അലീന : ഭാഗം 6
എഴുത്തുകാരി: സജി തൈപ്പറമ്പ്
രണ്ട് ദിവസം കഴിഞ്ഞ് സിബിച്ചനെ, ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്തപ്പോൾ,അലീനയെയും സിബിച്ചനെയും വീട്ടിലേക്ക് കൂട്ടികൊണ്ട് പോകാൻ, സ്കറിയാ മാഷാണ് കാറുമായി വന്നത്. ഈ പ്രൈവറ്റ് ഹോസ്പിറ്റല്കാര് എന്നാ കഴുത്തറുപ്പാടാ ഉവ്വേ ? രണ്ട് ദിവസത്തെ ബില്ല് ഒൻപതിനായിരം രൂപാ, ഇങ്ങനെയാണെങ്കിൽ ഇവൻമാര് കുറെയുണ്ടാക്കുമല്ലോ ? ഡാ സിബിച്ചാ… നമ്മളന്നാ, തീയറ്ററ് വാങ്ങിയ സമയത്ത്, ഒരു ഹോസ്പിറ്റല് പണിതാൽ മതിയായിരുന്നല്ലേടാ? കാറിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ ,സ്കറിയാ മാഷ് പുറകിലിരുന്ന സിബിച്ചനോട് തമാശയായി ചോദിച്ചു. ഓഹ് എന്തിനാ ഡാഡി, നമ്മള് മറ്റുള്ളവരെപ്പോലെയാവുന്നത്, എത്ര സമ്പാദിച്ച് കൂട്ടിയാലും, ഒരസുഖം വന്നാൽ എല്ലാം കഴിഞ്ഞില്ലേ?
സിബിച്ചൻ തത്വം പറയുന്നത് കേട്ട്, സ്കറിയാ മാഷിന് ആശ്ചര്യം തോന്നി, ഒപ്പം സന്തോഷവും ,കുറച്ച് നാള് മുമ്പ് വരെ, സഹികെട്ട് താൻ ശപിച്ച് കൊണ്ടിരുന്ന തൻ്റെ മകൻ്റെ ,പുനർജന്മമാണിതെന്ന് അയാൾക്ക് തോന്നി. ഓഹ്, ഞാനൊരു തമാശ പറഞ്ഞതല്ലേടാ ഉവ്വേ.. അല്ലെങ്കിലും, നമുക്കെന്തിനാടാ ഒരു പാട് പണം, പത്ത് തലമുറയ്ക്ക് തിന്ന് മുടിക്കാനുള്ളതൊക്കെ, അപ്പനപ്പൂപ്പൻമാരായിട്ട് ഉണ്ടാക്കി വച്ചിട്ടുണ്ട്, എൻ്റെ കാലം കഴിഞ്ഞാൽ, അത് നിങ്ങള് നാല് മക്കൾക്കും കൂടിയുള്ളതാ സിബിച്ചനോട് , ഇത്ര കാര്യ ഗൗരവമായി ഡാഡി സംസാരിക്കുന്നത്, ഇതാദ്യമായാണ് അലീന കേൾക്കുന്നത് ,അതിലവൾക്ക് ചാരിതാർത്ഥ്യം തോന്നി, അത് ,സിബിച്ചനെ പഴയ സ്വഭാവത്തിൽ നിന്നും ,പരമാവധി മാറ്റിയെടുക്കാൻ തനിക്ക് കഴിഞ്ഞത് കൊണ്ടാണെന്ന് അവൾക്ക് മനസ്സിലായി.
അഭിമാനത്തോടെയവൾ സിബിച്ചൻ്റെ മുഖത്തേയ്ക്ക് നോക്കിയപ്പോൾ, അയാൾ പുറത്തെ കാഴ്ചകളിലേക്ക് കണ്ണ് നട്ടിരിക്കുകയായിരുന്നു. മെയിൻ റോഡിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞ്, ഇരുവശവും ബോഗൺവില്ലകൾ ഇടതൂർന്ന് നില്ക്കുന്ന പ്രൈവറ്റ് റോഡിലേക്ക് കയറിയ മെഴ്സിഡസ് ബെൻസ് കാറ്, മാളിയേക്കൽ തറവാടിൻ്റെ വിശാലമായ പോർച്ചിലെത്തി ബ്രേക്കിട്ട് നിന്നു. സിബിച്ചൻ മുറിയിലേക്ക് പോയി റസ്റ്റെടുത്തോ ,ഞാൻ കിച്ചണിൽ പോയി കുടിക്കാനെന്തെങ്കിലും എടുത്ത് കൊണ്ട് വരാം അത് പറഞ്ഞിട്ട് അലീന ,ഡിക്കിയിലിരുന്ന ബാഗുകളെടുത്ത് പുറത്ത് വച്ചു., ഞാൻ സഹായിക്കാം മോളേ… സ്കറിയാ മാഷ് അവളുടെയടുത്തേയ്ക്ക് വന്നു. വേണ്ട ഡാഡീ .. ഇതെനിക്ക് എടുക്കാവുന്നതേയുള്ളു, വിരോധമില്ലെങ്കിൽ, ഡാഡിയോട് ഞാനൊരു കാര്യം പറഞ്ഞോട്ടെ? ചുറ്റിനും നോക്കി ആരുമില്ലെന്ന് ഉറപ്പിച്ചിട്ട്, അവൾ ചോദിച്ചു.
എന്താ മോളേ? എന്താണെങ്കിലും ചോദിച്ചോളു.. നമ്മുടെ കുടുംബത്തിൽ എല്ലാവരും ജോലിയുള്ളവരും വരുമാനമുള്ളവരുമാണ് ,പക്ഷേ സിബിച്ചന്, ഇത് രണ്ടുമില്ലല്ലോ? എനിക്കോ, സിബിച്ചനോ എന്തെങ്കിലും ആവശ്യം വന്നാൽ, എപ്പോഴും ഡാഡിയെ ആശ്രയിക്കണ്ടേ? അത് കൊണ്ട് ഡാഡിയുടെ ഏതെങ്കിലും സ്ഥാപനത്തിൽ, ശബ്ബളത്തോട് കൂടി, സിബിച്ചനൊരു ജോലി കൊടുത്താൽ, മറ്റുള്ളവരുടെ മുന്നിൽ ഞങ്ങൾക്കും അന്തസ്സായി ജീവിക്കാമായിരുന്നു, സിബിച്ചനിപ്പോൾ പഴയത് പോലെയല്ല, നല്ല മാറ്റമുണ്ട് ഡാഡി.. അലീനയുടെ ആ ചോദ്യം, സ്കറിയാ മാഷ് ഒട്ടും പ്രതീക്ഷിക്കാത്തതായിരുന്നു. മോളേ… എൻ്റെ കാശെന്ന് പറഞ്ഞാൽ, അവനും കൂടിയുള്ളതാ, പിന്നെ മോള് പറഞ്ഞത് പോലെ സ്വന്തം ഭർത്താവ് അദ്ധ്വാനിച്ച് കൊണ്ട് വരുന്ന കാശ് മാത്രമേ, അവകാശത്തോടെ ഏതൊരു ഭാര്യയ്ക്കും കൈകാര്യം ചെയ്യാൻ തോന്നുകയുള്ളു,
മോള് പറയാതെ തന്നെ, ഞാനത് അറിഞ്ഞ് ചെയ്യേണ്ടതായിരുന്നു ,സാരമില്ല, ഇനി മുതൽ നമ്മുടെ ബിസിനസ്സൊക്കെ, അവൻ നോക്കി നടത്തട്ടെ, ഡാഡിക്കിപ്പോൾ, പഴയത് പോലൊന്നും ഓടിനടക്കാൻ വയ്യ ,സിബിച്ചൻ ഉത്തരവാദിത്വമില്ലാത്തവനായത് കൊണ്ട്, ഡേവിസിനോടും, ബിനോയിയോടും ഞാനാകുന്നത് പറഞ്ഞതാ, ജോലി രാജി വച്ചിട്ട് ഇതൊക്കെയൊന്ന് നോക്കാൻ, അപ്പോൾ അവർക്ക് രണ്ട് പേർക്കും ജോലി കളയാൻ മടി ,ങ്ഹാ, ചിലപ്പോൾ കർത്താവ് നിശ്ചയിച്ചത് സിബിച്ചനെയായിരിക്കും, എന്തായാലും ഞാനവനോട് കാര്യങ്ങൾ പറഞ്ഞ് ,നാളെ തന്നെ എല്ലാം ഏല്പിച്ച് കൊടുക്കാം ശരി ഡാഡീ… പിന്നെ, ഞാനാണ് ഇത് പറഞ്ഞതെന്ന് സിബിച്ചനറിയണ്ടാ ഇല്ല മോളേ… അതൊക്കെ ഡാഡി കൈകാര്യം ചെയ്തോളാം സന്തോഷത്തോടെ അലീന അകത്തേയ്ക്ക് കയറി പോയപ്പോൾ ,വാത്സല്യത്തോടെ സ്കറിയാ മാഷ് അവളെ നോക്കി നിന്നു.
നിനക്കെന്താടീ.. ഇന്ന് പതിവില്ലാത്ത ഒരു ധൃതി, ഞങ്ങൾക്കിന്ന് അവധിയാണെന്നും ഓഫീസിൽ പോകേണ്ടെന്നുമറിയില്ലേ? അടുക്കളയിൽ ഓടിനടന്ന് eബ്രക്ക് ഫാസ്റ്റ് തയ്യാറാക്കുന്ന അലീനയോട് സൂസി ചോദിച്ചു. അത് ചേച്ചീ … സിബിച്ചനോട് രാവിലെ മില്ലിലേക്ക് പോകണമെന്ന് ഡാഡി പറഞ്ഞിട്ടുണ്ട്, കൂപ്പിൽ നിന്നും ലോഡുമായി ലോറികൾ വരുന്നുണ്ടത്രേ, അപ്പോൾ ഉത്തരവാദിത്വപ്പെട്ടവർ ആരെങ്കിലും അവിടെയുണ്ടാവണമെന്നും അവർക്ക് കാശ് കൊടുക്കണമെന്നും പറയുന്നത് കേട്ടു, സിബിച്ചനൊരുങ്ങുവാ, പോകുന്നതിന് മുമ്പ് രാവിലെ കഴിക്കാനുള്ളത് കൊടുത്തില്ലങ്കിൽ പുറത്ത് നിന്ന് വല്ലതുമൊക്കെ വാങ്ങിക്കഴിച്ച് വയറ് കേടായാലോ?അതാ ഞാനീ വെപ്രാളം പിടിക്കുന്നത്, ചേച്ചി ഫ്രീയാണെങ്കിൽ, ആ തേങ്ങയൊന്ന് തിരുമ്മി താ അലീന പറഞ്ഞത് കേട്ട് സൂസിയും ,
അപ്പോൾ അങ്ങോട്ട് കടന്ന് വന്ന റെയ്ച്ചലും, ഒരുപോലെ ഞെട്ടി. ഇതാ ചേച്ചീ.. തേങ്ങ അലീന, സൂസിയുടെ നേരെ ഒരുമുറി തേങ്ങ നീട്ടി. പിന്നേ… നിനക്ക് തേങ്ങാ തിരുമ്മിത്തരാനല്ലേ, ഞാനിവിടെ നില്ക്കുന്നത് ,എനിക്ക് വേറെ ജോലിയുണ്ട് ഫ്ളാസ്കിൽ നിന്നും ചൂട് ചായ പകർത്തിയെടുത്ത് കൊണ്ട്, സൂസി പുറത്തേക്ക് പോയി. അല്ലാ… ഡാഡിക്കിതെന്ത് പറ്റി ?മുടിയനായ പുത്രനെയാണോ ഇത്രയും പ്രധാനപ്പെട്ടൊരു കാര്യമേല്പിച്ചത്? പുശ്ചത്തോടെ റെയ്ച്ചൽ ചോദിച്ചു. ഡേവിച്ചായനും, ബിനോച്ചായനും ബിസ്നസ്സ് നോക്കാനുള്ള കഴിവില്ലെന്ന് ചിലപ്പോൾ ഡാഡിക്ക് തോന്നിക്കാണും, അതായിരിക്കും ചുറുചുറുക്കുള്ള സിബിച്ചായനെ ഏല്പിച്ചത് തൻ്റെ ഭർത്താവിനെ തരം താഴ്ത്തിയത് ഇഷ്ടപ്പെടാതിരുന്ന അലീന, റെയ്ച്ചലിന് ചുട്ട മറുപടി കൊടുത്തു. ഡീ.. നീയധികം നെഗളിക്കണ്ടാ..
ചതുപ്പിൽ കിടന്ന നിൻ്റെ മഹിമ കണ്ടിട്ടൊന്നുമല്ല, നിന്നെയിങ്ങോട്ട് കെട്ടിയെടുത്തത് ,സിബിച്ചൻ്റെ സ്വഭാവം വച്ച്, അവന് നല്ല കുടുംബത്തിൽ നിന്ന് പെണ്ണ് കിട്ടാത്തത് കൊണ്ട് മാത്രമാ അത് ശരിയാ ചേട്ടത്തി പറഞ്ഞത് , എൻ്റെ ഡാഡിയും മമ്മിയും പോയി പെണ്ണ് ചോദിച്ചിട്ട്, അവളെയിങ്ങോട്ട് ,അന്തസ്സായിട്ട് കെട്ടിക്കൊണ്ട് വന്നതാ, പക്ഷേ ചേട്ടത്തിയോ? എൻ്റെ ബിനോച്ചായനെ കണ്ണും കയ്യും കാണിച്ച് കറക്കിയെടുത്തതല്ലേ? അവരുടെ സംസാരം കേട്ട് കൊണ്ട് അങ്ങോട്ട് വന്ന ,സിബിച്ചനാണ് റെയ്ച്ചലിന് മറുപടി കൊടുത്തത്. ഡാഡി ഒരു ജോലി ഏല്പിച്ചെന്ന് പറഞ്ഞ് നീ അഹങ്കരിക്കണ്ടാ,, ഇന്നല്ലെങ്കിൽ നാളെയിത് ,വേണ്ടാത്ത പണിയായിപോയെന്ന് ഡാഡിക്ക് തന്നെ തോന്നിക്കോളും, അലീനയുടെ മുന്നിൽ വച്ച് തന്നെ ഇൻസൾട്ട് ചെയ്ത ദേഷ്യത്തിന്, റെയ്ച്ചൽ ചാടിത്തുള്ളി പുറത്തേയ്ക്ക് പോയി.
ഒരു മാസം കഴിഞ്ഞപ്പോൾ സ്കറിയാ മാഷ്, സിബിച്ചനെ തൻ്റെ മുറിയിലേക്ക് വിളിച്ചു. ദാ ,നീ ഇത് കയ്യിൽ വച്ചോ, നിനക്കും അവൾക്കും ഒരുപാട് ചിലവുകളുള്ളതല്ലേ? സിബിച്ചൻ്റെ കയ്യിൽ ഒരു കെട്ട് നോട്ട് വച്ച് കൊടുത്തിട്ട്, സ്കറിയാ മാഷ് പറഞ്ഞു.. ഇതെന്തിനാ ഡാഡീ.. എനിക്കിത്രയും പണം? ഇരിക്കട്ടെടാ…നിൻ്റെ ചേട്ടൻമാരെപ്പോലെ നിനക്കും ഇപ്പോഴൊരു ജോലിയുണ്ട് ,ഇത് അതിനുള്ള ശബ്ബളമായി കരുതിയാൽ മതി, ങ്ഹാ പിന്നെ, നിനക്കവളെയും കൂട്ടി എങ്ങോട്ടെങ്കിലും ഒരു ട്രിപ്പ് പൊയ്ക്കൂടെ?അവൾക്കും കാണില്ലേ ?അത്തരം ആഗ്രഹങ്ങളൊക്കെ? അപ്പോഴാണ് സിബിച്ചന് ബോധോദയമുണ്ടായത് , ശരിയാണ് ഡാഡി പറഞ്ഞത്, കല്യാണം കഴിഞ്ഞ് ഇത് വരെ താനവളെയും കൊണ്ട് എങ്ങോട്ടും പോയിട്ടില്ല ,ദിവസവും രാവിലെ മുതൽ വൈകുന്നേരം വരെ, തനിക്കും ഈ കുടുംബത്തിലെ മറ്റുള്ളവർക്കും വേണ്ടി, പരാതിയില്ലാതെ കഷ്ടപ്പെട്ടിട്ടും, ഒരിക്കലും ഒരു സിനിമയ്ക്ക് പോലും കൊണ്ട് പോയിട്ടില്ലെന്ന്, അവൾ തന്നോട് പരിഭവം പറഞ്ഞിട്ടില്ല. സിബിച്ചന് കുറ്റബോധം തോന്നി.
രാത്രിയിൽ ജോലിയൊക്കെ ഒതുക്കി, ബെഡ് റൂമിലെത്തിയ അലീനയോട്, ഹണിമൂണിനായി എവിടെ പോകണമെന്ന്, സിബിച്ചൻ അവളോട് തിരക്കി. സിബിച്ചൻ ഇങ്ങനെ കട്ട സപ്പോർട്ടുമായി എൻ്റെ കൂടെയുണ്ടെങ്കിൽ ,എനിക്കെവിടെ ഹണിമൂൺ ആഘോഷിച്ചാലും ഒരു പോലെയാ എന്നാലും നിനക്കേറ്റവും പ്രിയപ്പെട്ട ഒരു സ്ഥലം പറ, അവിടെ ഞാൻ കൊണ്ട് പോകാം അങ്ങനെയെങ്കിൽ നമുക്ക് എൻ്റെ വീട്ടിലേക്ക് പോകാം, എനിക്ക് അതിലും പ്രിയപ്പെട്ട മറ്റൊരു സ്ഥലമില്ല, കല്യാണം കഴിഞ്ഞിട്ട് നമ്മളിത് വരെ അങ്ങോട്ട് പോയിട്ടില്ലല്ലോ? അത് ശരിയാണല്ലോ? എന്നിട്ടെന്താ നീയിത് വരെ എന്നോടത് ആവശ്യപ്പെടാതിരുന്നത് സത്യം പറയാല്ലോ, ഞാൻ സിബിച്ചൻ്റെ പെണ്ണായി കഴിഞ്ഞപ്പോൾ ,എൻ്റെ വീട്ട്കാരെക്കൂടി ഞാൻ മറന്ന് പോയി ലജ്ജയോടെയത് പറഞ്ഞപ്പോൾ, അവളുടെ കപോലങ്ങൾ തുടുക്കുന്നത്, കൊതിയോടെ അയാൾ നോക്കി നിന്നു.
തുടരും