Friday, November 22, 2024
Novel

ഭാര്യ : ഭാഗം 26

എഴുത്തുകാരി: ആഷ ബിനിൽ

ദേഷ്യം കൊണ്ട് വിറച്ചു കട്ടിലിൽ ഇരിക്കുന്ന കാശിയോട് എന്തു പറയണമെന്ന് അറിയാതെ തനു കുഴങ്ങി. “കാശിയേട്ടാ…” തനു മെല്ലെ ആ തോളിൽ കൈവച്ചു. അവളെ പോലും അത്ഭുതപ്പെടുത്തിക്കൊണ്ട് അവൻ അവളുടെ വയറിൽ ചുറ്റിപിടിച്ചു മാറിൽ തലവച്ച് ഏങ്ങിയേങ്ങി കരഞ്ഞു. ആദ്യമായി ആണ് കാശി കരയുന്നത് കാണുന്നത്. നാട്ടിലും വീട്ടിലും ബഹുമാനിക്കപ്പെടുന്ന അവനെപോലെ ഒരു വ്യക്തി ഇത്ര വൃണപ്പെടണം എങ്കിൽ തന്റെ വാക്കുകൾ അത്രമേൽ അവനെ സ്വാധീനിച്ചുകാണണം. ഇത്രയുമൊക്കെ സപ്പോർട്ട് ചെയ്യുന്ന കാശിയെ വേദനിപ്പിച്ചതിൽ അവൾക്ക് സാഹിക്കാനാവാത്ത ദുഃഖം തോന്നി.

ഒപ്പം, തന്റെ മാറിൽ തലവച്ചു കരയുന്ന അവനോട് ഒരു കുഞ്ഞിനോടെന്നപോലെ വാത്സല്യവും. തനു കാശിയുടെ തലയിൽ തലോടിക്കൊണ്ടിരുന്നു. കൗമാരം മുതൽ തന്നെ ഇഷ്ടപ്പെട്ട്, എല്ലാവരുടെയും അനുവാദത്തോടെ വിവാഹം നിശ്ചയിച്ച്, ആഗ്രഹിച്ച കല്യാണത്തലേന്ന് തന്നെ അത്തരം ഒരു സാഹചര്യത്തിൽ കണ്ടിട്ടും, ഒരല്പം പോലും പതറാത്ത മനുഷ്യൻ. ഒരു ഭർത്താവും കാണാൻ ആഗ്രഹിക്കാത്ത ആ കാഴ്ച കണ്ടിട്ടും തന്നോടുള്ള സ്നേഹം കൂടുകയല്ലാതെ കുറയാതിരുന്നവൻ. ഒറ്റക്കായി പോകാതെ ഇരിക്കാൻ ഒരു താലിയിലൂടെ തന്നെ ചേർത്തുപിടിച്ചവൻ.

വിവാഹം കഴിഞ്ഞിട്ടുകൂടി ഒരു വിധത്തിലും ഒരു ഭർത്താവിന്റെ അധികാരം സ്ഥാപിക്കാൻ ഒരിക്കലും വരാത്ത, നാലു മാസങ്ങൾക്കിടയിൽ ഒരിക്കൽ പോലും ഒരു നോട്ടം കൊണ്ടുപോലും തന്നെ ബുദ്ധിമുട്ടിക്കാത്തവൻ. മനസ് കൈവിട്ടുപോയ സമയത്ത് വിധിയോട് പൊരുതി തന്നെ തിരികെ കൂട്ടിയവൻ. തനിക്കു വേണ്ടി സ്വന്തം വീട്ടുകാർക്ക് മുന്നിൽ വാദിച്ചവൻ. അവരുടെ സ്നേഹം തന്റെ കൂടെയുണ്ട് എന്ന് ഉറപ്പിച്ചവൻ. ആ അവന് താൻ തിരികെ കൊടുക്കുന്നതോ…? അപമാനവും അവഗണനയും മാത്രം. ഇനിയും കാശിയെ അവഗണിക്കുന്നത് ദൈവത്തിന് നിരക്കില്ല എന്നറിയാം. പണ്ടേ അവനെ സ്നേഹിച്ചു തുടങ്ങിയതാണ്.

പക്ഷെ അത് ഏതു രീതിയിൽ പ്രകടിപ്പിക്കണം എന്നറിയില്ല. കുറച്ചു സമയമെടുത്തു, കാശി ഒന്ന് അടങ്ങാൻ. അവൻ തനുവിൽ നിന്ന് അടർന്നുമാറി. തനു കാശിയുടെ അടുത്തു ചെന്നിരുന്ന് അവന്റെ കയ്യിൽ കൈ കോർത്തുപിടിച്ചു: “കാശിയേട്ടാ.. എനിക്കും ആഗ്രഹമുണ്ട്. എല്ലാം മറക്കാനും ഈ സ്നേഹം ആസ്വദിച്ചു ജീവിക്കാനും എല്ലാം. പക്ഷെ അതിന് എപ്പോൾ സാധിക്കും എന്ന കാര്യത്തിൽ ഉറപ്പ് പറയാൻ എനിക്ക് പറ്റില്ല. കാത്തിരിക്കണം എന്നും ഞാൻ പറയില്ല. ഒരുപക്ഷേ ഒരിക്കലും എനിക്കത്തിന് കഴിഞ്ഞില്ലെങ്കിൽ… കാശിയേട്ടന്റെ ജീവിതം പാഴായി പോകരുത്.” കാശി അവളെ നോക്കി പുഞ്ചിരിച്ചു:

“നീ ഒരു ഉറപ്പും പറയേണ്ട. പഴയതുപോലെ എല്ലാം മറക്കാൻ ശ്രമിച്ചാൽ മാത്രം മതി. നീ കൂടെയില്ലെങ്കിൽ ആണ് തനു എന്റെ ജീവിതം പാഴായി പോവുക. നമ്മുടെ കല്യാണം കഴിഞ്ഞു നാല് മാസമല്ലേ ആയുള്ളൂ. ഒരു ആയുസ് മുഴുവൻ നമുക്ക് ബാക്കിയുണ്ട്. എത്ര നാൾ വേണമെങ്കിലും കാത്തിരിക്കാൻ ഞാൻ തയ്യാറാണ്.” അവൻ തനുവിന്റെ നെറ്റിയിൽ ചുംബിച്ചു. തനു ഒന്നും മിണ്ടിയില്ല. പക്ഷേ എത്രയും വേഗം കാശിയുടേതാകണം എന്ന തീവ്രമായ ആഗ്രഹം അവളുടെ കണ്ണുകളിൽ വെളിവായിരുന്നു. അന്ന് രാത്രി തനുവിനെ ചേർത്തുപിടിച്ച് ഉറങ്ങുമ്പോൾ കാശിക്കും ഒരു പ്രതീക്ഷ തോന്നി.

മനസിലുള്ളതെല്ലാം തുറന്ന് പറഞ്ഞു തനുവിന്റെ മനസും അറിഞ്ഞതിന്റെ ആശ്വാസവും. രാവിലെ തനുവും കാശിയും എഴുന്നേൽക്കാൻ വൈകി. രണ്ടാളും കൂടി അടുക്കളയിൽ എത്തിയപ്പോഴേക്കും നീലു ബ്രെക്ഫാസ്റ്റ് റെഡിയാക്കി കഴിഞ്ഞിരുന്നു. എല്ലാം അവൾ തന്നെ മേശമേൽ നിരത്തി. “ആഹാ.. ഇതെന്താ ഐറ്റം..?” കാശി ദോശ കയ്യിലെടുത്തുകൊണ്ട് ചോദിച്ചു. “അതോ. നീർ ദോശ എന്നു പറയും. ഞാൻ യൂട്യൂബിൽ വാണീസ് കറിവേൾഡ് നോക്കി ഉണ്ടാക്കിയതാണ്.” “ഓഹോ. അപ്പോൾ പരീക്ഷണം ആണ്. ബാത്രൂം എൻഗേജ്ഡ് ആകുമോ നീ?” തനു നീലുവിനെ ചൊറിയാൻ തുടങ്ങി.

“ഞാൻ എന്തായാലും സാമ്പാർ ഉണ്ടാക്കി രസം ആണെന്നും പറഞ്ഞു വിളമ്പിയിട്ടില്ല..” നീലുവും ഗോളടിച്ചു. അതോടെ തനു ചമ്മി. നീലുവിന്റെയും തനുവിന്റെയും കുട്ടിക്കാലത്തെ വികൃതികൾ വീണ്ടും ചർച്ചയായി. കളിയും ചിരിയും ആയി മൂവരും ഭക്ഷണം കഴിച്ചു. “കാശിയേട്ടാ ഞാൻ ഇന്ന് ലീവ് എടുക്കട്ടേ?” “ഭഗവാനേ ഞാൻ എന്താ ഈ കേൾക്കുന്നത്? പുസ്തകപ്പുഴു ലീവെടുക്കാനോ?” നീലു അന്തം വിട്ടു രണ്ടുപേരെയും നോക്കി. “അത് പിന്നെ നിന്റെ കൂടെ വീട്ടിലേക്ക് വരാൻ ഒരു ആഗ്രഹം. അമ്മയെയും കാവ്യയെയും കൂടെ വിളിക്കാം. വൈകിട്ട് കാശിയേട്ടനും അവിടേക്ക് വരാലോ.”

“ഓഹോ. അപ്പോൾ ഫുൾ പ്ലാനിൽ ആണ്.” കാശി പറഞ്ഞത് കേട്ടു തനു അവനെയൊന്ന് ഇളിച്ചുകാണിച്ചു. “നിനക്ക് എന്നാ പോകേണ്ടത്?” കാശി നീലുവിനോടായി ചോദിച്ചു. അതോടെ അവളുടെ മുഖത്തെ ചിരി മാഞ്ഞു. “എന്തെഡി..?” തനു ആശങ്കയോടെ ചോദിച്ചു. “അത്.. ആ ജോലി ചിലപ്പോൾ പോകാൻ ചാൻസ് ഉണ്ട്” “അതെങ്ങനെ?” “ആ പ്രോജക്ട് മാനേജർ ഒരു ഞെരമ്പുരോഗി ആയിരുന്നു. എൻറെയടുത്തും വഷളത്തരവും കൊണ്ട് വന്നു” “എന്നിട്ട് നീ ഒന്നും ചെയ്തില്ലേ? ഞെരമ്പു അഴിച്ചു കൊടുക്കേണ്ട അവന്റെയൊക്കെ?” തനു രോക്ഷത്തോടെ പറയുന്നത് കേട്ട കാശിയും നീലുവും ഞെട്ടി അവളെ നോക്കി.

ആരെങ്കിലും നോക്കിയാൽ പോലും അത് സ്വന്തം കുറ്റമാണെന്ന് പറഞ്ഞു കരഞ്ഞിരുന്ന പെണ്ണാണ്. “ഞാൻ അങ്ങനെ പോകുമെന്ന് നിനക്ക് തോന്നുന്നുണ്ടോ തനു? അവന്റെ കരണം അടിച്ചു പൊട്ടിച്ചിട്ടാ ഞാൻ ലീവെടുത്ത് ഇങ്ങു വന്നത്. ഇനി തിരിച്ചു പോയാൽ ജോലി ഉണ്ടാകുമോ എന്നറിയില്ല.” “നിനക്ക് പരാതി കൊടുത്തു കൂടായിരുന്നോ? അങ്ങനെ നിന്റെ മെക്കിട്ടു കയറിയതും പോരാ ജോലിയും കളഞ്ഞാൽ പിന്നെ നോക്കി നിക്കണോ?” “എന്റെ കാശിയേട്ടാ ഏട്ടൻ ഇങ്ങനെ ക്ഷോഭിക്കാതെ. ഇതൊക്കെ അവിടെ സാധാരണം ആണ്.

എന്റെ ഐഡി ഉപയോഗിച്ച് എന്റെ അവിടുത്തെ ഫ്രണ്ട് ദക്ഷ കമ്പനി ഡേറ്റ വേറൊരു കമ്പനിക്ക് ചോർത്തികൊടുത്തിരുന്നു. ആ കുറ്റം അത് എന്റെ പേരിൽ ആണ് വന്നത്. അതിൽ സഹായിക്കാം എന്നും പറഞ്ഞാണ് അയാൾ വന്നത്. ഇനി ഇത് പരാതിപ്പെട്ടാലും ഞാൻ ഇരയായി മാറും. എന്റെ സ്വഭാവദൂഷ്യം കണ്ടുപിടിക്കാൻ എല്ലാവരും നെട്ടോട്ടം ഓടും. എല്ലാത്തിലും പുറമേ ഈ ജോലി ഇല്ലെങ്കിലും ഞാൻ ചെമ്പമംഗലത്തെ ശിവപ്രസാദിന്റെ മകളാണ്. എനിക്കാ അഡ്രസ്സ് മതി ജീവിക്കാൻ.” കാശിയും തനുവും മുഖത്തോട് മുഖം നോക്കി പുഞ്ചിരിച്ചു. മനസുകൊണ്ട് അവളിപ്പോഴും ചെമ്പമംഗലത്തെ ആണെന്നും ആരെയും ഒരുതരത്തിലും വേദനിപ്പിക്കാൻ ഇപ്പോൾ അവൾക്ക് കഴിയില്ലെന്നും അവർക്ക് ബോധ്യമായി.

അല്ലെങ്കിലും ആ വീട്ടിലെ സ്ഥാനം നിലനിർത്താൻ ആണല്ലോ അവൾ ഈ കണ്ട നടകമൊക്കെ കളിച്ചത്. തന്റെ സ്ഥാനം എന്താണെന്നും അതാർക്കും നഷ്ടപ്പെടുത്താൻ കഴിയുന്നതല്ല എന്നും മനസിലാക്കാൻ കുറച്ചു സമയം വേണ്ടി വന്നു. അത്ര മാത്രം. കാശി ഓഫീസിൽ പോയ പുറകെ തനുവും നീലുവും ഒരുങ്ങിയിറങ്ങി. കാവ്യയും മാലതിയും അവരെത്തുമ്പോഴേക്കും തറവാട്ടിൽ എത്തും എന്ന് പറഞ്ഞിരുന്നു. വീട്ടിലെ പ്രതികരണം നീലു ഭയക്കുന്നതേ ഇല്ലായിരുന്നു. ചെയ്തതിനെല്ലാം ശിക്ഷയായി എന്തും നേരിടാൻ തയ്യാറായി തന്നെയാണ് പോകുന്നത്. യാത്രയിൽ രണ്ടാളും മൗനമായിരുന്നു.

പ്രതീക്ഷക്ക് വിപരീതമായി തനുവിനോടും നീലുവിനോടും ഒരുപോലെ ആണ് എല്ലാവരും പെരുമാറിയത്. മാലതി മാത്രം ആദ്യം നീലുവിനോട് ചെറിയ അകൽച്ച കാണിച്ചു. പക്ഷെ അതിനും ആയുസ് കുറവായിരുന്നു. ഏട്ടന്മാരും ചെറിയച്ഛനും ജോലിക്ക് പോയിരുന്നു. ഗീത മക്കൾ വരുന്നത് പ്രമാണിച്ചു ലീവെടുത്തു. ഹരിക്ക് പെൻഷണേഴ്സ് അസോസിയേഷൻ മീറ്റിങ് ഉണ്ടായത് കൊണ്ട് അയാളും പുറത്താണ്. ചുരുക്കത്തിൽ വീട്ടിൽ പെണ്ണുങ്ങൾ മാത്രമാണ് ഉള്ളത്. എല്ലാവരും അടുക്കളയുടെ വിവിധ ഭാഗങ്ങളിൽ തമ്പടിച്ചിരിക്കുകയാണ്. പെണ്ണുങ്ങളുടെ ഏരിയയായി സമൂഹം കല്പിച്ചുവച്ചിരിക്കുന്നത് അടുക്കളയാണല്ലോ.

അതുകൊണ്ട് ജോലി ഒന്നും ചെയ്യാൻ ഇല്ലെങ്കിൽ കൂടി അവർ അവിടിരുന്നേ സംസാരിക്കൂ. ഏറിപ്പോയാൽ ആ ഡൈനിങ്ങ് റൂം വരെ എത്തും. അതല്ലാതെ നിവൃത്തിയുണ്ടെങ്കിൽ ഹാളിലും ഉമ്മറത്തുമൊന്നും പോയിരുന്നു സൊറപറഞ്ഞിരിക്കില്ല. പണ്ടും ഏതെങ്കിലും മൂലക്ക് കാരറ്റും തക്കാളിയും കഴിച്ചു വർത്തമാനം പറഞ്ഞിരിക്കൽ ആണ് തനുവിന്റെ ശീലം. ഇപ്പോൾ ആ കൂടെ നീലുവും കാവ്യയും കൂടി ചേർന്നു. ഉച്ചക്ക് പെണ്ണുങ്ങൾ മാത്രം ആയതുകൊണ്ട് ചോറും അവിയലും മുട്ട പൊരിച്ചതും രാവിലത്തെ സാമ്പാറും ഒക്കെ കൊണ്ട് അഡ്ജസ്റ്റ് ചെയ്തു. തനുവിന്റെ ഫേവറിറ്റ് ആണ് സുമിത്രയുടെ കൈകൊണ്ട് ഉണ്ടാക്കിയ അവിയൽ.

തങ്ങൾക്ക് വേണ്ടി സ്‌പെഷ്യൽ ഒന്നും ഉണ്ടാക്കാൻ തനുവും നീലുവും സമ്മതിച്ചില്ല. ആ നേരം കൂടി എല്ലാവരും സംസാരിച്ചിരിക്കാൻ വിനിയോഗിച്ചു. വൈകിട്ടത്തേക്ക് നെയ്ചോറും ചിക്കനും റെഡിയാക്കി. സന്ധ്യക്ക് മുൻപേ പുരുഷപ്രജകൾ ഓരോരുത്തരായി വീട്ടിലെത്തി. ആദ്യം ഹരിയും ശിവനും, പിന്നെ തനയ്, അതു കഴിഞ്ഞു കൃഷ്ണൻ, പിന്നെ തരുണും ഏറ്റവും അവസാനം കാശിയും. തരുണിനെ കണ്ട കാവ്യയുടെ മുഖം ബൾബിട്ടപോലെ തെളിഞ്ഞു. ക്ലാസ് കട്ട് ചെയ്തു പെണ്ണ് വന്നത് വെറുതെയല്ല. അന്ന് രാത്രി, മാസങ്ങൾക്ക് ശേഷം എല്ലാവരും നടുത്തളത്തിൽ ഒത്തുകൂടി. രാത്രി ഏറെ വൈകുംവരെ സംസാരിച്ചിരുന്നു.

കല്യാണത്തിന് ശേഷം ഇങ്ങനൊരു അവസരം ഉണ്ടായിട്ടില്ല. തനു അതീവ സന്തോഷവത്തിയായി കാണപ്പെട്ടു. അന്ന് ഏറ്റവും കൂടുതൽ സംസാരിച്ചതും അവളാണ്. സാധാരണ അവൾ ഒരു കേൾവിക്കാരിയായി ഇരിക്കാരാണ് പതിവ്. തനുവിന്റെ ആ മാറ്റം എല്ലാവരെയും സന്തോഷിപ്പിക്കുന്നതായിരുന്നു. തനുവിന്റെ അപകടം എല്ലാവരും അറിഞ്ഞതിന്റെ ശേഷം ഇങ്ങനൊരു ദിവസം ഉണ്ടാകുമെന്ന് തരുണും തനയ്‌യും ഒട്ടും പ്രതീക്ഷിച്ചതല്ല. അവർ നന്ദിയോടെ കാശിയെ നോക്കി. അവൻ ഒരിക്കൽകൂടി തനുവിനെ ചേർത്തുപിടിച്ച് പുഞ്ചിരിച്ചു. ഉറങ്ങാൻ മുറിയിൽ കയറിയയുടനെ തനു കാശിയെ മുറുക്കെ കെട്ടിപ്പിടിച്ചു ചുംബിച്ചു.

“എന്താടി ഇത്..?” കാശി ചോദിച്ചു. തനുവിൽ മാറ്റം ഒന്നും ഉണ്ടായില്ല. അവനിൽ നിന്ന് സ്വാതന്ത്രയാകാതെ തന്നെ കാശിയുടെ കണ്ണിൽ നോക്കി അവൾ പറഞ്ഞു: “താങ്ക്സ്” “എന്തിന്” “കാശിയേട്ടൻ ഇല്ലായിരുന്നു എങ്കിൽ ഞാനിപ്പോ ഈ വീടിന്റെ ഏതെങ്കിലും മൂലയിൽ കാരഞ്ഞുകൊണ്ടിരുന്നേനെ.. ഈ അടുത്തൊന്നും ഞാൻ എല്ലാവരെയും ഇത്ര ഹാപ്പിയായി കണ്ടിട്ടില്ല. ഞാൻ കാരണം കുടുംബം മുഴുവൻ വിഷമിക്കുന്നു എന്നതായിരുന്നു എന്റെ ഏറ്റവും വലിയ വേദന. അതാണ് ഇപ്പോ പരിഹരിച്ചത്. ഈ വീട്ടിലെ സന്തോഷം ഇതുപോലെ തിരികെ തന്ന കാശിയേട്ടന് ഞാനൊരു നന്ദിയെങ്കിലും പറയണ്ടെ?”

കാശി ഇടുപ്പിൽ പിടിച്ചു തനുവിനെ തന്നോട് ചേർത്തുനിർത്തി. ആ കണ്ണുകളിലേക്ക് നോക്കി. രണ്ടാളുടെയും കണ്ണുകൾ തമിൽ കൊരുത്തു. “നന്ദി മാത്രമേ ഉള്ളൂ..?” കാശി കുസൃതിയോടെ ചോദിച്ചു. “പിന്നെ?” അതിന് മറുപടിയായി കാശി അവളുടെ അധരങ്ങൾ കവർന്നു. ഏറെ നേരം അവർ ആ നിൽപ്പ് തുടർന്നു. ശരീരവും മനസും ഒരുപോലെ ചൂടുപിടിച്ചു കഴിഞ്ഞതോടെ വികാരങ്ങൾ നിയന്ത്രിക്കാൻ കഴിയാതെയായി. ആ നിമിഷത്തിൽ തനുവും അത് ആഗ്രഹിക്കുന്നുണ്ടായിരുന്നു.

തുടരും-

ഭാര്യ : ഭാഗം 25