Friday, November 15, 2024
Novel

അഹാന : ഭാഗം 1-2

എഴുത്തുകാരി: ആഷ ബിനിൽ

“കിടന്ന് കൊടുക്കുമ്പോൾ നീയൊന്നും അറിഞ്ഞില്ലേ ഇങ്ങനെ വേദന സഹിക്കേണ്ടി വരുമെന്ന്..?” PV എക്‌സാമിനേഷൻ കഴിഞ്ഞശേഷം ഡോക്ടർ അഹാനയുടെ ചോദ്യം കേട്ട് വേദന കൊണ്ട് പുളഞ്ഞ ആ യുവതി അവളെ ദയനീയമായി നോക്കി. പിന്നെ തനിക്ക് ചുറ്റിലും നിൽക്കുന്ന നേഴ്സുമാരെയും. ഹോസ്പിറ്റൽ ഓണർ കൂടിയായ അഹാനയോട് എതിർക്കാനുള്ള ധൈര്യം ഇല്ലാത്തത് കൊണ്ടുതന്നെ, അവരെല്ലാം മൗനം ഭജിച്ചു. “ദേ നീയിങ്ങനെ ബലം പിടിച്ചിരുന്നാൽ നിന്റെ കുഞ്ഞു വയറ്റിൽ തന്നെ കിടക്കും.

അതല്ലാതെ ഞാൻ സിസേറിയൻ ചെയ്യും എന്നൊന്നും പ്രതീക്ഷിക്കുകയേ വേണ്ട. നന്നായി ഡയലേറ്റ് ആയിട്ടുണ്ട്. നീ മനസുവച്ചാൽ ഉടനെ പ്രസവം നടക്കും. അതുകൊണ്ട് നന്നായി പുഷ് ചെയ്യാൻ നോക്ക്” ലവലേശം പോലും ദയയില്ലാതെ പെഷ്യന്റിനെ മുഖത്തു നോക്കി അത്രയും പറഞ്ഞ ശേഷം നേഴ്‌സുമാർക്ക് കണ്ണുകൊണ്ട് എന്തോ നിർദേശം കൊടുത്തുകൊണ്ട് അഹാന ഡ്യൂട്ടി റൂമിലേക്ക് പോയി. ഫോണെടുത്തു നോക്കിയപ്പോൾ രാഹുലിന്റെ മിസ്ഡ് കോൾ വന്നു കിടപ്പുണ്ട്. തിരികെ വിളിക്കുമ്പോൾ ഒറ്റ റിങ്ങിൽ തന്നെ അവൻ ആൻസർ ചെയ്തു. “അഹാനമോളെ.. നീ ഫ്രീയാണോ? എപ്പോഴാ കാണാൻ പറ്റുന്നെ?”

“നെറ്റ് ഡ്യൂട്ടി ആണ് രാഹുൽ. ഒരു ഡെലിവറി കൂടിയുണ്ട്. രണ്ടുമണി കഴിയും ഇറങ്ങാൻ” “എങ്കിൽ ഞാൻ ആ സമയത്ത് വരാം” “വരുമ്പോ എനിക്ക് കഴിക്കാൻ എന്തെങ്കിലും കൊണ്ടുവരണം..” അത്രയും പറഞ്ഞു മറുപടിക്ക് കാത്തു നിൽക്കാതെ അഹാന ഫോൺ വച്ചു. കസേരയിൽ ചാരി കിടന്ന് മയങ്ങിത്തുടങ്ങിയ സമയത്താണ് ഫോൺ വീണ്ടും റിങ് ചെയ്തത്. “ഡോക്ടർ ശാലിനി…” പറഞ്ഞു തീരും മുൻപേ ഫോൺ വച്ചു സ്റ്റെത്തും എടുത്തുകൊണ്ട് അവൾ ലേബർ റൂമിലേക്ക് ഓടിയിരുന്നു. ആദ്യമായി ഒരു പ്രസവം കാണുന്ന കൗതുകത്തോടും അതിലേറെ സൂക്ഷ്മതയോടും കൂടി അഹാന തന്റെ ജോലിയിലേക്ക് തിരിഞ്ഞു.

അത്രനേരം ഗൗരവത്തിൽ മുഖമൂടിയണിഞ്ഞിരുന്ന അവളുടെ കണ്ണുകൾ പിറന്നുവീണ കുഞ്ഞുമുഖം കണ്ടമാത്രയിൽ സാന്ദ്രമായത് മറ്റാരും ശ്രദ്ധിച്ചില്ല. കുഞ്ഞിനെ സിസ്റ്റർമാർക്ക് കൈമാറി, ക്ഷീണം കൊണ്ട് മയങ്ങുന്ന പേഷ്യന്റിന്റെ നിറുകയിൽ ഒന്ന് തലോടി അഹാന പുറത്തേക്കിറങ്ങി. പിന്നെ തിരിഞ്ഞു നിന്നു. “സിസ്റ്റർ ഞാൻ ഇറങ്ങുവാണ്. എന്തെങ്കിലും എമർജൻസി വന്നാൽ ഡോക്ടർ കിരണിനെ വിളിക്കൂ” പതിവിലും നേരത്തെയുള്ള ഈ പോക്ക് എവിടേയ്ക്കാണെന്ന് മനസിലാക്കിക്കൊണ്ട് തന്നെ ഹെഡ് നേഴ്‌സ് തലയാട്ടി. ഫോണും ബാഗുമെടുത്ത് ഹോസ്പിറ്റലിന്റെ പുറത്തേക്കിറങ്ങിയപ്പോഴേക്കും രാഹുൽ കാറുമായി എത്തിയിരുന്നു.

അഹാന വരുന്നത് കണ്ട സെക്യൂരിറ്റി അവന്റെ കാറിന്റെ ഡോർ തുറന്നുകൊടുത്തു. അയാളെയോ ഡ്രൈവിംഗ് സീറ്റിലിരിക്കുന്ന രാഹുലിനെയോ ശ്രദ്ധിക്കാതെ അഹാന കാറിലേക്ക് കയറി സീറ്റിൽ ചാഞ്ഞുകിടന്നു. “പുതിയ ആളാ..??” കാർ പോകുന്നത് നോക്കിനിന്ന സെക്യൂരിറ്റിയോട് മറ്റൊരാൾ ചോദിച്ചു. “അല്ല.. ഒന്നൊന്നര മാസം ആയി. നമ്മുടെ പഴയ അജിത്ത് ഡോക്ടറുടെ ഫ്രണ്ടാ കക്ഷി. എന്തായാലും ഇതിനി അധികം നീളാൻ ചാൻസ് ഇല്ല..” രണ്ടുപേരും കാർ പോയവഴിയെ നോക്കി പുച്ഛത്തോടെ ചിരിച്ചു. 🏵️🏵️🏵️

ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ട് രാഹുലിന്റെ നഗ്നമായ ശരീരം തന്നിൽ നിന്ന് വേർപെടുത്തി അഹാന എഴുന്നേറ്റു. ഡിസ്പ്ലേയിൽ രമാദേവി എന്ന പേര് കണ്ടു ദേഷ്യത്തോടെ കോൾ കട്ട് ചെയ്തു ഫോണും സ്വിച്ച് ഓഫ് ചെയ്തു കട്ടിലിന്റെ ഹെഡ് റീസ്റ്റിൽ ചാരി കണ്ണടച്ചിരുന്നു. പിന്നെ ദേഹം മറയ്ക്കാൻ മിനക്കേടാതെ തന്റെ വസ്ത്രങ്ങൾ കയ്യിലെടുത്തു ബാത്റൂമിലേക്കു നടന്നു. അഹാന കുളി കഴിഞ്ഞിറങ്ങുമ്പോൾ കട്ടിലിൽ എഴുന്നേറ്റ് കിടക്കുകയായിരുന്നു രാഹുൽ. കണ്ണാടിക്കു മുന്നിൽ വന്നുനിന്ന് അവൾ മുടി കോതുന്നതും കണ്ണെഴുതുന്നതും അവൻ കൗതുകത്തോടെ നോക്കിനിന്നു.

ധരിച്ചിരുന്ന കറുത്ത സാരിയിൽ വെളുത്തു കൊലുന്നനെയുള്ള അവളുടെ സൗന്ദര്യം ഇരട്ടിച്ചിരുന്നു. സ്ഥിരമായി സാരി ധരിക്കുന്ന, കാജൽ കൊണ്ട് കണ്ണ് കറുപ്പിച്ചു വലിയ പൊട്ട് തൊട്ട് നടക്കുന്ന, ആരും മോഹിക്കുന്നത്ര സുന്ദരിയും സമ്പന്നയുമായ അവളോട് കേവലം കൗതുകം മാത്രമാണോ തനിക്കെന്ന് അവനും മനസിലായില്ല. “എന്താ ഇങ്ങനൊരു നോട്ടം?” രാഹുലിന്റെ നോട്ടം കണ്ട് ഭാവഭേദം ഏതുമില്ലാതെ അഹാന കണ്ണാടിയിൽ കൂടി തന്നെ ചോദിച്ചു. അവൻ ഒന്നുമില്ലെന്ന് ചുമൽ കൂച്ചിക്കൊണ്ട് അവളുടെ പുറകിൽ വന്നുനിന്ന് നനഞ്ഞ മുടിയിൽ മുഖം ചേർത്തു.

“അഹാന.. ഡീ.. അജിത്തിനെ തിരികെ എടുത്തൂടെ നിനക്ക്..?” അഹാനയുടെ മുഖം മാറിയത് ശരവേഗത്തിലായിരുന്നു. അവൾ തിരിഞ്ഞു രാഹുലിനെ ഒന്ന് നോക്കി. പിന്നെ ബാഗുമെടുത്ത് ഇറങ്ങാൻ തുടങ്ങി. “അഹൂ.. മോളെ.. പ്ലീസ്.. അവനെന്റെ ബെസ്റ്റ് ഫ്രണ്ടാടി. നിനക്കറിയാവുന്നതല്ലേ എല്ലാം. അവൻ വഴിയല്ലേ നമ്മൾ പരിചയപ്പെട്ടത് പോലും. എനിക്ക് വേണ്ടി. പ്ലീസ്…” അവൾ നിന്ന നിൽപ്പിൽ തിരിഞ്ഞു കൈകൾ നെഞ്ചിൽ പിണച്ചു അവന്റെ മുഖത്തേക്ക് നോക്കി. “രാഹുൽ രണ്ടു കാര്യങ്ങൾ. ഒന്നാമത് എന്നെ ചെല്ലപ്പേര് വിളിക്കരുതെന്ന് നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട് പലതവണ.

രണ്ടാമത് നിനക്ക് വേണ്ടി എന്റെ സ്റ്റാഫിനെ കയറിപ്പിടിച്ച ഒരു ഫ്രോഡ് ഡോക്ടറെ തിരിച്ചെടുക്കാൻ നീയാരാ? എഹ്ഹ്??? അല്ല.. അജിത്ത് ഫേമസായ ഒരു പൾമനോളജിസ്റ്റല്ലേ.. അവന് വേറെയും ഹോസ്‌പിറ്റലിൽ കയറാമല്ലോ… പിന്നെന്താ RK യിൽ തന്നെ വരണം എന്നവന് ഇത്ര വാശി?” അപമാനം കൊണ്ട് മുഖം ചുവന്ന് വന്നെങ്കിലും രാഹുൽ സംയമനം പാലിച്ചു. “അത്.. നിന്റെ ഹോസ്പിറ്റലിൽ കിട്ടുന്ന സാലറി.. പിന്നെ ടാർഗറ്റ് ഇല്ല. വർക്ക് പ്രഷർ ഇല്ല..” “എന്തായാലും അവനെ ഇനി തിരിച്ചെടുക്കാൻ പറ്റില്ല രാഹുൽ. അങ്ങനെ ചെയ്താൽ അവനിനിയും എന്റെ സ്റ്റാഫിനോട് മോശമായി പെരുമാറി എന്നുവരും.

അപ്പോ വേറൊന്നും ഇല്ലല്ലോ. ഞാൻ പോകുന്നു.” “നീ വല്യ പതിവൃത ചമയുവൊന്നും വേണ്ട. എനിക്ക് മുൻപ് നീ എത്രപേരുടെ കൂടെ കിടന്നിട്ടുണ്ട് എന്നെങ്കിലും അറിയോ നിനക്ക്? അവളൊരു ശീലാവതി വന്നിരിക്കുന്നു.” രാഹുൽ ക്രോധത്തോടെ പറഞ്ഞു. അത് കേട്ടിട്ടും അഹാനയുടെ ഭാവം മാറിയില്ല. “നിന്നോട് ഞാൻ എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ ഞാൻ വിർജിൻ ആണെന്ന്? നീയെന്റെ ആദ്യത്തെ ബോയ്ഫ്രണ്ട് ആണെന്ന്? ഞാനെന്തായാലും മുറപ്പെണ്ണുമായി കല്യാണം ഉറപ്പിച്ചു നിശ്ചയവും കഴിഞ്ഞ് എന്റെ ചൂട് തേടിവന്ന നിന്നെക്കാളും ഭേദമാണ് രാഹുൽ.

ഇത് നമ്മുടെ അവസാനത്തെ മീറ്റിങ് ആകട്ടെ.” നടന്നു തുടങ്ങിയ അഹാന പെട്ടെന്ന് നിന്നു. പിന്നെ ബാഗിൽ നിന്ന് ഏതാനും നോട്ടുകളെടുത്ത് രാഹുലിന്റെ കയ്യിൽ പിടിപ്പിച്ചു. “ഞാൻ സൗജന്യമായി ഒന്നും സ്വീകരിക്കാറില്ല. താങ്ക്സ് ഫോർ ദി നെറ്റ്..” തന്റെ കണ്ണുകളിൽ നോക്കി പറഞ്ഞു പുറത്തേക്ക് നടക്കുന്നവളെ രാഹുൽ പകയോടെ നോക്കിനിന്നു. അവന്റെ കയ്യിലിരുന്ന നോട്ടുകൾ ഞെരിഞ്ഞമർന്നു. 🏵️🏵️🏵️ “മോളെ.. നീയെന്താ ഇത്ര വൈകിയത്?” വീട്ടിലേക്ക് വന്നുകയറിയ അഹാനയെ നോക്കി രമാദേവി ചോദിച്ചെങ്കിലും അവരെയൊന്ന് നോക്കുക പോലും ചെയ്യാതെ ഡൈനിങ്ങ് ടേബിളിന് സമീപത്തേക്ക് അവൾ നടന്നു.

“അഹാന നിന്നോടാ ചോദിച്ചത്. രണ്ടുമണിക്ക് ഹോസ്പിറ്റലിൽ നിന്നിറങ്ങിയ നീ ഇതുവരെ എവിടെ ആയിരുന്നു എന്ന്…?” പ്ളേറ്റിലേക്കെടുത്തു വച്ച ഇഡ്ഡലിയിലേക്ക് സാമ്പാർ ഒഴിച്ചുകൊണ്ട് അഹാന അവരെയൊന്ന് നോക്കി. “ഓഹോ. അപ്പോ രമാദേവി CID പണിയും തുടങ്ങി അല്ലെ. നല്ല കാര്യം. അല്ല… എന്റെ കാര്യങ്ങളൊക്കെ ഇങ്ങനെ അന്വേഷിച്ചു നടക്കാൻ നിങ്ങളാരാ എന്റെ..?” ആ ചോദ്യത്തിൽ അവരൊന്നു പതറി. തന്റെ സാന്നിധ്യം പോലും ഗൗനിക്കാതെ ഭക്ഷണം കഴിക്കുന്നവളെ അവർ നോക്കിനിന്നു. കഴിച്ചു കൈകഴുകി എഴുന്നേറ്റ് പോകാൻ തുടങ്ങിയതും അവർ മുന്നിൽ വന്നു നിന്നു. “ഞാൻ നിന്റെ അമ്മയാണ്.

നിന്റെ കാര്യങ്ങൾ അറിയാൻ എനിക്കവകാശം ഉണ്ട്. ഒരു പെണ്കുട്ടി അല്ലെ നീ? വയസ് ഇത്രയായി. നാട്ടുകാരെ കൊണ്ട് ഓരോന്ന് പറയിക്കുന്നത് നോക്കിനിൽക്കാൻ എനിക്ക് പറ്റില്ല.” “അമ്മ” അഹാന പുച്ഛത്തോടെ ചുണ്ട് കോട്ടി. “അമ്മ എന്ന വാക്കിന്റെ അർത്ഥം അറിയോ നിങ്ങൾക്ക്? എന്റെ അമ്മ എനിക്ക് പതിനെട്ട് വയസുള്ളപ്പോ മരിച്ചു പോയതാ. പിന്നെ ഞാനിവിടെ ഒരു സ്ത്രീയെ നിർത്തിയിട്ടുണ്ട്. എന്റെ വീട് നോക്കാനും എനിക്ക് വച്ചു വിളമ്പി തരാനും എന്റെ വസ്ത്രം കഴുകാനും… അതാണ് നിങ്ങൾ. പിന്നെ ഇത്രയും ചോദിച്ചത് കൊണ്ടു പറയാം.

ഞാനിന്നലെ രാഹുലിന്റെ കൂടെ ബ്ലൂ മൂൺ റിസോർട്ടിൽ ആയിരുന്നു. എട്ടര മണിക്കാ അവിടെനിന്ന് ഇറങ്ങിയത്…” പ്രേതത്തെ കണ്ടപോലെ രമാദേവിയുടെ മുഖം വിളറി. അത് ആസ്വദിച്ചുകൊണ്ട് അഹാന പുഞ്ചിരിച്ചു. “അപ്പോ ശരി. ഞാനൊന്ന് കിടക്കട്ടെ. ഭയങ്കര ക്ഷീണം.. രാത്രി ഒട്ടും ഉറങ്ങിയിട്ടില്ലന്നേ..” ചിരിയോടെ ഒരു കണ്ണടച്ചു പറഞ്ഞുകൊണ്ട് കോണി കയറി പോകുന്നവളെ രമാദേവി കണ്ണീരോടെ നോക്കിനിന്നു. അഹാന റൂമിൽ കയറി കതക് വലിച്ചടച്ചു കട്ടിലിലേക്ക് വീണു. സമയം ഒമ്പതര. രണ്ടു മണിക്ക് ഓപി തുടങ്ങും. മെല്ലെ അവൾ ഉറക്കത്തിലേക്ക് വീണു. 🏵️🏵️🏵️

“മേഡം പുതിയ കാർഡിയോളജിസ്റ്റ് ഡോക്ടർ റൂബൻ ഐസക് ജോയിൻ ചെയ്തിട്ടുണ്ട്. മേടത്തിന്റെ അടുത്തേക്ക് വിട്ടോട്ടെ എന്നു ചോദിച്ചു HR” “വരാൻ പറയൂ” അഹാന തന്റെ ടേബിളിലിരുന്ന ഡോക്ടർ റൂബന്റെ റെസ്യൂമിലേക്ക് തിരിഞ്ഞു. “മേ ഐ കമിൻ മേഡം..?” “യെസ് പ്ലീസ്…” ഇരുനിറത്തിൽ ആറടി ഉയരവും ഉറച്ച ശരീരവും ഉള്ള ഇരുപത്തിയെട്ട് വയസോളം പ്രായമുള്ള യുവാവായിരുന്നു ഡോക്ടർ റൂബൻ. ഒരു ഡോക്ടർക് ചേരാത്ത വിധത്തിൽ താടിയും മുടിയും അൽപ്പം നീട്ടി, ഷർട്ടിന്റെ ബട്ടൻ തുറന്നിട്ട്, കഴുത്തിൽ വലിയൊരു കുരിശുമാലയണിഞ്ഞ അയാളെ അഹാന ഒന്ന് നോക്കി. “ഗുഡ് മോണിംഗ് മേഡം. ഡോക്ടർ റൂബൻ ഐസക്.” അയാൾ കൈനീട്ടി. “വെരി ഗുഡ് മോണിംഗ് ഡോക്ടർ.

പ്ലീസ് ടേക് യോർ സീറ്റ്.. ആൻഡ് കോൾ മീ അഹാന” ഷേക്ക് ഹാൻഡ് പിൻവച്ചുകൊണ്ട് അഹാന പറഞ്ഞു. റൂബൻ പുഞ്ചിരിച്ചു. “ഡോക്ടർ പഠിച്ചതൊക്കെ സ്റേറ്സിൽ അല്ലെ. പിന്നെന്താ നാട്ടിലേക്ക് വന്നത്?” റൂബൻ ചിരിച്ചു. “അമ്മയ്ക്ക് ഒരേ നിർബന്ധം. ഇനിയുള്ള കാലം എന്നെ കണ്ടോണ്ടിരിക്കണം എന്ന്. പിന്നെ ഞാൻ ഏതെങ്കിലും മദാമ്മമാരെ കെട്ടി പോയാലോ എന്ന പേടിയും ഉണ്ടെന്ന് കൂട്ടിക്കോ..” അയാൾ വീണ്ടും ചിരിച്ചു. “അങ്ങനെ സ്വന്തം ഇഷ്ടങ്ങളൊക്കെ മാറ്റി വയ്‌ക്കേണ്ട കാര്യമുണ്ടോ?” “അമ്മയ്ക്ക് വേണ്ടി അല്ലെ അഹാന.

എന്റെ എട്ടാമത്തെ വയസിൽ അപ്പൻ മരിച്ചപ്പോ വേറെ വിവാഹം പോലും കഴിക്കാതെ എനിക്കും അനിയത്തിക്കും വേണ്ടി ജീവിച്ചു തുടങ്ങിയതാ പാവം. അവർക്ക് കൊടുക്കാൻ കഴിയുന്ന സന്തോഷം ഇതൊക്കെയല്ലേ…” അഹാനയുടെ മുഖത്തെ ചിരി മായുന്നത് റൂബൻ ശ്രദ്ധിച്ചു. അവൾ വേഗം ഫോണെടുത്ത് ആരെയോ വിളിച്ചു. മിനിട്ടുകൾക്കുള്ളിൽ സുമുഖനായ ഒരു ചെറുപ്പക്കാരൻ അനുവാദം വാങ്ങി ക്യാബിൽനിലേക്ക് വന്നു. “ജെറിൻ ഇത് ഡോക്ടർ റൂബൻ. പുതിയ കർഡിയോളജിസ്റ്റ് ആണ്. ഡോക്ടറിന് ഓപിയും ക്യാത് ലാബും ഒക്കെ കാണിച്ചു കൊടുക്കൂ. അവയ്ലബിൾ ആയ ഡോക്ടേഴ്സിനെ പരിചയപ്പെടുത്തുകയും വേണം.”

“ശരി മേഡം” അയാൾ ഭവ്യതയോടെ പറഞ്ഞു. “ഡോക്ടർ ഇത് ജെറിൻ. നമ്മുടെ PRO ആണ്. കാര്യങ്ങക്കൊക്കെ ജെറിൻ പറഞ്ഞു തരും.” അഹാനയുടെ പെട്ടെന്നുള്ള ഭാവമാറ്റത്തിന്റെ കാരണം മനസ്സിലായില്ലെങ്കിലും റൂബൻ അയാളുടെ കൂടെ പുറത്തേക്ക് നടന്നു. “ഓൾ ദി ബെസ്റ്റ് ഡോക്ടർ” “താങ്ക്സ് അഹാന..” റൂബൻ കണ്ണ് കുറുക്കിക്കൊണ്ട് പുഞ്ചിരിയോടെ പറഞ്ഞു.

തുടരും അധികമില്ല. അടുത്ത പാർട്ടിൽ അവസാനിപ്പിക്കാം.

അഹാന : ഭാഗം 2