Thursday, December 19, 2024
Novel

രാജീവം : ഭാഗം 4

എഴുത്തുകാരി: കീർത്തി

വീണയായിരുന്നു ആ കണ്ണുകളുടെ ഉടമ. വർധിച്ചു വന്ന ദേഷ്യത്തിൽ അവൾ എന്നോടെന്തോ പറയാൻ ഒരുങ്ങിയതും എന്റെ പിറകിൽ വന്ന രാജീവേട്ടനെ കണ്ടു. ഉടനെ ആ വാക്കുകളെ തൊണ്ടയിൽ തന്നെ വിഴുങ്ങി എന്നോടുള്ള ദേഷ്യം നിലത്ത് ചവിട്ടിതീർത്ത് റൂമിലേക്ക് കയറി പോയി. പിന്നീടുള്ള രണ്ടു മൂന്നു ദിവസം വിരുന്നിനുപോക്കും സൽക്കാരങ്ങളും ഒക്കെയായിരുന്നു.

മറ്റുള്ളവരുടെ മുന്നിൽ ഉത്തമഭാര്യഭർത്താക്കന്മാരും ഒറ്റയ്ക്ക് കിട്ടുമ്പോൾ കീരിയും പാമ്പുമായിരുന്നു ഞങ്ങൾ. ഇതിന്റെ ഇടയിൽ ‘ഓണത്തിനിടയ്ക്ക് പുട്ടുകച്ചവടം ‘ന്ന് പറഞ്ഞത് പോലെ വീണപിശാശ്. അവൾക്ക് അവളുടെ മുറച്ചെറുക്കനെ വേണമെങ്കിൽ തല നന്നായി വർക്ക്‌ ചെയ്ത് എടുത്തോണ്ട് പൊക്കൂടെ. എന്തിനാ വെറുതെ എന്നെ നോക്കി ദഹിക്കുന്നെ ആവോ. ഞാനെന്തോ അങ്ങേരെ കെട്ടിപ്പൂട്ടി വെച്ചിരിക്കുന്ന പോലെയാണ് പെണ്ണിന്റെ നോട്ടവും ഭാവവും.

“എനിക്കൊന്നും വേണ്ട നീ ആ സാധനത്തിനെ മുഴുവനായും എടുത്തോ “ന്ന് പറയാൻ പല തവണ നാവ്‌ തരിച്ചതാണ്. പക്ഷെ എന്തോ ഒന്ന് എന്റെ നാവിനെ നിശ്ചലമാക്കി. പക്ഷെ ഒരു ദിവസം രാജീവേട്ടന്റെ കൈയിൽ നിന്നും അവൾക്കൊരു ഡോസ് കിട്ടി. അതിന്റെ പിറ്റേന്ന് കിട്ടാവുന്നതെല്ലാം കെട്ടിപെറുക്കി അവൾ സ്ഥലം വിട്ടു. വീട്ടിൽ നിന്ന് അച്ഛൻ ദിവസവും വിളിക്കും. മാളുവും. തുടരാൻ സാധിക്കില്ലെന്ന് തോന്നിയത് കൊണ്ട് ഞാൻ ജോലി രാജി വെച്ചു. അതിന് ആ മിഥുൻ ഭയങ്കര കരച്ചിലും പിഴിച്ചിലുമായിരുന്നു.

രാത്രിയിൽ ഭക്ഷണം കഴിച്ചോണ്ട് ഇരിക്കുമ്പോഴാണ് അമ്മ പറഞ്ഞത് നാളെ വീട്ടിൽ പൊയ്ക്കൊള്ളാൻ. വിവാഹം കഴിഞ്ഞിട്ട് പോയില്ലല്ലോ. കുറച്ചു ദിവസം അവിടെ നിന്ന് അവിടുന്ന് നേരെ ബാംഗ്ലൂർക്ക് പോകാലോന്ന്. രാജീവേട്ടനും എന്തൊക്കെയോ അഭിപ്രായങ്ങൾ പറയുന്നുണ്ട്. മൗനമായി ആ സംഭാഷണം കേട്ടുകൊണ്ടിരുന്നു. അപ്പോഴാണ് മനസിലായത് എന്റെ ഭർത്തൂന് ബാംഗ്ലൂർ ആണ് ജോലിയെന്ന്. അവിടെ ഒരു കൺസ്ട്രക്ഷൻ കമ്പനിയിലെ മെയിൻ ആർക്കിടെക്ട് ആണെന്ന്.

രണ്ടാഴ്ച കൂടുമ്പോഴൊക്കെയാണത്രെ വീട്ടിലേക്ക് വരാറ്. വല്ല തിരക്കും ഉണ്ടായാൽ അതുമില്ല. പിറ്റേന്ന് രാവിലെ എണീച്ചപ്പോൾ തൊട്ട് മനസിന് വല്ലാത്ത സന്തോഷമായിരുന്നു. അല്ലെങ്കിലും സ്വന്തം വീട്ടിലേക്ക് പോകുന്ന കാര്യം വരുമ്പോൾ വിവാഹം കഴിഞ്ഞ എല്ലാ പെൺകുട്ടികൾക്കും ഒരു പ്രത്യേക സന്തോഷമാണ്. ആ ഒരു സന്തോഷത്തിൽ ചിരിയോടെയാണ് രാവിലെ രാജീവേട്ടാനുള്ള ചായ കൊണ്ടുകൊടുത്തത്. അപ്പോൾ അങ്ങേര് എന്നെ കണ്ണുമിഴിച്ച് നോക്കുന്നുണ്ടായിരുന്നു. ഇനി ആള് മാറിയോന്നെങ്ങാനും ആവും.

അങ്ങോട്ട്‌ പോകുന്നതിനോടൊപ്പം ഈ രാജീവ്‌ മോന് ചില പണികൾ കൊടുക്കണമെന്ന ദുരുദ്ദേശവും മനസ്സിലുണ്ടായിരുന്നു. പോകാൻ നേരത്ത് ഡ്രസ്സ്‌ മാറാൻ വേണ്ടി റൂമിലേക്ക് ചെന്ന ഞാൻ അവിടുത്തെ കാഴ്ച കണ്ട് അന്തംവിട്ടു. എന്റെ കണ്ണുകൾ ഇപ്പൊ പുറത്ത് ചാടുമെന്ന് അവസ്ഥയായി. രാജീവേട്ടൻ ഒരു മെറൂൺ കളർ ഷർട്ടും കസവ്കര മുണ്ടുമുടുത്ത് കണ്ണാടിക്ക് മുന്നിൽ നിന്ന് ചന്തം നോക്കുന്നു. ഇടയ്ക്ക് അതിൽ നോക്കി സ്വയം കൊഞ്ഞനം കുത്തുന്നുമുണ്ട്. ഭഗവാനെ വട്ടായോ? ഞാൻ വന്നത് അറിഞ്ഞിട്ടില്ലെന്ന് തോന്നുന്നു.

പെട്ടന്ന് എന്തോ ഓർമ വന്നത് പോലെ ഷെൽഫിൽ പരത്തുന്നത് കണ്ടു. എന്താണാവോ ഇത്ര കാര്യമായി തിരയുന്നത്. തിരക്കിനൊടുവിൽ എന്റെ സിന്ദൂരചെപ്പ് കൈയിൽ കിട്ടിയപ്പോൾ ആ മുഖത്തുണ്ടായ പ്രകാശമൊന്ന് കാണേണ്ടതാണ്. സാക്ഷാൽ സൂര്യൻ മാറിനിൽക്കും. അതിൽ നിന്നും ഒരു നുള്ളെടുത്ത് നെറ്റിയിൽ തൊട്ടതിന് ശേഷമായി പിന്നെത്തെ ചന്തം നോക്കൽ. ഇയ്യാൾടെ ദേഹത്ത് സേതുരാമയ്യരുടെ ബാധ വല്ലതും കൂടിയോ ആവോ. രാവിലെ തന്നെ ചുവപ്പ് കുറി.

ഒരുവിധം തൃപ്തിയായെന്ന് തോന്നിയപ്പോൾ ആണ് കണ്ണാടിക്ക് മുന്നിൽ നിന്നൊന്ന് മാറിയത്. അപ്പോൾ മാത്രമാണ് എന്നെയും കണ്ടുള്ളു. ഉടനെ മുണ്ടിന്റെ ഒരറ്റമെടുത്ത് ഇടതുകൈയിൽ പിടിച്ച് എന്റടുത്തേക്ക് വന്നു. ആ വരവ് കണ്ടു ഞാൻ പോലുമറിയാതെ എന്റെ ചുണ്ടിലൊരു ചിരി വിരിഞ്ഞു. ആ കുസൃതിചിരിയിലും നോട്ടത്തിലും എന്റെ അടിവയറ്റിലൊരു മഞ്ഞു വീഴുന്ന സുഖവും ഞാനറിഞ്ഞു. “വായിനോക്കി നിൽക്കാതെ വേഗം റെഡിയായി വാടി. ” അതും പറഞ്ഞു എന്റെ തലയ്ക്കിട്ടൊരു കിഴുക്കും തന്ന് ആളിറങ്ങിപ്പോയി.

അയ്യേ ഞാനെന്തിനാ ആ അലവലാതിയെ വായിനോക്കി നിന്നത്. അരുത് മീനാക്ഷി അരുത്. കണ്ട്രോൾ യുവർ സെൽഫ്. അവന്റെ വലയിൽ ഇനിയും വീഴരുത്. ഉള്ളിലിരുന്ന് ആരോ പറയുന്നത് പോലെ. ആലോചിച്ചു നിക്കാതെ പെട്ടന്ന് റെഡിയായി ഞാനും ഇറങ്ങി. വീട്ടിലേക്കുള്ള യാത്രയിൽ മുഴുവൻ ഞാൻ ഗഹനമായ ചിന്തയിലായിരുന്നു. എങ്ങനെയൊക്കെ രാജീവേട്ടന് പണികൊടുക്കാമെന്ന് തല പുകഞ്ഞാലോചിച്ചു. സഹിക്കെട്ട് രാജീവേട്ടൻ എന്നെ വീട്ടിൽ ഉപേക്ഷിച്ചു പോകണം.

അതാണെന്റെ ലക്ഷ്യം. ഉയർന്ന തലച്ചോറിന്റെ പ്രവർത്തനവും സ്റ്റീരിയോയിൽ നിന്ന് കേൾക്കുന്ന നല്ല മെലഡിസും പിന്നെ പകുതി താഴ്ത്തിയ വിൻഡോയിലൂടെ വരുന്ന കാറ്റും ഒക്കെയായപ്പോൾ ഞാൻ സീറ്റിൽ ചാരിയിരുന്ന് ഉറങ്ങിപോയി. വീടെത്തിയെന്ന് പറഞ്ഞ് രാജീവേട്ടൻ തട്ടിവിളിക്കുമ്പോളാണ് ഞാൻ കണ്ണ് തുറന്നത്. വണ്ടിയുടെ ശബ്ദം കേട്ട് എല്ലാവരും പുറത്തേക്ക് വന്നു. ചെറിയൊരു കുശലാന്വേഷണത്തിന് ശേഷം രാജീവേട്ടൻ വണ്ടിയിൽ നിന്ന് കുറച്ചു കവറുകൾ പുറത്തെടുത്തു.

ഞാൻ വണ്ടിയിലിരുന്ന് ഉറങ്ങിയപ്പോൾ വാങ്ങിച്ചതാണെന്ന് തോന്നുന്നു. എല്ലാവരോടും വിശേഷങ്ങൾ പങ്കുവെച്ച് കഴിഞ്ഞതും മാളുവിനെയും കൂട്ടി ഞാൻ റൂമിലേക്കോടി. എല്ലാ സംഭവവികാസങ്ങളും അവളെ പറഞ്ഞുകേൾപ്പിച്ചു. എല്ലാം കേട്ടുകഴിഞ്ഞ് കുറച്ചു നേരത്തേക്ക് അവളൊന്നും മിണ്ടിയില്ല. “മീനു ഞാനൊരു കാര്യം പറഞ്ഞാൽ നീ ദേഷ്യപ്പെടുമോ? ” “എന്താ? ” “അത് പിന്നെ. ഏതായാലും നിങ്ങൾ തമ്മിലുള്ള വിവാഹം കഴിഞ്ഞു. രാജീവേട്ടനാണെങ്കിൽ നിന്നെ ഭയങ്കര ഇഷ്ടമാണ്. എങ്കിൽ പിന്നെ…. “

“എങ്കിൽ പിന്നെ..? ” “നിനക്കും രാജീവേട്ടനെ തിരിച്ചു സ്… നേ…. ഹി….. ച്ചൂടെ….. ന്ന് ” “മാളൂ !!!!” “നീയെന്തിനാ എന്നോട് ചൂടാവുന്നത്. ഞാൻ എനിക്ക് തോന്നിയത് പറഞ്ഞുന്നല്ലേ ഉള്ളു. നിനക്ക് ഇഷ്ടമല്ലെങ്കിൽ വേണ്ട. ” “നീ തന്നെ എന്നോട് ഇത് പറയണം. എല്ലാം അറിയാവുന്നതല്ലേ നിനക്ക്. എന്നിട്ടും…. ” “മീനു പക്ഷെ നിനക്കും അങ്ങേരെ ഇഷ്ടമായിരുന്നില്ലെ? .. ” “അതെ. സമ്മതിച്ചു. പക്ഷെ…… ” അവൾ എന്തോ പറയാൻ വന്നതും രാജീവേട്ടൻ അങ്ങോട്ട്‌ വന്നു. ഞങ്ങൾ രണ്ടുപേരും ദഹിപ്പിക്കും വിധത്തിൽ രാജീവേട്ടനെ തന്നെ നോക്കി നിന്നു.

ആള് പക്ഷെ അതൊന്നും ഗൗനിക്കാതെ ചിരിച്ചു കൊണ്ടാണ് ഞങ്ങളുടെ അടുത്തേക്ക് വന്നത്. “ഹായ്… പരട്ടാസ്. ” “ടോ… താനെന്താ ഞങ്ങളെ വിളിച്ചേ? ” ഞാൻ ദേഷ്യപ്പെട്ടു. “സാധാരണത്തെ പോലെ ഒരമ്മയുടെ വയറ്റിൽ ജനിച്ചിരുന്നെങ്കിൽ ഇരട്ടകളെന്ന് വിളിക്കാമായിരുന്നു. ഇതിപ്പോ അങ്ങനെയല്ല. പക്ഷെ അതുപോലെ ആണ് താനും. അതുകൊണ്ട് പരട്ടാസ്. സ്വഭാവം കൊണ്ടും രണ്ടിനും ചേരുന്ന പേരും അതാണ്. ” “ഹും…. ” ഞാൻ മുഖം തിരിച്ചു നിന്നു. “മാളവിക ഇവിടെയൊക്കെ ഉണ്ടായിരുന്നു ലേ.

തിരക്കിനിടയിൽ കാണാൻ പറ്റിയില്ല. നിങ്ങൾ രണ്ടും ഇപ്പോഴും ഒരുമിച്ചാണ് ലെ. ” “മ്മ്മ്…. . ” “എങ്കിൽ ഇപ്പൊ ഒരുമിക്കണ്ട. പിന്നെയാവാം. ഇപ്പൊ ഈ സ്വർഗത്തിലെ കട്ടുറുമ്പ് ആവാൻ നിക്കാതെ മാളവിക വേഗം സ്ഥലം വിട്ടേ. ” എന്റെ അടുത്ത് വന്നു തോളിലൂടെ കൈയിട്ട് ചേർത്ത് പിടിച്ചു കൊണ്ടു രാജീവേട്ടൻ പറഞ്ഞു. കേൾക്കണ്ട താമസം “അയ്യേ “ന്നും പറഞ്ഞു അവൾ ഓടി. ആ ദിവസങ്ങളിൽ ഭക്ഷണം കഴിക്കുമ്പോഴോ അല്ലെങ്കിൽ രാത്രി കിടക്കാൻ നേരത്തോ ഒക്കെയേ രാജീവേട്ടനുമായി കണ്ടിരുന്നുള്ളൂ.

പരമാവധി സമയം മാളുവിന്റെ കൂടെ കഴിച്ചുക്കൂട്ടും. സഞ്ജുവേട്ടനായിരുന്നു രാജീവേട്ടന് കൂട്ട്. അങ്ങനെ ഇരിക്കുമ്പോളാണ് ഒരു ദിവസം മുത്തശ്ശി പറയുന്നത് “മോനെ കൊണ്ടുപോയി നാടൊക്കൊ ഒന്ന് കാണിക്കാൻ. എപ്പോഴും വീട്ടിനകത്ത് തന്നെയല്ലെ ” ന്ന്. ഇയ്യാളിനി ഈ നാട് കാണാത്ത കുറവേ ഉള്ളു. ഞാൻ മനസ്സിൽ പിറുപിറുത്തു. സഞ്ജുവേട്ടൻ അച്ഛനോടൊപ്പം പറമ്പിൽ തേങ്ങയിടുന്ന സ്ഥലത്താണ്. അങ്ങനെ രാജീവേട്ടനെയും കൂട്ടി നാട് കാണിക്കാൻ ഇറങ്ങി. ഞങ്ങളോടൊപ്പം വരാൻ നിന്ന മാളുവിനെ മുത്തശ്ശി പിടിച്ചു വെച്ചു.

ഗ്രാമഭംഗിയും കണ്ട് നടക്കുമ്പോളാണ് എനിക്കൊരു ബുദ്ധി തോന്നിയത്. നാട്ടിലെ പേരെടുത്ത ‘അലവലാതി ഷാജിയാണ്’ വിക്ടർ. അവന് പാടത്തിന്റെ അടുത്ത് റോഡിനോട്‌ ചേർന്ന് ഒരു കുഞ്ഞു ഒറ്റമുറി വീടുണ്ട്. ശിങ്കിടികളോടൊപ്പം സ്ഥിരം കള്ളുകുടിയും മറ്റുമാണ് അവിടുത്തെ പ്രാധാനപരിപാടി. അതുവഴി പോകുന്ന പെൺകുട്ടികളെ അസഭ്യം പറയലും മറ്റുമാണ് അവരുടെ വിനോദം. രാജീവേട്ടനെയും കൊണ്ട് അതുവഴിയൊന്ന് പോയാലോന്ന് ഞാനോർത്തു. ഒന്നുകിൽ അവര് നന്നാവും അല്ലെങ്കിൽ രാജീവേട്ടൻ നല്ല ബുദ്ധി തോന്നി എന്നെ ഉപേക്ഷിച്ചു പോകും.

ഇത്രയും വലിയ കുരുക്കിൽ കൊണ്ടുചാടിക്കുന്ന ഒരു പെണ്ണിന്റെ കൂടെ ജീവിക്കാൻ ആരാ തയ്യാറാവുക. ഈ വഴി പോയാൽ നല്ല പാടം കാണാമെന്ന് പറഞ്ഞ് രാജീവേട്ടനെയും കൂട്ടി ഞാൻ നടന്നു. വിചാരിച്ച പോലെ വിക്ടറും സംഘവും അവിടെ ഉണ്ടായിരുന്നു. എന്നെ കണ്ടതും തുടങ്ങി ഓരോന്ന് കമന്റ് പറയാൻ. ആദ്യം കുറെ ക്ഷമിച്ചുവെങ്കിലും പിന്നീട് രാജീവേട്ടന്റെ നിയന്ത്രണം വിട്ടു. വായ കൊണ്ട് തുടങ്ങിയ വഴക്ക് കൈകൊണ്ടും കാല്കണ്ടുമായി മാറി. കുറ്റം പറയരുതല്ലോ നല്ല സ്റ്റൈലൻ നാടൻ തല്ല്.

രാജീവേട്ടന്റെ തല്ല് കണ്ട് സ്വയം മറന്നു നിന്ന്പോയി. തല്ല് കണ്ടിട്ട് വിക്ടറും കൂട്ടരും നന്നാവുന്ന ലക്ഷണമാണ്. അങ്ങനെ കണ്ട് നിൽക്കുന്നതിനിടയിൽ ഒരുത്തൻ എന്റെ നേർക്ക് ഓടിവന്നു. “വായിനോക്കി നിക്കാതെ വീട്ടിൽ പോടി. ” പെട്ടന്നാണ് രാജീവേട്ടന്റെ അലർച്ച കേട്ടത്. അത് കേട്ട് പേടിച്ചു തിരിഞ്ഞോടാൻ നിന്ന എന്റെ പിറകെ അയാളും വരുന്നുണ്ടായിരുന്നു. അത് കണ്ടതും ഞാൻ വേഗം ജീവനും കൊണ്ടോടി. ഏതൊക്കെയോ വഴിയിലൂടെ ഓടിക്കിതച്ച് ഞാൻ എത്തിപ്പെട്ടത് പറമ്പിലെ തേങ്ങക്കണക്ക് നോക്കുന്നവരുടെ മുന്നിലേക്കാണ്.

എന്റെ മട്ടും ഭാവവും കണ്ട് എല്ലാവരും വന്ന് കാര്യമന്വേഷിച്ചു. ഞാൻ നടന്നതെല്ലാം പറഞ്ഞപ്പോൾ ഉടനെ സഞ്ജുവേട്ടൻ അങ്ങോട്ട് ഓടി. അച്ഛനും മറ്റും എന്നെയും കൂട്ടി വീട്ടിലേക്കും. വീട്ടിൽ എല്ലാവർക്കും ടെൻഷനായിരുന്നു. ഒരു കുഞ്ഞു പണികൊടുക്കണം എന്നേ ഉണ്ടായിരുന്നുള്ളൂ. അതിന് വേണ്ടി ചെയ്തതാണ്. പക്ഷെ ഇത്രയും കാര്യവുംന്ന് വിചാരിച്ചില്ല. ഈശ്വരാ ഒരാപത്തും വരുത്തരുതേ. ഞാൻ പോലുമറിയാതെ ഒരുനിമിഷം എന്റെ കൈ കഴുത്തിൽ കിടന്ന താലിയിലേക്ക് നീണ്ടു. എല്ലാവരും അക്ഷമരായി അവർക്ക് വേണ്ടി ഉമ്മറത്തും മുറ്റത്തുമായി കാത്തുനിൽക്കുകയായിരുന്നു.

അപ്പോഴാണ് ഒരു ടാക്സി മുറ്റത്തു വന്നുനിന്നത്. മുൻപിൽ നിന്നും ആദ്യം സഞ്ജുവേട്ടൻ ഇറങ്ങി. ശേഷം പിറകിൽ നിന്നും രാജീവേട്ടനെ താങ്ങി ഇറക്കുന്നുണ്ടായിരുന്നു. ഇടതുകാലിൽ ഒരു കെട്ടുണ്ട്. കൈത്തണ്ടയിലും. “എന്തിനാ മോനെ അവന്മാരുമായി പ്രശ്നത്തിന് പോയത്? എന്തിനാ മീനു നീ മോനെയും കൂട്ടി അതുവഴി തന്നെ പോയത്. നിനക്ക് അറിയാവുന്നതല്ലേ? ” അച്ഛൻ ചോദിച്ചു. “അവളല്ല അച്ഛാ ഞാനാ പറഞ്ഞത് പാടം കാണാൻ പോകാമെന്ന്. ” മറുപടി പറയാതെ ഞാൻ തലകുനിച്ചു നിന്നപ്പോൾ രാജീവേട്ടൻ പറഞ്ഞു.

“മ്മ്മ്… ശരി. മീനു നീ മോനെയും കൂട്ടി റൂമിലേക്ക് പോ. അവൻ കുറച്ചു നേരം കിടക്കട്ടെ. ” അച്ഛൻ പറഞ്ഞത് കേട്ട് മറുത്തൊന്നും പറയാതെ രാജീവേട്ടനെയും താങ്ങിപിടിച്ച് ഞാൻ റൂമിലേക്ക് നടന്നു. രാജീവേട്ടനെ ബെഡിൽ കൊണ്ടിരുത്തി കിടന്നോളാൻ പറഞ്ഞു പോകാൻ തിരിഞ്ഞതും എന്നെ പിടിച്ചു വലിച്ചു മടിയിലിരുത്തി. കുതറി എണീക്കാൻ നോക്കിയിട്ടും സാധിച്ചില്ല. “അപ്പൊ എന്നോട് സ്നേഹമുണ്ടല്ലേ? ” വളരെ ആർദ്രമായി എന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു. “എനിക്ക് ആരോടും സ്നേഹമൊന്നുമില്ല. ” മറുപടിക്കായി കൊതിക്കുന്ന ആ മനസ്സ് കണ്ടിട്ടും കാണാത്തതുപോലെ ഞാൻ പറഞ്ഞു.

എങ്കിൽ പിന്നെ ഇതിന്റെ അർത്ഥമെന്താ? ” എന്റെ കൺപീലികൾക്കിടയിൽ കുരുങ്ങി കിടന്നിരുന്ന ഒരു തുള്ളി കണ്ണീരിനെ ചൂണ്ടുവിരലിലേക്ക് എടുത്തു കാണിച്ചുകൊണ്ടു ചോദിച്ചു. ഒരുനിമിഷം ഞാനും ആ നീർതുള്ളിയെ നോക്കിയിരുന്നു. “മ്മ്മ്…? ” “അത്…. ഞാൻ…… അച്ഛൻ വഴക്ക് പറഞ്ഞതോണ്ടാ. ” “എന്തിനാ മീനു നീയ്യിങ്ങനെ മുഖത്തുനോക്കി കള്ളം പറയുന്നേ. എനിക്കറിയാം നിനക്കും എന്നെ ഒരുപാട് ഇഷ്ടമാണെന്നു. നിന്റെ ഈ കണ്ണുകളിൽ ഞാനത് പലവട്ടം കണ്ടിട്ടുണ്ട്.

നീയ്യും എന്നെ സ്നേഹിക്കുന്നുണ്ട്. ” “ഇല്ല. എനിക്ക് നിങ്ങളെ ഇഷ്ടമല്ല. ഇത് നിങ്ങടെ ഒരിക്കലും നടക്കാത്ത വെറും ആഗ്രഹം മാത്രമാണ്. ” അല്പം തറപ്പിച്ചു തന്നെ പറഞ്ഞു. ഞാനത് പറയുമ്പോൾ ആ കണ്ണുകൾ നിറഞ്ഞു വരുന്നുണ്ടായിരുന്നു. അത് ശ്രദ്ധിക്കാതെ മനസിനെ കരിങ്കല്ലാക്കി ഞാനവിടുന്ന് ഇറങ്ങി പോന്നു. “മോനെവിടെ? ” രാത്രി എല്ലാവരുമൊത്ത് ഭക്ഷണം കഴിക്കാനിരുന്നപ്പോൾ അച്ഛൻ ചോദിച്ചു. “റൂമിലുണ്ട്. ” “മോൻ വല്ലതും കഴിച്ചോ? ” “…… ” “മീനു നിന്നോടാ ചോദിച്ചത്. ” “അറിയില്ല. ” “പിന്നെ നീ ഇതെങ്ങോട്ടാ ഇരിക്കുന്നത്.

ഭർത്താവ് വല്ലതും കഴിച്ചോന്ന് നോക്കേണ്ടതും ഇല്ലെങ്കിൽ കഴിപ്പിക്കേണ്ടതും ഒരു ഭാര്യയുടെ കടമയാണ്. ചെല്ല്. ചെന്ന് അവന് ഭക്ഷണം കൊടുക്ക്. എന്നിട്ട് നീ കഴിച്ചാൽ മതി. ” ചുറ്റുമുള്ളവരെല്ലാം നിശബ്ദരായി. എല്ലാവരുടെയും നോട്ടം എന്നിലായിരുന്നു. ഞാൻ അനങ്ങാതെ നിൽക്കുന്നത് കണ്ട് അമ്മായി ഒരു പ്ലേറ്റിൽ ചോറും കറികളും എടുത്തു തന്നു. അച്ഛനെ ഒന്ന് നോക്കിയിട്ട് ഞാനതുമായി റൂമിലേക്ക് ചെന്നു. രാജീവേട്ടൻ ബെഡിൽ പില്ലോ വെച്ച് ചാരി ഇരിക്കുകയായിരുന്നു.

കൈയിൽ ഒരു ബുക്കുമുണ്ട്. ഞാൻ പ്ലേറ്റ് കൊണ്ടുപോയി അടുത്തുള്ള ടേബിളിൽ വെച്ചു. ഉടനെ രാജീവേട്ടൻ പ്ലേറ്റിലേക്കും എന്റെ മുഖത്തേക്കും മാറിമാറി നോക്കുന്നത് കണ്ടു. “നിന്റെ കൈകൊണ്ട് വാരിത്തന്നൂടെ? ” “അയ്യടാ… ഇള്ളക്കുട്ടിയല്ലെ വായിൽ വാരിത്തരാൻ. വേണേൽ സ്വയം എടുത്തു കഴിക്ക്. ” “മീനു…. !!!!” ഘനഗാംഭീര്യമാർന്ന ദേഷ്യത്തോടെയുള്ള ആ വിളി കേട്ട് ഞങ്ങൾ ഒരുപോലെ തിരിഞ്ഞു നോക്കി.

(തുടരും)

രാജീവം : ഭാഗം 1

രാജീവം : ഭാഗം 2

രാജീവം : ഭാഗം 3