Friday, November 22, 2024
Novel

നിൻ നിഴലായ് : ഭാഗം 20

എഴുത്തുകാരി: ശ്രീകുട്ടി

ദിവസങ്ങൾ കടന്നുപോകുന്നതിനിടയിലെപ്പോഴോ പരിചയപ്പെട്ട ജാനകിയും സമീരയും വളരെ വേഗം അടുത്തിരുന്നു. അപർണയുടെ വിവാഹം കഴിഞ്ഞതോടെ വല്ലാത്ത ഒറ്റപ്പെടൽ തോന്നിയിരുന്ന ജാനകിക്ക് അവളുടെ സൗഹൃദം വളരെ ആശ്വാസമായിരുന്നു. ജാനകി കോളേജിൽ നിന്ന് വന്നുകഴിഞ്ഞാൽ മിക്കപ്പോഴും സമീരയും ശ്രീമംഗലത്ത് കാണുക പതിവായിരുന്നു. ” വയറ് വലുതായിത്തുടങ്ങിയല്ലോ ” ഒരുദിവസം ശ്രീമംഗലത്തിന്റെ പൂമുഖത്ത് ഭിത്തിയിൽ ചാരിയിരിക്കുകയായിരുന്ന ജാനകിയുടെ അല്പം വീർത്തുതുടങ്ങിയ കുഞ്ഞ് വയറിലൊന്ന് തലോടിക്കൊണ്ട് സമീര പറഞ്ഞു.

” എന്റെ വയറുനോക്കി കൊതിവെക്കാതെ എത്രേം വേഗമിതുപോലൊരു വിശേഷമറിയിക്കാൻ നോക്ക് ” കുസൃതിച്ചിരിയോടെ അവളുടെ മൂക്കിൻതുമ്പിൽ നുള്ളിക്കൊണ്ട് ജാനകി പറഞ്ഞു. പെട്ടന്ന് സമീരയുടെ മുഖത്തെ ചിരി മാഞ്ഞു. “‘ അതൊന്നും നടക്കുന്ന കാര്യമല്ലെഡീ … ” ജാനകിയെ നോക്കാതെ അത് പറയുമ്പോൾ വല്ലാത്തൊരു നിരാശയായിരുന്നു അവളുടെ മിഴികളിൽ. ” അതെന്താ മാളു നീയങ്ങനെ പറഞ്ഞത് ??? ” ഒന്നും മനസ്സിലാവാതെ ജാനകി ചോദിച്ചു. മറുപടിയായി അവളൊന്ന് പുഞ്ചിരിച്ചു. പിന്നെ പതിയെ പറഞ്ഞുതുടങ്ങി. ” ഞാനും ശ്രീയേട്ടനും മറ്റുള്ളവരുടെ മുന്നിൽ മാത്രമാണ് ജാനീ ഭാര്യാഭർത്താക്കന്മാർ.

ആ മുറിക്കുള്ളിൽ പണ്ടെങ്ങോ പരിചയമുണ്ടായിരുന്ന എന്നാലിപ്പോ പരസ്പരം സംസാരിക്കാൻ പോലും മടിക്കുന്ന രണ്ടുപേർ മാത്രമാണ് ഞങ്ങളിപ്പോ. ശരിയാണ് പഴയതിൽ നിന്നും ആളൊരുപാട് മാറിയിട്ടുണ്ട്. ഒരുപക്ഷേ ഞാനാഗ്രഹിച്ചതിലും കൂടുതൽ. ഇപ്പൊ നല്ലൊരു ഭർത്താവാണ് , മകനാണ് , ഏട്ടനാണ് എല്ലാം ശരിയാണ് പക്ഷേ എനിക്കെന്തോ ഇപ്പോഴും…. ” അവൾ വാക്കുകൾ പാതിയിൽ നിർത്തി. എല്ലാം കേട്ടിരിക്കുകയായിരുന്ന ജാനകി അപ്പോഴും ഒരത്ഭുതജീവിയെപ്പോലെ അവളെത്തന്നെ നോക്കിയിരിക്കുകയായിരുന്നു. ” നീയെന്താഡീ എന്നെയിങ്ങനെ നോക്കുന്നത് ??? ” ചിരിച്ചുകൊണ്ടുള്ള സമീരയുടെ ചോദ്യം കേട്ട് അവൾ വെറുതെയൊന്ന് ചിരിച്ചു.

” എത്ര നാളെന്ന് കരുതിയാ മാളു ഇങ്ങനെയൊക്കെ ??? നിനക്കുമൊരു ജീവിതം വേണ്ടേ ??? ” ” നീ വിഷമിക്കാതെഡീ… ഒരിക്കൽ തകർന്നടിഞ്ഞുപോയ ഞാൻ ഇത്രയൊക്കെ കരകയറിയില്ലേ. നിനക്കറിയോ ജാനീ…. ഇനിയൊരിക്കലും പഴയ പോലൊരു ജീവിതം എനിക്കുണ്ടാകുമെന്ന് സ്വപ്നത്തിൽ പോലും ഞാൻ വിചാരിച്ചിരുന്നില്ല. പുറത്തേക്കിറങ്ങുമ്പോഴുള്ള കളിയാക്കലുകളേയും കാമം നിറഞ്ഞ കണ്ണുകളെയും ഭയന്ന് മാസങ്ങളോളം ഒരു മുറിക്കുള്ളിൽ തന്നെ ഞാനൊതുങ്ങിക്കൂടിയിട്ടുണ്ട്. ആ അവസ്ഥയിൽ നിന്നും ഞാനിതുവരെയെത്തിയില്ലേ. അതുപോലൊരുദിവസം ഞാനാഗ്രഹിച്ചതുപോലൊരു ജീവിതവും എനിക്കുണ്ടാകും. “

ശാന്തമെങ്കിലും നിശ്ചയദാർഡ്യത്തോടെയവൾ പറഞ്ഞു. ” മാളൂ…… നീ പുള്ളിയെ സ്നേഹിക്കുന്നുണ്ടോ ??? ” അവളുടെ കൈകളിൽ പിടിച്ചുകൊണ്ടുള്ള ജാനകിയുടെ ചോദ്യം കേട്ട് അവളൽപനേരം എന്തൊക്കെയോ ആലോചിച്ചുകൊണ്ടിരുന്നു. ” സത്യം പറഞ്ഞാൽ ഇപ്പോഴാ മനുഷ്യനോടെനിക്കുള്ള വികാരമെന്താണെന്ന് എനിക്കുപോലുമറിയില്ലെഡീ. ഒരിക്കൽ മറ്റെന്തിനേക്കാളും ഞാൻ സ്നേഹിച്ചിരുന്നു. പക്ഷേ ആ എന്നെത്തന്നെ….. അന്ന് മുതൽ വെറുക്കാൻ ശ്രമിക്കുകയായിരുന്നു. ആ മനുഷ്യന്റെ താലിക്ക് മുന്നിൽ തലകുനിക്കുമ്പോഴും നല്ലതൊന്നുമായിരുന്നില്ല മനസ്സിൽ.

പകയോ പ്രതികാരമോ അങ്ങനെയെന്തൊക്കെയോ ആയിരുന്നു. പക്ഷേ ഈ വീട്ടിൽ വന്നുകയറിയപ്പോൾ മുതൽ ഞാനും വെറുമൊരു സാധാരണ പെണ്ണ് മാത്രമായിപ്പോയി. ഈ താലിയും സിന്ദൂരവുമിടുമ്പോഴൊക്കെ പ്രാർത്ഥിച്ചുപോകാറുണ്ട് എന്റെ മരണം വരെ ഇതൊക്കെയെന്റെ കൂടെയുണ്ടാവണേന്ന്. വെറുപ്പിന്റെ മുഖംമൂടിയണിയുമ്പോഴും താലി കെട്ടിയവനായി അടുക്കളയിൽ കയറുമ്പോഴും അവന്റെ മുഷിഞ്ഞതുണികളലക്കുമ്പോഴുമൊക്കെ സ്വയമറിയാതെ ഞാനാമനുഷ്യന്റെ ഭാര്യയാവാറുണ്ട്. ചിലപ്പോ നിനക്ക് പോലും എന്നോട് പുച്ഛം തോന്നാം പക്ഷേ ജാനീ….

നിങ്ങളൊന്നുമറിയാത്ത ഒരു ശ്രീജിത്തുണ്ടായിരുന്നു ഈ ആളിന്റെയുള്ളിൽ. സ്നേഹിക്കാനും കണ്ണൊന്നുനിറഞ്ഞാൽ ചേർത്തുപിടിക്കാനും മാത്രമറിയാവുന്നൊരാൾ. അനാവശ്യ കൂട്ടുകെട്ടുകളിലൂടെ ലഹരിക്കടിമയാവും മുന്നേയുള്ള ആ ശ്രീജിത്തിനൊരിക്കലും പ്രണയിച്ച പെണ്ണിനെയെന്നല്ല ഒരു പെണ്ണിനേയും ഒരു നോട്ടം കൊണ്ടുപോലും കളങ്കപ്പെടുത്താനാകുമായിരുന്നില്ല. അയാളുടെ ഉള്ള് നിറയെ മാളുവെന്ന ഈ പെണ്ണ് മാത്രമേ ഉണ്ടായിരുന്നുള്ളു. ആ ശ്രീജിത്തിനെ ഈ മാളുവിനൊരിക്കലും വെറുക്കാനും കഴിയില്ല. ” ഒരു നനുത്ത പുഞ്ചിരിയോടെ അവൾ പറഞ്ഞുനിർത്തി.

വെറുപ്പഭിനയിക്കുമ്പോഴും ഉള്ളുകൊണ്ടവനെ മാത്രം സ്നേഹിക്കുന്ന അവളെ ഒരുതരം കൗതുകത്തോടെ നോക്കിയിരുന്നുപോയി ജാനകി. ” യ്യോ…. സമയമാറ് കഴിഞ്ഞു. ഞാൻ പോട്ടെഡീ അമ്മ വീട്ടിലില്ല. ഞാൻ പോയി വിളക്ക് വെക്കട്ടെ. ആഹ് പിന്നേ ഈ നേരത്തിനി പൊന്നുമോള് കേറിക്കിടന്നുറങ്ങണ്ടാട്ടോ… ” ചുവരിലെ ക്ലോക്കിലേക്ക് നോക്കി വെപ്രാളത്തോടെ ഗേറ്റിന് നേർക്കോടുന്നതിനിടയിൽ സമീര വിളിച്ചുപറഞ്ഞു. അവളുടെ പോക്ക് നോക്കിയിരുന്ന ജാനകിയും പതിയെ ചിരിച്ചു. സമീര കുളിച്ച് വിളക്ക് കൊളുത്തിക്കോണ്ടിരിക്കുമ്പോഴായിരുന്നു ശ്രീജിത്ത്‌ കയറിവന്നത്. പൂമുഖത്തെ തൂക്കുവിളക്ക് കത്തിച്ചുകൊണ്ടുനിന്ന അവളവനെയൊന്ന് പാളി നോക്കിയിട്ട് വിളക്കുമായി അകത്തേക്ക് പോയി.

” അമ്മയെവിടെപ്പോയി ??? ” കുറച്ചുകഴിഞ്ഞപ്പോൾ ഹാളിലിരുന്ന അവന്റെ കയ്യിലേക്ക് ചായ കൊണ്ടുകൊടുക്കുമ്പോൾ അവളൊടായി അവൻ ചോദിച്ചു. ” ഉഷച്ചെറിയമ്മേടെ വീട്ടിൽ പോയി ” അവൾ പറഞ്ഞത് കേട്ട് അവൻ വെറുതെയൊന്ന് മൂളി. ” മാളൂ…. ” പിന്നീടൊന്നും പറയാതെ അടുക്കളയിലേക്ക് പോകാൻ തിരിഞ്ഞ അവളെനോക്കി അവൻ വിളിച്ചു. പുരികം ചുളുക്കി എന്താണെന്ന് ചോദിക്കുന്നത് പോലെ അവൾ തിരിഞ്ഞുനിന്നു. ” അത്…. അതുപിന്നെ… അന്ന് മുടങ്ങിപ്പോയ പഠിപ്പ് നിനക്ക് പൂർത്തിയാക്കിക്കൂടെ മാളൂ ??? ” പതിയെ അവനത് പറയുമ്പോൾ ആദ്യം കാണുന്നത് പോലെ അവനെത്തന്നെ നോക്കി നിൽക്കുകയായിരുന്നു സമീര.

” അന്ന് ഞാൻ കാരണം എല്ലാം തകർന്നു. പക്ഷേ ഇനിയതൊക്കെ പൂർത്തിയാക്കണം. ഇപ്പൊ പേരിനൊരു ഭർത്താവായെങ്കിലും ഞാൻ കൂടെയുണ്ട്. നാളെയൊരിക്കൽ ഞാനില്ലാതെ വന്നാലും നിനക്കൊരുകുഴപ്പവും വരരുത്. ആരുടെ മുന്നിലും കൈ നീട്ടാതെ നിനക്ക് ജീവിക്കാൻ കഴിയണം. ” തന്നെത്തന്നെ നോക്കി നിൽക്കുന്ന അവളോടായത് പറയുമ്പോൾ അവന്റെ സ്വരമൽപമിടറിയിരുന്നു. ” ഞാനിന്നിവിടുത്തെ കോളേജിൽ പോയിരുന്നു. നാളെ നിന്നെയും കൂട്ടി ചെല്ലാൻ പറഞ്ഞു. നാളെത്തന്നെ ജോയിൻ ചെയ്യാം. ” പറഞ്ഞിട്ട് അവൻ പതിയെ പുറത്തേക്ക് നടന്നു. ” അപ്പോ ഇവിടുത്തെ കാര്യങ്ങളൊക്കെ…. ” ” ഇവിടുത്തെ കാര്യങ്ങളൊക്കെ അമ്മ നോക്കിക്കോളും. അതൊന്നുമോർത്ത് നീ വിഷമിക്കണ്ട.

” തിരിഞ്ഞവളെയൊന്ന് നോക്കി പറഞ്ഞിട്ട് അവൻ പുറത്തേക്ക് തന്നെ പോയി. അടുക്കളയിൽ നിന്ന് അത്താഴത്തിനുള്ളതുണ്ടാക്കുമ്പോഴും അവൻ പറഞ്ഞ വാക്കുകളുടെ സന്തോഷത്തിലായിരുന്നു അവൾ. പിറ്റേദിവസം അതിരാവിലെ എണീറ്റ് നേരത്തെതന്നെ ജോലികളൊതുക്കി അവൾ വേഗം തന്നെ കുളിച്ചൊരുങ്ങി. മുടിയൊക്കെ ചീകിക്കെട്ടി നെറുകയിലൽപ്പം സിന്ദൂരവുമിട്ട് കഴുത്തിലെ താലി മാല നേരെയാക്കി ബാഗുമെടുത്ത് താഴേക്ക് ചെന്നു. കാറിൽ അവനൊപ്പമിരിക്കുമ്പോൾ പറഞ്ഞറിയിക്കാൻ കഴിയാത്തത്ര സന്തോഷമായിരുന്നു അവളുടെ ഉള്ള് നിറയെ.

” ഒന്നമ്പലത്തിൽ കയറിയിട്ട് പോകാരുന്നു ” പെട്ടന്നെന്തോ ഓർത്തതുപോലെ ആരോടെന്നില്ലാതെ അവൾ പറഞ്ഞു. അവൻ മറുപടിയൊന്നും പറഞ്ഞില്ലെങ്കിലും കാറടുത്തുള്ള മഹാദേവക്ഷേത്രത്തിന് മുന്നിൽ കൊണ്ട് നിർത്തി. ” ദാ പോയിട്ട് വേഗം വാ… ” അവൾ ബാഗെടുത്ത് തപ്പുന്നത് കണ്ട് ചില്ലറയടക്കം കുറച്ച് രൂപയെടുത്തവൾക്ക് നേരെ നീട്ടിക്കോണ്ടവൻ പറഞ്ഞു. അവനെയൊന്ന് തിരിഞ്ഞുനോക്കിയിട്ട് വേഗത്തിലകത്തേക്കോടുമ്പോൾ അവളുടെ ചുണ്ടിലൊരു ചെറുപുഞ്ചിരി വിരിഞ്ഞിരുന്നു . അല്പസമയത്തിന് ശേഷം കൈ വെള്ളയിലൊരിറ്റ് ചന്ദനവുമായി അവളോടിവന്ന് കാറിലേക്ക് കയറി. പെട്ടന്നായിരുന്നു വണ്ടി മുന്നോട്ടെടുക്കാൻ തുടങ്ങിയ അവനെയവൾ തന്റെ നേർക്ക് പിടിച്ചുതിരിച്ചത്.

അവനെന്തെങ്കിലും പറയുംമുൻപ് അവൾ കയ്യിലിരുന്ന ചന്ദനമവന്റെ നെറ്റിയിൽ തൊടുവിച്ചിരുന്നു. അവനവളുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു. ഇരുവരുടെയും മിഴികൾ തമ്മിലിടഞ്ഞു. എന്നോ എവിടെയൊ നഷ്ടമായ പ്രണയത്തെ തേടിയെന്നപോലെ ഇരുവരും പരസ്പരം കണ്ണുകളിലേക്ക് നോക്കിയിരുന്നു. ഉള്ളിന്റെയുള്ളിലൊളിപ്പിച്ച സ്നേഹമവൻ തിരിച്ചറിയുമോയെന്ന ഭയത്താലാവാം അവൾ വേഗം നോട്ടമവനിൽ നിന്നും മാറ്റി. ” പോകാം ” ” ആഹ്… പോകാം ” അവളുടെ ശബ്ദം കേട്ട് ഒരു ഞെട്ടലോടെ അവൻ കാർ മുന്നോട്ടെടുത്തു. കോളേജിലെത്തി കാർ പാർക്ക് ചെയ്ത് അകത്തേക്ക് നടക്കുമ്പോൾ വല്ലാത്തൊരു വെപ്രാളം തന്നിൽ പിടിമുറുക്കുന്നതവളറിഞ്ഞു.

അരമണിക്കൂറിനുള്ളിൽ അഡ്മിഷനെല്ലാം ശരിയാക്കി അവർ പുറത്തേക്കിറങ്ങി. ” എന്നാശരി ഞാൻ പോയിട്ട് വൈകുന്നേരം വരാം. ” പറഞ്ഞിട്ട് അവൻ മുന്നോട്ട് നടന്നു. അവനകന്ന് പോകുന്നത് നോക്കി നിൽക്കുമ്പോൾ എന്തോ ഒരൊറ്റപ്പെടൽ തന്നെ വന്നുമൂടുന്നതവളറിഞ്ഞു. അറിയാതെ ആ മിഴികൾ നിറഞ്ഞൊഴുകി. നീണ്ട ഇടനാഴിക്കപ്പുറം അവൻ മറഞ്ഞതും അവൾ പതിയെ തിരിഞ്ഞുനടന്നു. ഒന്നുരണ്ട് ചുവടുകൾ വച്ചതും കയ്യിലൊരു പിടി വീണതറിഞ്ഞവൾ ഞെട്ടിത്തിരിഞ്ഞുനോക്കി. പിന്നിൽ അവളെത്തന്നെ നോക്കി നിന്നിരുന്ന ശ്രീജിത്തിന്റെ മുഖത്തേക്ക് നോക്കിയതും ആൾക്കൂട്ടത്തിലൊറ്റപ്പെട്ടുപോയ കുഞ്ഞ് അമ്മയുടെ മാറിലേക്കെന്നപോലെ അവളാ നെഞ്ചിലേക്ക് വീണവനെ ഉടുമ്പടക്കം പിടിച്ചു.

” എന്താ മാളു എന്തിനാ നീയിങ്ങനെ കരയുന്നത് ??? ” ഒരു നിമിഷത്തെ നിശബ്ദതയ്ക്ക് ശേഷം പതിയെ അവളുടെ മുടിയിഴകളെ തലോടിക്കൊണ്ട് അവൻ ചോദിച്ചു. ” എനിക്ക്…. എനിക്കെന്തോ ഒറ്റക്കായത് പോലെ. ഞാനും വരുന്നു. എനിക്കൊറ്റയ്ക്ക് വയ്യ. ” കരച്ചിലിനിടയിൽ വാക്കുകൾ തപ്പിപ്പെറുക്കിയെടുത്ത് അവൾ പറഞ്ഞൊപ്പിച്ചു. അവളുടെ ആ ഭാവം അവനിലൊരു ചിരിയുണർത്തി. ” ഒറ്റയ്ക്കല്ല. നിന്റെ ജാനകിയും ഇവിടാ പഠിക്കുന്നത്. അതുകൊണ്ടല്ലേ നിനക്കും ഇവിടെത്തന്നെ അഡ്മിഷൻ റെഡിയാക്കിയത്. ” അവളെ തന്നിൽ നിന്നുമടർത്തി മാറ്റി മിഴികൾ തുടച്ചുകൊടുത്തുകൊണ്ട് അവൻ പറയുമ്പോൾ ഒരു കൊച്ചുകുഞ്ഞിനെപ്പോലെ അവനെത്തന്നെ നോക്കി നിൽക്കുകയായിരുന്നു സമീര.

” ചെല്ല്…. ” പറഞ്ഞിട്ടവളുടെ കവിളിൽ പതിയെയൊന്ന് തട്ടിയിട്ടവൻ തിരിഞ്ഞുനടന്നു. ” ആഹ് പിന്നേ…. ഇവിടഡ്മിഷൻ തന്നത് പിജിക്കാ. അല്ലാതെ നഴ്സറിയിലോട്ടല്ല കേട്ടോ. ” പെട്ടന്ന് തിരിഞ്ഞുനോക്കി അവളെ കളിയാക്കി ചിരിച്ചുകൊണ്ടവൻ പറഞ്ഞു. അതുകേട്ട് സമീരയുടെ ചുണ്ടിലുമൊരു ചിരി വിടർന്നു. പറഞ്ഞത് പോലെ തന്നെ കൂട്ടിന് ജാനകിയുമുണ്ടായിരുന്നുവെങ്കിലും അവളുടെ മനസ്സാകെ അസ്വസ്ഥമായിരുന്നു. ഇന്നലെവരെ വെറുപ്പോടെ മാത്രം നോക്കിയിരുന്നവന്റെ ചാരത്തേക്കോടിയണയാൻ അവളുടെ മനസ്സ് വെമ്പിക്കൊണ്ടിരുന്നു. ഒട്ടും വേഗതയില്ലാത്ത സമയത്തെ ശപിച്ചുകൊണ്ടിരുന്നിരുന്ന് എങ്ങനെയൊക്കെയോ വൈകുന്നേരമായി.

ക്ലാസ്സ്‌ കഴിഞ്ഞ് പുറത്തേക്കിറങ്ങുമ്പോൾ അവളുടെ മുഖത്തേ ആശ്വാസം കണ്ട് ജാനകി പതിയെ ചിരിച്ചു. സംസാരിച്ചുനടക്കുന്നതിനിടയിലും അവിടമാകെ ഉഴറി നടന്നിരുന്ന അവളുടെ മിഴികൾ ഒടുവിലവനിൽ ചെന്നവസാനിച്ചു. ” പോട്ടേഡീ ….. ” പറഞ്ഞതും തിരിഞ്ഞുപോലും നോക്കാതെ കൊച്ചുകുഞ്ഞുങ്ങളുടെ ആഹ്ളാദത്തോടെ അവനരികിലേക്കോടുന്ന അവളെ നോക്കി ജാനകിയും ശ്രീജിത്തും ഒരുപോലെ പുഞ്ചിരിച്ചു. ” കോളേജൊക്കെ എങ്ങനുണ്ട് മോളേ ?? ” രാത്രി അടുക്കളയിൽ വച്ച് സമീരയോടായി സുധ ചോദിച്ചു.

” നല്ല കോളേജാ അമ്മേ… പിന്നെ ജാനിയുമുണ്ടല്ലോ ” അത്യാഹ്ളാദത്തിൽ അവൾ പറഞ്ഞു. രാവിലെ വീട്ടിൽ നിന്നിറങ്ങിയത് മുതൽ തിരികെ വരുന്നത് വരെയുള്ള കാര്യങ്ങൾ വള്ളിപുള്ളി വിടാതെ വിശദീകരിക്കുന്ന അവളെ നോക്കി ചിരിയോടെ അവരിരുന്നു. ഇടയ്ക്ക് പലയിടത്തും ശ്രീജിത്തിന്റെ കാര്യം പറയുമ്പോൾ അവൾ ശ്രീയേട്ടൻ എന്ന് പ്രയോഗിക്കുന്നതും അവരിൽ വല്ലാത്ത ആനന്ദം നിറച്ചു. ഹാളിലിരുന്ന് ടീവി കാണുന്നതിനിടയിലും അവരുടെ സംസാരം ശ്രദ്ധിച്ചിരുന്ന ശ്രീജിത്തിലും അവളുടെ വാക്കുകളൊരു പുഞ്ചിരി വിടർത്തി.

തുടരും….

നിൻ നിഴലായ് : ഭാഗം 19