കനൽ : ഭാഗം 16
എഴുത്തുകാരി: Tintu Dhanoj
“പിരിയാൻ വയ്യ പക്ഷികളായ് നാം തമ്മിൽ തമ്മിൽ കഥ പറയും…” അങ്ങനെ പരസ്പരം തിരിച്ച് അറിഞ്ഞു മത്സരിച്ചു സ്നേഹിക്കുക ആയിരുന്നു പിന്നീട് ഉള്ള ദിവസങ്ങളിൽ കിച്ചുവും,അമ്മുവും.. നാളെ കണ്ണൻ എത്തും എന്ന് പറഞ്ഞത് കൊണ്ട് തന്നെ എല്ലാവരും കൂടെ പാലക്കാട്ടേക്ക് യാത്ര തിരിച്ചു. .. വീട്ടിലെത്തി കണ്ണേട്ടനു ഇഷ്ടം ഉള്ളതൊക്കെ ഉണ്ടാക്കി അമ്മ കാത്തിരുന്നു..ഉച്ച ആയതോടെ ആള് ഇങ്ങ് എത്തി..പിന്നെ ഒരു ഉത്സവം പോലെ ആയിരുന്നു വീട്.. കണ്ണേട്ടൻ കുറെ അധികം സാധനങ്ങൾ എനിക്ക് ആയി വാങ്ങി കൊണ്ട് തന്നിരുന്നു.
എല്ലാവരുടെയും സ്നേഹത്തിന്റെ ആഴം കൊണ്ട് ദിവസങ്ങൾ പോയത് അറിഞ്ഞതെ ഇല്ല.. ഇതിന്റെ കൂടെ തന്നെ കണ്ണേട്ടന് പോകാനുള്ള കാര്യങ്ങളും വേഗം വേഗം റെഡി ആയി കൊണ്ടിരുന്നു .. ഇന്ന് ഉച്ച ആയപ്പോഴേക്കും മെയിൽ വന്നു..രണ്ടു ആഴ്ചക്കകം വിസ വരും..അതിനോട് അടുത്ത് തന്നെ ടിക്കറ്റും പ്രതീക്ഷിക്കാം എന്ന്. കണ്ണേട്ടൻ ഭയങ്കര സന്തോഷത്തിൽ ആണ്..വീട്ടിൽ നിന്ന് പോകുന്നതിൽ ഉള്ള വിഷമം ഒഴിച്ചാൽ എല്ലാവരും ഹാപ്പി ആണ്.. പിറ്റെ ദിവസം രാവിലെ എഴുന്നേറ്റ് വന്നപ്പോൾ മുതൽ എനിക്ക് ഒരു ക്ഷീണം പോലെ..
എങ്കിലും ആരോടും ഒന്നും പറഞ്ഞില്ല..അടുക്കളയിൽ അമ്മയെ സഹായിച്ച് കൊണ്ട് ഇരിക്കുമ്പോൾ എന്തോ തല കറങ്ങും പോലെ തോന്നി.. അമ്മയോട് പറയും മുൻപേ ഞാൻ താഴേക്ക് വീണു..”അയ്യോ കിച്ചു,, കണ്ണാ ഓടി വാടാ മക്കളെ..”അമ്മയുടെ കരച്ചിൽ കേട്ട് എല്ലാവരും വരുമ്പോൾ അമ്മ അമ്മുവിൻറെ അടുത്ത് ഇരുന്നു വിളിക്കുന്നു.. “അമ്മു മോളെ എഴുന്നേൽക്കു”കണ്ണേട്ടൻ കുറച്ച് വെള്ളം എടുത്ത് മുഖത്ത് കുടഞ്ഞു പതിയെ ഞാൻ കണ്ണുകൾ തുറന്നു നോക്കി. പക്ഷെ എഴുന്നേൽക്കാൻ വയ്യ അത്ര ക്ഷീണം..
എല്ലാവരും കൂടെ പിടിച്ചു എഴുന്നേൽപ്പിച്ചു റൂമിൽ കിടത്തി.. “എന്തായാലും ഒന്ന് ഹോസ്പിറ്റലിൽ വരെ പോയി വാ” അച്ഛൻ പറഞ്ഞത് കേട്ട് അമ്മയും വരാമെന്ന് പറഞ്ഞു ..കിച്ചുവേട്ടനും ,ഞാനും,അമ്മയും കൂടെ ഇറങ്ങി. കാറിൽ ഇരിക്കുമ്പോഴും വല്ലാത്ത ക്ഷീണം തോന്നി എനിക്ക്..അങ്ങനെ ഹോസ്പിറ്റലിൽ എത്തി.. ബി.പി. യും , ഷുഗറും കുറച്ച് കുറവുണ്ട് .അത് കൊണ്ട് ഡ്രിപ്പ് ഇട്ടു കിടത്തി. അപ്പോഴേക്കും ഡോക്ടർ എന്നോട് കാര്യങ്ങൾ ഒക്കെ ചോദിച്ചു. .. “മാര്യേജ് കഴിഞ്ഞിട്ട് എത്ര നാളായി? ഡോക്ടർ ചോദിച്ചു. ..” 4മാസം “ഞാൻ മറുപടി പറഞ്ഞു.. “ശരി നഴ്സ് അല്ലേ?നമുക്ക് ഒന്ന് പ്രഗ്നൻസി ടെസ്റ്റ് ചെയ്താലോ?”
ഡോക്ടർ അത് ചോദിച്ചപ്പോൾ ആണ് ഞാനും ഓർത്തത് .. “ചെയ്യാം മാം ഞാൻ ഓർത്തില്ലയിരുന്നു ..ഇപ്പൊൾ എനിക്കും സംശയം ഉണ്ട്” ഞാൻ അത് പറഞ്ഞതും അമ്മയുടെയും,കിച്ചുവേട്ടന്റെയും മുഖം തെളിഞ്ഞു… അങ്ങനെ അവര് ടെസ്റ്റ് ഒക്കെ ചെയ്തു റിപ്പോർട്ടും കൊണ്ട് വന്നു..”അപ്പൊൾ രണ്ടാൾക്കും കൺഗ്രാത്സ്..ചെലവ് ഉണ്ട് കേട്ടോ.. പ്രഗ്നൻസി ടെസ്റ്റ് റിസൾട്ട് പോസിറ്റീവ് ആണ്. ..” ഡോക്ടറിന്റെ വാക്കുകൾ കേട്ടതും ഹോസ്പിറ്റലിൽ ആണെന്ന് പോലും ഓർക്കാതെ കിച്ചുവേട്ടൻ എന്നെ ചേർത്ത് പിടിച്ചു നെറ്റിയിൽ ചുംബിച്ചു…
എല്ലാവരും എന്നെ നോക്കി പുഞ്ചിരിച്ചു.എനിക്ക് ആകെ നാണം തോന്നി.. ഇൗ കിച്ചുവേട്ടൻ എന്താ ഇങ്ങനെ എന്ന് മനസ്സിൽ പറഞ്ഞു ഞാനമ്മയെ നോക്കി.. അമ്മയും എന്നെ ചേർത്ത് പിടിച്ചു ഒരു ഉമ്മ തന്നു. കിച്ചുവേട്ടൻ ഫോണും കൊണ്ട് പുറത്തേക്ക് പോയി .. കണ്ണേട്ടൻ ,മാളു,എന്റെ വീട്ടിൽ ഒക്കെ വിളിച്ചു പറയുന്ന തിരക്കിൽ ആണ്..ഒന്ന് തിരികെ വന്നെങ്കിൽ എനിക്ക് അമ്മയോട് ഒന്ന് സംസാരിക്കണം എന്ന് ഓർത്തതും കിച്ചുവേട്ടൻ ഫോണും കൊണ്ട് വന്നു.. “അമ്മുസെ അമ്മയാണ്” എന്ന് പറഞ്ഞു ഫോൺ എനിക്ക് തന്നു..
അമ്മെ എന്ന് ഞാൻ വിളിച്ചതേ ഓർമ ഉള്ളൂ..ഒരു നൂറു ഉപദേശങ്ങൾ ..”അമ്മു ഇങ്ങനെ കിടക്കണം,കട്ടിയുള്ളത് ഒന്നും എടുക്കരുത്,3മാസം സൂക്ഷിക്കണം ,ഭക്ഷണം കഴിക്കണം ..”അങ്ങനെ ഉപദേശത്തിന്റെ ഒരു പട്ടിക തന്നു അമ്മ എനിക്ക്.. “അമ്മെ ഞാൻ ഒരു നഴ്സ് അല്ലേ എനിക്ക് കുറച്ചൊക്കെ അറിയാം..”അത് കേട്ടതും അമ്മ പറഞ്ഞു..”അറിയും,അത് കിച്ചു പറഞ്ഞു ഡോക്ടർ ചോദിച്ചപ്പോഴല്ലെ ഇൗ നഴ്സ് ഓർത്തത് പോലും ..അത് കൊണ്ട് ഒന്നും പറയണ്ട..എല്ലാവരും പറയുന്നത് അനുസരിച്ച് അടങ്ങി ഇരുന്നോണം”..
അത് കേട്ടതും ഞാൻ ഒന്നും പറയാൻ ഇല്ലാതെ ആയി. എന്നാലും ഞാൻ എന്താ ഓർക്കാതെ ഇരുന്നത്..കണ്ണേട്ടൻ പോകുന്ന തിരക്കിൽ ആയിരുന്നു എല്ലാവരും..പിന്നെ ഒരു ജോലിക്ക് കയറണം എന്ന് ഒക്കെ ഓർത്ത് നടന്ന കൊണ്ട് ആകും.. അങ്ങനെ ഡ്രിപ്പ് തീർന്നു.. ഡിസ്ചാർജ് ആക്കും മുൻപ് ഡോക്ടർ വീണ്ടും വന്നു..”ഇവിടെ തന്നെ ആണ് തുടർന്നും കാണിക്കുന്നത് എങ്കിൽ ഇന്ന് ഗൈനക്കോളജിസ്റ്റ് ഉണ്ട്. കണ്ടിട്ട് പോകുന്നത് ആണ് നല്ലത്. “ബ്ലഡ് റിപ്പോർട്ട് ഒക്കെ ഒന്ന് കാണിക്കാം. H.B.കുറച്ച് കുറവുണ്ട്..”
അങ്ങനെ എങ്കിൽ പിന്നെ ഗൈനക്കോളജിസ്റ്റ് നേ കണ്ടിട്ട് പോകാൻ തീരുമാനം ആയി..ഡോക്ടർന്റെ റൂമിന് മുന്നിൽ കുറച്ച് സമയം ഇരിക്കണ്ട വന്നു.. “ആദി ലക്ഷ്മി വരൂ..സിസ്റ്റർ വന്നു ഞങ്ങളെ വിളിച്ചു. അകത്ത് കയറി റിപ്പോർട്ട് ഒക്കെ കാണിച്ചു. “നമുക്ക് ഒരു സ്കാൻ കൂടെ ചെയ്യാം..?” ഡോക്ടർ പറഞ്ഞത് ശരി വച്ചു ഞങൾ സ്കാനിംഗ് റൂമിലേക്ക് നടന്നു.. അവിടെയും കുറച്ച് നേരം ഇരുന്നു.. പിന്നെ സ്കാൻ ഒക്കെ കഴിഞ്ഞു റിപ്പോർട്ട് കിട്ടി ..വീണ്ടും ഡോക്ടർനേ കാണാൻ കയറി. “സോ ആദി ലക്ഷ്മി 6 വീക്സ് ആയിട്ടുണ്ട്.. പിന്നെ H.B.കുറച്ച് കുറവുണ്ട്.
നന്നായി ഫുഡ് കഴിക്കുക..ഇപ്പൊൾ ഞാൻ അതിനു മരുന്ന് എഴുതുന്നില്ല.. നോർമലി കഴിക്കാൻ ഉള്ള ഫോളിക് ആസിഡ് ഒക്കെ മാത്രമേ തരുന്നുള്ളു… ബാക്കി ഫുഡ് കഴിച്ചു റെഡി ആക്കാൻ നോക്കാം..പിന്നെ ഒരുപാട് കുറവും ഇല്ലല്ലോ?അപ്പൊൾ ടെയ്ക്ക് കെയർ..ബീ ഹാപ്പി ആൾവേസ്..ഞാൻ പറയാതെ എല്ലാം അറിയാമല്ലോ..” എന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ട് ഡോക്ടർ പറഞ്ഞു.. “പിന്നെ ഹസ്ബൻഡ് ബാക്കി എല്ലാം ശ്രദ്ധിക്കണം കേട്ടോ..”കിച്ചുവേട്ടനോടായി ഡോക്ടർ പറഞ്ഞു.
“ശരി ഡോക്ടർ താങ്ക് യൂ..”എന്നും പറഞ്ഞു ഞങ്ങള് അവിടെ നിന്ന് ഇറങ്ങി.. വീട്ടിൽ എത്തിയിട്ട് പിന്നെ എന്നെ ഒന്നും ചെയ്യാൻ ആരും സമ്മതിക്കുന്നതേ ഇല്ലായിരുന്നു..ഭക്ഷണം കഴിക്കും,അമ്പലത്തിൽ പോകും, അമ്മയും കൂടെ വരും.കുറച്ച് സമയം മുറ്റത്ത് കൂടെ രാവിലെയും,വൈകുന്നേരവും നടക്കും,ഉച്ച ആകുമ്പോൾ അമ്മ എന്നോട് പോയി ഉറങ്ങാൻ പറയും. കണ്ണേട്ടനും,കിച്ചുവേട്ടനും എപ്പഴും കുറെ ഫ്രൂട്ട്സ് കൊണ്ട് വരും .അതെല്ലാം എടുത്ത് കഴുകി മുറിച്ച് തന്നു തിന്നാൻ പറഞ്ഞു കൂട്ട് ഇരുന്നു തീറ്റിക്കും..
എനിക്ക് ആണേൽ കഴിക്കാൻ പറ്റുന്നില്ല എന്നു പറഞ്ഞാലും സമ്മതിക്കില്ല.. അമ്മയും,അച്ഛനും ചേർന്ന് കഴിക്കാൻ ഇഷ്ടം ഉള്ളതൊക്കെ ഉണ്ടാക്കി തരും..ഒരു ദിവസം മാളുവും,അമ്മയും,അപ്പുവും കൂടെ വന്നു..കുറെ അധികം പലഹാരങ്ങൾ .പിന്നെ നെല്ലിക്ക ഉപ്പിൽ ഇട്ടത് അങ്ങനെ കുറെ സാധനങ്ങൾ . “ഇത് എന്തിനാ അമ്മെ ഇത്രേം കഷ്ടപെട്ടത്?”എന്ന് ചോദിച്ചപ്പോൾ ” ഇത് എന്റെ ആദ്യത്തെ പേരക്കുഞ്ഞാണ്.. അപ്പൊൾ വാവക്ക് ഇഷ്ടം ഉള്ളതൊക്കെ ഞാൻ അല്ലേൽ പിന്നെ ആരാ ഉണ്ടാക്കുക” എന്ന് ചോദിച്ചു..
എന്റെ കണ്ണ് നിറഞ്ഞു അത് കേട്ടതും..അപ്പു ആണേൽ ഇടയ്ക്കൊക്കെ വന്നു “വാവെ നിന്റെ മാമൻ ആണ് കേട്ടോ “എന്നൊക്കെ പറയും എന്റെ അടുത്ത് ഇരുന്നു..അവര് രണ്ടു ദിവസം നിന്നിട്ട് ആണ് തിരിച്ച് പോയത്.. പോകാൻ തുടങ്ങുമ്പോൾ മാളു പറഞ്ഞു “കിച്ചുവേട്ടാ ഡെലിവറി അവിടെ മതിയെ എനിക്ക് വാവയെ ആദ്യം കാണണം “എന്ന്.. “നമുക്ക് നോക്കാം “എന്നും പറഞ്ഞു കിച്ചുവേട്ടൻഅവളെ സമാധാനിപ്പിച്ചു. പിന്നെ കിച്ചുവേട്ടൻ കുറെ പാട്ടുകൾ ഇട്ടു തരാൻ തുടങ്ങി എപ്പോഴും.. കുറെ പ്രഗ്നൻസി റിലേറ്റഡ് ബുക്സ് വാങ്ങി കൊണ്ട് വന്നു..
ഒക്കെ വായിച്ചിട്ട് അങ്ങനെ ചെയ്യണം ഇങ്ങനെ ചെയ്യണം എന്ന് പറഞ്ഞു പുറകെ നടക്കാൻ തുടങ്ങി. ഒരു ദിവസം കണ്ണേട്ടൻ പറഞ്ഞു”ഞാൻ ഇൗ ജോബ് വേണ്ടാന്നു വച്ചാലോ എന്ന് ഓർക്കുവ?കുഞ്ഞിനെ കാണാതെ പോകാൻ മനസ്സ് വരുന്നില്ല..”എന്ന്.. “വേണ്ട വേണ്ട കണ്ണേട്ടൻ പോകണം..എന്നിട്ട് ഞങ്ങള് വരാം..നല്ല ഓഫർ അല്ലേ കളയല്ലേ..”പിന്നെ എന്റെ നിർബന്ധത്തിന് വഴങ്ങി പോകാം എന്ന് സമ്മതിച്ചു . ശരിക്കും സന്തോഷം മാത്രം നിറഞ്ഞ നാളുകൾ,,എന്നും കിച്ചുവേട്ടൻ രാത്രി ആകുമ്പോൾ കുഞ്ഞിനോട് സംസാരിക്കും..ഇപ്പഴേ നമ്മള് പറയുന്നത് കേൾക്കില്ല എന്ന് പറഞ്ഞാല് ഒന്നും സമ്മതിക്കില്ല..
ഒരു രണ്ടു ആഴ്ച വലിയ കുഴപ്പം ഇല്ലാതെ പോയി..പിന്നീട് എനിക്ക് എന്നും രാവിലെ എഴുന്നേൽക്കുമ്പോൾ ശർദ്ധിൽ ആണ് .ഒരു വെള്ളം പോലും കുടിക്കാൻ പറ്റില്ല…മുഴുവൻ ശർദിക്കും.. വീട്ടിൽ എല്ലാവരും ശരിക്കും വലഞ്ഞു. ഉച്ച ആകാൻ ആകുമ്പോൾ കുറച്ച് കുറയും..അപ്പൊൾ എന്തെങ്കിലും കഴിക്കും..അതും ചോറ് പറ്റില്ല..കഞ്ഞി ആണേൽ വലിയ കുഴപ്പം ഇല്ല.. അങ്ങനെ അമ്മ ഓരോ ദിവസവും ഓരോ രീതിയിൽ കഞ്ഞി ഉണ്ടാക്കാൻ തുടങ്ങി. ചില ദിവസം നല്ല പോലെ തേങ്ങ ചിരണ്ടി ഇട്ടു കഞ്ഞി ഉണ്ടാക്കി തരും..എന്തെങ്കിലും ഒരു അച്ചാറും..
ചിലപ്പോൾ എല്ലാം തേങ്ങാപ്പാൽ എടുത്ത് കഞ്ഞിയിൽ ഒഴിച്ച് ഉണ്ടാക്കി തരും..ചിലപ്പോൾ കഞ്ഞിയും ,പയറും ..അങ്ങനെ കഞ്ഞിയുടെ കുറെ വെറൈറ്റി അമ്മ കണ്ടു പിടിച്ചു കൊണ്ട് ഇരുന്നു . വീട്ടിൽ എന്തേലും പുളി ഉള്ളത് ഉണ്ടാക്കിയാൽ മാത്രം ഞാൻ കഴിക്കും..മധുരം ഒട്ടും വേണ്ട എന്ന അവസ്ഥ ആയി..വീട്ടിൽ എല്ലാവർക്കും എന്റെ അവസ്ഥ കണ്ട് വിഷമം വന്നു തുടങ്ങി..എനിക്ക് നോൺ വെജ് ഒന്നിന്റെയും സ്മെൽ പറ്റില്ല എന്നായി…അതോടെ വീട്ടിൽ വെജിറ്റേറിയൻ മാത്രം ആക്കി..
അങ്ങനെ എനിക്ക് വേണ്ടി അവിടെ എല്ലാവരും കഷ്ടപ്പെടുന്നത് കണ്ടു എനിക്ക് സങ്കടം വന്നു തുടങ്ങി. .. കണ്ണേട്ടന് വിസ വന്നു…അധികം താമസിയാതെ തന്നെ ടിക്കറ്റും വരുമെന്നു കമ്പനി അറിയിച്ചു.. അങ്ങനെ ഞങ്ങളുടെ കുഞ്ഞുവാവയെ കുറിച്ചുള്ള പ്രതീക്ഷകളും,സ്വപ്നങ്ങളും ആയി ഞങ്ങൾ മുന്നോട്ട് പോയി. .. ഇതിന് ഇടയ്ക്ക് ഒരു ദിവസം കണ്ണേട്ടൻ ആരോടോ ഫോണിലൂടെ ദേഷ്യപെടുന്നത് ഞാൻ കേട്ടു .”മേലിൽ എന്നെ വിളിച്ചു പോയേക്കരുത് ..പറഞ്ഞേക്കാം..”
ഇത്രയും കേട്ട് ഞാൻ അങ്ങോട്ട് ചെന്നു.. അപ്പോഴേക്കും വീണ്ടും അവിടുന്ന് എന്തോ പറയുന്നതും, ഞാൻ നിൽക്കുന്ന കൊണ്ട് തിരിച്ച് ഒന്നും പറയാൻ ആവാത്ത ദേഷ്യത്തിൽ കണ്ണേട്ടൻ ഫോൺ എടുത്ത് എറിഞ്ഞു. ..അത് കുറെ കഷ്ണങ്ങൾ ആയി അവിടെ കിടന്നു.. അത് പെറുക്കാൻ പോയ എന്നോട് “അമ്മു മാറി നിൽക്കൂ ,ഞാൻ ചെയ്യാം “എന്ന് പറഞ്ഞു അത് മുഴുവൻ തറയിൽ നിന്നും എടുത്തു ..അതിനു ശേഷം സിം കാർഡ് ഒടിച്ചു കളഞ്ഞു..
പക്ഷെ അപ്പോഴും എന്നോട് വളരെ ശാന്തം ആയി തന്നെ ആയിരുന്നു കണ്ണേട്ടൻ സംസാരിച്ചത്.. അന്ന് വൈകിട്ട് കിച്ചുവേട്ടൻ വന്ന് പറഞ്ഞു “നാളെ കഴിഞ്ഞു രണ്ടു ദിവസത്തേക്ക് ബാംഗ്ലൂർ പോകണം” എന്ന്..എനിക്ക് ശരിക്കും അത് കേട്ടു സങ്കടമായി… “ഒരു ഫ്രണ്ട് ഹോസ്പിറ്റലിൽ ആണ് അമ്മു ..പോകാതെ പറ്റില്ല.. പെട്ടെന്ന് വരാം.”പകുതി മനസ്സോടെ ഞാനും സമ്മതിച്ചു…
തുടരും…