Friday, January 17, 2025
Novel

ശ്യാമമേഘം : ഭാഗം 30- അവസാനിച്ചു..

എഴുത്തുകാരി: പാർവതി പാറു

ആ വേനൽ മഴയിലേക്ക് കണ്ണു നട്ട് ശ്യാമ നിന്നു…. മനു കണ്ണനെ കട്ടിലിന്റെ അരികിലേക്ക് കിടത്തി പുതപ്പിച്ചു… പുറകിലൂടെ അവന്റെ കൈകൾ അവളെ ചേർത്ത് പിടിച്ചപ്പോൾ അവൾ ആ നെഞ്ചിലേക്ക് ചാരി… മനു അവന്റെ മുഖം അവളുടെ തോളിലേക്ക് ചേർത്തു…. മഴ കൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകള്‍ ചിലതുണ്ട് മണ്ണിന്‍ മനസ്സില്‍.. പ്രണയത്തിനാല്‍ മാത്രമെരിയുന്ന, ജീവന്റെ തിരികളുണ്ടാത്മാവിനുള്ളില്‍.. ഒരു ചുംബനത്തിന്നായ് ദാഹം ശമിക്കാതെ എരിയുന്ന പൂവിതള്‍ത്തുമ്പുമായി… പറയാത്ത പ്രിയതരമാമൊരു വാക്കിന്റെ മധുരം പടര്‍ന്നൊരു ചുണ്ടുമായി…

വെറുതെ പരസ്പരം നോക്കിയിരിക്കുന്നു, നിറ മൗനചഷകത്തിനിരുപുറം നാം .. ശ്യാമ അവന്റെ കവിളിൽ തലോടി… ഈ മഴക്ക് വല്ലാത്ത ഒരു ഭംഗി ഉണ്ടല്ലേ മനു… മ്മ്….. വേനൽമഴ അല്ലേ… ഈ മഴ പെയ്യുന്നത് നമ്മുടെ മനസ്സിൽ കൂടി അല്ലേ… ഒത്തിരി കാലമായി ഉരുകി കിടക്കുകയായിരുന്നില്ലേ… നമ്മുടെ മനസുകൾ… ഇനി അതിനെ തണുപ്പിക്കാൻ സമയം ആയി…. മ്മ്…. ഇതുവരെ പെയ്തൊഴിഞ്ഞ ഓരോ മഴയിലും ഞാൻ നിന്നെ ഓർത്തിരുന്നു…. നിന്റെ സ്നേഹം മഴയായി പൊഴിയാൻ ഞാൻ കൊതിച്ചിരുന്നു….

ഈ ജന്മം മുഴുവൻ ഇല്ലേ ഇനി…. മഴയല്ല.. മഴക്കാലം ആയിരിക്കും ഇനി നമുക്കെന്നും… അവൻ അവളുടെ കഴുത്തിൽ ചുംബിച്ചു…. അവൾ നാണത്തോടെ അവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി…. ആ നാണം അവനെ ചൂട് പിടിപ്പിച്ചു…. ആ മഴയുടെ തണുപ്പിലും അവന്റെ വിയർപ്പിൽ അവൾ അലിഞ്ഞു ചേർന്നു…. ….. വീർത്തു വരുന്ന ശ്യാമയുടെ വയറിൽ കണ്ണൻ ഉമ്മ വെച്ചു…. മേഘമ്മേ കണ്മണി എന്നാ വരാ…. അവൻ കുഞ്ഞിപ്പല്ലുകൾ കാട്ടി ചിരിച്ചുകൊണ്ട് തിരിഞ്ഞു മേഘയോട് ചോദിച്ചു… കണ്മണി വരാൻ.. ഇനിയും കുറേ ദിവസം കഴിയും… കണ്മണി ആണെന്ന് ഉറപ്പിച്ചോ… അനി മേഘയുടെ വയറിൽ തലവെച്ചു കിടന്ന് ചോദിച്ചു…

ആവും എനിക്ക് ഉറപ്പാ… മനു ശ്യാമയുടെ വയറിൽ ചുംബിച്ചു കൊണ്ട് പറഞ്ഞു… ഇനി അല്ലെങ്കിലോ മനുവേട്ടാ…. മേഘ സംശയത്തോടെ ചോദിച്ചു…. ആവും എനിക്ക് ഉറപ്പാണ്…. ഇത് മനുഅച്ഛന്റെയും ശ്യാമമ്മയുടെയും കണ്മണി ആണ് .. അല്ലേ… അവൻ ശ്യാമയുടെ വയറിൽ മുഖം ചേർത്ത് പറഞ്ഞപ്പോൾ വയറിന്റെ ഉള്ളിൽ കണ്മണി ഒന്ന് ചിണുങ്ങി… അതാ അവൾ അനങ്ങുന്നു… ശ്യാമ വയറിൽ കൈവെച്ചു… അനിയും മേഘയും ഓടി വന്ന് അവളുടെ വയറിൽ കൈവെച്ചു… അമ്മേടെ കണ്മണി… മേഘ സ്നേഹത്തോടെ വിളിച്ചു…. കണ്മണി അവളുടെ കൈയിൽ ചവിട്ടി… മേഘയുടെ കണ്ണുകൾ നിറഞ്ഞു….

ശ്യാമ ആ കണ്ണീർ തുടച്ചു…. അവളെ നെഞ്ചിലേക്ക് ചേർത്തു…. മേഘ ഒരു കൈ ശ്യാമയുടെ വയറിൽ വെച്ചു അവളെ കെട്ടിപിടിച്ചു ഇരുന്നു…. മേഘേ.. എന്താ മോളേ…. എന്തിനാ കണ്ണ് നിറഞ്ഞത്… മനു അവളുടെ അരികിലേക്ക് ഇരുന്നുന്നു… അനി കണ്ണനെ മടിയിൽ ഇരുത്തി അവരെ മൂന്നുപേരെയും നോക്കി… ദാ നീ അങ്ങോട്ട് നോക്ക്.. കണ്ണൻ അനിയുടെ മടിയിൽ ഇരിക്കുന്നത്… അവൻ നമ്മളെ നാലുപേരെയും ഒരുപോലെ സ്നേഹിക്കുന്നുണ്ട്…. അവന് അറിയില്ല അവന്റെ അച്ഛനും അമ്മയും ആയ ഞങ്ങളും നിങ്ങളും തമ്മിൽ ഉള്ള വെത്യാസം എന്താണെന്ന്… അവന് രണ്ട് അമ്മയും രണ്ട് അച്ഛനും ആണ്…

അവൻ ശ്യാമയുടെ ഉദരത്തിൽ കിടക്കുമ്പോൾ മുതൽ നിങ്ങൾ രണ്ടുപേരും അവനെ സ്നേഹിച്ചു തുടങ്ങിയതല്ലേ… നാളെ നിന്റെ കുഞ് ഈ ഭൂമിയിൽ വന്നാലും അവൾക്ക് രണ്ട് അമ്മയും അച്ഛനും ആയിരിക്കും… അല്ലേ…. മനു അവളുടെ മുടിയിൽ തലോടി പറഞ്ഞു…. അതെ…. എന്റെ കണ്ണനെ നീ എത്ര സ്നേഹിക്കുന്നു എന്ന് എനിക്ക് അറിയാം… അവൻ എന്റെ വയറ്റിൽ ആയിരുന്നെങ്കിലും എന്നെക്കാളേറെ നീ അവനെ സ്നേഹിച്ചിരുന്നില്ലേ…. ഇപ്പോഴും അങ്ങനെ അല്ലേ…. നിന്റെ കുഞ് എന്റെ ഉദരത്തിൽ ആയാലും നിന്റെ ഉദരത്തിൽ ആയാലും ഒരു പോലെ അല്ലേ…. അവൾ നമ്മൾ രണ്ടുപേരുടെയും മകൾ അല്ലേ…

ശ്യാമ അവളുടെ നെറ്റിയിൽ ചുംബിച്ചു…. ഒരിക്കലും നിങ്ങളുടെ മകൾ അറിയില്ല പത്തുമാസം അവൾ കിടന്നത് എന്റെ വയറ്റിൽ ആണെന്ന്…. ഒരു കുഞ്ഞിനെ ഉദരത്തിൽ ചുമക്കാനേ നിനക്ക് കഴിയാത്തതുള്ളൂ.. യഥാർഥത്തിൽ അവൾ ജീവിക്കുന്നത് നമ്മുടെ ഹൃദയത്തിൽ അല്ലേ….കണ്ണൻ ഇപ്പോഴും ഇടക്ക് രാത്രി നിങ്ങൾക്കൊപ്പം കിടന്ന് ഉറങ്ങാറില്ലേ… അത്പോലെ നിങ്ങളുടെ ജീവന് പത്തുമാസം സുഖം ആയി ഉറങ്ങാൻ ഒരു മുറി എന്റെ ഉദരത്തിൽ നൽകി അത്രേ ഉള്ളൂ…. അനി ചിരിച്ചുകൊണ്ട് കണ്ണനെ എടുത്തു ശ്യാമയുടെ മടിയിലേക്ക് കിടന്നു… കണ്ണാ അമ്മേടെ കുമ്പേൽ ആരാ…. അവൻ കണ്ണനെ മേലേക്ക് ഇരുത്തി അവനോട് ചോദിച്ചു….. കൺമണി.. എന്റെ അനിയത്തി.. അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു…..

ആണോ കണ്ണൻ ആരുടെ മോനാ…. മനു സ്നേഹത്തോടെ ചോദിച്ചു.. ഞാനോ ഞാൻ…. അനി അച്ഛന്റേം മേഘമേന്റേം അച്ഛന്റേം അമ്മേന്റേം മോൻ… അവന്റെ ആ മറുപടിയിൽ അവർ നാലുപേരും ചിരിച്ചു…. കണ്ണൻ ഉറക്കം വന്ന് അനിയുടെ നെഞ്ചിലേക്ക് കിടന്നു…. മേഘമ്മേന്റെ മോന് ഉറക്കം വരുന്നുണ്ടോ വാ നമുക്ക് ഉറങ്ങാം…. മേഘയും അനിയും കണ്ണനെ എടുത്ത് മുറിയിലേക്ക് നടന്നു…. മനു ശ്യാമയുടെ വയറിൽ തലവെച്ചു…. മനുഅച്ഛന്റെ കണ്മണി ഉറങ്ങീല്ലേ.. ദേ കണ്ണേട്ടൻ ഉറങ്ങി….. രാരിരി രാരാരോ രാരിരാരോ രാരിരി രാരാരോ…

കണ്ണേ ഉറങ്ങുറങ്ങ്‌ പൊന്നോമന കുഞ്ഞേ ഉറങ്ങുറങ്ങ്‌ കണ്ണനെ കണ്ടുകണ്ട് ചിരിച്ചുങ്കൊണ്ടോമന മുത്തുറങ്ങ്‌ താമര തുമ്പിയായി പറന്നോടാൻ ആലില കുഞ്ഞുറങ്ങ്‌ സൂര്യനും ചന്ദ്രനും പോൽ ഉറങ്ങുറങ്ങ്‌ ആരിരി രാരാരോ… ശ്യാമയുടെ വയറ്റിൽ താളം പിടിച്ചുകൊണ്ട് മനു പാടി…. മനു… ഞാനൊരു കാര്യം പറയട്ടെ…. എനിക്ക് അറിയാം നീ എന്താണ് പറയാൻ പോവുന്നത് എന്ന്…. കണ്ണന് കൺമണി മാത്രം മതി എന്നല്ലേ…. അവൻ അവളെ ചേർത്ത് പിടിച്ചു പറഞ്ഞു… മ്മ്… എത്രയൊക്കെ ആയാലും അവൾക്ക് വിഷമം ഉണ്ടാവും… ഒരു കുഞ്ഞിനെ ചുമക്കാൻ ഉള്ള ശേഷി ആ ഗർഭപാത്രത്തിന് ഇല്ലെന്ന് അറിഞ്ഞ അന്ന് അവൾ കരഞ്ഞത് ഓർക്കുന്നില്ലേ മനു….

ആ വേദന മായ്ക്കാൻ അപ്പോൾ എനിക്ക് ചെയ്യാൻ കഴിയുന്ന ഒരു കാര്യം ചെയ്‌തെന്ന സന്തോഷം ആണെനിക്ക് ഇന്ന്… .. ഞാൻ കരഞ്ഞപ്പോൾ എന്റെ കണ്ണീര് തുടച്ചവൾ ആണ് മേഘ… ആ കടം വീട്ടാൻ അവരുടെ കുഞ്ഞിനെ എന്റെ ഉദരം സ്വീകരിച്ചു… അത്രമാത്രം…. നമുക്ക് കണ്ണനും കൺമണിയും മതി… ഒരു ചെറിയ നഷ്ടബോധം പോലും അവൾക്ക്.. മേഘക്ക് നൽകണ്ട….. ശ്യാമയുടെ ആ തീരുമാനത്തോട് ഒരു എതിർപ്പും അവന് ഇല്ലായിരുന്നു…. ……………… വസന്തവും വേനലും വീണ്ടും വന്നുപോയി…. കണ്ണന് കൂട്ടായി കണ്മണി വന്നു… അനിയുടെയും മേഘയുടെയും മകൾ…

ശ്യാമയുടെ ഉദരത്തിൽ നിന്നവൾ പിറവിയെടുക്കുമ്പോൾ അവളെ ഏറ്റു വാങ്ങിയത് മനു ആയിരുന്നു…. കണ്ണന് അനി എന്ന പോലെ കൺമണിക്ക് എല്ലാം മനു ആയിരുന്നു…മനു അവൾക്ക് അനാമിക എന്ന് പേരിട്ടു…. കണ്ണന് രണ്ട് വയസ് വരെ നൽകാൻ കഴിയാതെ പോയ സ്നേഹം എല്ലാം മനു അവൾക്ക് നൽകി….. കണ്ണന്റെ കുഞ്ഞനുജത്തിക്ക്…. മേഘമ്മേ കണ്മണി എന്നാ വലുതായി കണ്ണന്റെ കൂടെ കളിക്കാൻ വരാ…. മേഘയുടെ കൈകളിൽ കിടന്നുറങ്ങുന്ന കുഞ്ഞു കൺമണിയെ നോക്കി കണ്ണൻ ചോദിച്ചു…. കണ്മണി കുറച്ചൂടെ വലുതായാൽ….

പിച്ചാ പിച്ചാ നടക്കാൻ തുടങ്ങീട്ട്… കണ്ണേട്ടാ എന്ന് വിളിച്ചു എന്റെ കണ്ണന്റെ കൂടെ കളിക്കാൻ വരൂലോ… മേഘ ഒരു കൈകൊണ്ട് അവനെ ചേർത്ത് പിടിച്ചു പറഞ്ഞു… ഹായ്.. എന്നിട്ട് ഞങ്ങൾ മുറ്റത്ത് ഓടി കളിക്കും…. അല്ലേ മ്മ്… പിന്നേ കണ്ണനും കണ്മണിയും സ്കൂളിൽ പോവും… നന്നായി പഠിക്കും… മേഘ അവനോട് പറയുമ്പോൾ അവൻ കുഞ്ഞി കണ്ണുകൾ ഉരുട്ടി അവളെ അത്ഭുതത്തോടെ നോക്കുകയായിരുന്നു… കണ്മണിയെ തൊട്ടിലിലേക്ക് കിടത്തി മേഘ എഴുന്നേറ്റു… കണ്ണൻ അവളുറങ്ങുന്നതും നോക്കി അവിടെ ഇരുന്നു… ഒരേട്ടന്റെ കരുതലോടെ….. …….

മലമുകളിലെ സന്ധ്യയിൽ നാളെ പ്രദീക്ഷകളുടെ പുലരിയായ് വീണ്ടും ജനിക്കാൻ വെമ്പി മടങ്ങുന്ന സൂര്യനെ നോക്കി ശ്യാമയും മേഘയും ഇരുന്നു… അപ്പുറത്ത് മനുവും അനിയും കണ്ണനും കൺമണിക്കും ഒപ്പം പന്തുകളിയിൽ ആണ്… അച്ഛന്മാരുടെയും മക്കളുടെയും ലോകത്ത്…. ശ്യാമേ…… പ്രണയവും സ്നേഹവും തമ്മിൽ ഉള്ള വെത്യാസം എന്താണെന്ന് അറിയുമോ… ശ്യാമയുടെ തോളിലേക്ക് തലവെച്ചു മേഘ ചോദിച്ചു… മ്മ്… പ്രണയം രാത്രിയെ പോലെ ആണ്… അതിന്റെ ഭംഗി അറിയാൻ ആകാശത്തേക്ക് നോക്കണം… ഏത് ഇരുട്ടിലും നക്ഷത്രങ്ങളെ കൊണ്ട് വെളിച്ചം നൽകുന്ന ആകാശത്തേക്ക്…

സ്നേഹം പകൽ പോലെ ആണ്… അതിന്റെ ഭംഗി അറിയാൻ ചുറ്റും നോക്കിയാൽ മതി… പ്രണയം ആകാശത്തെ മാത്രം മനോഹരം ആക്കുമ്പോൾ സ്നേഹം പ്രപഞ്ചത്തെ മുഴുവൻ മനോഹരം ആക്കുന്നു…. മേഘ ചിരിച്ചു.. അത് നിന്റെ സാഹിത്യം… എന്നാൽ യാഥാർഥ്യം അതൊന്നും അല്ല… പ്രണയം സ്വാർത്ഥം ആവുമ്പോഴും സ്നേഹം നിസ്വാർത്ഥം ആവുമ്പോഴും ആണ് മനോഹരം ആവുന്നത്…. മേഘ അനിയേയും അവന്റെ കൈയിൽ തൂങ്ങി കളിക്കുന്ന കണ്ണനെയും നോക്കി… ശ്യാമ മനുവിനേയും അവന്റെ കയിലെ കണ്മണിയേയും നോക്കി… ശരിയാണ്… ശ്യാമ മേഘയെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു… അപ്പോൾ വിണ്ണിലെ ശ്യാമമേഘങ്ങൾ അവരുടെ സ്നേഹത്തിന് മുന്നിൽ തലകുനിച്ചു മഴയായ് അവരിലേക്ക് സ്നേഹത്തോടെ പെയ്തിറങ്ങി…

അവസാനിച്ചു… ഈ കഥയെ സ്നേഹിച്ച എല്ലാവർക്കും നന്ദി… ശ്യാമയെയും മേഘയേയും പോലെ സ്വർത്ഥമായി പ്രണയിക്കാനും നിസ്വാർത്ഥമായി സ്നേഹിക്കാനും നമുക്കെല്ലാവർക്കും കഴിയട്ടെ…. ഈ ചെറിയ കഥക്ക് വേണ്ടി രണ്ട് വാക്ക് കുറിക്കും എന്ന വിശ്വാസത്തോടെ സ്വന്തം പാറു….

ശ്യാമമേഘം : ഭാഗം 29