Thursday, November 14, 2024
Novel

അലീന : ഭാഗം 7

എഴുത്തുകാരി: സജി തൈപ്പറമ്പ്

മകളും മരുമകനും വരുന്നുണ്ടെന്നറിഞ്ഞ അന്നാമ്മ ,രാവിലെ തന്നെ അയൽവക്കത്തെ ത്രേസ്യയുടെ കൈയ്യിൽ നിന്നും ഒരു പൂവൻ താറാവിനെ വാങ്ങിച്ച് കറി വച്ചു. ഡീ പിള്ളേരെ നിങ്ങള് പൗലോച്ചായൻ്റെ വീട്ടിൽ ചെന്നിട്ട് ആ ടേബിളും, കസേരകളും, ഒന്ന് കൂടി തരാൻ പറ, ആ കൊച്ചൻ വന്നാൽ, നമ്മുടെയീ പഴന്തുറാവ് ബെഞ്ചിലും ഡെസ്കിലും ആഹാരം വച്ച് കൊടുക്കാൻ പറ്റില്ലല്ലോ? തിളച്ച് മറിഞ്ഞ ചോറും കലവുമെടുത്ത് വാർത്തിട്ടതിന് ശേഷം , പപ്പടം കാച്ചാനുള്ള ചീനച്ചട്ടി സ്റ്റൗവ്വിന് മുകളിൽ വച്ച് കൊണ്ട് അന്നാമ്മ മക്കളോട് പറഞ്ഞു. ഡീ അന്നാമ്മോ… ചോറായെങ്കിൽ ലേശമിങ്ങെടുത്തോ, വല്ലാത്ത വിശപ്പ് അകത്തെ മുറിയിൽ നിന്നും അവറാച്ചൻ വിളിച്ച് ചോദിച്ചു. ഓഹ് ഇറച്ചിക്കറിയുടെ മണം അവിടെ വരെയെത്തിയല്ലേ? അതാ പതിവില്ലാതെ ഇന്ന് നേരത്തെ വിശന്നത് ,അവരൊന്ന് വന്ന് കഴിച്ചോട്ടെ മനുഷ്യാ.. ഒന്നടങ്ങ് ഭാര്യയുടെ മറുപടി കേട്ടപ്പോൾ വായിൽ നിറഞ്ഞ ഉമിനീരയാൾ തൊണ്ടയിലേക്കിറക്കി.

എന്താ അമ്മേ.. അവരെ ഇത് വരെ കണ്ടില്ലല്ലോ? ആൻസി അക്ഷമയോടെ റോഡിലേക്ക് നോക്കി ചോദിച്ചു. അലീനേച്ചി, അവൾക്ക് പോർക്ക് ഫ്രൈ കൊണ്ട് വരുമെന്നും പറഞ്ഞാണമ്മേ.. ഈ വെപ്രാളം ഇളയവൾ ആമി, കളിയാക്കി പറഞ്ഞു. ഓഹ് ,ഈ പിള്ളേരുടെയൊരു കാര്യം ,നിങ്ങടെയീ ആക്രാന്തമൊന്നും ആ കൊച്ചൻ്റെ മുന്നിൽ കാണിക്കല്ലേ? രണ്ട് പേരും നല്ല അച്ചടക്കത്തോടെ വേണം അവരോട് പെരുമാറാൻ എനിക്കെന്തുവായിരിക്കുമമ്മേ ചേച്ചി കൊണ്ട് വരുന്നത് ,ഞാനും എന്തേലും വിളിച്ച് പറയേണ്ടതായിരുന്നു ആമി, നിരാശയോടെ പറഞ്ഞു. അവളെല്ലാവർക്കുമുള്ളത് മറക്കാതെ കൊണ്ട് വന്നോളും കല്യാണം കഴിഞ്ഞ് ആദ്യമായിവിടെ വരുവല്ലേ? പുത്തനുടുപ്പുകളും മധുര പലഹാരങ്ങളുമൊക്കെയുണ്ടാവും അന്നാമ്മ സന്തോഷത്തോടെ പറഞ്ഞു.

ഈ സമയം മാളിയേക്കൽ തറവാട്ടിലെ കിച്ചണിൽ പോർക്ക് ഫ്രൈ ചെയ്യുന്ന തിരക്കിലായിരുന്നു അലീന. ഇതാർക്കാടീ..പൊരിക്കുകയും കരിക്കുകയുമൊക്കെ ചെയ്യുന്നത്, ഞങ്ങള് പുറത്തുന്ന് കഴിച്ചോളാം ഇപ്പോൾ തന്നെ ഒരു പാട് വൈകി, ഇനിയും താമസിച്ചാൽ അവിടെത്തുമ്പോൾ രാത്രിയാകും റെയ്ച്ചൽ മേയ്ക്കപ്പ് ഒക്കെ ചെയ്ത് അടുക്കളയിൽ വന്ന് ചോദിച്ചപ്പോൾ ,അലീന അമ്പരന്നു. അതിന് നിങ്ങളെവിടെ പോകുന്നു? അപ്പോൾ, വേളാങ്കണ്ണിയിൽ പോകുന്ന കാര്യം സൂസി ചേച്ചി നിന്നോട് പറഞ്ഞില്ലേ? എന്നോടാരുമൊന്നും പറഞ്ഞില്ല, അല്ലെങ്കിലും ഞങ്ങളില്ല എങ്ങോട്ടും, ഞാനും സിബിച്ചനുമായി എൻ്റെ വീട്ടിൽ പോകാനൊരുങ്ങുവാ അതിന് നിന്നെ ആര് ക്ഷണിച്ചു, ഞങ്ങള് എല്ലാ വർഷവും മുടങ്ങാതെ മാതാവിൻ്റെ പെരുന്നാളിന് പോകാറുള്ളതാണ് നാളെ കൊടിയിറങ്ങും ,ഇന്ന് വൈകിട്ടത്തെ വിശുദ്ധ കുർബാനയും നെവേനയുമൊക്കെ കഴിഞ്ഞ് നാളെ വൈകിട്ടേ തിരിച്ച് വരു അപ്പോൾ ഡാഡിയും മമ്മിയും വരുന്നുണ്ടോ?

ഡാഡി രാവിലെ എസ്‌റ്റേറ്റിൽ പോയിരിക്കുവാ, മമ്മിക്ക് അത്രയും ദൂരം യാത്ര ചെയ്യാൻ കഴിയില്ല, ഇപ്രാവശ്യം നീയിവിടെയുള്ള ഉറപ്പിലാ ഞങ്ങള് പോകുന്നത്, ആരെങ്കിലും സമയത്ത് ആഹാരം കൊടുത്തില്ലെങ്കിൽ മമ്മി ആഹാരം കഴിക്കില്ല ,മമ്മിക്ക് ഷുഗറുള്ള കാര്യം നിനക്കറിയാമല്ലോ ? സമയത്ത് ഇൻസുലിൻ കുത്തിവയ്ക്കണം, മറക്കരുത് ഞങ്ങളിന്ന് ചെല്ലുമെന്ന് അമ്മച്ചിയോട് വിളിച്ച് പറഞ്ഞിരുന്നു, അവരവിടെ കാത്തിരിക്കും അലീന സങ്കടത്തോടെ പറഞ്ഞു. അതിന് നീ അമ്മച്ചിയെ ഹോസ്പിറ്റലിൽ വച്ച് കണ്ടതല്ലേ ?ഇനിയിപ്പോൾ കുറച്ച് ദിവസം കഴിഞ്ഞ് കണ്ടാലും കുഴപ്പമൊന്നുമില്ല, ഞങ്ങളിറങ്ങുന്നു പറഞ്ഞതൊന്നും മറക്കണ്ടാ റെയ്ച്ചലും സൂസിയും കുടുംബത്തോടെ കാറിൽ കയറിപ്പോകുന്നത് നിറഞ്ഞ കണ്ണുകളോടെ അലീന നോക്കി നിന്നു. രാവിലെ റെയ്ഞ്ചോഫീസറെ കാണാൻ പോയിരുന്ന സിബിച്ചൻ മടങ്ങി വന്നപ്പോൾ അലീന കട്ടിലിൽ കമിഴ്ന്ന് കിടക്കുന്നതാണ് കണ്ടത് എന്ത് പറ്റി നിനക്ക് സുഖമില്ലേ ?

സിബിച്ചൻ്റെ ശബ്ദം കേട്ടവൾ കട്ടിലിൽ എഴുന്നേറ്റിരുന്നു നീയെന്താ കരയുവായിരുന്നോ? സിബിച്ചാ.., ഞാനൊരു പാവപ്പെട്ട വീട്ടിലെ പെണ്ണായത് കൊണ്ടാണോ എന്നെ ആർക്കുമിവിടെ കണ്ടു കൂടാത്തത്? അതിനിപ്പോൾ എന്തുണ്ടായി നീ പറ നടന്ന സംഭവങ്ങൾ, അലീന അവനോട് പറഞ്ഞു. എല്ലാവർഷവും അവർ വേളാങ്കണ്ണി മാതാവിൻറെ അടുത്ത് പോകുമെന്ന് പറഞ്ഞത് സത്യമാണ് ,പക്ഷേ ,ഇന്ന് തന്നെ പോയത് ,നമ്മൾ നിൻറെ വീട്ടിൽ പോകുമെന്നറിഞ്ഞപ്പോഴുണ്ടായ കുശുമ്പ് കൊണ്ടാണ്, സാരമില്ല എടീ… നിനക്ക് നിൻറെ വീട്ടുകാരെ കാണണമെന്നല്ലേയുള്ളൂ ,അതിന് നമ്മളവിടെ പോകണമെന്നില്ലല്ലോ ?അവരെ ഇങ്ങോട്ടു കൊണ്ടു വന്നാലും മതിയല്ലോ? അത് കേട്ടവൾ ,അത്ഭുതത്തോടെ അവൻ്റെ മുഖത്തേക്ക് നോക്കി. എന്താ സിബിച്ചൻ ഉദ്ദേശിച്ചത് നിൻ്റെ അപ്പച്ചന് ,അരയ്ക്ക് കീഴയല്ലേ, സ്വാധീന കുറവുള്ളു , അവരെയെല്ലാവരെയും ഞാൻ ഒരു മണിക്കൂറിനുള്ളിൽ നിൻ്റെ മുന്നിലെത്തിച്ച് തരും,

രണ്ട് ദിവസം അവരിവിടെ നിൽക്കട്ടെ, നിന്നോടൊപ്പം ഇവിടെ നില്ക്കാനുള്ള കൊതിയൊക്കെ അവർക്കുമുണ്ടാവില്ലേ ? നീ അമ്മച്ചിയെ വിളിച്ച് വേഗം റെഡിയാവാൻ പറ അവിശ്വസനീയതയോടെ നില്ക്കുന്ന, അലീനയുടെ തോളിൽ തട്ടി സമാധാനിപ്പിച്ചിട്ട് സിബിച്ചൻ പുറത്തേയ്ക്ക് പോയി. മമ്മിക്ക് ഇൻസുലിൻ ഇഞ്ചക്ഷൻ എടുത്തു കൊണ്ടിരിക്കുമ്പോൾ പുറത്ത് കാറിൻ്റെ ഹോണടി കേട്ട് ആഹ്ലാദത്തോടെ അലീന ഓടി പുറത്തേയ്ക്ക് ചെന്നു. അമ്മച്ചിയും അനുജത്തിമാരും, കാറിൽ നിന്നിറങ്ങിയപ്പോൾ മുൻവശത്തെ ഇടത് സീറ്റിൽ ചാരിയിരിക്കുന്ന അപ്പൻ്റെയടുത്തേക്ക് അവൾ ചെന്നു സിബിച്ചൻ അപ്പച്ചനെ ,ഒറ്റയ്ക്ക് പൊക്കിയെടുത്ത് കൊണ്ടിരുത്തിയതാ മോളേ… അന്നാമ്മ അത്ഭുതത്തോടെയും സന്തോഷത്തോടെയും പറഞ്ഞു എങ്ങനെയുണ്ടായിരുന്നപ്പാ കാറിൽ യാത്ര ചെയ്തിട്ട് ബുദ്ധിമുട്ട് വല്ലതുമുണ്ടായിരുന്നോ? അലീന ആകാംക്ഷയോടെ ചോദിച്ചു. ഒന്നുമറിഞ്ഞില്ല മോളേ…

ഇത് ഒത്തിരി വില കൂടിയ കാറല്ലേ? അത് കൊണ്ടാവും ,എത്ര നാളായി അപ്പച്ചൻ പുറം ലോകമൊന്ന് കണ്ടിട്ട് ,നമ്മുടെ വീട്ടിലെ തെക്കേമുറിയിൽ നിന്നും, സെമിത്തേരിയിലേക്കേ ഇനിയൊരു യാത്രയുള്ളു, എന്ന് കരുതിയിരുന്ന എനിക്ക് , ഈ ചെറിയ ദൂരം സഞ്ചരിച്ചപ്പോൾ കണ്ട കാഴ്ചകളാണ് മോളേ.. ഞാനെൻ്റെ ജീവിതത്തിൽ കണ്ട ഏറ്റവും മനോഹരമായ സീൻ സന്തോഷം കൊണ്ടാണ് അപ്പച്ചൻ്റെ കണ്ണുകൾ നിറഞ്ഞതെന്ന്, അലീനയ്ക്ക് മനസ്സിലായി. ഇതെന്താണമ്മേ കയ്യിൽ? അമ്മച്ചിയുടെ കയ്യിൽ ,ഒരു സ്റ്റീലിൻ്റെ പാത്രം കണ്ട് അവൾ ചോദിച്ചു. അത് മോളേ… സിബിച്ചന് വേണ്ടി താറാവ് കറി വച്ച് ഞങ്ങൾ കാത്തിരിക്കുവായിരുന്നെന്ന് മോൻ വന്നപ്പോൾ ഞാൻ പറഞ്ഞായിരുന്നു അപ്പോൾ എന്നോട് പറഞ്ഞു ,അമ്മച്ചിയുണ്ടാക്കിയതല്ലേ? അതും കൂടിയെടുത്തോ ഞാൻ വീട്ടിൽ ചെന്നിട്ട് കഴിച്ചോളാമെന്ന് അത് കേട്ട് അലീന, നന്ദിയോടെ സിബിച്ചനെ നോക്കിയപ്പോൾ അയാൾ കാറിൻ്റെ ഡിക്കി തുറന്ന് ഒരു വീൽചെയർ പുറത്തേയ്ക്കെടുക്കുന്നത് അവൾ ആശ്ചര്യത്തോടെ നോക്കി.

ഇതെവിടുന്നാണമ്മേ ..? അത് വരുന്ന വഴി ഒരു കടയിൽ കയറി സിബിച്ചൻ വാങ്ങിയതാ അപ്പച്ചനെ നമ്മുടെ വീട്ടിൽ കൊണ്ട് വന്നിട്ട് ചുമ്മാതങ്ങ് കിടത്താൻ പറ്റുമോ? രണ്ട് ദിവസം നമുക്ക് അപ്പച്ചനെ ഇതിലിരുത്തി, ഈ പരിസരമെല്ലാം കൊണ്ട് നടന്ന് കാണിക്കണം, അപ്പച്ചനും നമ്മളെപ്പോലെ എൻജോയ് ചെയ്യട്ടെന്ന് ഒരു ചിരിയോടെ സിബിച്ചനത് പറഞ്ഞപ്പോൾ, ആ അളവറ്റ സ്നേഹം അനുഭവിക്കാൻ മാത്രം എന്ത് പുണ്യമാണ് താൻ ചെയ്തിട്ടുള്ളതെന്ന് അലീനയോർത്തു. പന്ത്രണ്ട് സീറ്റുകളുള്ള വലിയ ഡൈനിങ്ങ് ടേബിളിന് ചുറ്റിനും അലീനയുടെ കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കാൻ സിബിച്ചനുമിരുന്നു. ആ വലിയ ഗ്ളാസ്സ് ടേബിളിൽ നിറഞ്ഞിരിക്കുന്ന വിവിധ തരം ആഹാരപദാർത്ഥങ്ങൾ കണ്ട് അന്നാമ്മയുടെയും മക്കളുടെയും കണ്ണ് തളളി അതിൽ പലതും അവർ ജീവിതത്തിലാദ്യമായി കാണുന്നവയായിരുന്നു അലീന വെച്ചുണ്ടാക്കിയത് കൂടാതെ സിബിച്ചൻ പലതരം നോൺ വെജ്ജുകളും,

അറേബ്യൻ ഡിഷുകളും, ഓർഡർ ചെയ്ത് വരുത്തിയിരുന്നു ആൻസീ.. ഇത് നിനക്ക് വേണ്ടി ചേച്ചി തയ്യാറാക്കിയ പോർക്ക് ഫ്രൈയാ, കഴിച്ച് നോക്ക് ഉം .. സൂപ്പർ ചേച്ചീ..ഒരു രക്ഷയുമില്ല ഭക്ഷണം കഴിഞ്ഞവർ ,മുകളിലെ അലീനയുടെ ബെഡ് റൂമിലേക്ക് വന്നു. എന്ത് വലിയ മുറിയാ ചേച്ചി… ഇത്, ഈ മുറിക്ക് മാത്രം നമ്മുടെ വീടിൻ്റെ വലിപ്പമുണ്ട്, എല്ലാ മുറിയിലും ടി വി യുണ്ടോ ചേച്ചീ? ഹായ്, ഈ ബെഡ്ഡിൽ കിടന്ന് ടിവി കാണാൻ എന്ത് രസമാ അലീനയുടെ ബെഡ് റൂമിലെത്തിയ ആമിക്ക്, കൗതുകം അടക്കാനായില്ല. ആൻസിക്കും, ആമിക്കും തങ്ങൾ ഒരു അത്ഭുത ലോകത്ത് എത്തിയ പ്രതീതിയാണ് തോന്നിയത്, ചേച്ചിയുടെയൊരു ഭാഗ്യം, ദരിദ്രനായ അവറാച്ചൻ്റെ മോളായി പിറന്നാലെന്താ, കോടീശ്വരനായ സിബിച്ചൻ്റെ ഭാര്യയായി രാജകുമാരിയെ പോലെ ജീവിക്കാൻ ഭാഗ്യമുണ്ടായല്ലോ? ഉം .. പെണ്ണിൻ്റെയൊരു കുശുമ്പ് കണ്ടില്ലേ? അലീന ചിരിച്ചുകൊണ്ട് അനുജത്തിയുടെ തലക്കിട്ടൊരു കൊട്ട് കൊടുത്തു.

എന്നാലും എനിക്കതല്ല വിഷമം എത്രയോ തവണ ഞാൻ കോളേജ് ജംഗ്ഷനിലും മറ്റും വച്ച് സിബിച്ചായനെ കണ്ടിട്ടുള്ളതാണ് , എന്നിട്ട് ഒരിക്കൽ പോലും അങ്ങേരോട്, ഐ ലവ് യുന്ന് പറയാൻ എനിക്ക് തോന്നിയില്ലല്ലോ ,എൻ്റെ കർത്താവേ? പിന്നേ.. നീയങ്ങോട്ട് ചെന്നാലും മതി ,സിബിച്ചൻ ഉടനെ തന്നെ നിന്നെ കേറിയങ്ങ് പ്രേമിക്കും അനുജത്തിയെ ശുണ്ഠികേറ്റാനായി അലീന പറഞ്ഞു. എന്താ പ്രേമിച്ചാല് , എന്തായാലും ചേച്ചിയെക്കാളും സുന്ദരിയാണ് ഞാനെന്ന്, സിബിച്ചായൻ പറഞ്ഞല്ലോ, അതിനർത്ഥം അങ്ങേർക്കെന്നെ ഇഷ്ടമാണെന്നല്ലേ? ചേച്ചി ,എൻ്റെ ഇളയതായാൽ മതിയായിരുന്നു, അപ്പോൾ ഈ ഭാഗ്യം എനിക്ക് കിട്ടിയേനെ ആൻസി നിരാശയോടെ പറഞ്ഞപ്പോൾ, ഉള്ളിൽ എന്തോ കൊളുത്തി വലിക്കുന്നത് പോലെ അലീനയ്ക്ക് തോന്നി, സിബിച്ചൻ ആൻസിയോട് തന്നെക്കാൾ സുന്ദരിയാണ് അവളെന്ന് പറഞ്ഞ്കാണുമോ?ഈശോയെ ,അങ്ങനെയെങ്കിൽആൻസിയും സിബിച്ചനും കൂടി തന്നെ ചതിക്കുമോ? അത് വരെയില്ലാതിരുന്ന അധമചിന്തകൾ അലീനയുടെ മനസ്സിനെ മഥിക്കാൻ തുടങ്ങി.

തുടരും

അലീന : ഭാഗം 1

അലീന : ഭാഗം 2

അലീന : ഭാഗം 3

അലീന : ഭാഗം 4

അലീന : ഭാഗം 5

അലീന : ഭാഗം 6