Tuesday, December 17, 2024
Novel

അനാഥ : ഭാഗം 25

എഴുത്തുകാരി: നീലിമ

ഞാൻ ഓടിപ്പോയി അവളെ വാരിയെടുത്തു ഉമ്മ വച്ചു. അവൾ വീണ്ടും എന്നെ നോക്കി ചിരിച്ചു കൊണ്ട് എന്റെ നെഞ്ചിൽ തല ചായ്ച്ചു കിടന്നു. ആ ഒരു നിമിഷം കൊണ്ട് അവളെയും കൊണ്ട് അവിടെ നിന്നും രക്ഷപ്പെടാൻ ഞാൻ തീരുമാനിച്ചു. കുഞ്ഞുങ്ങളില്ലാത്തതിന്റെ പേരിൽ എന്റെ ഭാര്യയെ എനിക്ക് നഷ്ടമാകുമോ എന്നു ഞാൻ ഭയന്നിരുന്നു… വീണ്ടും ഒറ്റപ്പെട്ടു പോകുമോയെന്നുള്ള ഭയമാണ് എന്നെ അങ്ങനെ ചെയ്യാൻ പ്രേരിപ്പിച്ചത്…. ചെയ്യുന്നത് തെറ്റാണെന്നൊന്നും അപ്പോൾ തോന്നിയില്ല…

സാറിന്റെ തലയ്ക്കടിച്ചു അവിടെ നിന്നും രക്ഷപ്പെടുമ്പോഴും എന്തു ചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു. ആരോ ഹോസ്പിറ്റലിൽ ഉപേക്ഷിച്ച കുഞ്ഞിനെ ഒരു കൂട്ടുകാരൻ മുഖാന്തരം കിട്ടിയതാണെന്നു പറഞ്ഞു ഇവളെ വിശ്വസിപ്പിച്ചു. ഇവളെയും കുഞ്ഞിനേയും കൂട്ടി കാസർഗോഡേയ്ക്ക് വണ്ടി കയറി.. ശ്രേയ എന്നവൾക്ക് പേരിട്ടു.. ശ്രെയയെ ഒന്ന് സ്നേഹിച്ചു തുടങ്ങിയപ്പോഴാണ് ഇവൾ ഗർഭിണി ആണെന്നറിയുന്നത്. അതോടെ എനിക്ക് ഇവൾ ഒരധികപ്പറ്റായി… തിരികെ തന്നാൽ പിടിക്കപ്പെടുമെന്നു ഉറപ്പുള്ളത് കൊണ്ട് അതിന് മുതിർന്നില്ല.

പിന്നീട് എനിക്ക് ഇവളോട് വെറുപ്പായി… വേറൊരാളിന്റെ ചോര… ആ ചിന്ത എന്റെ വെറുപ്പ്‌ കൂട്ടി… സ്നേഹിച്ചില്ല.. എന്നാൽ ആകും വിധം ഇവളെ ദ്രോഹിച്ചിട്ടേ ഉള്ളൂ… അവസാനം ഇവളുടെ വിഷമം സഹിക്കാൻ കഴിയാതെ വന്നപ്പോൾ എന്റെ ഭാര്യയാണ് ഇവളെ ഫാദറിന്റെ അടുക്കൽ ഏൽപ്പിച്ചത്… പക്ഷെ എല്ലാം കാണുന്ന ഒരാൾ മുകളിൽ ഉണ്ടായിരുന്നു… ഇവളെ ദ്രോഹിച്ചതിനുള്ള ശിക്ഷ എനിക്ക് കിട്ടി…. കല്യാണം കഴിഞ്ഞ് സ്വത്തുക്കൾ എല്ലാം കിട്ടിയപ്പോൾ സ്വന്തം മോള് ഞങ്ങളെ ചവിട്ടി പുറത്താക്കി.

അപ്പൊ താങ്ങാൻ ഇവളെ ഉണ്ടായിരുന്നുള്ളു… പാവമാ ഇവള്.. സ്നേഹിക്കാൻ മാത്രം അറിയുന്ന കുട്ടി… ഇവളാണ്… ഇവളാണ് നിങ്ങളുടെ മകൾ.. ഈ നിൽക്കുന്ന ശ്രേയ…. അയാൾ കരഞ്ഞു കൊണ്ട് പറഞ്ഞു നിർത്തി… ഞാൻ ശ്രെയയെ നോക്കി… സ്തംഭിച്ചു നിൽക്കുവാണ് അവൾ … കേട്ടതൊന്നും വിശ്വസിക്കാനാകാതെ… ചുവരിനോട് ചേർന്ന്… കണ്ണുകൾ നിറഞ്ഞു ഒഴുകുന്നുണ്ട്… ഞാൻ അവളുടെ അടുത്തേയ്ക്ക് ചെന്നു.. അവളുടെ ചുമലിൽ കൈ വച്ചതേ ഉള്ളൂ അവൾ പൊട്ടിക്കരഞ്ഞു കൊണ്ട് എന്നെ കെട്ടിപ്പിടിച്ചു…. കരയല്ലേ മോളേ…

സന്തോഷിക്കുകയല്ലേ വേണ്ടത്??? ഇപ്പൊ നീ ആരുമില്ലാത്തവളല്ല… അച്ഛനും അമ്മയും ചേട്ടനും എല്ലാരും ഉണ്ട് നിനക്ക്… അറിയാം ചേച്ചി… ആ തിരിച്ചറിവാണ് ഇപ്പൊ എന്നെ വിഷമിപ്പിക്കുന്നത്…. ഇത് വരെ ചിറ്റപ്പനും കുഞ്ഞമ്മയും അല്ലാതെ സ്വന്തമെന്നു പറയാൻ ആരും ഇല്ലന്ന് കരുതിയിരുന്നതാണ്… ഇപ്പൊ പെട്ടെന്ന്… എല്ലാരും ഉണ്ടെന്ന് അറിഞ്ഞപ്പോൾ… എനിക്കറിയില്ല ചേച്ചി… ഇപ്പൊ എനിക്ക് തോന്നുന്ന വികാരം എന്താണെന്ന്??? കേട്ടതൊന്നും എനിക്ക് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല…. ഒന്നും പെട്ടെന്ന് ഉൾക്കൊള്ളാനാകുന്നില്ല….

എനിക്ക് മനസ്സിലാകും മോളേ…. പക്ഷെ, നീ കേട്ടതൊക്കെ സത്യമാണ്… നിന്റെ അവസ്ഥ ഇതാണെങ്കിൽ ഇത്ര നാളും നിന്നെ നഷ്ടമായ വേദന സഹിച്ച ഇവരുടെ അവസ്ഥയോ??? സ്നേഹിക്കുന്നവരെ നഷ്ടമാകുമ്പോഴുള്ള വേദന… അത് പറഞ്ഞറിയിക്കാനാകില്ല മോളേ… അത് അനുഭവിച്ചവളാണ് ഞാൻ…. നിന്റെ അച്ഛനാണത്… ഇത്രയും നാൾ കൂടി നഷ്ടമായിന്നു വിശ്വസിച്ച മകളേ കിട്ടിയതാണ്… നിന്നെ ഒന്ന് ചേർത്തു പിടിക്കാൻ അദ്ദേഹം മനസ്സിൽ കൊതിക്കുന്നുണ്ടാകും… ചെല്ല് മോളേ…. അങ്കിൾ ശ്രീയയുടെ അടുത്തേയ്ക്ക് വന്നു…

അവളുടെ മുഖം കൈകളിൽ എടുത്ത് നെറുകയിൽ ഒരു സ്നേഹ ചുംബനം നൽകി… അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞൊഴുകികൊണ്ടിരുന്നു…. ശ്രേയ അദ്ദേഹത്തിന്റെ നെഞ്ചോട്‌ ചേർന്ന് കരഞ്ഞു… മോളേ അച്ഛാ ന്ന് ഒന്ന് വിളിക്കെടീ… ശ്രേയ സങ്കടം കൊണ്ട് ഇടറിയ ശബ്ദത്തിൽ അച്ഛാ എന്ന് വിളിച്ചു അദ്ദേഹത്തിനെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു…. കണ്ടു നിന്ന ഞങ്ങൾ എല്ലാപേരും കരഞ്ഞു… കുറച്ചു കഴിഞ്ഞ് അവര് ശ്രേയയുമായി പോകാൻ ഒരുങ്ങി… ശ്രേയ അങ്കിളിന്റെ കൈ പിടിച്ചു നിർത്തി…

അച്ഛനോട് എനിക്ക് ഒരു അപേക്ഷയുണ്ട്… മോള് പറഞ്ഞോ… അതിന് അപേക്ഷയുടെ സ്വരം വേണ്ട… ഇവർ എന്നോട് കാണിച്ചതൊക്കെ ക്രൂരത തന്നെയാണ്.. പക്ഷെ, മകൾ ഉപേക്ഷിച്ച ഇവരെ കയ്യൊഴിയാൻ എനിക്ക് മനസ്സ് വരുന്നില്ല… മോളെന്താണ് ഉദ്ദേശിക്കുന്നത്? ഞങ്ങൾ ഇപ്പോൾ ഒരു വാടക വീട്ടിലാണ് താമസിക്കുന്നത്. ഈ അവസ്ഥയിൽ ചിറ്റപ്പന് ജോലിക്ക് പോകാനൊന്നും കഴിയില്ലല്ലോ? അല്ലെങ്കിലും പ്രായമായില്ലേ? എനിക്ക് ഇപ്പോൾ ഒരു ജോലിയുണ്ട്. കിട്ടുന്ന ശമ്പളത്തിന്റെ ഒരു പങ്ക് ഇവർക്ക് കൊടുക്കാൻ അച്ഛൻ എന്നെ അനുവദിക്കണം.

ഒപ്പം ഇവർക്ക് എന്തെങ്കിലും ആവശ്യം വന്നാൽ അവരെ സഹായിക്കാനും… മോളേ…. എങ്ങനെ കഴിയുന്നു നിനക്ക് ഇതൊക്കെ?? നിന്നെ ഇത്രയേറെ ദ്രോഹിച്ചിട്ടും?? എന്റെ റോൾ മോഡൽ നിമ്മീ ചേച്ചിയാണച്ഛാ…ചേച്ചി ദ്രോഹിക്കുന്നവരെപ്പോലും സ്നേഹിച്ചിട്ടേയുള്ളു… ഓർഫനേജിൽ ഞാൻ ചേച്ചിയെ കണ്ടല്ലേ വളർന്നത്… അവൾ ചിരിയോടെ പറഞ്ഞു. നിന്റെ ഇഷ്ടം അതാണെങ്കിൽ അങ്ങനെ ആകട്ടെ… അവര് പോകാൻ നേരം ചിറ്റപ്പൻ ശ്രെയയെ കെട്ടിപ്പിടിച്ചു കരഞ്ഞു. അവളോട് ചെയ്തതിനൊക്കെ ക്ഷമ ചോദിച്ചു… അവൾ അദ്ദേഹത്തിന്റെ സമാധാനിപ്പിച്ചിട്ടാണ് പോയത്.

കുറച്ചു ദിവസങ്ങൾക്കു ശേഷം ശ്രീയയും കിരൺ സാറും അങ്കിളും കൂടി വീട്ടിലേയ്ക്ക് വന്നു. പുരുഷന്മാർ എല്ലാം ഹാളിൽ സംസാരിച്ചിരുന്നപ്പോൾ ഞങ്ങൾ സ്ത്രീ ജനങ്ങൾ അടുക്കളയിലായി സംസാരം. ഇടയ്ക്ക് ഞാനും ശ്രേയയും മാത്രമായപ്പോൾ അവൾ എന്നോട് പറഞ്ഞു. ചേച്ചി… എനിക്ക് ചേച്ചിയോട് സംസാരിക്കാനുണ്ട്. മോള് പറഞ്ഞോ… അത്… ചേച്ചി… രണ്ട് ദിവസം മുൻപ് വീട്ടിൽ അച്ഛന്റെ സഹോദരി വന്നിരുന്നു. കുറേ നേരം എന്നോട് സംസാരിച്ചു. എന്നെ ഒത്തിരി ഇഷ്ടമായി. പോകുന്നതിനു മുൻപ് അപ്പച്ചിയുടെ മകന് എന്നെ കൊടുക്കുമോ എന്ന് അച്ഛനോട് ചോദിച്ചു..

അച്ഛനും കിരണേട്ടനും സമ്മതംഅറിയിച്ചു. പക്ഷെ… എനിക്ക്… മോൾക്ക് മറ്റാരെയെങ്കിലും ഇഷ്ടമാണോ? മ്മ്.. അതേ ചേച്ചി.. എനിക്ക് ഒരാളെ ഇഷ്ടമാണ്. ആരെ? പേര് രഞ്ജിത് എന്നാണ്. ആളിനെ ഞാൻ പരിചയപ്പെടുന്നത് മെന്റൽ ഹോസ്പിറ്റലിൽ വച്ചാണ്. അന്ന് ആള് അവിടുത്തെ patient ആയിരുന്നു. അത്ര ഹെൽത്തി ഒന്നും ആയിരുന്നില്ല. ഇന്ന്…. ഇന്ന് ആൾ ok ആണ്. എനിക്ക് അദ്ദേഹത്തെ ഒത്തിരി ഇഷ്ടമാണ്… പക്ഷെ.. അച്ഛനും കിരണേട്ടനും സമ്മതിക്കില്ല… എനിക്കറിയാം… മെന്റൽ patient എന്നൊക്കെ പറയുമ്പോൾ??

നമുക്ക് അത് വേണോ മോളേ? അദ്ദേഹത്തിന് ഒരു കുഴപ്പവും ഇല്ല ചേച്ചി… ചേച്ചിയും മഹിയെട്ടനും അദ്ദേഹത്തെ ഒന്ന് കാണു…അദ്ദേഹത്തോട് സംസാരിക്കു… ഞാൻ അദ്ദേഹത്തിനോട് ഒന്നും പറഞ്ഞിട്ടില്ല. ആളിന് ഇഷ്ടമാണെങ്കിൽ അച്ഛനോടും ഏട്ടനോടും സംസാരിച്ചാൽ മതിയല്ലോ? വരാം മോളേ… നാളെത്തന്നെ പോകാം… പിറ്റേന്ന് ഞങ്ങൾ ശ്രേയയോടൊപ്പം പോയി. ശ്രേയ പറഞ്ഞ രഞ്ജിത് ദൂരെ നിന്നും നടന്ന് വരുന്നത് കണ്ടു. ആളെ കണ്ടു ഞാൻ ഞെട്ടി… നിറഞ്ഞ ചിരിയുമായി നടന്ന് വരുന്ന റോയി സാർ!!! റോയി സാർ !!!! എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല.

മഹിയെട്ടന്റെ അവസ്ഥയും വ്യത്യസ്തമായിരുന്നില്ല. ആളും പെട്ടെന്ന് റോയി സാറിനെ കണ്ടു അദ്‌ഭുതത്തിൽ നോക്കി നിൽക്കുകയാണ്. എന്റെ ശ്രദ്ധ ആ കാലുകളിലേയ്ക്കായി. ആരോഗ്യവാനായിരിക്കുന്നു അദ്ദേഹം… കാലുകളുടെ തളർച്ചയൊക്കെ പൂർണമായും മാറിയിരിക്കുന്നു. പഴയ റോയി സാറിൽ നിന്നും ഒരുപാട് മാറിയിരിക്കുന്നു അദ്ദേഹം. എനിക്ക് തന്നെ സംശയമായി… റോയി സാറാണോ അതോ അദ്ദേഹത്തോട് രൂപ സാദൃശ്യം ഉള്ള മറ്റാരെങ്കിലുമോ? റോയി അല്ലേ നിമ്മീ ഇത്? മഹിയേട്ടൻ എന്റെ ചെവിയോരം ചോദിച്ചു.

അതേ എന്ന് ഞാൻ തലയാട്ടി… പക്ഷെ അപ്പോഴും അത് റോയി സാറാണെന്നു എനിക്ക് തന്നെ ഉറപ്പുണ്ടായിരുന്നില്ല. അത്രയ്ക്കുണ്ടായിരുന്നു മാറ്റം… അദ്ദേഹം ഞങ്ങളുടെ അരികിൽ എത്തി… അപ്പോഴും ആ മുഖത്ത് നിറഞ്ഞ ചിരി ഉണ്ടായിരുന്നു. ശ്രേയ എപ്പോ വന്നു? കുറച്ചു ദിവസമായി കാണാനേ ഇല്ലായിരുന്നല്ലോ? ഞാൻ കരുതി ഇയാള് പോയിട്ടുണ്ടാകുമെന്നു… എവിടെ പോയാലും ഞാൻ ഇങ്ങോട്ടേക്ക് തന്നെ വരും. എനിക്ക് അച്ഛനെയും അമ്മയെയും ഏട്ടനേയും ഒക്കെ തിരികെ കിട്ടി…

ആ സന്തോഷ വാർത്ത പറയാനാ ഇപ്പൊ കാണാൻ വന്നത്. വിളിച്ചു പറയാം എന്ന് കരുതി… പിന്നെ ആലോചിച്ചു നേരിട്ട് പറയാമെന്നു. ആഹാ… സന്തോഷ വർത്തയാണല്ലോ? ആ സന്തോഷം തന്റെ മുഖത്ത് കാണാനുണ്ട്. അപ്പോഴാണ് ആള് ഞങ്ങളെ ശ്രദ്ധിച്ചത് എന്ന് തോന്നുന്നു. ഇതാരാ ശ്രേയ? ആള് എന്നെ നോക്കി അങ്ങനെ ചോദിച്ചപ്പോൾ ഞാൻ ആകെ വിഷമാവസ്ഥയിൽ ആയി… അപ്പൊ റോയി സാർ അല്ലേ ഇത്? ഇത്രയും സാമ്യം? ഒരു നൂറു ചോദ്യങ്ങൾ മനസ്സിൽ ഉയർന്നു.

തുടരും

അനാഥ : ഭാഗം 24