Friday, November 15, 2024
Novel

നിന്നെയും കാത്ത്: ഭാഗം 63

രചന: മിത്ര വിന്ദ

പ്രാണന്റെ പാതി.

പ്രസവ ശേഷം ഏകദേശം രണ്ട് മണിക്കൂർ കഴിഞ്ഞപ്പോൾ, ഗൗരി യെ റൂമിലേക്ക് മാറ്റിയിരുന്നു.

കുഞ്ഞിപ്പെണ് ആണെങ്കിൽ എൻ ഐസിയുവിൽ ആയിരുന്നു..  പീഡിയാട്രീഷൻ വന്നിട്ട് എന്തൊക്കെയോ ചെക്കപ്പ് കൂടി നടത്തിയ ശേഷമേ കുഞ്ഞിനെ റൂമിലേക്ക് കൊണ്ടുവന്ന് തരുകയുള്ളൂ എന്ന് ഒരു സിസ്റ്റർ വന്ന് അവരെ അറിയിച്ചു..

അമ്മയും ലീല ചേച്ചിയും കൂടി ഗൗരി യോട് ഓരോ കാര്യങ്ങൾ ഒക്കെ ചോദിക്കുന്നുണ്ട്..

ഒരുപാട് വേദനിച്ചോ… ഡോക്ടർ um സിസ്റ്റർമാരും ഒക്കെ നന്നായി കെയർ ചെയ്തോ…… അങ്ങനെ എന്തൊക്കെയോ ഒക്കെ.

അവിടമാകേ കരഞ്ഞു നിലവിളിച്ചു ബഹളം കൂട്ടിയവൾ പറയുവാ, അധികം വേദന ഒന്നും എടുത്തില്ല ന്നു..

മഹി ആണെങ്കിൽ അവളെ തുറിച്ചു നോക്കി.

അത് കണ്ടതും ഗൗരി കണ്ണ് ചിമ്മി.

“എന്താടാ നീ ഇങ്ങനെ നോക്കുന്നെ… ”

ടീച്ചറമ്മക്ക് സംശയം ആയി.

“എന്റെ അമ്മേ… ഇവള് എന്തൊരു ബഹളം ആയിരുന്നു ന്നൊ….. എനിക്ക് ആണെങ്കിൽ അതു ഓർക്കുമ്പോൾ ഇപ്പോളും ശരീരത്തിൽ ഒരു വിറയൽ ആണ്… അപ്പോളാ ഈ ഗൗരി പറയുന്നത് അവൾക്ക് അധികം വേദന ഒന്നും എടുത്തില്ലെന്ന് ”

മഹിയുടെ സംസാരം കേട്ടതും, ടീച്ചർ അമ്മയും ലീല ചേച്ചിയും കൂടി ചിരിച്ചു.

” അത് അങ്ങനെയാണ് മോനെ, എത്രയൊക്കെ വേദന സഹിച്ചാലും ശരി, ഉറക്കെ നിലവിളിച്ചാലും ശരി അവസാനം ആ കുഞ്ഞിന്റെ മുഖം ഒന്ന് കാണുമ്പോൾ, ആ അമ്മ  അനുഭവിച്ചത് എല്ലാം മറക്കും… ഈ ലോകത്തിലെ എല്ലാ അമ്മമാരും അങ്ങനെയാണ്.. പിന്നെ അവളുടെ ലോകം ആ കുഞ്ഞിലേക്ക് മാത്രമായി ചുരുങ്ങും… കുഞ്ഞിന്റെ ഓരോ ചലനങ്ങളും ഓരോ വളർച്ചയും, മാത്രമാകും പിന്നെ അമ്മയ്ക്ക്  ശ്രെദ്ധ.. തന്റെ കുഞ്ഞിന്റെ മുഖം ഒന്ന് വാടിയാൽ, മറ്റാരെക്കാളും വേഗത്തിൽ അത് തിരിച്ചറിയുന്നത് അവന്റെ പെറ്റമ്മ മാത്രമായിരിക്കും…അതാണ് മോനെ അമ്മ…. ”

ടീച്ചർ അമ്മ പറഞ്ഞു നിർത്തിയത് മഹി അവരുടെ ഇരു കവിളിൽ ഓരോ മുത്തം കൊടുത്തു…

അവർ തിരിച്ച് മകനെയും പുണർന്നു…

അപ്പോഴും എല്ലാം നോക്കിക്കൊണ്ട് ഗൗരി ഒരു ചിരിയോടെ ബെഡിൽ കിടക്കുകയാണ്..

 

ഹിമയും കീർത്തനയും ഒക്കെ , നാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്.. കുഞ്ഞുവാവയെയും ഗൗരിയെയും കാണുവാനായി..

കുടുംബത്തിലുള്ള എല്ലാവരോടും, ടീച്ചർ അമ്മ വിശേഷങ്ങളൊക്കെ വിളിച്ചു പറയുന്നുണ്ട്..

അല്പം കഴിഞ്ഞതും, ഒരു സിസ്റ്റർ റൂമിലേക്ക് കയറി വന്നു.

അവരുടെ കയ്യിൽ, വെളുത്ത ഒരു പഞ്ഞിക്കെട്ട് ഉണ്ടായിരുന്നു..അതിൽ നമ്മുടെ കുഞ്ഞുവാവയിം..

ഗൗരിയുടെ അടുത്തേക്ക് കൊണ്ടുവന്ന  അവർ കുഞ്ഞിനെ കിടത്തി…

പെട്ടന്ന് തന്നെ കുഞ്ഞൊന്നു ചിണുങ്ങി.

“ചേച്ചി… നന്നായി ഫുഡ് കഴിക്കണം ആവശ്യത്തിനു വെള്ളവും… എങ്കിൽ മാത്രമേ ബ്രസ്റ്റ് ഫീഡിങ് ആവശ്യത്തിന്  കൊടുക്കുവാൻ പറ്റുകയൊള്ളു … ചേച്ചി എഴുന്നേറ്റ് ഭിത്തിയിൽ ചാരി, നന്നായി നിവർന്നിരുന്ന്, വേണം കുട്ടിക്ക് ഫീഡ് ചെയ്യേണ്ടത്.. ഒരു പില്ലോയുടെ സഹായത്തോടുകൂടി കുഞ്ഞിനെ മടിയിൽ കിടത്തിയാൽ മതി….
… അങ്ങനെ കുറെയേറെ കാര്യങ്ങൾ ആ സിസ്റ്റർ അവളോട് പറഞ്ഞു കൊടുത്തു..

ഗൗരി എല്ലാം കേട്ടുകൊണ്ട്  കിടന്നു.

എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിച്ചാൽ മതി കേട്ടോ ചേച്ചി… എന്ന് പറഞ്ഞുകൊണ്ട് ആ സിസ്റ്റർ റൂമിൽ നിന്നും ഇറങ്ങിപ്പോയി..

മഹിയാണെങ്കിൽ, കുഞ്ഞി പെണ്ണിനെ, കയ്യിലെടുത്ത് കൊഞ്ചിച്ചു കൊണ്ട് കസേരയിൽ ഇരിക്കുകയാണ്…

“അസ്സൽ ഗൗരി… ല്ലേ ടീച്ചറെ…”

ലീല , കുഞ്ഞിനെ നോക്കിയിട്ട് ടീച്ചറമ്മയോട് പറഞ്ഞു…

“നിക്ക് ഇപ്പോളെ പറയാൻ അറിയില്ല ലീലേ… ഇത്തിരി കൂടി പ്രായമാകുമ്പോഴേ എനിക്ക് മനസ്സിലാകു….  സത്യം പറഞ്ഞാൽ ഏതു കുഞ്ഞുങ്ങളെ കണ്ടാലും എനിക്ക് ഈ പ്രായത്തിൽ ഒരുപോലെ തോന്നും…”

” ഗൗരിയെ പോലെയാണ്ന്നു എനിക്കു തോന്നുന്നു.. ല്ലേ മഹി കുട്ടാ ”

ലീന ചേച്ചി മഹിയെ നോക്കി..

“മ്മ്….. അതിനു ഈ കുറുമ്പി ഒന്ന് കണ്ണ് തുറക്കണ്ടേ ലീല ചേച്ചി… എനിക്ക് ഇങ്ങനെയൊന്നും കണ്ടാൽ, ഷേപ്പ് പറയാൻ ഒന്നും അറിഞ്ഞുകൂടാ….”

. അവരുടെ സംസാരം കേട്ടിട്ടാണോ, അതോ വിശന്നിട്ടാണോ എന്നറിഞ്ഞുകൂടാ,കുഞ്ഞിപ്പെണ്ണ് വേഗം കണ്ണുതുറന്നു ഉറക്കെ കരയാൻ തുടങ്ങി..

മഹി, അമ്മയുടെ കയ്യിലേക്ക് വാവയെ കൊടുത്ത ശേഷം, ഗൗരിയുടെ ഇരു തോളിലും പിടിച്ച് അവളെ, ഭിത്തിയിലേക്ക് ചാരി ഇരുത്തി..

എപ്പിസോട്ടമി കഴിഞ്ഞതുകൊണ്ട്,അങ്ങനെ ഇരുന്നപ്പോൾ അവൾക്ക് വല്ലാത്ത വേദന തോന്നി..

എങ്കിലും അവൾ അത് ആരോടും പുറത്ത് പറയാതെ, കുഞ്ഞിനെ മടിയിലേക്ക് വാങ്ങി..

വിശപ്പു മാറിയപ്പോഴാണ്, കുഞ്ഞുവാവ കരച്ചിൽ നിർത്തിയത്..

വേദന കൊണ്ട് ഗൗരിയുടെ നെറ്റി ചുളിഞ്ഞത്, കണ്ടപ്പോൾ മഹിക്കും നൊമ്പരം തോന്നി..

അമ്മയോടും ലീല ചേച്ചിയോടും ഒന്നും അവൾ പറഞ്ഞില്ലെങ്കിലും മഹിക്ക് കാര്യം അറിയാമായിരുന്നു.

“ടാ… ഒരുപാട് വേദന ഉണ്ടോ… ഞാൻ സിസ്റ്ററെ വിളിക്കാം…”

അവളെ പിടിച്ച് തിരികെ ബെഡിലേക്ക് കിടത്തിയപ്പോൾ മഹി ശബ്ദം താഴ്ത്തി പറഞ്ഞു.

“കുഴപ്പമില്ല മഹിയേട്ടാ… മരുന്നൊക്കെ വെച്ചതാണ് മാറിക്കോളും….”

. ആ വേദനിക്കിടയിലും അവൾ പുഞ്ചിരിക്കാൻ ശ്രമിച്ചു..

വൈകുന്നേരത്തോടുകൂടി കുടുംബത്തിലെ മറ്റ് അംഗങ്ങളെല്ലാവരും എത്തിച്ചേർന്നു..

കൃഷ്ണജക്ക് മാത്രം നാളെ ലീവ് കിട്ടുകയുള്ളൂ..

അതുകൊണ്ട് അവൾ അന്ന് എത്തിയിരുന്നില്ല.

കുഞ്ഞിനെ കണ്ടതും, ഹിമയും സിദ്ധാർധും ഒക്കെ സന്തോഷത്തോടുകൂടി എടുത്ത് ഓമനിക്കുകയാണ്..

” നോക്കിക്കേ സിദ്ധു ഏട്ടാ,, ഗൗരിയുടെ മുടി അപ്പാടെ കിട്ടിയിട്ടുണ്ട് കുഞ്ഞിന്… ല്ലേ ”

. “ഹ്മ്മ്… ശരിയാ ”

സിദ്ധു അത് ശരി വെച്ചു…

കുഞ്ഞി പെണ്ണിന്റെ, തല നിറയെ ധാരാളം ചുരുണ്ട മുടിയുണ്ടായിരുന്നു.

ഹിമയുടെ സംസാരം കേട്ടപ്പോൾ, കുഞ്ഞ് ഇടയ്ക്കൊക്കെ കണ്ണ് ചിമ്മുന്നുണ്ടായിരുന്നു..

കീർത്തനയും,പ്രണവും കുട്ടികളും ഒക്കെ വന്നശേഷം, എല്ലാവരും കൂടി തിരികെ വീട്ടിലേക്ക് പോയത്.. ടീച്ചർ അമ്മയെയും മഹി അവരോടൊപ്പം പറഞ്ഞു വിട്ടിരുന്നു.. അവനും ലീല ചേച്ചിയും മാത്രം മതി, ഹോസ്പിറ്റലിൽ എന്നും, എന്തെങ്കിലുമൊക്കെ ആവശ്യം വന്നാൽ, സിസ്റ്റർമാർ, വരുമെന്നും പറഞ്ഞ് അവരെ ഒരുപാട് നിർബന്ധിച്ച് ശേഷമാണ് മഹി അയച്ചത്..

ലീല ചേച്ചി കുളിക്കുവാൻ കയറിയ തക്കത്തിന്, മഹി , ഗൗരിയുടെ അടുത്തേക്ക് ഓടി വന്നു..

അവളുടെ മിഴിവാർന്ന മുഖം തന്റെ കൈക്കുമ്പിളിൽ എടുത്തു, ഇരുകവിളുകളിലും മാറിമാറി ചുംബിച്ചു..

ഗൗരി….

ഹ്മ്മ്..

ഒരുപാട് വേദന സഹിച്ചു ല്ലേ….

കുഴപ്പമില്ല ഏട്ടാ…… നമ്മുടെ വാവയെ കിട്ടാൻ വേണ്ടി അല്ലായിരുന്നോ..

അവന്റെ, കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീർ അവൾ തന്റെ കൈപ്പത്തിയാലേ ഒപ്പി..

“ഏട്ടൻ എന്തിനാണ് ഇങ്ങനെ  കരയുന്നത്,, കൊച്ചുകുട്ടികളെ പോലെ ”

” നിന്റെ, ഉറക്കെയുള്ള നിലവിളി എന്റെ കാതുകളിൽ ഇപ്പോഴും അലയടിക്കുകയാണ് ഗൗരി…. ”

“അതൊക്കെ അങ്ങനെയാണ് മഹിയേട്ടാ…. എത്രയൊക്കെ ത്യാഗം സഹിച്ചാലും, ഈശ്വരൻ നമ്മൾക്കായി കാത്തുവെച്ചത് ഈ നിധിയല്ലേ…. അതുമാത്രം മതി, നമ്മൾക്ക് ഈ ജന്മം ജീവിച്ചു തീർക്കുവാൻ….”

അവൾ തിരികെ അവന്റെ കവിളിലും ഒരു മുത്തം നൽകി..

ലീല ചേച്ചി ഡോർ തുറന്ന് ഇറങ്ങിവരുന്ന ശബ്ദം കേട്ടതും മഹി അവളിൽ നിന്നും അകന്നു മാറി…

 

അടുത്ത ദിവസങ്ങളിൽ ഒക്കെയും ഗൗരിയെയും വാവയെയും കാണുവാനായി  ഹോസ്പിറ്റലിൽ ബന്ധുമിത്രാദികൾ ഓരോരുത്തരായി എത്തിച്ചേർന്നിരുന്നു…

ഹോസ്പിറ്റലിൽ നിന്ന് ഗൗരിയും കുട്ടിയും ഡിസ്ചാർജ് ആയി വന്ന ശേഷമാണ് ഹിമയും കീർത്തനയും ഒക്കെ പിരിഞ്ഞുപോയത്..

കുഞ്ഞിന്റെ ചെറിയ ചെറിയ കരച്ചിലും ബഹളങ്ങളും ഒക്കെയായി, ആ വീട് മെല്ലെ ഉണർന്നു തുടങ്ങിയിരുന്നു.

പാറുക്കുട്ടിയമ്മയെയാണ് ഗൗരിയുടെ പ്രസവരക്ഷയും മറ്റും ആയി ബന്ധപ്പെട്ട കാര്യങ്ങൾ നോക്കുവാനായി, ടീച്ചർമ്മ ചുമതലപ്പെടുത്തിയത്..

ഒരു കെട്ട് അങ്ങാടി മരുന്നുകളും ആയാണ് അവർ  വന്നു കയറിയത്..…… തുടരും…..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…