Sunday, December 22, 2024
Novel

നിനക്കായ് : ഭാഗം 61

എഴുത്തുകാരി: ഫാത്തിമ അലി

“ദുർഗാ…..” നേർത്ത സ്വരത്തിൽ അവൻ വിളിച്ചതും അവൾ പതിയെ ഒന്ന് മൂളി…. “എന്നെ നോക്കെടാ….” സാമിന്റെ നിശ്വാസം കാതുകളിൽ തട്ടിയതും ശ്രീ പിടച്ചിലോടെ കണ്ണുകൾ തുറന്ന് അവനെ നോക്കി… അവളുടെ ആ ഒരു നോട്ടം അവന്റെ ഹൃദയത്തിലേക്ക് തുളഞ്ഞ് കയറയത് പോലെ സാമിന് തോന്നി…. “When i look into your eyes i tend to lose my thoughts…” അവളുടെ മിഴികളിലേക്ക് നോക്കിക്കൊണ്ട് അവൻ ശ്വാസം ഒന്ന് വലിച്ച് വിട്ടു… “നിന്റെ ഈ കണ്ണുകൾ ഉണ്ടല്ലോ ദുർഗാ…..അതെന്നെ കൊല്ലാതെ കൊല്ലുന്നുണ്ട്….ഉഫ്…” കണ്ണുകൾ ഇറുക്കെ അടച്ച് തല ഒന്ന് കുടഞ്ഞ് കൊണ്ട് അവൻ ശ്രീക്ക് ഇരുവശത്തേയും ചുവരിൽ കൈകൾ അമർത്തി നിന്നു… “നിന്നെ ഒരു നിമിഷം കാണാതെ നിൽക്കാൻ പോലും പറ്റുന്നില്ല പെണ്ണേ എനിക്ക്… എന്നെ ഇങ്ങനെ തളച്ചിടാൻ എന്ത് മാജിക് ആ ദുർഗാ നിന്റെ ഈ കണ്ണുകൾ കൊണ്ട് ചെയ്തത്…നിന്നിൽ ഞാൻ വല്ലാതെ അടിമപ്പെട്ട് പോയിരിക്കുന്നു പെണ്ണേ…. ഒരു നിമിഷം പോലും നിന്നെ കാണാതെ….നിന്റെ ശബ്ദം കേൾക്കാതെ…പറ്റുന്നില്ല എനിക്ക്….” സാം ശ്രീയുടെ നെറ്റിയിൽ നെറ്റി മുട്ടിച്ച് നിന്നു….അവളിൽ നിന്നും വമിക്കുന്ന ഇലഞ്ഞിപ്പൂവിന്റെ ഗന്ധം അവനെ മറ്റേതോ ലോകത്ത് എത്തിച്ചിരുന്നു… ശ്രീയുടെ മനസ്സ് അപ്പോഴും അവന്റെ വാക്കുകളിൽ മാത്രം കുരുങ്ങി കിടക്കുകയായിരുന്നു… അവളുടെ ശ്വാസ നിശ്വാസം ഉയർന്നത് പോലെ തോന്നിയതും അതേ നിൽപ്പിൽ തന്നെ സാം ഇരു കൈകളാലും അവളുടെ കവിളുകളെ കോരിയെടുത്തു…. അവളെ മെല്ലെ ശാന്തമാകാൻ എന്ന പോലെ ഇടം കവിളിൽ വിരലുകളാൽ പതിയെ തട്ടി കൊടുത്തു….

“എന്നെ തിരിച്ച് സ്നേഹിക്കണം എന്ന് വാശി പിടിക്കുന്നില്ല വാവേ….എപ്പോഴാണോ പൂർണ്ണമായും നിനക്കെന്നെ പ്രണയിക്കാനാവുക അത് വരെ ഞാൻ കാത്തിരുന്നോളാം…. പക്ഷേ ഒരിക്കലും എന്നെ വിട്ട് പോവരുത്….അത് മാത്രം സഹിക്കാൻ പറ്റില്ല ദുർഗാ….” അവളുടെ കണ്ണിലേക്ക് ഉറ്റ് നോക്കിക്കൊണ്ടാണ് സാം പറഞ്ഞത്…അവന്റെ നനഞ്ഞ കണ്ണുകൾ അന്നാദ്യമായി അവളിൽ വേദനയുണ്ടാക്കി….സാമിന്റെ മുഖത്തിന് നേരെ അവളുടെ കൈ പതിയെ ഉയർന്ന് വന്നു…. വെട്ടിയൊതുക്കിയ അവന്റെ താടിരോമങ്ങൾക്കിടയിലൂടെ വിരലോടിച്ചതും അത് ആസ്വദിച്ചെന്ന പോലെ ചുണ്ടിന്റെ കോണിൽ പുഞ്ചിരി ഒളിപ്പിച്ച് വെച്ച് സാം നിന്നു…

അവന്റെ കണ്ണുകളിലായി അവളുടെ വിരലുകൾ എത്തി നിന്നതും പെട്ടെന്ന് താനെന്താണ് ചെയ്യുന്നതെന്ന ബോധം അവൾക്ക് വന്നത്…. ഞെട്ടലോടെ അവൾ കൈകൾ പിന്നിലേക്ക് വലിച്ചു… സാമിന്റെ നെഞ്ചിൽ കൈകൾ വെച്ച് അവനെ തള്ളി മാറ്റിക്കൊണ്ട് ശ്രീ പടവുകൾ ഓരോന്നായി ഓടി കയറി…. അവൾ പോവുന്നത് നോക്കി ചുവരിലേക്ക് ചാരി നിന്ന സാം താടിയിലും കവിളിലും അങ്ങനെ ശ്രീയുടെ വിരലുകൾ തഴുകിയ ഇടങ്ങളിലെല്ലാം നേർത്ത പുഞ്ചിരിയോടെ തലോടി…. പതിയെ നെറ്റിയിലേക്ക് അവന്റെ വിരലുകൾ കൊണ്ട് വെച്ചു… ശ്രീയുടെ നെറ്റിയിൽ തൊട്ട ചന്ദനം അവന്റെ കൈയിൽ വന്നതും അവനതിൽ പ്രണയത്തോടെ ചുണ്ടുകൾ ചേർത്തു…

കുളത്തിൽ നിന്നു ഓടിയ ശ്രീ വെളിയിൽ എത്തി നിന്ന് മരത്തിലേക്ക് ചാരി നിന്ന് നെഞ്ചിൽ കൈ വെച്ച് കിതച്ചു… “ഞാൻ…..എനിക്ക്….എനിക്ക് എന്താ പറ്റിയത്…?” ശ്രീ അവളോട് തന്നെ സ്വയം ചോദിച്ചു….ആദ്യമായിട്ടാവും സാമിനോട് ഇത്രയും അടുത്ത് അവൾ ഇടപഴകുന്നത്…. അവന്റെ കണ്ണുകളിലെ പ്രണയത്തിൽ….അവന്റെ വാക്കുകളിൽ….ഒരു ചെറിയ നോട്ടത്തിൽ പോലും തന്റെ ഹൃദയം അനുസരണയില്ലാതെ മിടിക്കുന്നത് എന്ത് കൊണ്ടാണെന്ന് അവൾക്ക് മനസ്സിലായില്ല… “ഇനി ഞാൻ…..ഇല്ല….അതൊക്കെ തോന്നൽ മാത്രമാണ്… എനിക്ക് അവനെ ഇഷ്ടമല്ല….” അവളുടെ മാറ്റങ്ങളൊക്കെ വെറും തോന്നലുകൾ മാത്രമാണെന്ന് ശ്രീ വിശ്വസിച്ചു.. അവൾ വീണ്ടും വീണ്ടും അത് തന്നെ പറഞ്ഞ് മനസ്സിനെ പഠിപ്പിച്ചു…

ഒരു ദീർഘ ശ്വാസം വിട്ട് കൊണ്ട് മുഖം കൈകളാൽ അമർത്തി തുടച്ച് കൊണ്ട് ഒന്നും സംഭവിക്കാത്തത് പോലെ വീട്ടിലേക്ക് നടന്നു… ഉമ്മറത്ത് ആരെയും കാണാഞ്ഞ് അകത്തേക്ക് കയറിയ ശ്രീ അടുക്കളയിൽ നിന്നും എന്തൊക്കെയോ ശബ്ദം കേട്ട് അങ്ങോട്ട് ചെന്നു…. സ്ലാബിൽ കയറി ഇരുന്ന് വസുന്ധര ചുട്ടെടുക്കുന്ന നെയ്യപ്പം കൊതിയോടെ കഴിക്കുകയായിരുന്നു അലക്സ്…. അന്നമ്മ വസുന്ധരയുടെ തോളിൽ കൈയിട്ട് നെയ്യപ്പം തിളച്ച എണ്ണയിൽ പൊങ്ങി വരുന്നത് നോക്കി നിൽക്കുന്നുണ്ട്…. അവരെ രണ്ട് ടേരെയും കണ്ടതും ശ്രീക്ക് ദേഷ്യം കയറി… ചാടിത്തുള്ളി അലക്സിന്റെ അടുത്തേക്ക് ചെന്ന് അവൻ വായിൽ വെക്കാൻ നോക്കിയ നെയ്യപ്പം തട്ടി പറിച്ച് പ്ലേറ്റിലേക്ക് ഇട്ട് അവനെ തലങ്ങും വിലങ്ങും തല്ലി… “എന്നെ പറ്റിച്ചു അല്ലേ ദുഷ്ടാ….” അലക്സ് അവളുടെ കൈ തടഞ്ഞ് വെക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അവനെ കൊണ്ട് കഴിഞ്ഞില്ല.. “ഹാ…ഞാൻ അല്ല….ദേ ആ പെണ്ണിന്റെ പണീയാ…. ഉയ്യോ….അടിക്കല്ലേ….” തോളിലും പറത്തുമൊക്കെ ഉഴിഞ്ഞ് കൊണ്ട് അന്നമ്മയെ നോക്കി കണ്ണുരുട്ടിയതും അവൾ പതിയെ അവിടെ നിന്ന് രക്ഷപ്പെടാൻ നോക്കി.. “നിക്കെടീ അവിടെ…” ശ്രീ അന്നയുടെ അടുത്തേക്ക് ഓടാൻ നോക്കിയതും വസുന്ധര അവരുടെ ഇടയിൽ കയറി നിന്നു… “ശ്രിക്കുട്ടീ….കളിക്കല്ലേ…” വസുന്ധര പറഞ്ഞിട്ടും കേൾക്കാതെ അവരുടെ പിന്നിൽ ഒളിച്ച് നിൽക്കുന്ന അന്നയെ കൂർപ്പിച്ച് നോക്കുകയായിരുന്നു അവൾ… “അമ്മ മാറി നിൽക്ക് ഇവളെ ഞാനിന്ന് ശരിയാക്കും…”

അന്നയെ പിടിക്കാൻ വസുന്ധര സമ്മതിക്കുന്നില്ലെന്ന് അറിഞ്ഞതും ശ്രീ ചുണ്ട് പുറത്തേക്ക് ഉന്തി പിണങ്ങി നിന്നു…. “ദച്ചൂസേ….വേണ്ട…എന്റെ മുത്തല്ലേ….നിനക്കൊരു സർപ്രൈസ് തന്നതല്ലേ ഞാൻ….സോറീ….” അന്ന ശ്രീയുടെ കൈ രണ്ടും പിടിച്ച് വെച്ച് അപേക്ഷിക്കുന്നത് പോലെ പറഞ്ഞതും അവൾ ഒന്ന് അടങ്ങി… സാം കുളത്തിൽ നിന്നും വരുന്ന സമയത്താണ് മാധവൻ കവലയിൽ പോയി തിരിച്ച് വരുന്നത്.. “അച്ഛാ….” അവൻ മാധവനെ കണ്ട് അയാളുടെ അടുത്തേക്ക് ചെന്നു… “നിങ്ങൾ എപ്പോ എത്തി…?ഞാനൊന്ന് പുറത്ത് പോയതായിരുന്നു…” അയാൾ അവന്റെ തോളിൽ തട്ടിക്കൊണ്ട് പറഞ്ഞു.. “കുറച്ച് സമയം ആയി…ഒരു കോൾ വന്നിട്ട് പുറത്തേക്ക് ഇറങ്ങിയതാണ്….” “എന്നാ വാ…”

സാമിനെയും കൂട്ടി മാധവൻ ഉമ്മറത്തേക്ക് കയറി… “അച്ഛോ…എന്റെ കാര്യത്തിന് വല്ല നീക്ക് പോക്കും ഉണ്ടോ…?” സാം ചോദിച്ചത് മനസ്സിലായെങ്കിലും അറിയാത്ത ഭാവത്തിൽ അയാൾ നിന്നു… “എന്ത്….?” “അല്ല…അച്ഛന്റെ മോളെ….” പകുതിക്ക് വെച്ച് നിർത്തിക്കൊണ്ട് സാം ഇടം കണ്ണിട്ട് മാധവനെ നോക്കി… “ആദ്യം നീ ഞാൻ പറഞ്ഞ കാര്യം ചെയ്തോ….?” അയാൾ മാറിൽ കൈ പിണച്ച് വെച്ച് കൊണ്ട് അവനെ നോക്കി ചോദിച്ചു… “അതിന് അച്ഛന്റെ വാവ ഒന്ന് അടുക്കണ്ടേ….ഞാൻ എന്ത് ചെയ്യാനാ…?” മുഖം കേറ്റി വെച്ച് കൊണ്ട് അവൻ പറഞ്ഞതും മാധവൻ ഉള്ളാലെ ചിരിച്ചു…. “എന്നാ നീ ചെന്ന് പറഞ്ഞ കാര്യം ചെയ്യ്….എന്നിട്ട് ആലോചിക്കാം….” “അച്ഛാ….അച്ഛനാണ് അച്ഛാ ശരിക്കും അച്ഛൻ…”

“മതി….ഞാൻ കുറച്ച് മുൻപ് നല്ലപോലെ കുളിച്ചതാണ്…അത് കൊണ്ട് മോൻ അതികം സോപ്പിട്ട് പതപ്പിക്കണ്ട….” മാധവനെ നോക്കി ഇളിച്ച് കാണിച്ച് സാം അയാളുടെ കൂടെ അകത്തേക്ക് പോയി…. “മക്കൾ ചെന്ന് ഫ്രഷ് ആയി വാ…ശ്രീക്കുട്ടീ…ഇവർക്ക് റൂം കാണിച്ച് കൊടുക്ക്….” “വസൂമ്മാ…ഞാനും അലക്സും ഔട്ട് ഫൗസിൽ കിടക്കാം….” “അത് എന്തിനാ മോനേ…” “ഒന്നും ഉണ്ടായിട്ടല്ല എന്റെ വസൂമ്മാ….എന്തോ എനിക്ക് അവിടെ ഒരുപാട് ഇഷ്ടമായിട്ടാ….” മാധവനും വസുന്ധരയും ആദ്യം എതിർത്തെങ്കിലും സാമിന്റെ നിർബന്ധത്തിന് വഴങ്ങി അവർ സമ്മതിച്ചു കൊടുത്തു.. ഔട്ട് ഹൗസിന്റെ താഴെ തട്ടിൽ ഏറ്റവും സൈഡിലുള്ള റൂമാണ് സാം എടുത്തത്…അതിന് തൊട്ടടുത്തുള്ളത് അലക്സും…

റൂമിൽ ചെന്ന് ബാഗ് ടേബിളിലേക്ക് വെച്ച് സാം അടച്ചിട്ട ജനാലക്ക് അടുത്ത് ചെന്ന് അവ പതിയെ തുറന്നിട്ടു.. അന്ന് രാത്രിയിൽ സാം കണ്ട ഇലഞ്ഞി മരം ജനാലക്ക് തൊട്ടടുത്തെന്ന പോലെ ആയിരുന്നു… അവിടെ നിന്ന് നോക്കിയാൽ ശ്രീയുടെ റൂമും നല്ലത് പോലെ കാണാം… സാം അവിടേക്ക് നോക്കി ഒന്ന് ചിരിച്ച് ഇലഞ്ഞിപ്പൂവിന്റെ ഗന്ധം ആവോളം ആസ്വദിച്ച് നിന്നു… ഫ്രഷ് ആയി ഒരു ട്രാക്ക് പാന്റും ടീ ഷർട്ടും ഇട്ട് സാം പുറത്തേക്ക് ഇറങ്ങി… അപ്പോഴേക്കും അലക്സും റെഡി ഡ്രസ് ചെയ്ഞ്ച് ചെയ്ത് ഇറങ്ങിയിരുന്നു… രണ്ട് പേരും വീട്ടിലേക്ക് കയറിയതും അകത്ത് നിന്ന് വരുന്ന ആളെ കണ്ട് വാ പൊളിച്ച് നിന്നു…

ലൈറ്റ് ചുവപ്പ് പട്ടു പാവാടയും ബ്ലൗസും അണിഞ്ഞ് മുടി രണ്ട് വശത്തേക്കും പിന്നിയിട്ട് ഒരു നാടൻ പെൺകൊടിയെ പോലെ തങ്ങളുടെ മുന്നിൽ വന്ന് നിൽക്കുന്ന അന്നമ്മയെ നോക്കി കണ്ണ് മിഴിച്ച് നിൽക്കകയായിരുന്നു അവർ…. “എങ്ങനെ ഉണ്ട് എന്നെ കാണാൻ…കൊള്ളാവോ…?” പട്ട് പാവാട രണ്ട് കൈകൾ കൊണ്ടം വിടർത്തി തല അൽപം ചെരിച്ച് ആകാംക്ഷയോടെ അവൾ ചോദിച്ചു.. ശരിക്കും ഒരു കൊച്ച് പെണ്ണിനെ പോലെയായിരുന്നു അവളെ കണ്ടാൽ തോന്നുക… “കർത്താവേ….എനിക്ക് ആള് മാറി പോയതാണോ… അലക്സേ…നീ ഒന്ന് നോക്കിക്കേ…നമ്മുടെ അന്നമ്മ തന്നെ ആണോ എന്ന്….” സാം നെഞ്ചിൽ കൈ വെച്ച് അലക്സിന്റെ തോളിലേക്ക് ചാഞ്ഞ് കൊണ്ട് പറഞ്ഞു… അവനാണെങ്കിൽ അന്നമ്മയെ നോക്കി കണ്ണ് ചിമ്മാൻ പോലും മറന്ന് ഒരേ നിൽപ്പായിരുന്നു… “ഇച്ചേ….” അന്നമ്മ സാമിനെ നോക്കി ചുണ്ട് പിളർത്തി ചിണുങ്ങി… “ഇച്ച ചുമ്മാ കളി പറഞ്ഞതല്ലേ….” “വേണ്ട….പോ….ഞാൻ മിണ്ടൂല….” സാം അവളുടെ അടുത്തേക്ക് ചെന്നതും അന്ന അവന്റെ കൈ തട്ടി മാറ്റി പിണക്കത്തോടെ ഇരുന്നു…. “ഇച്ചേടെ കുഞ്ഞൻ ചുന്ദരി ആയിട്ടുണ്ട്…ശരിക്കും…എന്ത് ഭംഗിയാ കാണാൻ….ഒരു പാവക്കുട്ടിയെ പോലെ ഉണ്ട്….” അന്നമ്മയുടെ തുടുത്ത കവിളിൽ രണ്ട് കൈകളാലും പിടിച്ച് വലിച്ച് കൊണ്ട് സാം പറഞ്ഞു…. ആഗ്രഹിച്ചത് കേട്ടതും അന്നയുടെ മുഖത്തെ പരിഭവം മാറി അവിടെ പുഞ്ചിരി വിരിഞ്ഞു…

അവനിൽ നിന്ന് അന്നമ്മ നേരെ അലക്സിലേക്ക് നോട്ടം തിരിച്ച് വിട്ടു… കണ്ണുകളാൽ എങ്ങനെ ഉണ്ടെന്ന് ചോദിച്ചതും അവൻ സന്തോഷം മറച്ച് വെച്ച് മുഖം ചുളുക്കി വല്യ കുഴപ്പമില്ലെന്ന മട്ടിൽ തലയാട്ടി… അന്നമ്മ അവനെ നോക്കി ചുണ്ട് കോട്ടിക്കൊണ്ട് അവനോടുള്ള പിണക്കത്തിൽ സാമിന്റെ തോളിലേക്ക് മുഖം അമർത്തി വെച്ചു… . അത് കണ്ടതും അലക്സിന്റെ ചുണ്ടുകളിലും ഒരു കുഞ്ഞ് പുഞ്ചിരി വിരിഞ്ഞു…. “മക്കള് വാ…ചായ എടുത്ത് വെച്ചിട്ടുണ്ട്…കുടിക്കാം..” വസുന്ധര ഉമ്മറത്തേക്ക് വന്ന് അവരെയും വിളിച്ച് കൊണ്ട് ടേബിളിന് അടുത്തേക്ക് ചെന്നു… ചായ കൊണ്ട് വന്ന് വെച്ച് തിരിഞ്ഞ ശ്രീ നേരെ നോക്കിയത് സാമിന്റെ മുഖത്തേക്കാണ്…

നേരത്തെ നടന്നതെല്ലാം ഓർത്ത് അവൾ ആദ്യം ഒന്ന് പതറിയെങ്കിലും അത് സമർത്ഥമായി മറച്ച് പിടിക്കാൻ അവളെ കൊണ്ട് കഴിഞ്ഞു…. എല്ലാവരും ടേബിളിന് ചുറ്റും ഇരുന്ന് ഓരോന്ന് സംസാരിച്ച് കൊണ്ട ചായ കുടിച്ചു… മാധവനോടും വസന്ധരയോടും എന്തൊക്കെയോ പറയുന്നുണ്ടെങ്കിലും സാമിന്റെ കണ്ണുകൾ മുഴുവൻ ശ്രീയിലായിരുന്നു…. അത് മനസ്സിലാക്കിയ പോലെ അവൾ അവനെ നോക്കാതെ അന്നമ്മയോട് സംസാരിച്ചു… “ദേ ഇതാണ് എന്റെ കണ്ണേട്ടൻ….” ചായ കുടിച്ച് കഴിഞ്ഞതും ഹാളിലേക്ക് ചെന്ന അലക്സിനെയും അന്നമ്മയെയും ശ്രീ അവളുടെ കണ്ണേട്ടന്റെ ഫോട്ടോസ് എല്ലാം കാണിച്ച് കൊടക്കുകയായിരുന്നു…

അവരുടെ പിന്നിലായി തന്നെ സാമും മാറിൽ കൈ പിണച്ച് കെട്ടിക്കൊണ്ട് നിൽക്കുന്നുണ്ട്…. അന്നമ്മയും അലക്സും ആ ഫോട്ടോയിലേക്ക് തന്നെ നോക്കി നിൽക്കുകയായിരുന്നു… കണ്ണനെ കാണാൻ വസുന്ധരയെ പറിച്ച് വെച്ചത് പോലെ ആണെന്ന് അവർക്ക് തോന്നി…. “ഏട്ടായീ…അന്നക്കുട്ടീ…വന്നേ…നമുക്ക് തൊടിയിലേക്ക് പോവാം..” കുറച്ച് സമയം കൂടെ അവിടെ നിന്നതിന് ശേഷം രണ്ട് പേരുടെയുംകൈകളിൽ ശ്രീ പിടിച്ച് വലിച്ചു…. “അതേ….ഇയാളോട് ഇനി പ്രത്യേകം പറയണം എന്നുണ്ടോ….?” അവരെ തന്നെ നോക്കി ചിരിയോടെ നിൽക്കുന്ന സാമിനെ കണ്ണ് കൂർപ്പിച്ച് വെച്ച് നോക്കി ചോദിച്ചു കൊണ്ടവൾ മുന്നിൽ നടന്നു…

സാം ഒരു പുഞ്ചിരിയോടെ അവരുടെ തൊട്ട് പിന്നിലായി നടക്കാൻ തുടങ്ങി… ശ്രീയും അന്നയും കൈകോർത്ത് പിടിച്ച് പതിയെ ആട്ടിക്കൊണ്ടായിരുന്നു തൊടിയിലൂടെ നടന്നത്… അവരെ നോക്കിക്കൊണ്ട് അലക്സും സാമും പിന്നാലെയും…. “എന്റെ കണ്ണേട്ടന്റെ….” കുറച്ച് നടന്നതും അവർ കണ്ണനെ അടക്കിയ ഇടത്താണ് എത്തിയത്.. “കണ്ണേട്ടാ….ഞാൻ എനിക്ക് ഒരു ഏട്ടായിയെ കിട്ടിയ കാര്യം പറയാറില്ലേ…ദേ ഇതാ എന്റെ ഏട്ടായി….” അലക്സിന്റെ കൈയ്ക്ക് ഇടയിലൂടെ കോർത്ത് പിടിച്ച് കൊണ്ടവൾ കണ്ണനോട് സംസാരിച്ചു.. അലക്സ് നേർത്തൊരു പുഞ്ചിരിയോടെ അവളെ നെഞ്ചിലേക്ക് ചേർത്തണച്ചു… “പിന്നെ ദേ എന്റെ അന്നക്കുട്ടി…”

മറു കൈ കൊണ്ട് അന്നയെ അവളുടെ അടുത്തേക്ക് നിൽപ്പിച്ച് കൊണ്ട് ശ്രീ പറഞ്ഞു.. “പിന്നെ ഇത്…..” അടുത്ത ഊഴം സാമിന്റെതായിരുന്നു….അവൾ എന്താ പറയുന്നതെന്ന് അറിയാനുള്ള ആകാംക്ഷയിൽ മൂന്ന് ജോഡി കണ്ണുകളും ശ്രീയെ തന്നെ നോക്കി നിന്നു… അവളാണെങ്കിൽ എന്ത് പറഞ്ഞാണ് ഇപ്പോ പരിചയപ്പെടത്തുക എന്നാണ് ചിന്തിക്കുന്നത്…. “ഇത് അന്നക്കുട്ടീടെ ഇച്ച…” അവസാനം ശ്രീ പറഞ്ഞത് കേട്ട് സാം ഒഴികെ ബാക്കി രണ്ടാളുടെയും മുഖം മങ്ങി… “അത് മാത്രമല്ലല്ലോ ദുർഗക്കൊച്ചേ…ബാക്കി കൂടി പറയ്… ഇനി നീ പരിചയപ്പെടത്തുന്നില്ലെങ്കിൽ വേണ്ട….എന്റെ അളിയനെ ഞാൻ പരിചയപ്പെട്ടോളാം….”

സാം കുറുമ്പോടെ അന്നമ്മയുടെ തോളിൽ പിടിച്ച് ശ്രീയുടെ അടുത്ത് നിന്ന് മാറ്റി അവന്റെ മറുവശത്തേക്കായി നിർത്തി… എന്നിട്ട് അന്നയുടെയും ശ്രീയുടെയും കൈയിൽ കൈ കോർത്ത് പിടിച്ച് നിന്നു… “അളിയോ…നമ്മൾ ഒരു തവണ പരിയപ്പെട്ടതാണ്…അല്ല്യോ…. സാരമില്ല…ഒന്ന് കൂടെ പരിചയപ്പെടാം….ഞാനാണ് അളിയാ അളിയന്റെ അളിയൻ…” കുസൃതിയോടെ സാം കണ്ണനോട് സംസാരിക്കുന്നത് കേട്ട് അലക്സും അന്നമ്മയും ചിരി കടിച്ച് പിടിച്ച് നിന്നു… “അയ്യടാ….അത് സ്വയം അങ്ങ് തീരുമാനിച്ചാൽ മതിയോ….” സാമിന്റെ കൈയിൽ നിന്ന് തന്റെ കൈ ഊരിയെടുക്കാൻ ശ്രീ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും അവൾക്ക് സാധിച്ചില്ല… “നോക്കി പേടിപ്പിക്കെല്ലേ ടീ ഉണ്ടക്കണ്ണീ…. നിന്റെ കണ്ണേട്ടനോട് എപ്പഴോ സമ്മതം വാങ്ങിച്ചതാണ് ഞാൻ….അല്ലേ അളിയാ… എന്നിട്ട് ഈ പെണ്ണ് നോക്കി പേടിപ്പിക്കുന്നത് കണ്ടില്ലേ….” ശ്രീ കണ്ണുരുട്ടി അവനെ നോക്കുന്നത് കണ്ട് സാം ചുണ്ട് ചുളുക്കി വെച്ച് പറഞ്ഞു… അവനോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന് തോന്നിയിട്ടാവും ശ്രീ പിന്നെ മൗനമായിരുന്നു… നാല് പേരും നിശബ്ദമായി കണ്ണനോട് സംസാരിച്ചു… ശ്രീയെ ഒരിക്കലും ഒറ്റക്കാക്കില്ലെന്ന് മൂവരും അവളുടെ കണ്ണന് വാക്ക് കൊടുത്തതും കണ്ണന്റെ സന്തോഷം അറയിച്ച് കൊണ്ട് ഒരു ഇളം തെന്നൽ അവരെ കടന്ന് പോയി.. “ദച്ചൂസേ….ദേ നോക്കിക്കേ മാങ്ങ…” തൊടിയിലെ മാവിൽ കുലച്ച് നിൽക്കുന്ന പച്ച മാങ്ങ കണ്ട് അന്നമ്മയുടെ വായിൽ വെള്ളം ഊറി… “വാ…ചാടി നോക്കാം…”

ശ്രീ അന്നമ്മയെ വിളിച്ച് മാവിന്റെ ചുവട്ടിലേക്ക് നിന്ന് കുറച്ച് ഉയരത്തിലുള്ള മാങ്ങ ചാടി പറിക്കാൻ നോക്കി… എത്ര ശ്രമിച്ചിട്ടും അവൾക്ക് അതിനടുത്തേക്ക് കൈ എത്തിയിരുന്നില്ല… ഉന്നം തീരെ ഇല്ലാത്തത് കൊണ്ട് രണ്ട് പേരും എറിഞ്ഞിട്ട് കൊള്ളുന്നുമില്ലായിരുന്നു… സാമും അലക്സും എന്തോ സംസാരിച്ച് പയ്യെ നടന്ന് അവർക്കടുത്ത് എത്തിയപ്പോഴാണ് ഈ കാഴ്ച കാണുന്നത്… അപ്പോഴേക്കും ശ്രീ ചാടി ചാടി കിതച്ച് പോയിരുന്നു… “പറ്റുന്ന പണിക്ക് പോയാൽ പോരേ കൊച്ചേ…” സാമിന്റെ കളിയാക്കൽ കേട്ട് ശ്രീ മുഖം കേറ്റി പിടിച്ച് അവളെ കൊണ്ട് പറ്റാവുന്നത് പോലെ ഒക്കെ ചാടി നോക്കി…. “മാറി നിൽക്ക്…ഞാൻ പറിച്ച് തരാം….” “വേണ്ട…എനിക്ക് തന്നെ പറിക്കണം…”

സാം അവിടേക്ക് വരാൻ ഒരുങ്ങിയതും ശ്രീ അവനെ വിലക്കി… “അല്ല ദുർഗാ…നിനക്ക് ഈ മരം കയറ്റം ഒന്നും അറിയില്ലേ…?” “മ്ഹും…പണ്ട് ഒന്ന് കയറി പടിക്കാൻ നോക്കിയതായിരുന്നു… പക്ഷേ കാല് തെന്നി താഴെ വീണു…കൈ പൊട്ടി…പിന്നെ മരം കയറ്റം എന്ന ആഗ്രഹം അച്ഛ എട്ടായി മടക്കി കൈയി തന്നു…” ഇരു കൈകളും ഇടുപ്പിൽ കുത്തി പിടിച്ച് കിതച്ച് കൊണ്ട് മുകളിലേക്ക് കണ്ണും നട്ടാണ് അവൾ മറുപടി കൊടുത്തത്… പെട്ടെന്ന് നിന്നിടത്ത് നിന്ന് ഉയരുന്നത് പോലെ തോന്നി ശ്രീ പേടിച്ച് താഴേക്ക് നോക്കി… ഒരു കുസൃതി ചിരിയോടെ തന്നെ എടുത്ത് പൊക്കിയ സാമിനെ കണ്ട് അവളുടെ കണ്ണ് മിഴിച്ചു… “ടോ…എന്നെ താഴെ ഇറക്ക്….” ശ്രീ അവന്റെ കൈയിൽ കിടന്ന് കുതറുന്നുണ്ടെങ്കിലും അവൻ കൂസലില്ലാതെ നിൽക്കുകയാണ്…

അലക്സും അന്നയും അവരുടെ കളികൾ കണ്ട് ചിരിക്കുന്നുണ്ട്… “മര്യാദക്ക് പറിക്കാൻ നോക്ക്….അല്ലാതെ നിന്നെ ഞാൻ നിലത്ത് വെക്കില്ല…” കുറുമ്പോടെ അവൻ പറഞ്ഞതും ശ്രീ വേറെ വഴിയില്ലാതെ കൈ എത്തിച്ച് ഒരെണ്ണം പറിച്ചു… “ഇനി എന്നെ ഇറക്ക്….” ശ്രീ ദയനീയമായി പറഞ്ഞതും സാം അവളെ നോക്കി പുഞ്ചിരിച്ച് കൊണ്ട് താഴെ ഇറക്കി… അവനെ ഒന്ന് നോക്കി ചുണ്ട് കോട്ടി ദേഷ്യത്തിൽ നടന്നതും സാം അവളുടെ പിന്നാലെ തന്നെ പോയി… “ഇച്ചായോ….” അവർക്ക് പിന്നാലെ പോവാനൊരുങ്ങിയ അലക്സിനെ അന്നമ്മ വിളിച്ചതും അവൻ എന്താണെന്ന മട്ടിൽ അവളെ നോക്കി… “എനിക്കും മാങ്ങ വേണം….” “അതിന്….?”

അന്ന മുകളിലേക്ക് ചൂണ്ടി കാണിച്ച് പറഞ്ഞതും അലക്സ് കണ്ണ് ചുരുക്കി വെച്ച് കൊണ്ട് ചോദിച്ചു… “എന്നെയും എടുക്കാവോ….” രണ്ട് കൈകളും അവന് നേരെ വിരിച്ച് കാണിച്ച് കൊഞ്ചിക്കൊണ്ട് ചോദിച്ചതും അലക്സിന് അവളോട് വല്ലാത്തൊരു വാത്സല്യം തോന്നി… “ഒന്ന് പോടീ പെണ്ണേ….വേണേൽ ഞാൻ പറിച്ച് തരാം…” ചുണ്ടിലെ പുഞ്ചിരി ഒളിപ്പിച്ച് വെച്ച് കൊണ്ട് അലക്സ് പറഞ്ഞതും അന്ന മുഖം വീർപ്പിച്ച് വെച്ച് പരിഭവത്തോടെ നിന്നു… അവളുടെ നിൽപ്പും മുഖത്തെ ഭാവവും കണ്ട് ചിരിയോടെ അന്നക്ക് അടുത്തേക്ക് ചെന്ന് അവളെ രണ്ട് കൈകളാലും എടുത്ത് ഉയർത്തി…. “ഇനി ഞാൻ എടുത്തില്ലെന്ന് പറഞ്ഞ് മുഖം കയറ്റി പിടിക്കണ്ട….”

കപട ഗൗരവത്തോടെ അവൻ പറഞ്ഞതും അന്നമ്മ അവനെ നോക്കി നല്ലത് പോലെ ചിരിച്ച് കാണിച്ച് രണ്ട് മൂന്ന് പച്ച മാങ്ങകൾ പറിച്ചെടുത്തു… “കഴിഞ്ഞോ….” “മ്മ്…” പയ്യെ അവളെ നിലത്തേക്ക് ഇറക്കിയതും അന്നമ്മ അവന്റെ കാലുകൾക്ക് മുകളിലായി വന്ന് നിന്നു… “Love you ഇച്ചായാ….” പതിയെ അവന്റെ ചെവിയിലായി പറഞ്ഞ് കവിളിൽ അമർത്തി ഉമ്മ വെച്ച ശേഷമാണ് അന്ന കാൽ നിലത്ത് കുത്തിയത്… “വന്നേ…അവര് മുന്നേ പോയി….” വാ പൊളിച്ച് നിൽക്കുന്ന അലക്സിന്റെ കൈയിൽ പിടിച്ച് വലിച്ച് അന്ന അവനെയും കൊണ്ട് നടത്തം തുടർന്നു…

അവന്റ കൈയിൽ തൂങ്ങി മാങ്ങ കഴിക്കുന്ന അവളെ അലക്സ് ഇടം കണ്ണിട്ട് നോക്കുന്നുണ്ടായിരുന്നു… അവളുടെ മുഖത്ത് വിരിയുന്ന ഭാവങ്ങളെല്ലാം അവന്റെ ചുണ്ടിലെ പുഞ്ചിരിയുടെ തിളക്കം കൂട്ടിയിരുന്നു… “വേണോ…?” അവന് നേരെ നീട്ടിക്കൊണ്ട് ചോദിച്ചതും അലക്സ് വേണ്ടെന്ന് തലയാട്ടി… “മ്ഹും…നീ കഴിച്ചോ…” അലക്സ് പറഞ്ഞിട്ടും ഒരു കഷ്ണം പൊട്ടിച്ചെടുത്ത് അവൾ അവന്റെ വായിലേക്ക് വെച്ച് കൊടുത്തു… “കഴിച്ചോ…ഇല്ലേൽ എനിക്ക് കൊതി കിട്ടും…” അന്ന കുസൃതിയോടെ പറഞ്ഞത് കേട്ട് അവനൊരു ചിരിയോടെ അവളുടെ തലയിൽ തട്ടി….

രാത്രി എപ്പോഴോ ഉണർന്ന് പോയ ശ്രീ എഴുന്നേറ്റ് ടേബിളിൽ വെച്ച ബോട്ടിൽ എടുത്ത് വെള്ളം കുടിക്കുകയായിരുന്നു.. പകുതി തുറന്നിട്ട ജനാലയിലൂടെ അവളുടെ നോട്ടം ഔട്ട് ഹൗസിലേക്ക് എത്തി… അവിടെ പുറത്തായി ആരോ നിൽക്കുനാനത് പോലെ തോന്നിയ ശ്രീ ഒന്ന് കൂടി ജനാലക്ക് അടുത്തേക്ക് ചെന്നു.. അവിടെ ഇട്ട് വെച്ചിരിക്കുന്ന വെളിച്ചത്തിൽ അത് സാം ആണെന്ന് മനസ്സിലായതും ശ്രീ സംശയത്തോടെ നെറ്റി ചുളുക്കി… “ഈ രാത്രി ഇതെന്തെടുക്കുവാ…?” അവൾ ആത്മഗതിച്ച് കുറച്അ സമയം അവനെ തന്നെ നോക്കി നിന്നു..

അങ്ങോട്ട് ഒന്ന് പോയി നോക്കിയാലോ എന്ന് മനസ്സിലിരുന്ന് ആരോ പറയുന്നത് പോലെ ശ്രീക്ക് തോന്നി… പക്ഷേ പിന്നെ അവൾ തന്നെ അത് തിരുത്തി വേഗം ബെഡിലേക്ക് കയറി കിടന്നു… എന്നിട്ടും ഉറക്കം വരാതെ ആയപ്പോഴാണ് ഒന്നവിടെ വരെ ചെന്ന് നോക്കാമെന്ന് അവൾ തീരൂമാനിക്കുന്നത്… തന്റെ അടുത്ത് കിടന്ന് സുഖമായിട്ട് ഉറങ്ങുന്ന അന്നമ്മയെ ഒന്ന് നോക്കി ഫോണും എടുത്ത് ഒരു ഷാൾ പുതച്ച് ശബ്ദമേതും ഉണ്ടാക്കാതെ പുറത്തേക്ക് ഇറങ്ങി… രാത്രി കിടന്നെങ്കിലും ഉറക്കം വരാഞ്ഞിട്ടാണ് സാം ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങിയത്… ശ്രീയുടെ റൂമിലേക്ക് നോക്കിയതും പകുതി തുറന്നിട്ട ജനാല അവൻ കണ്ടു…

അവർ ഇലഞ്ഞി മരത്തിന്റെ ചുവട്ടിലായി ഇരുന്ന് കൊഴിഞ്ഞ് വീണ ആ പൂക്കളെ കൈയിലേക്ക് ഒതുക്കി പിടിച്ച് നാസികയിലേക്ക് അടുപ്പിച്ചു… “അതേ….ഉറക്കമൊന്നും ഇല്ലേ ഇയാൾക്ക്…?” തനിക്കേറെ പ്രിയപ്പെട്ട സ്വരം കേൾക്കവേ സാം ഞെട്ടലോടെ തല ചെരിച്ച് നോക്കി… ചുണ്ട് കൂർപ്പിച്ച് വെച്ച് തന്നെ നോക്കി നിൽക്കുന്ന ശ്രീയെ കാണെ അവന്റെ ചുണ്ടിലെ പുഞ്ചിരിയുടെ തിളക്കമേറി… “ഒരു പെണ്ണ് എന്റെ ഉറക്കം കെടുത്താൻ തുടങ്ങിയിട്ട് കുറച്ച് നാളുകളായി…” കുസൃതിയോടെയുള്ള അവന്റെ സംസാരം കേട്ട് ശ്രീയുടെ മുഖം വീർത്തു… “ഇച്ചായന്റെ കൊച്ച് എന്നാത്തിനാ ഇപ്പോ ഇങ്ങ് വന്നത്…?” “എനിക്ക് വരാൻ തോന്നിയിട്ട്….

എന്താ ഇയാൾക്ക് വല്ല നഷ്ടവും ഉണ്ടോ…?” അവളുടെ കുറുമ്പ് നിറഞ്ഞ മുഖം കണ്ട് സാം ചിരിച്ച് കൊണ്ട് ഇല്ലെന്ന് തലയാട്ടി… “ഏതായാലും വന്നതല്ലേ കുറച്ച് സമയം ഇവിടെ ഇരിക്ക്….” സാം പതിയെ പറഞ്ഞതും എന്ത് കൊണ്ടോ അത് എതിർക്കാൻ അവൾക്ക് തോന്നിയില്ല… ശ്രീ ഒന്ന് മൂളിക്കൊണ്ട് അവന്റെ അടുത്ത് നിന്നും കുറച്ച് മാറി ചെന്ന് ഇരുന്നു… “ഇവിടെ എനിക്കേറ്റവും ഇഷ്ടപ്പെട്ട പ്ലേസ് ഏതാണെന്ന് അറിയോ ദുർഗാ…” സാമിന്റെ ഉത്തരം കാത്തെന്ന പോലെ അവൾ ഇരുന്നു…. “ദേ ഇവിടെയാണ്….ഈ ഇലഞ്ഞി മരത്തിന്റെ ചുവട്ടിൽ….” ചെറു ചിരിയോടെ സാം പറഞ്ഞതും ശ്രീ അവനെ കൗതുകത്തോടെ നോക്കി…

“കാരണം ദേ ഈ പൂക്കൾക്ക് നിന്റെ ഗന്ധമാണ് ദുർഗാ….” അവൻ കൈയിൽ പിടിച്ചിരുന്ന പൂക്കളെ ശ്രീയുടെ കൈ വിടർത്തി അതിലേക്ക് വെച്ച് കൊടുത്ത് കൊണ്ട് പറഞ്ഞു…. “എനിക്കോ…?” അവൾ സംശയത്തോടെ ആ പൂക്കളെ നാസികത്തുമ്പിലേക്ക് അടുപ്പിച്ചു… “നിനക്ക് ചിലപ്പോ അത് മനസ്സിലായെന്ന് വരില്ല പെണ്ണേ… പക്ഷേ i can feel it….ഇവിടെ നിൽക്കുമ്പോൾ നീ എന്റെ അടുത്ത് ഉള്ളത് പോലെ തോന്നും….” പതിയെ പറഞ്ഞ് കൊണ്ടവൻ അവളെ നോക്കി പുഞ്ചിരിച്ചു… ശ്രീ പിന്നെ ഒന്നും ചോദിക്കാൻ നിന്നില്ല….അവർക്കിടയിൽ നിശബ്ദത നിറഞ്ഞതും അത് മാറ്റാണെന്നോണം സാം മെല്ലെ ഏതോ പാട്ട് മൂളാൻ തുടങ്ങി…

ശ്രീക്ക് പ്രിയപ്പെട്ട ഗാനം ആയത് കൊണ്ട് അവൾക്ക് അവന്റെ ശബ്ദത്തിൽ അതൊന്ന് കേൾക്കണം എന്ന് അതിയായ ആഗ്രഹം തോന്നി… പക്ഷേ അവനോട് പറയാൻ ഒരു മടി പോലെ… “അതേ…ആ പാട്ടൊന്ന് കുറച്ച് ഉറക്കെ പാടാമോ…” മടിച്ച് മടിച്ച് ശ്രീ സാമിനെ നോക്കിക്കൊണ്ട് ചോദിച്ചതും അവൻ ഉത്സാഹത്തോടെ തലയാട്ടി…. കാരണം ആദ്യമായിട്ടാണ് അവൾ അവനോട് ഒരു കാര്യം ആവശ്യപ്പെടുന്നത്… സാം അവർക്ക് രണ്ട് പേർക്കും കേൾക്കാൻ തക്കവണ്ണം ശബ്ദത്തിൽ പാടാൻ തുടങ്ങി…..

🎶വലം കാൽ പുണരും കൊലുസ്സിൻ ചിരിയിൽ വൈഡൂര്യമായി താരങ്ങൾ (2) നിൻമനസ്സു വിളക്കുവെച്ചതു മിന്നലായി വിരിഞ്ഞില്ലേ പൊൻകിനാവുകൾ വന്നുനിന്നുടെ തങ്കമേനി പുണർന്നില്ലേ നീയിന്നെൻ സ്വയംവര വധുവല്ലേ നീരാടാൻ നമുക്കൊരു കടലില്ലേ ആവണിപൊന്നൂഞ്ഞാലാടിക്കാം നിന്നെ ഞാൻ ആയില്യം കാവിലെ വെണ്ണിലാവേ പാതിരാമുല്ലകൾ താലിപ്പൂ ചൂടുമ്പോൾ പൂജിക്കാം നിന്നെ ഞാൻ പൊന്നു പോലെ മച്ചകവാതിലും താനേ തുറന്നു പിച്ചകപൂമണം കാറ്റിൽ നിറഞ്ഞു വന്നല്ലോ നീയെൻ പൂത്തുമ്പിയായ് (ആവണി)🎶 സാം പാടി നിർത്തിയതും ശ്രീ അടഞ്ഞ കൺപോളകൾ പതിയെ തുറന്നു… തന്നെ ഇമചിമ്മാതെ നോക്കുന്ന സാമിന് നേരെ അന്ന് ആദ്യമായി നിറഞ്ഞൊരു പുഞ്ചിരി അവൾ സമ്മാനിച്ചു……”തുടരും