നിൻ നിഴലായ് : ഭാഗം 2
എഴുത്തുകാരി: ശ്രീകുട്ടി
അടുത്തേക്ക് വരുമ്പോൾ പതിവില്ലാതെ അവന്റെ കണ്ണുകളിലേക്ക് നോക്കി അവളും ഒന്ന് പുഞ്ചിരിച്ചു. ” ഹാപ്പി ബർത്ത്ഡേ ” അടുത്തേക്ക് വന്ന് പെട്ടന്നവൾ പറഞ്ഞത് കേട്ട് അഭി അവളെത്തന്നെ മിഴിച്ചുനോക്കി നിന്നു. ” ഹലോ ഇതെന്താ ഇവിടൊന്നുമല്ലേ ആള് ??? ” അവന്റെ കണ്ണുകൾക്ക് മുന്നിൽ കൊണ്ടുവന്ന് വിരൽ ഞൊടിച്ച് പൊട്ടിച്ചിരിച്ചുകൊണ്ട് അവൾ ചോദിച്ചു. ഒരു ജാള്യതയോടെ അവനുമൊന്ന് പുഞ്ചിരിച്ചു. ” തൊഴുത് കഴിഞ്ഞോ അപ്പൊ പോവല്ലേ ??? ” അവനെയും നോക്കി ശ്രീകോവിലിന് ചുറ്റുപാടുമായി ഒന്ന് കണ്ണോടിച്ചുകൊണ്ട് അവൾ ചോദിച്ചു. സമ്മതമറിയിച്ചുകൊണ്ട് പുഞ്ചിരിയോടെ അഭി തലയനക്കി. “
അല്ല എന്റെ ബർത്ത്ഡേയുടെ കാര്യമെങ്ങനെയറിഞ്ഞു അപ്പു പറഞ്ഞോ ??? ” അവളോടൊപ്പം ക്ഷേത്രത്തിന് പുറത്തേക്ക് നടക്കുമ്പോൾ അവൻ പതിയെ ചോദിച്ചു. അവൾ മൃദുവായിട്ടൊന്ന് പുഞ്ചിരിച്ചു. പിന്നെ പറഞ്ഞു … ” അതൊക്കെയുണ്ട് ഇഷ്ടമുള്ളവരുടെ കാര്യങ്ങളൊക്കെ എങ്ങനെയെങ്കിലുമൊക്കെ അറിയും ” അവന്റെ മുഖത്ത് നോക്കാതെയുള്ള അവളുടെ പറച്ചിൽ കേട്ട് അഭി ആ മുഖത്തേക്ക് സൂക്ഷിച്ചുനോക്കി. പക്ഷേ അവളിൽ ഭാവഭേദമൊന്നുമുണ്ടായിരുന്നില്ല. അവളോടൊപ്പം തോളോട് തോൾ ചേർന്ന് നടക്കുമ്പോഴും അവന്റെ കണ്ണുകൾ സംസാരിക്കുമ്പോൾ കാറ്റിലിളകുന്ന അവളുടെ നെറ്റിത്തടത്തിലെ കുഞ്ഞളകങ്ങളിലായിരുന്നു.
വീടിന്റെ മുന്നിലെത്തി ഗേറ്റ് തുറന്ന് അവളകത്തേക്ക് പോകുമ്പോൾ അവന് എന്തെന്നില്ലാത്ത ഒരു നഷ്ടബോധം തോന്നി. ” എന്താ അഭിക്കുട്ടാ ഒരാലോചന ??? ” അവളെക്കുറിച്ച് തന്നെ ഓർത്തുകൊണ്ട് പരിസരം പോലും മറന്ന് നടന്നുവരുന്ന അവനെക്കണ്ട് മുറ്റത്തെ തുളസിയിൽ നിന്നും ഇല നുള്ളിക്കൊണ്ട് നിന്ന കാർത്യായനി ചിരിച്ചുകൊണ്ട് ചോദിച്ചു. ” ഒന്നൂല്ല അച്ഛമ്മേ ഞാൻ വെറുതെ…. ” അവരെ നോക്കി പറഞ്ഞുകൊണ്ട് അവൻ വേഗത്തിൽ അകത്തേക്ക് നടന്നു. ഹാളിലേക്ക് കയറുമ്പോൾ തന്നെ അടുക്കളയിൽ നിന്നും പായസത്തിന്റെ മണം മൂക്കിലേക്കടിച്ചുകയറി.
പിറന്നാൾ ആഘോഷങ്ങളൊന്നുമില്ലെങ്കിലും ഗംഭീരമായ സദ്യ തന്നെ ശ്രീജ ഒരുക്കിയിരുന്നു. ” ഇങ്ങനെ കിടന്ന് കഷ്ടപ്പെടേണ്ട വല്ല കാര്യവുമുണ്ടോ അമ്മയ്ക്ക് . ജോലിക്കൊരാളെ വച്ചാൽ ഇങ്ങനെ കിടന്നോടിപ്പായണോ ??? ” അടുക്കളയിലേക്ക് ചെന്നുകൊണ്ട് തിരക്കിട്ട ജോലികളിൽ മുഴുകിയിരുന്ന ശ്രീജയോടായി അഭി ചോദിച്ചു. ” ഇവിടിപ്പോ ഒരു ജോലിക്കാരിടെ ആവശ്യമൊന്നുമില്ലഭീ. എനിക്ക് ചെയ്യാനുള്ള ജോലികളെ ഇവിടുള്ളൂ. ” കൈ മടക്കിൽ മുഖം തുടച്ചുകൊണ്ട് ചിരിച്ചുകൊണ്ട് ശ്രീജ പറഞ്ഞു. ” അല്ലമ്മേ അമ്മ കോളേജിൽ പോകുമ്പോഴത്തെ ബുദ്ധിമുട്ടുകൂടി ആലോചിച്ചിട്ടാ ഞാൻ പറഞ്ഞത് . “
അവൻ പറഞ്ഞത് കേട്ട് അവർ വീണ്ടും ചിരിച്ചു. ” അഭീ…. ഇവിടെ ജോലികളൊന്നുമില്ലാഞ്ഞിട്ടോ എനിക്ക് കഷ്ടപ്പാടില്ലാഞ്ഞിട്ടോ അല്ല ഇതൊക്കെ ഞാൻ തന്നെ ചെയ്യുന്നത്. ഞാനുള്ളപ്പോൾ നിങ്ങൾക്ക് വേറൊരാൾ വച്ചുവിളമ്പിത്തരേണ്ടെന്ന് കരുതിയിട്ടാണ്. ജോലിക്കൊരാളെ നിർത്തിയാൽ ശമ്പളത്തിനനുസരിച്ചുള്ള ജോലികളെല്ലാം ഒരുപക്ഷെ എന്നേക്കാൾ നന്നായി അവർ ചെയ്യുമായിരിക്കാം. പക്ഷേ അവരിൽ നിന്നും ഒരു ഭാര്യയുടെ കടമകളൊ അമ്മയുടെ കരുതലോ നിങ്ങൾക്ക് കിട്ടില്ല. അതുകൊണ്ട് തല്ക്കാലം ഇവിടൊരു ജോലിക്കാരിയുടെ ആവശ്യമില്ല. ” ചിരിയോടെ അവന്റെ തലമുടിയിൽ തലോടിക്കൊണ്ട് ശ്രീജ പറഞ്ഞു. ” ഇനി നിനക്കെന്നെ സഹായിച്ചേ പറ്റു എന്നുണ്ടെങ്കിൽ വേലക്കാരിയെ നോക്കാതെ നല്ലൊരു പെൺകുട്ടിയെ കണ്ടുപിടിച്ച് കല്യാണം കഴിക്കാൻ നോക്ക് “
തമാശപോലെ ശ്രീജയത് പറയുമ്പോൾ ശ്രദ്ധയുടെ മുഖമായിരുന്നു അവന്റെ മനസ്സിലേക്കോടിയെത്തിയത്. അവളുടെ ഓർമകളിൽ അവന്റെ മുഖം തിളങ്ങി. ദിവസങ്ങൾ കടന്നുപോയിക്കോണ്ടിരുന്നു. അന്നൊരു ശനിയാഴ്ചയായിരുന്നു. ഏഴുമണിയോടെ പതിവില്ലാതെ പെയ്ത മഴയിൽ നനഞ്ഞ് കുളിച്ച് അഭിജിത്ത് വീട്ടിൽ വരുമ്പോൾ വീട് പൂട്ടിക്കിടന്നിരുന്നു. ആ മതിൽക്കെട്ടിനകം മുഴുവൻ ഇരുട്ടിൽ മുങ്ങിയിരുന്നു. ” ഇവരെല്ലാം കൂടി ഇതെങ്ങോട്ട് പോയി ??? ” ആരോടെന്നില്ലാതെ പറഞ്ഞുകൊണ്ട് മുഖത്തെ ജലകണങ്ങൾ തുടച്ച് അവൻ ഫോണെടുത്ത് ശ്രീജയുടെ നമ്പറിലേക്ക് വിളിച്ചു. ” അഭിയേട്ടാ …. ” പെട്ടന്ന് വിളി കേട്ട് ഫോൺ കട്ട് ചെയ്തുകൊണ്ട് അവൻ തിരിഞ്ഞുനോക്കുമ്പോൾ ഗേറ്റ് കടന്നു കുടയും ചൂടി വരുന്ന ശ്രദ്ധയെയാണ് കണ്ടത്. “
അച്ഛമ്മയുടെ ബന്ധത്തിൽപ്പെട്ട ആരോ മരിച്ചെന്ന് ഫോൺ വന്നിട്ട് എല്ലാവരും കൂടി അങ്ങോട്ട് പോയേക്കുവാ. അഭിയേട്ടനെ ഒരുപാട് തവണ വിളിച്ചിരുന്നു. പക്ഷേ ഫോണിൽ കിട്ടുന്നുണ്ടായിരുന്നില്ല. പിന്നഭിയേട്ടൻ വരുമ്പോൾ തരാൻ താക്കോൽ വീട്ടിലേൽപ്പിച്ചിട്ടാ ആന്റി പോയത്. ” മഴയിൽ നിന്നും വരാന്തയിലേക്ക് കയറി കയ്യിലിരുന്ന താക്കോൽക്കൂട്ടം അവന് നേരെ നീട്ടിക്കോണ്ട് ശ്രദ്ധ പറഞ്ഞു. കൈ നീട്ടി താക്കോൽ വാങ്ങുമ്പോൾ അവന്റെ കൈ അവളുടെ നനഞ്ഞ വിരലുകളിൽ സ്പർശിച്ചു. എന്തെന്നറിയാത്ത ഒരു വികാരം അവന്റെ ശരീരത്തിലൂടെ കടന്നുപോയി. ഒന്ന് ഞെട്ടിയത് പോലെ ശ്രദ്ധ പെട്ടന്ന് കൈ പിൻവലിച്ചു.
നനഞ്ഞുകുതിർന്ന് അവളുടെ കഴുത്തിലൊട്ടിക്കിടന്നിരുന്ന മുടിയിഴകളിലും ഈർപ്പമുള്ള ചുവന്ന ചുണ്ടുകളിലുമായിരുന്നു അപ്പോൾ അഭിയുടെ കണ്ണുകൾ. ” ഞാൻ ചെല്ലട്ടെ അഭിയേട്ടാ അമ്മ തിരക്കും ” പെട്ടന്ന് അവന്റെ മുഖത്ത് നോക്കാതെ തിരിഞ്ഞുകൊണ്ട് അവൾ പറഞ്ഞു. ” ശ്രദ്ധ….. ” പെട്ടന്നൊരുൾപ്രേരണയിൽ അവളുടെ കൈകളിലേക്ക് കടന്നുപിടിച്ചുകൊണ്ട് അവൻ വിളിച്ചു. അമ്പരപ്പോടെ അവളാ കണ്ണുകളിലേക്ക് നോക്കി. ” നിനക്ക്….നിനക്കെന്നെ വിട്ട് പോകാതിരുന്നൂടെ ??? ” ഇടറിയ സ്വരത്തിൽ അഭിയത് ചോദിക്കുമ്പോൾ എല്ലാം മറന്ന് അവനെത്തന്നെ നോക്കി നിൽക്കുകയായിരുന്നു ശ്രദ്ധ. ” അഭിയേട്ടാ ഞാൻ…. ” അവൾ വിക്കി. ” എനിക്ക് നിന്നെ ഇഷ്ടാഡീ.
ഇനി നീയില്ലാതെ പറ്റുമെന്നും തോന്നുന്നില്ല ” അവളുടെ കയ്യിലെ പിടുത്തം ഒന്നുകൂടി മുറുക്കിക്കൊണ്ട് വിറയ്ക്കുന്ന ശബ്ദത്തിൽ അവൻ പറഞ്ഞു. ” മോളെ ശ്രദ്ധ… ” അപ്പുറത്ത് നിന്നും സുധയുടെ വിളി കേട്ട് അവനിൽ നിന്നും കൈകൾ വിടുവിച്ചുകൊണ്ട് ശ്രദ്ധ തിടുക്കത്തിൽ പുറത്തേക്ക് ഓടി. അല്പനേരം കൂടി അവിടെത്തന്നെ നിന്നിട്ട് വാതിൽ തുറന്ന് അഭിജിത്ത് അകത്തേക്കും കയറി. അടുക്കളയിൽ ആഹാരമൊന്നുമില്ലാതിരുന്നതിനാൽ അല്പം ബ്രഡ് മാത്രം കഴിച്ചിട്ട് അവൻ ഉറങ്ങാൻ കിടന്നു. ക്ഷീണം കൊണ്ട് പെട്ടന്ന് തന്നെ ഉറങ്ങിപ്പോയ അവൻ രാവിലെ കാളിങ് ബെല്ല് കേട്ടായിരുന്നു കണ്ണ് തുറന്നത്. ഉറക്കത്തിന്റെ ആലസ്യത്തിൽ അവൻ വന്ന് വാതിൽ തുറക്കുമ്പോൾ കയ്യിലൊരു കപ്പ് ചായയുമായി നിറഞ്ഞ പുഞ്ചിരിയോടെ ശ്രദ്ധ വാതിൽക്കൽ നിന്നിരുന്നു. “
ഇവിടാരുമില്ലാത്തോണ്ട് അഭിയേട്ടനുള്ള ചായ തന്നുവിട്ടതാ അമ്മ ” ചായ അവന് നീട്ടിക്കൊണ്ട് ചിരിയോടെ തന്നെ അവൾ പറഞ്ഞു. ” എന്നാപ്പിന്നെ അഭിയേട്ടൻ ഫ്രഷായിട്ട് വാ. ഞാൻ ബ്രേക്ക് ഫാസ്റ്റ് കൊണ്ടുവരാം. ” പറഞ്ഞുകൊണ്ട് അവൾ തിരിഞ്ഞുനടക്കാനൊരുങ്ങി. ” ശ്രദ്ധ…. ഞാനിന്നലെ തമാശയല്ല പറഞ്ഞത്. അതിന് നിനക്കൊരു മറുപടിയുമില്ലേ ??? ” ചായ കയ്യിൽത്തന്നെ പിടിച്ചുകൊണ്ട് അവൻ പെട്ടന്ന് ചോദിച്ചു. അതിനുള്ള അവളുടെ മറുപടി ഒരു പുഞ്ചിരി മാത്രമായിരുന്നു. പക്ഷേ ആ കണ്ണുകളിൽ അവളുടെ പ്രണയം തെളിഞ്ഞുകാണാമായിരുന്നു.
അവനെ നോക്കി കണ്ണിറുക്കി ചിരിച്ചുകൊണ്ട് അവൾ പുറത്തേക്ക് പോകുമ്പോൾ അവളുടെയാ പുഞ്ചിരി അവന്റെ ചുണ്ടുകളിലേക്കും പകരുകയായിരുന്നു. ഒരു മാസം വളരെ വേഗത്തിൽ കടന്നുപോയി. ഒളിച്ചും പാത്തും അഭിയുടെയും ശ്രദ്ധയുടെയും പ്രണയനദി ശാന്തമായി മുന്നോട്ട് തന്നെ ഒഴുകിക്കോണ്ടിരുന്നു. ” അമ്മേ…. അമ്മേ … ” മുകളിൽ നിന്നും അപർണയുടെ ഉച്ചത്തിലുള്ള വിളി കേട്ടുകൊണ്ടായിരുന്നു ശ്രീജ ഹാളിലേക്ക് വന്നു. ” എന്തിനാ അപ്പൂ ഇങ്ങനെ കിടന്ന് വിളിച്ചുകൂവുന്നത് ??? ” സ്റ്റെപ്പിറങ്ങി താഴേക്ക് വരികയായിരുന്ന അവളെ നോക്കി ശ്രീജ ചോദിച്ചു. ” അമ്മേ… അമ്മയോർക്കുന്നില്ലേ ജാനകിയെ ??? ” ശ്രീജയുടെ അടുത്തേക്ക് വന്ന്കൊണ്ട് അപർണ ചോദിച്ചു. ” അമ്മേ എന്റെ കൂടെ പത്ത് വരെ പഠിച്ച ജാനകിയെ അമ്മ മറന്നോ ??? ” ഓർമകളിൽ പരതിക്കോണ്ടിരുന്ന ശ്രീജയോടായി അവൾ പറഞ്ഞു. “
ആഹ് ഇപ്പൊ ഓർമ വന്നു. പത്താംക്ലാസ്സ് കഴിഞ്ഞപ്പോൾ ആ കുട്ടി പുറത്തേക്കെവിടേക്കോ പോയതല്ലേ ??? ” ശ്രീജ ചോദിച്ചു. മറുപടിയായി അപർണയും ചിരിച്ചു. ” അല്ല ഇപ്പൊ ആ കുട്ടിക്കെന്ത് പറ്റി ??? ” ” അവൾക്കൊന്നും പറ്റിയിട്ടില്ല . അവളിപ്പോ എന്നെ വിളിച്ചിരുന്നു. അവളിപ്പോ ഒറ്റപ്പാലത്തുള്ള അവരുടെ തറവാട്ടിൽ വന്നിട്ടുണ്ട് വെക്കേഷന്. നാളെ അവളിങ്ങോട്ട് വരുന്നുണ്ടെന്ന് ” സന്തോഷം കൊണ്ട് തുള്ളിച്ചാടി അപർണ പറഞ്ഞു. ” ആഹാ അതിനെന്താ വരട്ടെ ” ശ്രീജയും ചിരിയോടെ പറഞ്ഞു. ” എന്റെ ചക്കര അച്ഛമ്മേ എനിക്ക് സന്തോഷം കൊണ്ടിരിക്കാൻ വയ്യ . ” എല്ലാം കേട്ടുകൊണ്ട് നിന്ന കാർത്യായനിയെ കെട്ടിപിടിച്ച് കവിളിൽ ഉമ്മ വച്ചുകൊണ്ട് അപർണ പറഞ്ഞു. “
അതിനവള് നാളെയല്ലേ വരൂ നീയിപ്പോഴേ ഇവിടെക്കിടന്ന് തുള്ളാതെ വന്ന് വല്ലതും കഴിക്കാൻ നോക്ക്. ” ” എനിക്കിപ്പോ ഒന്നും വേണ്ടമ്മേ. ഇനി അവളെ കാണാതെ എനിക്ക് വിശപ്പും ദാഹവുമൊന്നും തോന്നില്ല. ” ശ്രീജയുടെ വാക്കുകൾക്ക് മറുപടിയായി പറഞ്ഞുകൊണ്ട് അവൾ തുള്ളിച്ചാടി മുകളിലേക്ക് തന്നെ പോയി. ” ഇങ്ങനൊരു വട്ട് പെണ്ണ് ” കാർത്യായനിയെ നോക്കി ചിരിയോടെ ശ്രീജ പറഞ്ഞു. പിറ്റേദിവസം രാവിലെ അഭിജിത്ത് ഓഫീസിലേക്ക് പോകാൻ റെഡിയായിക്കോണ്ടിരിക്കുമ്പോഴായിരുന്നു ശ്രദ്ധ മുറിയിലേക്ക് കയറി വന്നത്. ” എന്താടീ കാലത്തേ ഒരു വിസിറ്റ് ?? ” കണ്ണാടിക്ക് മുന്നിൽ നിന്ന് ഷർട്ടിന്റെ കൈകൾ മടക്കിക്കൊണ്ട് അഭിജിത്ത് ചോദിച്ചു. ” എന്താ എനിക്കിങ്ങോട്ട് വന്നൂടെ ?? “
മുഖം വീർപ്പിച്ചുകൊണ്ട് ശ്രദ്ധ ചോദിച്ചു. അവളുടെ വീർത്ത മുഖം കണ്ട് അഭിയുടെ ചുണ്ടിലൊരു കുസൃതിച്ചിരി വിരിഞ്ഞു. ” എന്റെ പൊന്നേ ഞാൻ വെറുതെ ചോദിച്ചെന്നെയുള്ളൂ. ഇവിടെ വരാൻ നിന്നെക്കാൾ അവകാശം വേറാർക്കുണ്ടെഡീ മണ്ടൂസേ ??? ” അവളുടെ അരക്കെട്ടിൽ കൈ ചുറ്റി അവളെ തന്നോട് ചേർത്തുകൊണ്ട് അവൻ ചോദിച്ചു. ” മതി മതി പഞ്ചാരയടിച്ച്ത് ” അവന്റെ കൈകളിൽ നിന്നും കുതറി മാറാൻ ശ്രമിച്ചുകൊണ്ട് അവൾ പറഞ്ഞു. ” എങ്ങോട്ടാഡീ ഈ ഓടുന്നത് ??? ” പുറത്തേക്ക് പോകാനൊരുങ്ങിയ അവളെ ഒന്നുകൂടി തന്നോട് ചേർത്തമർത്തിക്കൊണ്ട് അവൻ ചോദിച്ചു. അവളിലെ അവന്റെ പിടുത്തം വീണ്ടും മുറുകി. ആ മിഴികൾ തമ്മിലുടക്കി. നിശ്വാസങ്ങൾ തമ്മിലിടഞ്ഞു. അഭിജിത്തിന്റെ കണ്ണുകൾ അവളുടെ നനുത്ത അധരങ്ങളിലേക്ക് നീണ്ടു. “
അഭീ….. ” പെട്ടന്ന് റൂമിന്റെ വാതിൽ തള്ളിത്തുറന്ന് അകത്തേക്ക് വന്ന ശ്രീജ അകത്തെ രംഗം കണ്ട് ഒരുനിമിഷം നിശ്ചലമായി നിന്നു. പതറി നിൽക്കുന്ന അഭിയെയും ശ്രദ്ധയെയും നോക്കിയ ശ്രീജയുടെ മിഴികൾ ജ്വലിച്ചു. എന്തുചെയ്യണമെന്നറിയാതെ മിഴികൾ താഴ്ത്തി ഒരു കുറ്റവാളിയെപ്പോലെ നിൽക്കുകയായിരുന്നു അപ്പോൾ അഭിജിത്ത്. ” അമ്മേ ഇതാരാ വന്നിരിക്കുന്നതെന്ന് നോക്കിക്കേ ” പെട്ടന്ന് താഴെ നിന്നും അപർണയുടെ വിളി കേട്ട് അവരെ ഒന്നുകൂടി തറപ്പിച്ച് നോക്കിയിട്ട് ശ്രീജ പുറത്തേക്ക് പോയി. അഭി കൈകൾ ചുരുട്ടി ചുവരിൽ ആഞ്ഞിടിച്ചു. ശ്രീജ താഴെ എത്തുമ്പോൾ ഹാളിൽ അപർണയോടൊപ്പം മറ്റൊരു പെൺകുട്ടി കൂടി നിന്നിരുന്നു. ” ശ്രീജാന്റി എത്ര നാളായി കണ്ടിട്ട് .
എന്നെ ഓർമയുണ്ടോ ??? ” അവരെ കണ്ടതും വള കിലുങ്ങും പോലെ ചിരിച്ചുകൊണ്ട് ഓടി വന്ന് വട്ടം കെട്ടിപിടിച്ചുകൊണ്ട് ജാനകി ചോദിച്ചു. ” മറവി വരാനും മാത്രം പ്രായമൊന്നും എനിക്കായിട്ടില്ലെഡീ കാന്താരി…. ” അവളെ ചേർത്ത് പിടിച്ച് നെറുകയിൽ ഉമ്മ വച്ചുകൊണ്ട് ശ്രീജ പറഞ്ഞു. ” ഏയ് ഇപ്പോഴും മധുരപ്പതിനേഴ് തന്നെ. പക്ഷേ മുടിയൊക്കെ നരച്ച് തുടങ്ങിയല്ലോ ” പൊട്ടിച്ചിരിച്ചുകൊണ്ട് ജാനകി വീണ്ടും പറഞ്ഞു. ” പോടീ കാന്താരി… ഞാൻ ചായ കൊണ്ടുവരാം ” ചിരിയോടെ പറഞ്ഞുകൊണ്ട് ശ്രീജ അടുക്കളയിലേക്ക് നടന്നു. പെട്ടന്നാണ് ശ്രദ്ധ താഴേക്കിറങ്ങി വന്നത്. ജാനകിയും ശ്രദ്ധയും നേർക്ക്നേരെ കണ്ടതും ജാനകിയുടെ മുഖത്തെ ചിരി മങ്ങി. അവളുടെ മിഴികൾ കുറുകി.
തുടരും…..