നെഞ്ചോരം നീ മാത്രം : ഭാഗം 6
എഴുത്തുകാരി: Anzila Ansi
കണ്ണാ….ഞാൻ പറയുന്നത് നീ ഒന്ന് കേൾക്ക്…. വേണ്ട അച്ഛ…അച്ഛൻ ഒന്നും പറയണ്ട…എനിക്ക് ഒന്നും കേൾക്കുകയും വേണ്ട…. അഞ്ജലിയുടെ വിവാഹം ഉറപ്പിച്ചു എന്ന് കണ്ണൻ അറിഞ്ഞപ്പോൾ അവൻ വല്ലാതെ തകർന്നുപോയി… കുട്ടിക്കാലം മുതലേ തന്റെ സ്വന്തം എന്ന് കരുതി പെണ്ണ്…. ഇന്ന് അവളിൽ മറ്റൊരാൾക്ക് അധികാരം ചാർത്തിക്കൊടുക്കാൻ എന്റെ അച്ഛനും കൂട്ടുനിൽക്കുന്നു…. അവന് അച്ഛനോട് ദേഷ്യം തോന്നി… അവളെ പിരിഞ്ഞുള്ള ജീവിതം കണ്ണന് ആലോചിക്കാൻ കൂടി പറ്റുന്നതല്ലയിരുന്നു….
കണ്ണാ… എന്റെ മോൻ അച്ഛൻ പറയുന്നത് സമാധാനത്തോടെ ഒന്ന് കേൾക്ക് ആദ്യം…. നിറഞ്ഞ കണ്ണുകൾ അച്ഛൻ കാണാതെ അവൻ തുടച്ചുനീക്കി…. എത്ര തടഞ്ഞിട്ടും അവ നിർത്താൻ കൂട്ടാക്കാതെ ഒഴുകിക്കൊണ്ടിരുന്നു. അച്ഛൻ ഇനി എന്തൊക്കെ ന്യായം പറഞ്ഞാലും എനിക്ക് അതൊന്നും എന്റെ തലയിൽ കയറില്ല… അവൾ ഇല്ലാതെ എനിക്ക് പറ്റില്ല അച്ഛാ…അത് അച്ഛനും അറിയാവുന്ന കാര്യമല്ലേ…. ശ്രീധരൻ കണ്ണനെയും കൂട്ടി പുറത്തേക്കിറങ്ങി. എനിക്കറിയാം കണ്ണാ നിനക്ക് അവളോടുള്ള ഇഷ്ടം…
പക്ഷേ എന്റെ മോൻ അത് മറക്കണം…. പറ്റില്ല….ഇനി അച്ഛനല്ല സാക്ഷാൽ ദൈവം തമ്പുരാൻ ഇറങ്ങി വന്ന് പറഞ്ഞാലും അത് മാത്രം പറ്റില്ല….എന്റെ ശ്വാസം നിലക്കുന്നത് വരെയും ഈ ഇടനെഞ്ചിൽ അഞ്ജുവിന് മാത്രമേ സ്ഥാനം ഉണ്ടാകൂ… അവൻ തന്റെ കൈ നെഞ്ചോടു ചേർത്തു വെച്ചു പറഞ്ഞു…. പിന്നെ അമ്മ കരുതുന്നതുപോലെ എന്റെ നല്ല ഭാവിക്ക് വേണ്ടി ആണെങ്കിൽ അച്ഛൻ ഇതു പറഞ്ഞ് എന്റെ അടുത്ത് വരേണ്ട…
നിന്റെ അമ്മയെ പോലെ നിന്റെ നല്ല ഭാവിയെ ഓർത്താ ഞാൻ ഇത് നിന്നോട് പറഞ്ഞത് എന്ന് നീ കരുതുന്നുണ്ടെങ്കിൽ നിനക്ക് തെറ്റി…. ഞാൻ ഇത് എന്റെ അഞ്ജുട്ടിക്ക് വേണ്ടിയാണു നിന്നോട് അപേക്ഷിക്കുന്നത്…. അയാൾ അത് പറഞ്ഞതും കണ്ണനിൽ ഒരു ഞെട്ടൽ ഉണ്ടായി…. അവൻ അച്ഛനെ തന്നെ നോക്കി…. കണ്ണാ…നിന്റെ അമ്മ അഞ്ജുവിനെ മരുമകളായി സ്വീകരിക്കും എന്ന് നിനക്ക് തോന്നുന്നുണ്ടോ…? ഇത്രയും കാലം വിമലയിൽ നിന്ന് അവൾ അനുഭവിച്ചതിന്റെ ബാക്കി ഇവിടെ വന്നുകൂടി അനുഭവിക്കണോ…
അതോർത്ത് അച്ഛൻ വിഷമിക്കേണ്ട… കല്യാണം കഴിഞ്ഞാൽ ഞാൻ അവളെ ഇവിടെ നിർത്തില്ല എന്റെ കൂടെ ബാംഗ്ലൂരിലേക്ക് കൊണ്ട് പൊയ്ക്കോളാം…. എത്രകാലം നീ അവളെ പൊതിഞ്ഞു പിടിക്കും… അച്ഛൻ ഇനി പറയാൻ പോകുന്ന കാര്യങ്ങൾ മോൻ ശ്രദ്ധയോടെ കേൾക്കണം… അതുകഴിഞ്ഞ് നിനക്ക് തീരുമാനിക്കാം എന്ത് വേണമെന്ന്…. ജാനകിയുടെയും കാര്യങ്ങൾ അവനോടു പറഞ്ഞു….
ഇപ്പോൾ തന്റെ അമ്മ അതും പറഞ്ഞ് ശിവ മാമ്മനെ ഭീഷണിപ്പെടുത്തുന്ന കാര്യമറിഞ്ഞപ്പോൾ അവന് അമ്മയോട് വെറുപ്പ് തോന്നി…. അച്ഛാ… എനിക്ക് എന്റെ അഞ്ജുവിനെ വേണം അച്ഛാ…. അവൻ കൊച്ചുകുട്ടികൾ കളിപ്പാട്ടത്തിനുവേണ്ടി കരയുന്നതുപോലെ ശ്രീധരന്റെ രണ്ട് കൈകൾ കൂട്ടിപ്പിടിച്ച് യാചന ഭാവത്തിൽ ചോദിച്ചു… ഇനിയും ആ ആ കുട്ടിയെ നാട്ടുകാരും ബന്ധുക്കളും കൂടി പരിഹസിക്കുന്നത് കാണാൻ എനിക്ക് വയ്യ…
പിന്നെ ഈ സത്യങ്ങളൊക്കെ അഞ്ജുട്ടിയോ ശിവന്റെ മറ്റു കുടുംബക്കാരോ അറിഞ്ഞാൽ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ എന്താകും എന്ന് നിനക്ക് വല്ല ധാരണയുമുണ്ടോ…. എന്തിനാ മോനെ നമ്മൾ കാരണം ഒരു കുടുംബത്തിന്റെ കണ്ണീര് കാണുന്നത്… ഇപ്പോൾ വന്നത് നല്ലൊരു ബന്ധമാണ്…. ചെക്കൻ ഡോക്ടറാണ്… പിന്നെ അവർ പേരുകേട്ട കുടുംബക്കാരും….. അഞ്ജു മോൾക്ക് അവിടെ ഒരു കുറവും ഉണ്ടാകില്ല…
നിന്റെ അമ്മയ്ക്ക് അവളെ ദ്രോഹിക്കാൻ ഇട്ടു കൊടുക്കണോ വേണ്ടയോ എന്ന് എന്റെ മോൻ നന്നായി ഒന്ന് ആലോചിച്ചു നോക്കൂ… അതും പറഞ്ഞ് ശ്രീധരൻ തിരിഞ്ഞു നടക്കാൻ ഒരുങ്ങി… അച്ഛാ…ഞാൻ നാളെ തന്നെ തിരിച്ചു പോകുവ… ഇനി ഇങ്ങോട്ടേക്ക് ഒരു വരവില്ല… അതും പറഞ്ഞ് അവൻ ശ്രീധരനെ മറികടന്ന് വീട്ടിനകത്തേക്ക് കയറി… മോതിരം മണ്ഡപത്തിൽ വച്ച് മാറുന്നുള്ളൂ എന്നതുകൊണ്ട് തന്നെ ചെറുക്കന്റെ വീട്ടിൽ വച്ച് ജാതകം കൈമാറാമെന്ന് തീരുമാനിച്ചിരുന്നു…
ശിവപ്രസാദും ശ്രീധരനും പിന്നെ അടുത്ത കുറച്ചു ബന്ധുക്കളും കൂടിയാണ് ഹരിയുടെ വീട്ടിലേക്ക് പോയത്…. ജാതകം പരസ്പരം കൈമാറി… വിവാഹത്തിന് നല്ലൊരു മുഹൂർത്തവും അന്ന് തന്നെ കുറിച്ചു…. വരുന്ന മാസം 17ന്… അന്ന് നടന്നില്ലെങ്കിൽ പിന്നെ ഒരുവർഷം കഴിഞ്ഞേ അഞ്ജുവിന്റെ ജാതകത്തിൽ വിവാഹ യോഗം തെളിയുന്നുള്ളൂ എന്ന് ജോത്സ്യൻ പറഞ്ഞു… ഒരു വർഷം ഒന്നും കാത്തു നിൽക്കാൻ പറ്റാത്തതുകൊണ്ട് അവർ 17ന് തന്നെ മുഹൂർത്തം കുറിച്ചു വാങ്ങി….
ഇന്ന് 20 അടുത്ത മാസം 17ന് എന്ന് പറയുമ്പോൾ ഇനി ഒരു മാസം തികച്ചില്ല…ശിവ പ്രസാദിന് വല്ലാത്തൊരു വെപ്രാളം തോന്നി.. അതു മനസ്സിലാക്കിയ ദേവരാജൻ അയാളെ ചേർത്തുപിടിച്ചു കണ്ണുകൾ ചിമ്മി അടച്ചു…. അത് ശിവനിൽ ഒരു ആത്മവിശ്വാസം നിറച്ചു…. തിരിച്ചു വന്ന് ശിവപ്രസാദിന് എല്ലാത്തിനും ഉത്സാഹം ആയിരുന്നു… വിവാഹത്തിന്റെ ഡേറ്റ് എടുത്ത കാര്യം അഞ്ജുവിനോട് പറഞ്ഞപ്പോൾ അവൾ വല്ലാതെയായി…
ഒരുമാസം പോലും തികച്ചില്ല വിവാഹത്തിന്.. താൻ എടുത്ത തീരുമാനം തെറ്റാണോ ശരിയാണോ എന്നുകൂടി അവൾക്ക് വേർതിരിച്ചറിയാൻ കഴിയുന്നില്ലായിരുന്നു… ഇപ്പോൾ അവളുടെ മനസിൽ കണ്ണൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ.. അവർ രണ്ടുംകൂടി ഒരുപാട് സ്വപ്നങ്ങൾ നെയ്തു കൂട്ടിയ അവരുടെ വിവാഹത്തെപ്പറ്റി അഞ്ജലി ഓർത്തു…. അഞ്ജലിയുടെ മുഖത്തെ പരിഭ്രമം ശ്രദ്ധിച്ച് വിമലയുടെ ഉള്ളിൽ സന്തോഷം അലതല്ലി….
രാത്രി ഉറക്കം വരാതെ അഞ്ജലി തിരിഞ്ഞും മറിഞ്ഞും കിടന്നു…. പെട്ടെന്ന് ആരോ ജനലിൽ മുട്ടുന്നതായി അവൾക്കു തോന്നി… അഞ്ജു പേടിച്ച് ജനലിന് അടുത്തേക്ക് ചെന്നു… വിറയാർന്ന ശബ്ദത്തോടെ ആരാ എന്ന് ചോദിച്ചു… തിരിച്ചുള്ള മറുപടി അവളിൽ ആശ്വാസം തെളിഞ്ഞു…. അവൾ ജനൽപാളി തുറന്നു… കണ്ണേട്ടൻ….. രണ്ടു പേരുടെയും കണ്ണുകൾ ഒരുപോലെ നിറഞ്ഞു തൂവി….. അവർക്കിടയിൽ മൗനം മാത്രമായിരുന്നു…
പക്ഷേ അവരുടെ കണ്ണുകൾ പലതും പറയുന്നുണ്ടായിരുന്നു… മൗനത്തിന് വിരാമമിട്ടുകൊണ്ട് കണ്ണൻ വിറയാർന്ന ശബ്ദത്തോടെ അവളെ വിളിച്ചു അഞ്ജുസേ…. മ്മ്മ്… എന്തേ എന്റെ വായാടിക്ക് ഒന്നും പറയാനില്ലേ… അവൻ അത് ചോദിച്ചതും അവൾ പൊട്ടിക്കരഞ്ഞു പോയി….. ഇങ്ങനെ കരയല്ലേ പെണ്ണേ എനിക്ക് കണ്ട് നിൽക്കാൻ വയ്യ…. ഈ രാത്രി നിന്നെ കാണാൻ വന്നത് ഈ കരച്ചിൽ കാണാനല്ല… ദേ ഇങ്ങോട്ട് നോക്കിയേ… അഞ്ജലി ഇരുകണ്ണുകളും അമർത്തി തുടച്ച് അവനെ നോക്കി…
ഉള്ളിൽ ഹൃദയം തകരുന്ന വേദന കടിച്ചമർത്തി അവൻ മുഖത്ത് ഒരു ചിരി വെച്ചു കെട്ടി…. കുട്ടിക്കാലം മുതലേ കണ്ടുവളർന്ന അഞ്ജുവിന് അവന്റെ ചിരിക്കു പിന്നിലെ വേദന മനസ്സിലായി…. അവൾ അവനെ ഇമ വെട്ടാതെ നോക്കി നിന്നു…. ഡി പെണ്ണേ നീ ഇങ്ങനെ നോക്കി എന്റെ ചോര ഊറ്റി എടുക്കല്ലേ കുറച്ചുകാലം കൂടി ജീവിക്കാനുള്ളത… എപ്പോഴത്തെയും പോലെ കുസൃതി നിറഞ്ഞ ആ ചോദ്യം അവളിൽ ഒരു ചിരി വിടർന്നു.. അത് കണ്ണന്നിൽ ഒരു ആശ്വാസം പകർന്നു…..
ഞൊടിയിടയിൽ അഞ്ജുവിന്റെ ആ പുഞ്ചിരി പിന്നെയും വിഷാദത്തിന് വഴിയൊരുക്കി…. ദേ അഞ്ജുസേ എനിക്ക് ദേഷ്യം വരുന്നുണ്ട് കേട്ടോ… ഉള്ളിലെ വേദന കടിച്ചമർത്തി അവൻ കുസൃതിയോടെ അവളോട് പറഞ്ഞു.. അവൾ അവനെ നോക്കി ചിരിച്ചെന്നു വരുത്തി… എന്റെ അഞ്ചുസിന്റെ മുഖത്ത് ഈ ചിരി എന്നും ഉണ്ടാകണം… ഇപ്പോൾ എന്റെ മോള് കണ്ണ് ഒന്ന് അടച്ചെ… അവൾ സംശയത്തോടെ അവനെ നോക്കി… നീ എന്നെ ഇങ്ങനെ നോക്കുക ഒന്നും വേണ്ട ജനലിൽ കൂടി അകത്ത് വരാൻ എനിക്ക് മാജിക് ഒന്നും അറിയില്ല….
അതുകൊണ്ട് എന്റെ മോള് വേഗം കണ്ണടയ്ക്ക്… അഞ്ജു അവളുടെ കണ്ണുകൾ അടച്ചു…. കണ്ണൻ ഭദ്രമായി തന്റെ കൈകളിൽ ഒതുക്കിയ ഒരു ചെറിയ ആഭരണപ്പെട്ടിയും പിന്നെ ഒരു കടലാസ് പൊതിയും…അവൾക്കു മുന്നിലേക്ക് നീട്ടി.. ഇനി കണ്ണു തുറന്നോ…. അവൾ പതിയെ കണ്ണുതുറന്ന് അവന്റെ കയ്യിലേക്ക് നോക്കി… ഇത് നിനക്കുള്ള എന്റെ വിവാഹ സമ്മാനമാണ്… അഞ്ജലി ഒരു തേങ്ങലോടെ അവനെ നോക്കി… ഇത് വാങ്ങിക്കോ പെണ്ണെ…. അവള് ആ പൊതി അവന്റെ കയ്യിൽ നിന്നും വാങ്ങി….
കണ്ണുകൊണ്ട് അത് തുറക്കാൻ അവൻ ആവശ്യപ്പെട്ടു… അഞ്ജലി ആഭരണപ്പെട്ടി ജനൽ പടിയിൽ വെച്ചു ആദ്യം ആ കടലാസു പൊതി തുറന്നുതും അവളുടെ മുഖം ഒന്ന് വിടർന്നു അതിൽ അവൾക്ക് ഏറ്റവും പ്രിയപ്പെട്ട കരിവളയും നാരങ്ങ മുട്ടായിമായിരുന്നു…ഒരിറ്റ് കണ്ണീര് അതിലേക്ക് പതിച്ചു…. അവൾ അതിൽ നിന്നും ഒരു നാരങ്ങാ മുട്ടായി എടുത്തു വായിലിട്ടു നുണഞ്ഞു… കരിവളകൾ അവന് നേരെ നീട്ടി… കണ്ണന് ഒന്നും മനസ്സിലാകാതെ അവളെ ഉറ്റുനോക്കി…
അഞ്ജലി ജനൽ പാളിയിലൂടെ തന്റെ വലതു കൈ പുറത്തേക്ക് ഇട്ട് അവനോട് ആ കരിവളകൾ അണിയിച്ചു തരാൻ ആവശ്യപ്പെട്ടു…. നിറയാൻ തുടങ്ങിയ കണ്ണുകൾ അവൻ ആയാസപ്പെട്ടു തടഞ്ഞുനിർത്തി അവളുടെ കയ്യിലേക്ക് ആ വളകൾ അണിയിച്ചു…. അഞ്ജലി ആ വളകളിൽ അമർത്തി ചുംബിച്ചു….. കുറച്ചുനേരം അവർ വീണ്ടും കണ്ണുകൾ കൊണ്ട് കഥകൾ പറഞ്ഞു… അവൻ അവളോട് ആഭരണപ്പെട്ടി തുറക്കാൻ ആവശ്യപ്പെട്ടു…. അവൾ വിറയാർന്ന കൈകളോടെ ആ പെട്ടി തുറന്നു….
അതിൽ നല്ല ഭംഗിയുള്ള ഒരു പാലക്ക മാല ആയിരുന്നു… നിന്നെ എന്റെ സ്വന്തമാക്കുന്ന ദിവസതിൽ എന്റെ വിയർപ്പിൽ പണിത ഒരു താലി നിന്നെ അണിയിക്കണം എന്നൊരു മോഹം എനിക്കുണ്ടായിരുന്നു… അതിനായി എന്റെ ശമ്പളത്തിൽ നിന്ന് മാസം ഒരുവിഹിധം മാറ്റി വെക്കുമായിരുന്നു….. കഴിഞ്ഞ വരവിന് ഞാൻ ഒരു താലിക്ക് ഓർഡർ കൊടുത്തിരുന്നു…. ഇന്നലെ വൈകുന്നേരം ഈ താലി എന്റെ കയ്യിൽ കിട്ടിയപ്പോൾ നിന്നെ എനിക്ക് നഷ്ടപ്പെട്ടിരുന്നു… ഇനി നിന്റെ താലിക്കും സിന്ദൂരത്തിനും അവകാശി ഞാൻ അല്ലല്ലോ…
പിന്നെ ആ താലി ആ കടയിൽ തന്നെ കൊടുതിട്ട് ഈ മാല വാങ്ങിച്ചു… ഇഷ്ടായോ നിനക്ക്…. മ്മ്മ്…..അവളിൽ നിന്ന് ഒരു മൂളൽ മാത്രം പുറത്തേക്ക് വന്നു… ശരി മോളെ ഞാൻ പോകുവാ… നാളെ രാവിലെ അഞ്ച് മണിക്കാണ് ട്രെയിൻ…. അവൾ ഒരു ഞെട്ടലോടെ അവനെ നോക്കി… നിന്നിൽ വേറൊരാൾ അവകാശം ഉറപ്പിക്കുന്നത് കാണാൻ എനിക്ക് കഴിയില്ല മോളെ….. അതുകൊണ്ട് നാളെ തന്നെ പോകുന്നു….. അവളുടെ കണ്ണ് നിർത്താതെ പെയ്തുകൊണ്ടിരുന്നു…..
ഇങ്ങനെ കരയല്ലേ മോളെ ഇത് കണ്ടിട്ട് പോകാൻ എനിക്ക് വയ്യ… എനിക്കുവേണ്ടി ഒന്നു ചിരിച്ചേ…. എന്നും എന്റെ മനസ്സിൽ നിന്റെ ഈ ചിരിച്ച മുഖം ഉറപ്പിക്കാനാണ്…. അവൻ ഇടറുന്ന ശബ്ദത്തോടെ പറഞ്ഞു നിർത്തി…. ഉള്ളിലെ വേദന രണ്ടുപേരും കടിച്ചമർത്തി മുഖത്തൊരു ചിരി വാരുത്തി…. മിടുക്കി എന്റെ കുട്ടി എന്നും ഇങ്ങനെ ചിരിച്ചു ജീവിക്കണം…കേട്ടോ.. ശ്രിഹരിയെപ്പറ്റി ഞാൻ തിരക്കി എല്ലാവർക്കും നല്ല അഭിപ്രായമാണ് പുള്ളിയെ കുറിച്ച്…..
നിന്നെ അയാൾ പൊന്നുപോലെ നോക്കി കൊള്ളും…ഹൃദയം നുറുങ്ങുന്ന വേദനയോടെ അവൻ അവളോട് പറഞ്ഞു… മ്മ്മ്… അവളൊന്ന് മൂളി… എങ്കിൽ ജനൽ അടച്ചോ ഞാൻ പോകുവാ… വീണ്ടും അവരുടെ കണ്ണുകൾ തമ്മിലിടഞ്ഞു… പക്ഷേ ഇത്തവണ കണ്ണൻ അവന്റെ കണ്ണുകൾ വേഗം അവളിൽനിന്ന് പിൻവലിച്ചു…. ഇനി അവളുടെ കണ്ണുകൾ നോക്കിയാൽ തനിക്ക് പോകാൻ കഴിയില്ല എന്ന് കണ്ണന് അറിയാമായിരുന്നു….
അവൻ വേഗം തിരിഞ്ഞു നടന്നു… വയൽ കടന്ന് അവൻ പോകുന്നതും നോക്കി അവൾ അവിടെത്തന്നെ നിന്നു…. തിരിഞ്ഞ് നടന്ന കണ്ണന്റെ മനസ്സ് വിങ്ങി പൊട്ടുകയായിരുന്നു… പലവട്ടം അവളെ വിളിച്ചിറക്കി കൊണ്ടു പോയാലോ എന്ന് പോലും അവൻ ആലോചിച്ചു…. ഇല്ല ഈ ജന്മം എനിക്ക് നിന്നെ വിധിച്ചിട്ടില്ല… ഈ ജന്മം ശ്രീഹരിക്കും മോൾക്കുമായിരിക്കും നിന്നെ ദൈവം കരുതി വെച്ചിരിക്കുന്നത്…. കുറച്ചുകൂടി മുന്നോട്ട് നടന്നു കണ്ണൻ ഒന്ന് നിന്നു…ഇരുട്ട് അവനെ പൂർണമായി മുടിയിരുന്നു…
അഞ്ജലിയുടെ മുറിയുടെ പ്രകാശതിൽ ജനലാരികിൽ തന്നെ നോക്കി നിക്കുന്ന അവളെ കണ്ടപ്പോൾ അവന്റെ ഹൃദയമിടിപ്പ് ഒരു നിമിഷം ഒന്ന് നിന്നു….. ഓടിച്ചെന്ന് അവളെ ഇറുകെ പുണരാൻ തോന്നി കണ്ണന്…. വരും ജന്മന്തരങ്ങളിൽ നിനക്കായി സഖി കാത്തിരിക്കാം….പ്രണയിനിയായില്ല… പ്രണന്റെ പതിയായി…എന്റെ സിന്ദുരത്തിനു അവകാശിയായി….മരണം എന്നെ പുല്കുമ്പോൾ നിൻ മാറോടു ചേർന്ന് ആ ഹൃദയതാളം ആസ്വദിച്ചു വിടപറയണം ഈ ഭൂമിയോട്…. ഈ ജന്മം മരിക്കുവോളം മറക്കില്ല….ഒരു നോവായി ഈ നെഞ്ചിൽ കാണും പെണ്ണെ നീ…. കണ്ണന്റെ മുഖത് ഒരു ചിരി വിടർന്നു…ഹൃദയതിൽ തട്ടിയ ഒരു ചിരി…..
തുടരും…..