Sunday, December 22, 2024
Novel

അലീന : ഭാഗം 2

എഴുത്തുകാരി: സജി തൈപ്പറമ്പ്

കല്യാണ റിസപ്ഷനൊക്കെ കഴിഞ്ഞ് സ്കറിയാമാഷിൻ്റെ വീട്ടിൽ നിന്നും അന്നാമ്മയും മക്കളും തിരിച്ചു സ്വന്തം വീട്ടിൽ എത്തിയപ്പോൾ നേരം ,ഒരുപാട് വൈകിയിരുന്നു. എങ്ങനെയുണ്ടായിരുന്നെടീ സിബിച്ചൻ്റെ വീടും പരിസരവുമൊക്കെ? നിങ്ങൾക്കെല്ലാവർക്കും അവിടെയൊക്കെ കണ്ടിട്ട് ഇഷ്ടമായോ? ഭാര്യയും മക്കളും തിരിച്ചു വരുന്നതും നോക്കി, ഉറങ്ങാതെ കാത്തിരുന്ന, അവറാച്ചൻ അവരോട് ചോദിച്ചു. എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടപ്പാ.. അതൊരു വീടല്ല, വലിയ ഒരു കൊട്ടാരമാണ്, അലീനേച്ചിയുടെ ഒരു ഭാഗ്യം ഏറ്റവും ഇളയവളായ ആമിയാണത് പറഞ്ഞത്. നിൻ്റെ മുഖമെന്താ മോളേ.. വാടിയിരിക്കുന്നത്, അവിടെ ചെന്നപ്പോൾ, അവരൊക്കെ നിന്നോട് സ്നേഹത്തോടെയല്ലേ പെരുമാറിയത്? അലീനയുടെ മുഖത്തെ മ്ളാനത കണ്ട്, അവറാച്ചൻ ചോദിച്ചു. അതവള്, ഇത്രയും നേരം ആൾക്കാരുടെ മുന്നിലും, ക്യാമറയുടെ മുന്നിലുമൊക്കെ ഒരുങ്ങിക്കെട്ടി പാതിരാത്രിവരെ നിന്നതിൻ്റെ ക്ഷീണമാ അവിടെ നടന്ന അനിഷ്ട സംഭവങ്ങളെക്കുറിച്ച് ,അച്ഛനോട് പറഞ്ഞ് അങ്ങേരെ കൂടി വിഷമിപ്പിക്കേണ്ടെന്ന്, അന്നാമ്മ മക്കളോട് ചട്ടം കെട്ടിയിരുന്നു.

ങ്ഹാ ,എന്നാൽ മക്കള് പോയി കിടന്നുറങ്ങ് ,രാവിലെ എഴുന്നേല്ക്കണ്ടതല്ലേ? അവറാച്ചൻ മക്കളോട് വാത്സല്യപൂർവ്വം പറഞ്ഞു. നിങ്ങൾക്ക് കഴിക്കാനുള്ള ആഹാരം ,സ്കറിയാ മാഷ് നിർബന്ധിച്ച് ഞങ്ങളുടെ കൈയ്യിൽ തന്ന് വിട്ടിട്ടുണ്ട്, എത്ര നാളായി, നിങ്ങൾക്ക് ഞാനിത്തിരി പോർക്കും, ബീഫുമൊക്കെ കൂട്ടി ആഹാരം തന്നിട്ട്, ആയ കാലത്ത് നിങ്ങൾ ,ഞങ്ങളെ കൊണ്ട് ഒരു പാട് തീറ്റിച്ചതല്ലേ?ഞാനെല്ലാം കുറേശ്ശെ വായിൽ വച്ച് തരാം ,എന്നിട്ട് ഗുളിക കഴിക്കേണ്ടതല്ലേ? അന്നാമ്മ ഭർത്താവിൻ്റെ നെറുകയിൽ അരുമയായി തഴുകി. പിറ്റേന്ന് അതിരാവിലെ, സ്കറിയാ മാഷ് ഏർപ്പാടാക്കിയ, ബ്യൂട്ടീഷനും സഹായിയുമെത്തി, അലീനയെ അണിയിച്ചൊരുക്കി. എൻ്റെ മോള് ഇപ്പോൾ ഒരു മാലാഖയെപ്പോലുണ്ട് ,നിന്നെ അവിടെ എല്ലാവർക്കും ഇഷ്ടമാവും ,മോൾക്കറിയാമല്ലോ?

ഒത്തിരി അംഗങ്ങളുള്ള ഒരു വലിയ തറവാടാണത്, എല്ലാവരോടും നല്ല ബഹുമാനത്തോട് കൂടിവേണം, പെരുമാറാൻ, ചെറിയ ചെറിയ അനിഷ്ടങ്ങളൊക്കെ, മറ്റുള്ളവർ പ്രകടിപ്പിച്ചാലും, മോള് അതൊക്കെയങ്ങ് കണ്ണടച്ചേക്കണം, എടുത്ത് ചാടി ഒരു തീരുമാനവും എടുക്കരുത്, മോൾക്കവിടെ എന്തെങ്കിലുമൊക്കെ ബുദ്ധിമുട്ട് തോന്നുമ്പോൾ, അപ്പനേയും അമ്മയേയും അനുജത്തിമാരേയുമൊക്കെ ഓർക്കുക, അപ്പോൾ മോൾക്ക് അതെല്ലാം സഹിക്കാനുള്ള മനോബലം, കർത്താവ് തരും, മോൾക്ക് നല്ലതേ വരു അപ്പൻ്റെ അനുഗ്രഹം വാങ്ങാനെത്തിയ, അലീനയെ അവറാച്ചൻ ഉപദേശിച്ചതിന് ശേഷം ആശീർവദിച്ചു. ഒൻപത് മണിയായപ്പോൾ, അന്നാമ്മയ്ക്കും മക്കൾക്കും കയറാനുള്ള ,ഇന്നോവ കാറ് കൂടാതെ ,ഒരു വലിയ ടൂറിസ്റ്റ് ബസ്സ് കൂടി ,സ്കറിയാ മാഷ് പറഞ്ഞ് വിട്ടിരുന്നു. ബന്ധുക്കളും അയൽക്കാരും കയറി കഴിഞ്ഞിട്ടും, ബസ്സിലെ പാതി സീറ്റുകളും കാലിയായിരുന്നു.

വലിയ പള്ളിയുടെ മുറ്റത്ത് കണ്ട പുരുഷാരം, ഇതിന് മുമ്പ് പള്ളിപ്പെരുന്നാളിന് മാത്രമേ അവർ കണ്ടിട്ടുള്ളു. നിരവധി ആഡംബരക്കാറുകൾ, പള്ളിമുറ്റത്ത് സ്ഥലമില്ലാത്തതിനാൽ, റോഡരികിൽ തന്നെ തലങ്ങും വിലങ്ങുമൊക്കെയായി പാർക്ക് ചെയ്തിരിക്കുന്നു. ഒരു മണിക്കൂറോളം നീണ്ട ചടങ്ങുകൾക്കൊടുവിൽ , സിബിച്ചൻ്റെയും അലീനയുടെയും വിവാഹം ആർഭാടമായി കഴിഞ്ഞു. പിന്നെയും മണിക്കൂറുകൾ കഴിഞ്ഞാണ്, പള്ളിമുറ്റത്ത് നിന്ന് എല്ലാവരും വീട്ടിലേക്ക് തിരിച്ചത്. അന്നാമ്മയും മക്കളും സ്വന്തം വീട്ടിലേക്കും, സിബിച്ചനും അലീനയും ബന്ധുക്കളോടൊപ്പം മാളിയേക്കൽ തറവാട്ടിലേക്കും പോയി. ബന്ധുക്കളുടെ ചോദ്യം ചെയ്യലും, പരിചയപ്പെടലുമൊക്കെ കഴിഞ്ഞ് അവർ പിരിഞ്ഞ് പോയപ്പോഴേക്കും, അലീന നന്നേ ക്ഷീണിച്ചിരുന്നു. എങ്കിൽ മോള് മുറിയിൽ പോയി ഒന്ന് റെസ്റ്റെടുക്ക് ,സിബിച്ചൻ ഇനി കുട്ടുകാരെയൊക്കെ സർക്കരിച്ചിട്ട് വരുമ്പോൾ രാത്രിയാകും അലീനയുടെ ക്ഷീണിച്ച മുഖം കണ്ട് അലിവ് തോന്നിയ മറിയാമ്മ, മരുമകളോട് പറഞ്ഞു.

ദാഹിച്ച് വലഞ്ഞിരുന്നപ്പോൾ, കുറച്ച് തണുത്ത വെള്ളം കിട്ടിയ ആശ്വാസമായിരുന്നു, അവൾക്കപ്പോൾ തോന്നിയത്. മറിയാമ്മ കാണിച്ച് കൊടുത്ത അലങ്കരിച്ച മുറിയിലേക്ക്, അലീന കയറിച്ചെന്നു. കരിവീട്ടിയിൽ തീർത്ത കൊത്ത് പണികളുള്ള വലിയ കട്ടിലിൻ്റെ മുകളിലെ, പതുപതുത്ത പട്ട്മെത്ത കണ്ടപ്പോൾ, വാടിയ വാഴത്തണ്ട് പോലെ അവളതിലേക്ക് വീണ് പോയി ,ശരീരത്തിൻ്റെ ക്ഷീണവും മനസ്സിലെ പറഞ്ഞറിയിക്കാനാവാത്ത വിഷമങ്ങളും കൊണ്ട്, കിടന്നപാടെ അവളുടെ കണ്ണുകൾ മെല്ലെയടഞ്ഞു . ആഹാ രാജകുമാരി പള്ളിയുറക്കമായോ? ഒരു സ്ത്രീ ശബ്ദം കേട്ടാണ്, അലീന മയക്കത്തിൽ നിന്ന് ഞെട്ടിയുണർന്നത് . ഇല്ല, ഞാനറിയാതെ ക്ഷീണം കൊണ്ട്… മുന്നിൽ നില്ക്കുന്നത്, സിബിച്ചൻ്റെ നേരെ മൂത്ത ചേട്ടനായ ബിനോയിയുടെ ഭാര്യ റെയ്ച്ചലാണെന്ന് മനസ്സിലാക്കിയ അലീന, ക്ഷമാപണത്തോടെ പറഞ്ഞു.

ഉം, എങ്കിലീ സാരിയും സ്വർണ്ണാഭരണങ്ങളുമൊക്കെ അഴിച്ച് വച്ചിട്ട്, അടുക്കളയിലോട്ടൊന്ന് എഴുന്നള്ളിയാട്ടേ, വൈകിട്ടത്തേയ്ക്ക് എന്തെങ്കിലും വച്ചുണ്ടാക്കണം, ബാക്കിയുള്ളോര് രണ്ട് ദിവസമായി ഈ വീട്ടിൽ കിടന്ന് കഷ്ടപ്പെടുവാ, ഞങ്ങൾക്കുമുണ്ട് ക്ഷീണമൊക്കെ അയ്യോ.. ഞാൻ ഇപ്പോൾ വരാം ചേച്ചി.. ഭവ്യതയോടെ അലീന പറഞ്ഞു. അന്ന് സിബിച്ചൻ, റെയ്ച്ചലിൻ്റെ അപ്പനോട് കയർത്ത് സംസാരിച്ചതിൻ്റെ വൈരാഗ്യം, തന്നോടവർക്കുണ്ടാവുമെന്ന് അലീനയ്ക്കറിയാമായിരുന്നു. മോളെന്തിനാ ഇപ്പോഴിങ്ങോട്ട് വന്നത്, റസ്റ്റൈടുത്തോളാൻ മേലാരുന്നോ? മറിയാമ്മ പുഞ്ചിരിച്ചോണ്ട് ചോദിച്ചു. അത് സാരമില്ലമ്മച്ചി, ഇനി മുതൽ ഞാനും ഈ അടുക്കളയിൽ ഉണ്ടാവേണ്ടതല്ലേ ? ഞാനും, എന്ന് എടുത്ത് പറയേണ്ട കാര്യമില്ല റെയ്ച്ചലിനും , എനിക്കും നാളെ മുതൽ ഓഫീസിൽ പോകാനുള്ളതാണ് , ഇനി മുതൽ നീ തന്നെയാണ് അടുക്കള കാര്യങ്ങളെല്ലാം നോക്കേണ്ടത് സിബിച്ചൻ്റെ മൂത്ത ജ്യേഷ്ടൻ ഡേവിസിൻ്റെ ഭാര്യ സൂസിയത് പറഞ്ഞപ്പോൾ, തനിക്കീ വീട്ടിൽ ഒന്നിലധികം ശത്രുക്കളെയാണ് ദിവസേന അഭിമുഖീകരിക്കേണ്ടി വരിക എന്ന തിരിച്ചറിവ്, അലീനയുടെ മനസ്സിൽ ആശങ്ക പരത്തി.

സൂസിചേച്ചി പറഞ്ഞത് നേരാ, പിന്നെ അമ്മേ .. ആ കല്യാണി ഇനി മുതൽ പുറം പണികളൊക്കെ ചെയ്താൽ മതിയെന്ന് പറ ,അവൾക്ക് തീരെ വൃത്തിയും വെടിപ്പുമില്ലാത്തവളാ ,ഇനിയിപ്പോൾ ഇവിടുത്തെ കാര്യങ്ങള്ളൊക്കെ അലീന നോക്കിക്കോളും ,അമ്മ കുട്ടികളെയും കളിപ്പിച്ച് ഒരിടത്ത് ഇരുന്നാൽ മതി മൂത്തമരുമക്കളുടെ സംസാരം കേട്ട് തല കുലുക്കി സമ്മതമറിയിച്ചതല്ലാതെ, അമ്മായിയമ്മ തനിക്ക് വേണ്ടി ഒരക്ഷരവും പറഞ്ഞില്ലല്ലോ, എന്നോർത്ത് അവൾക്ക് നിരാശ തോന്നി, കഥയില്ലാത്തൊരു സത്രീയാണതെന്നും, മരുമക്കളുടെ മുന്നിൽ അവരുടെ വോയിസ് ഉയരില്ലെന്നും, അലീന മനസ്സിലാക്കി. ഈ വീട്ടിൽ തന്നെ സപ്പോർട്ട് ചെയ്യാൻ പെണ്ണുങ്ങളാരുമുണ്ടാവില്ലെന്ന് അലീനയ്ക്ക് ബോധ്യമായി. അടുക്കള ജോലികൾ ഓരോന്നായി തീർക്കുമ്പോഴും, സിബിച്ചൻ വന്നോ എന്ന് ഇടയ്ക്കിടെ പുറത്തേയ്ക്കവൾ എത്തി നോക്കുന്നുണ്ടായിരുന്നു.

ഇന്നലെ, തന്നെയും കുടുംബത്തെയും സപ്പോർട്ട് ചെയ്ത് സംസാരിച്ചത് കൊണ്ട് മാത്രമല്ല, ഇന്ന് തന്നെ മിന്ന് കെട്ടുന്ന സമയത്തും, ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോഴുമൊക്കെ, അദ്ദേഹത്തിന് മദ്യപിച്ചതിൻ്റെ യാതൊരു ലക്ഷണവുമില്ലാതിരുന്നത്, അവൾക്ക് ഒരു പാട് ആശ്വാസം നല്കിയിരുന്നു. മാത്രമല്ല തന്നോട് സംസാരിച്ചതൊക്കെ എത്ര മാന്യമായിട്ടാണ് ,അതോടെ തൻ്റെ മനസ്സിൽ സിബിച്ചനോട് എന്തോ അടുപ്പം തോന്നിത്തുടങ്ങിയിട്ടുണ്ടെന്ന് അവൾക്ക് മനസ്സിലായി. അന്ന് വഴിയിൽ വച്ച് കണ്ടപ്പോൾ, താൻ അദ്ദേഹത്തോട് മോശമായി പെരുമാറിയതിന് ,സിബിച്ചനോട് മാപ്പ് പറയണമെന്ന് അവൾ തീരുമാനമെടുത്തിരിക്കുകയാണ്. അത് കൊണ്ട് കൂടിയാണ്, സിബിച്ചനൊന്ന് വന്നിരുന്നെങ്കിലെന്ന് ,അലീന അതിയായി ആഗ്രഹിക്കുന്നത്. നീയും അവിടിരുന്ന് കഴിക്ക് മോളേ.. രാത്രിയിൽ എല്ലാവർക്കും അത്താഴം വിളമ്പുന്നതിനിടയിൽ, സ്കറിയാ മാഷ് അലീനയോട് പറഞ്ഞു.

വേണ്ടപ്പാ.. ഞാൻ പിന്നെ കഴിച്ചോളാം അപ്പനോ? അത് നിൻ്റെ വീട്ടിൽ, ഇവിടെയെല്ലാവരും, അപ്പനെ ഡാഡിയെന്നാ വിളിക്കുന്നത്, അതാണ് അന്തസ്സ്, നീയും ഇനി മുതൽ അങ്ങനെ വിളിച്ചാൽ മതി റെയ്ച്ചൽ അലീനയോട് ആജ്ഞാപിച്ചു. എല്ലാവരും വയറ് നിറച്ച് കൈ കഴുകി പോയപ്പോൾ ,അലീനയ്ക്ക് കുന്ന്കൂടിയ എച്ചില് പാത്രങ്ങൾക്കൂടി കഴുകി വൃത്തിയാക്കി വയ്ക്കേണ്ടി വന്നു. സ്വന്തം മുറിയിൽ തിരിച്ച് വന്ന്, മേല് കഴുകി മുഷിഞ്ഞ വസ്ത്രങ്ങൾ മാറ്റി സ്യൂട്കെയ്സിൽ നിന്നും കല്യാണ വസ്ത്രങ്ങളോടൊപ്പം വാങ്ങി വച്ചിരുന്ന, ഒരു ചുരിദാറെടുത്തണിഞ്ഞിട്ട്, അലീന ബാൽക്കണിയിലേക്കിറങ്ങി നിന്ന് മുൻവശത്തെ റോഡിലേക്ക് കണ്ണും നട്ട് നിന്നു. സമയം വൈകുന്തോറും, അവൾക്ക് ഉള്ളിലെ ആധികൂടി കൊണ്ടിരുന്നു. വിശപ്പ് കലശലായപ്പോൾ സിബിച്ചൻ വന്നിട്ട് ഒരുമിച്ചിരുന്ന് കഴിക്കാമെന്ന് തോന്നിയത് അബദ്ധമായിപ്പോയെന്ന് അവൾക്ക് മനസ്സിലായി.

താൻ കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്നിട്ട്, അവസാനം കൂട്ടുകാരോടൊപ്പം അദ്ദേഹം കുടിച്ച് ലക്കില്ലാതെ ആയിരിക്കുമോ വരുന്നത്. നീയിത് ആരെ നോക്കി നിക്കുവാ? പിന്നിൽ നിന്നൊരു ശബ്ദം കേട്ട് അലീന ഞെട്ടിത്തിരിഞ്ഞ് നോക്കി. സിബിച്ചനെയാണെങ്കിൽ, അതിന് വച്ച വെള്ളമങ്ങ് വാങ്ങി വച്ചേര് ,അവൻ വന്നാൽ വന്നൂന്ന് പറയാം, രാത്രിയിൽ വീട്ടിൽ കിടന്നുറങ്ങുന്ന ശീലമൊന്നും അവന് പണ്ടേയില്ല ,കുടിച്ച് ലക്ക് കെട്ട് പറമ്പിലെ ഏതെങ്കിലും തെങ്ങിൻ ചുവട്ടിൽ കാണും, നാളെ രാവിലെ ചെന്ന് നോക്കുന്നതാണ് ഉത്തമം, പിന്നെ ,മദ്യം മാത്രമല്ല ,പെണ്ണും അവനൊരു ദൗർബല്യമാണെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്, അത് ശരിയാണോന്ന് ചോദിച്ചാൽ, എൻ്റെ കയ്യിൽ തെളിവൊന്നുമില്ല കെട്ടോ ,അങ്ങനൊന്നുമില്ലെങ്കിൽ നിൻ്റെ ഭാഗ്യം എരിതീയിൽ എണ്ണയൊഴിച്ചിട്ട് റെയ്ച്ചൽ നടന്ന് അവരുടെ മുറിയിലേക്ക് പോയപ്പോൾ, അലീനയുടെ മനസ്സിലെ ആശങ്ക വർദ്ധിച്ചു .

തുടരും

അലീന : ഭാഗം 1