Saturday, December 21, 2024
Novel

അഗ്നി : ഭാഗം 4

എഴുത്തുകാരി: വാസുകി വസു


“ഒരുപാട് പ്രതീക്ഷകളോടെയാണ് ഞാൻ കിടന്ന് ഉറങ്ങിയത്.ചിലപ്പോൾ ലൈഫിലെയൊരു വഴിത്തിരിവാകും രവി ഉണ്ണിത്താനുമായുളള കൂടിക്കാഴ്ച….

അന്ന് ഞാൻ വളരെ സന്തോഷത്തോടെ ഉറങ്ങി.പതിവിലും നേരത്തെ ഉണർന്നു. ഞാൻ നോക്കുമ്പോൾ മൂന്നും പോത്തുപോലെ കിടന്നുറങ്ങുന്നു….

ടെസ്സ കമഴ്ന്നാണു കിടക്കുന്നത്. തലയണയെടുത്ത് അവളുടെ ചന്തിക്കൊന്ന് കൊടുത്തു….

” പുല്ല് എത്ര പ്രാവശ്യം വിളിച്ചിട്ടും ഉണരുന്നില്ല”

നല്ല രണ്ടു പെട കിട്ടിയതോടെ അലറിക്കൊണ്ടവൾ ചാടിയെഴുന്നേറ്റു….

“എന്നാ ഉറക്കമാടി പിശാചേ.രാവിലെ വരാമെന്ന് ഏറ്റത് മറന്നോ?”

“എന്നാലും ഇങ്ങനെ കണ്ണിൽ ചോരയില്ലാതെ ചന്തിക്കാണോടീ അടിക്കണത്”

മുതുകും തിരുമ്മി അവളെന്നെ ദഹിപ്പിച്ചു കളഞ്ഞു…

“നീ വരുന്നെങ്കിൽ വാ.ഇല്ലെങ്കിൽ ഞാൻ തനിയെ പൊയ്ക്കോളാം”

ടെസ്സയുടെ മറുപടിക്ക് കാത്ത് നിൽക്കാതെ ഞാൻ കുളിമുറിയിലേക്ക് ടർക്കിയുമെടുത്ത് നടന്നു…

ബാത്ത് റൂമിൽ കയറി പല്ല് തേച്ച് കഴിഞ്ഞു കുളിക്കാനായി ഷവറിന്റെ കീഴിൽ നിന്നു.അതിൽ നിന്ന് തണുത്ത വെള്ളം നഗ്നമേനിയിൽ പതിച്ചപ്പോൾ കിടുകിടുത്തു പോയി…

“ഹൊ ഒടുക്കത്തെ തണുപ്പ്..മഴക്കാലം കൂടിയായപ്പോൾ പറയുകയും വേണ്ട”

കുളി കഴിഞ്ഞു ടർക്കിയും മാറിൽ ചുറ്റി ഞാൻ മുറിയിലെത്തി. അപ്പോഴും ടെസ്സ സുഖനിദ്രയിൽ തന്നെ…

“അവളിങ്ങനെയാണ് .ഇങ്ങനെയൊരു മടിച്ചി”

ആദ്യമായിട്ടൊരു വീട്ടിൽ പോവുകയല്ലേ.പരിചയമില്ലാത്ത നാട്.ടെസ്സ കൂടിയുണ്ടെങ്കിൽ ഒരു കമ്പിനിയാകും….

“ടീ എഴുന്നേൽക്കാൻ…”

പിന്നെയൊന്നും ആലോചിച്ചില്ല ടാപ്പ് തുറന്നു ഒരുമഗ്ഗ് വെള്ളമെടുത്ത് ടെസ്സയുടെ തലയിൽ കമഴ്ത്തി.ഉടനെ ആൾ ചാടി എഴുന്നേറ്റു…

എഴുന്നേറ്റ ടെസ്സയെന്നെ സൂക്ഷിച്ചു നോക്കി. അവളുടെ കണ്ണിലെ കുസൃതി ഞാൻ കണ്ടു…

“നോക്കുകയൊന്നും വേണ്ട…പ്രത്യേകിച്ച് കൂടുതലൊന്നുമില്ല”

ചമ്മിയ ടെസ്സ വളിച്ചയൊരു ചിരി പാസ്സാക്കി…

“ഡീ പുല്ലേ കുളിച്ചിട്ട് വാ”

“ദാ ഞാൻ റെഡി”

പറഞ്ഞു കൊണ്ട് അവൾ കുളിമുറിയിലേക്ക് ഓടി…

ടെസ്സ കൂടെയുള്ളത് ഒരു ധൈര്യമാണ്..കരാത്തേ ബ്ലാക്ക് ബെൽറ്റാണ് അവൾ .എന്നെയും കുറച്ചു അഭ്യാസമൊക്കെ പഠിപ്പിച്ചിട്ടുണ്ട്….

ഞാൻ ബ്ലൂ കളർ ജീൻസും ടി ബനിയനും ധരിച്ച് റെഡിയായി.അപ്പോഴേക്കും ടെസ്സയുമെത്തി.പത്ത് മിനിറ്റെടുത്ത് അവൾ ഒരുങ്ങാൻ തന്നെ. ടെസ്സയും എന്റെ അതേ കളർ വേഷമാണ് ധരിച്ചത്…

ഞങ്ങൾ ഇറങ്ങാൻ തുടങ്ങിയപ്പോൾ ഗംഗ കണ്ണുതിരുമ്മി എഴുന്നേറ്റു വരുന്നു…

“എവിടേക്കാ രണ്ടും കൂടി”

“ഇന്നലെ പറഞ്ഞതു നീ മറന്നോ”

“സോറിയെടീ”

“സോറി നീ കയ്യിൽ വെച്ചോ..ഞങ്ങൾ ഇറങ്ങുവാ..വാടീ”

ടെസ്സയെയും വിളിച്ചു ഞാൻ ബുളളറ്റിൽ കയറി. നേരെ കരുനാഗപ്പള്ളിക്ക് വെച്ചു പിടിച്ചു…

ഞങ്ങൾ കരുനാഗപ്പള്ളിയിൽ എത്തുമ്പോൾ സമയം പത്തുമണി കഴിഞ്ഞു. പപ്പാ വാട്ട്സാപ്പിൽ ആളുടെ വീടിന്റെ ലൊക്കേഷനും അഡ്രസ്സും സെന്റ് ചെയ്തിരുന്നു.

എങ്കിലും സംശയം തീർക്കാനായിട്ട് ഞങ്ങൾ ഒരു ചെറിയ കടയിൽ കയറി തിരക്കി…

“ദേ ഈ റോഡുവഴി നേരെ വിട്ടോളൂ.ഏകദേശം ഒരുകിലോമീറ്റർ ദൂരം ചെല്ലുമ്പോൾ നാലും കൂടിയ ഒരു ജംക്ഷൻ ഉണ്ട്.

അവിടെ നിന്ന് ഇടത്തോട്ട് ഒരു അരകിലോമീറ്റർ.അവിടെ ചെറിയൊരു കുരിശടിയുണ്ട്.അതിനടുത്താ ഉണ്ണിത്താന്റെ വീട് .ആരോട് ചോദിച്ചാലും പറഞ്ഞുതരും”

“താങ്ക്സ് ചേട്ടാ”

ഞങ്ങൾ നന്ദിയും പറഞ്ഞു ബുളളറ്റിനു അരികിലെത്തി. പടിഞ്ഞാറ് നല്ല മഴക്കോളുണ്ട്.തണുത്ത കാറ്റ്….

“അഗ്നി തണുപ്പൊന്ന് മാറ്റിയാലോ”

ടെസ്സ പറഞ്ഞതിന്റെ പൊരുൾ മനസ്സിലായതും ഞാൻ യെസ്സ് എന്ന് മൂളി…

“ചേട്ടാ രണ്ടു കിങ്സ്”

“ങേ കിങ്സോ”

“അതെ സിഗരറ്റ്”

“ഇവിടെ അതൊന്നുമില്ല.വിൽസ് മാത്രമേയുള്ളൂ”

“അതെങ്കിൽ അത് മതി”

ഇവളുമാർ എവിടെ നിന്ന് വരുന്നെടാ എന്ന ഭാവത്തിൽ ചേട്ടൻ രണ്ടു വിൽസ് എടുത്ത് തന്നു….

“,ചേട്ടാ…ലൈറ്റർ

ഉടനെ ലൈറ്റർ ഞങ്ങൾക്ക് നേരെ ചേട്ടൻ നീട്ടി.വിൽസ് ഞങ്ങൾ ആസ്വദിച്ചു വലിച്ചു….

പതിയെ പുകച്ചുരുളായി അന്തരീക്ഷത്തിലേക്ക് വിട്ടു…ദം അടി കഴിഞ്ഞതും മഴ ഇരച്ചെത്തി…

” ടീ ജാക്കറ്റ് ഇങ്ങെടുക്ക്”

ടെസ്സ വണ്ടിക്ക് മുന്നിൽ വെച്ചിരുന്ന കവറിൽ നിന്ന് ജാക്കറ്റെടുത്തു വന്നു…ഞങ്ങൾ അതെടുത്ത് ധരിച്ചു….ഹെൽമറ്റും തലയിൽ വെച്ചു. മഴക്ക് ശക്തി കുറഞ്ഞതോടെ യാത്ര തുടർന്നു…

കടയിലെ ചേട്ടൻ പറഞ്ഞ കുരിശടിക്ക് പിറകിലെ വീട് ഞങ്ങൾ കണ്ടുപിടിച്ചു. വലിയൊരു വീടായിരുന്നു രവി ഉണ്ണിത്താന്റെ….

ടെസ്സ ഇറങ്ങി ഗേറ്റ് തുറന്നു. ഞാൻ ബുള്ളറ്റ് അകത്തേക്ക് ഓടിച്ചു കയറ്റി….

മുൻ വശത്തെ കതക് അടച്ചിരിക്കുകയാണ്.ഞാൻ കോളിങ് ബെല്ലിൽ വിരൽ അമർത്തി.അകത്ത് ഒരു ഹിന്ദിപ്പാട്ടിന്റെ ട്യൂൺ കേട്ടു…

രണ്ടു മിനിറ്റ് കഴിഞ്ഞതും പപ്പയുടെ പ്രായമുള്ളൊരു മനുഷ്യൻ കതക് തുറന്നു…

“ആരാ..എന്തുവേണം”

ഞാനും ടെസ്സയും ജാക്കറ്റും ഹെൽമെറ്റും ഊരി മാറ്റി മുമ്പോട്ട് ചെന്നു…

“അങ്കിൽ അയാം അഗ്നി..ഡോട്ടർ ഓഫ് നന്ദൻ മേനോൻ”

ഞാൻ സ്വയം പരിചയപ്പെടുത്തി. അദ്ദേഹം ഒന്നു പുഞ്ചിരിച്ചു…

“ഞാനാണ് രവി ഉണ്ണിത്താൻ. വാ അകത്തേക്ക് കയറി ഇരിക്കാം”

അദ്ദേഹം ക്ഷണിച്ചതോടെ ഞങ്ങൾ അകത്ത് കയറി ഇരുന്നു…

“ഈ കുട്ടി ഏതാണ്”

ടെസ്സയുടെ നേരെ വിരൽ ചൂണ്ടിയായിരുന്നു ചോദ്യം…

“എന്റെ ബെസ്റ്റ് ഫ്രണ്ട് ടെസ..പാലാക്കാരിയാണ്”

“മം..”

അങ്കിൾ ഗൗരവത്തിലൊന്ന് മൂളി…

“മേനോൻ രാവിലെ വിളിച്ചിരുന്നു. നിങ്ങൾ ഉച്ചക്ക് മുമ്പ് എത്തുമെന്ന് പറഞ്ഞിരുന്നു”

“ഞങ്ങൾ നേരത്തെയിങ്ങു പോന്നു അങ്കിൾ”

“കുടിക്കാനെന്താ വേണ്ടത്..ചായ..കോഫി”

“കോഫി മതി”

“ലക്ഷ്മി മൂന്ന് കോഫിയെടുത്തോളൂ”

അങ്കിൾ അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു…

“ശരിയേട്ടാ”

അകത്ത് നിന്ന് ഒരു സ്ത്രീ സ്വരമെത്തി…

“കോഫി കുടിച്ചു കഴിഞ്ഞു സംസാരിക്കാം‌.ഞാൻ ഉടനെ വരാം”

അങ്കിൾ മറ്റൊരു മുറിയിലേക്ക് കയറി. തിരികെ വരുമ്പോൾ കയ്യിൽ രണ്ടു ചെറിയ കവർ ഉണ്ടായിരുന്നു. അത് അദ്ദേഹം ടീപ്പോയിൽ വെച്ചു….

അകത്ത് നിന്ന് ഐശ്വര്യവതിയായൊരു മധ്യവയസ്ക്ക മൂന്നു കപ്പിൽ കോഫിയുമായെത്തി.ഓരോ കപ്പ് കോഫി ഞങ്ങൾക്ക് തന്നു…

“ലക്ഷ്മി ഇത് അഗ്നി..മറ്റേ പെൺകുട്ടി ടെസ്സ..അഗ്നി നമ്മുടെ നന്ദൻ മേനോന്റെ മകളാണ്”

ആ സ്ത്രീയെന്നെ കൗതുകത്തോടെ നോക്കി.ആ കണ്ണിൽ ഒരുമകളോടുളള വാത്സല്യം ഞാൻ കണ്ടു…

“അഗ്നി ഇതെന്റെ വൈഫ് ലക്ഷ്മി”

അവരെ അങ്കിൾ ഞങ്ങൾക്ക് പരിചയപ്പെടുത്തി….

ഞങ്ങൾക്ക് ഒരു മോനെയുള്ളൂ..നവനീത് ”

ഞങ്ങൾ അതുകേട്ട് പുഞ്ചിരിച്ചു…

“അച്ഛനും അമ്മയും അടിപൊളി ആണ്. എങ്കിൽ മകൻ ചുളളനായിരിക്കും..

ഞാൻ മനസ്സിൽ കണക്കു കൂട്ടി….

” അഗ്നി നന്ദൻ മേനോൻ എന്നെ വന്ന് കാണാൻ പറഞ്ഞത് എന്തിനെന്ന് അറിയാമോ”

എന്റെ നെഞ്ച് പെട്ടെന്ന് തുടിച്ചു.അച്ഛന്റെയും അമ്മയുടെയും ഡീറ്റെയിൽസ് കിട്ടും…

“മേനോന്റെ വീടൊരെണ്ണം ഇവിടെ അടുത്ത് വാങ്ങിയിട്ടട്ടുണ്ട്.നിന്റെ മമ്മിക്ക് അതറിയില്ല.ലാഭത്തിൽ കിട്ടിയപ്പോൾ വാങ്ങിയിട്ടതാണ്.

അത് നിന്റെ പേരിൽ രജിസ്റ്റർ ചെയ്തതിന്റെ ആധാരമാണിത്”

ഞാൻ പ്രതീക്ഷിച്ച വാർത്തയല്ല കേട്ടത്.എന്റെ മുഖം പെട്ടെന്ന് മ്ലാനമായി…

“ഇത് ആലപ്പുഴയിലുളള ഷോപ്പിംഗ് കോംപ്ലക്സ് നിന്റെ പേരിലാക്കിയതിന്റെ ആധാരമാണ്..

രണ്ടു കവറും അങ്കിൽ എനിക്ക് നേരെ നീട്ടി.ഞാനത് വാങ്ങി…

“നിന്റെ പപ്പ രാവിലെ വിളിച്ചപ്പോൾ എല്ലാം പറഞ്ഞിരുന്നു. അദ്ദേഹത്തെ നീയൊരിക്കലും വെറുക്കരുത്.നിന്റെ മമ്മി ആസൂത്രണം ചെയ്ത ചതിക്കുഴിയിൽ വീണന്നേ സൂചിപ്പിച്ചുളളൂ..എന്താണ് സംഭവങ്ങളുടെ കിടപ്പെന്ന് എനിക്ക് പൂർണ്ണമായും മനസിലായിട്ടില്ല”

ഞാൻ ഒന്നും മിണ്ടാതെ തല കുനിച്ചു ഇരുന്നു.അച്ഛനെയും അമ്മയെയും കുറിച്ച് ഒന്നും പറയുന്നില്ലല്ലോ…

“അങ്കിൾ എന്റെ മാതാപിതാക്കളെ കുറിച്ച് വല്ലതും അങ്കിളിനു അറിയാമോ?”

ആവേശത്തോടെ ഞാൻ ചോദിച്ചു…

“ഞങ്ങൾ ഉറ്റ സുഹൃത്തുക്കളാണ്.പക്ഷേ ഇന്നുവരെ അവനത് എന്നോട് പറഞ്ഞട്ടില്ല.അടുത്ത ആഴ്ച ഇവിടേക്ക് വരുന്നുണ്ട്. എല്ലാം വിശദമായി പറയാമെന്ന് മാത്രം പറഞ്ഞു”

“മം..ഞാൻ മൂളി”

അപ്പോഴാണ് പുറത്ത് ഒരു ബുളളറ്റ് വന്നു നിൽക്കുന്ന ശബ്ദം കേട്ടത്.കുറച്ചു കഴിഞ്ഞു അകത്തേക്ക് വന്ന ആളെ കണ്ടു ഞാനും ടെസ്സയും ഞെട്ടിയത്…

മ്യൂസിയം പോലീസ് ഇൻസ്പെക്ടർ…

“മോന്റെ കൂട്ടുകാരനാണ് അഖി…മ്യൂസിയം പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ. നവനീതിനെ കാണാൻ വന്നതാണ്”

അങ്കിൽ പറഞ്ഞത് കേട്ടിട്ടും അയാൾ ഞങ്ങളെ മൈൻഡ് ചെയ്യാതെ മുകളിലെ മുറിയിലേക്ക് കയറിപ്പോയി…

“എന്നാൽ ഞങ്ങൾ ഇറങ്ങുവാ അങ്കിൾ”

ഇൻസ്പെക്ടർ വന്നതോടെ കൂടുതൽ ടൈം ഇരിക്കാൻ എനിക്ക് തോന്നിയില്ല..ഞാനും ടെസ്സയും യാത്ര പറഞ്ഞു അവിടെ നിന്ന് ഇറങ്ങി…

മഴ തോർന്നതിനാൽ ജാക്കറ്റ് ധരിച്ചില്ല..നല്ല ചൂടായിരിക്കും…

വന്ന കാര്യം സാധിക്കാത്തതിൽ ഞാൻ കടുത്ത നിരാശയിലായിരുന്നു….ഞങ്ങൾ കരുനാഗപ്പള്ളി കഴിഞ്ഞു ചവറയിൽ എത്തിയപ്പോൾ എന്റെ ഫോൺ ബെല്ലടിച്ചത്..

എടുക്കണ്ടെന്ന് കരുതിയതാണു.വീണ്ടും ബെല്ലടിച്ചപ്പോൾ ബുളളറ്റ് നിർത്തി ഫോൺ എടുത്തു നോക്കി….

പരിചയമില്ലാത്ത നമ്പർ..എങ്കിലും കോൾ അറ്റൻഡ് ചെയ്തു…..

“ഫോണിൽ വന്നത് മുഴുവൻ കേൾക്കും മുമ്പേ ഫോൺ എന്റെ കയ്യിൽ നിന്ന് താഴേക്ക് ഊർന്നു വീണു…

” എന്തു പറ്റിയെടി”

“പപ്പക്ക് ആക്സിഡന്റെന്ന്…”

ഞാൻ വാക്കുകൾ പറഞ്ഞൊപ്പിച്ചു….

“ങേ..” ടെസ്സ ഞെട്ടി…

“നീയിറങ്ങി പിന്നിൽ ഇരിക്ക്..ഞാൻ ഓടിച്ചോളാം”

ടെസ്സ പിറകിൽ നിന്നിറങ്ങി ബുളളറ്റിന്റെ ഫ്രണ്ടിൽ ഇരുന്നു.ഞാൻ പിന്നിലും….

ടെസ്സ സ്റ്റാർട്ട് ചെയ്തു വീശി തിരിച്ചു… എന്നിട്ട് മിന്നൽ വേഗത്തിൽ വണ്ടി ഓടിച്ചു… ”

“ഈശ്വരാ പപ്പക്ക് ഒരാപത്തും വരുത്തരുതേ..”

ഞാൻ നിശബ്ദമായി കണ്ണീരോടെ പ്രാർത്ഥിച്ചു…

തുടരും…

അഗ്നി : ഭാഗം 1

അഗ്നി : ഭാഗം 2

അഗ്നി : ഭാഗം 3