Wednesday, November 6, 2024
LATEST NEWSPOSITIVE STORIES

കുട്ടികള്‍ക്കായി പ്രത്യേക മുറി; കോഴിക്കോട് കുടുംബ കോടതി ഇനി ശിശു സൗഹൃദം

കോഴിക്കോട്: കോഴിക്കോട് കുടുംബ കോടതി ഇനി ശിശു സൗഹൃദം. സംസ്ഥാനത്ത് ആദ്യമായാണ് ഒരു കോടതിയില്‍ കുട്ടികള്‍ക്കായി പ്രത്യേക മുറി ഒരുക്കുന്നത്. സ്വപ്നക്കൂട് എന്നു പേരിട്ട കളിയിടം ജില്ലാ ജഡ്ജി എസ്.കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്യും. ചുമര്‍ മുഴുവന്‍ ചിത്രങ്ങളാണ്. പക്ഷികളേയും മൃഗങ്ങളേയും കണ്ട്  കളിച്ച് കുട്ടികൾക്ക് സമയം ആസ്വദിക്കാം. കോടതിമുറി കുട്ടികള്‍ക്ക് പേടിപ്പെടുത്തുന്ന അന്തരീക്ഷമാണ്. ഇതൊഴിവാക്കാന്‍ 2021 നവംബറില്‍ സുപ്രീംകോടതിയും ഇക്കഴിഞ്ഞ ജൂണ്‍ 22ന് ഹൈക്കോടതിയും നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ശിശുസൗഹൃദ മുറിയൊരുക്കിയത്. കോഴിക്കോട്ടെ അഭിഭാഷകര്‍ തന്നെയാണ് മുറി ഒരുക്കാന്‍ പണം സ്വരൂപിച്ചത്.  ചിത്രങ്ങള്‍ വരച്ച് ചുമര്‍ മനോഹരമാക്കിയത് സുനില്‍ അശോകപുരവും നിഷ രവീന്ദ്രനുമാണ്. “തിരക്കേറിയ കോടതികളും തിരക്കേറിയ പരിസരങ്ങളും, വാസ്തവത്തിൽ, രാജ്യത്തെ നീതിന്യായ വ്യവസ്ഥയെക്കുറിച്ച് നിഷേധാത്മക ധാരണകൾ വളർത്തിയെടുക്കുന്ന യുവമനസ്സുകളെ ഉറ്റുനോക്കുന്നു” എന്നും ശിശുസൗഹൃദ അന്തരീക്ഷം ഒരുക്കാന്‍ നിർദേശിച്ചുകൊണ്ട് ജസ്റ്റിസുമാരായ എ. മുഹമ്മദ് മുസ്താഖ്, സി.എസ്. ഡയസ് തുടങ്ങിയ ഹൈക്കോടതി ബെഞ്ച് നിരീക്ഷിച്ചിരുന്നു.