Tuesday, December 17, 2024
Novel

എന്നും രാവണനായ് മാത്രം : ഭാഗം 1

എഴുത്തുകാരി: ജീന ജാനകി

“അമ്മി……. എന്തായാലും നിങ്ങൾ കല്യാണച്ചങ്ങല എന്റെ തലയിലോട്ട് വെയ്കാൻ പോകുവല്ലേ….. അതോണ്ട് ഈ ഒരു വർഷമെങ്കിലും ഞാൻ എന്റെ ഇഷ്ടത്തിന് ജീവിച്ചോട്ടെ…… അതിനു ശേഷം എന്താന്ന് വച്ചാൽ ആയിക്കോ…..” അമ്മ കൂർപ്പിച്ചു നോക്കി നിക്കുവാണ്….. “ചക്കി , നീ നിന്റെ അച്ഛനോട് ചോദിച്ചിട്ട് എന്തോ ചെയ്യ്….. നീ എന്തേലും കുരുത്തക്കേട് കാട്ടിയാൽ നിന്റച്ഛൻ എന്റെ പുറം പള്ളിപ്പുറം ആക്കും…..”

ഇതും പറഞ്ഞു മാതാശ്രീ ചവിട്ടിത്തുള്ളി അകത്തേക്ക് പോയി…… “ശ്ശെടാ….. ഇതിപ്പോൾ ഞാൻ എന്ത് കുരുത്തക്കേടാ കാട്ടിയേ……. ആഹ്…… അമ്മയേം കുറ്റം പറയാൻ പറ്റില്ല…. അത്ര നല്ല കുട്ടിയാരുന്നല്ലോ ഞാൻ…… അയ്യോ….. വർത്താനം പറഞ്ഞു നിന്ന് എന്നെ പരിചയപ്പെടുത്താൻ മറന്നുപോയി….. എന്റെ പേര് ജാനകി. തിരുവനന്തപുരത്താണ് എന്റെ വീട്…. വീട്ടിൽ അമ്മ ഷീന , അച്ഛൻ ദിനേശൻ, അമ്മമ്മ രമാദേവി , അനിയൻ ജനേഷ് പിന്നെ പാവം പിടിച്ച ഞാനും ആണുള്ളത്…. എനിക്ക് ശിങ്കിടിയായിട്ട് ഒരു പട്ടിക്കുട്ടിയും…..

എനിക്ക് ഈ സാഹിത്യത്തോടുള്ള ഭ്രാന്ത് കൂടിയാണ് ഡിഗ്രിക്ക് ലിറ്ററേച്ചർ എടുത്തത്…. പിന്നീട് ഒരു പോസ്റ്റ് ഗ്രാജ്വേഷൻ കൂടി എടുത്തു സമാധാനമായിട്ട് വീട്ടിൽ കുത്തിയിരിക്കാൻ തുടങ്ങി….. പിന്നെ സമയം പോകാനായി കുറച്ചു കുട്ടികൾക്ക് ട്യൂഷൻ എടുക്കാറുണ്ട്….. ഒരു കണക്കിന് നോക്കിയാൽ എന്റെ ചിലവുകൾ അതിൽ അങ്ങ് പൊക്കോളും…. വെറുതെ ഇരുന്ന് ഇരുന്ന് ഞാനൊരു മടിച്ചി ആയെന്നാ പോരാളി അതായത് നമ്മുടെ മാതാശ്രീയുടെ അഭിപ്രായം….. ഏറക്കുറെ ശരിയാണെങ്കിലും എനിക്കതിന്റെ അഹങ്കാരമൊന്നൂല്ലാട്ടോ……”

വയസ് ഇരുപത്തിനാല് ആയതുകൊണ്ട് എന്നെ എങ്ങനൊക്കെ കെട്ടിക്കാം എന്നാണ് ആലോചന…… അതിൽ നിന്നും ഓടിയൊളിക്കാനായി നോക്കുമ്പോളാണ് അലക്ഷ്യമായി കിടക്കുന്ന പേപ്പറിൽ ഒരു ജോബ് വേക്കൻസി കണ്ടത്….. ഓഫീസ് സ്റ്റാഫായിട്ട് ആയിരുന്നു. മോശമല്ലാത്ത ശമ്പളം….. തന്നിരിക്കുന്ന നമ്പറിൽ വിളിച്ച് ഓരോ കാര്യങ്ങളും തിരക്കി….. അടുത്ത തിങ്കളാഴ്ച സർട്ടിഫിക്കറ്റുകളുമായി അവിടേക്ക് ചെല്ലുവാനും പറഞ്ഞു….. രാത്രി അത്താഴം കഴിഞ്ഞ് എല്ലാവരും ഹാളിൽ ഇരുന്നു വർത്താനം പറയുന്നുണ്ട്…..

ഞാൻ പതിയെ പോയി അച്ഛൻ ഇരിക്കുന്ന കസേരയ്ക് താഴെയായി ഇരുന്നു….. അമ്മയുടെ അടുത്ത് നിന്നും ഇച്ചിരി സേഫ് ഡിസ്റ്റൻസ് ഇട്ടിരുന്നു…. പറയുന്നത് കേട്ട് പോരാളിയെങ്ങാനും ചവിട്ടിയാൽ തീർന്നില്ലേ എന്റെ ദാമ്പത്യം…… മുഖം വല്ലാതെ ഇരിക്കുന്നത് കണ്ടുകൊണ്ട് അച്ഛൻ ചോദിച്ചു : “എന്താ മോളേ….. അച്ഛേട കുട്ടിയെന്താ ഇങ്ങനെ ഇരിക്കുന്നത് ?” ഒരു നിമിഷം കണ്ണടച്ച് പ്രാർത്ഥിച്ചു… ( ദേവ്യേ…. എല്ലാംകൂടി വളഞ്ഞിട്ട് തല്ലരുതേ… എന്റെ കണ്ണാ… എന്നെ നീ തന്നെ കാത്തോളണേ…… – ആത്മഗതം) “അച്ഛേ…… എനിക്കീ ബഹളങ്ങൾക്കിടയിൽ നിന്നും ഒന്ന് മാറി നിൽക്കണം…. ഞാനൊരു ജോലിയുടെ ഒഴിവ് കണ്ടു.

വിളിച്ചു ചോദിച്ചപ്പോഴും കൂടുതൽ അന്വേഷിച്ചപ്പോഴും നല്ലതാണെന്ന് തോന്നി.. സർട്ടിഫിക്കറ്റൊക്കെ വെരിഫൈ ചെയ്താൽ പിറ്റേന്ന് തന്നെ ജോലിക്ക് കേറാം. ഞാൻ പൊക്കോട്ടെ……..” അച്ഛൻ ഗൗരവത്തോടെ ചോദിച്ചു ; ” എവിടെയാ ജോലി ?” “തൃശൂർ.. അവിടുത്തെ ഒരു വലിയ കമ്പനിയിൽ ഓഫീസ് സ്റ്റാഫായിട്ടാ…..” തൃശൂരെന്ന് കേട്ടതും എല്ലാവരും അന്തംവിട്ട് നിൽക്കുവാ……. അച്ഛൻ മാത്രം എന്തോ ചിന്തയിലായിരുന്നു….. നോക്കുമ്പോൾ അമ്മമ്മ ദേഷ്യം കൊണ്ട് വിറയ്ക്കുന്നു…..

(ജാങ്കോ നീയറിഞ്ഞോ….. ഞാൻ പെട്ടു…. ഇനിയിപ്പോ എന്തൊക്കെ ഭരണിപ്പാട്ട് കേൾക്കണം എന്റെ കണ്ണാ……. – ആത്മ. ) “തൃശ്ശൂരോ…… ഇവിടൊന്നും ജോലി കിട്ടാനില്ലാഞ്ഞിട്ടാണോ നീ അത്രയും ദൂരത്തേക്ക് പോകുന്നത്…. ഒന്നോടിവരാൻ പോലും പറ്റില്ലല്ലോ…..” ബ്ലാ….. ബ്ലാ….. അമ്മമ്മ തൊണ്ടയ്ക് റെസ്റ്റില്ലാതെ പ്രസംഗിക്കുകയാണ്…… പോരാളിയും അനിയൻ കുരുപ്പും അതാസ്വദിച്ച് നിൽക്കുന്നു…… ഹും…… പറച്ചിൽ കേട്ടാൽ ഈ ജന്മത്ത് എന്നെ ജില്ലയ്ക്ക് പുറത്തേക്ക് വിടില്ല…. സുബാഷ്……

എല്ലാം കേട്ട് എന്റെ കിളികളൊക്കെ എങ്ങാണ്ടൊക്കേ പറന്നു പോയി….. ഞാനാണേൽ ഇപ്പോ കരയും എന്ന ലെവലിലും…. പതിയെ നിശബ്ദത വെടിഞ്ഞ് അച്ഛൻ ചോദിച്ചു ; “അത്രയും ദൂരെ മോളൊറ്റയ്ക്……” “അവടെന്റെ ഒരു ഫ്രണ്ട് ഉണ്ട് അച്ഛേ….. രാജി… അവളുടെ അപ്പന് അവിടൊക്കെ നല്ല പിടിപാടാ…. താമസം ഒക്കെ ഏതേലും ഹോസ്റ്റലിൽ അറേഞ്ച് ചെയ്യാം….. പ്ലീസ് അച്ഛേ…… ” അച്ഛനൊന്ന് മൂളി….. അതോടെ എന്റെ ടെൻഷൻ പാതി കുറഞ്ഞു… ബാക്കി എല്ലാരോടും അച്ഛൻ പറഞ്ഞോളും….. എല്ലാത്തിന്റേം മോന്ത കടന്നൽ കുത്തിയ പോലുണ്ട്….. ഞാൻ അതൊന്നും മൈന്റ് ചെയ്യാതെ ചാടിത്തുള്ളി മുകളിലേക്ക് പോയി…..

“അമ്മേ…….” രാജി ഉറക്കെ വിളിച്ചോണ്ട് സ്റ്റെപ്പ് ഇറങ്ങി…… “എന്താടി കിടന്നു കാറുന്നത്…….” അല്പം അരിശത്തോടെയാണ് ജലജ ചോദിച്ചത്…. “അമ്മയോട് ഞാൻ പറഞ്ഞിട്ടില്ലേ ഒരു ജാനകിയെക്കുറിച്ച്……. “തിരുവനന്തപുരത്തുള്ള…… ആ പാടുന്ന കൊച്ചല്ലേ…….” “അതേ……. അവൾക്ക് ഇവിടൊരു ഓഫീസിൽ ജോലി ആയി….. സർട്ടിഫിക്കറ്റൊക്കെ വെരിഫൈ ചെയ്ത് പിറ്റേന്ന് ജോലിയിൽ കേറാം… തിങ്കളാഴ്ച ഇങ്ങോട്ട് വരും. ഒരു ഹോസ്റ്റൽ അറേഞ്ച് ചെയ്യാൻ അപ്പയുടെ ഹെല്പ് വേണം എന്നു പറഞ്ഞു……”

“എന്തിനാ ഹോസ്റ്റൽ…. മോളുടെ കൂട്ടുകാരി അല്ലേ…… ആ മോള് ഇവിടെ നിന്നോട്ടെ…..” രാജിയും ജലജയും തിരിഞ്ഞു നോക്കിയപ്പോളുണ്ട് സുഗുണനാണ്…… രാജി ചിരിച്ചുകൊണ്ട് ചെന്ന് അയാളെ കെട്ടിപ്പിടിച്ചു….. “താങ്ക്സ് അപ്പേ……. അപ്പ അവളുടെ അച്ഛനോടൊന്ന് വിളിച്ചു സംസാരിക്കണം…..” “ഉം….. ശരി ….ശരി…….” രാജി സന്തോഷത്തോടെ സ്റ്റെപ്പ് കയറിപ്പോകുന്നതും നോക്കി അവർ ചിരിച്ചുകൊണ്ട് നിന്നു……. ************** അച്ഛൻ ചാരുകസേരയിൽ കണ്ണടച്ച് കിടക്കുകയായിരുന്നു…..

ഞാൻ താഴെയിരുന്ന് അച്ഛന്റെ മടിയിൽ തല വെച്ച് കിടന്നു….. അച്ഛൻ തലയിൽ പതിയെ തലോടി….. “അച്ഛയ്ക് സങ്കടാണേൽ ഞാൻ പോണില്ല….” “അതല്ലെടാ…… ഇന്ന് വരെ നീ മാറി നിന്നിട്ടില്ല…. അതും ഇത്രയും ദൂരെ…. സാരല്ല്യടാ….. രാജിടെ അച്ഛൻ എന്നോട് സംസാരിച്ചിരുന്നു….. നിന്നെ രാജിയെപ്പോലെ നോക്കിക്കോളാം എന്ന് പറഞ്ഞു….. അവരൊക്കെ നല്ല ആൾക്കാരാ…… ഞായറാഴ്ച രാവിലെ തിരിക്കാം….. തിങ്കളാഴ്ച അവിടെ നിന്നും ഓഫീസിലേക്ക് പോകാം…. മോളെ അച്ഛൻ അവിടെ കൊണ്ടാക്കാം…..” എന്റെ കണ്ണുകൾ നിറഞ്ഞുവന്നത് അച്ഛൻ കണ്ടു…..

“അയ്യേ….. അച്ഛേട കാന്താരി കരയുവാണോ…. പോയി ഉറങ്ങ്…… നാളെ രാവിലെ പോകണ്ടേ….. വെളുപ്പിന് എണീറ്റ് പാക്ക് ചെയ്യണം……. ഗുഡ് നൈറ്റ് ” “ഗുഡ് നൈറ്റ് അച്ഛേ……” റൂമിലേക്ക് പോയി ഉറങ്ങും മുൻപ് രാജിയെ ഫോൺ വിളിച്ചു…… “ടി…… തെണ്ടി….. നീ എന്നാ ഇങ്ങോട്ട് കെട്ടിയെടുക്കുന്നേ ?……” “നാളെ രാവിലെ തിരിക്കും. നീയവിടെ കാണൂലേ…..” “വേറെവിടെ പോകാനാ….. ഞായറാഴ്ച അല്ലേ….. കോളേജിൽ പോണ്ട…..

അതോണ്ട് ഇവിടെ തന്നെ കാണും….. വന്നിട്ട് നമ്മക്ക് ഉഷാറാക്കാം…. ഒരുമിച്ച് വായിനോക്കാല്ലോ…….” “ഹി….ഹി…. പിന്നല്ലാ……” “ഞാൻ എന്തേലും കഴിക്കട്ടെട്ടോ……” “ആഹ്…… ജന്മോദ്ദേശ്യം നടക്കട്ടെ…… ” “പോടി……” ഫോൺ വെച്ച ശേഷം ഞാൻ കണ്ണുകളടച്ച് മയങ്ങി……. ആ യാത്ര എന്റെ ജീവിതം പോലും മാറ്റി മറിക്കുമെന്ന് അപ്പോൾ ഞാൻ അറിഞ്ഞിരുന്നില്ല……. (തുടരും)