അനാഥ : ഭാഗം 6
എഴുത്തുകാരി: നീലിമ
മുത്തശ്ശി അടുത്തേക്ക് വന്നു എന്റെ കൈ പിടിച്ചു ‘അവന്റെ സ്വഭാവം അങ്ങനാ… മോളത് കാര്യമാക്കണ്ട… ‘ എന്റെ വിഷമം പുറത്തു കാണിക്കാതെ ഞാൻ ചിരിക്കാൻ ശ്രമിച്ചു. ഉച്ചക്ക് എല്ലാപേരും ഒരുമിച്ചിരുന്നാണ് ഭക്ഷണം കഴിച്ചത്. ചിരിയും കളിയും തമാശയുമൊക്കെയായി… അച്ഛനും അദ്ദേഹവും മുത്തശ്ശിയും ഒക്കെ എന്തൊക്കെയോ തമാശകൾ പറഞ്ഞു പൊട്ടിച്ചിരിച്ചു. ആ വീട് ശരിക്കും ഒരു സ്വർഗ്ഗമായിരുന്നു… എനിക്ക് ഇത് വരെ അന്യമായിരുന്ന സ്നേഹവും സന്തോഷവുമൊക്കെ എത്ര പെട്ടെന്നാണ് എന്നിലേയ്ക്ക് വന്നു ചേർന്നത്… വൈകുന്നേരം ഞാൻ അടുക്കളയിൽ നിൽക്കുമ്പോൾ അദ്ദേഹത്തിന്റെ ശബ്ദം കേട്ടു..
‘അമ്മേ നിമ്മി എവിടെ? ‘ ‘അവള് കിച്ചണില മോനെ. ‘ ‘കുറച്ചു കഴിഞ്ഞ് അവളോട് റെഡി ആകാൻ പറയൂ.. ഒന്ന് പുറത്തു പോയിട്ട് വരാം.. ‘ ‘നന്നായി മോനെ.. ഞാൻ അത് അങ്ങോട്ട് പറയാനിരിക്കുവായിരുന്നു… അവളും ആകെ വിഷമിച്ചിരിക്കുവല്ലേ? ഒരു ചേഞ്ച് ആകും… ‘ ഇത് കേട്ടുകൊണ്ടാണ് ഞാൻ ഡൈനിങ്ങ് റൂമിലേയ്ക്ക് ചെന്നത്… അദ്ദേഹം എന്നെ നോക്കി ചിരിച്ചു…. എനിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി… ആ കണ്ണുകളിൽ വെറുപ്പോ വിദ്വെഷമോ ഒന്നും അല്ല , നിറയെ സ്നേഹമാണ് എനിക്ക് കാണാൻ കഴിഞ്ഞത് … ആ സ്നേഹം മാത്രമേ ഞാനും ആഗ്രഹിച്ചിരുന്നുള്ളൂ …
അത് വരെ ജീവിതത്തിൽ ഉണ്ടായതെല്ലാം മറക്കാൻ ആ സ്നേഹം മാത്രം മതിയായിരുന്നു എനിക്ക്.. മനസ്സ് ഒരു അപ്പൂപ്പൻ താടി പോലെ പാറിപ്പറക്കുന്നതായി എനിക്ക് തോന്നി… അദ്ദേഹം റൂമിലേയ്ക്ക് പോയ ശേഷമാണ് അമ്മ അടുക്കളയിലേയ്ക്ക് വന്നത് . അമ്മ വന്നപ്പോൾ ഞാൻ ചായ ഉണ്ടാക്കാൻ തുടങ്ങുകയായിരുന്നു… ‘മോളെ ചായയൊക്കെ ഞാൻ ഉണ്ടാക്കികോലാം മോളേം കൂട്ടി ഒന്ന് പുറത്ത് പോയിട്ട് വരാമെന്നു മഹി ഇപ്പോ പറഞ്ഞിട്ട് പോയെ ഉള്ളൂ … മോള് പോയി റെഡി ആക്… ഒന്ന് പുറത്തു പോയി വരുമ്പോ മനസൊക്കെ ഒന്ന് തണുക്കും… പോയിട്ട് വാ…. ‘ വീണ്ടും അവിടെ മടിച്ചു നിന്ന എന്നെ അമ്മ ഉന്തി തള്ളി മുറിയിലേയ്ക്ക് വിട്ടു…
ഞാൻ മുറിയിൽ എത്തുമ്പോൾ അദ്ദേഹം ഫോണിൽ നോക്കി ബെഡിൽ ഇരിക്കുകയാണ് ‘ആഹ്.. താൻ വന്നോ? പെട്ടന്ന് റെഡി ആക് നമുക്ക് ഒന്ന് പുറത്തു പോയിട്ട് വരാം… ‘ ‘മ്മ് ‘ ഞാൻ വെറുതെ മൂളുക മാത്രം ചെയ്തു . ‘പിന്നേ.. ആ ഷെൽഫിൽ തനിക്കായി അമ്മ എന്തൊക്കെയോ വാങ്ങി വച്ചിട്ടുണ്ട്… ഡ്രസ്സും മേക്കപ്പ് ഐറ്റംസും ഒക്കെ… താൻ അതൊന്നും ഇതുവരെ നോക്കീട്ടില്ലല്ലോ? ‘ അദ്ദേഹം എഴുന്നേറ്റ് വന്നു ഷെൽഫ് തുറന്നു തന്നു… എന്നെ ഷെൽഫിനടുത്തേയ്ക്ക് നീക്കി നിർത്തി… ‘താൻ റെഡി ആയി വാ… ഞാൻ താഴെ കാണും…. ‘ അദ്ദേഹം മുറി വിട്ടു പോയി… ഞാൻ ഷെൽഫിൽ നോക്കി…
അത് നിറയെ പുതിയ ഡ്രസ്സുകളാണ്… സാരിയും ചുരിദാറും… മറ്റൊന്നും ഞാൻ ഉപയോഗിക്കില്ല എന്ന് അമ്മയ്ക്കറിയാം… കൂടുതൽ സാരിയാണ്… സാറിനു സാരിയാണ് ഇഷ്ടമെന്ന് അമ്മ പറഞ്ഞിട്ടുണ്ട്… അതുവരെ ടെക്സ്റ്റിൽസിൽ ഒന്നും പോയിട്ടില്ലാത്തത് കൊണ്ട് അത് എനിക്കൊരു വലിയ തുണിക്കട തന്നെ ആയിരുന്നു. മേക്കപ്പ് ഐറ്റംസിൽ പലതും ഞാൻ കണ്ടിട്ടോ കേട്ടിട്ടോ കൂടി ഇല്ലാത്തവയായിരുന്നു… ഇതൊക്കെ കണ്ട് എന്ത് ചെയ്യണമെന്ന് അറിയാതെ ഞാൻ നിന്നു. ‘ആഹാ.. മോള് ഒരുങ്ങിയില്ലേ? മഹി വന്നു പറഞ്ഞു മോള് ഡ്രസ്സ് ഒക്കെ കണ്ട് അന്തിച്ചു നിൽക്കുന്നത് കണ്ടു എന്ന്. അതാ അമ്മ ഇങ്ങോട്ട് വന്നത്.
അതിൽ മോൾക്ക് ഇഷ്ടമുള്ളത് ഏതാണെന്നു വച്ചാൽ എടുക്ക് മോളെ.. എല്ലാം മോൾക്ക് വേണ്ടി വാങ്ങിയത് തന്നെയാ… ‘ ‘എന്തിനാ അമ്മേ ഇത്രേം ഒക്കെ വാങ്ങിയത്? ഇതൊക്കെ എന്തിനുള്ളതാണെന്നു കൂടി എനിക്കറിയില്ല. ‘ കൂട്ടത്തിലുള്ള മേക്കപ്പ് സാധനങ്ങളിൽ എന്തോ ഒന്ന് ഞാൻ എടുത്ത് നോക്കി… ‘ഇത് നമ്മുടെ ജാനകിടെ മോള് നീതു വിന്റെ പണിയാ.. മോള് ഇതൊന്നും ഉപയോഗിക്കില്ലന്നു ഞാൻ അവളോട് പറഞ്ഞതാ.. അപ്പൊ പറയുവാ മോള് വന്നിട്ട് എങ്ങനെ ഉപയോഗിക്കണമെന്ന് അവൾ പഠിപ്പിച്ചു തരാമെന്നു… ദാ ഇതാണ് ഐ ലൈനർ… കണ്ണെഴുതാനുള്ളതാ… ‘ ‘കൂട്ടത്തിൽ ഒരെണ്ണം അമ്മ എനിക്ക് നേരെ നീട്ടി… ‘ ‘ഇതൊന്നും എനിക്ക് വേണ്ടമ്മേ…. : അമ്മ ചിരിച്ചു കൊണ്ട് eyetex ന്റെ കുഞ്ഞു ഡപ്പി എനിക്ക് തന്നു…
‘ഇത് ഉപയോഗിക്കാമല്ലോ അല്ലേ? ‘ ഞാൻ ചിരിയോടെ തലയാട്ടി… ‘മോള് സാരിയാണോ ചുരിദാറാണോ ഇടുന്നത്? ചുരിദാർ സൈസ് കറക്റ്റ് ചെയ്യേണ്ടി വരും… ‘ ‘സാരി മതിയമ്മേ…. ‘ ‘ഉടുക്കാൻ അമ്മ സഹായിക്കണോ? ‘ ‘വേണ്ടമ്മേ… ഞാൻ ഉടുത്തോളാം… ‘ ‘എന്നാൽ മോള് റെഡി ആയി വാ… എന്റെ മോള് സുന്ദരിയാ.. എന്നാലും പെൺകുട്ടികൾ കരിയൊക്കെ എഴുതണം കേട്ടോ?? എന്തെങ്കിലും ഉണ്ടെങ്കിൽ വിളിച്ചാൽ മതി കേട്ടോ? ‘ അമ്മ താഴേയ്ക്ക് പോയിക്കഴിഞ്ഞു ഞാൻ ഷെൽഫിലുള്ളതെല്ലാം ഒന്ന് കൂടി നോക്കി… അതിൽ നിന്നും ഇളം നീല നിറത്തിലുള്ള ഒരു സാരി ഞാൻ എടുത്തു…
ഭംഗിയായി ഞൊറിഞ്ഞുടുത്തു… മുടി വിടർത്തി ഇട്ടു… അതാണ് എനിക്ക് ചേരുന്നതെന്നു എല്ലാരും പറയാറുണ്ട്… കണ്ണെഴുതി… സാരിക്ക് മാച്ച് ചെയ്യുന്ന പൊട്ടു വച്ചു.. നെറുകയിൽ സിന്ദൂരം ചാർത്തി… കണ്ണാടിയിൽ നോക്കി… ഞാൻ ഒത്തിരി മാറിയത് പോലെ… നന്നായിട്ടുണ്ടെന്നു തോന്നി…. സാധാരണ ഞാൻ ഒരുങ്ങാറില്ല. കണ്മഷി പോലും എഴുതാറില്ല… പക്ഷെ ഇന്ന്… ഇന്നെന്തോ… ഒരുങ്ങണമെന്നു തോന്നി…. ഞാൻ താഴേയ്ക്ക് ചെന്നു… സ്റ്റെപ് ഇറങ്ങുമ്പോൾ കണ്ടു അദ്ദേഹം സെറ്റിയിൽ ഇരിക്കുന്നത്… ഞാൻ വരുന്നത് കണ്ട് എന്നെത്തന്നെ നോക്കി ഇരിക്കുകയാണ്… ആദ്യമായി കാണുന്ന പോലെ….കയ്യിൽ പത്രം ഉണ്ട്.
ഞാൻ അറിയാതെ എന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു.. മനസിന് വല്ലാത്ത സന്തോഷം… അദ്ദേഹം എന്നെ നോക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു… അത് കാണുമ്പോൾ സന്തോഷവും… പക്ഷെ എനിക്ക് അദ്ദേഹത്തെ അഭിമുഖീകരിക്കാൻ കഴിയുന്നില്ല… ആ കണ്ണുകളെ… ഇതെന്താ ഇങ്ങനെ???? ആവോ… എനിക്കറിയില്ല…. മുത്തശ്ശിയും ഹാളിൽ ഉണ്ടായിരുന്നു. ‘ഇങ്ങനെ നോക്കി ഇരുന്നാൽ ഇന്ന് പോകാൻ പറ്റുമെന്നു തോന്നുന്നില്ല.. ‘ ‘ങേ’ ‘അല്ല പത്രം… പത്രം ഇങ്ങനെ നോക്കിയിരുന്നാൽ പോകാൻ പറ്റില്ലാന്നു… ‘ മുത്തശ്ശി ചിരിച്ചു… അതിൽ ഒരു കളിയാക്കൽ ഉണ്ടായിരുന്നില്ലേ എന്നൊരു സംശയം… അദ്ദേഹവും ചമ്മിയ ഒരു ചിരി ചിരിച്ചു.. എനിക്കും ചിരി വന്നു. മുത്തശ്ശി എന്നെ പിടിച്ചു അടുത്തിരുത്തി.
‘എന്റെ മോള് ഇന്ന് സുന്ദരിക്കുട്ടിയായിട്ടുണ്ട്… പുറത്തേയ്ക്ക് പോകുന്നതാ.. കണ്ണ് കിട്ടാതെ നോക്കണം കേട്ടോ മഹി… ‘ മുത്തശ്ശി എന്റെ തലയിൽ തഴുകി ചിരിച്ചു കൊണ്ട് പറഞ്ഞു… ‘അത് ഞാൻ നോക്കിക്കോളാം ‘ സാറും ചിരിച്ചു കൊണ്ട് എഴുന്നേറ്റു… ‘ഞാൻ ഇപ്പൊ റെഡി ആയി വരാം.. ഒരഞ്ചു മിനിറ്റ്… ‘ എന്നോടായി പറഞ്ഞിട്ട് ആള് മുകളിലേയ്ക്ക് പോയി. കൃത്യം 5 മിനിറ്റ് കഴിഞ്ഞപ്പോൾ തിരികെ വന്നു… ബ്ലൂ ടീ ഷർട്ടും ജീൻസും ആണ് വേഷം… ആള് കുറച്ച് കൂടി സുന്ദരനായിട്ടുണ്ട്… കാറിന്റെ കീ കയ്യിലെടുത്തു അദ്ദേഹം അകത്തേയ്ക്ക് നോക്കി വിളിച്ചു പറഞ്ഞു… ‘അമ്മേ ഞങ്ങൾ ഇറങ്ങാട്ടോ ‘ ഞാൻ സാറിനെ നോക്കി ‘ഞാൻ അമ്മയോട് പറഞ്ഞിട്ട് വരാം.. ‘ ‘മ്മ്, പോയിട്ട് വാ ‘
ഞാൻ അടുക്കളയിലേയ്ക്ക് ചെന്നു ‘അമ്മേ ഞങ്ങൾ പോയിട്ട് വരട്ടെ? ‘ ‘നിൽക്ക് മോളെ അമ്മ ദേ ചായയും പഴം പൊരിയും ഉണ്ടാക്കിയിട്ടുണ്ട് … കഴിച്ചിട്ട് പോകാം…. ‘ അമ്മ പറഞ്ഞിട്ട് തിരിഞ്ഞു ‘ആഹാ… നന്നായിട്ടുണ്ടല്ലോ? സുന്ദരിയായിട്ടുണ്ട്… ഇനി എന്നും ഇങ്ങനെ ഒരുങ്ങി നിക്കണം കേട്ടോ? പെൺകുട്ടികൾ കുറച്ചൊക്കെ ഒരുങ്ങുന്നതാണ് അതിന്റെ ഭംഗി… ‘ ഞങ്ങൾ ചായ കൂടി കുടിച്ചിട്ടാണ് ഇറങ്ങിയത്. അദ്ദേഹം കാറിൽ കയറി മുന്നിലേയ്‌ക്കെടുത്തു… എന്റെ മുന്നിൽ കാർ നിർത്തി എന്നോട് കയറാൻ പറഞ്ഞു… ഞാൻ ഒന്ന് മടിച്ചു… മുന്നിൽ കയറണോ പിറകിൽ കയറണോ എന്ന് ശങ്കിച്ചു നിന്നു..
എവിടെയാണ് കയറേണ്ടതെന്നു തീരുമാനിച്ചിരുന്നെങ്കിലും കയറാൻ കഴിയില്ലായിരുന്നു… കാറിന്റെ ഡോർ തുറക്കാൻ കൂടി എനിക്ക് അറിയുമായിരുന്നില്ല… എന്റെ നിൽപ്പ് കണ്ടത് കൊണ്ടാവും അദ്ദേഹം തന്നെ കൈ നീട്ടി ഫ്രണ്ട് ഡോർ തുറന്നു തന്നു… ‘കയറെഡോ…. ‘ ഞാൻ കാറിൽ കയറി… കുറച്ചു സമയം ഞങ്ങൾ രണ്ട് പേരും ഒന്നും മിണ്ടിയില്ല… ‘താനെന്താ ഒന്നും മിണ്ടാത്തെ? ‘ ഞാൻ ചെറുതായി ചിരിച്ചു… ‘ചിരിക്കാതെ എന്തെങ്കിലു പറയെടോ… ‘ ‘ഞാൻ… ഞാൻ എന്തു പറയാൻ?? ‘ ‘ആഹാ ! ഒന്നുമില്ലേ പറയാൻ??? എന്നാൽ ശരി… രണ്ട് പേര് കാറിൽ യാത്ര ചെയ്യുമ്പോഴേ മിണ്ടാതിരിക്കുന്നത് ഭയങ്കര ബോർ ആണ്…
നമുക്ക് പാട്ട് കേട്ടാലോ? തനിക്ക് പാട്ട് ഇഷ്ടമാണോ? ‘ ഞാൻ പതിയെ തലയാട്ടി… ‘ ഏത് പാട്ട് വേണം? മലയാളം, ഹിന്ദി, തമിൾ, ഇംഗ്ലീഷ്… അങ്ങനെ എല്ലാ കളക്ഷനും ഉണ്ട്…. ‘ ‘ഞാൻ സിനിമ കാണാറില്ല… ‘ ‘ആ… ബെസ്റ്റ് !അപ്പൊ താൻ പാട്ട് കേൾക്കാറില്ല? പാട്ട് ഇഷ്ടമാണെന്ന് പറഞ്ഞതോ? ‘ ‘ഇഷ്ടമാണ്…. ‘ ‘പിന്നെ എങ്ങനെയുള്ള പാട്ടാണ് ഇഷ്ടം? ‘ ‘അത്… അത് പിന്നെ…. ‘ ‘പറയെടോ….’ ‘ഡിവോഷണൽ സോങ്‌സ്….’ ‘കൊള്ളാം… ഭർത്താവും ഭാര്യയും വിവാഹം കഴിഞ്ഞ് ആദ്യമായി ഒന്നിച്ചു യാത്ര ചെയ്യുമ്പോ ഇടാൻ പറ്റിയതാ… ‘ അദ്ദേഹം ചിരിച്ചു…
എന്റെ മുഖം വല്ലാതായി… അത് കണ്ടിട്ടാവും അദ്ദേഹം ഉടനെ പറഞ്ഞു… ‘ഏയ്… ഞാൻ വെറുതെ പറഞ്ഞതാടോ… താൻ ഡെസ്പ് ആകണ്ട… ഞാൻ ഒരു ദൈവ വിശ്വാസി തന്നെയാ… പിന്നെ കാറിൽ പോകുമ്പോൾ ഡിവോഷണൽ സോങ്‌സ് അങ്ങനെ പ്ലേ ചെയ്യാറില്ല… അച്ഛനും അമ്മയും ഉള്ളപ്പോൾ മാത്രം ഇടും… അത് കൊണ്ട് അധികം പാട്ടുകളൊന്നുമില്ല… ‘ പറഞ്ഞിട്ട് ഒരു പാട്ട് വയ്ച്ചു…. ” കാർമുകിൽ വര്ണന്റെ ചുണ്ടിൽ….. ” ചിത്രയുടെ സ്വര മധുരമായ ശബ്ദം ഒഴുകി വന്നു…. ഞാൻ ശരിക്കും ലയിച്ചിരുന്നുപോയി…. അദ്ദേഹം തട്ടി വിളിച്ചപ്പോഴാണ് ഞാൻ മയക്കത്തിൽ നിന്നും ഉണർന്നത്….
ഞാൻ എപ്പോഴാണാവോ മയങ്ങിപ്പോയത്??? ‘താൻ ഉറങ്ങിപ്പോയോ? ഇറങ്ങ്… ‘ ഞാൻ ഇറങ്ങി… വണ്ടി ലോക്ക് ചെയ്ത് സാറും ഇറങ്ങി… ഞങ്ങൾ ഇപ്പോൾ ഒരു കടൽ തീരത്താണ്… ആദ്യമായിട്ടാണ് കടൽ കാണുന്നത്…. എന്ത് ഭംഗിയാണ് കടലിനു… കടലിന്റെ ഭംഗി ആസ്വദിച്ചു കുറച്ചു നിമിഷങ്ങൾ അങ്ങനെ തന്നെ നിന്നു… ‘വാടോ… ‘ അദ്ദേഹത്തിന്റെ പിറകിലായി ഞാൻ നടന്നു. സാർ ഒന്ന് നിന്നു… പിന്നെ എന്റെ അടുത്ത വന്നു എന്റെ കൈ പിടിച്ചു ഒപ്പം നടത്തി… ‘എന്റെ പുറകിൽ നടക്കാനല്ല എന്റെ ഒപ്പം നടക്കാനാണ് ഞാൻ തന്നെ എന്റെ ജീവിതത്തിലേയ്ക്ക് കൂട്ടിയത് ….’
ഏതൊരു പെണ്ണും ഭർത്താവിൽ നിന്നും കേൾക്കാനാഗ്രഹിക്കുന്ന വാക്കുകൾ…. ഒരുപാട് സന്തോഷം തോന്നി… കണ്ണ് നിറഞ്ഞു വന്നു…. ‘തനിക്ക് കടലിൽ ഇറങ്ങണോ? ‘ വേണ്ട എന്ന് ഞാൻ തലയാട്ടി.. ‘ഞാനും കടലിൽ ഇറങ്ങാറില്ല… കരയിൽ ഇരുന്നു കടലിന്റെ ഭംഗി ആസ്വദിക്കുന്നതാണ് കൂടുതൽ രസം… ‘ ഞങ്ങൾ അടുത്തുള്ള ഒരു സ്റ്റോൺ ബെഞ്ചിൽ ഇരുന്നു… കടലിലേയ്ക്ക് നോക്കി….. അനേകം തിരമാലകൾ പാഞ്ഞെത്തി തീരത്തെ തഴുകി തിരിച്ചു പോകുന്നു . എന്റെ ഉള്ളിലെ ദുഖങ്ങളും അതിനോടൊപ്പം ഒലിച്ചു പോകുന്നത് പോലെ തോന്നി . ‘തനിക്കെന്നോട് ദേഷ്യമുണ്ടോ?? ‘
‘ദേഷ്യമോ???? എന്തിന്??? ‘ ‘തന്നെ ഞാൻ തെറ്റിദ്ധരിച്ചു…. ‘ ‘സാറിന്റെ സ്ഥാനത്തു ആരാണെങ്കിലും ഇങ്ങനെയേ ചിന്തിക്കു… മറ്റൊരാളായിരുന്നെങ്കിൽ വിവാഹത്തിൽ നിന്നു തന്നെ പിന്മാറിയേനെ…. എന്റെ വാക്കുകളിലെ സത്യം സാറിനു തിരിച്ചറിയുവാനാകുമോ എന്നായിരുന്നു എന്റെ ഭയം….’ ‘അത് സത്യമായിരുന്നുവെന്നറിയാൻ തന്റെ കണ്ണിൽ നിന്നൊഴുകിയ കണ്ണ് നീര് മാത്രം മതിയായിരുന്നെടോ… ‘ അദ്ദേഹം എന്റെ കൈകളിൽ മുറുകെ പിടിച്ചു… ‘പിന്നേ…. എന്നെ സാറെന്നു വിളിക്കണ്ട കേട്ടോ…. താൻ എന്റെ സ്റ്റുഡന്റ് ഒന്നും അല്ലല്ലോ?
താൻ എന്നെ മഹിയെന്നോ മഹിയെട്ടാന്നോ വിളിച്ചാൽ മതി … അതാ കേൾക്കാൻ സുഖം…. ‘ ‘മ്മ് ‘ ഞാൻ തല കുലുക്കി സമ്മതിച്ചു…. ‘എനിക്കിപ്പോഴും പേടിയാണവനെ.. അരുണിനെ… അവൻ ഉപദ്രവിക്കും… ‘ ‘ആരെ?? ‘ ‘അത്.. അത്.. ‘ മഹിയേട്ടൻ ഉറക്കെ ചിരിച്ചു… എനിക്ക് ചെറിയ ചമ്മൽ തോന്നി.. ‘തനിക്ക് എന്നെ പേടിയാണോ? തനിക്ക് ആവശ്യത്തിനുള്ള ഫ്രീഡം ഉണ്ടാകും. തന്റെ ഇഷ്ടങ്ങളിൽ ഞാൻ ഒരിക്കലും കൈ കടത്തില്ല.. പക്ഷെ എല്ലാത്തിനും ഒരു നിയന്ത്രണ രേഖ ഉണ്ടാകണം.. നമുക്കിടയിൽ പേടി വേണ്ട.. സ്നേഹം മാത്രം മതി കേട്ടോ? പിന്നെ അരുണിന്റെ കാര്യം… അവൻ എന്നെ ഒന്നും ചെയ്യില്ല..
അവനെ എങ്ങനെ ഒതുക്കാം എന്ന് ഞാൻ നോക്കട്ടെ…. ‘ പിന്നീട് മഹിയെട്ടൻ ഒത്തിരി സംസാരിച്ചു… അദ്ദേഹത്തിന്റെ കുട്ടിക്കാലം, സ്കൂൾ ജീവിതം, കോളേജ് ജീവിതം, ഇഷ്ടങ്ങൾ, ഇഷ്ടക്കേടുകൾ അങ്ങനെ അങ്ങനെ…. ഒത്തിരി….. ഞാൻ വെറും കേൾവിക്കാരിയായി…. നല്ല രസമായിരുന്നു മഹിയെട്ടന്റെ സംസാരം കേൾക്കാൻ…ആളൊരു സംസാരപ്രിയനാണെന്നു എനിക്കപ്പോഴാണ് മനസിലായത്…. സംസാരിച്ചിരുന്നു സമയം പോയതറിഞ്ഞതേയില്ല…. മാഹിയെട്ടന്റെ കൈ പിടിച്ചു ഇങ്ങനെ ഇരിക്കുമ്പോൾ ജീവിതത്തിൽ അതുവരെ ഉണ്ടായ വിഷമങ്ങളെല്ലാം അലിഞ്ഞില്ലാതാകുന്നത് ഞാൻ അറിഞ്ഞു….
എന്റെ ജീവിതത്തിലെ വിഷമങ്ങൾക്കെല്ലാം അവസാനമായീന്നു തോന്നി… പൊരി വേനലിൽ ചെറു മഴയായി സന്തോഷം വിരുന്നു വരുന്നത് ഞാൻ അറിഞ്ഞു . പക്ഷെ അപ്പോഴും അപ്പുവും റോയ് സാറും എന്റെ മനസ്സിലെ തീരാ വേദനയായിരുന്നു…. അതെന്റെ കണ്ണുകളെ നനയിച്ചു… അവ നിറഞ്ഞൊഴുകി… കുറച്ചു നിമിഷങ്ങൾ അദ്ദേഹത്തിന്റെ സംസാരത്തിൽ നിന്നും എന്റെ ശ്രദ്ധ മാറി.. അതാവും അദ്ദേഹം എന്നെ നോക്കിയത്… ‘എന്താടോ ഇത്? താൻ കരയുകയാണോ? ‘ ഏയ്… ഞാൻ കണ്ണ് തുടച്ചു ചിരിക്കാൻ ശ്രമിച്ചു.. ‘ അപ്പുവിനെക്കുറിച്ച് ഓർത്തു അല്ലേ? ‘ ‘മ്മ് ‘ മഹിയേട്ടൻ എന്നെ ചേർത്തു പിടിച്ചു…. ‘എവിടെ നിന്നു തുടങ്ങണംന്നു അറിയില്ല… എങ്ങനെ അന്വേഷിക്കണമെന്ന് അറിയില്ല…
എങ്കിലും ഞാൻ തനിക്ക് വാക്ക് തരുന്നു… അവൻ എവിടെയാണെങ്കിലും ഞാൻ അവനെ കണ്ടെത്തി തന്റെ മുന്നിൽ കൊണ്ട് നിർത്തി തരും. … താൻ സമാധാനിക്ക്.. …. ‘ മാഹിയെട്ടന്റെ ആ വാക്കുകൾ എനിക്ക് ഒത്തിരി ആശ്വാസവും ധൈര്യവും തന്നു. പക്ഷെ അപ്പോഴും അപ്പുവിന്റെയും റോയ് സാറിന്റെയും ചിന്തകളായിരുന്നു മനസ്സ് നിറയെ…. വീണ്ടും എന്തൊക്കെയോ സംസാരിച്ചു 8 മണി വരെ അവിടെ ഇരുന്നു… ‘മഹിയെട്ടാ… നമുക്ക് പോകണ്ടേ? സമയം 8 ആയി’ ആള് ചിരിച്ചു… ‘ഞാൻ ഇങ്ങനാ… സംസാരം തുടങ്ങിയാൽ നിർത്തുകയേ ഇല്ല… താൻ ഇനി എന്തൊക്കെ മനസിലാക്കാൻ കിടക്കുന്നു?’
അദ്ദേഹം ചിരിച്ചു കൊണ്ട് എഴുന്നേറ്റു… പുറത്തു നിന്നു ഭക്ഷണവും കഴിഞ്ഞാണ് ഞങ്ങൾ വീട്ടിലേയ്ക്ക് പോയത്… ******* പിറ്റേന്ന് രാവിലെ സിറ്റ്ഔട്ടിൽ നിന്നും പത്രവുമെടുത്ത് ഞാൻ അകത്തേക്ക് പോയി… പതിവ് പോലെ തലക്കെട്ടുകൾ ഓരോന്നായി നോക്കിക്കൊണ്ട്… ഉള്ളിലെ പേജിലെ ഒരു വാർത്ത എന്റെ കണ്ണിൽ ഉടക്കി… അതെന്നെ ഞെട്ടിച്ചു… ഉറപ്പിക്കാൻ എന്നോണം ഞാൻ വീണ്ടും വീണ്ടും ആ വാർത്ത വായിച്ചു . ഒരു നിമിഷം അങ്ങനെ നിന്ന ശേഷം ഞാൻ പത്രവുമായി മുകളിലേക്കോടി… മാഹിയെട്ടന്റെ അടുത്തേയ്ക്ക്….
തുടരും….