളിലേക്ക് ചാടി.. എന്നെ കഴുത്തിലൂടെ കുഞ്ഞിക്കൈകളിട്ടു കെട്ടിപ്പിടിച്ചു…. കരച്ചില് സ്വിച്ച് ഇട്ട പോലെ നിന്നു… ഒപ്പം ‘മ്മാ…  ‘ എന്നൊരു വിളിയും…. എന്റെ മാതൃ ഹൃദയം ഒന്ന് തേങ്ങി… അവനെ കൂടുതൽ ചേർത്ത് പിടിച്ചു… എന്റെ തോളിൽ തല ചായ്ച്ചു അവൻ കിടന്നു…. അവന്റെ വാശിയും ദേഷ്യവുമൊക്കെ എങ്ങോട്ടാ പോയി മറഞ്ഞു… “ഹൊ… ഇവനെ ഒന്ന് സമാധാനിപ്പിക്കാൻ ഞങ്ങൾ പഠിച്ച പണി പതിനെട്ടും നോക്കിയതാ… ഇപ്പൊ ദേ നിമ്മീ മോളേ കണ്ടപ്പോൾ കരച്ചില് പെട്ടെന്ന് നിന്നത് കണ്ടോ??? ” “ഇവൻ ഏതാ ഫാദർ?? ” “കഴിഞ്ഞ ആഴ്ച കിട്ടിയതാ ഇവനെ… ആരോ ഇവിടെ കൊണ്ട് ഉപേക്ഷിച്ചതാ… ” “ഈ മുത്തിനെ എങ്ങനെ കളയാൻ തോന്നി…??? ” “കൊന്നില്ലല്ലോ മോളേ… അത് തന്നെ വലിയ കാര്യം… ” (ശെരിയാണ് ഫാദർ പറഞ്ഞത്…

ദിവസേന പത്രങ്ങളിലെ വാർത്തകൾ കാണുമ്പോൾ മനസ്സ് ഉരുകാറുണ്ട്…. മറ്റാർക്കു കഴിഞ്ഞാലും മരണ വേദന സഹിച്ചു ജന്മം നൽകുന്ന പൊന്നോമനയുടെ ജീവനെടുക്കാൻ ഓർമ്മയ്ക്ക് എങ്ങനെ കഴിയുന്നു എന്ന് പലപ്പോഴും ചിന്തിച്ചു പോകാറുണ്ട്…. ) അവന്റെ കളിയിലും ചിരിയിലും മുഴുകി സമയം പോയത് അറിഞ്ഞതേയില്ല… കുഞ്ഞാറ്റയും അവനൊപ്പം കളിക്കാൻ കൂടി…. എപ്പോഴൊക്കെയോ അവൻ എന്റെ സ്വന്തം മകൻ ആയിരുന്നെങ്കിൽ എന്ന് തോന്നി…. ഹൃദയം അതിനായി കൊതിച്ചു…. “ഇവനെ ഞങ്ങൾ എടുത്തോട്ടെ ഫാദർ?? ഞങ്ങളുടെ മകനായി…. ” മഹിയേട്ടൻ അത് ചോദിച്ചപ്പോൾ അദ്‌ഭുതം കൊണ്ട് വാ പൊളിച്ചു നിന്നു പോയി ഞാൻ… എങ്ങനെ മനസ്സിലാകുന്നു ഇദ്ദേഹത്തിന് എന്റെ മനസ്സ്??? ഞാൻ പറയാതെ തന്നെ….. അതാണ് എന്റെ ഭാഗ്യവും…. ഫാദറിനു സന്തോഷമേ ഉണ്ടായിരുന്നുള്ളു….

അങ്ങനെ അവനെ ഞങ്ങൾ ജീവിതത്തിൽ ഒപ്പം കൂട്ടി… ഞങ്ങളുടെ മകനായി… ഞങ്ങളുടെ ഉണ്ണിക്കുട്ടൻ…. ഫാദറിനോട് സംസാരിച്ചു നിന്നപ്പോഴാണ് ഒരാൾ ഞങ്ങളുടെ അടുത്തേയ്ക്ക് നടന്നു വരുന്നത് കണ്ടത്….. അത് അരുൺ ആണെന്ന് മനസിലാക്കാൻ എനിക്ക് അല്പ സമയം വേണ്ടി വന്നു. നടക്കാൻ ഒരല്പം ബുദ്ധിമുട്ടുണ്ട് എന്നതൊഴിച്ചാൽ ആള് ആരോഗ്യവാനായിട്ടുണ്ട്. എന്റെ അന്ധാളിച്ചുള്ള നോട്ടം കണ്ടിട്ടാവണം മഹിയേട്ടൻ എന്നോട് പറഞ്ഞു. “താൻ നോക്കണ്ട അരുൺ തന്നെയാ… താൻ അന്ന് എന്നോട് പറഞ്ഞതൊക്കെ ഞാനും ആലോചിച്ചു. ശരിയാണെന്നു എനിക്കും തോന്നി. ആരും ആശ്രയത്തിനു ഇല്ലാത്ത ഒരുവനെ ഒറ്റയ്ക്ക് മരിക്കാൻ വിടുന്നത് ശരിയല്ലല്ലോ എന്ന് തോന്നി. അവസാനം അവനു ബാക്കി വന്ന സമ്പാദ്യം ഒരു ചെറിയ വീടും കുറച്ചു സ്ഥലവും മാത്രമാണ്. അത് ഈ ഓർഫനേജിന്റെ പേരിൽ അവൻ എഴുതി വച്ചു. ഇപ്പോൾ അവൻ ഇവിടുത്തെ ഒരംഗം ആണ്. ”

“മഹിയേട്ടാ… എനിക്ക് വിശ്വസിക്കാനാകുന്നില്ല… പക്ഷെ അവന്റെ കാല്?? ” “അത് വയ്പ്പ് കാലാണ്… മനസ്സ് നന്നായപ്പോൾ നല്ല രീതിയിൽ ചിന്ദിക്കാൻ തുടങ്ങിയപ്പോൾ അവന്റെ അസുഖം പകുതി മാറി.. പിന്നെ റോയിയെ ചികിൽസിച്ച ഡോക്ടറിന്റെ ട്രീറ്റ്മെന്റ് കൂടി ആയപ്പോൾ അവൻ വേഗം റിക്കവർ ആയി. ” എന്റെ മനസ്സ് തണുത്തു. ഇപ്പോൾ അവൻ പശ്ചാത്തപിക്കുന്നുണ്ട്.. അപ്പോൾ അവനും ഇവിടെ സമാധാനത്തോടെ ജീവിക്കാൻ അവകാശം ഉണ്ട്. അവൻ എന്റെ അരികിൽ എത്തി.. എന്നെ നോക്കി പുഞ്ചിരിച്ചു. “ക്ഷമ പറയുന്നില്ല. അതിനുള്ള അർഹത ഇല്ല. അത്രയധികം ദ്രോഹിച്ചിട്ടുണ്ട്. എന്നിട്ടും എനിക്ക് ഒരാപത്തു ഉണ്ടായപ്പോൾ സഹായിക്കാൻ ഉണ്ടായത് നിങ്ങളാണ്. കുറച്ചു വൈകി ആണെങ്കിലും ഈശ്വരൻ എന്റെ കണ്ണ് തുറപ്പിച്ചു… ഹൃദയത്തിൽ നിറഞ്ഞു നിന്നിരുന്ന അന്ധകാരം പാടേ മാറി.

ഇപ്പോൾ അവിടം പ്രകാശപൂരിതമാണ്… പണം ആണ് എന്നെ അന്ധൻ ആക്കിയത്. അത് ഇല്ലാതായപ്പോൾ തന്നെ സമാധാനം എന്നെ തേടി വന്നു. ഇപ്പോഴാണ് ഞാൻ സന്തോഷവും സമാധാനവും എന്താണെന്ന് അറിയുന്നത്. എനിക്ക് നഷ്ടമായതെല്ലാം എനിക്ക് ഇവിടെ നിന്നും തിരികെ കിട്ടി. ഒന്നല്ല.. ഒരുപാട് അമ്മമാരെ കിട്ടി.. അച്ഛന്റെ സ്നേഹം കിട്ടി… സഹോദരനെയും സഹോദരിയെയും കിട്ടി… ഞാൻ ഹാപ്പി ആണ് നിമിഷ…ജീവിതത്തിൽ ഇതേ വരെ അനുഭവിക്കാത്ത സന്തോഷമാണ് എനിക്കിപ്പോൾ ലഭിക്കുന്നത്. എല്ലാത്തിനും കാരണം നിങ്ങൾ ആണ്… നന്ദി ഉണ്ട്… പറഞ്ഞാൽ തീരാത്ത അത്രയും…. ” അവൻ നിറ കണ്ണുകളോടെ തിരിഞ്ഞു നടന്നപ്പോൾ എന്റെ ഉള്ളിലും എവിടെയോ നീറ്റൽ അനുഭവപ്പെട്ടു.

💥💥💥💥💥💥💥 ഇന്ന് അപ്പുവിന്റെ വിവാഹമാണ്… അതിഥികൾ വന്നു കൊണ്ടിരിക്കുന്നു… അച്ഛനും മഹിയെട്ടനും കേശുവും  മഹിയേട്ടന്റെ അച്ഛനും ഒക്കെ ഓരോ ആവശ്യങ്ങൾക്കായി ഓടി നടക്കുന്നു… കിരൺ സാറും അങ്കിളും  ടീച്ചറമ്മയും ആനന്ദും ഫാദറും ജയറാം ഡോക്ടറും വൈഫും ഒക്കെ നേരത്തെ തന്നെ എത്തി…. മഹിയേട്ടനെ വിളിക്കാൻ ഓഡിറ്റോറിയതിനു മുന്നിലേയ്ക്ക് പോയപ്പോഴാണ് ഒരു കാർ വന്നു നിന്നത്.. അതിൽ നിന്നും റോയി സാർ ഇറങ്ങി… കോ ഡ്രൈവിംഗ് സീറ്റിൽ നിന്നും ശ്രേയയേ കൈ പിടിച്ചു ഇറക്കി. അവളെയും താങ്ങി നടത്തി ഞങ്ങളുടെ അരികിലേക്ക് വന്നു…. അവരുടെ വിവാഹം കഴിഞ്ഞിട്ട് രണ്ട് വർഷം കഴിയുന്നു. ശ്രേയ 8 മാസം ഗർഭിണിയാണ്…. സന്തുഷ്ട കുടുംബം…

വിവാഹം മംഗളമായിത്തന്നെ നടന്നു.. അപ്പു അഞ്ജനയുടെ കഴുത്തിൽ താലി കെട്ടുന്നത് കണ്ട് എന്റെ കണ്ണുകൾ നിറഞ്ഞു… ഒപ്പം അച്ഛന്റെയും…. ഞാൻ കാണാൻ ഏറെ ആഗ്രഹിച്ച കാഴ്ച!!! പിന്നെ ഫോട്ടോ സെഷൻ ആയിരുന്നു…. സദ്യയൊക്കെ കഴിഞ്ഞ് എല്ലാരും ഒന്നിച്ചു നിന്നു ഒരു ഫോട്ടോ എടുക്കാമെന്ന് കരുതി…. എല്ലാപേരും ഒരു ഫ്രെയിമിൽ വരുന്ന ഫോട്ടോ മഹിയെട്ടന്റെ ആഗ്രഹം ആയിരുന്നു . മഹിയെട്ടന്റെ അരികിലായി നിൽക്കുമ്പോൾ കഴിഞ്ഞ് പോയ ദിനങ്ങൾ എന്റെ മനസ്സിൽ തെളിഞ്ഞു വന്നു . അനാഥത്വത്തിന്റെ തീച്ചൂളയിൽ വെന്തുരുകിയിരുന്ന നാളുകൾ ….. ജീവൻ പോലും നഷ്ടമാകും എന്ന് തോന്നിയിരുന്ന…… ഓർമ്മകൾ പോലും ഭയപ്പെടുത്തുന്ന ദിനങ്ങൾ ……

അനാഥത്വത്തിന്റെ കൂരമ്പുകളിൽ നിന്നും സ്നേഹത്തിന്റെ റോസാ പുഷ്പങ്ങൾ നൽകി സനാഥത്വത്തിന്റെ പൂന്തോട്ടത്തിലേയ്ക്ക് എന്നെ കൈ പിടിച്ചു നടത്തിയത് ഫാദറും ടീച്ചറമ്മയും മഹിയെട്ടനും അദ്ദേഹത്തിന്റെ മാതാപിതാക്കളും ഒക്കെ ചേർന്നാണ് . ഇന്ന് സ്നേഹത്തിന്റെ ഒരായിരം പനിനീർ പൂക്കളാണ് എനിക്ക് ചുറ്റും വിടർന്നു നിൽക്കുന്നത് …… മധുരമുള്ള തേൻ കിനിയുന്ന ആയിരം പനിനീർ പുഷ്പങ്ങൾ …… ആ പൂന്തോട്ടത്തിലെ ഒരു പുല്കൊടിയായെങ്കിലും ഇനിയുള്ള കാലം ജീവിക്കാനാകണമേ എന്ന പ്രാർത്ഥനയോടെ മഹിയെട്ടനോടൊപ്പം ചേർന്ന് നിന്ന് പുഞ്ചിരിയോടെ ഞാൻ ഫോട്ടോയ്ക്ക് പോസ് ചെയ്തു .

(അവസാനിച്ചു)- ഇത് വരെ നിങ്ങൾ തന്ന സപ്പോർട്ടിന് ഒത്തിരി ഒത്തിരി നന്ദി. ഒരുപാട് സ്നേഹം…. അഭിപ്രായങ്ങൾ പറയണം ട്ടോ…. സ്റ്റിക്കർ cmnts ഉം സൂപ്പർ ഉം ഒഴിവാക്കി വലിയ കമന്റ്സ് ആയി തന്നെ അഭിപ്രായം പറയണേ ….. അടുത്ത കഥ ദേവയാനിയുമായി വരാം..

അനാഥ : ഭാഗം 28

-

-

-

-

-