ശക്തി: ഭാഗം 9
എഴുത്തുകാരി: ബിജി
അപ്പോഴാണ് ലയയുടെ മുറിയിൽ എന്തോ മറിഞ്ഞു വീഴുന്ന ശബ്ദം കേട്ടത് ശക്തി ഓടി മുറിയുടെ വാതിലിൽ എത്തി അപ്പോഴേക്കും രുദ്രന്യം എത്തി അവർ രണ്ടു പേരും വിളിച്ചിട്ടും ഒരനക്കവും ഇല്ല ശക്തിയും രുദ്രനും വാതിൽ തൊഴിച്ചു തുറന്നു. മുകളിൽ ഫാനിലോട്ട് ഒന്നേ നോക്കിയുള്ളു അവർ കഴുത്തിൽ ഷാളിനാൽ കുടുക്കിട്ട് തൂങ്ങിയാടുന്ന രാഗലയ..!!!ശക്തിയും രുദ്രനും മരവിച്ച് നിന്ന് പോയി…!! സൂര്യപ്രകാശം…. അരിച്ചിറങ്ങുന്നതേയുള്ളു…..
നേർത്ത മന്ദമാരുതൻ തുള്ളി തുളുമ്പുന്നു…. കാവിനുള്ളിലേക്ക് ശക്തി മെല്ലെ കയറിച്ചെന്നു… വൃക്ഷതലപ്പുകളിലെ മഞ്ഞിൻ കണങ്ങളിൽ സൂര്യരശ്മികൾ എല്ക്കുമ്പോൾ അവ വൈഡൂര്യം പോൽ തിളങ്ങുന്നു…. കുഞ്ഞുന്നാൾ മുതൽ ശക്തി വരുന്നതാണിവിടെ പടർന്നു പന്തലിച്ച ബൃഹത് വൃക്ഷങ്ങളുടെ സഞ്ചയം വള്ളിപ്പടർപ്പുകളും കുറ്റിച്ചെടിക്കളും പടർന്നു കയറിയ വല്ലരികളിൽ വയലറ്റുകളറിലെ പൂക്കൾ കാവിലേക്ക് കയറുന്ന പാതകളിലാകെ കരയിലകൾ. ജനസഞ്ചാരം അധികം ഇല്ലാത്ത പ്രദേശം.
വലിയൊരു പാറ മുകളിൽ കരിങ്കലിൽ കൊത്തിയ യോഗീശ്വര വിഗ്രഹം ….. ഈ നാടിനെ കാക്കുന്ന ദേവിയുടെ കാവൽക്കാരനാണ് യോഗീശ്വരൻ എന്നാണ് വിശ്വാസം. ആണ്ടിലൊരിക്കൽ കാവുകേറ്റം ഗംഭീരമായി നടത്താറുണ്ട്…..!! ശക്തി പന്തലിച്ച് കിടന്ന വൻമരമായ മരുതിന്റെ ചുവട്ടിൽ കിടന്നു. മനസ്സിന്ന് ശാന്തമാണ് ……! അവിടെ നിറഞ്ഞു നില്ക്കുന്നത് അവളാണ്….. തന്റെ പെണ്ണ് ലയ…. ഒരു പുൽക്കൊടിത്തുമ്പിനേയും സ്നേഹിക്കുന്നവൾ….. പ്രണയത്തെ മിഴികളിലൊളിപ്പിച്ചു നടന്നവൾ…
ശക്തിയുടെ മുഖം സന്തോഷത്താൽ നിറഞ്ഞിരുന്നു… രാഗലയ രക്ഷപെട്ടിരിക്കുന്നു….. ശ്വാസം കിട്ടാതെ പിടയുന്ന തന്റെ പെണ്ണിനേയും വാരിയെടുത്ത് ഓടുമ്പോൾ ഒന്നും മനസ്സിൽ ഇല്ലായിരുന്നു. ജീവൻ അതു മാത്രം തിരികെ തരണേന്ന് ഈ കാവിലെ മൂർത്തിയോട് കേണിരുന്നു. RL മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ ഐ സി യൂ വിന് മുന്നിൽ കഴിച്ചു കൂട്ടിയ ദിനങ്ങൾ ഒരോ സെക്കന്റും വളരെ ദൈർഘ്യം ഏറിയതുപോലെ തോന്നി….
അവളുടെ ജീവന് ആപത്തൊന്നും ഇല്ലെന്നറിഞ്ഞതും പ്രാണൻ തിരിച്ചു കിട്ടിയതുപോലെ തോന്നി ബോധം വന്നു എന്നറിഞ്ഞപ്പോൾ ഒരു നോക്കു കാണണമെന്നുണ്ടായിരുന്നു. പക്ഷേ അതിനെ അടക്കിപ്പിടിച്ചു. അവളുറങ്ങിയപ്പോൾ അവളറിയാതെ നോക്കി…. വാടിത്തളർന്നവളെ മാറോടു ചേർക്കണമെന്നു തോന്നിപ്പോയി….!! താൻ കാരണം സ്വന്തം ജീവൻ കളയാൻ തുനിഞ്ഞവൾ…. തന്നെ അത്രമേൽ പ്രണയിച്ചവൾ ഇന്ന് ആ മനസ്സിൽ തന്നോട് പ്രണയം ഉണ്ടാകുമോ വെറുപ്പായിരിക്കും നീയെത്ര ആട്ടി അകറ്റിയാലും കാറിത്തുപ്പിയാലും നിന്നെ വിട്ടു ഞാൻ പോകില്ല….!!
ശക്തിയുടെ കണ്ണ് നിറഞ്ഞു തൂവി ഈ സമയം രാഗലയത്തിലെ ബാൽക്കണിയിൽ നീലു…. ലയയെ മര്യാദ പഠിപ്പിക്കുകയാണ് ടി…. കോപ്പേ….. ഇവിടെ കിടന്ന് തൂങ്ങിയാടിയല്ലോ….. എന്തിനും ബോൾഡായി പ്രതികരിക്കുന്ന എതു വിഷയത്തിലും തന്റേതായ നിലപാടുള്ള രാഗലയ ….പെട്ടെന്നൊരു ദിവസം മേലോട്ടു പോകാൻ ടിക്കറ്റെടുക്കുകയെന്നു വച്ചാൽ മോശം…. ഏതു പ്രതിസന്ധികളേയും ആത്മവിശ്വാസത്തോടെ നേരിടണമെന്നു കോൺവെന്റിൽ പോയി ആ പാവം കുട്ടികൾക്ക് ക്ലാസ് എടുക്കാറുണ്ടല്ലോ…..
ഇനി ഏതു മുഖം കൊണ്ട് അവരെ പോയി കാണും….. തൂങ്ങാൻ നടക്കുന്നു….. ഹോ….. കണ്ണും തെള്ളിച്ച്….. എന്താ ചേലാരുന്നു കാണാൻ….. എടി…… മിനിമം ചാകാൻ തീരുമാനിക്കുമ്പോൾ കുറച്ച് ഡീസന്റായി വേണ്ടേ ഇതൊരുമാതിരി….. ഉള്ള ഉണ്ടക്കണ്ണ് താഴോട്ട് തെറിച്ച് നാക്ക് നീട്ടി നാലു പേരുകാണാൻ വന്നാൽ ഛേ…… ഓഞ്ഞ മോന്തായം കണ്ടിട്ട് പോകും നീലുവിന്റെ പറച്ചിലിൽ രാഗലയയിൽ ഒരു വരണ്ട ചിരി വിടർന്നു…. അവൾക്കും തോന്നി തുടങ്ങിയിരുന്നു തന്റെ തീരുമാനം തെറ്റായിരുന്നുവെന്ന്…..
തന്നെ സ്നേഹിക്കുന്നവരിൽ നിന്നുള്ള ഒളിച്ചോട്ടം അവരെ എത്രമാത്രം വേദനിപ്പിക്കുന്നു എന്നു മനസ്സിലായി….!! അപ്പോഴാണ് രുദ്രൻ അവർക്കടുത്തേക്ക് വന്നത് എന്താടി അമ്മാവന്റെ നീലു കൊച്ച് എന്തു ക്ലാസാ ഈ എടുക്കുന്നത് ഒന്നുമില്ലേ….. ഇതിപ്പോ ഒന്നു പാളിപ്പോയി അടുത്ത തവണ ട്രൈ ചെയ്യമ്പോൾ മിനിമം ഡീസാന്റായ വഴികൾതിരഞ്ഞെടുക്കാൻ പറഞ്ഞതാ നീലു പറഞ്ഞതും രുദ്രൻ ചിരിച്ചോണ്ട് അവളെ തല്ലാൻ ഓടി അതു കണ്ട ലയയും ചിരിച്ചു പോയി…. എന്റെ കൊച്ചിനി അങ്ങനെയൊന്നും ചിന്തിക്കില്ലെടി….
ആരെ ഓർത്തില്ലേലും ഈ നെഞ്ചിലെ പിടപ്പ് …..ന്റെ ….. മോൾ മനസ്സിലാക്കും അതു പറയുമ്പോഴേക്കും രുദ്രന്റെ കണ്ണുനിറഞ്ഞു ശബ്ദമിടറി…. അത് കണ്ട് ലയയിലും നോവായി….. ങാ….. ലയമോളേ ശക്തി രണ്ട് ദിവസം കഴിഞ്ഞ് പോകുകയാണ് പോകുന്നതിന് മുൻപ് നിങ്ങളുടെ കല്യാണം നടത്തണമെന്നാ പറയുന്നത് ലയ അതു കേട്ടതും ഒന്നും മിണ്ടാതെ റൂമിലേക്ക് പോയി…. എന്തിനാ അമ്മാവാ എടുപിടീന്ന് ഒരു കല്യാണം അറിയാൻ മേലാത്തോണ്ടു ചോദിക്കുകയാ…… എന്താ ഇവിടെ നടക്കുന്നത്…??? പറയ്….?? ലയ എന്തിന് ഇത് ചെയ്തു….?
അങ്ങനെ ഒരു കാര്യത്തിനും പെട്ടെന്ന് തളരുന്നവളല്ല അവൾ അപ്പോൾ ശക്തമായ എന്തോ കാര്യം ഉണ്ടായിട്ടുണ്ട്….!! ശക്തി ചേട്ടനും ഇതിലെന്തോ പങ്കുണ്ട്…..!! എന്തിനാ ധൃതി പിടിച്ചൊരു കല്യാണം ലയ പഠിക്കുകയല്ലേ ….? രുദ്രന്റെ മുഖം വല്ലാണ്ടായി …… ആ മുഖത്ത് നോവു പടർന്നു ഒന്നുമില്ല മോളേ നീ അറിയാൻ തക്കവണ്ണം ഒന്നും ഇല്ല… മോളെപ്പോഴും അവളുടെ ഒപ്പം ഉണ്ടാവണം രുദ്രനതും പറഞ്ഞ് പോയി….
ലയയുടെ ചിന്തകളെല്ലാം ആ തീഷ്ണതയേറിയ കണ്ണുകളിൽ കുരുങ്ങി കിടന്നു എത്രയൊക്കെ മറക്കണമെന്നു വിചാരിച്ചാലും ആ കലിപ്പ് മുഖം മിഴിവോടെ തെളിയുന്നു..!!! എന്നിലെ ഗാഢമായ പ്രണയ സ്മൃതികൾ മഞ്ചാടി മരച്ചുവട്ടിൽ തത്തി കളിക്കുന്നു….!! അവൻ പ്രണയത്തോടെ അരികിലെത്തുന്നതും അവന്റെ കുസൃതികളും അവളെ കൊല്ലാതെ കൊല്ലുന്നു….!! അന്നു വൈകുന്നേരം നീലുവിന്റെ നിർബന്ധത്തിൽ ലയ ദേവീ ക്ഷേത്രത്തിലെ ദീപാരാധന കാണാനായി ഇറങ്ങി……
ദീപാലാങ്കര ദീപ്തിയിൽ വിളങ്ങുന്ന ദേവിക്ക് മുന്നിൽ തന്റെ സങ്കടക്കടൽ ഇറക്കി വെച്ചു…!! ക്ഷേത്രത്തിലെ നടയിൽ നിന്നിറങ്ങി നടക്കുമ്പോൾ പിന്നിൽ നിന്നൊരു വിളി വന്നു ലയേ…… തിരിഞ്ഞു നോക്കാതെന്നെ ലയയ്ക്ക് ആളെ മനസ്സിലായി….. ശക്തി….”” അവൾ അവനെശ്രദ്ധിക്കാതെ നീലുവിനെ കൂട്ടി മുന്നോട്ടു നടന്നു ലയേ…..പ്ലീസ് മോളേ നിന്റെ ശക്തിയല്ലേ വിളിക്കുന്നത്….. അവൻ കേണു പറഞ്ഞിട്ടും അവൾ തിരിഞ്ഞു നോക്കാതെ പോയി…. രാഗലയ രുദ്രൻ….. അങ്ങനങ്ങു പോയാലോ…..
ഒന്നു നില്ക്ക്….. ഞാൻ പറയുന്നതു കേട്ടിട്ടെ നീ പോകൂ….!!! അവന്റെ കണ്ണുകളൊക്കെ ചുവന്നിരുന്നു….!! ശക്തി നീലുവിനോടു പറഞ്ഞു എനിക്കിവളോട് തനിയെ സംസാരിക്കണം താനൊന്ന്….. പാതി കേട്ടതും നീലു അവരെ കടന്നുപോയി….!! “”ഞാൻ തന്നോട് ചെയ്തത് തെറ്റു തന്നെയാണ്….. ന്യായികരിക്കുകയല്ല…. എന്തോ…. അന്ന് ശരിക്കും ബോധമില്ലാത്തതുപോലെയാ ഞാൻ കിടക്കാനായി വന്നത്.
നിന്നേ പ്രണയിക്കുന്നതിലപ്പുറം നിന്റെ ശരീരം ഞാൻ മോഹിച്ചിട്ടില്ല എന്താ… എങ്ങനെ സംഭവിച്ചു എന്നു കൂടി എനിക്ക് ഓർക്കാൻ കഴിയുന്നില്ല…. നിന്റെ കാലുപിടിച്ച് മാപ്പപേക്ഷിക്കുകയാണ്….. വല്ലാതെ മുറുകിയ ഭാവത്തോടെയാണവൻ പറഞ്ഞത്….!!! നാളെ ഞാൻ നിന്റെ കഴുത്തിൽ താലി ചാർത്തും. നമ്മൾ ഒരുപാട് ആഗ്രഹിച്ചതല്ലേ…. എന്നായാലും ഒന്നിക്കാൻ തീരുമാനിച്ചതാ അതിത്തിരി നേരത്തെ വേണ്ടി വന്നു….. നീ സമ്മതിക്കണം….!!!
അവളൊന്നും മിണ്ടുന്നില്ലെന്നു കണ്ടതും വീണ്ടുമവനിൽ അരിശം നിറഞ്ഞു. ഞാൻ നിന്റെ കഴുത്തിൽ താലി കെട്ടിയെന്നു കരുതി നിന്നിൽ ഒരവകാശത്തിനും ഞാൻ വരില്ല രാഗലയ ഇപ്പോഴെങ്ങനെയാണോ അതുപോലെ കഴിയാം അത്രയും പറഞ്ഞവൻ ഗൗരവത്തിൽ കടന്നുപോയി… അവന്റെ കണ്ണുകളേയും അവനിലെ കലിപ്പനേയും നേരിടാനാകാതെ ലയ ഒരക്ഷരം പോലും ഉരിയാടാനാകാതെ അവൻ പോകുന്നതും നോക്കി നിന്നു….!!.
രുദ്രൻ രാത്രിയിൽ ലയയെക്കൂട്ടി അവരുടെ ഫേവറേറ്റ് സ്ഥലമായ ഗാർഡനിലേക്ക് നടന്നു. ഇന്നവൾക്ക് ആ പൂക്കളുടെയൊന്നും സൗന്ദര്യം ആസ്വദിക്കാൻ കഴിഞ്ഞില്ല വാടാമല്ലിയും മഞ്ഞ കോളാമ്പിയും അവളിലെ ദുഖത്തെ അറിഞ്ഞ പോലെ കുമ്പിട്ടു നില്ക്കുന്നു….!! . മുഖവുരയില്ലാതെ രുദ്രൻ പറഞ്ഞു ശക്‌തി വിളിച്ചിരുന്നു…… മോളെന്തു തീരുമാനിച്ചു…. എനിക്ക് സമ്മതമാണ് അച്‌ഛേ അത്രയും പറഞ്ഞവൾ വീടിനുള്ളിലേക്ക് പോയി….!!! രുദ്ദന്റെ മുഖത്ത് സന്തോഷം നിറഞ്ഞു അവൾ സമ്മതിച്ചല്ലേ…!!
ഭാമയോടൊക്കെ രുദ്രൻ അതു പറയുമ്പോൾ അവർക്കെല്ലാം അതിശയമായിരുന്നു… രുദ്രനൊഴികെ ആർക്കും ഒന്നും അറിയില്ല….. ഭാമയോടു പോലും രുദ്രൻ ഒന്നുംപറഞ്ഞിരുന്നില്ല… ഭാമ എന്തോ ചോദിക്കാനാഞ്ഞതും രുദ്രൻ തടഞ്ഞു. ഒരു ചോദ്യവും വേണ്ട…. “നാളെ പത്ത് മണിക്ക് ലയയുടെ വിവാഹമാണ് ശക്തിയാണ് വരൻ…. രുദ്രൻ പറഞ്ഞു.. ഭാമയ്ക്ക് സങ്കടമായി എന്താണ് ഇങ്ങനെയൊക്കെ…??? ഞാനവളുടെ അമ്മയല്ലേ…. മകളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യം വന്നപ്പോൾ എനിക്കൊരു അഭിപ്രായം പറയാൻ കഴിയില്ലേ….
രുദ്രൻ ഭാമയെ ചേർത്തുപിടിച്ചു… ഇതാണ് ഭാമേ ശരി….!!! ഇതിലപ്പുറം നല്ലത് നമ്മുടെ മകൾക്ക് വേണ്ടി ചെയ്യാൻ കഴിയില്ല…. നീ നിറഞ്ഞ മനസ്സോടെ ഈ കല്യാണത്തിന് സമ്മതിക്കണം ….!! *********** ദൂരെ ഒരിടത്ത് ചുണ്ടിലെരിയുന്ന സിഗററ്റ് ആഞ്ഞുവലിച്ച് പുകച്ചുരുൾ ഊതി വിട്ടു കൊണ്ടവൻ ഉരുവിട്ടു…..രാഗലയ…. ഒരു പൊട്ടിന്റെ പോലും അലങ്കാരമില്ലാത്ത സുന്ദരി….. കണ്ടു പഴകിയ സ്ത്രീകളിൽ കാണാത്ത വീര്യം കണ്ണുകളിലും വാക്കുകളിലും സൂക്ഷിക്കുന്നവൾ….. ഇന്നോളം ഒരു പെണ്ണിനോടും തോന്നാത്ത ഭ്രമമാണവളോട്……..
ഒരു പെണ്ണുടലിനും പകർന്നു തരാനാകാത്ത വികാരം ……. അവളുടെ ഒറ്റ പുഞ്ചിരിയാൽ താൻ അനുഭവിച്ചറിഞ്ഞു അവൾ എന്റെ പെണ്ണാണ് ചരൺ ചക്രബർത്തിയുടെ മകനായ ജഗദീശ് ചരണിന്റെ പെണ്ണ്….!!! മറ്റൊരുവന്റെ നോട്ടം കൊണ്ടു പോലും എന്റെ പെണ്ണ് കളങ്കപ്പെടരുത്……. അങ്ങനെ ആരേലും നോക്കിയാൽ ആ കണ്ണ് ഇങ്ങെടുക്കും…. അവളെ അറിയാതെ പോലും ഏതവനെങ്കിലും തൊട്ടാൽ അവന്റെ കുടുംബം പോലും പിന്നെ ഈ ഭൂലോകത്ത് കാണില്ല……. അവൾ ജഗദീശിന്റെയാ…… ജഗദീശിന്റെ മാത്രം……!!!
ശക്തി രാഗലയ പരിണയത്തിനായി ദേവി ക്ഷേത്ര നട ഒരുങ്ങി…..!! ലളിതമായ ചടങ്ങിനാൽ ആ മംഗളകർമ്മം ഭംഗിയാക്കുന്നതിനായി രുദ്രൻ ഓടി നടന്നു…. കുടുംബാഗംങ്ങൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്…. ഭാമയുടെ കുടുംബത്തിൽ നിന്ന് അമ്മയും ആങ്ങളയും ഭാര്യയും പങ്കെടുത്തു ഹരികൃഷ്ണൻ വന്നിരുന്നില്ല…. ശക്തിയുടെ അമ്മയെ കൊണ്ടുവന്നിരുന്നു ലയ ആണ് മകന്റെ വധു എന്നറിഞ്ഞതിൽ ആ അമ്മയുടെ മനം നിറഞ്ഞു….!! നിറപറയും നിലവിളക്കിന്റേയും സാന്നിധ്യത്തിൽ വരനെ കല്യാണ മണ്ഡപത്തിൽ സ്വീകരിച്ചിരുത്തി…..
ചന്ദന കളർ ഷർട്ടിലും കസവു മുണ്ടിലും ശക്തിക്ക് പ്രത്യേക അഴകായിരുന്നു…… എങ്കിലും അവന്റെ മുഖത്ത് സ്ഥായീഭാവമായ ഗൗരവം കാണാമായിരുന്നു…..!! അഷ്ടമംഗല്യത്താലത്തിന്റെ അകമ്പടിയോടെ ലയ കല്യാണ മണ്ഡപത്തിൽ ശക്തിയുടെ അരികിലായി ഇരുന്നു. ഇളം നീല കസവു സാരിയിൽ ജ്വലിച്ചിരുന്നു ലയയുടെ സൗന്ദര്യം ശക്തി തന്റെ പെണ്ണിനെ നോക്കിയിരുന്നു പോയി…. പൊട്ടുപോലും തൊടാതിരുന്ന മുഖത്ത് കുഞ്ഞിപ്പൊട്ടൊന്ന് സ്ഥാനം പിടിച്ചു…… കണ്ണിൽ നേർത്ത രീതിയിൽ കൺമഷി…..
കഴിഞ്ഞു…. മുടിയിൽ ഇത്തിരി മുല്ലപ്പുവ്…. …. കാതിൽ സ്റ്റഡ്…കഴുത്തിൽ ചെറിയൊരു നെക്ലേസ്…..കൈകളിൽ നേർത്ത രണ്ടു വള…. ലളിതമായ ഒരുക്കം പോലും അവളുടെ സൗന്ദര്യത്തെ മാറ്റുകൂട്ടിയിരുന്നു….!! ലയ…. ഒരിക്കൽ പോലും ശക്തിയെ നോക്കിയിരുന്നില്ല….അവളുടെ മുഖത്തെ നിർവികാരത ശക്തിയെ നന്നായി വേദനിപ്പിച്ചു….!! അവൾ കല്യാണത്തിന് സമ്മതിച്ചല്ലോ അതുമതി…. ശുഭമുഹൂർത്തത്തിൽ ശക്തി ലയയുടെ കഴുത്തിൽ താലി ചാർത്തി….!!
നമ്രശിരസ്കയായി…. മിഴികൾ കൂപ്പി…അവളതേറ്റു വാങ്ങി…!! പരസ്പരം ഹാരമണിഞ്ഞു…. രുദ്രൻ മകളെ ശക്തിയുടെ കൈകളിൽ ഏല്പ്പിച്ചു ആ കണ്ണൊന്നു നിറഞ്ഞു എങ്കിലും ശക്തിയുടെ കൈകളിൽ മകൾ ഭദ്രമായിരിക്കുമെന്ന് ആ അച്ഛന് നന്നായി അറിയാമായിരുന്നു…..!! എല്ലാവരിൽ നിന്നും അവർ അന്യഗ്രഹം വാങ്ങി….. ശക്തി ഭാമയെ മാറ്റിനിർത്തി സംസാരിച്ചു…. അമ്മയെന്നോട് ക്ഷമിക്കണം…. അമ്മയ്ക്ക് എന്നോടു ദേഷ്യമായിരിക്കും…. ഇങ്ങനെ പെട്ടെന്ന് വേണ്ടി വരുമെന്ന് കരുതിയില്ല….ലയ…. എന്റെ ജീവനാണ്…..
എന്നും എന്തിനും ഞാനവൾക്ക് തുണയായിട്ടുണ്ടാകും…!! ഭാമയ്ക്ക് മനസ്സിലായി ശക്തി തങ്ങളുടെ മകളെ എത്രത്തോളം സ്നേഹിക്കുന്നുണ്ടെന്ന്…. അവരുടെ മനസ്സു നിറഞ്ഞു… നീലു ഈ സമയം അമ്പല കുളത്തിന്റെ കൽപ്പടവിൽ കാക്കിയുമായി പ്രണയ സല്ലാപത്തിലായിരുന്നു…. നീയൊന്നു മനസ്സുവച്ചാൽ എന്റെ കാക്കി….. ഈ കല്യാണ മണ്ഡപത്തിൽ നമ്മുക്കും സെറ്റാ കാമായിരുന്നു….. കല്യാണം വേണ്ടേന്നു പറഞ്ഞ് നടന്ന ലയയുടെ വരെ കല്യാണം നടന്നു…. എന്തൊന്നാടി….. ഇത്…. ഈ ഒന്നേയുള്ളോ….. ഇതു പോലെ വേറെ പ്രൊഡക്ടുകൾ ഇനിയുമുണ്ടാ വീട്ടിൽ…
അനിരുദ്ധ് അവളെ നോക്കി കൃസൃതിച്ചിരിയാൽ ചോദിച്ചു…..!! എന്തേ…. തനിക്ക് പിടിച്ചില്ലേ…. വിട്ടേച്ചുപോടെ കാക്കി…. അല്ലേലും പ്രണയിക്കാനറിയാത്ത വരണ്ട ഭൂമിയെ പ്രണയിച്ച എന്നെപ്പറഞ്ഞാൽ മതി….ഇനി താനായി തന്റെ പാടായി…. ഒഞ്ഞു പോടാപ്പാ…. നാട്ടിൽ വേറെ ആമ്പിള്ളേരില്ലാത്ത പോലെ എന്റെ ഒരു നോട്ടത്തിൽ വീഴാത്ത ആമ്പിള്ളാരില്ല ഈ നാട്ടിൽ….. നാക്കിന് എല്ലില്ലാത്തോണ്ട് വരുംവരായ്കകൾ ഓർക്കാതെ പാവം നീലു കാക്കിയുടെ പൗര്യഷ്യത്തെ വെല്ലുവിളിച്ചു കൊണ്ടിരുന്നു…..!!!
കാക്കി തിളച്ചു നില്ക്കുകയാ…. മിശ വിറയ്ക്കുന്നുണ്ട്….എന്താ സംഭവിക്കുന്നതെന്ന് നീലു ചിന്തിക്കുന്നതിന് മുന്നെ അവളുടെ രണ്ടു കൈയ്യും പുറകോട്ട് വളച്ച് പിടിച്ചു….. നീലു വേദനയാൽ കുതറി…. നിനക്ക് നാട്ടിലെ ആമ്പിള്ളാരെയെല്ലാം വളയ്ക്കണോടി…. വേണോന്ന്…അയ്യോ വേണ്ടായേ വേദനയാൽ നീലു അലറി കാക്കി കുറച്ചു കൂടി അവളിലേക്ക് ചേർന്നു….. നീയെന്താടി പറഞ്ഞത് ഞാനൊരു മണകുണാഞ്ചനാണോടീ…… ഞാനെന്താ വരണ്ട ഭൂമീയാണോടി…. പോട്ടേ… പോട്ടെന്നു വച്ചപ്പോൾ വിളച്ചില്…..
അനിരുദ്ധ് എന്താണെന്ന് കാട്ടിത്തരട്ടെ…. അവളെ തിരിച്ചു നിർത്തി അവന്റെ കണ്ണുകൾ അവളുടെ മുഖത്താകെ പരതി…. ചുവന്നു തുടത്ത നനവാർന്ന ചൊടികൾ അവനൊന്നു നുണഞ്ഞു ….. ഗാഢമായി പിന്നെയുമവൻ ആ ചുണ്ടുകളിൽ കൊരുത്തു….അവളെ ഇടുപ്പിലൂടെ തന്നിലേക്ക് വലിച്ചു ചേർത്തു….. ശ്വാസം വിടാനാകാതെ നീലു ഒന്നു പിടഞ്ഞു…. നാക്കിൽ ചോരച്ചുവ വന്നതും അനിരുദ്ധ് അവളെ തന്നിൽ നിന്ന് വേർപെടുത്തി…. യ്യോ…..എന്റെ ചുണ്ട്…. ചോര….. നീലു അവനെ തള്ളി….. മോളേ….. താന്തോന്നീ…..
എന്നോട് ചെറയാൻ മിനക്കെടല്ലേ…. പണി മേടിച്ച് മോള് പണ്ടാരമടങ്ങും….!! ഛീ….. പോടാ….. ഒണക്ക പ്പോലീസേ…… പറഞ്ഞു കൊണ്ടവൾ ഓടി നിന്നാൽ പണിയാകുമെന്നവൾക്കറിയാം…. ടീ…. നിന്നെ ഞാൻ എടുത്തോളാടീ… അനിരുദ്ധ് കുസൃതിയോടെ പറഞ്ഞു….!!! ശക്തി ലയരയ കൂട്ടി രുദ്രന്റെയടുത്ത് എത്തി….. ഞാൻ ലയയെ തിരിച്ചേല്പ്പിക്കുകയാണ്…. അവളുടെ ഒരാഗ്രഹത്തിനും ഞാനെതിരല്ല… അവളുടെ ലക്ഷ്യങ്ങൾ എന്റെ കൂടിയാണ്…. എവിടെയാണോ അവൾക്ക് സന്തോഷം അവിടെ നിന്നോട്ടെ…..
ലയ ഇതുവരെ അനുഭവിച്ച സൗകര്യങ്ങളൊന്നും എന്റെ ചെറിയ വീട്ടിൽ ഇല്ല…. ട്രെയിനിങ് കഴിഞ്ഞ് വരുമ്പോൾ തെറ്റല്ലാത്ത സൗകര്യങ്ങൾ ഞാൻ ചെയ്തിരിക്കും…. അവൻ ലയയെ നോക്കി അവളും അവനെ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു….. മിഴകളിടഞ്ഞപ്പോൾ….. ശക്തിയിൽ പ്രണയം വിരിയുന്നത് ലയയ്ക്ക് കാണാമായിരുന്നു അവൾ വേഗം മിഴികൾ മാറ്റി…. ലയേ….. താൻ നന്നായി പഠിക്കണം….. ഞാൻ വരുമ്പോൾ കൂടെ ഉണ്ടാവണം…. നാളെ കാലത്ത് ഞാൻ പോകുകയാണ്….!!
ലയ മറുപടി ഒന്നും പറഞ്ഞില്ല…. അവൻ പിൻതിരിഞ്ഞു നടന്നു…. അച്ഛാ ഞാൻ ഇനിയുള്ള കാലം ശ്രീദേവി അമ്മയുടെ ഒപ്പമാണ് ജീവിക്കുന്നത്…..!! അതു കേട്ടതും ശക്തിയിൽ പുഞ്ചിരി വിടർന്നു അവളറിയാതെ നിയന്ത്രിച്ചവൻ….!! ലയ എല്ലാവരോടും യാത്ര പറഞ്ഞിറങ്ങി…. ഭാമയെ കെട്ടിപ്പിടിച്ചപ്പോൾ അവളൊന്നു തേങ്ങി….. രുദ്രന്റെ അടുത്തെത്തിയതും രുദ്രൻ പറഞ്ഞു ചുമ്മാ സീനാക്കാതെ കൊച്ച് പോയാട്ടെ….. .രുദ്രന്റെ കണ്ണു നിറഞ്ഞിരുന്നു… ആ കണ്ണു നിറഞ്ഞതും ലയയുടെ ഇതുവരെ പിടിച്ചു നിർത്തിയ നിയന്ത്രണങ്ങളെല്ലാം….. ചിന്നിച്ചിതറി…. “അച്‌ഛേ…. പൊട്ടിക്കരഞ്ഞു കൊണ്ടവൾ രുദ്രന്റെ നെഞ്ചിലേക്ക് വിണവൾ…..
ഭാമയും അങ്ങോട്ടേക്കു വന്നു…. അച്ഛനും അമ്മയും അവളെ ചേർത്തുപിടിച്ചു. മോള് സന്തോഷത്തോടെ ഇപ്പോ ശക്തിയുടെ കൂടെ പോയിട്ടു വാ ഞങ്ങള് അങ്ങോട്ടു വന്നേക്കാം…. രുദ്രൻ പറഞ്ഞു… ശക്തി അപ്പോഴേക്കും വന്നവളെ ചേർത്തുപിടിച്ചു…. അവൻ അവളെ തൊട്ടതും ലയ അകന്നു മാറി അതു കണ്ടതും നെഞ്ചിൽ എന്തോ കനൽ എരിയുന്ന മാതിരി അവനിൽ നോവുണർന്നു… അവനൊന്നും മിണ്ടാതെ അമ്മയുമായി അവളുടൊപ്പം തന്റെ വീട്ടിലേക്ക് യാത്രയായി….!!
തുടരും ബിജി