ആദ്രിക : ഭാഗം 4
നോവൽ
എഴുത്തുകാരികൾ: ശ്രീലക്ഷ്മി ഇന്ദുചൂഢൻ, ശ്രുതി വേണുഗോപാൽ
അവസാന വാചകം മറ്റെവിടെയോ നോക്കിയാണ് പറഞ്ഞത്. എല്ലാം കേട്ടു മിണ്ടാതെ നിൽക്കാനേ എന്നെ കൊണ്ട് കഴിഞ്ഞുള്ളൂ. മഴ തോർന്നതും അഭിയേട്ടനോട് യാത്ര പോലും പറയാതെ ഞാൻ ഇറങ്ങി നടന്നു.
അപ്പോഴും കണ്ണുനീരിനു മാത്രം തോർന്നില്ല……
പിന്നീട് എല്ലാം യാന്ത്രികമായിരുന്നു എങ്ങനെ എങ്കിലും വീട്ടിൽ എത്തിയാൽ മതി എന്നായിരുന്നു മനസ് നിറയെ. വീട്ടിൽ എത്തിയതും മുറിയിൽ കയറി ഒത്തിരി നേരം കരഞ്ഞു.
കരഞ്ഞു കലങ്ങിയ കണ്ണുകൾ അമ്മ കണ്ടപ്പോൾ തലവേദന എന്ന് കള്ളം പറഞ്ഞു.
അന്നത്തെ ദിവസം മുഴുവൻ മുറിയിൽ കഴിച്ചു കൂട്ടി……
പിറ്റേന്ന് കോളേജിൽ ചെന്ന് രാഖിയോട് തലേന്ന് ഉണ്ടായ കാര്യങ്ങൾ എല്ലാം പറഞ്ഞു . അവളോട് ഒന്ന് മനസ് തുറന്നപ്പോ വല്ലാത്ത സമാധാനം തോന്നി.
അവള് അഭിയേട്ടനോട് സംസാരിക്കാം എന്ന് പറഞ്ഞപ്പോൾ മനസിൽ എന്തോ ഒരു സമാധാനം പോലെ . അവള് പറഞ്ഞാൽ എങ്കിലും എന്റെ ഇഷ്ടം മനസിലാക്കും എന്ന് വിചാരിച്ചു.
പക്ഷേ എന്റെ വിചാരങ്ങളെ തെറ്റിച്ചുകൊണ്ടായിരുന്നു പിന്നീട് ഉള്ള അഭിയേട്ടന്റെ പെരുമാറ്റം.
കോളേജിൽ എന്തെങ്കിലും ആവശ്യത്തിനു വന്നാൽ തന്നെ ഞങ്ങളെ കാണാതെ പോവാൻ തുടങ്ങി ഇനി കണ്ടാലും അവളോട് എന്തെങ്കിലും സംസാരിക്കും എന്നല്ലാതെ എന്നെ പാടെ അവഗണിച്ചു….
ചിരിക്കാൻ മറന്നുപോയ കുറെ ദിനങ്ങൾ ആയിരുന്നു എനിക്ക്….
അങ്ങനെ ദിവസങ്ങൾ പലതും പോയി അവരുടെ പരീക്ഷ കഴിഞ്ഞതിന്റെ പിറ്റേ ദിവസം ആയിരുന്നു അവരുടെ സെൻറ്ഓഫ് പരിപാടികൾ വെച്ചിരുന്നത്..
രാഖി ഒത്തിരി നിർബന്ധിച്ചിട്ടും അന്നത്തെ ദിവസം ഞാൻ കോളേജിൽ പോവാതെ വീട്ടിൽ തന്നെ കഴിച്ചു കൂട്ടി.പരിപാടികൾ എല്ലാം കഴിഞ്ഞു രാഖി നേരെ വീട്ടിലേക്ക് ആയിരുന്നു വന്നത്..
“ഡാ……അഭിയേട്ടനെ ഇന്ന് കണ്ടിരുന്നു നിന്നെ അന്വേഷിച്ചു ”
(അവളുടെ തോളിൽ തല ചായിച്ചു ഇരിക്കുമ്പോൾ ആയിരുന്നു അവൾ അത് പറഞ്ഞത്. പ്രതീക്ഷയോടെ ഞാൻ അവളെ നോക്കി. എന്റെ നോട്ടം കണ്ടതുകൊണ്ട് ആവാം അവൾ വീണ്ടും തുടർന്നു )
“‘അഭിയേട്ടൻ ഇന്ന് നാട്ടിൽ പോകുവാ ഇനി ഇവിടേക്ക് വരില്ല എന്നാ പറഞ്ഞെ….. ”
“മ്മ്……. “(മറുപടി ഒരു മൂളലിൽ ഒതുക്കി ഞാൻ ഇരുന്നു. അവസാന പ്രതീക്ഷയും നഷ്ടപ്പെട്ടു )
കുറച്ചു നേരം കൂടി ഇരുന്നിട്ടാണ് അവൾ പോയത്……..അവൾ പോയതിനു ശേഷവും ആ മുറിയിൽ തന്നെ ഞാൻ ഇരുന്നു.
രാത്രിയെ പ്രണയിക്കാൻ എത്തിയ നിലാവിനെ നോക്കി ജനവാതിലിൽ അടുത്തു ഞാൻ നിന്നു…
“രാത്രിയുടെ പ്രണയത്തെ നിലാവ് സ്വന്തം ആക്കിയിരിക്കുന്നു പക്ഷേ തന്റെ പ്രണയം മാത്രം സ്വന്തം ആക്കാൻ കഴിയാതെ എന്നിൽ നിന്നും എങ്ങോ അകന്നു പോയിരിക്കുന്നു…… ”
“മോളെ ……… ”
(അച്ഛന്റെ വിളി കേട്ടാണ് കണ്ടു നിന്ന കാഴ്ചയിൽ നിന്നും എന്നെ ഉണർത്തിയത്. ഒന്നും മിണ്ടാതെ തിരിഞ്ഞു അച്ഛനെ തന്നെ നോക്കി ഞാൻ നിന്നു )
“”””എന്താ എന്റെ കുട്ടിക്ക് പറ്റിയെ. അച്ഛനോട് ഒന്ന് മിണ്ടുന്നതും കൂടെ ഇല്ലല്ലോ “”””
ആ വാക്കുകളിൽ സങ്കടം നിഴലിച്ചിരുന്നു.
ചെന്ന് അച്ഛനെ കെട്ടിപിടിച്ചു മതിവരുവോളം കരഞ്ഞു…… എത്ര നേരം അങ്ങനെ നിന്നു എന്ന് അറിയില്ല കരച്ചിലിന്റെ ആക്കം കുറഞ്ഞതും അച്ഛനോട് എല്ലാം പറഞ്ഞു.
പറയാതെ മനസിൽ കൊണ്ട് വെച്ച വേദന മുഴുവൻ അച്ഛനോട് പറഞ്ഞു തീർത്തു……
“”””അയ്യേ അതിനു ആണോ എന്റെ കുട്ടി കരയുന്നെ……നമ്മുക്ക് ഉള്ളത് ആണെകിൽ കാലം എത്ര കഴിഞ്ഞാലും നമ്മളെ തേടി വരും എന്നല്ലെ.
എന്റെ മോളുടെ പ്രണയം സത്യമാണെങ്കിൽ അത് എന്നായാലും മോളെ തേടി വരും “””””
അച്ഛന്റെ വാക്കുകൾ എന്നിൽ ഉണ്ടായ വേദനകളെ ഒരു വിധം ശമിപ്പിക്കാൻ കഴിഞ്ഞു. അച്ഛൻ പറഞ്ഞപോലെ എന്നിലേക്ക് എത്തി ചേരുന്ന പ്രണയത്തിനായി ഞാൻ കാത്തിരുന്നു…………
******************************************
പക്ഷേ ഈ നാല് വർഷത്തിനു ഇടക്ക് ഒരു തവണ പോലും എന്റെ പ്രണയം എന്നെ തേടി വന്നിട്ടില്ല.
ഇപ്പൊ ഇതാ ഇത്രയും നാൾ കൂടെ നിന്ന അച്ഛൻ പോലും എല്ലാം മറന്നു മറ്റൊരു കല്യാണത്തിനായി നിർബന്ധിക്കുന്നു.
അല്ലെങ്കിലും അച്ഛനെ കുറ്റം പറയാൻ പറ്റില്ലാലോ സ്വന്തം മകളുടെ നല്ല ഭാവിയെ കുറിച്ച് അല്ലേ എല്ലാ മാതാപിതാക്കളും ചിന്തിക്കുകയുള്ളു…..
ഓർമകളിലേക്ക് പോവും തോറും മനസിൽ വല്ലാത്ത ഒരു വേദന ആണ്. ആരോ നെഞ്ചിൽ കത്തി കൊണ്ട് കുത്തിയിറക്കുന്ന പോലെ….
ഓർമ്മകൾക്ക് തീരശീല വീഴുത്തി കൊണ്ട് എപ്പോഴാ ഞാൻ നിദ്രയിലേക്കാണ്ടു…….
*******************************************
പിറ്റേന്ന് രാവിലെ തന്നെ എണീറ്റു എന്റെ പണിക്കൾ എല്ലാം തീർത്തു.
അനിയൻ കുട്ടന്റെ സ്കൂളിൽ പോണ കാര്യം പറഞ്ഞപ്പോൾ അമ്മ ഒരുപാട് ചോദിച്ചു എങ്കിലും യതാർത്ഥ കാര്യം പറഞ്ഞില്ല അവന്റെ നിൽപ്പ് കണ്ടപ്പോൾ പറയാൻ തോന്നിയില്ല.
അച്ഛൻ ഇന്ന് എന്തോ ആവശ്യത്തിനു ആലുവ വരെ പോവാൻ ഉണ്ടെന്നും അതുകൊണ്ട് ഉച്ചക്ക് ലീവ് എടുത്തു ഇറങ്ങുമ്പോ അച്ഛൻ കൂട്ടാൻ വരാം എന്നും പറഞ്ഞു……..
ഓഫീസിൽ ചെന്നു ആദ്യം തന്നെ സെക്രട്ടറിയോട് ചെന്ന് ഹാഫ് ഡേ ലീവിന് എഴുതി കൊടുത്തു.
അത് കഴിഞ്ഞു എന്റെ പണിയിൽ മുഴുകി ഞാൻ ഇരുന്നു.അപ്പോഴാണ് ബിന്ദു ചേച്ചി എന്റെ അടുത്തേക്ക് വന്നത്.
“”മോളെ….. നാളെ വൃശ്ചികം തുടങ്ങുകയല്ലേ മോനു ഒരു നേർച്ച ഉണ്ട് പാമ്പ് മേക്കാട്ടിൽ ഞങ്ങൾ എല്ലാരും കൂടെ നാളെ പോവുന്നുണ്ട് . നീ വരുന്നുണ്ടോ?? “””
“ചേച്ചി വീട്ടിൽ ചോദിക്കാതെ എങ്ങനെയാ??? ”
“വീട്ടിൽ ഒക്കെ ഞാൻ വിളിച്ചു സമ്മതിപ്പിച്ചോള്ളാം നീ വന്നാൽ മതി അമ്മയും പറഞ്ഞു നിന്നെ വിളിക്കാൻ ”
“മ്മ് ഞാൻ വരാം. കേട്ടിട്ടുണ്ടെങ്കിലും ഇന്ന് വരെ പോവാൻ പറ്റിയിട്ടില്ല….. ”
“മോള് ഇന്ന് ഉച്ചക്ക് പോവില്ലേ. വൈകിട്ട് ഞാൻ നിന്റെ അച്ഛനെ വിളിച്ചു പറഞ്ഞോളാം … നാളെ രാവിലെ ഒരു ആറരക്ക് നീ ആലുവയിൽ വന്നു നിന്നാൽ മതി. ഞങ്ങൾ അവിടേക്ക് വരാം ”
“മ്മ്….. ”
പിന്നീട് ഞാൻ എന്റെ പണി തുടർന്നു. അപ്പോഴെല്ലാം സുദേവിന്റെ കണ്ണുകൾ എന്നെ തേടി വന്നുകൊണ്ടെ ഇരുന്നു.
ഉച്ചക്ക് ഓഫീസിൽ നിന്നും ഇറങ്ങി അച്ഛനായി പുറത്ത് നോക്കി നിൽകുമ്പോൾ ആയിരുന്നു അടുത്ത് ആരോ വന്നു നിൽക്കുന്നത് ആയി തോന്നിയത് നോക്കുമ്പോ സുദേവ് ആയിരുന്നു. ഒരു പേടിയും ഇന്നാ മുഖത്തു ഞാൻ കണ്ടില്ല…..
“ഇന്ന് എന്താ ഇയാൾ നേരത്തെ ഇറങ്ങിയത്?? . എന്തെങ്കിലും വയ്യായിക ഉണ്ടോ?? ”
“ഏയ് വയ്യായിക ഒന്നും അല്ല അനിയന്റെ സ്കൂളിൽ ഒരു മീറ്റിംഗ് ഉണ്ട്. അവിടേക്ക് പോവാൻ വേണ്ടി ഇറങ്ങിയതാ. അല്ല മാഷ് എന്താ ഈ സമയത്തു ”
“അത്…… ഞാൻ…… എനിക്കും ഒരു സ്ഥലം വരെ പോവാൻ ഉണ്ട് “(വിക്കി വിക്കി കുറച്ചു നേരത്തെ ആലോചനക്ക് ശേഷം ആണ് ആള് ഉത്തരം പറഞ്ഞത് )
ഹ്മ്മ്…… (എന്റെ മറുപടി ഒരു മൂളലിൽ ഒതുക്കി ഞാൻ അച്ഛനെ നോക്കി നിന്നു )
“ബസ് ഇപ്പൊ ഇല്ലെങ്കിൽ ഞാൻ വേണമെങ്കിൽ തന്നെ ഡ്രോപ്പ് ചെയ്യാം ”
(ഇത്രയും നാൾ എന്നോട് ഒന്ന് മിണ്ടാത്ത മനുഷ്യൻ ആണ് ഇപ്പൊ ലിഫ്റ്റ് വേണോ എന്ന് ചോദിക്കുന്നെ. അങ്ങേരുടെ മുഖത്തേക്ക് നോക്കിയപ്പോൾ പ്രതീക്ഷയോടെ എന്നെ തന്നെ നോക്കി നിൽക്കുന്നത് ആണ് കണ്ടത് )
“ഏയ് വേണ്ട…. മാഷ് പൊക്കോ അച്ഛൻ ഇപ്പൊ വരാം എന്ന് പറഞ്ഞിട്ടുണ്ട്. അച്ഛനെ നോക്കി നിൽക്കുന്നതാ ”
“എന്നാൽ അച്ഛൻ വരുന്നത് വരെ ഞാനും നിൽക്കാം ”
അതും പറഞ്ഞു പുള്ളിയും എന്റെ കൂടെ അവിടെ നിൽപ്പ് ആരംഭിച്ചു.
ഇതിനു ഇടയിൽ ഞങ്ങൾ ഒരുപാട് സംസാരിച്ചു. ആളുടെ വീട് ഒറ്റപ്പാലം ആണ് വീട്ടിൽ അച്ഛൻ അമ്മ അച്ചാച്ചൻ അച്ഛമ്മ ….
ഇപ്പൊ എല്ലാരും ഇവിടെ ഒരു വീട്ടിൽ വാടകക്ക് താമസിക്കുന്നു…. പിന്നെയും ഒരുപാട് നേരം ഞങ്ങൾ സംസാരിച്ചു. ആളുടെ പേടി ഒക്കെ മാറിയത് പോലെ തോന്നി…
അങ്ങനെ കുറച്ചു നേരത്തെ കാത്തിരിപ്പിന് ഒടുവിൽ അച്ഛൻ വന്നു. അച്ഛനെ സുദേവിന് പരിചയപെടുത്തി കൊടുത്തു. അച്ഛനെ കണ്ടതും ആളുടെ മുഖം മാറിയത് ഞാൻ ശ്രദ്ധിച്ചിരുന്നു.
അച്ഛന്റെ കൂടെ കാറിൽ പോവുമ്പോഴും ഞങ്ങളെ തന്നെ നോക്കി നിൽക്കുന്ന സുദേവിനെ ഫ്രന്റ് മിററിൽ കൂടെ ഞാൻ കണ്ടു. പെട്ടന്നുള്ള സുദേവിന്റെ മാറ്റം മനസിൽ ഒരുപാട് ചോദ്യങ്ങൾ ജനിപ്പിച്ചു.
“മോളെ……. “(അച്ഛന്റെ വിളി ആണ് എന്റെ ആലോചനകൾക്ക് വിരാമം ഇട്ടത് )
“അഹ്… എന്താ അച്ഛാ ”
“ആ പയ്യൻ എത്ര നാൾ ആയി അവിടെ ജോലി ചെയ്യാൻ തുടങ്ങിട്ട്.. ആള് ഇവിടുത്തുകാരൻ ആണോ ”
“സുദേവിനെ കുറിച്ച് ആണോ?.ആള് ഞാൻ വരുന്നതിനു മുൻപേ അവിടെ ഉള്ളതാ പക്ഷേ ഇന്ന് ആണ് ആളുമായി ഒന്ന് മര്യാദക്ക് മിണ്ടിയത് തന്നെ.
ആള് ഒറ്റപ്പാലം കാരൻ ആണ്. ഇപ്പൊ ഇവിടെ വാടകക്ക് താമസിക്കുന്നു. എന്താ അച്ഛാ??? ”
“ഏയ് എവിടെയോ കണ്ടപോലെ തോന്നി. അത് പോട്ടെ ഇന്ന് എന്താ അപ്പുണ്ണിയുടെ സ്കൂളിൽ. അമ്മയോട് പറഞ്ഞപോലെ നുണ പറയാം എന്ന് വിചാരിക്കണ്ട ഉള്ളത് ഉള്ളത് പോലെ പറ ”
അച്ഛൻ അങ്ങനെ പറഞ്ഞതും ശരിയായ കാര്യം ഞാൻ അച്ഛനോട് പറഞ്ഞു…..
“എനിക്ക് അപ്പോഴേ തോന്നി ആ ചട്ടമ്പി എന്തോ പണി ഒപ്പിച്ചിട്ടുണ്ടാവും എന്ന്. അവന്റെ നിൽപ്പ് കണ്ടാൽ അറിയില്ലേ ”
“അച്ഛൻ ഇത് അമ്മയോട് പറയണ്ട. അമ്മക്ക് പിന്നെ ഇന്നത്തേക്ക് ഇത് മതി… ”
അച്ഛനും അത് ശെരി വെച്ചു. അമ്മക്ക് ചെറിയത് എന്തെങ്കിലും കിട്ടിയാൽ മതി പിന്നെ കരച്ചിൽ ആയി പിഴിച്ചൽ ആയി…..
യാത്രയിൽ സിഗ്നലിൽ പെട്ടു കിടക്കുമ്പോൾ ആയിരുന്നു തൊട്ട് അടുത്ത് കിടക്കുന്ന പോലീസ് ജീപ്പ് കണ്ണിൽ ഉടക്കിയത് .
അതിൽ ഫ്രണ്ട് സീറ്റിൽ ഇരിക്കുന്ന ആളെ കണ്ടതും എന്റെ കണ്ണുകൾ വിടർന്നു. കാലങ്ങൾ ആയി ഞാൻ കാണാൻ ആഗ്രഹിച്ച മുഖം അഭിയേട്ടൻ……
ഒരിക്കൽ കൂടി നോക്കുന്നത്തിനു മുൻപേ സിഗ്നൽ വന്നിരുന്നു. ഞങ്ങളുടെ വണ്ടി വലത്തോട്ടും പോലീസ് ജീപ്പ് നേരെയും പോയി.
ഒരു തവണയെ കണ്ടൊള്ളു എങ്കിലും മനസ് നിറയെ സന്തോഷം ആയിരുന്നു.നല്ല രീതിയിൽ തന്നെയാണ് അഭിയേട്ടൻ എത്തി പെട്ടത്….
പിന്നെ അഭിയേട്ടൻ ഈ നാട്ടിൽ തന്നെ തിരിച്ചു എത്തിയത് എന്റെ ഗുരുവായൂരപ്പൻ തന്നെ ആയിരിക്കും അഭിയേട്ടനെ ഇവിടേക്ക് കൊണ്ടുവന്നത്. എന്റെ ഇത്രയും നാളത്തെ കാത്തിരിപ്പിനു ഒരു അർത്ഥം വന്നപോലെ തോന്നി.
ഒരുപാട് നാളുകൾക്കു ശേഷം ഞാൻ ഒരുപാട് സന്തോഷിച്ച ഒരു ദിവസം…..
അച്ഛൻ എന്നെ അവന്റെ സ്കൂളിൽ ആക്കിയിട്ടു ആരെയോ കാണാൻ ഉണ്ട് എന്ന് പറഞ്ഞു പോയി.
അവന്റെ സ്കൂളിൽ ചെന്നപ്പോ ടീച്ചർക്ക് ഒരു നൂറു കൂട്ടം പരാതി ഉണ്ടായിരുന്നു അവനെ പറ്റി പറയാൻ പഠിക്കില്ല, എപ്പോഴും അടിപിടി അങ്ങനെ അങ്ങനെ ഒരുപാട് ഉണ്ടായിരുന്നു പരാതികൾ .
ഇനിയും ഇതുപോലെ എന്തെങ്കിലും ഒപ്പിച്ചാൽ ടി സി തന്നു വിടും എന്ന് പറഞ്ഞു. ആ മഹാന് ആണെകിൽ ഒരു കുലുക്കവും ഇല്ല ഇത് ഒക്കെ എന്ത് എന്ന രീതിയിൽ നിൽക്കുന്നുണ്ട്…..
ഇനി ഇങ്ങനെ ഒന്നും ഉണ്ടാവാതെ നോക്കിക്കൊള്ളാം എന്ന് പറഞ്ഞു അവിടെ നിന്നു തടി ഊരി. ഭാഗ്യം അമ്മയോട് പറയാതെ ഇരുന്നത്.
ടീച്ചർ ടിസി തന്നുവിടും എന്ന് പറഞ്ഞാൽ അമ്മ ചിലപ്പോ അവിടെ ഇരുന്നു കരച്ചിൽ തുടങ്ങും…..
വഴിയിൽ കൂടെ നടക്കുമ്പോഴും മനസിൽ നിറയെ അഭിയേട്ടനെ കണ്ട നിമിഷങ്ങൾ ആയിരുന്നു.
പോലീസ് വേഷത്തിൽ ഇരിക്കുന്ന കാണാൻ നല്ല ചേല് ഉണ്ടായിരുന്നു.കട്ടി മീശ പിരിച്ചു വെച്ചിരിക്കുന്നു ഉണ്ടായിരുന്ന കുറ്റിതാടി ഷേവ് ചെയ്തു കളഞ്ഞിരിക്കുന്നു ബാക്കി എല്ലാം പഴയത് പോലെ തന്നെ എന്തൊക്കെ പറഞ്ഞാലും ആ കുറ്റിതാടി ഉള്ളതായിരുന്നു ഭംഗി. അങ്ങനെ ഓരോന്ന് ആലോചിച്ചു നടന്നു………
വീട്ടിൽ ചെന്ന് പണി ഒക്കെ തീർത്തു കുളിച്ചു വിളക്ക് വെക്കുമ്പോഴേക്കും അച്ഛൻ വന്നിരുന്നു. ബിന്ദു ചേച്ചി വിളിച്ച കാര്യം പറഞ്ഞു പോവാൻ ഉള്ള അനുമതിയും തന്നു.
ഒരുപാട് നാളത്തെ ആഗ്രഹം ആയിരുന്നു പാമ്പ്മേക്കാട് അമ്പലത്തിൽ ഒന്ന് പോവണം എന്ന് ഉള്ളത്. എല്ലാം കൊണ്ട് ഒരുപാട് സന്തോഷം ഉള്ള ദിവസം.
രാഖി വിളിച്ചപ്പോ എന്തോ അഭിയേട്ടനെ കണ്ട കാര്യം പറയാൻ തോന്നിയില്ല.
ഞങ്ങൾ തമ്മിൽ അഭിയേട്ടനെ കുറിച്ച് ഉള്ള സംഭാഷണം ഇല്ലാത്തിതിനാൽ ആവാം എന്തോ ഒരു ചമ്മൽ പോലെ…….
അതുകൊണ്ട് പറഞ്ഞില്ല. കൂടുതൽ പറയാൻ ഉണ്ടായിരുന്നത് അനിയൻകുട്ടന്റെ ഇന്നത്തെ വിശേഷം ആയിരുന്നു. അവൾക്കും അവനെ വലിയ കാര്യം ആണ്…….
അവളോട് വിശേങ്ങൾ ഒക്കെ പറഞ്ഞു കഴിഞ്ഞു എപ്പോഴോ ഒന്ന് മയങ്ങി പോയി….
അഭിയേട്ടൻ മറ്റാരുടെയോ കഴുത്തിൽ താലി കെട്ടുന്നത് സ്വപ്നം കണ്ടാണ് ഞാൻ ഞെട്ടി ഉണർന്നത്….
സമയം നോക്കിയതും വെളുപ്പിന് 3 മണി…
ഇതിപ്പോ എന്താ പതിവില്ലാതെ ഇങ്ങനെ ഒരു സ്വപ്നം…
പെണ്ണ് ആരാണെന്ന് മാത്രം കാണാൻ പറ്റിയില്ല… ഈശ്വര ഇനി അഭിയേട്ടൻ വേറെ കല്യാണം കഴിച്ചിട്ടുണ്ടാവോ…
അതായിരിക്കോ ഇവിടെ വന്നിട്ടും എന്റെ മുന്നിൽ വരാതെ ഇരുന്നത്…
ഓരോന്ന് ആലോചിച്ചു എങ്ങനെയോ നേരം വെളുപ്പിച്ചു……..
ഇന്ന് അമ്പലത്തിൽ പോയി എല്ലാം നല്ല രീതിയിൽ തന്നെ നടക്കണേ എന്ന് പ്രാർത്ഥിക്കണം….ആ സ്വപ്നം സത്യം ആവരുതെ ദൈവമേ ..
തുടരും..