കവചം 🔥: ഭാഗം 3
രചന: നിഹ
” ആതിരേ…. വരൂ …. ഞാനാ വിളിക്കുന്നത് …. പാലമരച്ചുവട്ടിലേയ്ക്ക് വരൂ …. എത്ര വർഷമായി ഞാൻ നിന്നെ കാത്തിരിക്കുന്നു … വാ …. ” അശരീരിയായ ആ ശബ്ദം വീണ്ടും വീണ്ടും ആതിരയുടെ കാതുകളിൽ പതിച്ചുകൊണ്ടിരുന്നു. വശ്യമായ ആ ശബ്ദം കേട്ടതും ആതിര യാന്ത്രികമായി എഴുന്നേറ്റു . അവൾ എഴുന്നേറ്റതും ശാന്തമായിരുന്ന അന്തരീക്ഷം ആശാന്തമാകാൻ തുടങ്ങി. കാർമേഘം ചന്ദ്രനെ മറച്ചതും നിലാവെളിച്ചം മങ്ങി ചുറ്റിലും അന്ധകാരം വ്യാപിച്ചു.
പാലപ്പൂവിന്റെ രൂക്ഷഗന്ധം മുറികളിൽ നിറഞ്ഞതോടെ ശക്തമായ കാറ്റ് അടിക്കാൻ തുടങ്ങി. പാലമരത്തിലിരുന്ന് മൂങ്ങകൾ പേടിപ്പിക്കുന്ന ശബ്ദത്തോടെ മൂളാൻ തുടങ്ങി.ആരെയോ കാത്തിരിക്കുന്നത് പോലെ അവ തലചുറ്റും വട്ടം കറക്കി കരഞ്ഞുകൊണ്ടിരുന്നു. കീഴാറ്റൂർ മനയുടെ വടക്കുഭാഗത്തായുള്ള കുളത്തിലെ വെള്ളത്തിലെ വെള്ളത്തിൽ ചെറിയ ചെറിയ ചുഴികൾ രൂപപ്പെടാൻ തുടങ്ങി.
അവ പതഞ്ഞു പൊങ്ങി തിളച്ചു മറിഞ്ഞു കൊണ്ടിരുന്നു. കീഴാറ്റൂർ മന മുഴുവൻ അവളുടെ വരവിനെ സ്വാഗതം ചെയ്യുന്നതു പോലെ ….. കാർമേഘത്തോട് പടപൊരുതി വീണ്ടും ചന്ദ്രന്റെ പ്രകാശം വ്യാപിക്കാൻ തുടങ്ങിയതും ഉച്ചത്തിലുള്ള ഒരു അലർച്ച കേട്ടു. പാലമരത്തിലൂടെ നിറയെ രക്ത തുള്ളികൾ ഒഴുകാൻ തുടങ്ങി. രക്തം ചാടിയ മണ്ണിന്റെ അടിത്തട്ടിൽ നിന്നും ഒരു കൈ ഉയർന്നു വന്നു. കാറ്റിന്റെ ഭീകരതയിൽ മരങ്ങളെല്ലാം ശബ്ദത്തോടെ ആടിഉലയാൻ തുടങ്ങി.
” വരൂ …. ആതിരേ …….. വാ…. എനിക്ക് നിന്നെ വേണം …. എന്നെ മോചിപ്പിക്കൂ ….. വേഗം… ” ആ ശബ്ദം തേങ്ങലായും അപേക്ഷയായും പൊട്ടിച്ചിരിയായും… അവളുടെ ചെവിയിൽ പതിച്ചു കൊണ്ടിരുന്നു. അബോധ മനസ്സിന്റെ പ്രേരണ പോലെ അവൾ എഴുന്നേറ്റ് വാതിലിന്റെ അടുത്തേക്ക് നടന്നു. ശക്തമായ കാറ്റത്ത് മരങ്ങൾ ആടിയുലയുന്നതും ജനൽ പാളികൾ അടയുന്നതും തുറക്കുന്നതുമായ ശബ്ദം കേട്ടാണ് അനന്തൻ കണ്ണുതുറന്നത്. എഴുന്നേറ്റതും അവൻ ആദ്യം തപ്പിനോക്കിയത് ആതിര അടുത്തുണ്ടോന്നായിരുന്നു.
കുറച്ചുദിവസമായിട്ട് അവളുടെ പെരുമാറ്റം വളരെ വിചിത്രമാണല്ലോ. പുറത്തെ ശബ്ദങ്ങളും ആതിരയുടെ അസാന്നിധ്യവുമായപ്പോൾ അവൻ വെപ്രാളത്തോടെ എഴുന്നേറ്റ് ലൈറ്റിട്ടു. അവൻ പേടിച്ചതുപോലെ തന്നെ ആതിര മുറിയിൽ ഇല്ലായിരുന്നു .മുറിയുടെ വാതിൽ തുറന്നു കിടക്കുകയായിരുന്നു. ആതിരയെ കാണാത്തതുകൊണ്ട് അവനിലും ചെറിയ ഭയം നിഴലിക്കാൻ തുടങ്ങി. അനന്തൻ തുറന്നു കിടക്കുന്ന വാതിലിലൂടെ ധൃതിപ്പെട്ട് ഹാളിലേക്ക് പോയി.
അവിടെ ആതിര മുറ്റത്തേക്ക് ഇറങ്ങാൻ വേണ്ടി വാതിൽ തുറക്കുകയായിരുന്നു. ” ആതിരേ……. ” അനന്തൻ ഉറക്കെ വിളിച്ചു. പെട്ടെന്ന് അവൾ നിന്നു. ” ആതി…..” അനന്തൻ ഓടി അവളുടെ അടുത്തേക്ക് എത്തി. അനന്തൻ വിളിച്ചപ്പോഴാണ് അവൾക്ക് ബോധം വന്നത്. ആതിരയും ഞെട്ടി നിൽക്കുകയാണ്. ” നിനക്കെന്താ പറ്റിയേ നീ എങ്ങോട്ടാ ഈ രാത്രി പോകുന്നത്…..” അനന്തൻ ആകുലതയോടെ ചോദിച്ചു. ” ഞാൻ…. ഞാൻ ….. എനിക്കൊന്നും ഓർമ്മയില്ല അനന്തേട്ടാ….”
സങ്കടത്തോടെയും പേടിയോടെയും ആതിര അനന്തനോട് പറഞ്ഞു. ” ആതിരേ… നീയെന്താ ഇങ്ങനെ….. ? നീ ഓർത്തു നോക്കിക്കേ .. ഈ രാത്രി ആരോടും പറയാതെ നീ എങ്ങോട്ടാ പോകുന്നേ.,..”? ആതിരക്ക് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു, അവൾ കണ്ണടച്ചു നിന്നു. ” എന്നെ ആരോ വിളിച്ചു … ഞാൻ വ്യക്തമായി കേട്ടതാ ..പക്ഷേ ബാക്കി ഒന്നും എനിക്ക് അറിയില്ല…. എനിക്കൊന്നും ഓർക്കാൻ പറ്റുന്നില്ല…” ആതിര കണ്ണു നിറച്ചു കൊണ്ട് പറഞ്ഞു. ” ആരെങ്കിലും വിളിച്ചാൽ ആരോടും ഒന്നും പറയാതെയാണോ പോകുന്നത്.
അതും ഈ രാത്രിയിൽ… നിനക്ക് അടുത്തു കിടക്കുന്ന എന്നെ ഒന്നു വിളിക്കത്തില്ലായിരുന്നോ…” കുറച്ചു ദേഷ്യഭാവത്തിൽ തന്നെ അനന്തൻ അവളോട് ചോദിച്ചു. കുറച്ചു മുന്നേ സംഭവിച്ച കാര്യങ്ങളെക്കുറിച്ചൊന്നും അവൾക്ക് യാതൊരു ബോധ്യവും ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ അനന്തൻ വഴക്കു പറഞ്ഞപ്പോൾ അവൾക്ക് സങ്കടം വന്നു. അവൾ നിന്നു കരയാൻ തുടങ്ങി. അവളുടെ കരച്ചിൽ കണ്ടപ്പോഴേക്കും അനന്തന്റെ മനസ്സലിഞ്ഞു.
“സാരമില്ല ….ആതീ..നീ കരയേണ്ട…. നീ കുറച്ചുകൂടി എല്ലാകാര്യത്തിലും ശ്രദ്ധ കാണിക്കണം. അതുപോലെതന്നെ വേദ മോളുടെ മുന്നില്‍ വച്ച് ശബ്ദമെടുത്ത് സംസാരിക്കുകയോ അലറി കരയോ മറ്റൊന്നും ചെയ്യരുത് .ഇപ്പോൾ തന്നെ മോൾക്ക് നിന്റെ അടുത്ത് വരാൻ പേടിയാ…. കുഞ്ഞല്ലേ അവൾ.. ഇപ്പോഴേ അവളുടെ മനസ്സിൽ പേടി തട്ടിയാൽ പിന്നെ കാര്യമായിട്ട് അവളെ ബാധിക്കും…” അനന്തൻ അവളെ തന്നിലേക്ക് അടുപ്പിച്ചു കൊണ്ട് കണ്ണുനീർ തുടച്ചു. അവൻ പറയുന്നതെല്ലാം ശരിയാണെന്ന് അവൾക്കും തോന്നി.
അവൻ അവളെ അവരുടെ മുറിയിലേക്ക് കൊണ്ടുപോയി. അവന്റെ നെഞ്ചിൽ തലവെച്ച് കിടന്നപ്പോൾ അവൾക്ക് വല്ലാത്ത സുരക്ഷിതത്വം തോന്നി. അനന്തൻ അവളെ തന്നിലേക്ക് ചേർത്തുപ്പിടിച്ചു. ഏത് സാഹചര്യത്തിലും ഏത് സമയത്തും ഞാൻ നിന്നോട് കൂടെ ഉണ്ടാകുമെന്ന് പറയാതെ പറയുന്നതുപോലെ…. ആ നിമിഷം അവളുടെ പേടിയെല്ലാം മാറി അവൾ ശാന്തമായി. കഴിഞ്ഞതെല്ലാം മറക്കാൻ ശ്രമിച്ചുകൊണ്ട് അവൾ നാമം ജപിച്ചു കണ്ണടച്ചു.
ആതിരയ്ക്ക് ബോധം വന്നതോടെ അതുവരെ അശാന്തമായ പ്രകൃതി പഴയതു പോലെയായി. പാല മരത്തിലിരുന്ന മൂങ്ങകൾ ദൂരേയ്ക്ക് പറന്നു പോയി . മണ്ണിന്റെ അടിത്തട്ടിൽ നിന്നും ഉയർന്നു വന്ന കൈ പതിയെ പതിയെ മണ്ണിന്റെ അടിയിലേയ്ക്ക് താഴ്ന്നു പോയി. കാർമേഘത്തെ പൂർണ്ണമായും കീഴടക്കി കൊണ്ട് ചന്ദ്ര പ്രകാശം ഭൂമിയിൽ പ്രഭ ചൊരിഞ്ഞു. ✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨ മനയുടെ മുറ്റത്ത് നിൽക്കുന്ന മാവിന്റെ ഇടയിലൂടെ സൂര്യകിരണങ്ങൾ മുറിയിലെങ്ങും വ്യാപിക്കാൻ തുടങ്ങി.
സൂര്യന്റെ പൊൻകിരണങ്ങൾ ദേഹത്ത് തട്ടിയപ്പോഴാണ് ഗൗരി കണ്ണ് തുറന്നത്. അവളെ കെട്ടിപ്പിടിച്ച് വേദമോൾ ഉറങ്ങുന്നുണ്ട്. അവളെ ഉണർത്താതെ അവളുടെ കുഞ്ഞി കൈകൾ തന്നിൽ നിന്നും മാറ്റി . മുടിക്കെട്ടിവെച്ചുകൊണ്ട് ഗൗരി എഴുന്നേറ്റു. കുളിച്ച് ഫ്രഷായി അവൾ അടുക്കളയിലേക്ക് പോയി. അപ്പോഴും ആതിരയും അനന്തനും എഴുന്നേറ്റിട്ടില്ലായിരുന്നു. അനന്തനെ കെട്ടിപ്പിടിച്ച് അവൾ ശാന്തമായി കിടന്നുറങ്ങുകയായിരുന്നു.
ഗൗരി ചായ ഉണ്ടാക്കികുടിച്ചു കൊണ്ട് രാവിലെ കഴിക്കാൻ പുട്ടും കടലക്കറിയും ഉണ്ടാക്കാമെന്ന് തീരുമാനിച്ചു. പൊടിയെടുത്ത് കുഴച്ചു കൊണ്ടിരുന്നപ്പോൾ അവളുടെ പുറകിൽ ആരോ നിൽക്കുന്നതായി ഗൗരി തോന്നി. ” ഏട്ടത്തി … ഇന്ന് എണ്ണീക്കാൻ താമസിച്ചോ..” പുറകോട്ട് തിരിഞ്ഞു നോക്കാതെ തന്നെ ഗൗരി ചോദിച്ചു. പക്ഷേ ആരും മറുപടി പറഞ്ഞില്ല. ” ഏട്ടത്തി എന്താ മിണ്ടാത്തേ….” ഗൗരി പുറകോട്ട് തിരിഞ്ഞുനോക്കി. എന്നാൽ പുറകിൽ ആരും ഉണ്ടായിരുന്നില്ല.
ഗൗരി ചുറ്റിലും കണ്ണോടിച്ചു. അടുക്കളയിൽ അവളല്ലാതെ മറ്റാരുമില്ല. ” എനിക്ക് തോന്നിയതാണോ ഇനി…. ആരോ പുറകിലുണ്ടായിരുന്നപോലെ … ഏട്ടത്തിയെ പോലെ എനിക്കും ഇല്ലാത്ത കാര്യങ്ങൾ ഉണ്ടെന്നുതോന്നി തുടങ്ങിയോ തുടങ്ങിയോ… ” സ്വയം പറഞ്ഞുകൊണ്ട് ഗൗരി ഓരോ പണികൾ ചെയ്തു കൊണ്ടിരുന്നു. ഇന്നലെ നടന്ന ഓരോ കാര്യങ്ങളായിരുന്നു അവളുടെ മനസ്സ് മുഴുവൻ. വിളക്ക് വച്ചിട്ട് കെട്ട് പോയതും പാല പൂവിന്റെ ഗന്ധവും..
ആതിരയുടെ പെരുമാറ്റവും അവൾ പറഞ്ഞ ഓരോ വാക്കുകളും ഗൗരിയുടെ മനസ്സിൽ വീണ്ടും വീണ്ടും മിന്നി മറഞ്ഞു കൊണ്ടിരുന്നു. ” ആതിയേടത്തി പറയുന്നതുപോലെ ഇനി മുകളിലത്തെ മുറിയിൽ ആരെങ്കിലും ഉണ്ടാകുമോ…. ഏട്ടത്തിയെ ആരെങ്കിലും തള്ളിയിട്ടതാണോ …? ഈ വീടിന് ഒരു പ്രശ്നമില്ലെങ്കിൽ പിന്നെ എന്താ വിളക്ക് വച്ചിട്ട് കത്താത്തത്.. ഇനി കാറ്റ് അടിച്ചത് കൊണ്ടാണോ…?”
ഓരോന്നും ആലോചിച്ചു കൊണ്ടിരുന്നപ്പോൾ അവളുടെ മനസ്സിൽ ചെറിയൊരു ഭയം നിറഞ്ഞു. എന്താണ് വിശ്വസിക്കേണ്ടത് വിശ്വസിക്കേണ്ടാ ത്തതെന്ന് തിരിച്ചറിയാൻ അവൾക്ക് കഴിയുന്നുണ്ടായിരുന്നില്ല. അവൾ അങ്ങനെ ഓരോന്ന് ചിന്തിച്ചു കൊണ്ടിരുന്നപ്പോഴാണ് ആ കൈകൾ അവൾക്ക് നേരെ നീണ്ടുവന്നത്…… തുടരും….
നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.