Thursday, December 19, 2024
Novel

കവചം 🔥: ഭാഗം 30

രചന: നിഹ

പുറകിൽ നിന്ന് പൊട്ടിച്ചിരിക്കുന്ന ദേവകിയെ കണ്ട് അവൻ കണ്ണ് മിഴിച്ചു പോയി . അവരുടെ കണ്ണുകൾ ചോര നിറത്തിൽ തിളങ്ങുന്നു. കണ്ണുകളിൽ രൗദ്രഭാവം… അവൻ്റെ ഹൃദയം പേടികൊണ്ട് നിർത്താതെ ഇടിക്കാൻ തുടങ്ങി. നടക്കുന്നതൊന്നും വിശ്വസിക്കാൻ അപ്പോഴും അവന് സാധിച്ചില്ല. കാലുകൾ ചലനമറ്റ് അവൻ സ്തംഭിതനായി നിന്നു. ഹ…..ഹ…..ഹ… കാതടപ്പിക്കുന്ന തരത്തിലുള്ള പൊട്ടിച്ചിരി അന്തരീക്ഷത്തിലാകെ മുഴങ്ങി കേട്ടുകൊണ്ടിരുന്നു. അനന്തന് ആദ്യം ഓർമ്മ വന്നത് ആതിരയുടെ മുഖമാണ്.

കാലുകൾ ചലനമറ്റു നിൽക്കുന്നത് കൊണ്ട് അവന് ഓടാൻ സാധിച്ചില്ല. ഉള്ളിലുള്ള ധൈര്യം സംഭരിച്ചു കൊണ്ട് അവൻ ഓടാൻ ശ്രമിച്ചു. ദേവകിയുടെ വിശ്വരൂപം പുറത്തുവരുന്ന മുമ്പായി അനന്തൻ തപ്പിയും തടഞ്ഞു മുൻപോട്ടു ഓടി . ഭയം കൊണ്ട് അവൻറെ ശരീരം തളരുന്നു .ദേവകിയെ തിരിഞ്ഞു നോക്കാൻ പോലും അവന് ധൈര്യം ഉണ്ടായിരുന്നില്ല. രക്ഷപ്പെടാനുള്ള പരിശ്രമത്തിൽ അവൻ ഓടിയതും കാലുകൾ കുഴഞ്ഞ് അവൻ നിലത്തേക്ക് വീണു.മനസ്സിലെ പേടി ശരീരമാകെ വ്യാപിച്ചു.

വീഴ്ചയിൽ ദേഹം എവിടെയൊക്കെയോ മുറിഞ്ഞിട്ടുണ്ട്, പക്ഷേ അതൊന്നും അവൻ അറിഞ്ഞതേയില്ല.അകലേക്ക് തെറിച്ചുവീണ ടോർച്ച് തപ്പി തിരഞ്ഞെടുത്ത് അവൻ വീണ്ടും മുന്നോട്ട് ഓടി. അവൻ്റെ കാൽപാദങ്ങൾ പൊട്ടി ചോര ഒലിച്ചു. രാത്രി ദേവകി വിളിക്കാൻ വരുമെന്നും ഇങ്ങനെ ഒരു സാഹചര്യം ഉണ്ടാകുമെന്നുംഅവൻ ഒട്ടും പ്രതീക്ഷിച്ചതല്ലായിരുന്നു. ഭയത്തിന് ആക്കം കൂട്ടുന്ന തരത്തിൽ പല തരത്തിലുള്ള ശബ്ദങ്ങളും പക്ഷികളുടെ സ്വരങ്ങളും അവന്റെ ചെവിയിൽ വന്നു പതിച്ചു കൊണ്ടിരുന്നു.

ഏതാനും നിമിഷത്തേയ്ക്ക് അന്തരീക്ഷം പൂർണ്ണമായും നിശ്ശബ്ദമായി. ആ നിശബ്ദത പോലും അവനെ ഭയപ്പെടുത്തി. നിലാവിൻ്റെ നിലാവെളിച്ചം ചെറിയ രീതിയിൽ ഭൂമിയിൽ പതിക്കുന്നുണ്ടായിരുന്നു . അവൻ ചുറ്റിലും കണ്ണോടിച്ചു .. പുറകിൽ നിന്നിരുന്ന ദേവകിയെ കാണാത്തത് അവനെ വിറകൊള്ളിച്ചു. താൻ വീട്ടിൽ നിന്നുമിറങ്ങി നിമിഷത്തെ മനസ്സാൽ ശപിച്ചു. അവൾ ഏത് നിമിഷവും തന്നെ ആക്രമിക്കുമെന്ന ബോധ്യത്തോടെയാണ് അനന്തൻ ഓടിക്കൊണ്ടിരുന്നത്. ശരീരം തളർന്ന് ഒരടിപോലും മുൻപോട്ട് വയ്ക്കാൻ കൽപ്പില്ലാതെ അവൻ തളർന്നു നിന്നു.

അവൻ്റെ കിതപ്പ് പോലും പ്രതിധ്വനിയായി കേട്ടുകൊണ്ടിരുന്നു. അനന്തൻ തലയുയർത്തി നിന്നതും രണ്ട് കൈകൾ വന്ന് അവൻ്റെ കഴുത്തിൽ പിടിച്ച് ഞെരിച്ചു കൊണ്ടിരുന്നു. ശ്വാസം കിട്ടാതെ അവൻ്റെ കണ്ണുകൾ പുറത്തേയ്ക്ക് മിഴിഞ്ഞു. തൊണ്ടയിൽ പതിഞ്ഞ ആ കൈകൾ അഗ്നി പോലെ ദേഹത്തെ പൊള്ളിച്ചുകൊണ്ടിരുന്നു. ഒരു വിധം അവൻ വീണ്ടും മുന്നോട്ട് ഓടാൻ ശ്രമിച്ചു. എന്നാൽ അവന് അതിന് കഴിഞ്ഞില്ല . ആ കൈകൾ അവനെ പിടുത്തമിട്ടിരുന്നു. അവളുടെ കൈകളിൽ കിടന്ന് ഞെരിഞ്ഞമരാൻ അല്ലാതെ രക്ഷപ്പെടാൻ അവന് കഴിയുമായിരുന്നില്ല. സമയം മുന്നോട്ട് പോയപ്പോൾ അവൻ്റെ ശരീരം പൂർണ്ണമായും തളർന്നുപോയി .

ജീവൻ്റെ തുടിപ്പുകൾ നേർത്തു വന്നു. അവളുടെ കൂർത്ത നഖങ്ങൾ അവൻ്റെ കഴുത്തിലെ ഞരമ്പുകൾ വലിച്ചു പറിക്കുന്നത് പ്രാണ വേദനയോടെ അവൻ അറിയുന്നുണ്ടായിരുന്നു. എന്നാൽ അവനിൽ ഉറക്കെ വിളിച്ചു കരയാൻ ശബ്ദം അവശേഷിക്കുന്നില്ലായിരുന്നു. ജീവനില്ലാത്ത ഒരു ശവം മാത്രമായിരുന്നു അവൻ. ഇതൊന്നും അറിയാതെ അവൻ്റെ വരവിനായി കാത്തിരിക്കുകയായിരുന്നു ആതിര. ” അനന്തേട്ടാ…….” ഗൗരി ഞെട്ടിപിടഞ്ഞ് എഴുന്നേറ്റു. അവളുടെ തൊണ്ടയിലെ വെള്ളം വറ്റി വരണ്ട് ഉമ്മി നീര് ഇറക്കാൻ പോലും ബുദ്ധിമുട്ട് അനുഭവപ്പെട്ടു. അവളാകെ വിയർത്തു കുളിച്ച് കണ്ണും മിഴിച്ച് കുറച്ച് നേരമിരുന്നു. സ്വപ്നമാണെന്ന് അംഗീകരിക്കൻ അവളുടെ മനസ്സ് മടിച്ചു. ഗൗരിയുടെ ഹൃദയം വല്ലാതെ പിടയ്ക്കാൻ തുടങ്ങി .

അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി. കുറച്ച് നേരം അവൾ അങ്ങനെയിരുന്നു കരഞ്ഞു. പെട്ടെന്ന് സ്വബോധം വന്നപോലെ അവൾ എഴുന്നേറ്റു മുറിയിലെ വെട്ടം തെളിച്ചു. വല്ലാതെ ദാഹിക്കുന്നു…. മേശപ്പുറത്തെ ജഗ്ഗിലേയ്ക്ക് അവളുടെ കൈകൾ നീങ്ങി.കഷ്ടി ഒരു ഗ്ലാസ് വെള്ളം മാത്രം … വെള്ളം കണ്ട മാത്രയിൽ തന്നെ അവൾ അതെടുത്ത് കുടിച്ചു. വെള്ളം അകത്ത് ചെന്നപ്പോൾ തൊണ്ടയുടെ ബുദ്ധിമുട്ട് കുറഞ്ഞ് ജീവൻ വച്ചത് പോലെ അവൾക്ക് തോന്നി. സമയം അറിയാനായി അവൾ ക്ലോക്കിൽ നോക്കി .

പുലർച്ചേ 4.30 …. സമയം അറിഞ്ഞപ്പോൾ അവളുടെ ഉള്ളിലൂടെ ഒരു കൊള്ളിയാൻ മിന്നി മറഞ്ഞു. പുലർച്ചെ കാണുന്ന സ്വപ്നങ്ങൾ ഒക്കെ ഫ‌ലിക്കുമെന്ന് നാരായണി പറയാറുള്ളത് അവളുടെ ഓർമ്മകളിലേക്ക് കടന്നു വന്നു. ” ദേവി ആദിപരാശക്തി…. അമ്മേ … ആർക്കും ആപത്തൊന്നും സംഭവിക്കരുതേ… ഏട്ടനും എട്ടത്തിയെയും രക്ഷിക്കണേ…” ഗൗരി അറിയാതെ തന്നെ യാചിച്ചു. അവളുടെ മനസ്സ് വളരെ ചഞ്ചലമായി കൊണ്ടിരുന്നു. സ്വപ്നത്തിന്റെ ഭീകരതയും പുലർക്കാലവും അവളെ ഭയപ്പെടുത്തി കൊണ്ടിരുന്നു. ഗൗരി വേഗം ഫോൺ കൈയിലെടുത്തു.

അവരെ വിളിച്ച് കാര്യം തിരക്കാതെ അവൾക്ക് ഒരു സമാധാനവും ഉണ്ടായിരുന്നില്ല. അനന്തൻ്റെ നമ്പറിലേയ്ക്ക് അവൾ കോൾ ചെയ്തു. പെട്ടെന്ന് റിംഗ് ചെയ്യുന്നതിന് മുന്നേ അവൾ തന്നെ കട്ട് ചെയ്തു. ഈ സമയത്ത് താൻ വിളിച്ച് അവരെ ബുദ്ധിമുട്ടിപ്പിക്കരുതെന്ന് അവൾ ഓർത്തു. കുഞ്ഞിയില്ലാത്തത് കൊണ്ട് ഏറെ വൈകിയാകും അവർ കിടന്നതെന്ന് അവൾക്ക് ഊഹിക്കാവുന്നതേയുള്ളൂ.കോൾ ചെയ്യാൻ പോലും കഴിയാതെ അവൾ കുരുങ്ങി. ” ഒരുപക്ഷേ ഞാൻ അവരുടെ കാര്യം ഓർത്ത് കിടന്നിട്ടാകും ഇങ്ങനെ ഒരു സ്വപനം കണ്ടത് ….

എന്നാലും പുലർച്ചേ കാണുന്ന സ്വപ്നങ്ങൾ… ദൈവമേ … കുറച്ച് കൂടി കഴിഞ്ഞാൽ അവരെ വിളിച്ച് എത്രയും പെട്ടെന്ന് അവിടെ നിന്നും പോകാൻ പറയണം … എന്നാലും ദേവകി ചേച്ചി ….പുള്ളിക്കാരി … ആകെ ഒരു ഭയം തോന്നുന്നു….” ഗൗരിയ്ക്ക് കിടന്നിട്ട് കിടപ്പുറയ്ക്കുന്നുണ്ടായിരുന്നില്ല. കൂട്ടിൽ അടച്ച വെരുകിനെ പോലെ അവൾ മുറിക്കകത്ത് കൂടി വെപ്രളപ്പെട്ട് നടന്നു. സമയം ഇഴഞ്ഞു പോകുന്നത് പോലെയാണ് അവൾക്ക് തോന്നിയത്. സമയം കൂടുതോറും അവളുടെ പേടി ഇരട്ടിച്ചു കൊണ്ടിരുന്നു. അവരുടെ ജീവൻ ആപത്തിലാണെന്ന് മനസിൻ്റെ ഉള്ളിൽ ആരോ പറയുന്നത് പോലെ.. ” വേണ്ട … ഇനിയും മറച്ചു വയ്ക്കാൻ പാടില്ല…

അവരുടെ ജീവൻ ആപത്തിലാണ്. ഒളിച്ചു താമസിക്കുന്നതിലും നല്ലത് ജീവൻ രക്ഷിക്കുന്നതാ… എത്രയും പെട്ടെന്ന് അവിടത്തെ സാഹചര്യം ഇവരോട് പറയണം .. ഇനിയും അവർ അവിടെ നിന്നാൽ ശരിയാവില്ല… ഇപ്പോൾ തന്നെ പറയണം.. ആതീ ഏട്ടത്തി പറഞ്ഞത് കേട്ടാൽ ചിലപ്പോൾ ജീവൻ തന്നെ…” മനയിലെ കാര്യങ്ങൽ ഗൗരി വീട്ടിൽ ഉള്ളവരോട് പറയാൻ തന്നെ തീരുമാനിച്ചു.അവൾക്ക് വലുത് അവരുടെ ജീവനായിരുന്നു. അനിരുദ്ധ് നേരത്തെ ജോലിക്ക് പോകുന്നത് കൊണ്ട് ഫുഡ് ഉണ്ടാക്കാൻ നാരായണിയും ആര്യയും നേരത്തെ തന്നെ അടുക്കളയിൽ കയറും . ഇപ്പോൾ അവർ അടുക്കളയിൽ കയറി കാണുമെന്നും അവൾക്ക് അറിയാം. എല്ലാം തുറന്നു പറയാൻ തീരുമാനിച്ച് അവൾ താഴേയ്ക്ക് പോയി..… തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…