Sunday, April 28, 2024
Novel

അറിയാതെ : ഭാഗം 8

Spread the love

നോവൽ
എഴുത്തുകാരി: അഗ്നി

Thank you for reading this post, don't forget to subscribe!

പെട്ടന്നാണ് രണ്ട് കുലുങ്ങിച്ചിരി അവിടെ മുഴങ്ങിക്കേട്ടത്.. അവർ തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു കാശിയെയും അവന്റെ ഇരു കൈകളിലുമായിരുന്ന് കുലുങ്ങി കുലുങ്ങി ചിരിക്കുന്ന ആദിയെയും ആമിയെയും… “അപ്പെ…പപ്പ മമ്മിനെ കച്ചു…”..ആദി കൈകൊട്ടി ചിരിച്ചുകൊണ്ട് കാശിയോട് പറഞ്ഞു…അവൻ സാമിനെ പപ്പാ എന്നും മിയയെ മമ്മി എന്നുമാണ് വിളിക്കുന്നത് അതുകേട്ടപ്പോൾ പൂർണമായി എന്നുള്ള രീതിയിൽ ഒരു ചിരി ചിരിച്ചുകൊണ്ട് സാം പതിയെ ഉൾവലിഞ്ഞു… മിയയാണെങ്കിൽ തിരിഞ്ഞുപോലും നോക്കാതെ ദോശ ചുട്ടുകൊണ്ടേയിരുന്നു… കാശിയാണെങ്കിൽ ഒരു കള്ളച്ചിരിയോടെ സാമിന്റെ പിറകെ പോയി..

കാശി കൂടെ ഉള്ളതുകൊണ്ട് തന്നെ കുഞ്ഞുങ്ങൾക്ക് സന്തോഷമായിരുന്നു…അവർ നേരെ സാമിന്റെ മുറിയിലേക്ക് ചെന്നു… ആദിയാണെങ്കിൽ അപ്പോഴേക്കും പപ്പേ എന്നും വിളിച്ചുകൊണ്ട് സാമിന്റെ മേലേക്ക് ചാഞ്ഞു…അവൻ അവന്റെ പല്ലുകൾ കൊണ്ട് സാമിന്റെ മൂക്കിൽ കടിച്ചു… “അപ്പേ…ആദി കച്ചു”….അവൻ കുലുങ്ങി കുലുങ്ങി ചിരിച്ചുകൊണ്ട് പറഞ്ഞു…. ഇത് കണ്ട് തന്റെ കൈകൾ കൊട്ടി ചിരിക്കുകയായിരുന്നു ആമി..

രണ്ടുപേരുടെയും ശബ്ദം അവിടെ നിറഞ്ഞു നിന്നു… കുഞ്ഞുങ്ങൾ അതീവ സന്തോഷത്തിലാണെന്ന് അവർക്ക് മനസ്സിലായി…. അപ്പോഴേക്കും മിയാ അടുക്കളയിൽ നിന്നും ദോശ തയ്യാറായതായി ഉറക്കെ വിളിച്ചു പറഞ്ഞു…സാം ആദിയുമായും കാശി ആമിയുമായും ആ മുറി വിട്ടിറങ്ങി..ഇതിനിടയിൽ സാമിനെ ഒന്ന് ആക്കിച്ചിരിക്കാനും കാശി മറന്നില്ല… മിയാ മേശയിൽ ഭക്ഷണം എടുത്തു വച്ചു…കൂടെ നല്ലതുപോലെ നെയ്യ് ചേർത്ത് രണ്ട് ദോശ പിച്ചിക്കീറി വച്ചിരുന്നു…ആദിക്കും ആമിക്കുമായി…

കാശി വേഗം തന്നെ ആ പാത്രം എടുത്ത് മിയാ അവർക്കായി വേവിച്ചു വച്ചിരുന്ന ഉരുളക്കിഴങ്ങും കാരറ്റും ഉടച്ച് ദോശയുടെ കൂടെ കൊടുത്തു… കഴിക്കുന്നതിനിടയിൽ ചുണ്ടിന്റെ വശങ്ങളിൽ പറ്റിപ്പിടിക്കുന്ന ഭക്ഷണം അവർ തമ്മിൽ തമ്മിൽ തങ്ങളുടെ കുഞ്ഞിക്കൈകളാൽ തുടച്ചുകൊണ്ടിരുന്നു..ഭക്ഷണം കഴിച്ച ശേഷം അവരവരുടെ ഫീഡിങ് ബോട്ടിലിൽ പാല് നിറച്ചശേഷം മിയ ഇരുവർക്കും അത് കൊടുത്തു…കുഞ്ഞുങ്ങൾ അവയുമായി അവരുടെ ലോകത്തിലേക്ക് പോയി..

കാശിയും പതിയെ കഴിച്ചതിന് ശേഷം കൈ കഴുകി പുറത്തു പോകാനായി ഒരുങ്ങാൻ തുടങ്ങി..കാശി ഇന്ന് അവധിയെടുത്തു…മിയ കുഞ്ഞുങ്ങളുമായി അവളുടെ ഫ്‌ളാറ്റിലേക്ക് പോയിരുന്നു..അവിടെ ചെന്ന് അവൾ വസ്ത്രം മാറിയ ശേഷം കുഞ്ഞുങ്ങളുടെയും വസ്ത്രം മാറിച്ചു.. എന്നിട്ട് വേഗം തന്നെ ഫ്ലാറ്റ് പൂട്ടി താക്കോൽ ഭദ്രമായി അവളുടെ ബാഗിൽ വച്ചു… അവർ കാശിയുടെ ജീപ്പ് കൊമ്പസ്സിൽ കയറി നേരെ പൂക്കളുടെ ഉദ്യാനമായ ലാൽ ബാഗിലേക്ക് ചെന്നു…കാശി പോയി എൻട്രി പാസ്സ് എടുത്തു..

ഇതേസമയം ആദിയും ആമിയും മിയയുടെയും സാമിന്റെയും തോളിൽ ഇരുന്ന് കുസൃതികൾ കാണിക്കുകയായിരുന്നു…. അവർ അകത്തേക്ക് ചെന്നു…അവിടെയുള്ള പൂക്കളെ ഒന്നും ശ്രദ്ധിക്കാതെ കാശി അവിടെ നിറയെ മരങ്ങളുള്ള ഒരു ഭാഗത്ത് ചെന്നിരുന്നു….സാമും മിയയും അവനെ അനുഗമിച്ചു… കുഞ്ഞുങ്ങളെ അവർ സ്വാതന്ത്രരാക്കി വിട്ടു…അവർ അവിടെ ഓടിയും ചാടിയും ഒക്കെ കളിക്കാൻ തുടങ്ങി…..

“സാമേ…ബാക്കി കഥ പറ…”….കാശി തന്നെ സംസാരത്തിന് തുടക്കമിട്ടു… “ഹാ…പറയാം….”…. അവൻ പറഞ്ഞു തുടങ്ങി… അങ്ങനെ ശ്യാമുപ്പയും മീനമ്മയും തമ്മിലുള്ള അടുപ്പം എന്റെ മമ്മിയും പപ്പയുമായ ജേക്കബ് വലിയപറമ്പിലും ലില്ലി അവറാനും പിന്നെ ഇവളുടെ മമ്മിയും പപ്പയുമായ മാത്യൂസ് ചെറിയാനും ജീന ലൂക്കോസും തമ്മിലുള്ള അടുപ്പത്തിന് വഴിവച്ചു…. അവർ അങ്ങനെ പഠിച്ചും പ്രണയിച്ചും മുന്നോട്ട് പൊയ്ക്കൊണ്ടേയിരുന്നു…ഇതിനിടയിൽ മൂന്ന് അപ്പന്മാരും അവരുടെ കോഴ്‌സ് പൂർത്തിയാക്കിയിരുന്നു…

അവർ മൂന്ന്പേരും കൂടെ ചേർന്ന് എറണാകുളത്ത് തന്നെ അവരുടെ പാർട്ണർഷിപ്പ് ഓഡിറ്റിങ് ഫേം തുടങ്ങി ജെ.എസ്.&എം അസ്സോസിയേറ്റ്സ് എന്ന പേരിൽ.. അവരുടെ കഴിവിന്റെ പരമാവധി അവർ ശ്രമിച്ചിരുന്നത് കൊണ്ടാകാം വലിയ വലിയ കമ്പനികളുടെ ഓഡിറ്റിങ് വർക്കുകൾ അവർക്ക് കിട്ടിതുടങ്ങി… അങ്ങനെ പ്രണയവും ജോലിയും ഒക്കെ ആയി നല്ല രീതിയിൽ മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കെയാണ് ഒരു ദിവസം ശ്യമുപ്പയെ കാണാനായി ശ്യാമുപ്പയുടെ പപ്പയും ചേട്ടനും കൂടെ പാലായിൽ നിന്ന് എറണാകുളത്തേക്ക് വന്നത്…

അന്ന് നല്ല മഴയുള്ള ദിവസമായിരുന്നു…മൂന്ന് അപ്പമാരും ഒരു വീടെടുത്താണ് താമസം…എന്റെയും ഇവളുടെയും അപ്പമാര് ഞങ്ങളുടെ അമ്മമാരുടെ കാര്യം.നേരത്തെ വീട്ടിൽ പറയുകയും അത് വീട്ടുകാർ തമ്മിൽ സംസാരിച്ചു നേരത്തെ തീരുമാനം കൈക്കൊണ്ടിരുന്നു… എന്നാൽ ശ്യാമുപ്പയുടെ കാര്യം വീട്ടിൽ അറിയുകയെ ഇല്ലായിരുന്നു…അന്ന് ഒരു മഴയുള്ള ദിവസം ആണ് ശ്യാമുപ്പയുടെ അപ്പനും ചേട്ടനും ശ്യാമുപ്പയെ കാണാൻ വന്നത്… അന്നെന്തോ മീനമ്മയെ മെഡിക്കൽ കോളേജിൽ നിന്നും വിളിച്ചുകൊണ്ട് വന്നത് ശ്യാമുപ്പയായിരുന്നു…..

ബാക്കിയുള്ളവർ തങ്ങളുടെ ഇണക്കുരുവികളെയും കൊണ്ട് പുറത്ത് പോയിരിക്കുകയായിരുന്നു…മീനമ്മ താമസിക്കുന്ന ഹോസ്റ്റൽ ശ്യാമുപ്പയുടെ വീട് കഴിഞ്ഞ് ഒരു രണ്ട് കിലോമീറ്റർ അകലെയായിരുന്നു.. ഹോസ്റ്റൽ എത്തുന്നതിന് മുന്നേ മഴ പെയ്തതിനാൽ അവർ രണ്ടുപേരുംകൂടെ വീട്ടിലേക്ക് ചെന്നു…മീനമ്മയ്ക്ക് മാറിയിടാൻ വസ്ത്രങ്ങൾ ഇല്ലാത്തതിനാൽ ശ്യാമുപ്പയുടെ ഒരു ടിഷർട്ടും പാന്റും ആയിരുന്നു വേഷം… പെട്ടന്നാണ് കാളിങ് ബെൽ മുഴങ്ങിയത്… ശ്യാമുപ്പ വസ്ത്രം മാറുകയായിരുന്നു… “മീനൂട്ടി..

അവന്മാരായിരിക്കും…വാതിൽ തുറന്നെരേ…” “ശെരി ഇഛായാ…”… അങ്ങനെ പറഞ്ഞുംകൊണ്ട് മീനമ്മ വാതിൽ തുറക്കാനായി പോയി… വാതിൽ തുറന്നപ്പോൾ കണ്ടത് ശ്യാമുപ്പയുടെ പപ്പയെയും ചേട്ടനെയും…മീനമ്മ കിടു കിടാ വിറച്ചു..കാരണം ഈ ഒരു അവസ്ഥയിൽ തന്നെയും ഇച്ഛായനെയും ഒന്നിച്ച് കണ്ടാൽ ഉള്ള സ്ഥിതി അവൾ ആലോചിച്ച് നോക്കി… ഇതേസമയം ശ്യാമുപ്പയുടെ അപ്പയും ചേട്ടനും മീനമ്മയെ ആ വേഷത്തിൽ കണ്ടതിന്റെ ഞെട്ടലിൽ ആയിരുന്നു… “മീനൂട്ടി…അവന്മാരായിരിക്കും അല്ലെ..”

അപ്പോഴാണ് ശ്യാമുപ്പ ഒരു കൈലിമുണ്ട് മാത്രം ഉടുത്തുകൊണ്ട് തലയും തോർത്തിക്കൊണ്ട് ഇങ്ങനെ ചോദിച്ചുകൊണ്ട് വന്നത്… “അതേടാ..ഞങ്ങള് തന്നെയാ..എന്തേ മക്കൾക്ക് ബുദ്ധിമുട്ടായോ…” ആ ഗാംഭീര്യം നിറഞ്ഞ ശബ്ദം കേട്ട ശ്യാമുപ്പ ഒന്ന് വിറച്ചു…ഒരു ഭയം തന്നെ പിടികൂടുന്നതായി അറിഞ്ഞു…അവൻ നോക്കിയപ്പോൾ കണ്ടു പപ്പയുടെ അരികിൽ തല കുനിച്ച് നിൽക്കുന്ന തന്റെ മീനൂട്ടിയെ…. അവളുടെ കണ്ണിൽ ഉറഞ്ഞുകൂടുന്ന ബാഷ്പ്പങ്ങൾ നിലത്ത് തട്ടി തെറിച്ചിരുന്നു…

അവൾക്ക് ഒരു തെറ്റും ചെയ്യാതെ തങ്ങളെ സംശയിക്കുമോ എന്നുള്ള പേടി ആയിരുന്നു….അവളുടെ സംശയങ്ങൾ സത്യമാകുന്നത് അവൾ അപ്പോഴേക്കും തിരിച്ചറിഞ്ഞിരുന്നു… “ഡാ.. എരണം കേട്ടവനെ…നിന്നെ ഇങ്ങോട്ടേക്ക് അയച്ചത് പഠിക്കാനും ജോലി ചെയ്യാനുമാ… അല്ലാതെ കണ്ട പെണ്ണുങ്ങളുടെ കൂടെ അഴിഞ്ഞാടി നടക്കാനല്ല…”..കുര്യൻ ഈപ്പൻ ശ്യാമുപ്പയോട് പറഞ്ഞു… “നീ ആ ഡോക്ടറിന് പഠിക്കുന്ന പെണ്ണല്യോടി…എന്റെ അനിയനെ മാത്രേ നിനക്ക് വളയ്ക്കാൻ കിട്ടിയുള്ളോ..

.നിന്നെ ഒക്കെ ഇതിനാണോ ഇങ്ങോട്ടേക്ക് പഞ്ചയത്ത് മുഴുവനും ചേർന്ന് പറഞ്ഞുവിട്ടത്…കഷ്ട്ടം…ഇപ്പൊ ഈ നിമിഷം ഇവിടുന്ന് ഇറങ്ങിക്കോണം…നിന്റെ എന്തേലും ഇവിടെ ഉണ്ടെങ്കിൽ നിനക്ക് ഇപ്പോ എടുക്കാം…എന്നിട്ട് വേഗം സ്ഥലം കാലിയാക്കിക്കോ..”..ശ്യാമുപ്പയുടെ ചേട്ടൻ മീനമ്മയെ മനപൂർവം അപമാനിക്കാൻ ശ്രമിച്ചുകൊണ്ടേയിരുന്നു… ഈ സമയം എല്ലാം ശ്യാമുപ്പ ദേഷ്യം കൊണ്ട് വിറയ്ക്കുകയായിരുന്നു… എടാ…ജോർജ്ജെ…

നീ ആ കാരിയേലിലെ അന്തോണിയെ ഒന്ന് വിളി…അവരുടെ മോള് ലീനയെ കെട്ടാൻ ഇവന് സമ്മതമാണെന്ന് അറിയിച്ചേറെ… ജോർജ്ജ് വേഗം തന്നെ അവിടെയുണ്ടായിരുന്ന ലാന്റ്ഫോണിൽ നിന്നും വിളിക്കാൻ തുടങ്ങിയതും ശ്യാമുപ്പ ആ ഫോൺ എടുത്തെറിഞ്ഞതും ഒന്നിച്ചായിരുന്നു… ശ്യാമുപ്പ മീനമ്മയെ വിളിച്ച് തന്റെ നെഞ്ചോട് ചേർത്ത് നിറുത്തി… “ഈ സാമുവേലിന്റെ ജീവിതത്തിൽ ഒരു പെണ്ണേയുള്ളൂ…അത് ഈ നിൽക്കുന്ന എന്റെ ഈ മീനൂട്ടിയാണ്….” “ഓ…അവന്റെയൊരു മീനൂട്ടി…ഡാ..

ഞാൻ നിന്റെ അപ്പനാ…നിന്നെക്കാൾ കുറച്ച് ഓണം കൂടുതൽ ഉണ്ടിട്ടുള്ളവൻ…ആ എന്നെ നീ പഠിപ്പിക്കാൻ നോക്കുന്നോ…ഇങ്ങോട്ട് വാടാ….നിന്നെ മര്യാദ പഠിപ്പിക്കാൻ പറ്റുമോ എന്ന് ഞാൻ നോക്കട്ടെ….”… അതും പറഞ്ഞുകൊണ്ട് ശ്യാമുപ്പയുടെ പപ്പാ ശ്യാമുപ്പയെ മീനമ്മയിൽ നിന്നും അടർത്തി മാറ്റി..ഇതേസമയം ജോർജ്ജ് മീനമ്മയെ പുറത്തേക്ക് തള്ളി…മീനമ്മ ചെന്ന് വീണത് ഞങ്ങളുടെ അപ്പന്മാരുടെ കയ്യിലേക്കായിരുന്നു..

മീനമ്മയുടെ മുഖവും ശ്യാമുപ്പയുടെ പപ്പയെയും എല്ലാം കണ്ടപ്പോൾ അവർക്ക് കാര്യം മനസ്സിലായി…വേഗം തന്നെ എന്റെ അപ്പാ മീനമ്മയെ ഹോസ്റ്റലിൽ കൊണ്ടുചെന്നാക്കി… ഇതേസമയം ശ്യാമുപ്പയെ അടിച്ചവശനാക്കി ജോർജ്ജും കുര്യൻ ഈപ്പനും കൂടെ അവരുടെ കാറിൽ കയറ്റി കൊണ്ടുപോയിരുന്നു… പാലായിൽ എത്തിയതിന് ശേഷം ശ്യാമുപ്പയെ ഒരു മുറിയിൽ പൂട്ടിയിട്ടു..ത്രേസ്യാമ്മച്ചിക്ക് തന്റെ മകന്റെ അവസ്ഥ കണ്ട് സങ്കടം തോന്നിയെങ്കിലും തന്റെ ഭർത്താവിനെ പേടിച്ച് ഒന്നും ചെയ്തില്ല…

ഇതേസമയം മീനമ്മയുടെ വീട്ടിലും കാര്യങ്ങൾ അറിഞ്ഞു….അതോടെ ഗായത്രീദേവി പ്രശ്നമുണ്ടാക്കി മീനമ്മയെ എറണാകുളത്തു നിന്നും തിരികെ കൊണ്ടുവന്നു…. ഇരു വീട്ടുകാർക്കും പ്രശ്നം അവരുടെ ജാതിയായിരുന്നു…ക്രിസ്തീയ വിശ്വാസം പിന്തുടരുന്ന പുരുഷനും ഹൈന്ദവ വിശ്വാസം പിന്തുടരുന്ന സ്ത്രീയും തമ്മിൽ ചേർന്നാൽ അവർക്ക് സമൂഹത്തിൽ ഉള്ള വില നഷ്ടപ്പെടുമെന്ന് അവർ ചിന്തിച്ചു… അങ്ങനെ മീനമ്മയെ ഗായത്രീ ദേവിയുടെ അകന്ന ബന്ധത്തിലുള്ള ഒരാളെകൊണ്ട് കല്യാണം കഴിപ്പിക്കാൻ തീരുമാനിച്ചു..

അതുപോലെ ശ്യാമുപ്പയെ അന്തോണിയുടെ മകളെക്കൊണ്ടും കെട്ടിക്കുവാൻ തീരുമാനമായി….. ഇവർ തമ്മിലുള്ള പ്രണയം ആ നാട് മുഴുവൻ കാട്ടുതീ പോലെ പടർന്നു..പലരും അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയെങ്കിലും ഇരു വീട്ടുകാർക്കും അവരുടെ അഭിമാനമായിരുന്നു വലുത്… മോതിരം മാറ്റമോ മനസമ്മതമോ കൂടാതെ ഇരുവരുടെയും വിവാഹം വേറെ അവളുമായി ഉറപ്പിച്ചു…എന്നാൽ ഇതെല്ലാം ശ്യാമുപ്പ അറിയുന്നുണ്ടായിരുന്നു…

അവന്റെ അമ്മ ത്രേസ്യ ഭക്ഷണം കൊടുക്കാൻ ചെല്ലുമ്പോൾ ഒരു പേപ്പറിൽ കാര്യങ്ങളെല്ലാം എഴുതി അവന് കൊടുത്തിരുന്നു… അങ്ങനെ വിവാഹത്തിന് ഇനി രണ്ട് നാൾ ബാക്കി..തനിക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ലല്ലോ എന്ന് ആലോചിച്ച് തളർന്നിരിക്കുമ്പോഴാണ് അമ്മച്ചി പതിവുപോലെ ഭക്ഷണവുമായി വന്നത്.. അന്നും പതിവുപോലെ ഒരു കഷണം കടലാസ് ആ അമ്മയുടെ കയ്യിൽ ഉണ്ടായിരുന്നു…. അവൻ ഭക്ഷണം കഴിക്കുന്നതിന് മുന്നമേ ആ പേപ്പർ എടുത്ത് വായിക്കാൻ തുടങ്ങി.. ശ്യാമു…

നിന്റെ കൂട്ടുകാർ എന്നെ രഹസ്യമായി വന്ന് കണ്ടിരുന്നു…അവർ ഇവിടെ ഉണ്ട്…നിന്നെയും നിന്റെ മീനൂട്ടിയെയും കൊണ്ടുപോകാനായി വന്നതാണവർ… ഇന്ന് രാത്രി തന്നെ നീ രക്ഷപെട്ടോ… ഞാൻ തന്നിരിക്കുന്ന ഭക്ഷണത്തിന്റെ അകത്തായി ഒരു താക്കോലുണ്ട്..അത് നീ കിടക്കുന്ന ഈ മുറിയുടെ വേറെ ഒന്നാണ്..നിന്റെ കൂട്ടുകാരെ വിട്ട് ഞാൻ പണിയിച്ചതാ… രാത്രി ഇന്ന് നിന്റെ അപ്പനും ചേട്ടന്മാരും പതിവ് മദ്യസേവ കഴിഞ്ഞ് കിടക്കുമ്പോഴേക്കും നീ പതുക്കെ പുറത്തേക്ക് ചെന്നെരെ…

നിന്റെ കൂട്ടുകാർ നിനക്കായി കാത്തിരിക്കുന്നുണ്ടാകും.. പിന്നെ മോനെ..നിന്റെ മീനൂട്ടിയെ എനിക്ക് ഇഷ്ടമായി…നിങ്ങൾ സമാധാനത്തോടെ ജീവിക്കണം…എന്റെ അനുഗ്രഹം എപ്പോഴും നിന്റെ കൂടെ ഉണ്ടാകും…ആ അന്തോണിയുടെ പൂത്ത കാശ് ലക്ഷ്യം വച്ചാ നിന്റെ അപ്പനും ചേട്ടന്മാരും കല്യാണത്തിന് നിര്ബന്ധിക്കുന്നെ…എന്നാൽ എന്റെ കുട്ടി സ്വന്തം ഇഷ്ട്ടത്തെ നേടൂ… അമ്മച്ചി ഇന്ന് രാത്രി മുതൽ രാവിലെ വരെ കർത്താവിന്റെ മുന്നിൽ ഇരുന്നോളാം…. ഇത് കണ്ടപ്പോഴേക്കും ശ്യാമുപ്പയ്ക്ക് സന്തോഷമായി…പാത്രം തിരികെ എടുക്കാൻ വന്ന അമ്മച്ചയെ അവൻ കെട്ടിപ്പിടിച്ച് തന്റെ നന്ദി അറിയിച്ചു…

“അപ്പാ…..”…ആദിയുടെ വിളി ആണ് അവരുടെ കഥ പറച്ചിൽ നിർത്തിച്ചത്… “എന്താടാ…”… “പാ….താ…”….അവൻ പാല് തരാനാണ് പറയുന്നതെന്ന് മനസ്സിലാക്കിയ മിയ രണ്ടുപേർക്കും അവരുടെ ഫീഡിങ് ബോട്ടിൽ എടുത്ത് കൊടുത്തു… സാം പതിയെ എഴുന്നേറ്റു..തന്റെ മൂരി നിവർത്തി… “ഇച്ചിരി നേരം വിശ്രമിച്ചിട്ട് കഥ ബാക്കി പറയാവേ കാശിച്ചായാ…ഒറ്റയിരിപ്പ് ഇരുന്നിട്ട് നടു വേദനിക്കുന്നു….” “ഓ..ശെരിയെ…”..അതും പറഞ്ഞുകൊണ്ട് അവൻ ഒന്ന് ചിരിച്ചു… മിയായാണെങ്കിൽ കുഞ്ഞുങ്ങളുടെ പിന്നാലെ ഓടിനടന്നുകൊണ്ടിരുന്നു… കാശിയാണെങ്കിൽ ശ്യാമുപ്പയേയും മീനമ്മയെയും കുറിച്ച് ചിന്തിച്ചുകൊണ്ട് പതുക്കെ ആ പുല്ലിലേയ്ക്ക് തല ചായ്ച്ചു…

(തുടരും…)

അറിയാതെ : ഭാഗം 9