Wednesday, December 18, 2024
Novel

കവചം 🔥: ഭാഗം 6

രചന: നിഹ

” പറ മോളേ …. നീ അങ്ങോട്ടേങ്ങാനും പോയിരുന്നോ … നിനക്ക് എങ്ങനാ ഇതെല്ലാം അറിയാവുന്നത് ….” ഭയന്ന് നിൽക്കുന്ന ആതിരയുടെ കൈയിൽ പിടിച്ചു കൊണ്ട് രാമൻ ചോദിച്ചു. ഒരു നിമിഷം എന്തു പറയണമെന്നറിയാതെ ആതിര ചിന്തിച്ചു നിന്നു. ഇനി സ്വപ്നം കണ്ടെതാണെന്ന് പറഞ്ഞാൽ രാമേട്ടനും കൂടി അവിശ്വസിക്കുമോ ….. ” ആതിരമോൾ എന്താ മിണ്ടാതെ നിൽക്കുന്നത് … ?

പറ … നിനക്ക് എങ്ങനെയറിയാം … ” ? ” അതു പിന്നെ ഞാൻ …. ഞാൻ സ്വപ്നം കണ്ടതാ രാമേട്ടാ… ” ആതിര പറഞ്ഞിട്ട് രാമേട്ടന്റെ മുഖത്തേയ്ക്ക് നോക്കി. “സ്വപ്നമോ..” രാമേട്ടന്റെ മുഖത്തെ ഞെട്ടൽ അവൾ ശരിക്കും കണ്ടു. ” മോൾ സ്വപ്നത്തിൽ കുളവും പാലമരവുമൊക്കെ കണ്ടോ … ” വിശ്വാസം വരാതെ ഒരിക്കൽ കൂടി രാമൻ നായർ ആതിരയോട് ചോദിച്ചു. ” അതെ രാമേട്ടാ…. ” കാര്യമായിട്ട് എന്തോ പ്രശ്നമുണ്ടെന്ന് ആതിരയ്ക്ക് രാമന്റെ ഭാവവിത്യാസങ്ങൾ കണ്ടപ്പോൾ മനസ്സിലായി. ”

എന്റെ മഹാമായേ … ആതിര ഇതൊക്കെ സ്വപ്നം കണ്ടുവെന്നോ…. അതിനർത്ഥം അവൾക്ക് ആതിര വഴി എന്തെങ്കിലും ചെയ്ത് തീർക്കാനുണ്ടെന്നാണോ … അതോ ഇനി അവൾക്ക് ആതിരയെ തന്നെയാണോ വേണ്ടത് …. ” ” രാമേട്ടാ …. ” ആതിരയുടെ വിളിയാണ് രാമനെ ചിന്തയിൽ നിന്നും ഉണർത്തിയത്. ” മോളേ നീ പ്രത്യേകം സൂക്ഷിക്കണം . സന്ധ്യ സമയത്ത് പുറത്തേയ്ക്ക് ഒന്നും ഇറങ്ങരുത്.

പ്രത്യേകിച്ച് കുളക്കടവ് , കാവ് ഇവിടെയ്ക്ക് … ഗൗരിയോടും പറയണം. പറ്റുമെങ്കിൽ ഇവിടം വിട്ട് പോകാൻ നോക്ക് … ” ആതിര എന്താണ് പറയാൻ വന്നതെന്ന് പോലും കേൾക്കാൻ തയ്യാറാവാതെ രാമൻ നായർ വെപ്രാളത്തോടെ പറഞ്ഞു. അദ്ദേഹം പറഞ്ഞത് കേട്ടതും ആതിരയുടെ മനസ്സിൽ ഭയം വീണ്ടും തുടികൊട്ടി. ” എനിക്ക് നിവർത്തിയില്ലാത്തതു കൊണ്ടാ ഇവിടേയ്ക്ക് വീണ്ടും വന്നത്. ഞാൻ ഈ മനയിലാ ജോലി ചെയ്തിരുന്നതെന്ന് എല്ലാവർക്കും അറിയാം …

മറ്റൊരിടത്തും അവരുടെ ഭയം കൊണ്ട് എനിക്ക് പണി കിട്ടില്ല മോളേ … നീ ഇവിടെ നിന്നും പോക്കോ… ഇത് നല്ലയിടമല്ല … ” “ഞാൻ സംശയിച്ചതു പോലെ തന്നെ ഇവിടെ എന്തോ … എന്തോ ഉണ്ട് … എത്രയും പെട്ടെന്ന് രക്ഷപ്പെടണം. പക്ഷേ അനന്തേട്ടനെ എങ്ങനെ പറഞ്ഞ് മനസ്സിലാക്കും ഞാൻ … ” ആതിര സങ്കടത്തോടെ മനസ്സിൽ ഓർത്തു. ” അനന്തന് ഇതിലൊന്നും വിശ്വാസമില്ല അല്ലേ മോളേ … മന വാങ്ങിക്കുന്ന സമയത്ത് ഞാൻ കുറെ കാര്യങ്ങൾ സൂചിപ്പിച്ചതാ പക്ഷേ … ”

രാമൻ നായർ ഒരു ദീർഘ നിശ്വാസമെടുത്തു . ” എനിക്ക് അറിയില്ല രാമേട്ടാ … ഞാൻ പറയുന്നത് ആരും വിശ്വസിക്കുന്നില്ല. ഓരോ നിമിഷവും പേടിച്ചാ ഞാനിവിടെ കഴിയുന്നത് … ” ആതിരയും രാമൻ നായരും സംസാരിച്ചു നിന്നപ്പോഴേക്കും ഗൗരിയും അനന്തനും ഭക്ഷണം കഴിച്ചിട്ട് വന്നു. അവർ അങ്ങോട്ടേയ്ക്ക് വന്നതും ആതിരയും രാമേട്ടനും സംസാരം നിർത്തി അവർ നടന്നു വരുന്നത് നോക്കി നിന്നു . ”

എന്താ രണ്ടാൾക്കും ഒരു ഗൗരവം … എന്തോ കാര്യമായിട്ട് സംസാരിക്കുകയാണെന്ന് തോന്നുന്നല്ലോ ….” – ഗൗരി ” പ്രത്യേകിച്ച് ഒന്നുമില്ല… ഞങ്ങൾ വെറുതെ ഓരോ വിശേഷങ്ങൾ പറയുകയായിരുന്നു … ” ആതിര മറുപടി കൊടുത്തു. ” എന്നാൽ ഇനി സമയം കളയണ്ട … നമ്മുക്ക് പോയേക്കാം … ” ഗൗരി വളരെ ഉത്സാഹത്തോടെ പറഞ്ഞിട്ട് ആതിരയുടെയും രാമന്റെയും മുഖത്തേയ്ക്ക് മാറി മാറി നോക്കി. ” എങ്ങോട്ടേയ്ക്ക് പോകുന്ന കാര്യമാ … ” തെല്ലൊരു സംശയത്തോടെ രാമേട്ടൻ ഗൗരിയെ നോക്കി.

” അതു കൊള്ളാം … രാമേട്ടാ കുറച്ച് മുന്നെ പറഞ്ഞിരുന്നില്ലേ കാവും കുളവും കാണാൻ പോകുന്ന കാര്യം … അങ്ങോട്ടേയ്ക്ക് പോകുന്ന കാര്യമാ ഗൗരി പറഞ്ഞത് ” അനന്തനാണ് രാമേട്ടന്റെ ചോദ്യത്തിന് മറുപടി പറഞ്ഞത്. അനന്തനും പോകാൻ തന്നെ തീരുമാനമെടുത്തതിനാൽ അവരെ തടഞ്ഞിട്ട് കാര്യമില്ലെന്ന് രാമന് മനസ്സിലായി . ഗൗരി വീണ്ടും പറയുകയാണെങ്കിൽ എങ്ങനെയെങ്കിലും അവളെ പറഞ്ഞു പിന്തിരിപ്പിക്കണമെന്നാണ് രാമൻ ചിന്തിച്ചിരുന്നത്.

പക്ഷേ അനന്തനും അവളെ പിന്തുണച്ച സ്ഥിതിക്ക് അവരെ അവിടേക്ക് കൊണ്ടുപോകാൻ അയാൾ നിർബന്ധിതനായി. അവിടേക്ക് പോകുന്ന കാര്യം ഓർത്തപ്പോൾ തന്നെ അയാളിൽ സംഭ്രമം നിറഞ്ഞു . ” പോകണമെന്ന് നിർബന്ധമാണെങ്കിൽ ഇപ്പോൾ തന്നെ പോകാം …സന്ധ്യ മയങ്ങുമ്പോൾ തിരിച്ചെത്തണം….. ” രണ്ട് ചുവട് മുൻപോട്ട് നടന്നുകൊണ്ട് അയാൾ പറഞ്ഞു. രാമേട്ടന്റെ സമ്മതം കിട്ടിയതോടെ ഗൗരിയുടെ മുഖം സന്തോഷം കൊണ്ട് വിടർന്നു.

അനന്തൻ കുളവും കാവും ഉണ്ടെന്ന് പറഞ്ഞപ്പോൾ മുതൽ എങ്ങനെയെങ്കിലും അവരെ എത്തുക എന്നതായിരുന്നു ഗൗരിയുടെ ലക്ഷ്യം. അവൾ വേഗം രാമന്റെ പുറകെ നടക്കാൻ തുടങ്ങി. “വാ… ആതിരേ വേഗം വാ…” സന്തോഷത്തോടെ അനന്തൻ ആതിരയെ അവരുടെ കൂട്ടത്തിലേക്ക് ക്ഷണിച്ചു. “ഞാൻ എവിടേക്കും ഇല്ല …. നിങ്ങൾ പോയാൽ മതി. എന്റെ മോളെയും കൊണ്ടുപോകേണ്ട … ” അതും പറഞ്ഞ് അവൾ അനന്തന്റെ കൈയിൽ നിന്നും കുട്ടിയെ പിടിച്ചു വാങ്ങി. കുട്ടിയെ അനന്തന്റെ കൈയിൽ നിന്നും എടുത്തതും വേദ കിടന്ന് കരയാൻ തുടങ്ങി. ” നിച്ചും …. പോണം …. ”

അവൾ അനന്തന്റെ നേരെ നോക്കി എടുക്കാനായി കൈ ഉയർത്തി. കുട്ടിയുടെ കരച്ചിൽ കേട്ട് രാമനും ഗൗരിയും തിരിഞ്ഞു നിന്നു . ” നിനക്കെന്താ ആതിരേ… എന്തുപറഞ്ഞാലും ഒരു വക നിഷേധം. കുറച്ചുദിവസമായി തുടങ്ങിയിട്ട് …. നിന്നെ കൊല്ലാൻ ഒന്നുമല്ലല്ലോ വിളിക്കണേ … നമ്മുടെ വീടിന്റെ ഒരു ഭാഗം കാണാനല്ലേ പോണത് … വെറുതെ കുഞ്ഞിനെ കരയിക്കാൻ ആയിട്ട് ….” അനന്തൻ ദേഷ്യത്തോടെ ആതിരയെ നോക്കി. “അത് പിന്നെ അനന്തേട്ടാ… ഞാൻ സ്വപ്നം … ” പറയാൻ വന്നത് പെട്ടെന്ന് വിഴുങ്ങി ആതിര നിശബ്ദയായി .

തന്റെ സ്വപ്നത്തെക്കുറിച്ച് പറഞ്ഞാൽ അവൻ വിശ്വസിക്കില്ലെന്ന് അവൾക്ക് അറിയാമായിരുന്നു. എങ്കിലും പെട്ടെന്ന് അവളുടെ വായിൽ നിന്നും സ്വപ്നത്തെക്കുറിച്ച് പുറത്തേക്ക് വന്നു. ” സ്വപ്നമോ … ” ആതിര ഒന്നും മിണ്ടാതെ നിൽക്കുന്നത് കണ്ട് പുച്ഛത്തോടെ അവൻ പറഞ്ഞു ” ഓ … വല്ല സ്വപ്നവും കണ്ടുകാണും . നിനക്ക് ഇപ്പോൾ ഇതുതന്നെയല്ലേ പണി വീട്ടിൽ എന്തോ ഉണ്ടെന്ന് സ്ഥാപിച്ചെടുക്കൽ ….” വേദ കരഞ്ഞുകൊണ്ട് ആതിരയുടെ കയ്യിൽ നിന്നും നിലത്തിറങ്ങാൻ കുതറി കൊണ്ടിരുന്നു.

” അടങ്ങിയിരിക്കെടീ … നിനക്ക് എങ്ങോട്ട് പോകാനാ ….” കുഞ്ഞിനെ നോക്കിക്കൊണ്ട് ആതിര ദേഷ്യപ്പെട്ടു. ” നീ എന്തിനാടി …എന്നോടുള്ള ദേഷ്യം കൊച്ചിനോട് തീർക്കുന്നത് . മോള് വാ…. ” ആതിരയുടെ കൈയിൽ നിന്നും അനന്തൻ മോളെ എടുത്തു.അനന്തന്റെ കൈകളിലേക്ക് വന്നതും വേദ അവൻറെ തോളിലേക്ക് ചാഞ്ഞു കിടന്നു. ആതിരയുടെയും അനന്തന്റെയും വാദപ്രതിവാദങ്ങൾ കണ്ട് ഗൗരിയും രാമനും സങ്കടത്തോടെ നോക്കി. ഏട്ടന്റെയും ഏട്ടത്തിയുടെയും ഇടയിൽ ഇതുവരെ ഇല്ലാത്ത പൊരുത്തക്കേടുകൾ സംഭവിച്ചതിന്റെ സങ്കടമായിരുന്നു ഗൗരിയ്ക്ക്

എങ്കിൽ ആതിരയുടെ ദയനീയ അവസ്ഥ ഓർത്തിട്ടായിരുന്നു രാമന് സങ്കടം. ” ഏട്ടത്തിയ്ക്ക് കാവും കുളവുമൊക്കെ ഇഷ്ടമായിരുന്നല്ലോ …ഏട്ടത്തി തന്നെയല്ലേ പറഞ്ഞത് കുളപ്പടവിൽ പോയിരുന്ന് കഥകൾ എഴുതണമെന്ന് .. മന മുഴുവൻ ചുറ്റി നടന്ന് ഭംഗി കണ്ട് ആസ്വദിക്കണമെന്ന് ….ഇപ്പോൾ എന്താ പറ്റിയത് … ” നിരാശയോടെ ഗൗരി ആതിരയോട് ചോദിച്ചു. ” ഗൗരി മോളെ നീ എങ്ങോട്ടും പോകണ്ട ഏട്ടത്തി പറയുന്ന കേൾക്ക് …. ” ആതിര ഗൗരിയോടുള്ള സ്നേഹം കൊണ്ട് അവളുടെ തോളിൽ പിടിച്ചു കൊണ്ട് പറഞ്ഞു

. ” നീ വാ ..ഗൗരി …അവൾ വരണ്ട … നമുക്ക് പോകാം … ” അവൻ കുഞ്ഞിനെയും കൊണ്ട് മുൻപോട്ട് നടന്നു. ” അനന്തേട്ടാ …. നിൽക്ക് മോളെ കൊണ്ടു പോകല്ലേ …. ” താൻ സ്വപ്നം കണ്ടതുപോലെ കുഞ്ഞിന് എന്തെങ്കിലും സംഭവിക്കുമോ എന്നോർത്ത് ആതിരയുടെ നെഞ്ചു പിടഞ്ഞു. അനന്തൻ താൻ പറയുന്നത് കേൾക്കില്ലെന്ന് ഉറപ്പായത്തോടെ അവൾ വിഷമത്തോടെ രാമനെ നോക്കി. ” മോനേ … കുഞ്ഞിനെ കൊണ്ടുപോകണ്ട … നമ്മൾ പോകുന്നത് അത്ര നല്ല സ്ഥലമൊന്നുമല്ല …

പോകുന്ന വഴി മൊത്തം കാടാ … പിന്നെ മൂങ്ങ, പുള്ള് , പാമ്പ് …എല്ലാമുണ്ട്. എന്തെങ്കിലും കണ്ട് കുഞ്ഞ് പേടിച്ചാൽ പിന്നെ പറഞ്ഞിട്ട് കാര്യമില്ലല്ലോ …. ” അനന്തന് മനസ്സിലാവും വിധം രാമൻ കാര്യങ്ങൾ അവതരിപ്പിച്ചു. ” മോളെ അങ്ങോട്ട് കൊണ്ടു പോകേണ്ട അനന്തേട്ടാ …. ഏട്ടൻ തന്നെയല്ലേ പറഞ്ഞത് , മോൾക്ക് പേടി തട്ടിയാൽ പിന്നെ അവളെ അത് ബാധിക്കുമെന്നൊക്കെ … അതുകൊണ്ട് ഇപ്പോൾ കുഞ്ഞിനെ അങ്ങോട്ട് കൊണ്ടുപോകേണ്ട … പ്ലീസ് … ” രാമൻ പറഞ്ഞതിനെ പറ്റി അനന്തൻ ആലോചിക്കുന്നത് കണ്ട് ആതിര അടുത്തേക്ക് ഓടിയെത്തി.

” ഉം… ശരി . മോളും നീയും വരണ്ട … ” അനന്തൻ കുഞ്ഞിനെ തിരികെ ആതിരയെ ഏൽപ്പിച്ചു . വേദയെ കൈയിൽ കിട്ടിയതും ആതിരയുടെ മനസ്സ് തണുത്തു . അവൾ കുട്ടിയെ ഇറുക്കി പുണർന്നു. അനന്തൻ കുട്ടിയെ ആതിരയ്ക്ക് തിരികെ നൽകിയപ്പോൾ രാമനും സമാധാനമായി. ആതിര നന്ദിയോടെ രാമനെ നോക്കി. ” ഏട്ടാ … നമ്മളെല്ലാവരും പോയാൽ ഏട്ടത്തിയും കുഞ്ഞിയും തനിച്ചാവില്ലേ വീട്ടിൽ ….. ” കുറച്ച് ദിവസങ്ങളായി ആതിരയുടെ മാനസിക അവസ്ഥ അത്ര ശരിയല്ലെന്ന് അറിയാവുന്നതുകൊണ്ട് തന്നെ ആശങ്കയോടെ ഗൗരി പറഞ്ഞു.

അതുകൊണ്ട് തന്നെയാ ഞാൻ പറഞ്ഞത് അവളോട് വരാൻ ….. പക്ഷേ ആരോട് പറയാൻ … ” അനന്തൻ രൂക്ഷഭാവത്തിൽ ആതിരയെ നോക്കി. അവളുടെ സ്വഭാവത്തിൽ വ്യത്യാസങ്ങൾ വന്നതുകൊണ്ട് തന്നെ അവളെ തനിച്ചാക്കി പോകാൻ അവനും ഭയമായിരുന്നു. ചില സമയത്ത് അവൾക്ക് സ്വബോധമില്ലാത്ത അവസ്ഥ നേരിട്ടു കണ്ടതുകൊണ്ട് തന്നെ അവളെ തനിച്ചാക്കി പോകാതെ എങ്ങനെയും തന്റെ കൂടെ കൂട്ടാൻ അവൻ ആഗ്രഹിച്ചു. ഗൗരി പറഞ്ഞപ്പോഴാണ് താൻ തനിച്ചാകുമെന്ന യാഥാർത്ഥ്യം ആതിര ഓർത്തത്.

താൻ തനിച്ചായപ്പോൾ ഉണ്ടായിട്ടുള്ള ഭീകരാവസ്ഥ ഓർത്തപ്പോൾ അവളിൽ ഭയം നിറഞ്ഞു. കൂടെ പോകാനും ഒറ്റയ്ക്കിരിക്കാനും കഴിയാതെ അവൾ വലഞ്ഞു. തന്റെ അവസ്ഥ പൂർണ്ണമായി മനസ്സിലാക്കുന്ന ഒരേ ഒരാൾ രാമേട്ടൻ ആണെന്ന് അറിയാവുന്നത് കൊണ്ട് ആതിര നിസ്സഹായതയോടെ അയാളെ നോക്കി. ആ നിമിഷം അദ്ദേഹവും ഗൗരവം നിറഞ്ഞ ഭാവത്തിൽ ചിന്തയിലായിരുന്നു. എല്ലാവരും എന്താണെന്ന് ചെയ്യേണ്ടതെന്നറിയാതെ നിശബ്ദരായി നിന്നു . ” നിൽക്ക് … ഞാനിപ്പോൾ വരാം ….” കുറച്ചു നിമിഷത്തെ ആലോചനക്കു ശേഷം അദ്ദേഹം എല്ലാവരോടുമായി പറഞ്ഞു. രാമൻ പേടിച്ചു നിൽക്കുന്ന ആതിരയെ നോക്കി ധൈര്യമായിരിക്ക് എന്ന രീതിയിൽ കണ്ണുകൾ കൊണ്ട് ആംഗ്യം കാണിച്ചു. എന്നിട്ട് വീടിന്റെ മുന്നിൽ കാണുന്ന ഇടവഴിയിലൂടെ മുന്നോട്ടു നടന്നു..…… തുടരും….

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…