Thursday, December 19, 2024
Novel

അനാഥ : ഭാഗം 21

എഴുത്തുകാരി: നീലിമ

അവൾ പതിയെ എന്റെ ഷിർട്ടിലെ പിടി വിട്ടു…. കൈ രണ്ടും തലയിൽ താങ്ങി തറയിലേക്ക് ഊർന്നിരുന്നു… സമ്മതിക്കില്ല ഞാൻ… സമ്മതിക്കില്ല… ഞാൻ മരിച്ചാലും സമ്മതിക്കില്ല…. എന്റെ കുഞ്ഞ്… അവളെ എനിക്ക് വേണം… കൊല്ലാൻ സമ്മതിക്കില്ല ഞാൻ… ഒരു ഭ്രാന്തിയെപ്പോലെ അവൾ പുലമ്പിക്കൊണ്ടിരുന്നു…. ഞാൻ അവളെ പിടിച്ചെഴുന്നേല്പിച്ചു എന്റെ നെഞ്ചോട് ചേർത്തു… നിമ്മീ… മോളേ…. ഇങ്ങനെ കരയല്ലേടാ…. കഴിയില്ല മഹിയേട്ടാ… ആര് പറഞ്ഞാലും ഞാൻ ഇതിനു സമ്മതിക്കില്ല.

എന്റെ അവകാശമാണ്.. ഏതൊരു സ്ത്രീയുടെയും അവകാശമാണ് ഒരു കുഞ്ഞിന് ജന്മം നൽകുക എന്നുള്ളത്. അതിന് കഴിഞ്ഞില്ല എങ്കിൽ അവൾ ഒരു സ്ത്രീയല്ല…. ഒരമ്മയാവുക എന്നുള്ള എന്റെ അവകാശം നിഷേധിക്കല്ലേ മഹിയേട്ടാ… ഒരു കുഞ്ഞിനെ… അമ്മേ എന്നുള്ള അവളുടെ വിളി… അത് കേൾക്കാൻ.. അവളെ ഒന്ന് വാരിയെടുത്തു ഉമ്മ വയ്ക്കാൻ… ഏതൊരു സ്ത്രീയെയും പോലെ ഞാനും കൊതിക്കുന്നു മഹിയേട്ടാ…. അതിന് കഴിഞ്ഞില്ല എങ്കിൽ പിന്നെ ഈ നിമ്മി ഇല്ല… ഒരമ്മയാകാനാകാതെ ജീവിക്കുന്നതിനേക്കാൾ എത്രയോ സുഖകരമാണ് മഹിയേട്ടാ മരണം…

ഞാൻ ഇതുവരെ മഹിയെട്ടനോട് ഒന്നും ആവശ്യപ്പെട്ടിട്ടില്ല. ഇപ്പൊ അപേക്ഷിക്കുകയാണ്… എന്നെ നിർബന്ധിക്കല്ലേ മഹിയേട്ടാ…. കഴിയില്ല എനിക്കതിനു… ഒരിക്കലും കഴിയില്ല…. കൊതിച്ചു പോയി ഞാൻ.. അത്രയേറെ നമ്മുടെ മകളെ… അവളെ എന്ത് പറഞ്ഞു സമാധാനിപ്പിക്കണം എന്നറിയാതെ ഹൃദയം നുറുങ്ങുന്ന വേദനയോടെ അവളെ കൂടുതൽ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു നിൽക്കാനേ എനിക്ക് കഴിഞ്ഞുള്ളു…. നിമ്മീ… ഞാൻ പറയുന്നത് താൻ സമാധാനത്തോടെ കേൾക്കണം. എനിക്കറിയാം തന്റെ വിഷമം.

എനിക്കും അങ്ങനെ തന്നെയാണ്. പക്ഷെ, നിന്നെ വച്ചൊരു പരീക്ഷണത്തിന് എനിക്ക് കഴിയില്ല നിമ്മീ…. നിന്നെപ്പോലെ ഞാനും ആഗ്രഹിക്കുന്നുണ്ട് ഒരു കുഞ്ഞു നിമ്മിയെ…. പക്ഷെ, സാഹചര്യങ്ങളോട് നമ്മൾ പൊരുത്തപ്പെട്ടേ പറ്റു… സത്യം അംഗീകരിച്ചേ മതിയാകൂ… ഫസ്റ്റ് സ്റ്റേജ് ആണ് അതുകൊണ്ട് തന്നെ പൂർണമായും ഭേദമാക്കാൻ കഴിയുമെന്ന് അദ്ദേഹത്തിന് ഉറപ്പുണ്ട്. വഴി ഇതൊന്ന് മാത്രമാണ്… എനിക്ക് നിന്നെ വേണം… നീയില്ലാതെ എനിക്ക് കഴിയില്ല പെണ്ണേ… എനിക്കറിയാം മഹിയേട്ടാ… നിങ്ങളെന്നെ എത്രയധികം സ്‌നേഹിക്കുന്നുണ്ടെന്ന്.

നിങ്ങൾക്ക് വേണ്ടിയാണ് ഞാൻ ഇന്ന് ജീവിക്കുന്നത് തന്നെ… ഇന്ന് എന്നോടുള്ള സ്നേഹക്കൂടുതൽ കാരണമാണ് മഹിയേട്ടൻ ഇങ്ങനെയൊക്കെ പറയുന്നത്… നാളെ ഒരു ദിവസം നമുക്കായി ഒരു കുഞ്ഞു വേണമെന്ന മോഹം മഹിയെട്ടനിലും ശക്തമാകും… അന്ന്… അന്നെന്നെ വെറുത്തു പോകില്ലേ??? സഹിക്കാനാകില്ല എനിക്കത്…. നീ എന്നെ അങ്ങനെയാണോ മോളേ മനസ്സിലാക്കിയിരിക്കുന്നത്? ഞാൻ നിന്റെ കൈ പിടിച്ചത് ജീവിതം തുടങ്ങുന്നതിനു മുൻപ് നിന്നെ നഷ്ടമാക്കാനല്ല. ജീവിതാവസാനം വരെ ഒപ്പം കൂട്ടാനാണ്. നിന്റെ വിഷമങ്ങളെല്ലാം എന്റേത് കൂടിയാണ്.

അസുഖത്തിന്റെ സീരിയസ്നെസ്സ് നിനക്ക് മനസ്സിലായിട്ടില്ലേ നിമ്മീ??? ചികിത്സിക്കാതെ പറ്റില്ല. സർജറി ചെയ്‌താൽ എനിക്ക് നിന്നെയെങ്കിലും രക്ഷിക്കാം… ഇല്ലെങ്കിൽ എനിക്ക് നിന്നെക്കൂടി നഷ്ടമാകും നിമ്മീ… പിന്നെ കുഞ്ഞ്…. നമുക്ക് ഒരു കുഞ്ഞിനെ അഡോപ്റ്റ് ചെയ്യാം മോളേ… എന്നിട്ട് അവനെ അല്ലെങ്കിൽ അവളെ നമ്മുടെ സ്വന്തമായി വളർത്താം. നിനക്ക് ആ കുഞ്ഞിനെ സ്വന്തമായിക്കണ്ടു സ്നേഹിക്കാനാകും എന്നെനിക്ക് ഉറപ്പുണ്ട്. എനിക്കും അതിന് കഴിയും… നീ ഒപ്പമുണ്ടെങ്കിൽ…. നിന്നെ മാത്രം… നിന്നെ മാത്രം കൈവിട്ടു കളയാൻ എനിക്കാവില്ല നിമ്മീ… ഏത് പ്രതിസന്ധിയിലും നിന്നോടൊപ്പം ഞാൻ ഉണ്ടാകും… അത് പോരെ നിനക്ക്???

പക്ഷെ… മഹിയേട്ടാ… ഞാൻ…. എന്റെ വിഷമം കൂടി നീയൊന്ന് മനസിലാക്കു നിമ്മീ… സമ്മതിക്കില്ലേ നീ ??? എനിക്ക് വേണ്ടി…. പിന്നെ അവളൊന്നും പറഞ്ഞില്ല. സമ്മതമെന്നോണം പതിയെ തലയാട്ടി… ആ ഉള്ളു നീറുന്നത് എനിക്ക് കാണാമായിരുന്നു. നെഞ്ച് പിടയുമ്പോഴും എനിക്ക് വേണ്ടിയാണ് അവൾ ഇതിന് തയ്യാറാകുന്നത് എന്നും അറിയാമായിരുന്നു…. ⭐️⭐️⭐️⭐️⭐️⭐️⭐️ നിമ്മിയിലെ മാറ്റം എന്നെ ഒരുപാട് വിഷമിപ്പിച്ചു. അവളുടെ സന്തോഷം പൂർണമായും ഇല്ലാതെയായി. അവളൊന്നും ചിരിച്ചു കണ്ടിട്ട് ദിവസങ്ങളായി. മുഖത്തെ ഐശ്വര്യവും പ്രസരിപ്പും ഒക്കെ എങ്ങോട്ടാ പോയി മറഞ്ഞു.

കണ്ണൊക്കെ കുഴിഞ്ഞു കൺതടങ്ങളിലെ നിറമൊക്കെ മങ്ങിത്തുടങ്ങി. അവിടെ കറുപ്പു രാശി പടർന്നു. കഴിഞ്ഞു ഒരാഴ്ച കൊണ്ട് അവളുടെ രൂപം തന്നെ മാറിപ്പോയി… ആകെ ക്ഷീണിച്ച് മെലിഞ്ഞുണങ്ങി… നിമ്മി ആണോ എന്ന് തന്നെ സംശയം തോന്നുന്ന രൂപം. ഊണും ഉറക്കവും ഇല്ല. ഞാൻ ഒത്തിരി നിർബന്ധിക്കുമ്പോഴാണ് ഇത്തിരി എന്തെങ്കിലും കഴിക്കുന്നത്. അവളുടെ ശരീരത്തിനല്ല മനസ്സിനാണ് വേദന എന്നെനിക്കറിയാം… ആ വേദനയാണ് ഒരാഴ്ച കൊണ്ട് അവളുടെ രൂപം തന്നെ മാറ്റിയതെന്നും… എന്നും പുലർച്ചെ കുളിച്ചു പൂജാമുറിയിൽ വിളക്ക് കൊളുത്തിയിരുന്ന നിമ്മിയെ പിന്നെ ഞാൻ കണ്ടില്ല…

ദൈവങ്ങളോട് പോലും അവള് പിണക്കം ഭാവിച്ചു…. ആരായാലും മാറിപ്പോകും… ജീവിതത്തിന്റെ കറുത്ത ഏടുകൾ മാത്രം തുറക്കപ്പെടുമ്പോൾ… ഇതിനകം തന്നെ അത്രയ്ക്കും അനുഭവിച്ചു കഴിഞ്ഞിരുന്നു എന്റെ പെണ്ണ്…. ⭐️⭐️⭐️⭐️⭐️⭐️⭐️⭐️ എന്റെ അരികിലായി എന്നോട് ചേർന്നിരിക്കുകയാണ് നിമ്മീ. അവളുടെ മുടിയിഴകളിൽ തഴുകിക്കൊണ്ടിരിക്കുമ്പോൾ ആ ഹൃദയ വേദനനയും ഞാൻ അറിയുന്നുണ്ട്….. പതിഞ്ഞ ശബ്ദത്തിൽ അവൾ എന്നോട് ചോദിച്ചു.. മഹിയേട്ടാ… ഞാൻ ഒരു കാര്യം ചോദിക്കട്ടെ?? ചോദിക്കേടോ.. ഈ മുഖവുരയുടെ ആവശ്യമില്ല എന്ന് ഞാൻ പലപ്പോഴും പറഞ്ഞിട്ടില്ലേ?

നമുക്ക് ജയറാം ഡോക്ടറിനോട് ഒന്ന് സംസാരിച്ചാലോ? അദ്ദേഹത്തിന് പരിചയത്തിൽ ആരെങ്കിലും ഉണ്ടെങ്കിലോ? സർജ്ജറി ഒഴിവാക്കാനായാലോ?? നമ്മുടെ പൊന്നിനെ നമുക്ക് രക്ഷിക്കാൻ കഴിഞ്ഞാലോ? ട്രിവാൻട്രത്തെ ഏറ്റവും ഫേമസ് onchologist ആണ് ഇദ്ദേഹം.. ഡേവിഡ് സാറിനേക്കാൾ ബെറ്റർ option ജയറാമിന്റെ പക്കൽ ഉണ്ടാകുമെന്ന് തോന്നുന്നില്ല. എന്നാലും ഞാൻ വിളിച്ചു നോക്കാം…. ഇങ്ങനെ ഒരു സാധ്യതയെപ്പറ്റി ഞാൻ എന്താണ് ആലോചിക്കാത്തത്? എന്തായാലും വിളിച്ചു നോക്കാം.ചിലപ്പോൾ എന്തെങ്കിലും പ്രയോജനം ഉണ്ടായാലോ? ഞാൻ റാമിനെ വിളിച്ചു. ഫസ്റ്റ് റിങ്ങിൽ തന്നെ അവൻ കാൾ എടുത്തു.

നിന്നെ വിളിക്കാനായിട്ടാ ഞാൻ ഫോൺ എടുത്തത്. കുറച്ചു നാളായല്ലോ നിന്റെ കാൾ കണ്ടിട്ട്? എന്ത് പറ്റി? നമ്മളെയൊക്കെ മറന്നോ? ഞാൻ കാര്യങ്ങളൊക്കെ അവനോട് ചുരുക്കി പറഞ്ഞു. ടാ… ഇതിപ്പോ… ഡേവിഡ് സാറിനെ എനിക്കറിയാം… മിടുക്കനാണ്.. അദ്ദേഹം ഇങ്ങനെ പറഞ്ഞ സ്ഥിതിയ്ക്ക് മറ്റൊരു ഓപ്ഷൻ ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല… നീ ഒരു കാര്യം ചെയ്യൂ.. ഇത് വരെയുള്ള റിപോർട്സ് ഒക്കെ എനിക്ക് വാട്സ്ആപ്പ് ചെയ്യുകയോ മെയിൽ ചെയ്യുകയോ ചെയ്യൂ… ഞാനൊന്ന് നോക്കട്ടെ… എനിക്ക് പ്രതീക്ഷയൊന്നും തോന്നിയില്ല. എങ്കിലും നിമ്മിയ്ക്ക് ആശ്വാസമാകട്ടെ എന്ന് കരുതി ഞാൻ അവളോട് പറഞ്ഞു…

അവൻ റിപ്പോർട്ട്‌ ഒക്കെ അയച്ചു കൊടുക്കാൻ പറഞ്ഞിട്ടുണ്ട്. എന്തെങ്കിലും സാധ്യത ഉണ്ടെങ്കിൽ അവൻ വിളിക്കും. മ്മ്… ഉണ്ടാകുമെന്ന് തോന്നുന്നില്ല മഹിയേട്ടാ…….എന്റെ ജീവിതത്തിൽ നല്ലതൊന്നും ഉണ്ടാകില്ലല്ലോ? ഏയ്‌.. അങ്ങനെയൊന്നും ചിന്തിക്കാതിരിക്കേടോ…. എല്ലാം ശെരിയാകും… ഞാൻ അവളെ ആശ്വസിപ്പിക്കാനെന്നോണം പറഞ്ഞു. , ⭐️⭐️⭐️⭐️⭐️⭐️⭐️⭐️ പിറ്റേന്ന് നിമ്മിയ്ക്ക് കുറച്ചു വിരുന്നുകാർ ഉണ്ടായിരുന്നു… അവളുടെ ടീച്ചറമ്മയും ആനന്ദും പിന്നെ അവൾക്കു ഒത്തിരി സന്തോഷം ഉണ്ടാക്കുന്ന ഒരു സർപ്രൈസും…… അവൾ ഏറ്റവും അധികം സ്നേഹിക്കുന്നവരിൽ ഒരാൾ…

അവൾ കാണാൻ ആഗ്രഹിക്കുന്ന ഒരാൾ… അവളുടെ ഫാദർ ! ഫാദറിനെ കണ്ടു നിമ്മി ഓടിപ്പോയി കെട്ടിപ്പിടിച്ചു. കരയുകയായിരുന്നു അവൾ… സുഖമാണോ മോളേ? എത്ര നാളായി എന്റെ കുട്ടിയെ കണ്ടിട്ട്? സുഖമാണോ എന്നുള്ള ചോദ്യത്തിന് പറയേണ്ട മറുപടി എന്താണെന്നറിയാതെ അവൾ എന്നെ നോക്കി… ഫാദറിനോട്‌ മറുപടി പറയാനാകാതെ തല താഴ്ത്തി നിന്നു. ടീച്ചർ എന്റെ അടുത്തേയ്ക്ക് വന്നു… ഫാദറിനോട്‌ ഞാൻ ഒന്നും പറഞ്ഞില്ല മോനേ…. മോൻ തന്നെ സംസാരിക്കു… ഞാൻ എല്ലാ കാര്യങ്ങളും ഫാദറിറിനോട് സംസാരിച്ചു…. എല്ലാം കേട്ടു കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു…

അദ്ദേഹം കരഞ്ഞു കൊണ്ട് നിമ്മിയുടെ മുടിയിൽ തഴുകി… എന്റെ കുട്ടി എല്ലാരുടെയും നന്മ മാത്രമേ ആഗ്രഹിച്ചിട്ടുള്ളു.. എന്നിട്ടും കർത്താവ്‌ അവളെ പരീക്ഷിക്കുകയാണല്ലോ? സംസാരിച്ചിരുന്നപ്പോഴാണ് പുറത്ത് കാറിന്റെ ശബ്ദം കേട്ടത്?? ഈ സമയത്ത് ഇതാരാണ് എന്ന ചിന്തയോടെയാണ് ഞാൻ പുറത്തേയ്ക്ക് പോയത്. സിറ്റ് ഔട്ടിലേയ്ക്ക് കയറി വരുന്ന റാമിനെയാണ് കണ്ടത്. ആഹാ.. നീയോ?? എന്താടാ ഒരു മുന്നറിയിപ്പും ഇല്ലാതെ? എനിക്ക് ഇവിടെ വരാൻ എന്താ മുൻ‌കൂർ അനുവാദം വാങ്ങണോ? ഒന്ന്… പോടാ… നിനക്ക് ഒന്ന് വിളിക്കാരുന്നില്ലേ? നിന്നോട് നേരിട്ടൊന്നു സംസാരിക്കാൻ വന്നതാടാ…

അവൻ എന്റെ തോളിൽ കൈ ഇട്ടുകൊണ്ട് പറഞ്ഞു… എന്നാ വാ… ഞങ്ങൾ അകത്തേയ്ക്ക് കയറി.. ഫാദറിനു റാമിനെ പരിചയപ്പെടുത്തിക്കൊടുത്തു. തിരിച്ചും… ടീച്ചറും അമ്മയും നിമ്മിയും കൂടി അകത്തേയ്ക്ക് പോയി.. ഒപ്പം ആനന്ദും… ഞങ്ങൾ നിമ്മിയുടെ അസുഖത്തെക്കുറിച്ചു സംസാരിച്ചിരുന്നു… ടാ.. ഞാൻ വന്നത് നിന്നോട് ഒരു കാര്യം സംസാരിക്കാനാണ്. എന്റെ പരിചയത്തിൽ ഒരു onchologist ഉണ്ട്. one miss. ക്രിസ്റ്റീന…. ആള് ഇപ്പൊ അമേരിക്കയിലാണ്. അമേരിക്കയിലെ തന്നെ ഏറ്റവും ഫേമസ് onchologist… പ്രായം 30നോട്‌ അടുത്തേ ഉണ്ടാവുള്ളു… പക്ഷെ അപാര കഴിവാണ്..

ഈ പ്രായത്തിനിടയിൽ തന്നെ അവർ മരിക്കും എന്ന് ഉറപ്പുള്ള ഒരുപാട് രോഗികളെ ഭേദമാക്കിയിട്ടുണ്ട്. 5% പോലും റിക്കവറി ചാൻസ് ഇല്ലാത്തവരെ രക്ഷപെടുത്തിയിട്ടുണ്ടെന്നാണ് കേൾക്കുന്നത്….അവർ എല്ലാ വർഷവും ഒരു മാസം ഞാൻ വർക്ക്‌ ചെയ്യുന്ന ഹോസ്പിറ്റലിൽ ഉണ്ടാകാറുണ്ട്. അടുത്ത week വരേണ്ടതാണ്. ആളിനെ ഞാൻ കോൺടാക്ട് ചെയ്‌തിരുന്നു. പക്ഷെ ഇത്തവണ 6 മാസത്തിനു ശേഷമേ ആള് നാട്ടിലേയ്ക്ക് വരുള്ളൂ….അവർക്ക് ഉടനെ നാട്ടിലേയ്ക്ക് വരാനാവില്ല എന്ന്.. പക്ഷെ 6 മാസം… അതുവരെ??? ഞാൻ നിശബ്ദനായി എല്ലാം കേട്ടിരുന്നു. ഞാൻ ഡേവിഡ് സാറുമായി കോൺടാക്ട് ചെയ്തു.

തുടരും

അനാഥ : ഭാഗം 20