Friday, November 22, 2024
Novel

അനാഥ : ഭാഗം 5

എഴുത്തുകാരി: നീലിമ

‘ആരാണ് ഫാദർ??? എന്തിനാണ്?? എന്തിന് വേണ്ടി??? ‘ എല്ലാത്തിന്റെയും ഉത്തരം എനിക്കറിയാമായിരുന്നിട്ടും ഞാൻ വെറുതെ ഫാദറിനോട്‌ ചോദിച്ചു കൊണ്ടിരുന്നു. ഒന്നിന്റെയും ഉത്തരം അദ്ദേഹത്തിന്റെ പക്കൽ ഉണ്ടായിരുന്നില്ല. എല്ലാം ഫാദറിനോട്‌ തുറന്നു പറയാൻ ഞാൻ തീരുമാനിച്ചു. ഇനിയും വൈകിക്കൂടാ… അത് കൂടുതൽ ആപത്തുണ്ടാക്കും…. കുറച്ചു നേരം അങ്ങനെ ഇരുന്നു കരഞ്ഞപ്പോൾ ആശ്വാസം കിട്ടി… സംസാരിക്കാനുള്ള ശക്തി കിട്ടിയത് അപ്പോഴാണ്.. ഫാദർ എന്തൊക്കെയോ പറഞ്ഞ് എന്നെ ആശ്വസിപ്പിച്ചു കൊണ്ടിരുന്നു. ഫാദറിനോട് എല്ലാം തുറന്നു പറയാൻ തന്നെ ഞാൻ തീരുമാനിച്ചു.

ഞാൻ അരുണിനെ കണ്ടത് മുതലുള്ള കാര്യങ്ങളെല്ലാം ഫാദറിനോട് പറഞ്ഞു. തലേന്ന് റെജിയെ കണ്ടത് ഉൾപ്പെടെ എല്ലാം… എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ വല്ലാത്തൊരു മുഖഭാവം ആയിരുന്നു അദ്ദേഹത്തിന്…. ഭയവും ഞാൻ അതുവരെ ഒന്നും തുറന്നു പറഞ്ഞില്ല എന്നുള്ള പരിഭവവും എല്ലാം അതിനുള്ളിൽ ഉണ്ടായിരുന്നു… ‘മോൾക്ക് ഇതൊക്കെ നേരത്തെ പറയാമായിരുന്നു… ‘ അദ്ദേഹത്തിന്റെ വാക്കുകളിൽ അത് വരെ ഞാൻ ഒന്നും തുറന്നു പറയാത്തതിലുള്ള പരിഭവം വ്യക്‌തമായിരുന്നു.. ‘ശരിയാണ് ഫാദർ… പറയാൻ ഞാൻ പല വട്ടം ആലോചിച്ചതാണ്… പക്ഷെ കഴിഞ്ഞില്ല..

ഞാൻ ഇതൊക്കെ പറഞ്ഞാൽ, സഹതാപം കൊണ്ടാണ് ഞാൻ അദ്ദേഹത്തെ വിവാഹം ചെയ്യാൻ തീരുമാനിച്ചതെന്ന് നിങ്ങളെല്ലാവരും കരുതില്ലേ? അപ്പൊ നിങ്ങൾ ഈ വിവാഹത്തിന് സമ്മതിച്ചില്ലെങ്കിലോ എന്ന് കരുതി… എനിക്കറിയാം ഇതൊക്കെ അറിഞ്ഞാൽ അദ്ദേഹം ഒരിക്കലും ഈ വിവാഹത്തിന് സമ്മതിക്കില്ലെന്ന്… അദ്ദേഹത്തിന് സംഭവിച്ച അപകടത്തിന് കാരണം ഞാൻ ആയത് കൊണ്ടാണ് ഞാൻ വിവാഹത്തിന് തയ്യാറായത് എന്ന് അദ്ദേഹം കരുതും… അത് വേണ്ട എന്ന് തോന്നി… പക്ഷെ അദ്ദേഹത്തിന്റെ ജീവന് ആപത്തുണ്ടാകുമെന്നു തോന്നിയപ്പോ ഇനിയും മറച്ചു വയ്ക്കണ്ട എന്ന് തീരുമാനിച്ചതാണ്. എല്ലാം ഫാദർ നോട്‌ പറയാൻ തന്നെ തീരുമാനിച്ചതാണ്… പക്ഷെ, അതിന് മുൻപേ…

കരച്ചിൽ അടക്കി വീണ്ടും തുടർന്നു… ഞാൻ ചെയ്തത് വലിയ തെറ്റാണ് ഫാദർ… ആദ്യം അവനെ തല്ലിയത്… ഇതൊക്കെ മറച്ചു വച്ചത്… ഇപ്പൊ അദ്ദേഹത്തെ വീണ്ടും വിവാഹം ചെയ്യാൻ തീരുമാനിച്ചത്… എല്ലാം… എല്ലാം തെറ്റായിരുന്നു… ഞാൻ വീണ്ടും അദ്ദേഹത്തെ വിവാഹം ചെയ്യാൻ തീരുമാനിച്ചതു കൊണ്ടല്ലേ അദ്ദേഹത്തിന് ഇപ്പൊ ഇങ്ങനെ ഒരാപത്ത് വന്നത്? ഇല്ലെങ്കിൽ അദ്ദേഹത്തിന്റെ ജീവനെങ്കിലും ആപത്തു ഉണ്ടാവില്ലായിരുന്നു… എന്നെങ്കിലും അദ്ദേഹത്തിന് സുഖമാവുകയും ചെയ്തേനെ… ഇതിപ്പോൾ…. അദ്ദേഹത്തിന്റെ ജീവന് എന്തെങ്കിലും ആപത്തുണ്ടാവുമൊന്നു എനിക്ക് ഭയമുണ്ട് ഫാദർ…. ‘ ‘മോള് പേടിക്കാതിരിക്കു.. അവനു ഒന്നും സംഭവിക്കില്ല….

പിന്നെ ഇതെല്ലാം മോള് കാരണമെന്നുള്ള ചിന്തയൊന്നും വേണ്ട…അരുണിനെ തല്ലിയതിൽ ഒരു തെറ്റും ഇല്ല.. അവനൊക്കെ തല്ലു തന്നെയാ കൊടുക്കേണ്ടത്… പിന്നെ റെജി.. അവന്റെ കാര്യത്തിൽ ഒരു തീരുമാനമെടുക്കണം… നമുക്ക് നോക്കാം എന്താ വേണ്ടതെന്നു… ഞാൻ ഒന്നാലോചിക്കട്ടെ… മോള് ഇപ്പൊ പൊയ്ക്കോ… സമാധാനമായിട്ടിരിക്കു… എല്ലാം ശെരിയാകും… ‘ ഫാദർ അങ്ങനെ പറഞ്ഞു എങ്കിലും എന്റെ മനസിന്‌ ഒരു സമാധാനവും ഉണ്ടായില്ല… എന്റെ ചിന്ത മുഴുവൻ റോയി സാറിനെക്കുറിച്ചായിരുന്നു. സൗഭാഗ്യങ്ങൾക്ക് നടുവിൽ ജനിച്ചു വളർന്ന മനുഷ്യൻ.. ഇന്ന് എവിടെയാണെന്ന് പോലും അറിയാതെ…. ഞാൻ അന്ന് അരുണിനെ തല്ലിയതാണ്‌ എല്ലാത്തിന്റെയും തുടക്കം…

ഒരു നിമിഷം എനിക്ക് സ്വയം നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നു എങ്കിൽ….. ആത്മ നിയന്ത്രണം പല പ്രശ്നങ്ങളും ഒഴിവാക്കാൻ സഹായിക്കും എന്ന് ഫാദർ പറയുന്നത് എത്ര ശരിയാണ്… പെട്ടെന്ന് തോന്നുന്ന ദേഷ്യത്തിന് പുറത്ത് ചെയ്തു പോകുന്ന പലതിനും ജീവിതത്തിൽ കൊടുക്കേണ്ടി വരുന്ന വില.. അത് വളരെ വലുതായിരിക്കും… പലപ്പോഴും അത് നമുക്ക് വേണ്ടപ്പെട്ടവരെയും ദുഖത്തിലാഴ്ത്തും…. റോയി സാറിനു എന്തെങ്കിലും ആപത്ത് സംഭവിച്ചിട്ടുണ്ടെങ്കിൽ ഇനിയുള്ള ജീവിതത്തിൽ എനിക്ക് സമാധാനമായി ഒന്നുറങ്ങാൻ പോലും കഴിയില്ല… ഓരോന്നാലോചിച്ച അന്ന് മുഴുവൻ മുറിയിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയായിരുന്നു..

ഒരു ഭ്രാന്തിയെപ്പോലെ…. പിറ്റേന്ന് ഫാദർ എന്നെ വിളിപ്പിച്ചു.. റോയി സാറിനെ കുറിച്ച് എന്തെങ്കിലും വിവരം കിട്ടിയിട്ടുണ്ടാകണേ.. അദ്ദേഹത്തിന് ആപത്തൊന്നും ഉണ്ടാകരുതേ എന്ന് മനസ്സുരുകി പ്രാർത്ഥിച്ചിട്ടാണ് ഞാൻ അങ്ങോട്ടേയ്ക്ക് പോയത്. ഫാദർ എന്നെയും കാത്തിരിക്കുകയായിരുന്നു. ‘ഫാദർ സാറിനെക്കുറിച്ച് എന്തെങ്കിലും വിവരം?? ‘ ‘ഒന്നുമില്ല മോളെ. പോലീസ് അന്വേഷിക്കുന്നുണ്ട്. റെജിയെ ഇവിടെ നിന്നും മാറ്റാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.. ഇത്രയും ക്രിമിനൽ മൈൻഡ് ഉള്ള ഒരാളെ മറ്റുള്ള അന്തേവാസികളുടെ കൂടെ താമസിപ്പിക്കുന്നത് ബുദ്ധിയല്ല.

ഞാൻ മോളെ വിളിപ്പിച്ചത് മറ്റൊരു കാര്യം പറയാനാണ്. അരുൺ മോഹനും അച്ഛൻ മോഹന ചന്ദ്രനും നമ്മൾ കരുതിയ പോലെ അത്ര നിസാരക്കാരല്ല. മോഹന ചന്ദ്രൻ വലിയ ബിസ്സിനെസ്സ് മാഗ്നെറ്റ് ആണ്. അയാൾക്ക് സ്വാധീനമില്ലാത്ത മേഖലകൾ ചുരുക്കം. പോലീസിൽ ഒക്കെ നല്ല പിടിപാടാണെന്നാണ് അറിയാൻ കഴിഞ്ഞത്. റോയിയുടെ മിസ്സിംഗ്‌ കേസ് അത്ര സ്മൂത്ത്‌ ആയി പോകുമെന്ന് എനിക്ക് തോന്നുന്നില്ല. അന്വേഷണത്തിൽ അവൻ എങ്ങനെയും വെള്ളം ചേർക്കും. അത്രയ്ക്ക് ഹോൾഡ് ആണ് അവന്റെ അച്ഛന്. എസ് ഐ യും സി ഐ യും അസിസ്റ്റന്റ് കമ്മിഷണറുമൊക്കെയായി എനിക്ക് ചില സുഹൃത്തുക്കൾ പോലീസിൽ ഉണ്ട്.

അവരിലൂടെ അറിഞ്ഞതാ ഇതൊക്കെ ‘ ‘ഫാദർ.. അപ്പൊ അദ്ദേഹം??? നമ്മൾ എന്ത് ചെയ്യും ഫാദർ?? ഞാൻ കാരണം ആ നല്ല മനുഷ്യന് ഇങ്ങനൊരവസ്ഥ വന്നല്ലോ? എനിക്ക് ഉറങ്ങാൻ പോലും കഴിയുന്നില്ല ഫാദർ… ‘ ‘നമുക്കവരെ ഒന്നും ചെയ്യാനാവില്ല മോളെ.. നമ്മൾ ഉദ്ദേശിക്കുന്നതിനേക്കാൾ ഒരുപാട് മുകളിലാണവർ. ഒപ്പം വേറൊരു പ്രശ്നവും ഉണ്ട്. ‘ അത്‌ എന്താണെന്നറിയാൻ ഞാൻ ആകാംക്ഷയോടെ ഫാദറിനെ നോക്കി. ‘മോളോട് ഞാൻ അന്ന് പറഞ്ഞില്ലേ? ഓർഫനേജിൽ ചില പ്രശ്നങ്ങൾ ഉണ്ടെന്ന്‌… ഇപ്പൊ അത്‌ കുറച്ചു രൂക്ഷമാണ്. ഓർഫനേജിന്റെ രജിസ്ട്രേഷനുമായി ബന്ധപ്പെട്ടു ചില പ്രശ്നങ്ങൾ.’

ഫാദർ അതിനെക്കുറിച്ച് വിശദമായി പറഞ്ഞു. പക്ഷെ എനിക്കധികമൊന്നും മനസിലായില്ല. ‘ഇത്രനാളും ഇല്ലാതിരുന്ന കുഴപ്പങ്ങൾ പെട്ടെന്ന് എങ്ങനെ ഉണ്ടായി എന്നായിരുന്നു ഞങ്ങൾക്ക് അത്ഭുതം.. രജിസ്ട്രേഷൻ ഒക്കെ വളരെ കറക്റ്റ് ആയിരുന്നു. 15 വർഷായി നടത്തുന്ന സ്ഥാപനമല്ലേ? അല്ലെങ്കിലും ഓർഫനേജ് രജിസ്ട്രേഷനുമായി റിലേറ്റഡ് ആയി പ്രശ്നങ്ങൾ ഉണ്ടാകേണ്ട കാര്യമില്ല… ഇതിപ്പോ ഓർഫനേജിന്റെ മറവിൽ നമ്മൾ മറ്റെന്തൊക്കെയോ ഇടപാടുകൾ നടത്തുന്നു എന്നാണ് പറയുന്നത്.. ഇപ്പൊ ഫണ്ടിങ്ങുമായി ബന്ധപ്പെട്ടും ചില ഇഷ്യൂസ് ഉണ്ട് … വർഷങ്ങളായി ഫണ്ട്‌ ചെയ്‌തിരുന്ന ചില സ്ഥാപനങ്ങൾ പിന്മാറുന്നുണ്ട് …

ഇപ്പൊ തന്നെ ഇവിടെ പല പ്രായത്തിലുള്ള 200 ഇൽ അധികം ആൾക്കാരുണ്ട്… ഫണ്ടിംഗ് കൂടി ഇല്ലാതായാൽ അത്‌ വല്ലാത്ത ബുദ്ധിമുട്ടാവും. പുതിയ ഫണ്ടേഴ്സിനെ കിട്ടാൻ കുറേ സമയം എടുക്കും….. അത് വരെ…??? എല്ലാം കൂടി പിടിച്ചു നിൽക്കാൻ ആകുമെന്ന് തോന്നുന്നില്ല… എല്ലാം അവന്റെ കള്ളക്കളികൾ ആണ് . ‘ എനിക്ക് എന്തു പറയണമെന്ന് അറിയില്ലായിരുന്നു… ആപത്തിൽ നിന്നും എന്നെ രക്ഷിച്ചയാൾ.. ആരുമില്ലാതായപ്പോൾ എനിക്ക് അഭയം തന്ന മനുഷ്യൻ.. ഇതുവരെയുള്ള ജീവിതത്തിൽ എനിക്ക് താങ്ങായി നിന്ന ആൾ… എന്റെ ദൈവം !!! അദ്ദേഹത്തിന് ഇന്ന് ഞാൻ കാരണം ഉണ്ടാകുന്ന ബുദ്ധിമുട്ടോർത്ത് എനിക്ക് സങ്കടം സഹിക്കാനായില്ല.

‘ഇവിടുത്തെ അന്തേവാസികളെ മറ്റൊരിടത്തേക്ക് മാറ്റുന്നതിനെക്കുറിച്ചാണ് ഞങ്ങൾ ഇപ്പോൾ ആലോചിക്കുന്നത്. ഞാൻ ഒറ്റയ്ക്കല്ല ഈ സ്ഥാപനം നടത്തുന്നതെന്ന് മോൾക്കറിയാമല്ലോ? മാനേജ്മെന്റിലെ പലർക്കും ഇത് മുന്നോട്ട് കൊണ്ട് പോകാൻ മുൻപേ താല്പര്യം ഇല്ലായിരുന്നു. ഇങ്ങനെ ഒരു സ്ഥാപനം നടത്തുന്നത് കൊണ്ട് മാനേജ്മെന്റിന് പ്രത്ത്യേകിച്ചു ലാഭം ഒന്നും ഇല്ലല്ലോ? പിന്നെ ഫണ്ടേഴ്സ് ഉണ്ടായിരുന്നത് കൊണ്ട് എതിർപ്പുകളൊക്കെ മുറുമുറുപ്പുകൾ മാത്രമായി ഒതുങ്ങി… ഇപ്പോൾ ഈ പ്രശ്നങ്ങൾ കൂടി ആയപ്പോൾ….. ഓർഫനേജിന്റെ പ്രവർത്തനം അവസാനിപ്പിക്കാനാണ് തീരുമാനം.

ഇവിടെ ഉള്ളവരെയൊക്കെ സുരക്ഷിതമായ എങ്ങോട്ടെങ്കിലും മാറ്റണം.. … പക്ഷെ മോളെ ഞാൻ അവിടേയ്‌ക്കൊന്നും അയക്കില്ല… നിന്റെ സുരക്ഷിതത്വം, അതെനിക്ക് പ്രധാനമാണ്.. നിനക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ലെന്ന് ഞാൻ അപ്പൂന് ഉറപ്പ് കൊടുത്തതാണ്… എനിക്കത് പാലിക്കണം… അവൻ ഇപ്പൊ എവിടെയാണെന്ന് അറിയില്ലെങ്കിലും…. ‘ എന്റെ കണ്ണുകൾ പെയ്തു കൊണ്ടേയിരുന്നു… ഞാൻ കാരണം.. എല്ലാം ഞാൻ കാരണം…. ആ ചിന്ത എന്നെ തെല്ലൊന്നുമല്ല വേദനിപ്പിച്ചത്… ‘മോൾക്ക് സുഭദ്ര ടീച്ചറിനെ അറിയില്ലേ? ‘ ‘അറിയാം ഫാദർ. ‘ സുഭദ്ര ടീച്ചർ ഫാദറിന്റെ സുഹൃത്താണ്.

സ്കൂൾ ടീച്ചർ ആയിരുന്നു. ഒരു മകനാണുള്ളത്.. ജന്മനാ മാനസിക വൈകല്യം ഉണ്ടായിരുന്നു. മകൻ കുഞ്ഞായിരുന്നപ്പോൾ തന്നെ ഭർത്താവ് മരിച്ചു. പിന്നെ കുറച്ച് നാൾ കൂടിയേ ടീച്ചർ സ്കൂളിൽ ജോലി നോക്കിയുള്ളൂ. സ്കൂളിലെ ജോലി റിസൈൻ ചെയ്തു എഴുത്തിലേക്കും രാഷ്ട്രീയ പ്രവർത്തനത്തിലേയ്ക്കും തിരിഞ്ഞു.. ഇന്നവർ അറിയപ്പെടുന്ന ഒരെഴുത്തുകാരിയും രാഷ്ട്രീയ പ്രവർത്തകയുമാണ്. അവർ ഒരു വൃദ്ധസദനം നടത്തുന്നുണ്ടെന്ന് ഫാദർ പറയുന്നത് കേട്ടിട്ടുണ്ട്. ഒരിക്കൽ വയോധിക ദിനത്തിൽ ഓർഫനേജ് സംഘടിപ്പിച്ച ഒരു പരിപാടിയിൽ പ്രധാന ഗസ്റ്റ് ആയിരുന്നു അവർ. അങ്ങനെയാണ് ഞാൻ അവരെ പരിചയപ്പെടുന്നത്.

എല്ലാവരും അവരെ ടീച്ചറമ്മ എന്നാണ് വിളിക്കുന്നത്. എന്നോടും അങ്ങനെ തന്നെ വിളിക്കാൻ പറഞ്ഞു. കുറച്ച് നേരമേ സംസാരിച്ചുള്ളു എങ്കിലും വല്ലാത്തൊരടുപ്പം തോന്നി അവരോട്… ‘സുഭദ്ര ഒരു ഓൾഡേജ് ഹോം നടത്തുന്നത് മോൾക്ക് അറിയാമല്ലോ? ആശ്രയം എന്ന പേരിൽ… മോൾക്ക് അവരോടൊപ്പം താമസിക്കാം.. അതൊരു ഓൾഡേജ് ഹോം ആയതു കൊണ്ട് മോളെ അങ്ങോട്ട് മാറ്റും എന്ന് അരുണിനും സംശയം ഉണ്ടാവില്ല. ബാക്കിയൊക്ക സുഭദ്ര നോക്കിക്കോളും. അവരൊരു രാഷ്ട്രീയ പ്രവർത്തക കൂടിയാണല്ലോ? മാനേജ്മെന്റിലെ എന്റെ സുഹൃത്തുക്കളോട് ഞാൻ സംസാരിച്ചിട്ടുണ്ട്..

എല്ലാം സ്മൂത്ത്‌ ആയി നടക്കാനുള്ള കാര്യങ്ങളൊക്കെ അവർ രഹസ്യമായി ചെയ്തു തരും… എല്ലാം രഹസ്യമായിരിക്കും… ഒന്നും ആരും അറിയില്ല… ‘ എന്ത് പറയണമെന്ന് എനിക്കറിയില്ലായിരുന്നു. എന്നെ സേഫ് ആക്കാൻ വേണ്ടി അദ്ദേഹം ഒത്തിരി കഷ്ടപ്പെടുന്നുണ്ടെന്നു എനിക്ക് മനസിലായി. മനസ്സ് കൊണ്ട് അദ്ദേഹത്തിന് ഒരായിരം നന്ദി പറഞ്ഞു. ‘ ശ്രേയയെക്കൂടി മോളോടൊപ്പം വിടുന്നതിനെക്കുറിച്ച് ഞാൻ ആലോചിക്കുന്നുണ്ട്. മോൾക്ക് അത്‌ ഒരാശ്വാസം ആകുമല്ലോ? ‘ ഓർഫനേജിലെ എന്റെ ഏറ്റവും അടുത്ത കൂട്ടുകാരിയാണ് ശ്രേയ. ഇപ്പൊ ബി എസ് സി നഴ്സിംഗിനു ജോയിൻ ചെയ്തു.

അവൾ കൂടി ഉണ്ടെന്നറിഞ്ഞപ്പോൾ എനിക്ക് വല്ലാത്ത ആശ്വാസം തോന്നി… അപ്പോഴും റോയ് സാറിനെക്കുറിച്ചോർത്തായിരുന്നു എനിക്ക് വിഷമം. പിന്നീടുള്ള രാത്രികളെല്ലാം ഉറക്കമില്ലാത്തവയായിരുന്നു… ജീവിതത്തിൽ ഉണ്ടായിക്കഴിഞ്ഞതും ഉണ്ടായിക്കൊണ്ടിരിക്കുന്നതുമായ പ്രശ്നങ്ങൾ മാത്രം ഓർത്തു കരഞ്ഞു കരഞ്ഞു പുലരാറാവുമ്പോഴാണ് ഉറങ്ങിപ്പോകാറ്…. കുറച്ച് ദിവസങ്ങൾ കൂടി കഴിഞ്ഞപ്പേൾ ഫാദർ എന്നോട് ടീച്ചറമ്മയോടൊപ്പം പോകാനായി തയ്യാറായിക്കോളാൻ പറഞ്ഞു. പക്ഷെ ശ്രേയ എന്റെ ഒപ്പം ഉണ്ടാകില്ല. ഞാൻ ഒറ്റയ്ക്കാണ്. ശ്രേയക്ക് ഒരു ചിറ്റപ്പൻ ഉണ്ട്.

അയാളുടെ ഉപദ്രവം കാരണം അവളുടെ ചിറ്റമ്മയാണ് അവളെ ഫാദറിനു അടുത്തെത്തിച്ചത്. അവർ ഇപ്പോഴും ഇടയ്ക്ക് അവളെ കാണാൻ വരാറുണ്ട്. അത് കൊണ്ട് തന്നെ അവളെ മാറ്റുന്ന വിവരം അവരെ അറിയിക്കേണ്ടി വരും.. അത്‌ കുറച്ച് റിസ്ക് ആണല്ലോ? അവരിൽ നിന്നും അത്‌ മറ്റാരെങ്കിലും അറിഞ്ഞാലോ എന്ന് ഫാദറിനു ഭയം. അത് കൊണ്ട് ഞാൻ മാത്രമാണ് പോകുന്നത്. പിറ്റേന്ന് എല്ലാ അന്തേവാസികളെയും ഓർഫനേജിൽ നിന്നും മാറ്റി. എന്നെ ടീച്ചറമ്മയുടെ അടുത്താക്കി… മറ്റുള്ളവർ എങ്ങോട്ടാണ് പോയതെന്ന് എനിക്ക് ഒരറിവും ഉണ്ടായിരുന്നില്ല. റെജിക്കെതിരെ നടപടി ഉണ്ടാകും എന്ന് മണത്തറിഞ്ഞ അവൻ അവിടെ നിന്നും മുങ്ങി.

അരുണിന്റെ അടുത്തേയ്ക്കാവും പോയിട്ടുണ്ടാവുക. ടീച്ചറമ്മയ്ക്ക് എന്നെ ഒത്തിരിയിഷ്ടമായി. എന്റെ ജീവിതം അറിഞ്ഞപ്പോൾ വല്ലാത്ത വിഷമവും… അവർ എന്നെ അവരോടൊപ്പം അവരുടെ വീട്ടിൽ താമസിപ്പിച്ചു. വിശ്വസ്തരായ രണ്ട് ജോലിക്കാരെ ഒഴികെ മറ്റുള്ളവരെയെല്ലാം പറഞ്ഞു വിട്ടു. എന്നോട് അവരോടൊപ്പം താമസിക്കാൻ പറഞ്ഞു. ഫാദർ ഇടയ്ക്ക് എന്നെ കാണാൻ വരുമെന്ന് ഉറപ്പ് നല്കിയിരുന്നു. അരുണിനെക്കുറിച്ച് ഫാദർ പറഞ്ഞിട്ടുള്ളത് കൊണ്ടാവും ടീച്ചറമ്മ എനിക്ക് പ്രത്യേക പരിഗണന നൽകിയത്. ‘നിമ്മി മോള് വിഷമിക്കണ്ട.. ഇവിടെ മോള് സുരക്ഷിതയാണ്.

ഇവിടെ വന്ന് ആരും മോളെ ഒന്നും ചെയ്യില്ല. ‘ ടീച്ചറമ്മ എന്നെ ചേർത്തു പിടിച്ചു പറഞ്ഞു. എന്റെ കണ്ണുകൾ നിറഞ്ഞു വന്നു. എന്റെ അമ്മയും അച്ഛനും മാത്രമാണ് എന്നെ നിമ്മി എന്ന് വിളിച്ചിട്ടുള്ളത്.. അമ്മേടെ ഓർമ്മകൾ എന്നെ കൂടുതൽ വേദനിപ്പിച്ചു. ജീവിതത്തിൽ നഷ്ടങ്ങൾ മാത്രമേ എനിക്കുണ്ടായിട്ടുള്ളു… അമ്മ… അച്ഛൻ… അപ്പു… ഇപ്പൊ റോയ് സാറും ഫാദറും… എല്ലാം… എല്ലാപേരെയും എനിക്ക് നഷ്ടമായി…. മുജ്ജന്മ പാപം എന്നൊക്കെ പറയുന്നത് ശരിയായിരിക്കും… അല്ലെങ്കിൽ ഞാൻ എന്ത് പാപം ചെയ്തിട്ടാണ് സ്നേഹിക്കുന്നവരെല്ലാം എന്നെ വിട്ടു പോകുന്നത്? ഞാൻ എന്നും എല്ലാപേരുടെയും നന്മ മാത്രമേ ആഗ്രഹിച്ചിട്ടുള്ളൂ…..എന്നിട്ടും എന്റെ ജീവിതത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന ദുരിതങ്ങൾക്ക് അവസാനം ഉണ്ടാകുന്നില്ലല്ലോ? മനസ്സിനെ നിയന്ത്രിക്കാനായില്ല…

കണ്ണുകൾ അനുസരയില്ലാതെ ഒഴുകിക്കൊണ്ടിരുന്നു….. ടീച്ചറമ്മ എന്റെ നെറുകയിൽ ചുംബിച്ചു… എന്നെ കൂടുതൽ ചേർത്തു നിർത്തി… ‘നിന്നെ പോലെ ഒരു മോള് വേണമെന്ന് ഞാൻ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്… ഈശ്വരൻ എനിക്ക് തന്നത് ഒരു മകനെയാണ്.. അദ്ദേഹത്തിന് ആണ്കുട്ടികളോടായിരുന്നു ഇഷ്ടം… അദ്ദേഹത്തിന്റെ പ്രാർത്ഥന ദൈവം കേട്ടിട്ടുണ്ടാകും… പക്ഷെ അവൻ… …… ‘ പറഞ്ഞ് വന്നത് ടീച്ചറമ്മ പാതിവഴിയിൽ നിർത്തി. മകന്റെ അസുഖം അവരെ അത്രയധികം വിഷമിപ്പിക്കുന്നുണ്ടെന്നു എനിക്ക് മനസിലായി… ടീച്ചറിന്റെ മകനിപ്പോ 25 ൽ അധികം വയസുണ്ടാകും… ഇപ്പോഴും കൊച്ചു കുട്ടികളെപ്പോലെയാണ്. കുഞ്ഞുങ്ങളെപ്പോലെ വാശി പിടിച്ചു കരയുന്നത് കാണാം…

ആനന്ദ് എന്നാണ് പേര്.. പ്രായം കൊണ്ട് അനുജത്തിയാണെങ്കിലും അവനു ഞാൻ ചേച്ചിയാണ്.. ചിലപ്പോ ആന്റി എന്നും വിളിക്കും… കുറച്ച് ദിവസങ്ങൾ കൊണ്ട് തന്നെ ഞാൻ അവനു പ്രിയപ്പെട്ട കൂട്ടുകാരിയായി… അവനൊപ്പം കളിക്കാൻ എനിക്കും ഇഷ്ടമായിരുന്നു… ചിലപ്പോൾ പാവമാണ്.. എന്ത് പറഞ്ഞാലും കേൾക്കും.. ചിലപ്പോൾ പെട്ടെന്ന് ദേഷ്യപ്പെടും.. ദേഷ്യം വന്നാൽ ദേഹോപദ്രവവും ഉണ്ട്… എന്നാൽ എന്നെയവാൻ ഉപദ്രവിക്കാറേയില്ലായിരുന്നു… അവനെ കാണുമ്പോഴൊക്കെ എനിക്കെന്റെ അപ്പുനെയാണ്‌ ഓർമ വരുമായിരുന്നത്… … ടീച്ചറമ്മ ഇടയ്ക്കിടെ വിഷമത്തോടെ പറയും….

‘നിന്നെപോലൊരു പെൺകുട്ടിയെ ഞാനും ആഗ്രഹിച്ചിരുന്നു … എന്റെ മകളായി.. ഇവന് അനുജത്തിയായി…. എല്ലാപേരും ഇവനെ കളിയാക്കും…. ഇവൻ കുറുമ്പ് കാട്ടുമ്പോൾ എല്ലാം അറിയുന്ന ബന്ധുക്കൾ പോലും ദേഷ്യപ്പെടും.. ഇവനെ അകറ്റി നിർത്തും.. ഇവന് നല്ലൊരു കൂട്ട് കിട്ടിയിരുന്നെങ്കിൽ സ്വഭാവത്തിൽ കുറേ മാറ്റങ്ങൾ വന്നേനെ എന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ട്.. പക്ഷെ അതൊക്ക അറിയുന്ന ബന്ധുക്കളും മക്കളുമൊക്കെ ഇവനെ അകറ്റി നിർത്തിയിട്ടേയുള്ളു… അവന്റെ അച്ഛൻ മരിച്ചത് പോലും അവന്റെ ജാതകം ദോഷം കൊണ്ടാണെന്നാണ് അവര് പറയുന്നത്… അവന്റെ അമ്മയല്ലേ നിമ്മി മോളെ ഞാൻ?? ഇതൊക്കെ കേട്ടാൽ എനിക്കുണ്ടാകുന്ന വിഷമത്തെക്കുറിച്ച് പോലും അവരോർക്കാറില്ല.

ഞാൻ അവന്റെ അമ്മയാണെന്ന് പോലും അവനറിയില്ല… എന്നോടും ദേഷ്യപ്പെടാറുണ്ട്.. ഉപദ്രവിക്കാറുണ്ട്… മോൾക്കറിയുമോ? 15 വയസ്സ് വരെ അവൻ സാധാരണ കുട്ടികളെപ്പോലെ തന്നെയായിരുന്നു.. പഠിക്കാനും മിടുക്കൻ…. ടീച്ചേഴ്സിനൊക്കെ വലിയ ഇഷ്ടമായിരുന്നു. അന്നൊക്കെ ബന്ധുക്കൾക്കും അവനെ വലിയ കാര്യമായിരുന്നു. പക്ഷെ, വിധി അവിടെയും ക്രൂരത കാട്ടി…. ഒരാക്‌സിഡന്റിന്റെ രൂപത്തിൽ വിധി അവന്റെ അച്ഛന്റെ ജീവനും അവന്റെ ഓർമയും കവർന്നെടുത്തപ്പോൾ ഞങ്ങളുടെ സന്തോഷങ്ങളും അതോനോടപ്പം ഇല്ലാതാവുകയായിരുന്നു…

അന്നത്തെ ആക്‌സിഡന്റിൽ ഞങ്ങൾ മൂന്ന് പേരും ഇല്ലാതായിരുന്നെങ്കിൽ എന്ന് ഞാൻ പല വട്ടം ആലോചിച്ചിട്ടുണ്ട്. പിന്നീടുള്ള ഇവന്റെ അവസ്ഥ എന്നെ കുറച്ചൊന്നുമല്ല വിഷമിപ്പിച്ചത്. അവിടെ മുതലാണ് ഞാൻ ഒറ്റപെട്ടത്. അദ്ദേഹം ഉണ്ടായിരുന്നപ്പോൾ കൂടെ ഉണ്ടായിരുന്ന ബന്ധുക്കൾ പെട്ടെന്ന് തള്ളി പറഞ്ഞപ്പോൾ ഇരട്ടി വേദന ആയിരുന്നു… ഒരു പക്ഷെ ഞങ്ങൾ അവർക്ക് ഒരു ഭാരമായാലോ എന്ന് തോന്നിക്കാണും… മാനസിക സമ്മർദ്ദം കുറക്കാൻ വേണ്ടിയാണ് ഞാൻ എഴുത്തിലേക്ക് തിരിഞ്ഞത്. എഴുത്തും വായനയും പോലെ മനസ്സിന് സമാധാനം തരുന്ന മറ്റൊന്നും ഇല്ല എന്നെനിക്ക് തോന്നാറുണ്ട്.

പിന്നെ പതിയെ രാഷ്ട്രീയത്തിലേക്ക് കൂടി തിരിഞ്ഞപ്പോൾ പഴയതൊന്നും ആലോചിക്കാൻ സമയമില്ലാതായി… പക്ഷെ അനടുട്ടന് ഇന്നും എനിക്ക് ഒരു വേദന തന്നെയാണ്. ഞാൻ അവന്റെ അമ്മയാണെന്ന് പോലും അവനറിയില്ല. ഇതിനേക്കാൾ വലിയൊരു വേദന ഒരമ്മക്ക് വേറെ എന്താണ് മോളേ? എല്ലാരും വിളിക്കണ പോലെ അവനും എന്നെ ടീച്ചറമ്മ എന്നാ വിളിക്കണേ… ഞാൻ അവന്റെ അമ്മയാണെന്ന് മനസിലാക്കി അവൻ എന്നെ അമ്മേ എന്ന് വിളിക്കുന്നതൊന്ന് കേൾക്കണം… ആ ദിവസത്തിനായാണ് ഞാൻ കാത്തിരിക്കുന്നത്…. അത്രേ ഉള്ളു എന്റെ ജീവിതത്തിൽ ഇനി ആഗ്രഹം… ‘

ടീച്ചറമ്മയുടെ വാക്കുകൾ എന്റെ കണ്ണ് നനയിച്ചു… അടുത്തറിയുമ്പോഴാണ് പലരും ഉള്ളിൽ ഒരു സങ്കടക്കടൽ തന്നെ ഒളിപ്പിച്ചു വച്ചാണ് പുറമെ ചിരിക്കുന്നതെന്നു നമുക്ക് മനസ്സിലാകുന്നത്. അപ്പോൾ മാത്രമാണ് നമ്മൾ അനുഭവിക്കുന്ന വിഷമങ്ങൾ ഒന്നും അല്ല എന്ന് നമ്മൾ തിരിച്ചറിയുന്നതും… ടീച്ചറമ്മയുടെ ആഗ്രഹം പോലെ അവരുടെ മകന് ഞാൻ ഒരു കൂട്ടുകാരിയായി… സഹോദരിയായി.. ആ അമ്മക്ക് നല്ലൊരു മകളായി… എന്നെ ഓർഫനേജിലേയ്ക്ക് മാറ്റാമെന്നാണ് തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് അത് വേണ്ടെന്നു വച്ചു. ഞാൻ കൂടുതൽ സമയവും ടീച്ചറമ്മയോടൊപ്പം ആയിരുന്നു. അതുവരെ അനുഭവിക്കാത്ത അമ്മയുടെ സ്നേഹം എനിക്ക് ലഭിച്ചു. …

ഞാനും ടീരമ്മയും കൂടി അനന്ദുട്ടനെ മാറ്റിയെടുത്തു. പൂർണമായും ഭേദമായില്ലെങ്കിലും അവൻ സ്വന്തം പേരു പഠിച്ചു.. കുറച്ചൊക്കെ സ്വന്തം കാര്യങ്ങൾ നോക്കാൻ പഠിച്ചു. അനാവശ്യമായ വാശിയും ദേഷ്യവും ഉപേക്ഷിച്ചു… മറ്റുള്ളവരോട് സ്നേഹത്തോടെ പെരുമാറാൻ തുടങ്ങി… എല്ലാത്തിലും ഉപരി… ടീച്ചറമ്മയെ അവൻ അമ്മേ എന്ന് വിളിച്ചു.. അവർ അവന്റെ അമ്മയാണെന്ന തിരിച്ചറിവോടെ തന്നെ… പെട്ടെന്ന് ഇത്രയും ഇമ്പ്രൂവ്മെൻറ്സ് ഒന്നും ഡോക്ടർസ് പോലും അവനിൽ നിന്നും പ്രതീക്ഷിചിരുന്നില്ല… അവൻ ഉടനെ തന്നെ പഴയ ലൈഫിലേയ്ക്ക് തിരികെ വരുമെന്ന് ഡോക്ടർസ് ഉറപ്പ് പറഞ്ഞു.. ടീച്ചറമ്മയുടെ സന്തോഷത്തിന് അതിരുണ്ടായിരുന്നില്ല.

ടീച്ചറമ്മ എന്നെ ചേർത്ത് നിർത്തി പറഞ്ഞു… ‘നീ എനിക്ക് കളഞ്ഞു കിട്ടിയ മാണിക്യമാണെന്നു… ‘ ഞാൻ കാരണം ആദ്യമായി ഒരാൾക്ക് ഒരുപകാരമുണ്ടായി…. ഒത്തിരി സന്തോഷം തോന്നി എനിക്ക്…. കഴിഞ്ഞ 5 വർഷം… ടീച്ചറമ്മ എനിക്കെന്റെ അമ്മ തന്നെ ആയിരുന്നു… അത് വരെ എനിക്കന്യമായിരുന്ന അമ്മയുടെ സ്നേഹം ഞാൻ അനുഭവിച്ചറിഞ്ഞു…. സന്തോഷം മാത്രമായിരുന്നു അവിടെ നിന്നും എനിക്ക് ലഭിച്ചത്… ഇടയ്ക്ക് രണ്ട് തവണ ഫാദർ എന്നെ കാണാൻ വന്നിരുന്നു… ഇവിടെ ഇനി നിൽക്കാനാവില്ല എന്നും അമേരിക്കയിലേയ്ക്ക് പോകുന്നു എന്നും പറഞ്ഞു… പിന്നീട് അദ്ദേഹം എന്നെ കാണാൻ വന്നില്ല. അമേരിക്കയിലേയ്ക്ക് പോയി എന്ന് ടീച്ചറമ്മ പറഞ്ഞു.

അപ്പോഴും അപ്പുവും റോയി സാറും എനിക്ക് തീരാ വേദന തന്നെ ആയിരുന്നു.. ഞാൻ പറഞ്ഞു നിർത്തി… ഞാൻ എവിടെയാണെന്ന് പോലും ബോധം ഉണ്ടായത് അപ്പോഴാണ്… ഇത്ര നേരം ഞാൻ മറ്റൊരു ലോകത്തായിരുന്നു…കഴിഞ്ഞു പോയ പലതും ഞാൻ നേരിൽ കണ്ടു… അനുഭവിച്ചു…. പറഞ്ഞു നിർത്തുമ്പോഴും ഞാൻ കരഞ്ഞു കൊണ്ടിരിക്കുകയായിരുന്നു…. ഒരു കൈ എന്നെ ചേർത്തു പിടിച്ചിരിക്കുന്നത് അപ്പോഴാണ് ഞാൻ അറിയുന്നത്…. ആ കണ്ണുകൾ നിറഞ്ഞു തുളുമ്പി നിന്നിരുന്നു…. അദ്ദേഹം എന്റെ തൊട്ടടുത്തായുള്ള കസേരയിൽ ഇരിക്കുകയാണ്.. ഒരു കൈ കൊണ്ട് എന്നെ ചേർത്തു പിടിച്ചിട്ടുണ്ട്…

എപ്പോഴാണ് അദ്ദേഹം എന്റെ അരികിൽ വന്നിരുന്നത്??? ഞാൻ ഒന്നും അറിഞ്ഞതേയില്ല…. അദ്ദേഹം നിറഞ്ഞ മിഴികളോടെ എന്നെ ഒന്ന്‌ നോക്കി… എന്നോടൊന്നും മിണ്ടാതെ അവിടെ നിന്നും എഴുന്നേറ്റു… … അപ്പോഴാണ് ആ മുറിയിൽ മറ്റ് രണ്ട് പേരെ കൂടി കണ്ടത്. അച്ഛനും അമ്മയും. അവരുടെ കണ്ണുകളും നിറഞ്ഞിരുന്നു. ഇവരെപ്പോ വന്നു? ഞാൻ കണ്ടതേ ഇല്ലല്ലോ? ഞാൻ ഇത്ര നേരം ഏതു ലോകത്തായിരുന്നു? ‘മോളേ’ എന്ന് വിളിച്ചു അമ്മ എന്റെ അടുത്തേയ്ക്ക് ഓടി വന്നു. എന്നെ കെട്ടിപ്പിടിച്ചു… നെറുകയിൽ ചുംബിച്ചു. ‘എന്റെ പൊന്നു മോളേ… നീ ഈ പ്രായത്തിനിടയിൽ എന്തൊക്ക അനുഭവിച്ചു… ഒരിക്കൽ വിവാഹം മുടങ്ങിയതാണെന്നു മോള് പറഞ്ഞപ്പോഴും ഞാൻ കൂടുതലൊന്നും ചോദിച്ചില്ല…

മോള് പറയാൻ തയ്യാറായപ്പോഴും വിലക്കിയത് ഞാനാണ്. മോളെ വേദനിപ്പിക്കണ്ടാന്നു കരുതി… ഈ അമ്മയ്ക്ക് അത്രക്കിഷ്ടമായിരുന്നു എന്റെ മോളെ…. അതിനിടയ്ക്ക് ഇത്രയും സംഭവവികാസങ്ങൾ ഞാൻ പ്രതീക്ഷിച്ചില്ല. ഇനി മോൾക്ക് ഒരു വിഷമോം ഉണ്ടാവില്ല.. ഈ അമ്മ മോളെ പൊന്നു പോലെ നോക്കും…. ‘ ഞാൻ അവരെ രണ്ടു പേരെയും അദ്‌ഭുദത്തോടെ നോക്കുന്നത് കണ്ടാവും അച്ഛൻ പറഞ്ഞു തുടങ്ങി.. ‘ഞങ്ങൾ എങ്ങനെ ഇപ്പൊ ഇവിടെ എത്തിയെന്നാവും മോള് ആലോചിക്കുന്നത് അല്ലേ? ‘ ‘ശരിയാണ് മോള് മറ്റെവിടെയോ ആയിരുന്നല്ലോ? അതല്ലേ ഞങ്ങൾ വന്നത് പോലും അറിയാത്തത്.

ഞങ്ങൾ ഇവിടുന്നു ഒരു ഓട്ടോയിലാ ബസ് സ്റ്റോപ്പിലേയ്ക്ക് പോയത്. ബസ് സ്റ്റോപ്പിൽ കുറേ നേരം വെയിറ്റ് ചെയ്തു. അപ്പോഴാണറിയുന്നത് ഏതോ കണ്ടക്ടറിനെ തല്ലിയത് കൊണ്ട് ബസ് ഇന്ന് പണിമുടക്കാണെന്ന്… പിന്നെ ഇങ്ങു തിരികെ പൊന്നു. വന്നപ്പോ താഴെ നിങ്ങളെ കണ്ടില്ല. മുകളിൽ മോളുടെ കരച്ചിൽ കേട്ടു.. പേടിച്ചാ ഇങ്ങോട്ടേക്ക് വന്നത്.. ഞങ്ങൾ വന്നത് നിങ്ങൾ രണ്ട് പേരും അറിഞ്ഞില്ല… മോള് പറയുന്നത് കുറെയൊക്കെ ഞങ്ങളും കേട്ടു… മോള് വിഷമിക്കണ്ട… ഇനി മോള് ആരുമില്ലാത്തവളല്ല… മോൾക്ക് അമ്മയുണ്ട് ,അച്ഛനുണ്ട്…. പിന്നെ ഞങ്ങളുടെ മോൻ….അവൻ ഒരിക്കലും മോളെ വിഷമിപ്പിക്കില്ലന്നു ഞങ്ങൾക്ക് ഉറപ്പുണ്ട്…. ‘

ഞാൻ അദ്ദേഹത്തെ നോക്കി… ജനലഴിയിൽ പിടിച്ചു പുറത്തേയ്ക്ക് നോക്കി നിൽക്കുകയാണ്… അദ്ദേഹത്തിന്റെ മുഖഭാവം എന്താണെന്ന് വ്യക്തമായിരുന്നില്ല… എന്തോ ആലോചനയിൽ ആണെന്ന് തോന്നുന്നു… ഒന്നും മിണ്ടാതെ പുറത്തേക്കു നോക്കി നിൽക്കുകയാണ്. ‘മോള് വാ.. നേരം എത്രയായീന്നു അറിയുയോ? ‘ ഞാൻ സമയം നോക്കി … 8.30 ആയിരിക്കുന്നു… ഇത്ര നേരം ഞാൻ സംസാരിച്ചോ? എനിക്ക് വിശ്വസിക്കാൻ ആയില്ല. ‘വാ… കഴിക്കാൻ ഉണ്ടാക്കണ്ടേ? ‘ അമ്മ എന്റെ കയ്യിൽ പിടിച്ചു. ഞാൻ താഴേയ്ക്ക് പോകാൻ തുടങ്ങി. അപ്പോഴാണ് ടേബിളിൽ ഇരിക്കുന്ന ചായ കണ്ടത്. അത്‌ കുടിക്കാനാകാത്ത വിധം തണുത്ത് പോയിരുന്നു.

ഞാൻ അതും കയ്യിലെടുത്തു താഴേയ്ക്ക് പോയി. വീണ്ടും ചായ ഉണ്ടാക്കിക്കൊണ്ടിരുന്നപ്പോൾ അദ്ദേഹം താഴേയ്ക്ക് വന്നു. അമ്മയാണ് ചായ കൊടുത്തത്. അദ്ദേഹത്തിന്റെ കണ്ണുകൾ എന്തോ തിരയുന്നുണ്ടായിരുന്നു.. അത്‌ എന്നെയാണെന്നുള്ള തിരിച്ചറിവ് എനിക്ക് വല്ലാത്ത സന്തോഷം തന്നു. ഭക്ഷണം വിളമ്പിക്കഴിഞ്ഞപ്പോൾ അച്ഛൻ എന്നെപ്പിടിച്ച് അടുത്തുള്ള ചെയറിൽ ഇരുത്തി. ‘മോള് കൂടി കഴിക്ക് ‘ ‘വേണ്ടച്ഛാ ഞാൻ പിന്നെ ഇരുന്നോളാം… ‘ ‘നീ ഇരിക്കാത്തോണ്ടാ മോൾ ഇരിക്കാത്തെ, നീയും ഇരിക്ക്…’ എന്ന് പറഞ്ഞു ചെയർ നീക്കിയിട്ടു അമ്മയെ പിടിച്ചിരുത്തി.. പ്ലേറ്റ്സ് ഉം എടുത്ത് വയ്ച്ചു.. ‘ഇനി മോളും ഇരിക്ക്… ‘ ഞങ്ങൾ മൂന്ന് പേരും ഒരേ റൊയിൽ ആണിരിക്കുന്നത്.

അദ്ദേഹം എതിർ വശത്തും.. ആഹാരത്തിൽ തന്നെ ശ്രദ്ധിച്ചു കഴിക്കുകയാണ്… ഒന്നും നോക്കുന്നു പോലും ഇല്ല… എനിക്കെന്തൊ വിഷമം തോന്നി… ഞാൻ പറഞ്ഞതോന്നും അദ്ദേഹത്തിന് വിശ്വാസമായിട്ടുണ്ടാവില്ലേ എന്നൊരാധി മനസ്സിൽ ഉണ്ടായിരുന്നു. … ‘ബാക്കി പറ മോളെ… ‘ അച്ഛനാണ്… ‘ബാക്കിയോ? എന്ത് ബാക്കി.. അവൾ സമാധാനത്തിൽ കഴിക്കട്ടെ… ഏട്ടാ… ‘ അമ്മയ്ക്ക് ദേഷ്യം വന്നു. ‘കഴിച്ചോട്ടെ… പറഞ്ഞോണ്ട് കഴിക്കാല്ലോ…’ അച്ഛനും വിട്ടില്ല… ഞാൻ ചിരിച്ചു… അച്ഛൻ ശെരിക്കും കൊച്ചു കുട്ടികളെപ്പോലെയാണെന്നു എനിക്ക് തോന്നാറുണ്ട്… ഞാൻ വീണ്ടും പറഞ്ഞു തുടങ്ങി… ‘ഇനി അധികമൊന്ന് പറയാനില്ലച്ഛാ…

എല്ലാം നിങ്ങൾക്ക് അറിയുന്നത് തന്നെയാണ്. ഡിഗ്രി കഴിഞ്ഞു പിജിക്ക് ജോയിൻ ചെയ്യണമെന്ന് എനിക്ക് വല്ലാത്ത ആഗ്രഹം ഉണ്ടായിരുന്നു… നല്ല മാർക്ക്‌ ഉണ്ടായിരുന്നോണ്ട് അഡ്മിഷനും കിട്ടിയേനെ… പക്ഷെ ടീച്ചറമ്മയ്ക്ക് പേടിയായിരുന്നു…. അരുണിനെ.. അവൻ എന്നെ ഉപദ്രവിച്ചാലോന്ന്… അത് കൊണ്ട് എന്നെ കോളേജിൽ വിട്ടില്ല… പക്ഷെ കഴിഞ്ഞ 5 വർഷങ്ങൾ… എന്തു കൊണ്ടാണ് അവൻ എന്നെ തേടി വരാത്തതെന്നെനിക്കറിയില്ല… ഒരു പക്ഷെ അവനെന്നെ കണ്ടെത്താനായിട്ടുണ്ടാവില്ല… ഒരിക്കൽ ടീച്ചറമ്മയുടെ മകൻ ആനന്ദിനെയും കൊണ്ട് ഹോസ്പിറ്റലിൽ പോയപ്പോൾ അവിടെ വച്ചാണ് ഞാൻ അമ്മയെ കാണുന്നത്… ‘

അച്ഛൻ അന്തംവിട്ടു അമ്മയെ നോക്കി… ‘നീ എന്തിനാ ഇപ്പൊ ഹോസ്പിറ്റലിൽ പോയത്?? ‘ ‘എനിക്കല്ല ഏട്ടാ… നമ്മുടെ ജാനകിക്കാ… ഞാൻ അന്ന് പറഞ്ഞിട്ടല്ലേ പോയത്? ‘ ജാനകി ആന്റി ഞങ്ങളുടെ അയൽക്കാരിയാണ്. ‘ഓ… ശെരിയാ… ഞാൻ മറന്നു… ‘ ‘അവിടെ വച്ചാ ഞാൻ മോളെ കാണുന്നത്… ജാനകിക്ക് മരുന്ന് വാങ്ങാൻ ഹോസ്പിറ്റൽ ഫർമസിയിൽ പോയതാ ഞാൻ… നോക്കിയപ്പോ നീണ്ട ക്യു.. എനിക്കാണെങ്കിൽ കാലും വയ്യ… അപ്പൊ മോളാ എനിക്ക് മരുന്ന് വാങ്ങി തന്നത്… സംസാരിച്ചപ്പോഴാണ് ഇവൾ എന്റെ സ്റ്റുഡന്റസ് ആയിരുന്നു എന്ന് അറിയുന്നത്. മുഖം ഒക്കെ മാറിപ്പോയില്ലേ? അന്നേ ഇവൾ എന്റെ മനസ്സിൽ കയറിയതാ…

എന്റെ മാഹിടെ ഭാര്യയായി… ജാനകി ദേവരാജൻ മരിച്ച ശേഷം അയാളുടെ എല്ലാ പിറന്നാളിനും ഏതെങ്കിലും ഓർഫനേജിൽ ഒരു നേരത്തെ ആഹാരം നൽകുമായിരുന്നു. അതിനായാണ് അന്ന് അവൾ എന്നെയും കൂട്ടി ‘ആശ്രയ’ത്തിലേയ്ക്ക് പോയത് … അവിടെ ഞാൻ ഇവളെ വീണ്ടും കണ്ടു… ഇവളുടെ ടീച്ചറമ്മയുടെ കൂടെ… അന്ന് ഇവള് മകളാണെന്ന അവര് പറഞ്ഞത്… ഞാൻ മഹിക്ക് വേണ്ടി ഇവളെ ചോദിച്ചപ്പോഴാ ഇവൾ സ്വന്തം മകൾ അല്ലെന്നു പറയുന്നത്… അത്‌ എനിക്ക് ഒരു കുറവായിട്ടു തോന്നിയതേയില്ല… എനിക്കിവളെ മതിയായിരുന്നു… എന്റെ മകളായിട്ട്… ‘ ‘അപ്പൊ അരുണിനെ കുറിച്ച് ഇപ്പൊ ഒരു വിവരോം ഇല്ല അല്ലേ മോളെ? ‘

‘ഇല്ലച്ഛാ… പിന്നെ ഞാൻ അവനെ കണ്ടിട്ടില്ല… പക്ഷെ, അവൻ വീണ്ടും കളി തുടങ്ങിയിട്ടുണ്ട്… ഇത്തവണ മറഞ്ഞിരുന്നാണ്… അതാണെന്നെ കൂടുതൽ ഭയപെടുത്തുന്നത് … അവൻ നേരത്തെ മുന്നിൽ വന്നിരുന്നു എങ്കിൽ ഞാൻ ഈ വിവാഹത്തിന് പോലും സമ്മതിക്കില്ലായൊരുന്നു… ഭയമാണെനിക്കവനെ… അവൻ എന്തും ചെയ്യും ‘ ‘മോള് ഒന്നു കൊണ്ടും പേടിക്കണ്ട… അവൻ ആരെയും ഒന്നും ചെയ്യാൻ പോകുന്നില്ല… സമാധാനമായിരിക്ക്… ‘ ഞാൻ ദീർഘമായി ഒന്നും നിശ്വസിച്ചു… അദ്ദേഹവും എല്ലാം ശ്രദ്ധിച്ചിരിക്കുകയായിരുന്നു.

അച്ഛന്റെ പിറന്നാൾ ആയതിനാൽ ഞാനും അമ്മയും സദ്യ ഉണ്ടാക്കുന്ന തിരക്കിലായിരുന്നു ഉച്ച വരെ… ഉച്ച ആകാറായപ്പോഴാണ് മുത്തശ്ശി വന്നത്… അമ്മയുടെ അമ്മ.. അച്ഛന്റെ അമ്മ നേരത്തെ മരിച്ചു പോയിരുന്നു… അമ്മയുടെ സഹോദരനൊപ്പമാണ് വന്നത്… അവര് ത്രിശൂർ ആണ് താമസം.. എന്നെ കണ്ട ഉടനെ മുത്തശ്ശി എന്നെ കെട്ടിപ്പിടിച്ചു. ‘കല്യാണത്തിന് വരണമെന്ന് മുത്തശ്ശി കരുതിയതാ മോളെ… സുഖമില്ലാതായിപ്പോയി… ഇത്ര ദൂരം യാത്ര ചെയ്തു വരണ്ടേ? എന്റെ മോള് സുന്ദരിക്കുട്ടിയാണല്ലോ? ‘ മാമൻ എന്നെ അടിമുടി നോക്കി.. മുഖത്ത് ഒരു പുച്ഛ ഭാവം നിറഞ്ഞു… ഞാൻ വല്ലാതായി… ‘ഓ… സുന്ദരിക്കോത ആയോണ്ടാവും നീ കണ്ട ഉടനെ വീണു പോയത്..

അല്ലാതെ മാഹിക്കിപ്പോ ഒരു അനാഥ പെണ്ണിനെ കെട്ടേണ്ട കാര്യമൊന്നുമില്ലല്ലോ? ‘ അമ്മയോടായിട്ടാണ് മാമൻ പറഞ്ഞത്… പറഞ്ഞത് ശരിയാണെങ്കിലും അത്‌ കേട്ടപ്പോൾ എനിക്ക് വല്ലാത്ത വിഷമം തോന്നി… ‘എന്തായാലും നീ പുളിങ്കൊമ്പിൽ തന്നെയാടീ പെണ്ണെ പിടിച്ചത്…’ നിറഞ്ഞു വന്ന കണ്ണുകൾ ആരും കാണാതിരിക്കാൻ ഞാൻ ഒന്നും മിണ്ടാതെ മുഖം കുനിച്ചു നിന്നു. പക്ഷെ മുത്തശ്ശിയാണ്‌ മാമനുള്ള മറുപടി പറഞ്ഞത്… ‘എടാ… മുഖത്തിന്റെ സൗന്ദര്യം അല്ല സ്വഭാവത്തിലെ സൗന്ദര്യമാ അവള്‌ നോക്കിയത്… പിന്നെ ഒരുപാട് സ്വത്തും പണവുമായി വന്ന നിന്റെ മരുമകൾ ഇപ്പൊ എവിടെ? അവളുടെ വീട്ടിൽ അല്ലേ?

ബന്ധവും പിരിഞ്ഞു….അത് പിന്നെ ആ കൊച്ചിനെ കുറ്റം പറയാൻ ഒക്കില്ല… അത് കൊണ്ടു വന്ന മുഴുവൻ സ്വർണവും എടുത്തല്ലേ നിന്റെ മകളെ കെട്ടിച്ചയച്ചത്… എന്നിട്ടും അത്‌ ക്ഷമിച്ചു… ഒടുവില് പിന്നേം പിന്നേം ഓരോന്ന് പറഞ്ഞു കാശ് വാങ്ങിയപ്പോൾ… അതിന് നിന്റെ മോനും കൂട്ട് നിന്നപ്പോ നിവർത്തിയില്ലാതെയാ അത്‌ വീട്ടിലേയ്ക്ക് പോയത്. കയറി വരുന്ന പെൺപിള്ളേരെ സ്നേഹിക്കാൻ പഠിക്കണം. അത്‌ അവരുടെ സ്വർണത്തിന്റെ തൂക്കം നോക്കി ആകരുത്. അങ്ങനെ നോക്കിയാൽ ചുണയുള്ള പെൺപിള്ളേർ വീട്ടിൽ പോയിരിക്കും.

‘ ‘മഹിക്ക് ജീവിക്കാനുള്ള സ്വത്ത്‌ അവനുണ്ട്, അത്‌ അവന്റെ പെണ്ണ് കൊണ്ട് വന്നിട്ട് വേണ്ട അളിയാ… ‘ അച്ഛനാണ്….. ‘മോള് നല്ല ശ്രീത്വം ഉള്ള കുട്ടിയാ.. അവള് ഈ വീട്ടിനു നന്മയെ കൊണ്ട് വരൂ… ‘ ‘കുറച്ചു നാളു കഴിയുമ്പോഴും അമ്മ ഇതുതന്നെ പറയണം… ഞാൻ ഇറങ്ങുന്നു ‘ ഒരു ഗ്ലാസ്‌ വെള്ളം പോലും കുടിക്കാതെ മാമൻ പോയി. ഞാൻ കാരണമാണല്ലോ അവിടെ അങ്ങനെ ഒരു ചർച്ച ഉണ്ടായത് എന്ന് ചിന്ദിച്ചപ്പോൾ എനിക്ക് സങ്കടം വന്നു… കരയാതിരിക്കാൻ ഞാൻ നന്നേ പ്രയാസപ്പെട്ടു..

തുടരും….

അനാഥ : ഭാഗം 4