ശ്യാമമേഘം : ഭാഗം 9
എഴുത്തുകാരി: പാർവതി പാറു
രാത്രി അവൻ ഉണ്ടാക്കിയ റവ ഉപ്പുമാവ് ശ്യാമ സ്വാദോടെ കഴിക്കുന്നത് ചിരിയോടെ ആണ് അനി നോക്കിയിരുന്നത്… ശ്യാമേ തനിക്കു നാളെ രാവിലെ എന്ത് വേണം കഴിക്കാൻ.. എന്തായാലും മതി.. അങ്ങനെ അല്ല ഈ സമയത്ത് ഇഷ്ടം ഉള്ളത് വേണ്ടേ കഴിക്കാൻ.. എനിക്ക് ഇഷ്ടമുള്ളതൊക്കെ ഉണ്ടാക്കി നൽകാൻ അനിരുദ്ധിന് കഴിയോ… ശ്രമിക്കാം… എന്നാൽ രാവിലെ കൊഴക്കട്ടയും കോഴിക്കറിയും ആയിക്കോട്ടെ.. അവൾ ഒരു ചെറു ചിരിയോടെ പറഞ്ഞു.. അനി അന്തം വിട്ട് അവളെ നോക്കി. ഉണ്ടാക്കാൻ അറിയില്ല അല്ലേ..
അവൾ അതേ ചിരിയോടെ ചോദിച്ചു… ഇല്ല.. പിന്നെ എന്തിനാ ചോദിക്കാൻ നിന്നത്… എനിക്ക് അങ്ങനെ ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും ഒന്നും ഇല്ല അനിരുദ്ധ്… .. മൂന്നു നേരം എന്റെ കുഞ്ഞിന് വയറു നിറഞ്ഞാൽ മാത്രം മതി. തന്റെ ഗേൾ ഫ്രണ്ടിനോട് പറഞ്ഞോളൂ എനിക്ക് ഗേൾ ഫ്രണ്ട് ഉണ്ടെന്ന് ശ്യാമക്ക് എങ്ങനെ മനസിലായി.. ശ്യാമ ചിരിച്ചു.. ഒരു ഗർഭിണി ആയ എന്നെ പറ്റി വ്യാകുലതകൾ ഉണ്ടാവാൻ മാത്രം ബന്ധം ഒന്നും നമുക്കിടയിൽ ഇല്ലല്ലോ അനിരുദ്ധ്..
അത് തന്നെ ബോധ്യപ്പെടുത്തണം എന്നുണ്ടെങ്കിൽ ഒരു പെണ്ണ് തന്നെ വേണ്ടേ.. ശ്യാമ താൻ ആള് കൊള്ളാലോ… ശരിക്കും ഞെട്ടിക്കുന്നുണ്ട് എന്നെ… ചിലപ്പോൾ. പെണ്ണ് ഒരു അത്ഭുതം ആണെന്ന് കേട്ടിട്ടില്ലേ അനിരുദ്ധ്… ചിലർ സൗന്ദര്യം കൊണ്ട്.. മറ്റു ചിലർ സംസാരം കൊണ്ട്.. ചിലർ സ്വഭാവം കൊണ്ട് അങ്ങനെ ഓരോ പെണ്ണിലും ഉണ്ട് ഓരോ അത്ഭുതജീവികൾ… അവൾ ഭക്ഷണം കഴിച്ചു മുറിയിലേക്ക് നടന്നു പോവുന്നതും നോക്കി അനി ഇരുന്നു… ശ്യാമയും മേഘയും തമ്മിൽ രാത്രിയും പകലും പോലെ വെത്യാസം ഉണ്ടെന്ന് അവന് തോന്നി..
അന്ന് രാത്രി മേഘയെ ഫോൺ വിളിച്ചു വെച്ച് അവൻ യൂ ട്യൂബിൽ കോഴിക്കറിയും കൊഴക്കട്ടയും ഉണ്ടാക്കുന്നത് നോക്കി പഠിച്ചു… …… രാവിലെ അനി എഴുന്നേറ്റു വരുമ്പോൾ ശ്യാമ ഹാളിലെ സോഫയിൽ ഇരിക്കുന്നുണ്ട്.. കുളി കഴിഞ്ഞു മുടി തോർത്ത് കൊണ്ട് കെട്ടി നെറ്റിയിൽ ചുവന്ന കുങ്കുമം കൊണ്ട് പൊട്ട് തൊട്ടിട്ടുണ്ട്.. അവളുടെ കറുത്ത മുഖത്ത് ആ കുങ്കുമത്തിന്റെ ചുവപ്പിന് വല്ലാത്ത ഭംഗി ഉണ്ടായിരുന്നു… താൻ നേരത്തെ എണീറ്റോ… അനി അവൾക്കരികിൽ വന്നിരുന്നു ചോദിച്ചു.. മ്മ്.. അതാണ് ശീലം…
നാലു മണി കഴിഞ്ഞാൽ പിന്നെ ഉറക്കം വരില്ല… നല്ലത്… താനിരിക്ക് ഞാൻ ചായ ഉണ്ടാക്കി തരാം.. അനി എഴുന്നേറ്റു അടുക്കളയിലേക്ക് നടന്നു.. അനിരുദ്ധ്… വിരോധം ഇല്ലെങ്കിൽ ഞാനും കൂടി വന്നോട്ടെ അടുക്കളയിലേക്ക്… എനിക്ക് ഒന്ന് പരിചയപ്പെടുത്തി തരുമോ അടുക്കള… താൻ വന്നോളൂ.. പക്ഷെ കണ്ണ് കാണാതെ താൻ എന്ത് ചെയാനാ.. അവിടെ… പാചകം ചെയ്യാൻ കണ്ണ് വേണോ അനിരുദ്ധ്.. രണ്ട് കൈയും പാചകം ചെയ്യാൻ ഉള്ള മനസും പോരേ… അവളുടെ സംസാരം കേട്ട് അനിക്ക് ചിരി വന്നു…
അവൻ അവളുടെ ഷാളിൽ പിടിച്ചു അടുക്കളയിലേക്ക് നടന്നു… ഇതാണ് ഈ വീട്ടിലെ അടുക്കള.. ചെറുതാണ്…. താൻ കൈ നീട്ടിക്കെ ഇതാണ് ഗ്യാസ് സ്റ്റൗ… അവൾ കൃത്യമായി തൊട്ടു… അനിരുദ്ധ് വെള്ളം എടുത്തു ഗ്യാസിൽ വെച്ചു… ശ്യാമ ഗ്യാസ് ഓൺ ചെയ്തു… അനിരുദ്ധ് ചായപൊടിയും പഞ്ചസാരയും ഒക്കെ എവിടെ ആണ്… അവൾ ചോദിച്ചു താൻ നിൽക്കുന്നതിന്റെ നേരെ മുകളിൽ.. കൈ പൊക്കിയാൽ ഉള്ള ഷെൽഫിൽ ഉണ്ട് എല്ലാം.. അവൾ മെല്ലെ കൈപൊക്കി ഷെൽഫ് തുറന്നു.
ഓരോ പാത്രം ആയി തുറന്നു മൂക്കിനോട് അടുപ്പിച്ചു.. അവളുടെ പ്രവർത്തികൾ അത്ഭുതത്തോടെ ആണ് അനി നോക്കി നിന്നത്… ശ്യാമേ.. കണ്ണ് കാണാതെ എങ്ങനെ കൃത്യമായി താനിക്ക് അത് മനസിലായത്. അവൾ തിളയ്ക്കുന്ന വെള്ളത്തിലേക്ക് ചായപ്പൊടി ഇടുന്നത് കണ്ട് അനി ചോദിച്ചു..അവൾ ഒന്ന് ചിരിച്ചു… ഈ അടുക്കളയിൽ ഉള്ള ഓരോ സാധനങ്ങൾക്കും ഓരോ മണം ഉണ്ട് അനിരുദ്ധ്.. പിന്നേ.. ഉപ്പിനും പഞ്ചസാരക്കും ഒക്കെ മണം ഉണ്ടോ… ഉണ്ട്… അവൾ ഉറച്ച ശബ്ദത്തോടെ പറഞ്ഞു…
അനിരുദ്ധ് ഷെൽഫിൽ നിന്ന് പഞ്ചസാര പാത്രം എടുത്തു മൂടി തുറന്നു അവൾക്ക് നേരെ നീട്ടി.. എന്നാൽ പറ ഇതെന്താ.. അവൾ അത് മൂക്കിനോട് അടുപ്പിച്ചു… പഞ്ചസാര.. അനിരുദ്ധിന് അത്ഭുതം തോന്നി… കണ്ണ് ഉള്ളപ്പോൾ നമ്മൾ എല്ലാം കാണും അനിരുദ്ധ്.. പക്ഷെ ചിലതൊക്കെ തിരിച്ചറിയണം എന്നുണ്ടെങ്കിൽ നമുക്ക് കാഴ്ച നഷ്ടപ്പെടണം… കാഴ്ച നഷ്ടപ്പെട്ടാൽ മാത്രം തിരിച്ചറിയാൻ ആവുന്ന ചില മണങ്ങളും… ശബ്ദങ്ങളും ഒക്കെ ഉണ്ട് ഈ ഭൂമിയിൽ… തിളച്ചു പൊന്തിയ ചായ കൃത്യമായി പുറത്ത് പോവും മുന്നെ ഗ്യാസ് ഓഫ് ചെയ്തുകൊണ്ട് അവൾ പറഞ്ഞു…
പഞ്ചസാര ഇട്ട് ചായ ആറ്റി ഒരു തുള്ളി പോലും പുറത്തു പോവാതെ ഗ്ലാസ്സിലേക്ക് പകർത്തി അവൾ അവന് നേരെ നീട്ടി… അവന് ഓരോ നിമിഷവും അവൾ ഒരു അത്ഭുതം ആവുകയായിരുന്നു… എങ്ങനെ ആണ് ശ്യാമ ഇങ്ങനെ ഒക്കെ.. തനിക്ക് കാഴ്ച നഷ്ടം ആയത് രണ്ടു ദിവസങ്ങൾക്ക് മുൻപ് അല്ലേ.. പക്ഷെ തന്റെ പ്രവർത്തി കണ്ടാൽ വർഷങ്ങളായി കാഴ്ച ഇല്ലാത്ത ഒരാളുടേത് പോലെ ഉണ്ട്… അനിയുടെ സംസാരം കേട്ട് ശ്യാമ ചിരിച്ചു.. ഞാൻ അന്ധ ആയിട്ട് രണ്ടു ദിവസമേ ആയുള്ളൂ.. പക്ഷെ എനിക്ക് ഈ അന്ധത ശീലം ആണ്..
കഴിഞ്ഞ പതിനെട്ടു വർഷം ആയി ഈ അന്ധത എനിക്കൊപ്പം ഉണ്ട്.. മനസിലായില്ല… അനി സംശയത്തോടെ പറഞ്ഞു… എന്റെ അച്ഛന് കണ്ണ് കാണില്ലായിരുന്നു… എനിക്ക് ആറു വയസുള്ളപ്പോൾ ആണ് അച്ഛന് കാഴ്ച നഷ്ടപ്പെടുന്നത്.. ഗ്ലോക്കോമ ആയിരുന്നു… പകൽ പോയി സന്ധ്യ വന്നു രാത്രി ആവുന്ന പോലെ… മെല്ലെ മെല്ലെ ആണ് അച്ഛനെയും അന്ധകാരം വിഴുങ്ങിയത്… അന്ന് എന്റെ അമ്മയുടെ വയറ്റിൽ എന്റെ അനുജത്തിക്ക് ഒമ്പത് മാസം പ്രായം ആയിരുന്നു…
കാഴ്ച നഷ്ടപ്പെട്ടത് ഓർത്ത് എന്റെ അച്ഛൻ കരയുന്നത് ഞാൻ കണ്ടിട്ടില്ല… മകളുടെ മുഖം ഒരിക്കലെങ്കിലും ഒന്ന് കാണാൻ കഴിഞ്ഞില്ലല്ലോ എന്നായിരുന്നു എന്നും അച്ഛന്റെ വേദന… എനിക്കിപ്പോഴും ഓർമ്മ ഉണ്ട് സർക്കാർ ആശുപത്രിയുടെ വരാന്തയിൽ ലച്ചുവിനെ ചേർത്ത് പിടിച്ചു അമ്മ ഇരിക്കുമ്പോൾ നിസ്സഹായാനായി നിന്ന അച്ഛനെ… ലച്ചുവിന് ഹാർട്ടിന്റെ വാൽവിൻ ചെറിയ ഒരു പ്രശ്നം ഉണ്ടായിരുന്നു… ഓപ്പറേഷൻ നടത്താൻ ഞങ്ങൾക്കെവിടെയാ പൈസ…
എന്നിട്ടും അച്ഛൻ അറിയാവുന്നവരുടെ വാതിൽക്കലൊക്കെ മുട്ടിയുട്ടുണ്ട്.. അന്ന് അച്ഛന്റെ വടിയുടെ ഒരറ്റം പിടിച്ചു മുന്നിൽ അച്ഛൻ വീഴാതിരിക്കാൻ… അച്ഛന് വെളിച്ചം ആയി നടന്നു തുടങ്ങിയായതാണ് ഞാൻ… ഇടക്കൊക്കെ അച്ഛന് കൂട്ടാവാൻ ഞാൻ സ്വയം കണ്ണ് കെട്ടും.. പുരാണത്തിൽ ഗാന്ധാരിയുടെ കഥ കേട്ടിട്ടില്ലേ അത് പോലെ.. ഒത്തിരി തവണ തട്ടി തടഞ്ഞു വീണിട്ടുണ്ട്.. പക്ഷെ ഒരിക്കലും അച്ഛൻ വീണിട്ടില്ല.. അതെന്ത് കൊണ്ടാണെന്ന് ഞാൻ എപ്പോഴും ആലോചിക്കാറുണ്ട്…
അതിനുത്തരം കിട്ടാൻ ഞാനൊരു കണ്ണുപൊട്ടി ആവണ്ടി വന്നു.. ശ്യാമയുടെ സംസാരം കേട്ടപ്പോൾ അനിക്ക് നെഞ്ച് നീറുന്ന പോലെ തോന്നി.. അപ്പോഴാണ് മേഘ വിളിച്ചത് അവൻ ഫോൺ എടുത്തു… എന്താടാ പൊട്ടക്കണ്ണാ… എഴുന്നേറ്റില്ലേ… ഓ എണ്ണീറ്റു.. ചായയും കുടിച്ചു… ഇത്ര നേരത്തെയോ…. പിന്നേ നീ എന്താ വിചാരിച്ചേ എനിക്ക് ഇപ്പോൾ ചായ ഇട്ട് തരാൻ ആളൊക്കെ ഉണ്ട്.. നീ ഇത്ര നാളായി ഒരു ഗ്ലാസ്സ് കഞ്ഞിവെള്ളം പോലും തന്നിട്ടിട്ടുണ്ടോ…
കഞ്ഞികൾക്ക് എന്തിനാ കഞ്ഞിവെള്ളം.. നീ ഫോൺ ലൗഡിൽ ഇട്ടേ ഞാൻ ശ്യാമയോട് ഒന്ന് സംസാരിക്കട്ടെ… അവൻ ഫോൺ ലൗഡിൽ ഇട്ട് ശ്യാമക്ക് നേരെ നീട്ടി.. എന്റെ ശ്യാമേ ചായ ഉണ്ടാക്കി കൊടുക്കുന്നതൊക്കെ കൊള്ളാം പഞ്ചസാര അൽപ്പം അധികം ഇട്ടോ… അവന് അൽപ്പം പഞ്ചാരയുടെ കുറവ് ഉണ്ട്… ശ്യാമ മേഘയുടെ സംസാരം കേട്ട് ചിരിച്ചു. ശ്യാമേ വല്ലാതെ പണി എടുക്കാൻ ഒന്നും നിൽക്കണ്ട അൻ അത് മുതലെടുക്കും..
പിന്നെ കുഞ്ഞാവക്കും അമ്മയ്ക്കും വയ്യാണ്ടാവില്ലേ… നല്ലോണം റസ്റ്റ് എട്ക്കണേ.. പിന്നേ കോഴകട്ടേം കോഴിക്കറീം അല്ല… എന്ത് പറഞ്ഞാലും ഉണ്ടാക്കി തരാൻ നാളെ മുതൽ ഒരാൾ ഉണ്ടാവും… അത് പറയാനാ ഞാൻ വിളിച്ചേ.. അയ്യോ.. ഞാൻ അത് വെറുതെ ഇന്നലെ പറഞ്ഞതാ.. ശ്യാമ തിടുക്കത്തിൽ പറഞ്ഞു.. ആ എനിക്ക് അറിയാം അനിയെ തോൽപ്പിക്കാൻ പറഞ്ഞതാണ് എങ്കിലും പറഞ്ഞതൊന്നും സഫലം ആവാതെ പോവണ്ട..
ആ പൊട്ടക്കണ്ണൻ യൂ ട്യൂബ് നോക്കി ഉണ്ടാക്കിതന്നു കളഞ്ഞാലേ തിന്നേണ്ടി വരും.. സൊ റിസ്ക് എടുക്കണ്ട… കേട്ടല്ലോ അനി.. നമ്മുടെ ചീരു അമ്മായി വരും നാളെ തൊട്ട് ഭക്ഷണം ഉണ്ടാക്കാനും അലക്കാനും ഒക്കെ.. ശമ്പളം ഒക്കെ ഞാൻ സംസാരിച്ചിട്ടുണ്ട്… നീ ജോലിക്ക് പോയാൽ ശ്യാമക്ക് കൂട്ട് വേണ്ടേ.. അതിന് കൂടി വേണ്ടിയാ.. അനി സമ്മതം അറിയിച്ചു ഫോൺ വെച്ചു… ഇത്രയൊക്കെ പുണ്യം കഴിഞ്ഞ ജന്മത്തിൽ ചെയ്തിട്ടുണ്ടോ… ഫോൺ വെച്ചതും ശ്യാമ ചോദിച്ചു.. താനെന്താ അങ്ങനെ ചോദിച്ചേ..
അവൻ സംശയ ഭാവത്തോടെ ചോദിച്ചു.. ഈ ജന്മം മേഘയെ കിട്ടിലേ…. അതും പറഞ്ഞു ചുമരിൽ കൈവെച്ചു ശ്യാമ നടന്നു നീങ്ങുന്നതും നോക്കി അനി നിന്നു.. മേഘയെ പോലെ വാ തോരാതെ സംസാരിക്കാതെ കാച്ചികുറുക്കി പറയാൻ ശ്യാമയെ പഠിപ്പിച്ചത് അവളുടെ ജീവിത പാഠങ്ങൾ ആണെന്ന് അവന് തോന്നി… ശ്യാമയും മേഘയും പെണ്ണിന്റെ രണ്ടു മുഖങ്ങൾ ആണ്… മേഘ സ്വാതത്രത്തിന്റെയും സന്തോഷത്തിന്റെയും സ്വപ്നങ്ങളുടെയും ശ്വേത മുഖം ആവുമ്പോൾ ശ്യാമ വേദനയുടെയും.. ഒറ്റപെടലിന്റെയും..
നിസ്സഹായതയുടെയും ഇരുണ്ട മുഖം ആവുന്നു… രണ്ടും പെണ്ണാണ്… ഒരേ മണവും ഒരേ മനസും ഉള്ള രണ്ടു ഹൃദയങ്ങൾ… ഒരു ഹൃദയം തെളിനീരുറവ പോലെ ശുദ്ധവും മറുഹൃദയം മണ്ണൊലിച്ചു വന്ന പുഴപോലെ അശുദ്ധവും… മേഘങ്ങൾ ശ്യാമ വർണ്ണം പ്രാപിക്കുമ്പോൾ വർഷം പൊഴിക്കുന്നത് പോലെ ആ ശ്യാമമേഘം തന്റെ ഹൃദയത്തിൽ പെയ്തു തുടങ്ങുന്നത് അനി അറിഞ്ഞു…
🙏🙏 തുടരും..