Sunday, December 22, 2024
Novel

അനാഥ : ഭാഗം 18

എഴുത്തുകാരി: നീലിമ

ഞാൻ റൂമിലേയ്ക്ക് ചെല്ലുമ്പോൾ മഹിയേട്ടൻ കുളിച്ചു ഡ്രസ്സ്‌ ഒക്കെ മാറി താഴേയ്ക്ക് വരാൻ തുടങ്ങുവായിരുന്നു… ആഹാ.. താൻ വന്നോ? അനിയനെ കിട്ടിയപ്പോ നമ്മളെയൊന്നും വേണ്ട അല്ലേ? തമാശയായിട്ടാണ് മഹിയേട്ടൻ ചോദിച്ചതെങ്കിലും അതെന്നെ വല്ലാതെ വേദനിപ്പിച്ചു… ശരിയാണ് അദ്ദേഹം പറഞ്ഞത്. അപ്പുവിനെക്കണ്ട സന്തോഷത്തിൽ മഹിയെട്ടനോട് ഒരു വാക്ക് പോലും ചോദിച്ചില്ല… എന്റെ കണ്ണുകൾ നിറഞ്ഞു വന്നു…. ദേ… കരയുന്നു…. കോളേജിലൊക്കെ പോയി തുടങ്ങിയപ്പോൾ കുറച്ചു ബോൾഡ് ആയിട്ടുണ്ടാകും എന്നാ ഞാൻ കരുതിയത്. എന്റെ പോന്നു നിമ്മിക്കുട്ടി ഞാൻ ഒരു തമാശ പറഞ്ഞതല്ലേ?

മഹിയേട്ടൻ അടുത്ത വന്നു എന്റെ കണ്ണുകൾ തുടച്ചു ചേർത്തു പിടിച്ചു… എങ്ങനെ ഉണ്ട് എന്റെ wedding ആനിവേഴ്സറി ഗിഫ്റ്റ്? താങ്ക്സ് മഹിയേട്ടാ…. താങ്ക്‌സോ?? എന്തിന്??? ഒരിക്കലും തിരികെ കിട്ടില്ലെന്ന്‌ കരുതിയ നിധി എനിക്കായി കൊണ്ട് വന്നതിന്… അതിന് എന്തിനാടോ താങ്ക്സ്??? താൻ എന്നോട് നന്ദി പറയുന്നോ? നമ്മൾ ഒന്നല്ലേ? അപ്പൊ തന്റെ അനുജൻ എന്റെ കൂടിയല്ലേ? ചിരിയോടെ പറഞ്ഞു കൊണ്ട് എന്നെ ഒന്ന് കൂടി ചേർത്ത് പിടിച്ചു . മഹിയേട്ടൻ ഒത്തിരി അന്വേഷിച്ചോ അവനെ? അവൻ എറണാകുളത്തു ഉണ്ടെന്ന് മഹിയേട്ടൻ എങ്ങനെ അറിഞ്ഞു? ഒട്ടൊരു അദ്‌ഭുതത്തിൽ ആണ് ഞാൻ അത് ചോദിച്ചത് .

ഇത്തവണ അപ്പൂനെ ദൈവം എന്റെ കണ്മുന്നിൽ കൊണ്ട് നിർത്തിതന്നതല്ലേ?? … ഇതാ നിന്റെ പ്രിയതയുടെ എല്ലാമെല്ലാമായ പൊന്നനിയൻ എന്ന് പറഞ്ഞ്…. ഫങ്ക്ഷന്റെ ബ്രോഷർ കിട്ടിയപ്പോ അതിലുണ്ടായിരുന്നു അപ്പുന്റെ ഫോട്ടോ. മൂന്ന് ഗസ്റ്റ്കളിൽ ഒരാൾ നമ്മുടെ അപ്പു ആയിരുന്നു. ASP നിർമൽ കൃഷണ… പേരും ഫോട്ടോയും കണ്ടപ്പോഴേ എനിക്ക് ആളിനെ മനസിലായി. പിന്നെ റെജി, അപ്പു അവന്റെ കസ്റ്റഡിയിൽ ആണെന്ന് പറഞ്ഞപ്പോ ഒരു സംശയം തോന്നിയിരുന്നു. കിരൺ മുഖാന്തരം അപ്പൂന് ആപത്തൊന്നും ഇല്ലന്ന് കൺഫോം ചെയ്തു. എന്നിട്ടാണ് റെജിയെ തേടി പോയത്. ഞാൻ കണ്ണ് മിഴിച്ചു അത്ഭുതത്തിൽ മഹിയേട്ടനെ നോക്കി നിൽക്കുകയാണ്.

മഹിയേട്ടൻ ഒന്ന് ചിരിച്ചു… എന്റെ കയ്യിൽ പിടിച്ചു ബെഡിൽ ഇരുത്തി… അതേ… എന്റെ പ്രിയതമേ… താൻ വരച്ച ആ ചിത്രം ഉണ്ടല്ലോ? ഞാൻ അത് കണ്ടത് കൊണ്ടാണ് അപ്പു ഇന്ന് ഇവിടെ ഉള്ളത്… താൻ വരച്ച ചിത്രമാണ് അപ്പൂനെ തിരിച്ചറിയാൻ എന്നെ സഹായിച്ചത് .. അല്ലാതെ അപ്പൂനെ ഞാൻ കണ്ടിട്ടില്ലാരുന്നല്ലോ? ഞാൻ കണ്ണ് മിഴിച്ചു എല്ലാം കേട്ടിരിക്കുകയാണ്… അപ്പൂനെ മുന്നിൽ കണ്ടപ്പോൾ എനിക്കുണ്ടായ സന്തോഷം…. പറഞ്ഞറിയിക്കാൻ വയ്യ ! തന്റെ സന്തോഷത്തെക്കുറിച്ചാണ് ഞാൻ ചിന്തിച്ചത്. സന്തോഷം കൊണ്ട് തുള്ളിച്ചാടുന്ന തന്നെയാണ് എനിക്ക് ഓർമ വന്നത്… പക്ഷെ ആ IG, അയാൾ അപ്പൂനെ ഇടം വലം തിരിയാൻ സമ്മതിച്ചില്ല… ഒന്ന് സംസാരിക്കാൻ പോലും അവസരം ലഭിച്ചില്ല.

അയാൾക്ക് എന്തോ അത്യാവശ്യം ഉണ്ടെന്ന് പറഞ്ഞ് അപ്പുനെക്കൂടി വലിച്ചോണ്ട് പോകുന്നത് കണ്ടു. ശരിക്കൊന്നു കാണാൻ പോലും സാധിച്ചില്ല… പിന്നെ ഫങ്ക്ഷൻ അവസാനിച്ച ശേഷം അവനെ കണ്ടെത്താനും സംസാരിക്കാനുമുള്ള ഓട്ടമായിരുന്നു. അതാണ്‌ അന്ന് തന്നെ വിളിക്കാൻ കൂടി ലേറ്റ് ആയത്. ഒടുവിൽ അപ്പുന്റെ പേർസണൽ നമ്പർ കിരൺ മുഖാന്തരം സംഘടിപ്പിച്ചു. അവനെ വിളിച്ചു സംസാരിച്ചു. ഞാൻ തന്റെ ഹസ്ബൻഡ് ആണെന്ന് പറഞ്ഞപ്പോൾത്തന്നെ അവൻ എല്ലാ തിരക്കുകളും മാറ്റി വച്ചു എന്നോടൊപ്പം വന്നു.. ഞങ്ങൾ സംസാരിച്ചു… എല്ലാം ഞാൻ അവനോട് പറഞ്ഞു. എത്രയും പെട്ടെന്ന് തന്നെ കണ്ടാൽ മതി എന്നുള്ള അവസ്ഥയിലായിരുന്നു അവൻ. ഇന്നലെത്തന്നെ ഇങ്ങോട്ടേക്ക് വരണമെന്ന് പറഞ്ഞതാ എന്നോട്..

ഞാനാണ് പറഞ്ഞത് ഇന്ന് പോകാമെന്നു. ഇവിടെ തന്നോടൊപ്പം രണ്ട് ദിവസം കൂടാമെന്നും. എന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു… താൻ കരയുവാണോ? ഇപ്പൊ സന്തോഷിക്കുകയല്ലേ വേണ്ടത്? സന്തോഷം വന്നാലും സങ്കടം വന്നാലും കരയുന്ന ആളിനെ ഞാൻ ആദ്യം കാണുകയാ… അപ്പൂനെ തന്റെ മുന്നിൽ നിർത്തുമ്പോൾ കെട്ടിപ്പിടിച്ചോരുമ്മയാണ് ഞാൻ പ്രതീക്ഷിച്ചത്… ഇതിപ്പോ???? അദ്ദേഹം വിഷമം അഭിനയിച്ചു താടിക്ക് കയ്യും കൊടുത്തു തറയിൽ നോക്കിയിരുന്നു… കണ്ടിട്ട് എനിക്ക് ചിരി വന്നു. അതിനേക്കാൾ മഹിയേട്ടനെ സന്തോഷിപ്പിക്കുന്ന ഒരു സമ്മാനം ഞാൻ തന്നാലോ?? കുസൃതിയോടെ ഞാൻ ചോദിച്ചപ്പോൾ ആള് എന്നെ നോക്കി .

ആഹ്… അത് ഞാൻ ഇപ്പോഴാണല്ലോ ഓർത്തത്. എവിടെയാ താൻ എനിക്കായി കരുതി വച്ചിരിക്കുന്ന സർപ്രൈസ് സമ്മാനം?? മഹിയേട്ടൻ കണ്ണടയ്ക്ക്… ശെരി അടച്ചു… അദ്ദേഹം രണ്ട് കണ്ണുകളും ഇറുക്കി അടച്ചു… ഞാൻ ഹോസ്പിറ്റലിൽ നിന്നും കിട്ടിയ പ്രെഗ്നൻസി ടെസ്റ്റ്‌ റിപ്പോർട്ട്‌ file ഓട് കൂടി അദ്ദേഹത്തിന്റെ കയ്യിൽ വച്ചു കൊടുത്തു. കണ്ണുതുറന്നു നോക്കിയപ്പോൾ കയ്യിലുള്ളത് ഒരു ഹോസ്പിറ്റൽ file ആണെന്ന് കണ്ടു അദ്ദേഹം ഒന്ന് ഞെട്ടി. മുഖത്ത് ചിരി മാഞ്ഞു ഭയം നിറഞ്ഞു…. എന്താടോ ഇത്??? മഹിയേട്ടൻ പേടിയോടെ ചോദിച്ചു… എന്റെ മാഷേ എന്തിനാ ഇങ്ങനെ പേടിക്കുന്നെ? അത് തുറന്ന് നോക്കു… മഹിയേട്ടനുള്ള എന്റെ wedding anniversary ഗിഫ്റ്റ് ആണ്… ഞാൻ ചിരിയോടെ പറഞ്ഞു… ആള് file open ചെയ്തു.

കൈ ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു… റിപ്പോർട്ട്‌ വായിക്കാൻ തുടങ്ങിയപ്പോൾ തന്നെ മുഖത്തെ ഭയം മാറി അവിടെ ഒരു പുഞ്ചിരി വിരിഞ്ഞു… ആ കണ്ണുകയിലെ തിളക്കം ഞാൻ കണ്ടു…… ഇത്… ഇത് സത്യമാണോ??? ആ മിഴികൾ ഈറനണിഞ്ഞിരുന്നു…. മ്മ്… സത്യാണ് മഹിയേട്ടാ…. ഇതൊക്കെ ആരെങ്കിലും നുണ പറയുമോ? എന്റെ കണ്ണുകളും നിറഞ്ഞു വന്നു…. എന്നെ ചേർത്തു പിടിച്ചു… നെറുകയിൽ ഒരു സ്നേഹ ചുംബനം നൽകി . കണ്ണുകൾ അടച്ചു ഞാൻ അത് സ്വീകരിച്ചു… രണ്ട് തുള്ളി കണ്ണുനീർ കൺ കോണിലൂടെ പുറത്തേക്കൊഴുകി…. ഒരു സ്ത്രീയെ സംബന്ധിച്ച് ജീവിതത്തിലെ ധന്യമായ നിമിഷങ്ങളിൽ ഒന്നാണിത്…

തങ്ങളുടെ ജീവിതത്തിലേയ്ക്ക് പുതിയ ഒരതിഥി കൂടി വരാൻ പോകുന്നു എന്ന് ഭാര്യ ഭർത്താവിനെ അറിയിക്കുന്ന ആ സുന്ദര നിമിഷം… അദ്ദേഹം തരുന്ന ഈ സ്നേഹം ചുംബനം… അത് തരുന്ന നിർവൃതി… ആ സന്തോഷം….. അത് അനുഭവിക്കുകയാണ് ഞാനിപ്പോൾ…. ഇങ്ങനെ ഒരു നിമിഷം എന്റെ ജീവിതത്തിൽ ഒരിക്കലും ഉണ്ടാകില്ല എന്ന് കരുതിയതാണ്…. നഷ്ടമായി എന്ന് കരുതിയത് ഓരോന്നായി ദൈവം എനിക്ക് തിരികെ നൽകുകയാണ്…. ഇനി സന്തോഷത്തിന്റെ മാത്രം ദിനങ്ങളാണ് വരാൻ പോകുന്നതെന്ന് മനസ്സ് പറയുന്നു…. ഞാൻ മഹിയേട്ടനെ തന്നെ നോക്കിയിരുന്നു…

ആ കണ്ണുകളിലേയ്ക്ക്… ആ സന്തോഷം ഞാൻ നോക്കിക്കാണുകയായിരുന്നു…. എന്നിട്ടും ഞാൻ വിളിച്ചപ്പോഴൊന്നും താൻ പറഞ്ഞില്ലല്ലോ? പരിഭവത്തോടെ എന്നെ നോക്കി പറയുന്നത് കേട്ടപ്പോൾ ചിരിയാണ് വന്നത് . അപ്പൊ പറഞ്ഞിരുന്നെങ്കിൽ എനിക്ക് ഇപ്പൊ ഈ സന്തോഷം നേരിൽ കാണാൻ കഴിയുമായിരുന്നോ? ആദ്യമായി അറിയുമ്പോഴുള്ള ഈ ചിരി… സന്തോഷം… അത് നേരിൽ കാണാനല്ലേ ഞാൻ ഒന്നും പറയാതിരുന്നത്… സത്യത്തിൽ തന്നെ ഇപ്പൊ സിനിമയിലൊക്കെ കാണുന്ന പോലെ പൊക്കിയെടുത്തു വട്ടം കറക്കാനാ തോന്നുന്നത്… പക്ഷെ വേണ്ട…. അത് എന്റെ കുഞ്ഞാറ്റയ്ക്ക് ഇഷ്ടമായില്ലെങ്കിലോ?? അല്ലേടാ… ചക്കരേ… മഹിയേട്ടൻ അല്പം കുനിഞ്ഞു കുഞ്ഞിനോടെന്ന പോലെ പറഞ്ഞു… കുഞ്ഞാറ്റയോ??

അപ്പൊ മോളാണെന്നു ഉറപ്പിച്ചോ??? അത് ഞാൻ പണ്ടേ ഉറപ്പിച്ചതല്ലേ??? ഒരു കള്ള ചിരിയോടെ മഹിയെട്ടനത് പറഞ്ഞപ്പോൾ ഞാൻ ദേഷ്യം കാണിച്ചു മുഖം വീർപ്പിച്ചു തിരിഞ്ഞിരുന്നു. എന്ത് പറ്റി എന്റെ നിമ്മിക്കുട്ടിക്ക്??? കുഞ്ഞാറ്റയല്ല… ഉണ്ണിക്കുട്ടനാ…. ആണോ? നിമ്മിക്കുട്ടിക്ക് കുഞ്ഞു വാവയായി ഉണ്ണിക്കുട്ടനെയാണോ വേണ്ടത്?? മ്മ്… എന്നാലേ… അത് നടക്കില്ല മോളേ…. ഇത് ഞങ്ങള് നേരത്തേ പറഞ്ഞു set ആക്കിയതാ… അല്ലേ അച്ഛെടെ കുഞ്ഞാറ്റക്കുട്ടി…. ആള് ഇപ്പോഴേ വാവയെ കൊഞ്ചിക്കുകയാണ്… എനിക്ക് ചിരി വന്നു. എന്തേ… നിമ്മിക്കുട്ടിക്ക് വിഷമമായോ??? മ്മ്ഹും… ഇല്ല… ഉണ്ണിക്കുട്ടനെ നമുക്ക് next time നോക്കാടോ…. അദ്ദേഹം കണ്ണിറുക്കി കാണിച്ചു കൊണ്ട് പറഞ്ഞു…. അയ്യടാ…. അതേ…. എനിക്ക് വിശക്കുന്നെടോ….

സന്തോഷ വാർത്ത കേട്ടപ്പോൾ വിശപ്പ്‌ കൂടീന്നാ തോന്നുന്നത്… എനിക്ക് കഴിക്കാൻ തന്നില്ലെങ്കിൽ ഞാൻ ഇപ്പൊ തന്നെ പിടിച്ചു തിന്നും… അല്ലെങ്കിലേ എനിക്കിപ്പോ പിടിച്ചു തിന്നാനൊക്കെ തോന്നുന്നുണ്ട്…. അയ്യോ വേണ്ട… എന്നാൽ വാ… ഈ സമയത്ത് വിശന്നിരിക്കാനൊന്നും പാടില്ല…. അതിന് ഒന്നും കഴിക്കാൻ വയ്യല്ലോ മഹിയേട്ടാ… എന്ത് കഴിച്ചാലും അത് പോലെ തിരികെ വെളിയിൽ വരും…. അതൊക്കെ സാധാരണയാ.. എന്ന് കരുതി കഴിക്കാതിരിക്കാൻ ഒക്കുമോ? വാ… പതിയെ നടന്നാൽ മതി… ആള് എന്റെ കൈ പിടിച്ചു കൊച്ചു കുട്ടികളെ നടത്തുന്നത് പോലെ നടത്താൻ തുടങ്ങി . എന്റെ പോന്നു മഹിയേട്ടാ… ഇനി മഹിയെട്ടനും കൂടി ഇങ്ങനെ തുടങ്ങരുത് കേട്ടോ.. അമ്മയാണെങ്കിൽ എന്നെ ഇടം വലം തിരിയാൻ സമ്മതിക്കുന്നില്ല… ഇനി മഹിയെട്ടനും കൂടി ഇങ്ങനെ പറയല്ലേ?

നിങ്ങളൊക്കെക്കൂടെ എന്നെ സ്നേഹിച്ചു കൊല്ലുമോ? എന്റെ ചോദ്യത്തിന് മറുപടി തരാതെ ആളെന്റെ കയ്യിൽ ഒന്ന് കൂടി മുറുകെ പിടിച്ചു . ഇനി സ്റ്റെപ് ഒന്നും കയറേണ്ട.. താഴത്തെ റൂമിലേയ്ക്ക് മാറാം.. അതാണ്‌ safe… ശരി മഹിയേട്ടാ… ഞങ്ങൾ താഴേയ്ക്ക് ചെല്ലുമ്പോൾ അച്ഛനും അപ്പുവും കാര്യമായി എന്തോ സംസാരിക്കുകയാണ്. എന്നെ കണ്ടു അപ്പു എഴുന്നേറ്റു എന്റെ അടുത്തേയ്ക്ക് വന്നു…. ഞാൻ വന്നത് നല്ല സമയത്താണ് അല്ലേ ഇച്ചേയി… എന്നെ മാമാന്ന് വിളിക്കാൻ ഒരു നിമ്മിക്കുട്ടി ഉടനെ വരുമെന്നറിഞ്ഞു… നിമ്മിക്കുട്ടിയോ? അപ്പൊ നിങ്ങളൊക്കെ ഒരു കൈയാണല്ലേ?? സംശയമെന്താ??? ചേട്ടായീ… ചിലവുണ്ട് കേട്ടോ? ഉറപ്പായും… ഇന്ന് ഉച്ചയ്ക്ക് ഊണൊക്കെ കഴിഞ്ഞ് എല്ലാർക്കും കൂടി പുറത്തൊക്കെ പോയി ഒന്നു കറങ്ങി… ഫുഡ്‌ ഒക്കെ കഴിഞ്ഞ് വരാമെന്നു കരുതിയതാ… ഇരട്ടി സന്തോഷം അല്ലേ ഇന്ന് കിട്ടിയത് ???

ഇനിയിപ്പോ വേണ്ട… നിമ്മീ ഇപ്പൊ ട്രാവൽ ചെയ്യാതിരിക്കുന്നതാണ് നല്ലത്. വോമിറ്റിംഗ് ഒക്കെ ഉള്ളതല്ലേ? നല്ല ക്ഷീണോം ഉണ്ട്. ശരിയാണ്… ഇച്ചേയി rest എടുക്കണം… ഇതൊക്കെ അറിഞ്ഞിരുന്നെങ്കിൽ ഞാൻ അച്ഛനെയും കേശൂനേം കൂടി ഒപ്പം കൂട്ടിയേനെ… ഇനിയിപ്പോ രണ്ട് ദിവസം കഴിഞ്ഞ് പോയി അവരെ കൂട്ടി വരാം.. അച്ഛനെക്കാൾ സന്തോഷം കേശുനായിരിക്കും… ഇക്കാര്യം കൂടി അറിയുമ്പോൾ അവൻ ഇങ്ങോട്ട് പറന്നെത്തും… ഞങ്ങൾ എല്ലാവരും ചിരിച്ചു…. ഇനി ഒരിക്കലും എന്റെ മഹിയെട്ടന്റെയും അപ്പുന്റെയും മുഖത്തെ ചിരി മായാതിരിക്കട്ടെ എന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിച്ചു… അതിനായി പ്രാർത്ഥിച്ചു. പുറത്തു പോകാൻ കഴിയില്ലെന്ന് കരുതി നിങ്ങളാരും വിഷമിക്കൊന്നും വേണ്ട.

നമുക്ക് ഇവിടെ ആഘോഷിക്കാം…. നമ്മൾ മാത്രം മതിയെന്നേ…. നല്ലൊരു കിടിലൻ സദ്യയൊക്കെയായി… അതോ ചിക്കൻ ബിരിയാണി വേണോ?? ഹാ… ആലോചിക്കാൻ സമയം ഉണ്ടല്ലോ? ഇപ്പോഴത്തെ വയറിന്റെ വിളി നമ്മൾ കേൾക്കാതെ പോകരുത്… വാ മക്കളെ… കഴിക്കാം…. (പാവം അച്ഛൻ ! വേറെ എന്തും സഹിക്കും.. പക്ഷെ വിശപ്പ്‌ മാത്രം ഏഹേ…. ) ഞങ്ങൾ എല്ലാരും കഴിക്കാനിരുന്നു. പിന്നീട് കഴിക്കാമെന്നു പറഞ്ഞ എന്നെയും കൂടി പിടിച്ചിരുത്തി. ഇഡലിയും സാമ്പാറും ചമ്മന്തിയും വടയും ചായയും…. എല്ലാരും കാര്യമായി തട്ടിവിടുകയാണ്. അച്ഛനാണെങ്കിൽ തല ഉയർത്തി നോക്കുന്നു കൂടിയില്ല. അപ്പു ‘നന്നായിട്ടുണ്ട്.. super ഫുഡ്‌… നല്ല ടേസ്റ്റ് എന്നൊക്കെ പറഞ്ഞാണ് കഴിക്കുന്നത്.

പാവം അമ്മ ഉണ്ടാക്കിയ ആഹാരം രുചിയറിഞ്ഞു കഴിക്കാനുള്ള ഭാഗ്യം ആ പാവത്തിന് കിട്ടിയിട്ടില്ലല്ലോ? എനിക്കാണെങ്കിൽ എല്ലാം കൂടി കണ്ടിട്ട് തന്നെ ഓക്കാനം വരുന്നുണ്ട്. എങ്കിലും കടിച്ചു പിടിച്ചു ഇരുന്നു.. ഇച്ചേയി എന്താ കഴിക്കാതിരിക്കുന്നെ? കഴിക്ക്… കഴിക്കേടോ…. വേണ്ട… എനിക്ക് വിശപ്പില്ല… അതൊന്നും പറഞ്ഞാൽ പറ്റില്ല. കഴിക്ക്… അമ്മ വന്നു എന്റെ പ്ലേറ്റിലെ ഇഡ്‌ലിയിൽ നിന്നും ഒരു പീസ് മുറിച്ചു ചട്നിയിൽ മുക്കി വായിൽ വച്ചു തന്നു… ആ സ്നേഹം എന്റെ കണ്ണുകൾ നിറച്ചു…. അറിയാതെ വായ് തുറന്നു . കഴിച്ചത് അകത്തേയ്ക്ക് എത്തുന്നതിനു മുൻപ് തന്നെ പുറത്തേയ്ക്ക് വന്നു.

ഞാൻ വാഷ് ബേസിനടുത്തേയ്ക്ക് ഓടി.. അമ്മ പുറം തടവി തന്നു… തിരികെ വന്നപ്പോൾ കണ്ടത് നിറകണ്ണുകളോടെ എന്നെ ദയനീയമായി നോക്കുന്ന മഹിയെട്ടനെയും അപ്പൂനേം അച്ഛനെയുമാണ്…. ഞാൻ അവരെ നോക്കി പുഞ്ചിരിച്ചു… അമ്മേ… നിമ്മിയെ ഡോക്ടറിനെ കാണിക്കണ്ടേ? ഗീത ഡോക്ടറിനെ കാണിച്ചല്ലോ മോനേ… അത് വേണ്ടമ്മേ… വേറെ ആരെയെങ്കിലും കാണിക്കാം… റാമിനോട് ചോദിക്കാം…അവൻ നല്ല ഡോക്ടറെ suggest ചെയ്യും. ഗീത നല്ല ഡോക്ടറാണ് മോനേ… രാധയുടെ മോളുടെ ഡെലിവറി അവിടെ ആയിരുന്നല്ലോ? സ്നേഹമുള്ള ഡോക്ർ ആണ്… നല്ല caring ആണ്… മാത്രല്ല അതാവുമ്പോ ഇവിടെ അടുത്തല്ലേ?

പെട്ടെന്ന് എന്തെങ്കിലും ആവശ്യം വന്നാലും മോൻ വരുന്നേനു മുൻപ് എനിക്ക് കൊണ്ട് പോകാമല്ലോ? അമ്മേ.. അത്… ഒന്നുമില്ല… അവിടെ പോകാം… ഞാനും അമ്മേടെ ഭാഗത്തു നിന്നപ്പോൾ മഹിയെട്ടന് സമ്മതിക്കേണ്ടി വന്നു. ⭐️⭐️⭐️⭐️⭐️⭐️⭐️ ഉച്ചയ്ക്ക് സദ്യയും കേക്ക് കട്ടിങ്ങും, ഈവനിംഗ് അമ്മേടെ സ്പെഷ്യൽ മസാല ദോശയും ഒക്കെ ഉണ്ടായിരുന്നു…..നല്ല സന്തോഷത്തിൽ അന്നത്തെ ദിവസം കടന്നു പോയി. മഹിയേട്ടൻ ഗീത ഡോക്ടറിനെ വിളിച്ചു അടുത്ത ദിവസത്തേയ്ക്ക് ഒരു അപ്പോയ്ന്റ്മെന്റ് എടുത്തിരുന്നു. ഡോക്ടറെ കാണാൻ എന്നോടൊപ്പം അമ്മയും അപ്പുവും വന്നു…

ഇത്ര വലുതായിട്ടും… ips കാരനായിട്ടും എന്നെ കണ്ടപ്പോൾ എന്റെ പുറകിൽ നിന്നും മാറാതെ ആ പഴയ അപ്പുസായി എന്റെ കുട്ടി… പാവം…. എന്നെക്കാളേറെ ജീവിതത്തിൽ വിഷമങ്ങൾ അനുഭവിച്ചത് അവനല്ലേ??? ⭐️⭐️⭐️⭐️⭐️⭐️ ഡോക്ടറെ കണ്ടു. ഹെൽത്ത്‌ ഒക്കെ ok ആണ്. പിന്നെ വൊമിറ്റിംഗ്, അത് സാധാരണയാണല്ലോ? അതിൽ പേടിക്കേണ്ട കാര്യമില്ല. food ഒക്കെ സാധാരണ പോലെ കഴിക്കാം… ഫസ്റ്റ് സ്കാൻ കഴിഞ്ഞില്ലല്ലോ? ആദ്യം ഒരു ultrasond എടുക്കു. വേറെ ഒന്നുമില്ല. റിപ്പോർട്ട്‌ കണ്ടിട്ട് ഞാൻ പറയാം… ഇപ്പൊ വോമിറ്റിംഗ് കുറയാനായി ഒരു tablet എഴുതാം… നല്ല ക്ഷീണമുണ്ടല്ലോ? ഒരു ഡ്രിപ് കൂടി ഇടാം. അത് കഴിയുമ്പോൾ വീട്ടിൽ പോകാം. സ്കാൻ കഴിഞ്ഞപ്പോഴും ഡോക്ടർ ഹോസ്പിറ്റലിൽ തന്നെ ഉണ്ടായിരുന്നതിനാൽ റിപ്പോർട്ട്‌ അവരെ കാണിച്ചു.

സ്കാനിൽ എന്തോ ചെറിയ കുഴപ്പമുണ്ടെന്നും അത് കൊണ്ട് 3 months complete bed rest വേണമെന്നും നിർദേശം കിട്ടി… പേടിക്കേണ്ട കാര്യമൊന്നും ഇല്ലെന്നു പറഞ്ഞത് കൊണ്ട് ആശ്വാസം തോന്നി. ⭐️⭐️⭐️⭐️⭐️⭐️ ഹോസ്പിറ്റലിൽ നിന്നും വീട്ടിൽ എത്തിക്കഴിഞ്ഞുള്ള അവസ്ഥ മുമ്പത്തേതിനേക്കാൾ ദയനീയമായിരുന്നു…. ബെഡിൽ നിന്നും എന്നെ എഴുന്നേൽക്കാൻ പോലും അനുവദിച്ചില്ല… ആഹാരം പോലും ബെഡിൽ എത്തി… വല്ലാത്ത ശ്വാസം മുട്ടൽ ആയിരുന്നു എനിക്ക്… പക്ഷെ അമ്മയുടെയും മഹിയെട്ടന്റെയും അച്ഛന്റെയും അപ്പുന്റെയും ഒക്കെ സ്നേഹത്തിനു മുന്നിൽ ഞാൻ കീഴടങ്ങി… രണ്ട് ദിവസം അപ്പു എന്റെ കൂടെ തന്നെ ഉണ്ടായിരുന്നു.

മഹിയേട്ടൻ ബാങ്കിൽ ആയിരുന്നപ്പോൾ മുഴുവൻ സമയവും അവൻ എന്റെ അടുത്ത ഉണ്ടാകും… പാവം… പണ്ട് മുതൽ അവൻ ഇങ്ങനെയാണ്. എനിക്ക് കുഞ്ഞു അസുഖം വന്നാൽ പോലും എന്റെ അടുത്തു നിന്ന് മാറില്ല… vomit ചെയ്യുമ്പോൾ മുതുകിൽ തടവി തരും.. ഞാൻ കഴിക്കാമെന്നു പറഞ്ഞാലും കഞ്ഞി സ്പൂണിൽ കോരി തരും.. വെള്ളം കുടിപ്പിക്കും… അപ്പുവും അമ്മയും മാറി മാറി ഇതൊക്കെ ചെയ്തു തരും… മഹിയേട്ടൻ വന്നു കഴിഞ്ഞാൽ ഈ ഡ്യൂട്ടി ഒക്കെ മഹിയേട്ടനാണ്… എല്ലാരും കൂടി എന്നെ സ്നേഹിച്ചു സ്നേഹിച്ചു വീർപ്പുമുട്ടിക്കുകയാണ്….. ഇത്രയും സ്നേഹത്തിനു എനിക്ക് അർഹത ഉണ്ടോയെന്നു പോലും തോന്നിപ്പോയി … ⭐️⭐️⭐️⭐️⭐️⭐️ രണ്ട് ദിവസം കഴിഞ്ഞ് അപ്പു അച്ഛനെയും കേശുനെയും കൂട്ടി വരാമെന്നു പറഞ്ഞു പോയി.

ഒരുപാട് നാൾ കാണാതിരുന്നു കണ്ടിട്ട് വെറും രണ്ട് ദിവസമാണ് ഒപ്പം ഉണ്ടായിരുന്നത്…എന്നാലും അവൻ വന്നല്ലോ? ഇനി എപ്പോൾ വേണമെങ്കിലും കാണാമല്ലോ? അത് ഓർത്തപ്പോൾ ആശ്വാസം തോന്നി… റസ്റ്റിനു മാത്രം ഒരു കുറവും ഉണ്ടായില്ല…. rest എടുത്ത് rest എടുത്ത് മടുത്തു. ഈ bed rest ഇത്ര ഭീകരം ആയിരിക്കും എന്ന് കരുതിയില്ല…. വോമിറ്റിംഗിനാണെങ്കിൽ കുറവുമില്ല.. ഇടയ്ക്ക് ഒന്ന് രണ്ട് തവണ ഹോസ്പിറ്റലിൽ പോയി ഡ്രിപ് എടുക്കേണ്ടിയും വന്നു…. എന്നാലും ഹെൽത്ത്‌ ok ആണെന്ന് ഡോക്ടർ പറഞ്ഞപ്പോൾ വലിയ ആശ്വാസം തോന്നി. ⭐️⭐️⭐️⭐️⭐️⭐️ ഒരാഴ്ച കഴിഞ്ഞ് അപ്പു വീണ്ടും വന്നു. ഒപ്പം അച്ഛനും കേശുവും ഉണ്ടായിരുന്നു. എന്നെ കണ്ടപ്പോഴേ കേശു ഓടി വന്നു ചേച്ചിയമ്മേന്നു വിളിച്ചു കെട്ടിപ്പിടിച്ചു.

അവന്റെ സംസാരവും സന്തോഷവും കണ്ടാൽ അവന് എന്നെ ഒരുപാട് നാളായി പരിചയമുണ്ടെന്നു തോന്നും… അവൻ എന്തൊക്കെയോ വാ തോരാതെ സംസാരിക്കുന്നുണ്ട്… വളരെ നാൾ കാണാതിരുന്ന അമ്മയെ പെട്ടെന്ന് കാണുമ്പോൾ ഒരു കുട്ടിയ്ക്ക് ഉണ്ടാകുന്ന സന്തോഷം ഞാൻ അവന്റെ മുഖത്ത് കണ്ടു … ഞാൻ ബെഡിൽ ചാരി ഇരുന്നു അവനെ തന്നെ നോക്കിയിരുന്നു… എന്റെ അപ്പുനെപ്പോലെ തന്നെ… ആ കണ്ണുകളും സംസാരവും എല്ലാം… അപ്പു മുന്നിൽ നിന്ന് സംസാരിക്കുന്നത് പോലെ തന്നെ തോന്നി എനിക്ക്… ഞാൻ അവന്റെ കൈകളിൽ തഴുകിക്കൊണ്ടിരുന്നു…. അച്ഛന് എന്റെ അരികിലേക്ക് വരാൻ മടിയാണെന്നു തോന്നി…. ആ കണ്ണുകൾ നിറഞ്ഞിരുന്നു.

ഇപ്പൊ കരയും എന്നുള്ള ഭാവം.. അച്ഛൻ അടുത്തേയ്ക്ക് വന്നപ്പോൾ കേശു മഹിയേട്ടന്റെ അടുത്തേയ്ക്ക് പോയി.. മഹിയെട്ടനോടായി പിന്നെ അവന്റെ സംസാരം… പാവം മഹിയേട്ടൻ ! എല്ലാം കേട്ടു ചിരിച്ചു തല കുലുക്കുന്നുണ്ട്… അപ്പു ആണെങ്കിൽ അനുഭവിക്ക് അളിയാ.. എന്നുള്ള ഭാവത്തിലും… അച്ഛൻ എന്റെ അരികിൽ വന്നിരുന്നു… എന്റെ കൈ എടുത്ത് പിടിച്ചു. കുറച്ചു സമയം ഒന്നും പറയാതെ മുഖത്തേയ്ക്ക് നോക്കിയിരുന്നു… അച്ഛൻ വല്ലാതെ ക്ഷീണിച്ചു പോയിരിക്കുന്നു… അച്ഛൻ പൊട്ടികരഞ്ഞു കൊണ്ട് എന്നെ കെട്ടിപിടിച്ചു. . അച്ഛനോട് ക്ഷമിക്കണം മോളേ… എന്നോട് അപേക്ഷിക്കുന്നത് പോലെ കൈകൾ കൂട്ടിപ്പിടിച്ചു… എന്താ അച്ഛാ ഇത്??? അച്ഛൻ എന്തിനാ കരയുന്നത്?

ഈ അച്ഛനോട് ക്ഷമിക്കണം മോളേ… ക്ഷമിക്കാനാകാത്തതാണ് ഞാൻ മോളോട് ചെയ്തിട്ടുള്ളതൊക്കെ എന്ന് എനിക്കറിയാം… മോളുടെ അമ്മ പോയപ്പോ എന്റെ മനസ്സിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു പോയി. അത്രയും… അത്രയും ഇഷ്ടമായിരുന്നു എനിക്കവളെ… എല്ലാം മറക്കാൻ മദ്യത്തിലാണ് അഭയം തേടിയത്… മദ്യം എന്റെ മനസ്സിലെ നൊമ്പരങ്ങൾ കഴുകിക്കളഞ്ഞു. ഓർമകളെ അകറ്റി നിർത്താൻ 24 മണിക്കൂറും മദ്യം സേവിച്ചു… ഞാൻ ഒരു മുഴു കുടിയനായി… നിങ്ങളുടെ അമ്മയുടെ മുഖം മറക്കാൻ ബോധം മറയുന്ന വരെ കുടിച്ചിട്ടുണ്ട്….. അങ്ങനെ ഒരിക്കൽ ഒരു ബാറിൽ വച്ചാണ് ഞാൻ ദേവകി യേ പരിചയപ്പെടുന്നത്. അവൾ അവിടുത്തെ ജോലിക്കാരി ആയിരുന്നു. ഒരിക്കൽ കുടിച് ബോധം മറഞ്ഞു എന്തൊക്കെയോ പിച്ചും പേയും പറഞ്ഞ എന്നെ അവൾ അവളുടെ വീട്ടിൽ എത്തിച്ചു…

ഞാൻ പോലും അറിയാതെ അവൾ ഞാനുമായി ഒരു ബന്ധം വളർത്തിയെടുത്തു. നിന്റെ അമ്മയെയും നിങ്ങളെയും എന്റെ മനസ്സിൽ നിന്നവൾ പറിച്ചു മാറ്റി. നിങ്ങളുടെ അമ്മ പോയപ്പോൾ ആ വിഷമം മറക്കാൻ എന്നെ സഹായിച്ച അതേ മദ്യം തന്നെയാണ് നിങ്ങളുടെ അമ്മയുടെ സ്ഥാനത്തു ആ പൂതനയെ പ്രതിഷ്ഠിച്ചതും… മദ്യം മനുഷ്യന്റെ ചിന്താശേഷിയെ നശിപ്പിക്കും എന്ന് പറയുന്നത് എത്ര ശെരിയാണ്… അവൾക്ക് വേണ്ടി ഞാൻ നിങ്ങളെ വേദനിപ്പിച്ചു. അവള് പറയുന്നത് പോലെയൊക്കെ ചെയ്തു… അവളുടെ അടിമയായി ജീവിക്കാൻ അവൾ തന്നെ എനിക്ക് മദ്യം പകർന്നു തന്നു… എന്നെ എല്ലായ്പോഴും കുടിപ്പിച്ചു… ഒരിക്കലും ഞാൻ മദ്യാസക്തിയിൽ നിന്നും പുറത്തു കടക്കരുത് എന്നവൾ ആഗ്രഹിച്ചു…

ഞാൻ മദ്യത്തെ ഉപേക്ഷിച്ചാൽ ഒപ്പം അവളെയും ഉപേക്ഷിക്കും എന്നവൾക്ക് അറിയാമായിരുന്നു. എന്റെ ജീവനായി കരുതിയിരുന്ന നിങ്ങളെ ദ്രോഹിച്ചത് പോലും ബോധത്തോടെ ആയിരുന്നില്ല മക്കളേ… മദ്യം മനുഷ്യനെ മനുഷ്യനല്ലാതെയാക്കും എന്നതിന് ഉത്തമ ഉദാഹരണമാണ് ഈ ഞാൻ… എന്നിട്ടും അവളെന്നെ ചതിച്ചു… ജയിലിൽ ആയപ്പോഴാണ്… മദ്യം ഉപേക്ഷിച്ചപ്പോഴാണ് ഞാൻ എന്റെ തെറ്റുകൾ തിരിച്ചറിയാൻ തുടങ്ങിയത്… അപ്പോഴേക്കും വൈകിപ്പോയിരുന്നു… എന്റെയും നിങ്ങളുടെയും ജീവിതം ഞാൻ നശിപ്പിച്ചു. അച്ഛന്റെയും അമ്മയുടെയും സ്നേഹലാളനകൾ ഏറ്റു വാങ്ങേണ്ട പ്രായത്തിൽ തീരാ വേദനകൾ ഞാൻ നിങ്ങൾക്ക് സമ്മാനിച്ചു…

അന്യന്റെ അടുക്കളപ്പുറത്തെ ജോലിക്കാരിയാക്കി മാറ്റി ഞാൻ നിന്നെ… നീ ഒഴുക്കിയ കണ്ണീരിന്റെയും വിയർപ്പിന്റെയും ശമ്പളം കൈ നീട്ടി വാങ്ങിയ ഈ കൈകൾ വെട്ടിയെറിയാൻ തോന്നിയിട്ടുണ്ട് പലപ്പോഴും… ബോധം ഇല്ലാതിരുന്നപ്പോൾ ഞാൻ ചെയ്തതെല്ലാം എനിക്ക് ശെരികളായിരുന്നു. ബോധത്തോടെ ആലോചിച്ചപ്പോഴാണ് ഞാൻ എത്ര നീചനാണെന്നു എനിക്ക് ബോധ്യമായത്. പൊറുക്കാനാവില്ല എന്നോട്….ആർക്കും… .. മഹാപാപിയാണ് ഞാൻ ! തലയിൽ കൈകൾ വച്ചു പൊട്ടിക്കരയുന്ന ആ മനുഷ്യനോട് എന്ത് പറയണമെന്ന് അറിയാതെ ഞാൻ ഇരുന്നു… എന്നിട്ടും നിങ്ങൾ ഇപ്പോഴും എന്നെ സ്നേഹിക്കുന്നത് എന്തിനാ മക്കളെ?? എങ്ങനെ കഴിയുന്നു നിങ്ങൾക്ക്??? പാപിയായ ഈ അച്ഛനോട് ക്ഷമിക്ക് മോളേ…

ക്ഷമ ചോദിക്കാനല്ലാതെ മറ്റൊന്നിനും കഴിയില്ല എനിക്ക്… അതിന് അർഹത ഇല്ല എന്നറിയാമെങ്കിലും…. അച്ഛൻ എന്താ ഈ പറയുന്നത്?? എന്നോട് ക്ഷമ ചോദിക്കുന്നോ ?? 5 വയസു വരെ ഈ ഹൃദയത്തിലെ സ്നേഹം അറിഞ്ഞു ഈ നെഞ്ചിലെ ചൂട് പറ്റി ഉറങ്ങിയ അച്ഛന്റെ നിമ്മീ മോൾക്ക് അച്ഛനെ വെറുക്കാനാകുമോ??? ആ ഓർമ്മകൾ മാത്രം മതി ഇന്നും അച്ഛനെ സ്നേഹിക്കാൻ…. ദേഷ്യം തോന്നിയിട്ടുണ്ട്… പലപ്പോഴും… എന്റെ അപ്പൂനെ വേദനിപ്പിച്ചിട്ടുള്ളപ്പോൾ… പക്ഷെ വെറുത്തിട്ടില്ല…

ഇനി വെറുക്കാനും കഴിയില്ല…. അച്ഛൻ എന്നോട് ക്ഷമ ചോദിക്കരുതേ…. ഇപ്പൊ എനിക്ക് നഷ്ടമായതെല്ലാം തിരികെ കിട്ടിയില്ലേ? എന്റെ അപ്പു.. അച്ഛൻ… പിന്നെ ഒരു അനിയൻ കുട്ടനെയും…. ഒത്തിരി ഒത്തിരിസന്തോഷമേ ഉള്ളൂ അച്ഛാ… എന്റെ പോന്നു മോളേ…. അച്ഛൻ എന്നെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു…. കരയല്ലേ അച്ഛാ… എന്ന് പറഞ്ഞു ഞാനും കരഞ്ഞു…. കണ്ട് നിന്നവരുടെ കണ്ണുകളും നിറഞ്ഞിരുന്നു

തുടരും

അനാഥ : ഭാഗം 17