Tuesday, January 21, 2025
Novel

അഗസ്ത്യ : ഭാഗം 3

എഴുത്തുകാരി: ശ്രീക്കുട്ടി

” ആഹാ പുതുമണവാട്ടിയെത്തിയല്ലോ ” അകത്തേക്ക് കടന്നതും ആ ശബ്ദം മുഴങ്ങിയതും ഒരുമിച്ചായിരുന്നു. അഗസ്ത്യയുടെ മിഴികൾ പരിഭ്രമത്തോടെ ആ മുറിയാകെ പരതി. മുറിയുടെ ഒരരികിൽ കിടന്നിരുന്ന സോഫയിൽ പാതിയിൽ കൂടുതൽ കാലിയായ മദ്യക്കുപ്പിയും കയ്യിൽപ്പിടിച്ച് അവളെത്തന്നെ നോക്കിയിരിക്കുകയായിരുന്നു അപ്പോൾ ഋഷി. ” ഹാ ഫസ്റ്റ് നൈറ്റായിട്ടിങ്ങനെ വാതിൽക്കൽ തന്നെ നിന്നലെങ്ങനാ മോളേ…. കേറി വാ ” ഇരുന്നയിരുപ്പിൽ അവളെ നോക്കിയൊരു വഷളൻ ചിരിയോടെ അവൻ വിളിച്ചു. ഭയം കൊണ്ട് കാലുകൾ മുന്നോട്ട് നീങ്ങുന്നുണ്ടായിരുന്നില്ലെങ്കിലും എങ്ങനെയൊക്കെയൊ അവളകത്തേക്ക് ചെന്നു.

അപ്പോഴേക്കും കയ്യിലിരുന്ന കുപ്പി കാലിയാക്കി ഋഷിയത് റൂമിന്റെ മൂലയിലേക്കെറിഞ്ഞു കളഞ്ഞു. അത് ഭിത്തിയിൽ ചെന്നിടിച്ച് താഴേക്ക് വീണ് ചിന്നിച്ചിതറി. അവന്റെ ചെയ്തികളെനോക്കി മരവിപ്പോടെ നിന്നിരുന്ന തന്റെ നേർക്കവനാടിയാടി നടന്നടുക്കുന്നതവൾ ഭയത്തോടെ നോക്കി നിന്നു. ” സത്യം പറയാല്ലോ നിന്നെ ഞാനിപ്പോഴാ ശരിക്കൊന്ന് കാണുന്നത്. മ്മ്ഹ്… ഒരാവേശത്തിൽ നിന്നേക്കേറി കെട്ടിയതോർത്തൊരു കുറ്റബോധത്തിന്റെ ആവശ്യമൊന്നുമില്ല. മോശമല്ലാത്തൊരു മുതല് തന്നെ നീ ” അവളുടെ ഉടലിനെ മുഴുവനായുമൊന്നുഴിഞ്ഞ് നോക്കിക്കൊണ്ട് അവൻ പറഞ്ഞു.

അപ്പോഴേക്കും അഗസ്ത്യയുടെ മിഴികൾ തുളുമ്പിയിരുന്നു. ” ആഹാ നീ കരയുവാണോ ??? ” അവളുടെ മുഖത്തേക്ക് കുനിഞ്ഞുനോക്കി അട്ടഹസിച്ച് ചിരിച്ചുകൊണ്ട് അവൻ ചോദിച്ചു. അല്പനേരം തന്നെത്തന്നെ നോക്കി നിന്നിട്ട് അരികിലേക്ക് നടന്നടുക്കുന്ന അവനിൽ നിന്നും രക്ഷപെടാനായി അവൾ പിന്നിലേക്ക് ചുവടുകൾ വച്ചു. അതുകൂടി കണ്ടതും ഋഷിക്ക് വല്ലാത്തൊരു ഹരം തോന്നി. അവൻ കൂടുതൽ കൂടുതൽ അവളിലേക്കടുത്തു. ” ഇനി നീയെവിടെപ്പോയി രക്ഷപെടുമെഡീ ???? ” അവളുടെ തൊട്ടുമുന്നിൽ വന്നുനിന്ന് കണ്ണീർ വീണ് നനവ് പടർന്നിരുന്ന ആ കവിളുകളിൽ കുത്തിപ്പിടിച്ചുകൊണ്ട് അവൻ ചോദിച്ചു. ”

എന്നെ…. എന്നേയൊന്നും ചെയ്യരുത്…..ഞാൻ നിങ്ങളോടൊരു തെറ്റും ചെയ്തിട്ടില്ല. ” അമർന്ന സ്വരത്തിൽ യാചന നിറഞ്ഞ മിഴികളോടെ അവൾ പറഞ്ഞു. അത് കേട്ട് ഋഷി പൊട്ടിച്ചിരിച്ചു. ” നീ ചെയ്തിട്ടില്ലായിരിക്കും പക്ഷേ നിന്റെ തന്തയും തള്ളയും എന്നോട് ചെയ്ത തെറ്റിനുള്ള പ്രായശ്ചിത്തം നീ തന്നെ ചെയ്യണം. ” ” അവരൊരുതെറ്റും ചെയ്തിട്ടില്ല. ചേച്ചിക്കിങ്ങനെയൊരു ബന്ധമുണ്ടായിരുന്നുവെന്ന് അവളെ കാണാതായ ആ നിമിഷം വരെ ഞങ്ങൾക്കറിയില്ലായിരുന്നു. ” അവന്റെ കൈകളിൽ കിടന്ന് കുതറിക്കൊണ്ട് അവ്യക്തമായവൾ പറഞ്ഞു.

” നുണ…. നിനക്കും നിന്റെ വീട്ടുകാർക്കുമെല്ലാം എല്ലാ സത്യങ്ങളുമറിയാമായിരുന്നു. എന്നിട്ടും കാവുവിളയിലെ സ്വത്തും പണവും കണ്ട് കണ്ണുമഞ്ഞളിച്ച നിന്റെ തന്തയും തള്ളയും കൂടി അവളെയെന്റെ തലയിൽ കെട്ടിവയ്ക്കാൻ നോക്കുകയായിരുന്നു. അതിനുള്ള ശിക്ഷ നിന്നിലൂടെ അവരനുഭവിക്കണം. ജീവിതകാലം മുഴുവൻ നിന്നേ ഞാനെന്റെ പട്ടമഹിഷിയായിട്ട് വാഴിക്കുമെന്നാണോ നീയും നിന്റെ തന്തയുമൊക്കെ കരുതിയിരിക്കുന്നത് ??? ഇല്ലെടി ഇല്ല ഈ ഋഷിക്ക് നിന്നോടുള്ള മോഹമെന്നവസാനിക്കുന്നൊ അന്നവസാനിക്കും ഈ വീട്ടിലുള്ള നിന്റെ ജീവിതവും.

അതുകൊണ്ട് നീ പ്രാർത്ഥിക്ക് നിന്റെയീ രൂപമെന്നുമിങ്ങനെ തന്നെയുണ്ടാവാൻ. അല്ലെങ്കിൽ നിന്നെനിക്ക് പെട്ടന്ന് മടുത്തുപോകും ” അവന്റെയാവാക്കുകളൊരു ചാട്ടുളി പോലവളുടെ കാതിലേക്ക് തുളഞ്ഞുകയറി. ആദ്യം കാണുന്നതുപോലവളാ മുഖത്തേക്ക് നോക്കി നിന്നു. ” എന്താടീ നോക്കിപ്പേടിപ്പിക്കുന്നത് ???? നടക്കാൻ പോകുന്ന കാര്യമാണ് ഞാൻ പറഞ്ഞത്. ഞാൻ ചവച്ചുതുപ്പിയ നീ ജീവിതം കരഞ്ഞുതീർക്കുന്നത് നിന്റെയാ ചതിയൻ തന്ത കാണണം. ” പറഞ്ഞിട്ട് കയ്യിലിരുന്ന പാൽഗ്ലാസ്‌ തട്ടിയെറിഞ്ഞിട്ട് അവനവളെ കിടക്കയിലേക്ക് തള്ളിയിട്ടു.

രാത്രിയുടെ അവസാനയാമങ്ങളിലും ഒരു വേട്ടമൃഗത്തിന്റെ ക്രൗര്യത്തോടെ അവനാ പെൺശരീരത്തെ കടിച്ചുകുടഞ്ഞുകൊണ്ടിരുന്നു. മുറിയിലെ കനത്ത അന്ധകാരത്തിൽ ഒരു ജീവച്ഛവം പോലവനെ സ്വീകരിക്കുമ്പോഴും നിശബ്ദമായവളുടെ മിഴികൾ പെയ്തുകൊണ്ടേയിരുന്നു. തുറന്നിട്ട ജാലകത്തിലൂടെ സൂര്യകിരണങ്ങൾ മുഖത്തേക്കടിച്ചപ്പോഴാണ് കരഞ്ഞുതളർന്നെപ്പോഴോ ഉറങ്ങിപ്പോയ അഗസ്ത്യ കണ്ണുതുറന്നത്. രാത്രിയിലെപ്പോഴോ അവനഴിച്ചെറിഞ്ഞ സാരിയപ്പോഴും തറയിൽ അതേ സ്ഥാനത്ത് തന്നെ കിടന്നിരുന്നു.

ഒരു കൈകൊണ്ട് പുതപ്പ് മാറിലേക്ക് ചേർത്തുവച്ച് മറുകയ്യെത്തിച്ച് സാരിയെടുത്ത് നഗ്നത മറച്ച് ബാത്‌റൂമിലേക്ക് നടക്കുമ്പോൾ ശരീരം നുറുങ്ങുന്ന വേദനയിൽ അവളുടെ മിഴികൾ നിറഞ്ഞു. ബാത്‌റൂമിലെ ഷവറിൽ നിന്നും ചീറ്റിത്തെറിച്ച ജലകണങ്ങൾ ശരീരത്തെ നീറ്റിക്കൊണ്ട് താഴേക്കൊഴുകിയിറങ്ങി. കുളി കഴിഞ്ഞുവന്ന് അലമാരയിൽ നിന്നൊരു സാരിയെടുത്തുടുത്തു. കണ്ണാടിക്ക് മുന്നിൽ നിന്ന് വിരൽത്തുമ്പിലെടുത്ത ഒരു നുള്ള് സിന്ദൂരം നെറുകയിൽ ചാർത്തുമ്പോൾ അവളുടെ അധരങ്ങളിൽ പുച്ഛം നിറഞ്ഞൊരു ചിരി വിരിഞ്ഞു.

അപ്പോഴും കിടക്കയിൽ കമിഴ്ന്ന് കിടന്നുറങ്ങുകയായിരുന്ന ഋഷിയെ ഒന്ന് നോക്കിയിട്ട് അവൾ പതിയെ താഴേക്കിറങ്ങി. സ്റ്റെയർകേസിറങ്ങി താഴെയെത്തുമ്പോഴേ കണ്ടു പൂമുഖത്തിരുന്ന് കിച്ചുവിനെ കളിപ്പിക്കുന്ന മഹേന്ദ്രനെയും ഊർമിളയെയും. അല്പനേരം ആ കാഴ്ച കണ്ടുനിന്നിട്ട് അവൾ പതിയെ അടുക്കളയിലേക്ക് ചെന്നു. ” ആഹാ ഞാനിപ്പോ ഓർത്തതേയുള്ളൂ പുതുപ്പെണ്ണിതുവരെ ഉണർന്നില്ലേന്ന് ” അകത്തേക്ക് ചെന്ന അഗസ്ത്യയെക്കണ്ട് ബ്രേക്ക്‌ ഫാസ്റ്റുണ്ടാക്കിക്കോണ്ടിരുന്ന ഋതു ചിരിച്ചുകൊണ്ട് ചോദിച്ചു.

” കുറച്ച് ലേറ്റായിപ്പോയി ” ” എന്തുപറ്റി സത്യാ എന്റനിയൻ നിന്നെയിന്നലെ രാത്രി ഉറക്കിയില്ലേ ” അവൾ പറഞ്ഞത് കേട്ട് ഉറക്കം തങ്ങി നിന്നിരുന്ന ആ മിഴികളിലേക്ക് നോക്കിയൊരു കുസൃതിച്ചിരിയോടെ ഋതു ചോദിച്ചു. അതുകേട്ട് ഉള്ളിലെ പുച്ഛം മറച്ചുവച്ചൊരു മങ്ങിയ ചിരിയായിരുന്നു അഗസ്ത്യയുടെ മറുപടി. അപ്പോഴേക്കും ഊർമിളയ്ക്കൊപ്പം പൂമുഖത്തിരുന്നിരുന്ന കിച്ചുവങ്ങോട്ടോടി വന്നു. ” തത്യാന്റീ…. എത്തോ…. ” സ്ലാബിൽ ചാരി നിന്നിരുന്ന അഗസ്ത്യയുടെ നേർക്ക് ഇരുകൈകളും നീട്ടി നിന്നുകൊണ്ട് അവൾ പറഞ്ഞു. ആ നിൽപ്പ് നോക്കിയൊന്ന് ചിരിച്ചിട്ട് അഗസ്ത്യയവളെ വാരിയെടുത്തു.

” താഴെയിറങ്ങ് കിച്ചൂ സത്യാന്റീ ചായ കുടിക്കട്ടെ ” സത്യയുടെ തോളിൽ അള്ളിപ്പിടിച്ചിരിക്കുന്ന കിച്ചുവിന്റെ നേർക്ക് കണ്ണുരുട്ടി ശാസനാസ്വരത്തിൽ ഋതു പറഞ്ഞു. പക്ഷേ കിച്ചു ഒന്നുകൂടി അവളിലേക്ക് ചേരുകയാണ് ചെയ്തത്. ” ഈ പെണ്ണിന്റെയൊരു കാര്യം ” അതുനോക്കി നിന്ന ഋതു പറഞ്ഞിട്ട് ചെയ്തുകൊണ്ടിരുന്ന ജോലി തുടർന്നു. അപ്പോഴാണ് അഗസ്ത്യയുടെ ഫോൺ ബെല്ലടിച്ചത്. അച്ഛൻ കോളിങ്ങ് എന്ന് ഡിസ്പ്ലേയിൽ കണ്ടതും ഒരു പുഞ്ചിരിയോടവൾ കാൾ അറ്റൻഡ് ചെയ്തു.

” ഇങ്ങോട്ടിറങ്ങ് പെണ്ണേ ആന്റി സംസാരിക്കട്ടെ ” ഋതു പെട്ടന്നോടി വന്ന് ശബ്ദം താഴ്ത്തി പറഞ്ഞുകൊണ്ട് കിച്ചുവിനെ ബലമായി പിടിച്ചെടുത്തു. അഗസ്ത്യ വേഗം ഫോണുമായി മുകളിൽ ബാൽക്കണിയിലേക്ക് പോയി. ” അവിടെങ്ങനുണ്ട് മോളെ ??? ” ” ഇവിടൊരു കുഴപ്പവുമില്ലച്ഛാ ” അയാളുടെ ചോദ്യം കേട്ട് കണ്ണുനിറഞ്ഞെങ്കിലും ശബ്ദത്തിലെ ഇടർച്ച മറച്ചുകൊണ്ട് അവൾ പറഞ്ഞു. ” മോൾക്കീ അച്ഛനോട്‌ വെറുപ്പുണ്ടോ ??? അച്ഛന് വേറെ വഴിയില്ലായിരുന്നെടാ അല്ലെങ്കിൽ അച്ഛനൊരിക്കലും ഒരു മകൾ ചെയ്ത തെറ്റിന് അടുത്തയാളുടെ ജീവിതം കൊണ്ട് പരിഹാരം ചെയ്യില്ലായിരുന്നു.

” ആ വാക്കുകൾ പറയുമ്പോൾ അയാളുടെ തേങ്ങലുകൾ അവളുടെ കാതിൽ വന്നലച്ചു. ” ഇല്ലച്ഛാ എനിക്കെന്റച്ഛനോട് ഒരു വിഷമവുമില്ല. അച്ഛനൊരു തെറ്റും ചെയ്തിട്ടില്ല. ഇവിടൊരു പ്രശ്നവുമില്ല അച്ഛൻ വിഷമിക്കല്ലേ…. ” നിറഞ്ഞൊഴുകിയ മിഴികൾ സാരിത്തുമ്പുകൊണ്ടൊപ്പി അയാളെ ആശ്വസിപ്പിക്കാനായി അവൾ പറഞ്ഞു. പെട്ടന്നാണ് പിന്നിലൂടെ വന്ന രണ്ടുകൈകൾ അവളുടെ വയറിൽ മുറുകിയത്. തിരിഞ്ഞുനോക്കാതെ തന്നെ ആളെ മനസ്സിലായെങ്കിലും അവൾ തല ചെരിച്ച് ദയനീയമായവനെ നോക്കി.

കണ്ണുകളിൽ പകയൊളിപ്പിച്ച് ചിരിക്കുന്ന മുഖത്തോടെ അവളോട് ചേർന്നുനിന്ന അവന്റെ കൈകൾ അവളുടെ ശരീരത്തിൽ വീണ്ടും വീണ്ടും മുറുകിക്കോണ്ടിരുന്നു. തന്റെ ഇടുപ്പെല്ലുകൾ തകരുകയാണോന്ന് പോലും അവളപ്പോൾ സംശയിച്ചുപോയി. ” ഞാൻ പിന്നങ്ങോട്ട് വിളിക്കാമച്ഛാ… ” ഇടുപ്പിലെ പിടി മുറുകി ശ്വാസം വിലങ്ങിത്തുടങ്ങിയപ്പോൾ പറഞ്ഞിട്ട് അവൾ വേഗം ഫോൺ കട്ട് ചെയ്തു. ” തന്തയെ വേദനിപ്പിക്കാതിരിക്കാനുള്ള മകളുടെ ത്യാഗം അല്ലെടീ ??? ” അവളുടെ കഴുത്തിലാഴത്തിൽ പല്ലുകൾ പതിച്ചുകൊണ്ട് അവൻ ചോദിച്ചു.

അപ്പോഴും ആ പിടിവിടുവിക്കുവാൻ ശ്രമിച്ചിരുന്നുവെങ്കിലും മൗനം തന്നെയായിരുന്നു അവളുടെ മറുപടി. ” പക്ഷേ നീയെത്രനാളവരിൽ നിന്നുമിതൊക്കെ മറച്ചുവയ്ക്കുമെടീ ??? ” അവളെ തനിക്കഭിമുഖമായി തിരിച്ചുനിർത്തി ആ കവിളിൽ കുത്തിപ്പിടിച്ച് ഷൂവിട്ട കാലുകൊണ്ട് അവളുടെ പാദങ്ങൾ ഞെരിച്ചമർത്തിക്കോണ്ട് അവൻ ചോദിച്ചു. ” എന്റെയീ ശ്വാസം നിലയ്ക്കുന്നത് വരെ… ” മാംസമുടയുന്ന നൊമ്പരം നെറുകയിലേക്കിരച്ച് കയറുമ്പോൾ പൊട്ടിയൊഴുകിയ മിഴികൾ ഇറുക്കിയടച്ചുകൊണ്ട് അവൾ പറഞ്ഞു.

അപ്പോഴുമവളെ നോക്കി അസുരഭാവത്തിൽ പൊട്ടിച്ചിരിക്കുകയായിരുന്നു ഋഷി. ” കിഷിമാമാ…. ” അഗസ്ത്യയെത്തിരക്കി മുകളിലേക്ക് വന്ന കിച്ചുവിന്റെ കൊഞ്ചിയുള്ള വിളികേട്ടാണ് അവളുടെ മേലുള്ള ഋഷിയുടെ പിടുത്തമയഞ്ഞത്. അവനവളെ വിട്ട് പിന്നിലേക്ക് തിരിയുമ്പോൾ ഇരുകൈകൾ കൊണ്ടും വായപൊത്തി കള്ളച്ചിരിയോടവരെത്തന്നെ നോക്കി നിൽക്കുകയായിരുന്നു കിച്ചു. പെട്ടന്ന് മുഖത്തെ അസുരഭാവം മറച്ച് കിച്ചൂസിനോടുള്ള വാത്സല്യത്തോടെ അവനവളുടെ നേർക്ക് നടക്കുമ്പോൾ തന്റെ നിറമിഴികൾ കുഞ്ഞ് കാണാതിരിക്കാൻ അഗസ്ത്യ മുഖം വെട്ടിത്തിരിച്ചു.

” കിഷിയല്ലെഡീ കുട്ടിക്കുറുമ്പീ ഋഷി… ” കുഞ്ഞിനെ വാരിയെടുത്ത് ആ കുഞ്ഞിക്കവിളിൽ അമർത്തി ഉമ്മ വച്ചുകൊണ്ട് അവനവളെ തിരുത്തി. ” കിഷി…. ” കൊഞ്ചിച്ചിരിച്ചുകൊണ്ട് കിച്ചു വീണ്ടുമതുതന്നെ പറഞ്ഞു. ” ആഹ് കിഷിയെങ്കിൽ കിഷി… ” പറഞ്ഞിട്ട് അഗസ്ത്യയെ ഒന്ന് പാളി നോക്കി കിച്ചുവിനെയും കൊണ്ട് അവൻ താഴേക്ക് പോയി. അവർ പോയതും ഉള്ളിലതുവരെ അടക്കി നിർത്തിയിരുന്ന കണ്ണീരെല്ലാമൊന്ന് പൊട്ടിക്കരഞ്ഞൊഴുക്കിക്കളയാനായി അവൾ മുറിയിലേക്കോടി. — തുടരും…..

അഗസ്ത്യ : ഭാഗം 2