അഖിലൻ : ഭാഗം 2
നോവൽ
എഴുത്തുകാരി: ഭദ്ര ആലില
ഡി… നിന്നോട് തന്നെയാ…. നിന്റെ ചെവി എന്താ പൊട്ടിയിരിക്കുകയാണോ..?
ഇനി അയാളുടെ കാലിൽ വീഴുകയല്ലാതെ വേറെ വഴിയില്ലാന്നു എനിക്ക് മനസിലായി.
സോറി സർ… ഇവിടെ എല്ലാവരും സാറിനെ അങ്ങനെ വിളിക്കുന്നത് കേട്ടു ഞാൻ അറിയാതെ വിളിച്ചു പോയതാ … ഇനി ആവർത്തിക്കില്ല.
കുറച്ചു കരച്ചിലൊക്കെ കൂട്ടി കലർത്തി ഞാൻ പറഞ്ഞു.
നീ എന്താ വിളിച്ചേ ..?
ഈശ്വരാ അപ്പോ ഇയാള് ഞാൻ വിളിച്ചത് കേട്ടില്ലേ… പിന്നേയും പെട്ടല്ലോ ഈശ്വരാ.
ക്ലാസ്സിൽ ആകെ ഒന്ന് കണ്ണോടിച്ചു നോക്കിയപ്പോൾ എല്ലാവരും എന്നെ കടിച്ചു കീറാൻ നിൽക്കുന്നപോലെ. ഒന്നുകിൽ സീനിയർസ്ന്റെ കൈയിൽ നിന്ന്… അല്ലെങ്കിൽ ഇയാളുടെ കയ്യിൽ നിന്ന് … എന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി.
നിന്റെ നാവിറങ്ങി പോയോടി. ?
അത്… അവര്..
എന്റെ ക്ഷമ പരീക്ഷിക്കാതെ വാ തുറന്നു വല്ലതും പറയുന്നുണ്ടോ..?
മുക്കോടി ദൈവങ്ങളെയും വിളിച്ചു പ്രാർത്ഥിച്ചു കൊണ്ട് രണ്ടും കല്പ്പിച്ചു ഞാൻ പറഞ്ഞു
ഡ്രാക്കുള. ഡ്രാക്കുളഎന്നാ വിളിച്ചേ .
കുറച്ചു നേരത്തെക്ക് ക്ലാസ്സിൽ വല്ലാത്തൊരു നിശബ്ദത പടർന്നു. എല്ലാവരുടെയും നെഞ്ചിടിപ്പിന്റെ ശബ്ദം എനിക്ക് കേൾക്കാമായിരുന്നു. സാർ ഒന്നും പറയാതെ എന്നെ തന്നെ നോക്കി നിൽക്കുന്നു. എനിക്കാകെ തല കറങ്ങുന്ന പോലെ തോന്നി.
എന്താടി പറഞ്ഞെ…?
സാർ ഒരു ചുവട് മുന്നോട്ടു വച്ചതും ഞാൻ ക്ലാസ്സിൽ നിന്ന് ഇറങ്ങി ഒരോട്ടം കൊടുത്തു.
ഓടി കിതച്ചു എന്റെ ക്ലാസിനു മുൻപിൽ എത്തിയപ്പോഴേക്കും എല്ലാവരും അന്യഗ്രഹ ജീവിയെ കണ്ടത് പോലെ എന്നെ തന്നെ നോക്കുന്നു .
സാർ… ഞാൻ ഈ ക്ലാസിലെയാ… കയറിക്കോട്ടെ
ഹമ്.. വാ.. വാ.. ഒന്നിരുത്തി മൂളിയിട്ട് സാർ എന്നെ അകത്തേക്ക് വിളിച്ചു.
ഞാൻ ഏറ്റവും നടുവിലെ ബെഞ്ചിൽ പോയി ഇരുന്നു. ഇതു വഴി പോകുമ്പോൾ പോലും ഇനി ആ ഡ്രാക്കുളയുടെ മുന്നിൽ പെടാതിരിക്കാൻ അതേ വഴി ഉണ്ടായിരുന്നുള്ളൂ. രക്ഷപെട്ട സന്തോഷത്തിൽ മതി മറന്നു ഇരിക്കുമ്പോൾ ആണ് എന്നെ ഞെട്ടിച്ചു കൊണ്ട് ആ അനൗൺസ്മെന്റ് മുഴങ്ങുന്നത്.
ഫസ്റ്റ് ഇയർ മാത്‍സിൽ പഠിക്കുന്ന കൃഷ്ണേന്ദു ഓഫീസിലേക്ക് വരേണ്ടതാണ്.
ആരാ കൃഷ്ണേന്ദു. ?
ഞാൻ പതുക്കെ എഴുന്നേറ്റു നിന്നു.
ഓഹ്.. താൻ ആണോ. പോയിട്ട് വാ.
ഓഫീസിൽ ചെല്ലുമ്പോൾ പ്രിൻസിക്ക് മുന്നിൽ ഡ്രാക്കുളയും നിൽപ്പുണ്ടായിരുന്നു. എന്നെ കടിച്ചു കീറാൻ ഉള്ള ദേഷ്യം ഉണ്ടായിരുന്നു അയാൾക്ക്.
താനൊക്കെ എന്തിനാ രാവിലെ കെട്ടി ഒരുങ്ങി വരുന്നത്… പഠിക്കാൻ തന്നെ ആണോ.
തടിച്ച ഫ്രെയിം ഉള്ള കണ്ണട ഊരി മേശപുറത്തു വച്ചു കൊണ്ട് മാം ചോദിച്ചു. അവരുടെ മുഖത്തിനു ഒട്ടും ചേരാത്തതായിരുന്നു അവരുടെ ഗൗരവ ഭാവം.
വാ തുറന്നു വല്ലതും പറയെടി .
അഖിലൻ സാർ ദേഷ്യത്തോടെ എന്റെ നേരെ തിരിഞ്ഞു.
മാം.. ഞാൻ..
വന്ന ഉടനെ സാറിന് ഇരട്ടപേര് വിളിക്കാൻ ആണ് ഉത്സാഹം..മര്യാദക്ക് ആണേൽ തനിക്കു ഇവിടെ പഠിക്കാം.. അല്ലെങ്കിൽ താൻ ഇവിടെ തുടരണോ വേണ്ടയോ എന്ന് എനിക്ക് ആലോചിക്കേണ്ടി വരും. തല്ക്കാലം ക്ലാസിൽ പൊക്കോ.
ഇവളെ അങ്ങനെ വിട്ടാൽ എങ്ങനെയാ..
സാരമില്ല അഖിലൻ ഒരു തവണ നമുക്ക് ക്ഷമിക്കാം കുട്ടികൾ അല്ലേ.
രക്ഷപെട്ട ആശ്വാസത്തിൽ പുറത്തേക്കു നടക്കുമ്പോൾ സാർ എനിക്ക് ഒപ്പം എത്തി.
നീ രക്ഷപെട്ടു എന്ന് കരുതണ്ട .. എന്റെ പിള്ളേരുടെ മുന്നിൽ വച്ചു എന്നെ കളിയാക്കിയ നീ അനുഭവിക്കാൻ പോണേ ഉള്ളു.
ഓഹ് പിന്നേ….. ഞാൻ കാരണം അല്ലേ അവർ ഡ്രാക്കുള എന്ന് വിളിക്കുന്നെ…അല്ലാതെ സ്വഭാവം കാരണം അല്ല.
തിരിച്ചു ഒരു മറുപടി വരും മുൻപേ വിജയിയുടെ ഭാവത്തിൽ ഞാൻ നടപ്പിന് സ്പീഡ് കൂട്ടി.
ക്ലാസ്സിൽ ചെന്ന ഉടനെ അടുത്ത് ഇരുന്നവരുടെ വക അന്വേഷണം തുടങ്ങി… ന്തായിരുന്നു… എന്തിനായിരുന്നു മാം വിളിച്ചത് എന്നൊക്കെ.
ചുമ്മാ പരിചയപ്പെടാൻ.. എന്ന് പറഞ്ഞു ഞാൻ ഒഴിഞ്ഞു മാറി.
കുറച്ചു കഴിഞ്ഞപ്പോൾ അഖിലൻ സാർ ക്ലാസ്സിൽ വന്നു ഞങളുടെ സാറിനോട് എന്തോ പറഞ്ഞു. ഒന്നും പറയാതെ സാർ ക്ലാസ്സിൽ നിന്നു പുറത്തേക്കു പോയതും അഖിലൻ സാർ ക്ലാസ്സിലേക്ക് കയറി വന്നു സംസാരിക്കാൻ തുടങ്ങി.
ഹലോ .. ഞാൻ അഖിലൻ.
അഖിലൻ അല്ല ഡ്രാക്കുള..അങ്ങനെയാ എല്ലാവരും വിളിക്കുന്നെ . ഞാൻ പതുക്കെ അടുത്ത് ഇരുന്ന കുട്ടിയോട് ആയി പറഞ്ഞു.
എന്റെ സബ് മലയാളം ആണ്. എന്നാലും
ആദ്യ ദിവസം അല്ലെ… എനിക്ക് വളരെ വേണ്ട പെട്ട ഒരാളെ ഞാൻ നിങ്ങൾക്ക് പരിചയപെടുതാൻ വന്നതാണ് .
കൃഷ്ണേന്ദു… ഒന്ന് ഇങ്ങു വരു.
സാർ എന്റെ പേര് വിളിച്ചതും ഞാൻ ഞെട്ടി പോയി. ഇതിനി എന്തിന് ആണാവോ..
ഞാൻ ഇറങ്ങി എല്ലാവർക്കും മുൻപിൽ ചെന്ന് നിന്നു.
ഇത് കൃഷ്‌ണേന്ദു .. പതിവിലും നേരത്തെ ഹാജർ ആയതു കൊണ്ട് നിങ്ങൾക്ക് ഒരുപക്ഷെ പരിചയപ്പെടാൻ സാധിച്ചിട്ടുണ്ടാവില്ല. അല്ലേ.
അല്ല സാർ… ഈ കുട്ടിയാണ് ഏറ്റവും വൈകി വന്നത്. പുറകിൽ നിന്ന് ആരോ വിളിച്ചു പറഞ്ഞു.
ഹാ… എന്തായാലും നിങ്ങളുടെ എല്ലാവരുടെയും ഒരു പ്രത്യേക ശ്രെദ്ധ ഇവളുടെ മേൽ വേണം കെട്ടോ.. സ്വന്തം ക്ലാസ്സ് ഏതാണെന്നു തിരിച്ചറിയനുള്ള സാമാന്യ ബുദ്ധി പോലും ഇല്ലാത്ത കുട്ടി ആണ് .. ബാഗ് വരെ വേറെ ആരെങ്കിലും കൊണ്ട് കൊടുക്കണം .
അപ്പോഴാണ് ഞാൻ ആ കാര്യം ഓർത്തതു.അവിടുന്നു ഇറങ്ങി ഓടിയപ്പോൾ ഞാൻ ബാഗ് എടുക്കാൻ മറന്നു.
ദാ തന്റെ ബാഗ്. ഇവളെ ഞാൻ നിങ്ങളെ ഏൽപ്പിക്കുകയാണ് .. കേട്ടോ.
ബുദ്ധി വളർച്ച ഇല്ലാത്ത കുട്ടി അല്ലേ… ഞങ്ങൾ നോക്കിക്കോളാം സാറെ… ക്ലാസ്സിൽ കൂട്ടചിരി മുഴങ്ങി . സങ്കടവും നാണക്കേടും കൊണ്ട് ആരെയും ഫേസ് ചെയ്യാനുള്ള ധൈര്യം ഇല്ലാതെ ഞാൻ തല കുനിച്ചു നിന്നു.
എല്ലാവരുടെയും കണ്ണുകൾ എന്നിൽ തന്നെ ആകും.എന്റെ കണ്ണൊക്കെ നിറഞ്ഞോഴുകി തുടങ്ങിയിരുന്നു.
അപ്പൊ എല്ലാ പറഞ്ഞ പോലെ. എന്നെ ഒന്ന് പുച്ഛത്തോടെ നോക്കിയിട്ട് സാർ പോയി.
പിന്നെ ബാക്കിയുള്ളവരുടെ വക ചോദ്യങ്ങളും കളിയാക്കലുകളും സഹിക്കാൻ കഴിയാതെ വന്നപ്പോൾ ഞാൻ ക്ലാസ്സിൽ നിന്നും ഇറങ്ങി.
എന്റെ വരവ് പ്രതീക്ഷിചേന്ന പോലെ സ്റ്റെപ്പിന് അടുത്ത് അഖിലൻ സാർ നിൽപ്പുണ്ടായിരുന്നു.
ഇനി എന്നോട് മത്സരിക്കാൻ നിൽക്കരുത്. മത്സരിച്ചാൽ ഇതായിരിക്കില്ല ഇനി നിന്റെ അവസ്ഥ . മറ്റുള്ളവരുടെ മുന്നിൽ നാണം കെടുമ്പോൾ നല്ല സുഖം ഉണ്ടല്ലേടി.
മറുപടി പറയാനുള്ള അവസ്ഥയിൽ ആയിരുന്നില്ല ഞാൻ.. പക്ഷേ തന്നെ ഞാൻ ഇനി വെറുതെ വിടില്ലഡോ..ഈ നന്ദു ആരാണെന്നു താൻ അറിയും. ഞാൻ മനസ്സിൽ ഉറപ്പിച്ചു
(തുടരും )