Thursday, January 23, 2025
Novel

അഗസ്ത്യ : ഭാഗം 4

എഴുത്തുകാരി: ശ്രീക്കുട്ടി

ഋതു വന്ന് വിളിച്ചപ്പോഴാണ് കരഞ്ഞുതളർന്നെപ്പോഴോ ഉറങ്ങിപ്പോയ അഗസ്ത്യ താഴേക്ക് ചെന്നത്. അപ്പോഴേക്കും ബ്രേക്ക്‌ഫാസ്റ്റൊക്കെ കഴിഞ്ഞ് ഋഷി പുറത്തെവിടേക്കോ പോയിരുന്നു. ഋതുവിന്റെയും ഊർമിളയുടേയും ഒപ്പമിരുന്നാണ് അവൾ ആഹാരം കഴിച്ചത്. ” സത്യാ നീ വേഗം ചെന്ന് റെഡിയായിട്ട് വാ നമുക്കൊന്ന് പുറത്തുപോകാം ” കഴിച്ചുകഴിഞ്ഞ് കിച്ചുവിനെയും കളിപ്പിച്ചുകൊണ്ടിരുന്ന അഗസ്ത്യയുടെ അടുത്തേയ്ക്ക് വന്ന് ഋതു പറഞ്ഞു. ” എവിടേക്കാ ചേച്ചി ?? ? ” ” നിനക്ക് ഡ്രസ്സൊന്നുമില്ലല്ലോ. നമുക്ക് അത്യാവശ്യം കുറച്ച് ഡ്രസ്സൊക്കെയെടുക്കാം.

ഋഷിയുടെ തിരക്കിനിടയിൽ ഇതിനൊന്നും സമയം കിട്ടില്ല. അതുമല്ല അവനൊരു പൊട്ടനാ എല്ലാം പറഞ്ഞുകൊടുക്കണം. അല്ലാണ്ടൊന്നും കണ്ടറിഞ്ഞ് ചെയ്യില്ല. ” ചിരിയോടെയുള്ള ഋതുവിന്റെ വർത്തമാനം കേട്ട് അവളും വെറുതെ ചിരിച്ചു. ” അതുശരിയാ മോളെ നിങ്ങള് ചെന്ന് അത്യാവശ്യത്തിന് കുറച്ച് ഡ്രസ്സൊക്കെ എടുത്തിട്ട് വാ ” അടുക്കളയിൽ നിന്നും അങ്ങോട്ട് വന്ന ഊർമിളയും പറഞ്ഞു. ” ആഹ് വേഗം ചെന്ന് റെഡിയായിട്ട് വാ നമുക്ക് വേഗം പോയിട്ട് വരാം. ” അഗസ്ത്യയുടെ മടിയിൽ നിന്നും കിച്ചുവിനെയെടുത്ത് ഒക്കത്തുവച്ചുകൊണ്ട് ഋതു പറഞ്ഞു. പത്തുമിനിട്ടിനുള്ളിൽ രണ്ടാളും റെഡിയായി കിച്ചുവിനെയും കൂട്ടിയിറങ്ങി. ”

പോയിട്ട് വരാമമ്മേ … ” കാറിലേക്ക് കയറാൻ നേരം വാതിൽക്കൽ നിന്നിരുന്ന ഊർമിളയേ നോക്കിയുള്ള അവളുടെ വാക്കുകൾക്ക് അവർ പുഞ്ചിരിയോടെ തലകുലുക്കി. അഗസ്ത്യക്ക് രണ്ടോ മൂന്നോ വീതം സാരികളും ചുരിദാറുമൊക്കെയെടുത്ത് കിച്ചുവിനെയും കൊണ്ട് പാർക്കിലും പോയിട്ടായിരുന്നു അവർ വീട്ടിലേക്ക് തിരിച്ചത്. ” നിങ്ങളെന്താ മോളെ താമസിച്ചത് ??? ” ഉച്ചയോടെ അവർ വീട്ടിലെത്തുമ്പോൾ ഉമ്മറത്തുണ്ടായിരുന്ന ഊർമിള കിച്ചുവിനെയുമെടുത്ത് ആദ്യം അകത്തേക്ക് വന്ന അഗസ്ത്യയെ നോക്കി ചോദിച്ചു. ” ഡ്രസ്സെടുത്ത് കഴിഞ്ഞപ്പോൾ പാർക്കിൽ പോണമെന്നും പറഞ്ഞ് അമ്മേടെ കൊച്ചുമോളൊറ്റക്കാലിലൊരു നിൽപ്പായിരുന്നു.

പിന്നെ പാർക്കിലും പോയിട്ടാ വരുന്നത്. ” അഗസ്ത്യയെന്തെങ്കിലും പറയും മുന്നേ പിന്നാലെ കയറിവന്ന ഋതുവാണത് പറഞ്ഞത്. ” ആഹാ ആണോടി കാന്താരി ?? ” അഗസ്ത്യയുടെ കയ്യിൽ നിന്നും മോളേ വാങ്ങി കവിളിൽ ഉമ്മവച്ചുകൊണ്ട് ഊർമിള ചോദിച്ചു. കിലുങ്ങിച്ചിരിച്ചുകൊണ്ട് കുഞ്ഞുമവരോടൊട്ടിച്ചേർന്നു. ” ആഹ് മോളേ സത്യാ ഋഷി മുകളിലുണ്ട്. നിങ്ങള് പോയി കുറച്ചുകഴിഞ്ഞപ്പോഴേക്കും വന്നു. ഇന്നവനോഫീസിൽ പോയില്ലെന്ന് തോന്നുന്നു. വന്നയുടൻ മോളെവിടെന്നാ തിരക്കിയത്. മോളങ്ങോട്ട് ചെല്ല്. ” ഋതുവിൽ നിന്നും കവറുകൾ വാങ്ങി അകത്തേക്ക് നടന്ന അഗസ്ത്യയോടായി ഊർമിള പറഞ്ഞു.

അത് കേട്ടതും അവളുടെ ഉടലൊന്ന് വിറച്ചു. അവൾ വേഗം കവറുകൾ ഡൈനിങ് ടേബിളിലേക്ക് വച്ചിട്ട് മുകളിലേക്ക് ചെന്നു. ചാരിയിട്ടിരുന്ന വാതിൽ തുറന്നകത്തേക്ക് കയറിയതും കണ്ടു ബെഡിലിരുന്ന് സിഗരറ്റ് പുകച്ച് തള്ളുന്ന ഋഷിയെ. അവളുടെ കൊലുസ്സിന്റെ ശബ്ദം കേട്ടതും മുഖമുയർത്തി അവനവളെ നോക്കി. ” ഓഹ് എത്തിയോ കെട്ടിലമ്മ ??? ” അവളുടെ മുഖത്ത് നോക്കി പുച്ഛത്തോടെ ചുണ്ടുകോട്ടിയവൻ ചോദിച്ചു. സാരിയുടെ തുമ്പിലമർത്തിപ്പിടിച്ച് തറയിലേക്ക് മിഴിയൂന്നി നിൽക്കുകയായിരുന്നു അപ്പോഴവൾ. ” എവിടെപ്പോയിരുന്നെടീ ഇതുവരെ ??? ”

കട്ടിലിൽ നിന്നും ചാടിയെണീറ്റവളുടെ നേർക്കടുത്തുകൊണ്ട് അവൻ ആക്രോശിച്ചു. ” അത് ഋതുച്ചേച്ചി പുറത്തുപോകാൻ വിളിച്ചപ്പോ…. ” ഭയം കൊണ്ട് നേർത്ത സ്വരത്തിൽ അവൾ പറയാൻ ശ്രമിച്ചു. ” അപ്പോഴേക്കും ഒരുങ്ങിച്ചമഞ്ഞങ്ങിറങ്ങി അല്ലെടീ ??? ” അവളുടെ മുടിയിൽ കുത്തിപ്പിടിച്ച് തല പിന്നോട്ട് വളച്ചുകൊണ്ട് പല്ലുകൾ ഞെരിച്ചമർത്തി അവൻ ചോദിച്ചു. ” അത് ചേച്ചി വിളിച്ചപ്പോ…. ” ” ചേച്ചി വിളിച്ചപ്പോ ??? എന്നിട്ട് നീയെന്നോട് ചോദിച്ചിട്ടാണോഡീ പോയത് ??? ” അവളുടെ കഴുത്തിൽ വിരലുകളമർത്തി ചുവരിലേക്ക് ചാരിക്കൊണ്ടാണ് അവനത് ചോദിച്ചത്. ” അത് ഋതുച്ചേച്ചി പറഞ്ഞു…. ”

” ഋതുച്ചേച്ചിയെന്ത് പറഞ്ഞെടി ??? നിന്നെ കെട്ടിയത് ഋഷികേശ് വർമയെന്ന ഈ ഞാനാ അല്ലാതെ ചേച്ചിയല്ല. മനസ്സിലായോടീ ??? ” അവളുടെ കഴുത്തിലെ പിടുത്തമൊന്നുകൂടെ മുറുക്കിക്കൊണ്ട് അവൻ ചോദിച്ചു. ” ഋഷിയേട്ടാ പ്ലീസ്…. വിട്…. എനിക്ക് വേദനിക്കുന്നു…. ” അവന്റെ കൈകൾ വിടുവിക്കാൻ കഴിയാതെ നിറഞ്ഞ മിഴികളാലവനെ ദയനീയമായി നോക്കി അവ്യക്തമായവൾ പറഞ്ഞു. ” വേദനിക്കണമെഡീ… എന്നെ ചതിച്ച നിന്റെ തന്തയ്ക്കും തള്ളയ്ക്കും കൂടിയുള്ള വേദന നീയനുഭവിക്കണം. അത് നിന്റെ തന്തയും തള്ളയും കാണുകയും വേണം എങ്കിലേ എന്നോടു ചെയ്ത തെറ്റിന്റെയാഴമവരറിയൂ. ” അത് പറയുമ്പോൾ അവന്റെ മുഖം വെറുപ്പുകൊണ്ട് വലിഞ്ഞുമുറുകിയിരുന്നു.

കണ്ണുകളിൽ ചുവപ്പ് രാശി പടർന്ന് ചുണ്ടുകൾ വിറച്ചിരുന്നു. ” ഋഷിയേട്ടാ പ്ലീസ്….. ” ഇരുകൈകൾ കൊണ്ടുമവന്റെ ഷർട്ടിലമർത്തിപ്പിടിച്ച് നിറഞ്ഞൊഴുകിത്തുടങ്ങിയ ചുവന്നുതുറിച്ച മിഴികൾ കൊണ്ടവനെ നോക്കിയൊരു യാചനപോലെ ആ വാക്കുകൾ എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിക്കുമ്പോഴും ശ്വാസമെടുക്കാനവൾ വല്ലാതെ ബുദ്ധിമുട്ടിയിരുന്നു. പക്ഷേ അതൊന്നും അവനിലെ അസുരനെ അടക്കാൻ പ്രാപ്തമായിരുന്നില്ല. കഴുത്തിലെ പിടി മുറുകുന്നതും കാലുകൾ നിലത്തുനിന്നുയർന്ന് വായുവിലാടുന്നതും അവളറിഞ്ഞു. ” ഋഷീ…… ” പിന്നിൽ നിന്നുമൊരലർച്ച പോലെ കേട്ട വിളിയിൽ ആ വലിയ വീട് നടുങ്ങി.

ഒരു ഞെട്ടലോടെ ഋഷിയുടെ കൈകൾ അഗസ്ത്യയുടെ കഴുത്തിൽ നിന്നുമയഞ്ഞു. അവൾ ചുവരിലൂടെ ഊർന്ന് നിലത്തേക്കിരുന്നു. തിരിഞ്ഞ് നോക്കുമ്പോൾ വാതിൽക്കൽ നിന്നിരുന്ന ഋതുവിനെക്കണ്ട് ഋഷിയുടെ മുഖം കുനിഞ്ഞു. പെട്ടന്ന് കാറ്റുപോലെ ഉള്ളിലേക്ക് പാഞ്ഞുവന്ന ഋതിക കൈ വീശിയവന്റെ മുഖത്താഞ്ഞടിച്ചു. ഒട്ടും പ്രതീക്ഷിക്കാതിരുന്നതിനാൽ അവൻ പിന്നിലേക്കൽപ്പം വേച്ചുപോയി. ” ചേച്ചിക്കെന്താ ഭ്രാന്ത് പിടിച്ചോ ??? ” അടികൊണ്ട കവിളിൽ കൈവച്ചുകൊണ്ട് ഋഷി ചോദിച്ചു. ” അതുതന്നെയാണെനിക്ക് നിന്നോടും ചോദിക്കാനുള്ളത് നിനക്കെന്താ ഭ്രാന്താണോ ഈ പാവത്തിനെയിങ്ങനുപദ്രവിക്കാൻ ???

ഞാൻ വിളിച്ചിട്ടാ സത്യ വന്നത് അതിത്ര വലിയ തെറ്റാണെങ്കിൽ ആദ്യം നീയെന്നെ തല്ല്. ” ദേഷ്യം നിയന്ത്രിക്കാൻ കഴിയാതെ വിറയ്ക്കുകയായിരുന്നു അവളപ്പോ. ഋഷിയവരെ രണ്ടാളെയുമൊന്ന് മാറി മാറി നോക്കിയിട്ട് ചവിട്ടിക്കുലുക്കി മുറിക്ക് പുറത്തേക്ക് പോയി. അവൻ പോയതും ഋതികയോടി അഗസ്ത്യയുടെ അരികിലേക്ക് ചെന്നു. അവളപ്പോഴും തളർന്നവിടെത്തന്നെയിരിക്കുകയായിരുന്നു. ” സത്യാ…. ” ” ചേച്ചി…. ” അരികിലേക്കിരുന്ന് ഋതു വിളിച്ചതും അഗസ്ത്യ തേങ്ങിക്കരഞ്ഞുകൊണ്ട് അവളുടെ മാറിലേക്ക് വീണു. ആ അവസ്ഥയിൽ എന്തുപറഞ്ഞവളെ സമാധാനിപ്പിക്കുമെന്നറിയാതെ ഋതിക വെറുതേയവളുടെ മുടിയിലൂടെ വിരലോടിച്ചുകൊണ്ടിരുന്നു.

” ഋഷിയേട്ടനെന്തിനാ ചേച്ചി എന്നോടിങ്ങനെ ??? അറിഞ്ഞുകൊണ്ട് ഞാനൊരു തെറ്റും ചെയ്തിട്ടില്ല. ” പൊട്ടിക്കരഞ്ഞുകൊണ്ട് ഏങ്ങിയേങ്ങി അവൾ പറഞ്ഞു. ” കരയല്ലേ സത്യാ…. അന്ന് നിർബന്ധിച്ച് ഋഷി നിന്റെ കഴുത്തിലീ താലി കെട്ടുമ്പോൾ അപ്പോഴത്തെ നാണക്കേടിന്റെ പുറത്തുണ്ടായൊരു വാശിയായി മാത്രമേ ഞങ്ങളൊക്കെ കരുതിയിരുന്നുള്ളു. പക്ഷേ അതിന് പിന്നിൽ അവനിങ്ങനൊരുദ്ദേശമുണ്ടായിരുന്നുവെന്ന് ഞങ്ങളാരും സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. ” ഋതുവിന്റെ വാക്കുകളിലും വേദന നിഴലിച്ചിരുന്നു. അന്ന് രാത്രിയായിട്ടും പുറത്തേക്ക് പോയ ഋഷി തിരികെ വരാതിരുന്നപ്പോൾ അഗസ്ത്യയുടെ ഉള്ളിലെ ഭയത്തിന്റെ ആക്കം കൂടി.

കാത്തിരുന്നെപ്പോഴോ ക്ഷീണം കാരണം മയങ്ങിപ്പോയ അവൾ ശരീരത്തിലെന്തോ ഭാരം തോന്നിയപ്പോഴാണ് ഞെട്ടിയുണർന്നത്. കട്ടിലിൽ കിടന്നിരുന്ന അവളുടെ മേലേക്ക് കിടന്നിട്ട് ആ മുഖത്തേക്ക് നോക്കി കിടക്കുകയായിരുന്നു അപ്പോൾ ഋഷി. അമിതമായി മദ്യപിച്ച് ചുവന്ന ആ കണ്ണുകളിലേക്ക് നോക്കിയതും ഭയം കൊണ്ടവളുടെ ശരീരം വിയർത്തുകുളിച്ചു. അവനെ തള്ളിമാറ്റിയെണീക്കാനവളൊരു ശ്രമം നടത്തിയെങ്കിലും അവന്റെ കരുത്തിനുമുന്നിലവൾ തളർന്നുപോയി. ” ഇപ്പൊ ഈ പാതിരാത്രി നിന്നെ രക്ഷിക്കാനിവിടാര് വരുമെടീ എന്റെ ചേച്ചിയോ അതോ അച്ഛനുമമ്മയുമോ ഇനിയതുമല്ല നിന്റെയാ ചതിയൻ തന്തയോ ???

” അവളുടെ മുഖത്തിന് തൊട്ടടുത്തായി വന്നുകൊണ്ട് അവൻ ചോദിച്ചു. ” എന്റച്ഛനാരോടുമൊരു ചതിയും ചെയ്തിട്ടില്ല. ” പെട്ടന്നെവിടെ നിന്നോ വന്ന ഒരു ധൈര്യത്തിലും ബലത്തിലും അവനെ തള്ളിമാറ്റിയവൾ ചാടിയെണീറ്റു. ” ഹാ അങ്ങനങ്ങ് പോയാലോ ഇവിടെവാടീ ചതിയന്റെ മോളേ… ” പറഞ്ഞതും അവൻ വീണ്ടുമവളെ കിടക്കയിലേക്ക് തന്നെ പിടിച്ചിട്ടു. വീണ്ടുമൊരിക്കൽക്കൂടിയവൾക്ക് രക്ഷപ്പെടാൻ കഴിയാത്ത വിധമൊരാലിംഗനത്തിലമർത്തി ചുണ്ടുകളവളുടെ അധരങ്ങളിലേക്കടുത്തു. അവനിൽ നിന്നുമുതിർന്ന മദ്യത്തിന്റെ രൂക്ഷഗന്ധം മുഖത്തേക്കടിച്ചപ്പോൾ അറപ്പോടവൾ മിഴികൾ ഇറുക്കിയടച്ചു.

തലേദിവസത്തിന്റെ ആവർത്തനമായ മറ്റൊരു രാത്രി കൂടിയരങ്ങേറുമ്പോൾ ഒന്ന് പ്രതിരോധിക്കാൻ പോലും കഴിയാതെ അവളുടെ മിഴികൾ പെയ്തുകൊണ്ടേയിരുന്നു. പിറ്റേദിവസം രാവിലെ ഓഫീസിലേക്ക് പോകാൻ റെഡിയായി താഴേക്ക് വന്ന ഋഷിയുടെ മുഖവും പെരുമാറ്റവുമെല്ലാം വളരെ ശാന്തമായിരുന്നുവെങ്കിലും ഋതുവിന്റെ മുഖത്ത് മാത്രം അവനെ കാണുമ്പോൾ അരിശം നുരഞ്ഞുപൊന്തിക്കോണ്ടിരുന്നു. അവൻ ഓഫീസിലേക്ക് പോയിക്കഴിഞ്ഞ് വെറുതെ ഓരോന്നോർത്ത് ബാൽക്കണിയിലിരിക്കുമ്പോഴായിരുന്നു അഗസ്ത്യയുടെ ഫോൺ ചിലച്ചത്. ഡിസ്പ്ലേയിൽ തെളിഞ്ഞ മൈഥിലിചേച്ചിയെന്ന പേര് കണ്ട് എടുക്കണോ വേണ്ടയൊന്ന് അല്പമൊന്നാലോചിച്ച ശേഷം അവസാനമവൾ കാൾ അറ്റൻഡ് ചെയ്തു. ”

ഹലോ ചേച്ചി…. ” ” സത്യാ നിനക്ക് സുഖാണോഡീ ??? ” അപ്പുറത്തുനിന്നുമുള്ള മൈഥിലിയുടെ ചോദ്യം കേട്ട് അവജ്ഞ തോന്നിയെങ്കിലും അതേയെന്ന അർത്ഥത്തിൽ അവളൊന്ന് മൂളി. ” അല്ലെങ്കിലും നിനക്കെന്താ സുഖത്തിനൊരു കുറവ് ലോട്ടറിയല്ലേ അടിച്ചിരിക്കുന്നത്. നിന്റെയീ ഭാഗ്യത്തിന് നീയെന്നോടാ നന്ദി പറയേണ്ടത്. ഈ എനിക്ക് വന്ന ഭാഗ്യമല്ലെ നീയടിച്ചെടുത്തത്. ” അവളുടെ വർത്തമാനം കേട്ട് അഗസ്ത്യയുടെ അധരങ്ങളിലൊരു മന്ദഹാസം വിരിഞ്ഞു. ” അത് ശരിയാ ചേച്ചി ഇതിലും വലിയൊരുഭാഗ്യമില്ല ചേച്ചിക്കീ അനിയത്തിക്കായി തരാൻ. എങ്കിലും എനിക്കുവേണ്ടി നമ്മുടച്ഛന്റെ നെഞ്ചത്ത് ചവിട്ടിക്കോണ്ട് ഇത്രേം വലിയൊരു ത്യാഗം ചെയ്യേണ്ടിയിരുന്നില്ല ചേച്ചി.

എപ്പോഴെങ്കിലുമൊന്ന് സൂചിപ്പിക്കുമെങ്കിലും ചെയ്യാമായിരുന്നു. എങ്കിലീ നാട്ടുകാരുടെയൊക്കെ മുന്നിൽ പാവം നമ്മുടച്ഛന്റെ തലയിത്രത്തോളം കുനിയേണ്ടി വരില്ലായിരുന്നു. ” ” സത്യാ നീയാരോടായീ സംസാരിക്കുന്നതെന്ന് നീ മറക്കരുത്. ” ശബ്ദമുയത്തി മൈഥിലി പറഞ്ഞു. ” മറന്നിട്ടില്ല ചേച്ചി… സ്വന്തം കാര്യം നേടാനായി സ്വന്തം അച്ഛനെയുമമ്മയെയും കൂടപ്പിറപ്പിനെയും പോലും ചതിക്കാൻ മടിയില്ലാത്ത ത്യാഗമയിയായ എന്റെ ചേച്ചിയോട് തന്നെ. ” പുച്ഛത്തോടെ അഗസ്ത്യ പറഞ്ഞുനിർത്തുമ്പോൾ മറുവശത്ത് നിശബ്ദത കനത്തിരുന്നു. പിന്നീട് മറുപടിക്ക് കാത്തുനിക്കാതെ കാൾ കട്ട്ചെയ്യുമ്പോൾ അവളുടെ മുഖം വലിഞ്ഞുമുറുകിയിരുന്നു.

— തുടരും…..

അഗസ്ത്യ : ഭാഗം 3