Thursday, December 19, 2024
Novel

നാഗചൈതന്യം: ഭാഗം 1

എഴുത്തുകാരി: ശിവ എസ് നായർ

“മല്ലികേ ഒന്ന് വേഗം നടക്ക്… ഇപ്പൊ തന്നെ നേരം ഒരുപാട് വൈകി. ” മുന്നിൽ ചൂട്ട് ആഞ്ഞു വീശി കൊണ്ട് നടന്ന കുമാരൻ പിന്തിരിഞ്ഞു ഭാര്യയെ നോക്കി പറഞ്ഞു. “നാളെ രാവിലെ പുറപ്പെടാം എന്ന് പറഞ്ഞതല്ലേ ഞാൻ. അപ്പോൾ നിങ്ങളായിരുന്നല്ലോ വൈകുന്നേരം തന്നെ പുറപ്പെടാമെന്ന് പറഞ്ഞു വാശി പിടിച്ചത്. രണ്ടു ദിവസം ഞാൻ എന്റെ വീട്ടിൽ നിൽക്കുന്നത് അല്ലെങ്കിലും നിങ്ങൾക്ക് ഇഷ്ടമല്ലല്ലോ… ” “നേരം ഇരുട്ടി തുടങ്ങി. വന്യ മൃഗങ്ങൾ ഇറങ്ങുന്നതിനു മുൻപ് നമുക്ക് വനാതിർത്തി കടന്നു ഗ്രാമത്തിലെത്തണം.

അസമയത്തു ഇത് വഴി ആൾസഞ്ചാരം പോലും കാണില്ല. എന്തെങ്കിലും അപകടം പിണഞ്ഞാൽ രക്ഷിക്കാൻ പോലും ആരുമുണ്ടാവില്ല… ” “ഇത്തിരി താമസിച്ചാലും നേരായ വഴിയിൽ കൂടി വന്നാൽ പോരെയെന്ന് ഞാൻ ചോദിച്ചതല്ലേ നിങ്ങളോട്… ” മല്ലിക അനിഷ്ടം പ്രകടിപ്പിച്ചു. “വെറുതെ എന്തിനാ കടത്തുകാരന് കൂലി കൊടുക്കുന്നത്. സന്ധ്യ കഴിഞ്ഞാൽ പിന്നെ ഗോപാലൻ ഇരട്ടി പൈസയാ വാങ്ങിക്കുന്നത്.ഇത് വഴി പോയാൽ വേഗം വീടെത്താമല്ലോ…. ” “അറുത്ത കൈയ്ക്ക് ഉപ്പു തേയ്ക്കാത്ത ഇങ്ങനെയൊരു അറു പിശുക്കൻ… ” മല്ലിക പിറുപിറുത്തു. ഭാര്യയുടെ ശകാരം കേട്ടില്ലെന്ന് ഭവിച്ചു അയാൾ കാലുകൾ നീട്ടി വച്ചു അതിവേഗം നടന്നു. സൂര്യൻ പടിഞ്ഞാറു മറഞ്ഞു.

ചുറ്റും അന്ധകാരം വാരി വിതറി കൊണ്ട് രാത്രി കടന്നു വന്നു. വവ്വാലുകൾ ഒച്ച വച്ചു ചിറകടിച്ചു കൊണ്ട് അവർക്ക് മുകളിലൂടെ പറന്നു പോയി. അന്തരീക്ഷത്തിൽ ഭീകരത തളം കെട്ടി നിന്നു. സമയം അതിവേഗം കടന്നു പൊയ്ക്കൊണ്ടിരുന്നു. കുമാരന്റെയും മല്ലികയുടെയും ചലനങ്ങൾ വീക്ഷിച്ചു കൊണ്ട് ഇരുട്ടിൽ രണ്ടു കണ്ണുകൾ ഇരുവരെയും പിന്തുടരുന്നുണ്ടായിരുന്നു. വെള്ളിയാഴ്ചയും അമാവാസിയും ഒരുമിച്ചു വന്ന ദിനം.പ്രേതാത്മക്കൾ വിഹരിക്കുന്ന രാത്രി. അമാവാസി നാളുകൾ അവരുടെ രാത്രികളാണ്. മനുഷ്യരുടെ രക്തം പാനം ചെയ്യാനിറങ്ങുന്ന യക്ഷികളുടെ രാത്രി. വടക്ക് പടിഞ്ഞാറു നിന്നും തണുത്ത കാറ്റ് ആഞ്ഞു വീശി.

നേർത്ത വിറയലോടെ മല്ലിക സാരിതുമ്പ് വലതു തോളിലൂടെ ചുറ്റി ശരീരം പൊതിഞ്ഞു. “കുമാരേട്ടാ മഴ പെയ്യുമെന്നാ തോന്നുന്നത്… അവിടെ എല്ലാവരും പറഞ്ഞതല്ലേ രാത്രി യാത്ര വേണ്ടന്ന്. കേട്ടില്ലല്ലോ…. ” മല്ലിക ഭർത്താവിനോട് തെല്ലു അമർഷത്തോടെ പറഞ്ഞു. “മഴ പെയ്താലിപ്പോ എന്താ, കുടയില്ലേ കയ്യിൽ… ” “ഹ്മ്മ്… അല്ലെങ്കിലും നിങ്ങളോട് തർക്കിക്കാൻ ഞാനില്ല… ” മല്ലിക ഒന്നും മിണ്ടാതെ അയാൾക്ക് പിന്നാലെ ചുവടുകൾ വച്ചു. ************** അന്നത്തെ രാത്രിക്ക് എന്തോ പ്രത്യേകതയുണ്ടെന്ന് ഋഷിനാരധ മംഗലത്തുള്ളവർക്ക് തോന്നി.

പതിവില്ലാതെ കാറ്റു വീശുന്നതും കാലൻ പക്ഷിയുടെ നിലവിളിയും നാട്ടുകാരെ ഭയ ചകിതരാക്കി. അമാവാസി പൂജ കഴിഞ്ഞു ദേവീക്ഷേത്രമടച്ചു പൂജാരിയും വീടണഞ്ഞു.പീടികക്കാർ നേരത്തെ തന്നെ കച്ചവടം അവസാനിപ്പിച്ചു പീടികയുമടച്ചു പൂട്ടി വീട്ടിലേക്ക് പോയി. എല്ലാവരുടെയും ഉള്ളിൽ ആപത്ശങ്ക കുമിഞ്ഞു കൂടി. സന്ധ്യയ്ക്ക് ഋഷിനാരധ മംഗലം ഗ്രാമത്തിന്റെ തെക്കേ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന പടർന്നു പന്തലിച്ച ആ വലിയ ഇലഞ്ഞിമരത്തിന്റെ ശാഖയിൽ എങ്ങു നിന്നോ മരണത്തിന്റെ ദൂതുമായി പറന്നെത്തിയ കാലൻ പക്ഷി അപകടമറിയിച്ചു കൊണ്ട് നീട്ടി വിളിച്ചു. അതിന്റെ ശബ്ദം കേൾക്കാൻ തുടങ്ങിയ മാത്രയിൽ ഏവരുടെയും ഹൃദയമിടിപ്പ് കൂടി വന്നു.

നേരം പുലരും വരെ തങ്ങളാരും സുരക്ഷിതരല്ലായെന്ന പേടി അവരിൽ ഉടലെടുത്തു. പിറ്റേന്ന് നേരം പുലരുമ്പോൾ അവർക്കിടയിൽ ആരുടെ വേണമെങ്കിലും ദുർമരണം സംഭവിക്കാമെന്നവർ ഉറച്ചു വിശ്വസിച്ചു. ഇലഞ്ഞി മരക്കൊമ്പിൽ നിന്നും വർഷങ്ങൾക്ക് മുൻപ് കാണാതായ ആ പക്ഷിയുടെ തിരിച്ചു വരവ് വരാൻ പോകുന്ന ഏതോ ആപത്തിന്റെ മുന്നൊരുക്കമാണെന്ന് പലരും വിശ്വസിച്ചു. തെക്കേ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഇലഞ്ഞിമരം കടന്നു കഴിഞ്ഞാൽ പിന്നെ കൊടിയ വനപ്രദേശമാണ്.മേലാറ്റൂർ വനമെന്നാണ് ആ പ്രദേശം അറിയപ്പെടുന്നത്.

പകൽ സമയങ്ങളിൽ ആളുകൾ അതുവഴി പോക്ക് വരവുണ്ടെങ്കിലും രാത്രി കാലങ്ങളിൽ അത്രയും ധൈര്യ ശാലികളായിട്ടുള്ളവർ മാത്രമേ അതു വഴി വരികയുള്ളു.ഇരുട്ട് വീണു കഴിഞ്ഞാൽ ആനയിറങ്ങുമെന്ന ഭയത്താൽ പലരും രാത്രി കാല യാത്രകൾ ഒഴിവാക്കും. ഇരുപത്തിനാലു വർഷങ്ങൾക്ക് മുൻപ് ഋഷിനാരാധ മംഗലം വിറപ്പിച്ചിരുന്ന രോഹിണിയുടെ ആത്മാവിനെ തളച്ചിരിക്കുന്നതും വനത്തിനുള്ളിലെ പൊട്ടി പൊളിഞ്ഞു നാമാവശേഷമായി കിടക്കുന്ന നാഗത്തറയിലാണ്. രോഹിണിയുടെ ആത്മാവ് ഋഷിനാരാധ മംഗലത്ത് നിറഞ്ഞാടിയ സമയത്തും രാത്രി കാലങ്ങളിൽ ആളുകൾ പേടിച്ചു പുറത്തിറങ്ങാറില്ലായിരുന്നു. തുടർച്ചയായി എല്ലാ അമാവാസി നാളിലും ആരുടെയെങ്കിലും പിച്ചിച്ചീന്തപ്പെട്ട മൃതദേഹം വനാതിർത്തിയിൽ കാണപ്പെടുമായിരുന്നു.

ഒടുവിൽ അന്നാട്ടിലെ ദേവി ക്ഷേത്രത്തിൽ ഉത്സവത്തിനു വന്ന വാസുദേവ ഭട്ടത്തിരിയായിരുന്നു അവളെ മേലാറ്റൂർ വനത്തിനുള്ളിലെ നാഗത്തറയിൽ ബന്ധിച്ചത്. അതിനു ശേഷമാണ് ആളുകൾ പേടി കൂടാതെ ജീവിക്കാൻ തുടങ്ങിയത്. ************** അതേസമയം കുമാരനും മല്ലികയും നടന്നു നടന്നു വനത്തിന്റെ പകുതിയോളം ഭാഗം പിന്നിട്ടിരുന്നു. നാഗത്തറയുടെ സമീപമെത്തിയപ്പോഴാണ് പൊടുന്നനെ അവർക്ക് ചുറ്റും ഒരു ചുഴലിക്കാറ്റ് രൂപപ്പെട്ടത്. ആരോ അടിച്ചെറിഞ്ഞത് പോലെ കുമാരന്റെ കയ്യിലെ ചൂട്ട് ദൂരേക്ക് തെറിച്ചു വീണു. ഉണങ്ങിയ കരിയിലകൾക്ക് മീതെ വീണതും തീ പടർന്നു പിടിച്ചു. പതിയെ പതിയെ ചുഴലിക്കാറ്റ് നിന്നു. ക്രമേണ അവർക്ക് ചുറ്റും വൃത്താകൃതിയിൽ തീ ആളികത്തുവാൻ തുടങ്ങി.

വടക്ക് പടിഞ്ഞാറു നിന്നും വീശിയടിച്ച കാറ്റിൽ തീജ്വാലകൾ ആളിപടർന്നു. മല്ലികയുടെ തോളിൽ കിടന്ന തുണി സഞ്ചി അവർ പോലുമറിയാതെ നിലത്തേക്ക് ഊർന്നു വീണു. പേടിയോടെ അവർ ഭർത്താവിനോട്‌ ചേർന്നു നിന്നു. ഒരു നിമിഷം കുമാരനും സ്തംഭിച്ചു ചുറ്റിനും നോക്കി.തങ്ങൾ ആ തീഗോളത്തിന് നടുവിൽ അകപ്പെട്ടു കഴിഞ്ഞുവെന്ന് അയാൾക്ക് ബോധ്യമായി. പക്ഷേ അതിനു പിന്നിലെ കാരണം എന്തായിരിക്കുമെന്ന് എത്രയാലോചിച്ചിട്ടും അയാൾക്ക് പിടികിട്ടിയില്ല. തീയുടെ ചൂട് തട്ടി ഇരുവരും വിയർത്തൊലിച്ചു. അസഹനീയമായ പൊള്ളാലേറ്റ് ഇരുവരും വെന്തുരുകി. അഗ്നിജ്വാലകൾ അവരെ വലയത്തിനുള്ളിൽ തലച്ചിടുക മാത്രമേ ചെയ്തുള്ളു. അവർക്കരികിലേക്ക് അഗ്നിജ്വാലകൾ വന്നിരുന്നില്ല.

അദൃശ്യമായ ആരുടെയോ ആജ്ഞ പ്രകാരമെന്നോണം അഗ്നിനാളങ്ങൾ അവരെ പൊള്ളിച്ചു കൊണ്ട് വൃത്താകൃതിയിൽ ആളികത്തി കൊണ്ടിരുന്നു. “എന്താ കുമാരേട്ടാ ഇതൊക്കെ…?? എനിക്കെന്തോ പേടിയാകുന്നു. നമുക്കെന്തോ ആപത്തു സംഭവിക്കാൻ പോകുന്നുവെന്ന് മനസിലിരുന്ന് ആരോ പറയുംപോലെ… ” ഭയപ്പാടോടെ മല്ലിക കുമാരനെ നോക്കി. കുമാരനും നന്നേ ഭയന്നിരുന്നു. എങ്കിലും അയാൾ തന്റെ പേടി പുറത്തു കാണിച്ചില്ല. “പേടിക്കേണ്ട…. കുറച്ചു കഴിയുമ്പോൾ തീ താനെ അണഞ്ഞോളും. ഭയം കാരണം നിനക്കോരോന്നു തോന്നുന്നതാ. ഞാനില്ലേ കൂടെ… ” അയാൾ ഭാര്യയെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. അര നാഴികയോളം അഗ്നിജ്വാലകൾ അവരെ ഭയപ്പെടുത്തി നിന്ന ശേഷം പതിയെ കെട്ടടങ്ങി.

അപ്പോഴേക്കും മല്ലിക തളർച്ച കാരണം ബോധ ശൂന്യയായി നിലംപതിച്ചു. പെട്ടന്ന് എന്ത് ചെയ്യണമെന്നറിയാതെ അയാൾ സഹായത്തിനായി ചുറ്റുമൊന്നു കണ്ണോടിച്ചു. ആ വനത്തിനുള്ളിൽ ഒരു മനുഷ്യ കുഞ്ഞു പോലും ഉണ്ടായിരുന്നില്ല. “മല്ലികേ… കണ്ണു തുറക്ക്…. മല്ലി… ” അയാളവരെ ഉണർത്താൻ ശ്രമിച്ചെങ്കിലും മല്ലിക ഉണർന്നില്ല. കുമാരൻ നിലത്തു കിടന്ന തോൾ സഞ്ചിയെടുത്തു അതിൽ വെള്ളമുണ്ടോയെന്നു നോക്കി. ഒഴിഞ്ഞ കുപ്പി കയ്യിലെടുത്തു നിരാശയോടെ അയാൾ നോക്കി. ഭാര്യയെ അടുത്തു കണ്ട മരത്തിലേക്ക് ചാരിയിരുത്തിയ ശേഷം കുമാരൻ കാട്ടരുവി ലക്ഷ്യമാക്കി നടന്നു. ഒരു നിമിഷം അയാൾ മനസ്സ് കൊണ്ട് തന്നത്താൻ പ്രാകി.

ഭാര്യയുടെ വാക്കുകൾ ധിക്കരിച്ചു വൈകുന്നേരം തന്നെ ഭാര്യ വീട്ടിൽ നിന്നും യാത്ര പുറപ്പെട്ടതും കടത്തുകാരൻ ഗോപാലന് കൊടുക്കേണ്ടി വരുന്ന തുച്ഛമായ കാശ് ലാഭിക്കാൻ വനത്തിനുള്ളിലൂടെ യാത്ര തിരിക്കാൻ തോന്നിയതും എല്ലാം വിനയായി ഭവിച്ചു. ഒന്നും വേണ്ടിയിരുന്നില്ല എന്ന് കുമാരനു തോന്നി. മരണഭയം അയാളുടെ സിരകളിൽ അരിച്ചു കയറാൻ തുടങ്ങി. എന്തോ ഒരാപത്തു തന്നെ പിന്തുടരുന്നന്നതായി കുമാരനു അനുഭവപ്പെട്ടു. ഇരുളിന്റെ നിതാന്ത നിശബ്ദതയെ കീറിമുറിച്ചു കൊണ്ട് മരക്കൊമ്പിലിരുന്ന് കൂമൻ നീട്ടി മൂളി. അതേസമയം നാഗത്തറയിൽ നിന്നും ഒരു ഇരുണ്ട രൂപം പുറത്തേക്കു വന്നു. മല്ലികയെ ഒന്ന് നോക്കിയ ശേഷം ആ ഇരുണ്ട രൂപം കുമാരൻ പോയ വഴിയേ ഒഴുകി നീങ്ങി.

അപ്പോഴേക്കും കുമാരൻ കാട്ടരുവിക്ക് സമീപം എത്തിയിരുന്നു. കാട്ടരുവിയിൽ നിന്നും കുപ്പിയിൽ ജലം ശേഖരിച്ചു പിന്തിരിഞ്ഞതും തൊട്ടു പിന്നിൽ നിൽക്കുന്ന നിഴൽ രൂപത്തെ കണ്ട് കുമാരൻ നടുങ്ങി വിറച്ചു. അയാളുടെ കയ്യിൽ നിന്നും കുപ്പി വഴുതിപ്പോയി. തന്നെ തന്ന ഉറ്റുനോക്കി നിൽക്കുന്ന ആ ഇരുണ്ട രൂപത്തെ കുമാരൻ കണ്ണിമ വെട്ടാതെ നോക്കി. നിന്നിടത്തു നിന്നൊന്ന് ചലിക്കാനുള്ള ശേഷി പോലും അയാൾക്കില്ലായിരുന്നു. “ആരാ…ദ്… “വിക്കി വിക്കി കുമാരൻ ചോദിച്ചു. ഒരു പൊട്ടിച്ചിരിയുടെ അകമ്പടിയോടെ അയാൾക്ക് മുന്നിൽ ആ ഇരുണ്ട നിഴൽ സുന്ദരിയയൊരു യുവതിയായി മാറി.

“രോഹിണി… ” കുമാരന്റെ ചുണ്ടുകൾ വിറച്ചു. അവളുടെ കണ്ണുകൾ കത്തി ജ്വലിച്ചു. കൃഷ്ണമണികൾ ചുവന്നു കലങ്ങിയിരുന്നു. ഇരുപത്തി നാല് വർഷങ്ങൾക്കിപ്പുറം തനിക്ക് മുന്നിൽ ക്രൂരമായ പുഞ്ചിരിയോടെ നിൽക്കുന്ന രോഹിണിയെ അയാൾ ഭയത്തോടെ നോക്കി. അവൾ അതൊന്നും വക വച്ചതേയില്ല. പതിയെ അവൾ അയാൾക്ക് നേരെ ചുവടുകൾ വച്ചു. അതിശക്തിയായി വീശിയ കാറ്റിൽ മരങ്ങൾ ആടിയുലഞ്ഞു. നായ്ക്കൾ കൂട്ടമായി ഓരിയിട്ടു കൊണ്ട് തലങ്ങും വിലങ്ങും പാഞ്ഞു. പെട്ടന്നാണ് രോഹിണി കുമാരനെയും പൊക്കിയെടുത്തു കൊണ്ട് ഗ്രാമാതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഇലഞ്ഞി മരത്തിനു നേർക്ക് പാഞ്ഞത്. തുടരും