Wednesday, December 18, 2024
Novel

തൈരും ബീഫും: ഭാഗം 18

നോവൽ: ഇസ സാം

അപ്പനു ക്ഷീണമാണ് എപ്പോഴും…ഒട്ടും പുറത്തിറങ്ങാറില്ല…..ഹോസ്പിറ്റലിലേക്കല്ലാതെ….. ഡേവിസ് എന്നെ വിളിക്കാറുണ്ട്….. “സാൻട്ര എന്ത് പിശുക്കാണ് നിനക്ക് വാക്കുകൾക്കു…… ഞാൻ തന്നെയാണല്ലോ സംസാരിക്കുന്നതു……” ഡേവിസാണ്…….ഞാൻ കള്ളം പിടിക്കപെട്ടവളെ പോലെ നിന്നു. “ഡേവിസ് പറയുന്നത് കേൾക്കാനാണ് എനിക്കിഷ്ടം……” ഞാൻ പറഞ്ഞു….. “എനിക്ക് ഒരു കേൾവിക്കാരിയെയാണ് ഇഷ്ടം… അതുകൊണ്ടു രക്ഷപ്പെട്ടു… അല്ലെങ്കിൽ പെണ്ണിന് കല്യാണത്തിന് ഇഷ്ടല്ല എന്നും പറഞ്ഞു ഇട്ടിട്ടു പോയേനെ…….. ചെക്കന്മാർ…….” ഡേവിസാണ്…… ഇതാണ് ഡേവിസ്……എന്റെ ഓരോ പിന്മാറ്റവും അവൻ അവന്റെ ഇഷ്ടമാക്കി മാറ്റും….. അവന്റെ സ്നേഹം എന്നെ വീർപ്പുമുട്ടിച്ചു കൊണ്ടിരുന്നു…… മനസമ്മതത്തിന്റെ ഡ്രെസ്സും സാധനങ്ങളും ഞാനും ഡേവിസിന്റെ കുടുബവും ഒരുമിച്ചു ചെന്നാ എടുത്തതു.

ഡേവിസ് എന്നെ അവന്റെ ഒപ്പം മുന്നിലിരുത്തിയപ്പോളും എനിക്ക് സാരി വെച്ച് തന്നപ്പോഴും സ്വാതന്ത്ര്യത്തോടെ എന്റെ അടുത്തിരുന്നപ്പോഴും എനിക്ക് വേണ്ടി സാരി തിരഞ്ഞെടുത്തപ്പോഴും എന്നെ പ്രണയത്തോടെ നോക്കുമ്പോഴും എല്ലാം ആ പ്രണയം സ്നേഹം എന്നെ വീർപ്പുമുട്ടിച്ചു കൊണ്ടിരുന്നു…… അഭിനയിച്ചും ചിരിച്ചും ഞാൻ ശ്വാസംമുട്ടി അന്ന് വീട്ടിലേക്കു എന്റെ മുറിയിലേക്ക് ഓടി വരുകയായിരുന്നു….. ആ മുറി അടച്ചു എന്റെ ബെഡിലേക്കു വീഴുമ്പോൾ എനിക്ക് എബിയോട് ദേഷ്യമായിരുന്നു…. എന്നെ പ്രണയിച്ചതിനു……എന്നോട് പ്രണയം പറഞ്ഞതിന്….എന്റെ മനസ്സ് മനസ്സിലാക്കതെ എനിക്കൊരവസരം തരാതെ ശ്വേതയോടൊപ്പം പോയതിനു……എല്ലാം പൊരുത്തപ്പെട്ടു ഒതുങ്ങി കഴിഞ്ഞിരുന്ന എന്നെ അനാവശ്യമായി കെയർ ചെയ്തതിനു…

വീഴാൻ പോയപ്പോ ഞാൻ തളർന്നപ്പോ എന്നെ താങ്ങിയതിനു….ഇപ്പൊ വീണ്ടും എനിക്ക് തണലേകാൻ ഡേവിസിനെയും കൊണ്ട് വന്നു എന്നെ ഇങ്ങനെ ശ്വാസം മുട്ടിക്കുന്നതിനു…..ആദ്യമായി എനിക്ക് എബിയോട് ദേഷ്യം തോന്നി…… ഞാനവനെ ക്ഷണിച്ചില്ല മനസമ്മതം….ശ്വേതയോടു ഫോൺ ചെയ്തു പറഞ്ഞിരുന്നു….അപ്പന് സുഖമില്ലാത്തതു കൊണ്ട് വരാൻ കഴിയില്ല എന്ന് പറഞ്ഞു……അവളും എബിയും വരും എന്ന് ഉറപ്പു പറഞ്ഞു. മോളി ആന്റി എബിയുടെ മമ്മയെ ഞാൻ ക്ഷണിച്ചിരുന്നു…… ഞങ്ങൾ ഇപ്പോൾ ഭയങ്കര കൂട്ടാണു… ഞാൻ പള്ളിയിൽ ചെല്ലുമ്പോൾ മോളി ആന്റിയും വരും…അപ്പോഴാണ് അവർ സ്വസ്ഥമായി എബിയോട് സംസാരിക്കുന്നതു…. ശ്വേതയും എബിയും ഒരുമിച്ചതോടെ എബിയെ വീട്ടിൽ നിന്ന് പുറത്താക്കി…നാട്ടിൽ പോലും അവൻ വരാറില്ല……മോളി ആന്റിക്ക് അവനിലേക്കുള്ള ഏക കണ്ണി ഞാനാണ്. അവന്റെ അപ്പൻ ഇപ്പൊ കിടപ്പിലാണ്…..

സ്ട്രോക്ക് ….കുറച്ചു ദിവസമേ ആയിട്ടുള്ളു…..അത് കാണാൻ അവൻ വന്നിട്ട് പോലും അവന്റെ ചേട്ടന്മാർ അനുവദിച്ചില്ല….. “സാൻഡി മോളെ മനസമ്മതത്തിനു കുരിശിങ്കലിൽ വിളിക്കണ്ട….എങ്കിൽ പിന്നെ സെബാനും അലക്സിയും വരും എനിക്ക് വരാൻ ഒക്കത്തില്ല…… എബിയെ കണ്ടാൽ പിന്നെ പ്രശ്‌നാവും……” മോളി ആന്റിയാണ്…… ഞാൻ സമ്മതിച്ചു…… ആന്റി വരും എന്നും പറഞ്ഞു….. മനസമ്മതത്തിൻ്റെ തലേദിവസം….. ബന്ധുക്കളിൽ ചിലർ ആരെക്കെയോ വന്നു….. അപ്പനെ കണ്ടു…… എന്നെ നോക്കി സഹതപിച്ചു……. അവിടെയും ഇവിടെയും ഒക്കെ ഇരുന്നു ചായയും പലഹാരവും കഴിച്ചു മടങ്ങി….. ഡേവിസിന്റെ അവിടെ ഭയങ്കര മേളമായിരുന്നു…അവൻ കുറെ ഫോട്ടോയൊക്കെ അയച്ചു തന്നു….. അവന്റെ കസിൻസ് ഒക്കെ വിളിച്ചു സംസാരിച്ചു…..

ഭാഗ്യത്തിന് എനിക്ക് ആകപ്പാടെ ഉള്ള ഒന്നോ രണ്ടോ കസിൻ ഗണങ്ങൾ ദൂരെ ജോലി സ്ഥലങ്ങളിൽ ആയതു കൊണ്ട് വരാൻ കഴിയില്ല എന്ന് വിളിച്ചു പറഞ്ഞതിനാൽ എനിക്ക് അധികം അഭിനയിക്കേണ്ടി വന്നില്ല……യഥാർത്ഥ സാൻഡി എവിടെപ്പോയോ………. ആവോ …. അപ്പൻ നേരത്തെ കിടന്നു….രാത്രികളിൽ ഇപ്പോൾ ഉറക്കമില്ല……വേദന അറിഞ്ഞു തുടങ്ങുന്നു……പെയ്ൻ കില്ലേറുകളെയും അത് മറി കടക്കുന്നു ചിലപ്പോൾ ….. ജോസഫ് അങ്കിളും പോയി…ഞാനും ഞങ്ങളുടെ നായകുട്ടിയും ചെന്ന് ഗേറ്റു പൂട്ടി തിരിച്ചു വന്നു…നാളത്തേക്കുള്ള അപ്പന്റെ പുത്തൻ ഉടുപ്പ് എടുത്തു വെച്ചു……എന്റെ മുറിയിൽ ചെന്ന് എന്റെയും ഉടുപ്പും ആഭരണങ്ങളും എല്ലാം എടുത്തു നോക്കി…… നിർവികാരത…എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നി….. എല്ലാ പെൺകുട്ടികളും സന്തോഷിക്കുമ്പോ ഞാൻ എന്താ ഇങ്ങനെ….. എനിക്കെന്താ ഡേവിസിനെ പ്രണയിക്കാൻ കഴിയാത്തെ……

ഞാൻ രണ്ടു കൈകളും തലയിൽ വെച്ച് എന്റെ മുറിയിൽ ഇരുന്നു…….അപ്പോഴാ മൊബൈൽ ബെൽ അടിക്കുന്ന ശബ്ദം…..എബിയാണു ……. എനിക്ക് ദേഷ്യം വന്നു…ഞാനതു കട്ട് ചെയ്തു……വീണ്ടും വിളിക്കുന്നു……ഞാൻ കട്ട് ചെയ്തു…….വീണ്ടും തുടർന്ന് കൊണ്ടിരുന്നു…ഒടുവിൽ ഞാൻ എൻ്റെ മൊബൈൽ ഓഫ് ചെയ്തു വെച്ചു… അപ്പോഴേക്കും അപ്പന്റെ മൊബൈൽ ബെൽ അടിക്കുന്നു…… ഈശോയെ അപ്പൻ ഇപ്പൊ ഉണരുമല്ലോ……ഞാൻ വേഗം താഴേക്കു ഓടി ചെന്ന് അപ്പന്റെ മൊബൈൽ എടുത്തു……എബിയാണ്…..ഞാൻ കട്ട് ചെയ്തു…..അത് ഓഫ് ചെയ്തു വെച്ചു….. ഈശോയെ അവൻ ഇനി ലാൻഡ് ഫോണിൽ വിളിക്കുമോ……വേഗം അങ്ങോട്ട് ഓടിയപ്പോഴേക്കും അവൻ ലാൻഡ് ഫോണിൽ വിളിച്ചു…… ബെല്ലും അടിച്ചു…….. “സാൻഡി……. ആ ഫോൺ എടുക്കു…..അത്യാവശ്യക്കാരാവും….” അപ്പൻ എണീറ്റു……. “ദാ….എടുക്കുന്നു അപ്പാ……..” ഞാനാന്നേ …… ഗത്യന്തരമില്ലാതെ ഞാൻ ഫോൺ എടുത്തു…..

“ഹലോ…….” ഞാനാന്നേ കടുപ്പത്തിൽ ഒരു ഹലോ…… “എന്നാ ഹലോയാടീ ഇതു…….” എബിയാണ്…… “നീ എന്താ ഈ നട്ട പാതിരായ്ക്ക് എന്നെ ഹലോ പറയാൻ പഠിപ്പിക്കാൻ വിളിച്ചതാണോ……?.” എന്റെ മനസ്സു കൈവിട്ടു പോവുന്നുണ്ടായിരുന്നു…….എനിക്കവനോട് ഒന്ന് പൊട്ടിത്തെറിച്ചോളാൻ വയ്യ………. ” അപ്പൻറ്റെ സാൻഡി കലിപ്പിലാന്നോ……” അവന്റ്റെ ഒരു കിന്നാരം….. “ഡാ എബിച്ചാ…നിനക്ക് കിന്നരിക്കാൻ നിന്റെ വീട്ടിൽ ആളുണ്ടല്ലോ…..അങ്ങോട്ട് കിന്നരിച്ചാൽ മതി….ഞാൻ വെക്കുവാ…….” ഞാൻ ഇമ്മാതിരി വർത്തമാനം ഒക്കെ പറഞ്ഞിട്ട് കുറെ കാലമായി……. ശാന്ത സ്വരൂപിണിയായ ഞാൻ ഭദ്രകാളി ആയി മാറിക്കൊണ്ടിരിക്കുവായിരുന്നു……. “ഡീ വെക്കല്ലേ….നിനക്ക് എന്ന പറ്റി?…….. ” അവനാണ്…… അവന്റെ ചോദ്യം കേട്ടില്ലേ ……. ഇവനെയൊക്കെ പ്രണയിച്ച അല്ലെങ്കിൽ ഇപ്പോഴും പ്രണയിക്കുന്നെ എന്നെ ചൂരൽ കമ്പ് എടുത്തു അടിക്കണം.

“ഡാ എബിച്ചാ…….നീ ഫോൺ വെച്ചിട്ടു പോവുന്നുണ്ടോ….?” ഞാനാണേ … ” ഇത്രയും നേരം നീ ഇപ്പൊ വിളിക്കും വിളിക്കും എന്ന് കാത്തിരുന്ന എന്നെ പറഞ്ഞാൽ മതിയല്ലോ…….. ഞാനെങ്ങും നാളെ വരുകേല……. ഇതിനെയൊക്കെ ആ പാവം ചെക്കൻ എങ്ങനെ സഹിക്കും എന്റെ കർത്താവേ…..” എബിയാണു……അവന്റെ ഒരു പ്രാർത്ഥന…… “നീ വരണം എന്ന് എനിക്ക് ഒരു നിര്ബന്ധവും ഇല്ല……. നിന്റെ മമ്മയെ കാണണമെങ്കിൽ മാത്രം വന്നാൽ മതി…… അവർ നിന്നെ കാത്തിരിക്കുന്നുണ്ട്…… പിന്നെ എന്നെ നീ കൂടുതൽ അന്വേഷിക്കേണ്ട…….ഞാൻ എന്റെ ജീവിതവുമായി എങ്ങനെയെങ്കിലും കഴിഞ്ഞോട്ടെ……..”

അതും പറഞ്ഞു ഞാൻ ഫോൺ വെച്ചു. തിരിച്ചു വന്നു അപ്പനോടൊപ്പം കിടന്നപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി . അപ്പൻ കണ്ണ് അടച്ചു കിടപ്പുണ്ടായിരുന്നു……ഉറങ്ങുന്നു എന്നാ ഞാൻ വിചാരിച്ചതു….പക്ഷേ ആ കൈകൾ എന്റെ നെറുകയിൽ തലോടിയപ്പോൾ ആണ് ഞാനറിഞ്ഞത് അപ്പൻ ഉറങ്ങിയിട്ടില്ല എന്ന്….. ഞാൻ നിശബ്ദയായി കണ്ണടച്ച് കിടന്നു……. അപ്പനും മൗനമായിരുന്നു….ചില നേരങ്ങളിൽ മൗനം പോലും ആശ്വാസമാണ്. 🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 രാവിലെ ബ്യൂട്ടീഷ്യൻ വന്നു എന്നെ ഒരുക്കി….. അപ്പന് വേണ്ടി…..അപ്പന് എന്നെ അങ്ങനെ കാണാൻ ഇഷ്ടാണ്……എപ്പോഴും പറയുമായിരുന്നു…… പ്രാർത്ഥിച്ചു ഞങ്ങൾ പള്ളിയിലേക്ക് ഇറങ്ങി…അപ്പനു ഞാനാ ഷർട്ട് ഒക്കെ ഇടീപ്പിച്ചു കൊടുത്തതു….എൻ്റെ മനസമ്മതത്തിനു ഇവിടെ മുഴുവൻ ഓടി നടന്നു ഒരുങ്ങേണ്ട അപ്പനാ……

ചിരിക്കുന്നുണ്ട് എല്ലാരോടും വർത്തമാനം പറയുന്നുണ്ട്…….പക്ഷേ എന്നെ നോക്കുമ്പോഴെല്ലാം ആ കണ്ണുകൾ നിറയുന്നുണ്ട്….. ഡേവിസും കുടുംബവും എത്തിയപ്പോൾ പിന്നെ മേളമായിരുന്നു…… ഡേവിസിനു ഒരുപാട് കൂട്ടുകാരും കസിന്സും ഒക്കെ ഉണ്ടായിരുന്നു…… എല്ലാരും ഒന്ന് നിശ്ശബ്ദരായതു പള്ളിക്കുള്ളിൽ കയറിയപ്പോഴാണ്……ഡേവിസ് ഒന്ന് സ്വസ്ഥമായി നിന്നതു എന്റൊപ്പം പള്ളിക്കുള്ളിൽ അച്ഛനു മുന്നിൽ വന്നു നിന്നപ്പോഴാണു…… അവൻ എന്നോട് ചേർന്ന് നിന്ന് പതുക്കെ പറഞ്ഞു….. അവന്റെ കണ്ണുകൾ ഞങ്ങൾക്ക് മുന്നിൽ നിൽക്കുന്ന വികാരിയിലായിരുന്നു. “ഇന്ന് ചിരിക്കു പിശുക്കരുത് കേട്ടോ…………….. സാന്ട്ര ചിരിക്കുമ്പോ നല്ല ഭംഗിയാണ് ………..” ഡേവിസാണെ …… എനിക്ക് പൊതുവേ ചിരി കുറവാണ്… എപ്പോൾ ഡേവിസ് വരുമ്പോഴും എന്റെ മനസ്സു മറ്റെങ്ങോ ആയിരിക്കുമല്ലോ……

ഇന്നും അതുപോലെ ചിരിക്കാണ്ടിരുന്നാലോ എന്ന് തോന്നിക്കാണും. “ആണോ…… എങ്കിൽ പിന്നെ ചിരിക്കേണ്ട………ആരെങ്കിലും കണ്ണ് വെച്ചാലോ……..” ഞാനും പതുക്കെ അവന്റെ അടുത്തേക്കു നീങ്ങി നിന്ന് പറഞ്ഞു തെല്ലു കുറുമ്പൊടെ…… അവൻ ഒന്ന് തലചരിച്ചു നോക്കി…… ” ഇന്ന് ചിരിച്ചില്ല എങ്കിൽ ഞാൻ എല്ലാരേയും മുന്നിൽ വെച്ച് കിസ് ചെയ്യും…….സത്യം…….” ഈശോയെ എന്റെ കിളികൾ എല്ലാം എങ്ങോ പറന്നു പോയി……. ഇവൻ എങ്ങാനും അങ്ങനെ ചെയ്യോ……. കാനഡയിൽ ഒക്കെ അങ്ങെനെയൊക്കെ ആയിരിക്കുമോ….എന്തിനു കാനഡ……നമ്മുടെ കൊച്ചു കേരളത്തിൽ തന്നെ ഞാൻ എത്രയോ എൻഗേജ്മെൻ്റ് ഫോട്ടോസ് കണ്ടിരിക്കുന്നു…….. ഒത്തിരി നാൾക്കു മുന്നേ ഒരു മനസമ്മതം കൂടിയപ്പോൾ ചെക്കനും പെണ്ണും ഉമ്മ വെച്ചല്ലോ………. ഈശോയെ ഡേവിസ് എങ്ങാനും അങ്ങനെ ചെയ്‌താൽ ……

അപ്പൻ പോലും ഒന്നും പറയില്ല…….. അവൻ എന്നെ ഇടകണ്ണിട്ടു നോക്കി……. ഞാൻ യാന്ത്രികമായി ചിരിച്ചു പോയി….. പിന്നെ അവൻ എപ്പോ എന്നെ നോക്കിയാലും എന്റെ ചിരി സൗജന്യം…. അവനു മാത്രല്ല…..എല്ലാർക്കും…. ഈശോയെ അവനു അങ്ങനെ ദുര്ബുദ്ധി ഒന്നും തോന്നിപ്പിക്കല്ലേ……. ഞാൻ കണ്ണടച്ചു പ്രാർത്ഥിച്ചു……..ഒപ്പം എനിക്ക് ഡേവിസിനെ സ്നേഹിക്കാൻ കഴിയണേ….പ്രണയിക്കാൻ കഴിയണേ…… ഇപ്പോൾ ഞാൻ ഭയക്കുന്ന ഈ ചുംബനത്തെ സ്നേഹത്തോടെ പ്രണയത്തോടെ സ്വീകരിക്കാനുള്ള മനസ്സു എനിക്ക് തരണേ…….അങ്ങനെയൊക്കെ പ്രാർത്ഥിച്ചു നിൽക്കുമ്പോൾ ഈ മനസ്സു ഒരു കള്ളനാണല്ലോ…..പ്രാര്ഥനയോടൊപ്പം ഒരിക്കൽ ഞാൻ തലങ്ങും വിലങ്ങും അടിച്ചു ചുവപ്പിച്ച കവിളുകളും പ്രണയം നിറഞ്ഞ കണ്ണുകളുമുള്ള ഒരു പതിനേഴു വയസ്സുകാരൻ തെളിഞ്ഞു വന്നു…….അവന്റെ കലങ്ങിയ കണ്ണുകളും…….

ഞാൻ പെട്ടന്ന് തിരിഞ്ഞു നോക്കി…….അവനെ ഞാൻ ഇന്ന് കണ്ടില്ലല്ലോ…..എബി വന്നില്ലേ……. അവൻ വരാതിരിക്കുമോ……..ഞാൻ തിരിഞ്ഞു നോക്കുന്നത് കണ്ടിട്ട് അപ്പൻ എന്നെ നോക്കി….എന്താ എന്ന് ചോദിച്ചു……ഡേവിഡിന്റെ അമ്മയും ചോദിച്ചു…….ഞാൻ ഒന്നുമില്ല എന്ന് തലയാട്ടി……പക്ഷേ എന്റെ മനസ്സു പരതി കൊണ്ടിരുന്നു……. അവൻ വരാതിരിക്കുമോ……ഇല്ല വന്നിട്ടുണ്ടാകും……..അവസാന വരിയിൽ നിൽപ്പുണ്ടാവും…. ഞാൻ അവനെ നോക്കി…… പരസ്പരം സമ്മതം പറഞ്ഞു ചടങ്ങുകൾ കഴിഞ്ഞു…അടുത്ത ബന്ധുക്കൾ അടുത്ത് വന്നു സംസാരിച്ചു….ഫോട്ടോ എടുക്കലായി…….എന്റെ കണ്ണുകൾ എബിയെയും ശ്വേതയെയും പരതി കൊണ്ടിരുന്നു……. ആൾക്കൂട്ടത്തിനും അപ്പുറം അവസാനത്തെ വരിയിൽ ഒരു വെള്ള ഫുൾ സ്ലീവ് മടക്കി വെച്ച ഒരു കൈ എന്നെ നോക്കി വീശുന്നു,…

എണീറ്റ് നിൽക്കുന്നു….. എബിയാണു….അവന്റെ മുഖത്തു ഒരു കള്ള ചിരി ഉണ്ടായിരുന്നു…….എന്റെ കള്ളത്തരം കണ്ടു പിടിച്ച കുസൃതി ചിരി….. ഞാൻ അവനെയാണ് നോക്കുന്നത് എന്ന് മനസ്സിലാക്കിയ ചിരി…… എന്റെ മുഖത്തെ ഭാവവും അതൊക്കെ തന്നെയായിരുന്നു……ഞാൻ പോലുമറിയാതെ വിരിഞ്ഞ ഒരു നേർത്ത ചിരി. പിന്നെ ഫോട്ടോഷൂട്ട് വൻ ദുരന്തമായിരുന്നു എനിക്ക്…..ഇതാണ് മനസമ്മതത്തിന്റെ അവസ്ഥ എങ്കിൽ കല്യാണത്തിന് ഞാൻ ഇവമ്മാരെ വിളിക്കേല…. ഡേവിസിനോട് ചേർന്ന് നിൽക്കാൻ മടികാണിച്ചിരുന്ന ഞാൻ അവസാനം ഡേവിസിന്റ്റെ മടിയിൽ വരെ ഇരുന്നു ഫോട്ടോ എടുത്തു…… ഇനിയിപ്പോ ക്യാമറ ചേട്ടന്മാർ ഡേവിസിനെ ഉമ്മ വെക്കാൻ പറഞ്ഞാൽ ഞാൻ ചിലപ്പോൾ അതും ചെയ്യും……..ആ അവസ്‌ഥയിലെക്കു ഡേവിസും അവന്റെ കസിന്സും ക്യാമറ ചേട്ടന്മാരും എന്നെ കൊണ്ടെത്തിച്ചു…..

.ഇതിനിടയ്ക്ക് എപ്പോഴോ ശ്വേതയും മോളി ആന്റിയും എബിയും വന്നു എന്നോട് സംസാരിച്ചു……എബി എന്നോടു സംസാരിച്ചില്ല….ഡേവിസിനോട് സംസാരിച്ചു…… ഞങ്ങളൊപ്പം നിന്ന് ഒരു ഫോട്ടോയും എടുത്തു……. ശ്വേതയും മോളി ആന്റിയും മുന്നിലായി നടന്നു….എബി കുറച്ചു പുറകിലായി നടന്നു ….ഞാൻ അവരെ നോക്കി നിൽപ്പുണ്ടായിരുന്നു…… ഡേവിസും ക്യാമറ ചേട്ടനമാരും അടുത്ത ഷോട്ടിനെ പറ്റി കടുത്ത ചർച്ചയിൽ ആയിരുന്നു…… ഞാൻ എബി പോകുന്നതും നോക്കി നിന്നു. എബി പെട്ടന്ന് തിരിഞ്ഞു നോക്കി…..ഞാനപ്പോൾ തന്നെ മാനത്തും നോക്കി……അല്ല പിന്നെ..വീണ്ടും അവൻ ചിരിക്കും……അവൻ നടന്നു എന്റെ അടുത്ത് വന്നു…… “ഡീ സാൻഡി ഒന്നിങ്ങു വന്നേ…….” അവൻ വിളിക്കുവാ …..പോണോ…..എന്തിനാ ചിന്തിക്കുന്നത്……ഞാൻ അവന്റെ അടുത്ത് എത്തിയായി…….ഈ കാലും മനസ്സും കണ്ണും എല്ലാം എന്നെ ചതിക്കുവാണോ…….എല്ലാം അങ്ങോട്ടാണല്ലോ…… “ഡീ….നീ ആരെയാ തിരിഞ്ഞു നോക്കിയത്………? ചടങ്ങു നടന്നപ്പോൾ……..” എബിയാണു .

ഒരു കള്ളാ ചിരിയും ഉണ്ട്. പിശാശു അതും കണ്ടു………. എന്നെ ഇട്ടു തീ തീറ്റിക്കുന്നതും പോരാ……. “മോളി ആന്റിയുടെ ഭർത്താവിനെ…….. ചാക്കോ കുരിശിങ്കൽ…..നിന്റ്റെ അപ്പൻ ” അവന്റെ അപ്പനാന്നേ….എന്നാ ചെയ്യാനാ…..കലിപ്പായാൽ ഞാനിങ്ങനാ…… അവന്റെ മുഖം മാറുന്നുണ്ട്……. ദേഷ്യം വരുന്നുണ്ട്…….. വരട്ടെ……എന്നെ വെറുത്തു …….ദൂരെ പോട്ടെ….. ഇനിയും എന്നോട് സ്നേഹത്തോടെ സംസാരിക്കാതെ ഇരിക്കട്ടെ…… “നിനക്ക് രണ്ടു കിട്ടാത്തതിന്റെ കുറവുണ്ട്…….” അവനാന്നേ………. കലിപ്പ് നിറയുന്നുണ്ട്….ഇന്നലത്തെ കലിപ്പും കൂടെ ഉണ്ടാവും….. എന്നെ ഡേവിസ് വിളിച്ചു…… ഞാനിപ്പോൾ വരാം എന്ന് വിളിച്ചു പറഞ്ഞു…… “നീ ചെല്ലു എബിച്ചാ…… എന്നോട് നീ മിണ്ടണ്ട……ഞാൻ ഇങ്ങനാ ഇപ്പൊ…… എനിക്കറിയാന്മേല…….

ഇങ്ങെനേ നിന്നോട് സംസാരിക്കാൻ പറ്റുന്നുള്ളു………….. ” ഞാൻ വിദൂരതയിൽ നോക്കി പറഞ്ഞു…… എന്റെ കണ്ണ് നിറഞ്ഞിരുന്നോ…ആവോ…… എബി എന്നെ തന്നെ നോക്കി നിൽപ്പുണ്ടായിരുന്നു…… “എനിക്കും ഈ സാൻഡിയെയാണ് ഇഷ്ടം…… വീട്ടിൽ പോയി കളിക്കെടാ എന്ന് പണ്ട് നീ അലറിയപ്പോഴും നിന്റെ ഭാവം ഇതായിരുന്നു…….. കട്ട കലിപ്പ്…… ഗുഡ്…… ഈ ഭാവം എന്നോട് മാത്രം മതി കേട്ടോ…… ” അതും പറഞ്ഞു എബി തിരിഞ്ഞു നടന്നു. അവന്റെ ശബ്ദം ഇടറിയോ……ആ തോന്നിയതാവും…എല്ലാം എന്റെ തോന്നലാ……എല്ലാം….. ഞാനും തിരിച്ചു ഡേവിസിന്റ്റെ അരികിലേക്കു നടന്നു. എന്റെ നിറഞ്ഞ കണ്ണുകൾ ഡേവിസ് കാണാതിരിക്കാൻ ഞാൻ ശ്രദ്ധിച്ചു……എങ്ങേനെയും എനിക്ക് ഡേവിസിനെ സ്നേഹിച്ചേ മതിയാവുള്ളൂ……