Tuesday, December 17, 2024
Novel

തനിയെ : ഭാഗം 13

Angel Kollam

ജിൻസി ഡ്യൂട്ടി കഴിഞ്ഞു റൂമിലെത്തിയപ്പോൾ അന്നമ്മ അവളെ ഫോണിൽ വിളിച്ചു വിവരങ്ങൾ എല്ലാം അറിയിച്ചു. മനസമ്മതത്തിന് ഇനി നാല് ദിവസങ്ങൾ കൂടിയേ ഉള്ളൂവെന്നറിഞ്ഞപ്പോൾ സന്തോഷം തോന്നിയെങ്കിലും ഇത്ര പെട്ടന്ന് തനിക്ക് ലീവ് കിട്ടില്ലെന്നോർത്തപ്പോൾ സങ്കടം തോന്നി, അവൾ തന്റെ വിഷമം അന്നമ്മയോട് പറഞ്ഞു. “അമ്മേ, ഇത്ര പെട്ടന്ന് നിങ്ങൾ കല്യാണത്തിന് തീയതി നിശ്ചയിക്കുമെന്ന് ഞാൻ കരുതിയില്ല.

ഈ ആഴ്ചയിലെ ഡ്യൂട്ടിയൊക്കെ നേരത്തെ ഇട്ടതാണ്. ഓടിപ്പോയി ചോദിക്കുമ്പോൾ എനിക്ക് ലീവ് കിട്ടത്തില്ല. മനസമ്മതത്തിന് വരാൻ പറ്റില്ലെന്ന് ഉറപ്പായി, കല്യാണത്തിന് വരാം, അതേ പറ്റുള്ളൂ ” “മോളെ ചെറുക്കന്റെ വീട്ടുകാർ ധൃതി കൂട്ടിയത് കൊണ്ടാണ്..” “ആ അതൊന്നും സാരമില്ലമ്മേ, അവളുടെ കല്യാണം നടക്കട്ടെ, അവളെങ്കിലും രക്ഷപെട്ടു പോകട്ടെ.. റിജോച്ചായൻ പൈസ തരാമെന്ന് പറഞ്ഞത് കൊണ്ട് കുറച്ചു ആശ്വാസം ഉണ്ട്. അല്ലേ അമ്മേ? അല്ലെങ്കിൽ എടുപിടിന്ന് ഇത്രയും പൈസ എങ്ങനെ ഉണ്ടാക്കിയേനെ?”

“സത്യം.. അവനെങ്കിലും സന്മനസ്സ് തോന്നിയല്ലോ?” “എപ്പോൾ തരും പൈസ?” “അച്ചാച്ചന്റെ പേർക്ക് അയച്ചു കൊടുക്കും. നാളെയെ മറ്റന്നാളോ കൊണ്ട് തരുമായിരിക്കും ” “ഉം ” ജിൻസി പിറ്റേന്ന് പോയി ലീവിന് അപേക്ഷിച്ചെങ്കിലും അവൾ കരുതിയത് പോലെ മനസമ്മതത്തിന് പോകാൻ ലീവിന് അനുമതി കിട്ടിയില്ല. കല്യാണം തിങ്കളാഴ്ച ആയതിനാലും ട്രെയിൻ യാത്രയ്ക്ക് ഏകദേശം ഒന്നര ദിവസം വേണ്ടതിനാലും വെള്ളിയാഴ്ച മോർണിംഗ് ഡ്യൂട്ടി കഴിഞ്ഞിട്ടു അവധിയ്ക്ക് പൊയ്ക്കോളാൻ പറഞ്ഞു.

പത്തു ദിവസത്തെ അവധി അവൾക്ക് ലഭിച്ചു. ചൊവ്വാഴ്ച, റിജോ ജോണിന്റെ അകൗണ്ടിൽ പൈസ അയച്ചു കൊടുത്തെങ്കിലും അത് അന്നമ്മയ്ക്ക് കൊടുക്കാൻ ലിസ അനുവദിച്ചില്ല.അവൾ ജോണിനോട് വഴക്ക് ഉണ്ടാക്കി. “എന്റെ മോൻ കഷ്ടപെട്ട് സമ്പാദിക്കുന്ന പണം വെറുതെ നശിപ്പിച്ചു കളയാൻ ഞാൻ സമ്മതിക്കത്തില്ല ” “നശിപ്പിക്കുവല്ലല്ലോ, അന്നമ്മയ്ക്ക് കടം കൊടുക്കാനല്ലേ, അവൾ തിരിച്ചു തന്നോളും ” “എവിടുന്നെടുത്തു തിരിച്ചു തരുമെന്നാണ് ഈ പറയുന്നത്?

എന്റെ മോൻ കഷ്ടപ്പെട്ട് സമ്പാദിച്ച പൈസ അങ്ങനെ അന്യാധീനപ്പെടുത്തി കളയാൻ ഞാൻ സമ്മതിക്കത്തില്ല. പെങ്ങളുടെ മക്കളോട് ഇത്ര സ്നേഹമാണെങ്കിൽ നിങ്ങളുടെ കയ്യിൽ ഉണ്ടെങ്കിൽ കൊടുക്ക് പൈസ. അല്ലാതെ എന്റെ മോന്റെ കാശു കണ്ടുകൊണ്ട് ആരു മനക്കോട്ട കെട്ടണ്ട. ഒരു ചില്ലി പൈസ ഞാൻ തരത്തില്ല” ” ലിസെ, റിജോ പറഞ്ഞതുകൊണ്ടാണ് അന്നമ്മ പയ്യന്റെ വീട്ടുകാർക്ക് വാക്ക് കൊടുത്തത്. എന്നിട്ട് നീ ഇപ്പോൾ തടസ്സം നിൽക്കല്ലേ” ” നിങ്ങൾക്ക് ഇതെന്തിന്റെ കേടാ മനുഷ്യാ?

ആ പെണ്ണിന് വലിയ വയസ്സ് ഒന്നും ഇല്ലല്ലോ ഇത്ര ചെറുപ്പത്തിലെ പിടിച്ചു കെട്ടിക്കാൻ? എന്റെ ആങ്ങളയുടെ മോൾക്ക് വയസ്സ് ഇരുപത്തി നാലായി ഇതുവരെ കല്യാണം ഒന്നും ശരിയായിട്ടില്ല. അവൾക്ക് നല്ലൊരു ചെറുക്കനെ കിട്ടാത്ത സങ്കടത്തില് ഞാൻ നിൽക്കുമ്പോളാ നിങ്ങടെ പെങ്ങളെ മോളെ കെട്ടിക്കാൻ നടക്കുന്നത്” ” ഓ അപ്പോ അതാണ് നിന്റെ പ്രശ്നമല്ലേ. നിന്റെ ആങ്ങളയുടെ മോള് കെട്ടാതെ നിൽക്കുമ്പോൾ എന്റെ പെങ്ങളുടെ മോൾ കെട്ടി പോന്ന ദുഃഖം” ” ആ അത് തന്നെയാ പ്രശ്നം എന്ന് കൂട്ടിക്കോ.

നിങ്ങൾ എന്തൊക്കെ പറഞ്ഞാലും എന്റെ മോന്റെ പൈസ കൊണ്ട് അവളുടെ മോളുടെ കല്യാണം നടത്താമെന്ന് സ്വപ്നത്തിൽപോലും കരുതണ്ട” ” ഞാൻ അല്പം താണ്‌ തന്നു എന്ന് കരുതി എന്റെ തലയിൽ കയറിയിരുന്ന് നിരങ്ങരുത് കേട്ടോ. ” “നിങ്ങൾ വെറുതെ എന്നെ പേടിപ്പിക്കാൻ നിൽക്കണ്ട. എനിക്ക് മൂന്ന് ആങ്ങളമാരുണ്ട്. ചുമ്മാ എന്റെ തോളിൽ കേറാൻ വന്നാലേ അവര് വന്നു ചോദിക്കും നിങ്ങളോട്. അല്ലാതെ ജോസഫ് അന്നമ്മയെ ഉപദ്രവിക്കുന്നത് അറിഞ്ഞിട്ടും നിങ്ങൾ മിണ്ടാതിരിക്കുന്നത് പോലെ എന്റെ ആങ്ങളമാർ മിണ്ടാതിരിക്കുകയൊന്നുമില്ല .

അതുകൊണ്ട് ചുമ്മാ എന്നെ ഭീഷണിപ്പെടുത്താനും വിരട്ടാനും ശ്രമിക്കേണ്ട, എന്തൊക്കെ പറഞ്ഞാലും റിജോയുടെ കാശുകൊണ്ട് ജാൻസിയുടെ മനസ്സമ്മതം നടക്കത്തില്ല. അതുകൊണ്ട് നിങ്ങൾ അവളെ വിളിച്ചു പറഞ്ഞേരെ പൈസയ്ക്ക് വേറെ മാർഗ്ഗം നോക്കാൻ ” ജോൺ ധർമ്മസങ്കടത്തിലായി. അന്നമ്മയോട് ഈ വിവരം എങ്ങനെ വിളിച്ചു പറയും എന്നോർത്ത് അയാൾ വിഷമത്തോടെ നിന്നു. ഒടുവിലാ ദൗത്യവും ലിസ ഏറ്റെടുത്തു.

ലിസ ജാൻസിയുടെ ഫോണിലേക്ക് വിളിച്ചു. ” ഹലോ, മോളെ അമ്മയുടെ കയ്യിൽ ഒന്നു കൊടുക്ക്. എനിക്ക് അവളോട് ഒരു കാര്യം പറയാനുണ്ട്” ജാൻസി ഫോൺ അമ്മയുടെ കൈയിൽ കൊടുത്തു. ലിസ ശബ്ദത്തിൽ ഗദ്ഗദം വരുത്തിക്കൊണ്ട് അന്നമ്മയോട് പറഞ്ഞു. ” അന്നമ്മേ, റിജോ പൈസ അയച്ചു തന്നിരുന്നു. പക്ഷേ എന്റെ ആങ്ങള പെട്ടന്ന് സുഖമില്ലാതെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയപ്പോൾ കുറച്ചു പൈസയ്ക്ക് ആവശ്യം വന്നു. അവന് എന്നോടല്ലേ ചോദിക്കാൻ പറ്റൂ. അത്ര അത്യാവശ്യത്തിന് ചോദിക്കുമ്പോൾ കയ്യിൽ കാശ് വെച്ചുകൊണ്ട് എങ്ങനെയാ ഇല്ലെന്നു പറയുന്നത് ഞാൻ ആ പൈസ എടുത്തു എന്റെ ആങ്ങളയ്ക്ക് കൊടുത്തു .

പൈസ വേണമെങ്കിൽ രണ്ട് സഹോദരിമാർ കൂടി ഉണ്ടല്ലോ നിനക്ക്. അവരോട് ചോദിച്ചാലും കിട്ടുമല്ലോ. എന്റെ ആങ്ങളക്ക് ഒരു അത്യാവശ്യം വന്നപ്പോൾ ഞാൻ സഹായിച്ചില്ലെങ്കിൽ ജോലിയില്ലാതെ നിൽക്കുന്ന ബാക്കി രണ്ട് അവന്മാർ എന്ത് ചെയ്യാനാ. നിനക്ക് എന്നോട് ഒന്നും തോന്നരുത് കേട്ടോ. നീ എങ്ങനെയെങ്കിലും പൈസ ഉണ്ടാക്കുമെന്ന് എനിക്കറിയാം. ആ ധൈര്യത്തിലാണ് ഞാൻ എന്റെ ആങ്ങളയ്ക്ക് പൈസ കൊടുത്തത്. ” അന്നമ്മയ്ക്ക് താൻ നിൽക്കുന്ന ഭൂമി തനിക്ക് ചുറ്റും വട്ടം കറങ്ങുന്നത് പോലെ തോന്നി.

അവൾ വല്ലായ്മയോടെ ജാൻസിയുടെ നേർക്ക് നോക്കി. പിന്നെ തളർച്ചയോടെ വെറും നിലത്തേക്ക് ഇരുന്നു. ജാൻസി അമ്പരപ്പോടെ അമ്മയെ നോക്കി. ” എന്തുപറ്റി അമ്മേ? ലിസ ആന്റി എന്താ പറഞ്ഞത്? അമ്മ എന്തോ വല്ലാത്ത ഇരിക്കുന്നത്? ” ” കുറച്ച്….കുറച്ചു വെള്ളം കൊണ്ട് വാ മോളെ” ജാൻസി പെട്ടന്ന് വെള്ളവുമായി വന്നു. അന്നമ്മ ആ വെള്ളം വാങ്ങി കുടിച്ചിട്ട് സങ്കടത്തോടെ മകളെ നോക്കി പറഞ്ഞു. “മോളെ, റിജോ തരാമെന്ന് പറഞ്ഞ പൈസ കിട്ടത്തില്ല ” “ഇത്ര ബുദ്ധിമുട്ട് സഹിച്ചു ഈ വിവാഹം വേണ്ടമ്മേ, എനിക്ക് അത്ര വയസൊന്നും ആയിട്ടില്ലല്ലോ ”

“മോളെ, എല്ലാം അറിഞ്ഞുകൊണ്ട് ഒരു പൈസ പോലും സ്ത്രീധനം വേണ്ട എന്ന് പറഞ്ഞു, കല്യാണ ചെലവിന് പോലും പൈസ വാങ്ങാതെ, സ്വർണ്ണത്തിന്റെ പേരിൽ കണക്കു പറയാതെ, യാതൊന്നും പ്രതീക്ഷിക്കാതെ വേറെ ആരാ മോളെ നിങ്ങളെ കല്യാണം കഴിക്കാൻ വരുന്നത്? ഇത്രയും നല്ലൊരു ആലോചന വന്നത് ദൈവ ഭാഗ്യം ആണെന്ന് കരുതി എങ്ങനെയെങ്കിലും നടത്തുകയല്ലേ വേണ്ടേ?” “അമ്മേ, മനസമ്മതം നടത്താൻ പൈസ വേണം.

മനസ്സമ്മതം ഇല്ലാതെ കല്യാണം നടത്താൻ പറ്റുമോ. അപ്പോൾ ഒരു പൈസ പോലും എടുക്കാൻ ഇല്ലാത്ത ഈ സമയത്ത് ഇത്ര ബുദ്ധിമുട്ടി കല്യാണം വേണ്ട എന്നല്ലേ ഞാൻ പറഞ്ഞുള്ളൂ. ഒന്നുകിൽ അവരോട് വെയിറ്റ് ചെയ്യാൻ പറ. അല്ലെങ്കിൽ പിന്നീട് നോക്കാം” ” ഇല്ല മോളെ, ഈ വിവാഹം നടത്താമെന്ന് അന്നമ്മ വാക്ക് കൊടുത്തെങ്കിൽ എത്ര ബുദ്ധിമുട്ടാണെങ്കിലും ഞാൻ അത് നടത്തും. അന്നമ്മയ്ക്ക് ഒരു വാക്കേയുള്ളൂ. ” “അമ്മ എന്ത് ചെയ്യാൻ പോവാ?” “അതൊക്കെയുണ്ട്, ഞാനിപ്പോൾ വരാം ”

അന്നമ്മ ലില്ലിയുടെ വീട്ടിലേക്കാണ് പോയത്. ലില്ലിയോട് അവൾ തന്റെ അവസ്ഥ മുഴുവൻ അറിയിച്ചു. എല്ലാം കേട്ട് കഴിഞ്ഞപ്പോൾ ചിന്തയോടെ ഇരുന്നിട്ട് ലില്ലി ചോദിച്ചു. “അന്നമ്മേ, നീ ഒരാഴ്ച മുൻപെങ്കിലും പറഞ്ഞിരുന്നുവെങ്കിൽ ഞാൻ പൈസ എങ്ങനെയെങ്കിലും ഒപ്പിച്ചു തരാമായിരുന്നു, പെട്ടന്നൊരു ദിവസം വന്നിട്ട് അമ്പതിനായിരം രൂപ ചോദിച്ചാൽ ഞാനെങ്ങനെ തരാനാ? ” “ലില്ലി, നീ കൂടി എന്നെ കൈ ഒഴിയരുത്. മറ്റന്നാൾ എന്റെ പെങ്കൊച്ചിന്റെ മനസമ്മതം ആണ്.

എന്റെ ആങ്ങളയുടെ മോൻ പൈസ തരുമെന്നുള്ള വിശ്വാസത്തിൽ ഞാൻ ഓഡിറ്റോറിയം ബുക്ക്‌ ചെയ്തു, കാറ്ററിംഗ് ആളെ ഏർപ്പാടാക്കി. ആരും അഡ്വാൻസ് പോലും വാങ്ങാതെയാണ് ഏറ്റെടുത്തത്, ഞാൻ പൈസ കൊടുക്കുമെന്നുള്ള വിശ്വാസത്തിന്റെ പുറത്താണ് അവർ അതേറ്റെടുത്തത്. തന്നെയുമല്ല ഞാൻ കുറച്ച് പേരെ മനസമ്മതത്തിന് ക്ഷണിക്കുകയും ചെയ്തു. അവസാന നിമിഷം എന്റെ നാത്തൂൻ ഇങ്ങനെയൊരു ചതി ചെയ്യുമെന്ന് ഞാനോർത്തില്ല ” “അന്നമ്മേ, എനിക്ക് നിന്റെ അവസ്ഥ മനസിലാകും.

പക്ഷേ പെട്ടന്നോടി വന്നു ചോദിക്കുമ്പോൾ ഇത്രയും വല്യ തുക തരാൻ സത്യമായിട്ടും എന്റെ കൈയിലില്ല. നീ ഒരു കാര്യം ചെയ്യ്, വീട്ടിലേക്ക് ചെല്ല്, നാളെ ഉച്ചയ്ക്ക് മുൻപ് പൈസ ഞാനെത്തിക്കാം ” “ലില്ലി, നിന്റെ വാക്ക് വിശ്വസിച്ചു ഞാൻ പോവാണ് ” “ലില്ലിക്ക് ഒരു വാക്കെയുള്ളൂ, നീ പേടിക്കണ്ട. നാളെ പൈസ കിട്ടും, അതിനി ഞാൻ ആരുടെയെങ്കിലും കയ്യിൽ നിന്ന് പലിശക്കെടുത്താണെങ്കിലും നിനക്ക് ഞാൻ പൈസ തന്നിരിക്കും ” അന്നമ്മ ആശ്വാസത്തോടെ തിരിച്ചു വീട്ടിലേക്ക് ചെന്നു.

റിജോ തരാമെന്ന് പറഞ്ഞ പൈസ കിട്ടിയില്ലെന്നു അന്നമ്മ ജിൻസിയെ ഫോൺ ചെയ്തറിയിച്ചു. ജിൻസിയ്ക്കും സങ്കടം തോന്നി. ബുധനാഴ്ച ഉച്ചയ്ക്ക് ലില്ലി പൈസ തരാമെന്ന് പറഞ്ഞ സമയം കഴിഞ്ഞിട്ടും അവളെ കാണാതിരുന്നപ്പോൾ അന്നമ്മ അവളെ അന്വേഷിച്ചു വീട്ടിലെത്തി. ലില്ലിയുടെ വീട് അടച്ചിട്ടിരിക്കുന്നു, അന്നമ്മ തളർച്ചയോടെ വീട്ടിലെത്തി. അന്നമ്മയ്ക്ക് ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി. ഇന്ന് വൈകുന്നേരം കാറ്ററിംഗ് ഏല്പിച്ച ആൾ വീട്ടിൽ വരും, അയാൾക്ക് പൈസ കൊടുക്കണം.

എന്ത് ചെയ്യുമെന്നറിയാതെ തളർച്ചയോടെ അവൾ ഭിത്തിയിൽ ചാരി ഇരുന്നു. വൈകുന്നേരം അഞ്ചു മണിയായപ്പോൾ ലില്ലി പൈസയുമായി എത്തി. “അന്നമ്മേ, ഉദേശിച്ചത്‌ പോലെ പെട്ടന്ന് പൈസ കിട്ടിയില്ല. ഇതിപ്പോൾ ഞാൻ ഒരു ബ്ലേഡ് പലിശക്കാരന്റെ കയ്യിൽ നിന്നും വാങ്ങിയതാണ്. നൂറു രൂപയ്ക്ക് ഏഴു രൂപയാണ് പലിശ. മുതലും പലിശയും കൃത്യമായിട്ട് എത്തിക്കണം കേട്ടോ ” അന്നമ്മ ആ പൈസ വാങ്ങിയിട്ട് നന്ദിയോടെ പറഞ്ഞു. “ഒരു മുടക്കവും വരുത്തില്ല ലില്ലി,

നീ അതോർത്തു പേടിക്കണ്ട ” പൈസ ഇല്ലാത്തതിന്റെ പേരിൽ ആ മനസമ്മതം മുടങ്ങിപോകുമെന്നാണ് ലിസ കരുതിയത്. എന്നാൽ ദൈവകൃപയാൽ ആ ചടങ്ങ് മംഗളമായി നടന്നു. വൈകുന്നേരം കവലയിൽ കുറച്ചു ആളുകൾ കൂടി ചേർന്നപ്പോൾ സംസാരവിഷയമായത് ജാൻസിയുടെ വിവാഹം ആയിരുന്നു. “ജോസെഫിന്റെ ഇളയ മോളുടെ കല്യാണമാണ്, ആ പെങ്കൊച്ചിന് ഇരുപതു വയസൊ മറ്റോ ഉള്ളൂ, എന്തിനാ ഈ ചെറുപ്രായത്തിൽ പിടിച്ചു കെട്ടിക്കുന്നത്?” “അതെങ്കിലും ആ നരകത്തിൽ നിന്നും രക്ഷപെട്ടു പോകട്ടെ, നിനക്കെന്ത് വേണം?”

“എന്നാലും ചേട്ടത്തി നിൽക്കുമ്പോൾ അനിയത്തിയെ കെട്ടിക്കുന്നു. എന്തോ ചീഞ്ഞു നാറുന്നുണ്ട്. ആ മൂത്ത പെണ്ണ് പൂനെയിൽ നേഴ്സ് അല്ലേ? അവിടെ വല്ല ഹിന്ദിക്കാരൻമാരുമായിട്ട് പ്രേമത്തിൽ ആയിരിക്കും, അതായിരിക്കും ഈ പെണ്ണിനെ പെട്ടന്ന് കെട്ടിക്കുന്നത് ” “എന്തിനാടാ വെറുതെ ഇല്ലാക്കഥ പറയുന്നത്? ആ കൊച്ചിന് പഠിക്കാനെടുത്ത കടമൊക്കെയുണ്ട്, അതൊക്കെ തീർത്തിട്ട് കല്യാണം മതിയെന്ന് പറഞ്ഞിട്ടുണ്ടായിരിക്കും ” “എന്നാലും ഇതൊന്നും അത്ര നല്ലകാര്യം ആയിട്ട് എനിക്ക് തോന്നുന്നില്ല ”

“ഇങ്ങനെയുമുണ്ടോ കുശുമ്പ് ഉള്ള നാട്ടുകാർ? ആ കൊച്ചെങ്കിലും എങ്ങനെയെങ്കിലും രക്ഷപെട്ടു പോകട്ടെന്ന് കരുതാതെ അവിടെയും ഗോസിപ്പ് പറഞ്ഞുണ്ടാക്കാൻ നോക്കുവാ ” “എന്നാലും അന്നമ്മയെ സമ്മതിക്കണം കേട്ടോ, ആ ജോസെഫിന്റെ ഇടിയും ചവിട്ടും കൊണ്ട് അവിടെ കടിച്ചു പിടിച്ചു കിടന്നിട്ട് പിള്ളേരെ പഠിപ്പിച്ചു ജോലി വാങ്ങിച്ചു കൊടുക്കുകയും ചെയ്തു, ഇപ്പോൾ ഒരെണ്ണത്തെ കെട്ടിക്കാനും പോകുന്നു. അവൾ ഒറ്റയൊരാളുടെ മിടുക്ക് കൊണ്ടാണ് ആ കുടുംബം രക്ഷപെട്ടത് ”

ആളുകൾ ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു. എങ്കിലും എല്ലാവരുടെയും കുറേ നാളത്തെ സംസാരവിഷയം ജാൻസിയുടെ കല്യാണം ആയിരുന്നു. ഇതിനിടയിൽ ഈ കല്യാണം മുടങ്ങിപ്പോകണം എന്ന് ആഗ്രഹിച്ചവരും ആ നാട്ടിൽ ഉണ്ടായിരുന്നു. ഏതോ നല്ലവനായ അഭ്യുദയകാംഷി ഷിജുവിനെ ഫോൺ ചെയ്തു. “ഹലോ ഷിജുവല്ലേ?” “അതേ പറഞ്ഞോളൂ ” “ജോസെഫിന്റെ മോളെ കെട്ടാൻ പോവാണെന്നറിഞ്ഞത് കൊണ്ട് വിളിച്ചതാണ് ” “ആ കെട്ടാൻ പോവാ, മനസമ്മതം കഴിഞ്ഞു, തിങ്കളാഴ്ച ആണ് കല്യാണം ”

“എല്ലാം അറിഞ്ഞിട്ട് തന്നെയാണോ കല്യാണം കഴിക്കുന്നത്?” “എന്തറിയാൻ?” “ജോസഫ് ഭയങ്കര കുടിയനാണ്.” “അതിനു ഞാൻ ജോസെഫിനെയല്ലല്ലോ, പുള്ളിയുടെ മോളെയല്ലേ കെട്ടുന്നത് ” “അല്ല.. ഞാൻ പറഞ്ഞെന്നേയുള്ളൂ, പിന്നെ ദുഖിക്കേണ്ടി വരരുത് ” “എന്റെ പൊന്നു ചേട്ടാ, ഇങ്ങനെയൊക്കെ ഫോൺ വിളിച്ചു പറഞ്ഞ് ഒരു കല്യാണം മുടക്കുമ്പോൾ നിങ്ങൾക്ക് എന്ത് സന്തോഷമാണ് കിട്ടുന്നത്. ഞാൻ ജാൻസിയെ കണ്ടിഷ്ടമായതിന് ശേഷമാണ് ഈ കല്യാണം ഉറപ്പിച്ചത്,

ആരെങ്കിലും ഒരാൾ എന്തെങ്കിലും വിളിച്ചു പറഞ്ഞാൽ അതിന്റെ പേരിൽ ഈ കല്യാണം വേണ്ടെന്ന് വയ്ക്കാൻ ഞാൻ വെറും ഊളയല്ല ” മറുപടി ഒന്നും കേൾക്കാതെ ആയപ്പോൾ ഷിജു ഫോൺ കട്ട്‌ ചെയ്തു. ഞായറാഴ്ച രാവിലെയാണ് ജിൻസി വീട്ടിലെത്തിയത്. ജാൻസിയ്ക്ക് സ്വർണം ഒന്നും എടുത്തിട്ടില്ലായിരുന്നു. ജിൻസി തന്റെ കഴുത്തിൽ കിടന്ന മാലയും കാതിലെ കമ്മലും ഊരി കൊടുത്തു കൊണ്ട് അന്നമ്മയോട് പറഞ്ഞു. “അമ്മേ, ഇത് മാറി ഇവൾക്കിഷ്ടമുള്ള എന്തെങ്കിലും ആഭരണം വാങ്ങാം ”

അന്നമ്മയും തന്റെ കാതിലും കഴുത്തിലും ഉള്ളത് ഊരിയെടുത്തു. വൈകുന്നേരം ടൗണിലുള്ള ജ്വലറിയിൽ പോയി എല്ലാം കൂടി മാറ്റി വാങ്ങി. പരിചയമുള്ള കട ആയതിനാൽ അധികം പണിക്കൂലിയൊന്നും ഈടാക്കാതെ സ്വർണം ലഭിച്ചു. എല്ലാം കൂടി ഏഴു പവൻ ആഭരണങ്ങൾ. ആഡംബരം കാണിക്കാൻ വേണ്ടി ഗോൾഡ് കവറിങ് ആഭരങ്ങൾ ധരിക്കുന്നതിനോട് ജാൻസിക്ക് താല്പര്യമില്ല, അതുകൊണ്ട് ഉള്ള ആഭരണങ്ങൾ മാത്രം അണിഞ്ഞാണ് അവൾ മണവാട്ടിയായത്. തിങ്കളാഴ്ച, ഒരു ബ്യൂട്ടിഷന്റെയും സഹായമില്ലാതെ, സ്വന്തമായി സാരിയുടുത്ത്,

സ്വയം ഒരുങ്ങി ജാൻസി മണവാട്ടിയായി വന്നു. ഷിജു അവളുടെ കഴുത്തിൽ മിന്നു കെട്ടി.ഒന്നിനും ഒരു കുറവില്ലാത്ത രീതിയിൽ വളരെ ഭംഗിയായി ആ വിവാഹം നടന്നു. പത്തു ദിവസത്തെ ലീവ് കഴിഞ്ഞപ്പോൾ ജിൻസി പൂനെയിലേക്ക് തിരിച്ചു പോയി. വിവാഹശേഷം ഷിജു ഒരു മാസം കൂടി ലീവ് നീട്ടിയെടുത്തു. ജാൻസിയുടെ വിവാഹജീവിതം സന്തോഷം നിറഞ്ഞതായിരുന്നു. അവളെക്കാളും എട്ട് വയസിനു മുതിർന്നതായത് കൊണ്ട് അവളുടെ പക്വതയില്ലായ്മയൊന്നും ഷിജു കാര്യമായിട്ടെടുത്തില്ല.

അവന്റെ ലീവ് കഴിഞ്ഞു തിരിച്ചു പോകുമ്പോൾ ജാൻസി പ്രെഗ്നന്റ് ആയിരുന്നു. ജീവിതത്തിൽ ആരുമില്ലെന്നുള്ള ചിന്തയൊക്കെ അവളെ വിട്ടു പോയി. ഷിജുവിനെക്കുറിച്ചും, ജനിക്കാനിരിക്കുന്ന തങ്ങളുടെ കുഞ്ഞിനെക്കുറിച്ചും സ്വപങ്ങൾ നെയ്തു അവളുടെ ജീവിതം മുന്നോട്ട് പോയി. ജാൻസി ഒരു ആൺകുഞ്ഞിന് ജന്മം നൽകി. തനിക്കൊരു മകൻ ഇല്ലാഞ്ഞത് കൊണ്ടായിരിക്കും ജോസെഫിന് ആ കുഞ്ഞിനോട് ഭയങ്കര സ്നേഹം ആയിരുന്നു. അയാളുടെ മദ്യപാനശീലം മാറിയില്ലെങ്കിലും കുഞ്ഞിനോട് സ്നേഹത്തോടെ മാത്രമേ പെരുമാറിയുള്ളൂ.

കുഞ്ഞിന്റെ മാമ്മോദീസയ്ക്കാണ് ഷിജു ലീവിന് നാട്ടിൽ വരുന്നത്. ജിൻസിയും ആ സമയത്ത് നാട്ടിൽ ഉണ്ടായിരുന്നു. കുഞ്ഞിന്റെ മാമോദിസയ്ക്ക് അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും ക്ഷണിച്ചിരുന്നു. ആ കൂട്ടത്തിൽ വന്ന ഒരു യുവാവിന് ജിൻസിയെ ഇഷ്ടമായി. അയാൾ അത് മറ്റാരോടും പറയാതെ ജോസെഫിനോട്‌ നേരിട്ട് പറഞ്ഞു. പള്ളിയുടെ മുറ്റത്തിന്റെ ഒരു കോണിൽ ആരും കാണാതെ മറഞ്ഞു നിന്ന് സിഗരറ്റ് വലിക്കുകയായിരുന്നു ജോസഫ്. ആ പയ്യൻ അയാളുടെ അടുത്തെത്തി.

“അച്ചായാ ” തിടുക്കത്തിൽ കയ്യിലിരുന്ന സിഗരറ്റ് കളഞ്ഞിട്ട് ജോസഫ് തിരിഞ്ഞു നോക്കി. “ഉം?” “ജാൻസിയുടെ അപ്പച്ചനല്ലേ?” “അതേ.. എന്താ കാര്യം?” “ജാൻസിയുടെ അനിയത്തിയല്ലേ.. ആ പെങ്കൊച്ച്?” ദൂരെ നിൽക്കുന്ന ജിൻസിയെ ചൂണ്ടിക്കൊണ്ടാണ് അവൻ ചോദിച്ചത്. “അനിയത്തിയല്ല. ചേട്ടത്തിയാണ്, ഉം? എന്താ കാര്യം?” “അപ്പച്ചാ എന്റെ പേര് ബോബി.എനിക്ക് ആ കൊച്ചിനെ ഇഷ്ടപെട്ടു. ഞാൻ പപ്പയെയും കൂട്ടി വീട്ടിൽ വന്നാലോചിക്കാം, അതിന് മുൻപ് അപ്പച്ചന്റെ സമ്മതം വേണമെന്ന് എനിക്ക് തോന്നി ”

ജോസഫ് ഒരുനിമിഷം ആലോചനയോടെ നിന്നിട്ട് പറഞ്ഞു. “ഞാൻ രണ്ടു പിള്ളേരെയും പഠിപ്പിച്ചു, ഒരുത്തിയുടെ കല്യാണം അന്തസായിട്ട് നടത്തി, അതിന്റെ കടങ്ങളൊന്നും തീർന്നിട്ടില്ല, അത് കൊണ്ട് ഉടനെ മറ്റൊരു വിവാഹം നടത്തുന്നതിനെപ്പറ്റി ആലോചിക്കാൻ പറ്റില്ല ” “എനിക്ക് സ്ത്രീധനം ഒന്നും വേണ്ട അപ്പച്ചാ, പെണ്ണിനെ മാത്രം മതി. അവൾ നേഴ്സ് അല്ലേ, എനിക്ക് ദുബായിൽ ജോലിയുണ്ട്, ഞാൻ അവളെയും കൊണ്ട് പൊയ്ക്കോളാം ” “സ്ത്രീധനം ഒന്നും വേണ്ടെങ്കിൽ ഞായറാഴ്ച അപ്പനെയും കൂട്ടി പെണ്ണ് കാണാൻ വന്നോ, കല്യാണം ഞാൻ നടത്തി തരാം ”

അന്നമ്മ എങ്ങനെയെങ്കിലും കല്യാണം നടത്തിക്കോളും എന്നുള്ള ഉറപ്പിൽ ജോസഫ് വാക്ക് കൊടുത്തു. ബോബി പുഞ്ചിരിയോടെ തിരിഞ്ഞു നടന്നു. ജിൻസി ഇതൊന്നുമറിയാതെ പ്രസാദിനെ സ്വപ്നം കണ്ടു കൊണ്ടിരിക്കുകയായിരുന്നു. തുടരും… NB: 2010 മെയ്‌ മാസത്തിൽ ആയിരുന്നു ആ വിവാഹം. ഇപ്പോൾ പോലും സ്ത്രീധനത്തിന്റെ പേരിൽ പെൺകുട്ടികൾ ആത്മഹത്യ ചെയ്‌യുന്ന വാർത്ത നമ്മൾ നിരന്തരം കേൾക്കുന്നുണ്ട്. പത്തു വർഷം മുൻപ് വിവാഹിതയായ ജാൻസി രണ്ടു കുട്ടികളുമായി സുഖമായി ജീവിക്കുന്നുണ്ട്. ഒരിക്കൽ പോലും സ്ത്രീധനം ഇല്ലാത്തതിന്റെ പേരിൽ ഷിജു ജാൻസിയെ കുറ്റപ്പെടുത്തിയിട്ടില്ല.

സ്ത്രീ തന്നെ ധനം എന്ന് കരുതിയ ഷിജുവിനെ നേരിട്ട് അഭിനന്ദിക്കണമെന്ന് ആഗ്രഹം ഉണ്ടായിരുന്നെങ്കിലും ഇതുവരെ സാധിച്ചിട്ടില്ല. അന്നമ്മയുടെയും കുട്ടികളുടെയും ജീവിതത്തിലെ പല നിർണ്ണായക നിമിഷങ്ങളിലും, സ്വന്തം രക്തബന്ധത്തിൽ ഉള്ളവർ കൈവിട്ടപ്പോൾ തുണയായത് ചിട്ടിക്കാരിയായ ലില്ലിയാണ്. സാധാരണ പലിശക്കാർക്ക് മനസാക്ഷി ഇല്ലെന്നാണ് പറയുന്നത്, പക്ഷേ അന്നമ്മയോട് അത്രയും ദയവു കാണിച്ചത് ആ പലിശക്കാരി ആയിരുന്നു. അന്നമ്മയുടെ ജീവിതത്തിൽ അവർക്ക് ഏറെ കടപ്പാടുള്ളത് ലില്ലിയോടാണ്..

തുടരും.. 

തനിയെ : ഭാഗം 12